ന്യൂസ് ഡെസ്ക് മലയാളം യുകെ
റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് മിഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായുള്ള പരാതി വ്യാപകമായി. പലപ്പോഴും ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവരെക്കാൾ ഇരട്ടി ചാർജ് ആണ് ടിക്കറ്റ് മിഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്ക് നൽകേണ്ടതായി വരുന്നത്.

കൺസ്യൂമർ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ ശരാശരി 50% വരെ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കുമ്പോൾ കൂടുതൽ നൽകേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്.

ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയിൽ ടിക്കറ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള സർക്കാരിൻറെ നീക്കം ജനകീയ പ്രതിഷേധത്തെ തുടർന്ന് മാറ്റി വച്ചിരുന്നു. നടത്തിപ്പിന് വേണ്ട അധിക ചിലവ് മൂലം ടിക്കറ്റ് ഓഫീസുകൾ അടയ്ക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടത്. നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള 1760 റെയിൽവേ സ്റ്റേഷനുകളിൽ ആറിലൊന്നിൽ മാത്രമാണ് മുഴുവൻ സമയ ടിക്കറ്റ് ഓഫീസ് നിലവിൽ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞമാസം യുകെയുടെ പണപ്പെരുപ്പ നിരക്കിൽ അപ്രതീക്ഷിതമായ വർദ്ധന ഉണ്ടായിട്ടും, ഈ വർഷം പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ തുടരുകയാണ്. 2023 നവംബർ മാസത്തിൽ 3.9% ആയിരുന്ന പണപ്പെരുപ്പ നിരക്ക് ഡിസംബർ മാസം ആയപ്പോഴേക്കും 4 ശതമാനമായി ഉയർന്നു. പണപ്പെരുപ്പ നിരക്കിൽ നേരിയ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നുവെങ്കിലും, പുകയിലയുടെയും മദ്യത്തിന്റെയും വിലയിലുണ്ടായ വർധനയാണ് അപ്രതീക്ഷിത വർധനവിന് പിന്നിൽ. എന്നാൽ 2024-ൽ ഊർജ്ജ ബില്ലുകൾ കുറയുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, ഈ വർഷാവസാനം നിരക്ക് കുറയ്യുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.

കോവിഡ് ലോക്ക് ഡൗണുകളിൽ ആരംഭിച്ച ഗ്യാസ്, ഇലക്ട്രിസിറ്റി, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധനവ് പിന്നീട് ഉണ്ടായ റഷ്യ – ഉക്രൈൻ യുദ്ധത്തോടെ നിയന്ത്രണാതീതമായ രീതിയിൽ ഉയരുകയായിരുന്നു. ഇത് ബ്രിട്ടനിലെ സാധാരണ ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുകെയിലെ വിലക്കയറ്റത്തിന്റെ വേഗതയെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ ഉയർത്തിയതും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സ്തംഭനത്തിന് കാരണമായി. ബ്രിട്ടനിൽ പലിശ നിരക്ക് നിലവിൽ 5.25 % ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് സാധാരണക്കാർക്ക് മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്നതിനും ഇടയാക്കി. പണപ്പെരുപ്പ നിരക്ക് ഒക്ടോബറിലെ 11.1 ശതമാനത്തിൽ നിന്നും താഴ്ന്നത് ബ്രിട്ടനിൽ ആശ്വാസത്തിന് വഴിതെളിച്ചിരുന്നു. ഇത് മൂലം ബാങ്ക് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ബാങ്ക് പ്രവചിച്ചിരുന്നതിനേക്കാൾ വേഗത്തിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞെങ്കിലും, ഇപ്പോഴും മിനിമം നിരക്കിനേക്കാൾ രണ്ട് ഇരട്ടിയാണ് ഉള്ളത്.

ഊർജ്ജ നിരക്കുകൾ കുറയുന്നത് പണപ്പെരുപ്പം കുറയുവാൻ സഹായിക്കുമെന്നും, അതിനാൽ തന്നെ ബാങ്ക് നിരക്ക് കുറയ്ക്കുമെ ന്ന പ്രതീക്ഷയാണ് പ്രമുഖ എക്കണോമിസ്റ്റ് ആയ സാമുവേൽ ടോമ്പ്സ് പങ്കുവെച്ചത്. എന്നാൽ നിലവിൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള നിരവധി ചരക്ക് കപ്പലുകൾ വഴിതിരിച്ചു വിട്ടതിനെത്തുടർന്ന് സാധനങ്ങൾ ലഭിക്കാനുള്ള കാലതാമസം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബാങ്ക് നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ, പല മോർട്ട്ഗേജ് ലെൻഡർമാരും കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ബാങ്കിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ബ്രിട്ടനിലെ സാധാരണ ജനങ്ങളും സാമ്പത്തിക വിദഗ്ധരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അധികൃതരുടെ അനാസ്ഥ മൂലം ജീവൻ വെടിഞ്ഞ കുഞ്ഞു ബ്രോൺസന്റെ മരണം ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അച്ഛൻറെ മൃതശരീരത്തിന് അടുത്താണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ ഹൃദയാഘാതം മൂലം രണ്ട് ദിവസം മുമ്പ് മരിച്ചതായാണ് അനുമാനം. അച്ഛൻറെ മൃതശരീരത്തിന് അടുത്ത് കണ്ടെത്തിയ രണ്ടു വയസ്സുകാരൻ ബ്രോൺസൺ ബാറ്റേഴ്സ് എന്ന കുഞ്ഞ് പട്ടിണി മൂലം ആണ് ജീവൻ വെടിഞ്ഞത്.

ജനുവരി 9 -നാണ് 60 വയസ്സുള്ള അച്ഛൻ കെന്നത് ബാറ്റേഴ്സിനൊപ്പം കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനർത്ഥം അച്ഛൻ മരിച്ചതിനുശേഷം കുട്ടിയെ പരിപാലിക്കാൻ വേറെ ആരും ഇല്ലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
സംഭവം ഇംഗ്ലണ്ടിൽ വൻ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.. കുട്ടിയുടെ മരണത്തിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം. സോഷ്യൽ സർവീസിൽ നിന്ന് പോലീസിന് മുന്നറിയിപ്പ് പോയിരുന്നു. സോഷ്യൽ വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തിനോട് രണ്ടുദിവസം കഴിഞ്ഞാണ് പോലീസ് പ്രതികരിച്ചത്. അതും രണ്ടാമത്തെ പ്രാവശ്യം റിപ്പോർട്ട് ചെയ്തതിനുശേഷം .

പോലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിയ 32 മലയാളി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ട ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് മലയാളം യുകെ പുറത്തുവിടുന്നത് . മലയാളികളായ രണ്ട് ജീവനക്കാർ അനുവാദമില്ലാതെ സമയ ക്രമീകരണം നടത്തിയതിനെ തുടർന്ന് മാനേജരുടെ ഭാഗത്തുനിന്നും അച്ചടക്ക നടപടി നേരിട്ടതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ജോലി സ്ഥലത്ത് സ്വൈപ് ചെയ്യേണ്ട കാർഡ് പരസ്പരം കൈമാറി ഉപയോഗിച്ചായിരുന്നു ഇവർ തങ്ങളുടെ ഇഷ്ടപ്രകാരം ജോലി സമയം ക്രമീകരിച്ചത്. അച്ചടക്ക നടപടി നേരിട്ടവർ ഇതേ തുടർന്ന് തങ്ങൾ വൻതുക വിസയ്ക്കായി നൽകി എന്ന വിവരം രഹസ്യമായി ഹോം ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഗുരുതരമായത്. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസിൽ നിന്ന് രഹസ്യമായി അന്വേഷണം നടത്തി പണം മേടിച്ചാണ് കെയർ വിസ നൽകിയതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.
വേഷം മാറിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഹോം ജീവനക്കാരായ ചിലരോട് മുടക്കിയ പണം കുറച്ച് തിരിച്ചു കിട്ടി എന്നാണല്ലോ കേട്ടത് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് ഒന്നും തിരിച്ചു തന്നിട്ടില്ലെന്ന് ഒരു ജീവനക്കാരി മറുപടി പറഞ്ഞതായാണ് അറിയാൻ സാധിച്ചത്. തുടർന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ പിറ്റേദിവസം തന്നെ ഹോം ഓഫീസിൽ നിന്ന് എത്തി കെയർ ഹോമിൽ റെയിഡ് നടത്തുകയും ഒരു വർഷത്തേക്ക് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയുമാണ് ഉണ്ടായത്.
കെയർ ഹോമിന്റെ ലൈസൻസ് നഷ്ടമായതിനെ തുടർന്ന് തുടർന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്തേണ്ട അവസ്ഥയാണ് ഇവിടെ ജോലി ചെയ്തിരുന്ന 32 മലയാളികൾക്ക് നേരിട്ടിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ മറ്റൊരു സ്ഥലത്ത് ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ തിരികെ പോകേണ്ടി വരുമെന്ന അവസ്ഥയിലാണ് ഇവർ. പലരും 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് കെയർ വിസയ്ക്കു വേണ്ടി മുടക്കിയാണ് യുകെയിൽ എത്തിയിരിക്കുന്നത്. മറ്റൊരു ജോലിയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ അഭ്യർത്ഥന മൂലം തത്ക്കാലം കെയർ ഹോമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് മലയാളം യുകെ എഡിറ്റോറിയൽ ബോർഡ് തീരുമാനം. കെയർ ഹോം അധികൃതരും ഹോം ഓഫീസിൽ അപ്പീൽ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉയർന്ന കാർ ഇൻഷുറൻസിൽ ഏറ്റവും കൂടുതൽ വലയുന്നത് യുവ ഡ്രൈവർമാരാണെന്ന് റിപ്പോർട്ട്. പലർക്കും ഏകദേശം £3,000 പ്രീമിയം വരെ നൽകേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ശരാശരി 17-20 വയസ് പ്രായമുള്ളവരുടെ ഇൻഷുറൻസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വർദ്ധിച്ചതായി അന്വേഷണത്തിൽ കൺഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ റിപ്പോർട്ടിൽ കണ്ടെത്തി. ഈ വർഷം ശരാശരി ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസിൽ 58% കൂടുതൽ നൽകേണ്ടി വരുന്നുണ്ട്.

കോവിഡിന് ശേഷമുള്ള ക്ലെയിമുകളും ഉയർന്ന ജീവിത ചിലവുകളുമാണ് ഇതിന് കാരണമെന്ന് കൺഫ്യൂസ്ഡ് ഡോട്ട് കോം പറയുന്നു. സെക്കൻഡ് ഹാൻഡ് കാറുകളുടെ വില പഴയതിനേക്കാൾ കൂടുതലാണ്. സ്പെയർ പാർട്‌സുകളുടെ വില, അറ്റകുറ്റപ്പണികൾ നടത്താനുള്ള തൊഴിലാളികളുടെ ചെലവ് എന്നിവയെല്ലാം ദിനംപ്രതി ഉയരുകയാണ്. ഇവയെല്ലാം കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കൺഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ഡ്യൂക്സ് പറയുന്നു.

കമ്പ്യൂട്ടർ ചിപ്പുകളുടെയും നിർമ്മാണത്തിന് ആവശ്യമായ മറ്റ് സാമഗ്രികളുടെയും ലഭ്യത കുറവുമൂലം പുതിയ വാഹനങ്ങളുടെ ഉൽപ്പാദനം കുറഞ്ഞതിനാൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ ഡിമാൻഡ് കുതിച്ചുയരുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം 2022 മാർച്ചിൽ യൂസ്ഡ് കാർ വിപണിയിലെ വില വർധന 31% ആയാണ് ഉയർന്നിരിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഋഷി സുനകിന്റെ റുവാണ്ട ബില്ലിനോട് വിമുഖത പ്രകടിപ്പിച്ച് രണ്ട് ടോറി പാർട്ടി അംഗങ്ങൾ രാജിവച്ചു. ഡപ്യൂട്ടി ചെയർമാരായ ലീ ആൻഡേഴ്സണും ബ്രണ്ടൻ ക്ലാർക്ക്-സ്മിത്തുമാണ് രാജിവച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനക് മന്ത്രിസഭാ നേരിടുന്ന ഏറ്റവും വലിയ കലാപമാണ് നിലവിൽ നടക്കുന്നത്. പ്രതിപക്ഷത്തോടൊപ്പം 30 ടോറി പ്രവർത്തകർ വോട്ട് ചെയ്‌താൽ ബിൽ നിരസിക്കപെടും. ഇതൊക്കെ ആണ് സ്ഥിതിയെങ്കിലും ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ബിൽ മൊത്തത്തിൽ പാസാകുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയക്കാനും ചെറിയ ബോട്ടുകളിൽ ചാനൽ കടക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമുള്ള ഗവൺമെന്റിന്റെ പദ്ധതി തിരിച്ച് കൊണ്ടുവരാനാണ് നിയമനിർമ്മാണത്തിൽ ഇപ്പോൾ ശ്രമിക്കുന്നത്. ഇതുവരെ മുൻ മന്ത്രിമാരായ റോബർട്ട് ജെൻറിക്കും സുല്ല ബ്രാവർമാനും ഉൾപ്പെടെ നാല് കൺസർവേറ്റീവ് എംപിമാർ ബില്ല് മെച്ചപ്പെടുത്തിയില്ലെങ്കിൽ ബില്ലിനെതിരെ വോട്ടുചെയ്യുമെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇനിയും കൂടുതൽ പാർട്ടി പ്രവർത്തകർ ഇവരോടൊപ്പം ചേരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

രണ്ട് ഡെപ്യൂട്ടി പാർട്ടി ചെയർമാന്മാരും, ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡിലെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി ജെയ്ൻ സ്റ്റീവൻസണും വിമത ഭേദഗതികൾക്ക് വോട്ട് ചെയ്തതിന് ശേഷം രാജി വാഗ്ദാനം ചെയ്തതായി അറിയിച്ചു. റുവാണ്ട ബില്ലിലെ വിമത ഭേദഗതികളെ തങ്ങൾ പിന്തുണക്കുന്നത് തങ്ങൾ നിയമനിർമ്മാണത്തിന് എതിരായതുകൊണ്ടല്ല, മറിച്ച് എല്ലാവരേയും പോലെ ഇത് പ്രാവർത്തികമായി കാണണം എന്ന ആഗ്രഹം കൊണ്ടാണെന്ന് ടോറി എംപിമാർ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാർ ഫിനാൻസ് മിസ് സെല്ലിംഗിനെക്കുറിച്ച് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കബളിപ്പിക്കപ്പെട്ട യുകെ ഡ്രൈവർമാർക്ക് നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പല ഉപഭോക്താക്കളിൽ നിന്നും 2021 ജനുവരിക്ക് മുമ്പുള്ള കാർ ഫിനാൻസ് ലോണുകളിൽ അധിക തുക ഈടാക്കിയതായി ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) പറയുന്നു.

2021 ജനുവരിക്ക് മുമ്പ് പല കാർ ഫിനാൻസ് ലെൻഡർമാരും ബ്രോക്കർമാരുമായി ഇടപാടുകൾ നടത്തിയിരുന്നു. അതായത് ഉപഭോക്താക്കളുടെ പലിശ നിരക്കുകൾ ക്രമീകരിക്കാൻ ബ്രോക്കർമാർക്ക് അധികാരം ലഭിച്ചിരുന്നു. നിരക്കുകൾ ഉയരുന്നതിനനുസരിച്ച് ഇവർക്ക് ലഭിക്കുന്ന കമ്മീഷനും വർദ്ധിക്കും. സ്വാഭാവികമായും, കൂടുതൽ പണം സമ്പാദിക്കുന്നതിനായി പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ബ്രോക്കർമാരെ ഇത് പ്രേരിപ്പിച്ചു. ഇതുമൂലം ഒരു ബ്രോക്കർ മുഖേന ഫിനാൻസിൽ നിന്ന് ഒരു കാർ വാങ്ങുമ്പോൾ അന്യായമായ തുക ഈടാക്കാനുള്ള സാധ്യത ഏറെയാണ്.

ഇത് ശ്രദ്ധയിൽപെട്ട എഫ്‌സിഎ 2021 ജനുവരിയിൽ ഈ രീതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ തങ്ങളിൽ നിന്ന് അമിത പലിശ നിരക്ക് ഇടക്കിയതായി പരാതിപെട്ടുകൊണ്ട് നിരവധി ആളുകൾ രംഗത്ത് വന്നു. ഇതിനു പിന്നാലെ സംഭവം പരിശോധിച്ച് വരികയാണെന്ന് എഫ്‌സിഎ അറിയിച്ചു. ഇതിനായി ഫിനാൻഷ്യൽ സർവീസസ് ആൻഡ് മാർക്കറ്റ്സ് ആക്ട് 2000 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് മോട്ടോർ ഫിനാൻസ് കമ്മീഷൻ ക്രമീകരണങ്ങളും സ്ഥാപനങ്ങളിലെ വിൽപ്പനയും അവലോകനം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് യുകെയിലെ വിവിധ ഭാഗങ്ങളിലെ സ്കൂളുകൾക്ക് അടവ്. മഞ്ഞുവീഴ്ച മൂലം യാത്രകൾ ദുഷ്‌കരമാകുന്നുവെന്നും യാത്രക്കാർ പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് സ്‌കോട്ട് ലൻഡിലെ 100 ലധികം സ്കൂളുകളാണ് അടച്ചിരിക്കുന്നത്. വടക്ക് നിന്ന് ശക്തമായ കാറ്റ് രാജ്യത്ത് ആഞ്ഞടിയ്ക്കുന്നത് യുകെയിലെ താപനില കുറയുന്നതിന് കാരണമായി. സ്‌കോട്ട് ലൻഡിലും വടക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെയിൽസിലും ഇന്ന് കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അതേസമയം നോർത്തേൺ അയർലൻഡിൽ വൈകിട്ട് 5:00 മുതൽ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകി. നിലവിൽ ഏറ്റവും മോശം കാലാവസ്ഥ സ്‌കോട്ട് ലൻഡിലാണ് പ്രതീക്ഷിക്കുന്നത്. പല ഭാഗങ്ങളിലും 10 സെന്റിമീറ്റർ വരെ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ യുകെ നേരിടാൻ പോകുന്നത് ഈ ശൈത്യ കാലത്തെ ഏറ്റവും തണുപ്പുള്ള രാത്രികളായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. താപനില മൈനസ് 5 മുതൽ മൈനസ്10 വരെ ആയി താഴാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം ചൊവ്വാഴ്ച രാവിലെ മഞ്ഞുവീഴ്ച കാരണം റോഡുകളിൽ നിരവധി അപകടങ്ങൾ നടന്നതായി മെർസിസൈഡ് പോലീസ് പറഞ്ഞു. റോഡ് ട്രാഫിക് മൂലമുള്ള കൂട്ടയിടിക്ക് ലങ്കാഷെയർ പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കണ്ടിരുന്ന സാധാരണ താപനിലയേക്കാൾ 5-6 ഡിഗ്രി സെൽഷ്യസ് വരെ നിലവിലെ താപനില കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഡിസംബർ ആദ്യം റിപ്പോർട്ട് ചെയ്ത മൈനസ് 12.5C ആയിരുന്നു ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ കനത്ത ശൈത്യം ഈയാഴ്ചയും തുടരുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്. ആർട്ടിക് പ്രദേശത്തു നിന്നുള്ള ശീതക്കാറ്റ് ശൈത്യത്തിന് ആക്കം കൂട്ടും. സ്കോട്ട് ലൻഡ് നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും, വടക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നോർത്ത് വെയിൽസിലും കനത്ത മഞ്ഞു പെയ്യുമെന്നുള്ളതിനാൽ മെറ്റ് ഓഫീസ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആർട്ടിക് പ്രദേശത്തു നിന്നും ശൈത്യക്കാറ്റ് പഠിക്കുന്നതിനാൽ യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രിയിൽ താപനിലം മൈനസിൽ എത്താനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മഞ്ഞ വീഴ്ച മൂലം യാത്ര തടസ്സം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

റോഡുകളിൽ മഞ്ഞുവീണ അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ട്രാൻസ്പോർട്ട് ഓഫീസ് നൽകിയിട്ടുണ്ട്. ഈ ആഴ്ചയിൽ റെയിൽ നെറ്റ്‌വർക്കുകളിലും തടസ്സം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നാഷണൽ റെയിൽ അതോറിറ്റി നൽകിയിട്ടുണ്ട്. സാധാരണ ഈ സമയമുണ്ടാകുന്ന താപനിലയെക്കാൾ 5 മുതൽ 6 ഡിഗ്രി സെൽഷ്യസ് താഴെയാണ് ഇപ്പോഴത്തെ താപനിലയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. മറ്റിടങ്ങളിൽ സ്ഥിതിഗതികൾ തെളിച്ചമുള്ളതും വരണ്ടതുമായിരിക്കുമെങ്കിലും, മഞ്ഞുമൂടിയ കാറ്റ് കാരണം താപനില പൂജ്യത്തിന് താഴെ അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ട് മുഴുവനും ഒരു ആംബർ കോൾഡ്-ഹെൽത്ത് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അക്കാദമിക് പഠനങ്ങളുടെ തടവറയിൽ അടക്കപെടുന്ന വിദ്യാർത്ഥികളുള്ള ഈ കാലത്ത് പതിനാറാം വയസ്സിൽ സ്വന്തം മ്യൂസിക് വീഡിയോ പുറത്തിറക്കി മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബ്രിട്ടനിലെ കോൾചെസ്റ്ററിൽ നിന്നുള്ള മലയാളി പെൺകുട്ടി ഈവ് ഇലൈൻ. സംഗീത ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കുവാൻ ഉതകുന്ന തരത്തിൽ, ” മൈ ലവർ ” എന്ന പേരിലാണ് ഈവ് തന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ മ്യൂസിക് വീഡിയോയിലെ പാട്ടിന്റെ വരികൾ രചിച്ചതും, അതിനു സംഗീതം നൽകിയതും, ആവശ്യമായ ഓർക്കസ്ട്രേഷൻ നൽകിയതുമെല്ലാം ഈവ് എന്ന പെൺകുട്ടി ഒറ്റയ്ക്കാണ്. പാട്ടുകാരിയും, അതോടൊപ്പം തന്നെ രചയിതാവുമായ ഈവ്, ഒന്നിൽ കൂടുതൽ ഇൻസ്ട്രുമെന്റുകളിൽ വൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തിയാണ്. അതോടൊപ്പം തന്നെ ഈ മ്യൂസിക് വീഡിയോയുടെ പ്രൊഡക്ഷനും ഈവ് തന്റെ പേരിൽ ആരംഭിച്ച ‘ടീൽ മെഡോ’ എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെയാണ് എന്നത് കേൾക്കുന്നവരെ ആകെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇത്രയും ചെറിയ പ്രായത്തിൽ സ്വന്തം പരിശ്രമത്തിൽ ഇത്തരം ഒരു വീഡിയോ പുറത്തിറക്കുവാനുള്ള ഈവിന്റെ കഴിവ് സംഗീത മേഖലയ്ക്ക് തന്നെ മുതൽക്കൂട്ട് ആണ്.

2024 ജനുവരി 12നാണ് “മൈ ലവർ ” എന്ന മ്യൂസിക് ആൽബത്തിന്റെ ഡിജിറ്റൽ റിലീസ് നടന്നത്. കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ വിവിധതരം ഭാവപ്പകർച്ചകൾ കൊണ്ടുവരുവാൻ സാധിക്കുന്ന തരത്തിൽ അത്രയും മനോഹരമാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും. ഈവിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ @EveElyneofficial എന്ന ചാനലിലാണ് വീഡിയോ ആദ്യം റിലീസ് ചെയ്തത്. ഈ റിലീസിന് സഹായിച്ചത് ഓസ്കാർ പട്ടികയിൽ ഇടം നേടിയ സിനിമയായ ഡാം 999 ന്റെ ഡയറക്ടറും, യു എ ഇ യിലേ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒ യുമായ സോഹൻ റോയിയാണ്.
എസ്സെക്സ് ഡിസ്ട്രിക്റ്റിലെ കോൾചെസ്റ്റർ എന്ന സ്ഥലത്തെ ദെധം എന്ന ഗ്രാമവും പരിസരപ്രദേശങ്ങളുമാണ് വീഡിയോയ്ക്ക് ഷൂട്ടിംഗ് പ്രദേശമായി മാറിയത്. നിലവിൽ കോൾചെസ്റ്ററിലെ ‘ ദി ഗിൽബേർഡ് ‘ സ്കൂളിൽ വിദ്യാർഥിനിയാണ് ഈവ് ഇലൈൻ. സ്കൂളിലും നിരവധി നേതൃത്വ സ്ഥാനങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു വരികയാണ് ഈവ്. ഡെപ്യൂട്ടി ഹെഡ് ഗേൾ, സ്കൂളിലെ സോൾ ബാൻഡിലെ ലീഡ് ഇലക്ട്രിക് ഗിറ്റാറിസ്റ്റ്, സ്പോർട്സ് ക്യാപ്റ്റൻ, ഡൈവേഴ്സിറ്റി ചാമ്പ്യൻ എന്നീ നിലകളിൽ എല്ലാം തന്നെ ഈവ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇതോടൊപ്പം തന്നെ സ്കൂൾ നടത്തിയ പബ്ലിക് സ്പീക്കിംഗ് മത്സരങ്ങളിൽ റണ്ണറപ്പ് ആയിരുന്നു ഈവ്. ഇത്തരത്തിൽ അക്കാദമിക് രംഗത്തും കലാകായിക രംഗത്തും നിറഞ്ഞ സാന്നിധ്യമാണ് ഈവ്.

തികഞ്ഞ അർപ്പണബോധത്തോടെയാണ് ഈവ് തന്റെ സംഗീത യാത്രയെ കാണുന്നത്. ഭാവിയിൽ ലോകം അറിയുന്ന ഒരു സംഗീതജ്ഞ ആവുക എന്ന ലക്ഷ്യമാണ് ഈവിനുള്ളത്. ഡ്രംസ്, ഇലക്ട്രിക് & അകൗസ്റ്റിക് ഗിറ്റാർ, കീബോർഡ്, പിയാനോ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഈവ് അഗ്രഗണ്യയാണ്. 12 വയസ്സ് മുതൽ തന്നെ പാട്ടുകൾ എഴുതിയിരുന്നുവെന്ന് ഈവിന്റെ കുടുംബം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒമ്പതാം വയസ്സ് മുതൽ ആരംഭിച്ച കീബോർഡ് പഠനം ഇപ്പോൾ ട്രിനിറ്റി ഗ്രേഡ് 6 എത്തി നിൽക്കുകയാണ്. ഗ്രേഡ് 7 നേടാനുള്ള കഠിന പരിശ്രമത്തിലാണ് ഈവ്. അതോടൊപ്പം തന്നെ മുൻപ് ല്യുട്ടണിലെ കാർഡിനൽ ന്യൂമാൻ കാത്തലിക് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഈവ് സ്കൂളിലെ റോക്ക് ബാൻഡിനോടൊപ്പം ചേർന്ന് ‘ ബാറ്റിൽ ഓഫ് ദി ബാഡ്സിൽ ചേർന്നും തന്റെ കഴിവുകൾ തെളിയിതെളിയിച്ചിരുന്നു .
“മൈ ലവർ ” എന്ന പ്രോജക്ടിന് പിന്നിലെ ക്യാമറ ചലനങ്ങൾക്ക് ചുക്കാൻ പിടിച്ചത് യുകെയിൽ താമസിക്കുന്ന മലയാളിയായ ആദർശ് കുര്യൻ ആണ് . അതോടൊപ്പം തന്നെ ഈവിന്റെ ഗാനത്തിന്റെ പാട്ട് മിക്സിങ്ങിലും മറ്റും സഹായിച്ചത് സൗണ്ട് എൻജിനീയറും കോൾചെസ്റ്ററിലെ ബ്ലാക്ക് ക്യാക്റ്റസ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ അലൻ ജോൺസ് ആണ്. പാട്ടിനു വേണ്ടി ഗിറ്റാർ കൈകാര്യം ചെയ്തത് ഈവിന്റെ അടുത്ത സുഹൃത്തായ ഫിൻ ഗോഡ്വിനാണ്.
സംഗീത ലോകത്തേക്കുള്ള ഈവിന്റെ ഒരു നിർണായക ചുവടുവെപ്പാണ് ഈ മ്യൂസിക് ആൽബത്തിന്റെ റിലീസ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഈവിന് മലയാളം യുകെയുടെ എല്ലാവിധ ആശംസകളും നേരുന്നു.