ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ മഞ്ഞും തണുപ്പും മഴയും കനത്തതോടെ അതിനോട് അനുബന്ധിച്ചുള്ള കാലാവസ്ഥാജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . ഫ്ലൂവും കൊറോണ വൈറസും ചിക്കൻപോക്സും സ്കാർലറ്റ് പനിയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസുഖബാധിതരായ കുട്ടികളെ സ്കൂളുകളിൽ അയക്കാതിരിക്കുക, വാക്സിനുകൾ എടുക്കുക, ഏതെങ്കിലും രീതിയിൽ രോഗ ലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് എൻഎച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ ഉപദേശം സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നിലവിൽ നൽകിയിരിക്കുന്നത്.

വാക്സിനുകൾ യഥാസമയം എടുക്കുന്നത് ഒരു പരിധിവരെ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സഹായിക്കും. കുട്ടികൾക്ക് ഫ്ലൂ വാക്സിൻ നൽകേണ്ട സമയവും സ്ഥലവും എപ്പോഴാണെന്ന് എൻഎച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. കുട്ടികൾക്ക് വേദനയില്ലാതെ മൂക്കിലൂടെ നൽകുന്ന നേസൽ സ്പ്രേ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. ഏതെങ്കിലും രീതിയിൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് ഫോണിലൂടെയോ ഓൺലൈൻ ആയോ ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സംവിധാനവും എൻഎച്ച്എസ് ഒരുക്കിയിട്ടുണ്ട്.

ഏതെങ്കിലും രീതിയിൽ അസുഖബാധിതരായ കുട്ടികളെ സ്കൂളുകളിൽ വിടരുതെന്ന നിർദ്ദേശം പല മാതാപിതാക്കൾക്കും ബുദ്ധിമുട്ട് ഉളവാക്കും. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യങ്ങളിൽ കുട്ടികൾ സ്കൂളുകളിൽ പോകാതിരിക്കുകയാണെങ്കിൽ ആരെങ്കിലും ലീവെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് തന്നെ പെട്ടെന്ന് അവധിയെടുക്കുന്നതിൽ ഒട്ടേറെ പരിമിതികളുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിസന്ധി ഘട്ടത്തിൽ നയിക്കാൻ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭയുടെ സിനഡ് തിരഞ്ഞെടുത്തു. മാർ റാഫേൽ നിലവിൽ ഷംഷാബാദ് രൂപതയുടെ മെത്രാനാണ്. നാളെ ഉച്ചകഴിഞ്ഞ് സെൻറ് തോമസ് മൗണ്ടിലാണ് സ്ഥാനാരോഹണം നിശ്ചയിച്ചിരിക്കുന്നത്.
സിനഡിൽ നടന്ന രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ കൂടി അന്തിമ അനുമതി ലഭിച്ചതോടെയാണ് ഒരേസമയം അന്തിമ പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് സെന്റ്. തോമസ് മൗണ്ടിലും പ്രഖ്യാപിച്ചത്.
തൃശ്ശൂർ അതിരൂപതയിലെ തട്ടിൽ ഔസേപ്പ് – ത്രേസ്യ ദമ്പതികളുടെ ഇളയ മകനായ മാർ റാഫേൽ തട്ടിൽ ജനിച്ചത് 1956 ഏപ്രിൽ 21 -നാണ് . 1980 ഡിസംബർ 21 -ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനിക മെത്രാനുമായിരുന്നു.
സഭയ്ക്ക് എല്ലാ പ്രതിസന്ധികളെയും ദൈവാനുഗ്രഹത്താൽ തരണം ചെയ്യാൻ കഴിയുമെന്ന് സ്ഥാന ലബ്ധിക്കുശേഷം മാർ റാഫേൽ തട്ടിൽ പ്രതികരിച്ചു .കുർബാന തർക്കത്തിന്റെ പേരിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന് പുതിയ പദവി നൽകുന്നത് ഒട്ടേറെ വെല്ലുവിളികളാണ് . കുർബാന തർക്കത്തെ കുറിച്ച് ഇപ്പോൾ അഭിപ്രായം ഒന്നും പറയുന്നില്ലെന്നും എല്ലാവരെയും കേട്ട ശേഷം പരിഹാരം ഉണ്ടാക്കാമെന്നുമാണ് പ്രശ്നത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ഇപ്പോൾ കുറ്റവാളികളാകുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്ന പോലീസ് ഡേറ്റ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. ആൺകുട്ടികൾ തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ അക്രമാസക്തമായ അശ്ലീലം കാണുകയും പിന്നീട് പെൺകുട്ടികളെ ആക്രമിക്കുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യം വർദ്ധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തിൽ നാലിരട്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും പോലീസ് ഡേറ്റ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി മുതിർന്നവർ കുട്ടികൾക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് ഗുരുതരമായി കാണുന്നതെങ്കിലും, എന്നാൽ ഇപ്പോൾ 17 വയസോ അതിൽ താഴെയോ പ്രായമുള്ളവർ നടത്തുന്ന ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന പരിഭ്രാന്തി ഉളവാക്കുന്നതാണെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു സാഹചര്യത്തിൽ നാല് വയസ്സുള്ള ഒരു കുട്ടി സ്വന്തം സഹോദരന്റെ മോശം ചിത്രം അപ്‌ലോഡ് ചെയ്യുവാൻ സ്മാർട്ട്ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിച്ചുള്ള കേസ് വരെ പോലീസിന് റഫർ ചെയ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പോലീസ് അധികൃതർ പുറത്തുവിടാൻ തയ്യാറായിട്ടില്ല. 2022-ൽ ഇംഗ്ലണ്ടിലും വെയിൽസിലും മൊത്തം 107,000 റിപ്പോർട്ടുകളാണ് കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കുന്ന തരത്തിൽ പോലീസിന് ലഭിച്ചത്. ലൈംഗിക അതിക്രമം മുതൽ അസഭ്യമായ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത കേസുകൾ വരെ ഇതിലുണ്ട്.

ഈ കേസുകളിൽ കുറ്റാരോപിതരായ 52% പേരും കുട്ടികൾ ആണെന്നത് സാഹചര്യങ്ങളുടെ രൂക്ഷമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട് ഫോണുകളിലൂടെ അശ്ലീലമായ ചിത്രങ്ങൾ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതെന്ന നിഗമനമാണ് പോലീസ് നടത്തുന്നത്. കുട്ടികളോടുള്ള ക്രൂരത തടയുന്നതിനുള്ള നാഷണൽ സൊസൈറ്റി (എൻഎസ്‌പിസിസി) തങ്ങളുടെ ഹെൽപ്പ് ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുകയും അവബോധം വളർത്തുകയും ചെയ്യാനുള്ള എല്ലാ നടപടികളും എടുക്കുമെന്ന് അറിയിച്ചു. അതിലൂടെ മുതിർന്നവർക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ എത്രയും വേഗം അറിയിക്കാനുള്ള വാതിൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ സ്വന്തമായി ഒരു വീട് എന്നത് ഇവിടെയുള്ള എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വീട് എന്ന സ്വപ്നം മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. അതിൻറെ കൂടെയാണ് ഉയർന്ന പലിശ നിരക്കുകളെ കുറിച്ചുള്ള ആശങ്ക.
എന്നാൽ കടുത്ത മത്സരങ്ങളെ തുടർന്ന് കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമാകും. രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്കുകൾ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% നിന്ന്സ് 5.53 ശതമാനമായി കുറഞ്ഞത് വീട് വാങ്ങുന്നവർക്ക് പ്രയോചനം ചെയ്യും . യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ച വാർത്ത മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .

അതിനു പിന്നാലെ മറ്റ് രണ്ട് പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബാർക്ലേസും സാന്റാൻഡറും നിരക്കുകൾ കുറച്ചത് കൂടുതൽ പേർക്ക് പ്രയോജനം ചെയ്യും. നിലവിൽ ഏകദേശം 1.6 ദശലക്ഷം ബാങ്ക് വായ്പ എടുത്തവർക്കും കുറഞ്ഞ നിരക്കിലേയ്ക്ക് മാറുന്നതിലൂടെ പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം ചെയ്യും. 2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യം മൂലം വീട് മേടിക്കാനാഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭദ്രതയിൽ കനത്ത ഇടിവ് നേരിട്ടതാണ് വീടുകളുടെ വില കുറയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . സുരക്ഷിതമല്ലാത്ത സമ്പദ് വ്യവസ്ഥ വീട് വാങ്ങാനോ മാറാനോ ആഗ്രഹിക്കുന്ന ആളുകളുടെ ആത്മവിശ്വാസം കുറച്ചേക്കാനുള്ള സാധ്യതയുണ്ട്.

മാറിയ കുടിയേറ്റ നയത്തിന്റെ പശ്ചാത്തലത്തിൽ നേഴ്സുമാർ ഒഴികെയുള്ള മലയാളികൾക്ക് യുകെ യോടുള്ള അഭിനിവേശം കുറഞ്ഞിട്ടുണ്ട്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കാത്തതും വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്കുള്ള കടുത്ത നിയന്ത്രണങ്ങളും യുകെയിൽ വീട് മേടിക്കുന്നതിൽ നിന്ന് ഒട്ടുമിക്ക മലയാളികളെയും പിന്തിരിപ്പിക്കുമെന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സീറോ മലബാർ സഭയെ നയിക്കാനുള്ള ചരിത്ര നിയോഗം ഇനി മാർ ജോസഫ് കലറങ്ങാട്ടിലിന് . സീറോ മലബാർ സഭാ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ സഭാ സിനഡിൽ പൂർത്തിയായി. മാർച്ച് ജോസഫ് കല്ലറങ്ങാട് സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ ഇന്നോ നാളെയോ പുതിയ ആർച്ച് ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
മാർ ജോസഫ് കല്ലറങ്ങാട്ട് സഭാ തലവനാകുന്നതോടെ പാലാ രൂപതയുടെ അധ്യക്ഷപദവിയിലേക്ക് നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ എത്തുമെന്ന് മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയാണെങ്കിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുതിയ അധ്യക്ഷന്റെ നിയമനം ഉടനെയുണ്ടാവുകയും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ രൂപതാധ്യക്ഷനെ കുറിച്ച് ഈ സിനഡിൽ തന്നെ തീരുമാനം ആകുമോ എന്നതും എല്ലാവരും ഉറ്റുനോക്കുന്ന വിഷയമാണ്.
പുതിയ സഭാധ്യക്ഷ സ്ഥാനാരോഹണം എന്ന് നടക്കും എന്നതിനെ കുറിച്ച് ഇപ്പോൾ വ്യക്തത വന്നിട്ടില്ല. പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം നടക്കേണ്ട സെന്റ് മേരീസ് ബസിലിക്ക അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ എന്തായിരിക്കും തീരുമാനമെന്നത് എല്ലാവരും ഉറ്റുനോക്കുന്ന വിഷയമാണ്. സഭാ അധ്യക്ഷനും സഭയ്ക്കും പുതിയ ഒരു ആസ്ഥാന രൂപതയെ കുറിച്ച് ബിഷപ്പുമാർക്കിടയിൽ ഏകാഭിപ്രായം രൂപീകരിക്കാൻ പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ . കൂടുതൽ വിശ്വാസി സമൂഹമുള്ള ചങ്ങനാശ്ശേരിയിലേയ്ക്ക് സഭാ ആസ്ഥാനം പറിച്ചു നടണമെന്ന അഭിപ്രായവും ഉയർന്നു വന്നതായും സൂചനയുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
2001 -ലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ഏറ്റവും കൂടിയ നിലയിൽ ആരംഭിച്ചത്. അതിന് കാരണം സ്ഥിരോത്‌സാഹികളും മനുഷ്യസ്നേഹികളുമായ മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിന്റെ ഹോസ്പിറ്റലുകളിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചതായിരുന്നു. യുകെയിലെ ഒട്ടുമിക്ക മേഖലകളിലും തങ്ങളുടെ പ്രാവീണ്യം തെളിയിക്കാൻ ഈ കഠിനാധ്വാനികളായ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കഴിഞ്ഞു.
എന്നാൽ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ അടുത്തഘട്ടം കൂടുതൽ സങ്കീർണമായിരുന്നു. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും എത്തി യുകെയിൽ പി ആർ എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒട്ടേറെ മലയാളികൾ ആണ് ഇവിടെ എത്തി ചേർന്നിരിക്കുന്നത്. ഇങ്ങനെ എത്തിയവരിൽ ഭൂരിഭാഗവും ഏജൻസി നൽകിയ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് വിമാനം കയറിയത്. കഴിഞ്ഞകാലം വരെ വിദ്യാർത്ഥി വിസയിലും കെയർ വിസയിലും എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കുമായിരുന്നു.
എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. ബ്രിട്ടന്റെ പുതിയ കുടിയേറ്റം നയം എങ്ങനെ യുകെയിലെ! മലയാളി സമൂഹത്തെ ബാധിക്കുമെന്നതിൻറെ നിരവധി വിശകലനങ്ങൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഈ വർഷം ആരംഭം മുതൽ നിലവിൽ വന്നു. ഇതിൻറെ ഫലമായി ഇനിമുതൽ ഗവേഷണ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോടുകൂടി പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കുന്നത്.
പുതിയ നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. നിയമം മാറുന്നതിന് മുമ്പ് തന്നെ സ്റ്റഡി വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഒട്ടേറെ പേരാണ് പുതിയ നിയമ മാറ്റത്തിന്റെ വെളിച്ചത്തിൽ വെട്ടിലായിരിക്കുന്നത്. പലരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. നേരത്തെ സ്റ്റഡി വിസയിൽ വരുന്നവരുടെ ഭർത്താവ് ,ഭാര്യ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്കായിരുന്നു ആശ്രിത വിസ അനുവദിച്ചിരുന്നത്.
ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾക്ക് പഴയതിൽ നിന്ന് മാറ്റമില്ല. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യുകെയിൽ രണ്ട് വർഷവും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് മൂന്നുവർഷവും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ജോലി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പുതിയ കുടിയേറ്റ നയം നിലവിൽ വന്നതോടെ യുകെയിലേയ്ക്ക് ഉള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇനി ഗവേഷണത്തിനും സ്കോളർഷിപ്പോടുകൂടിയും വരുന്ന ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ മാത്രമാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷനു വേണ്ടി പരിശ്രമിക്കൂ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.
ഇനി നേഴ്സുമാർക്ക് മാത്രമേ യുകെയിൽ എത്തുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ സാധിക്കുകയുള്ളൂ. മുൻപുള്ളതു പോലെ തന്നെ എൻഎച്ച്എസിൽ ജോലി ചെയ്യുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും നിലവിലുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമികമായ ശ്വാസകോശ സംബന്ധമായ അണുബാധയായ വില്ലൻ ചുമ ബാധിച്ച രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബ്രിട്ടനിലെ ആരോഗ്യ നിയമങ്ങൾ പ്രകാരം, വില്ലൻ ചുമയുടെ രോഗനിർണ്ണയം നടത്തുന്ന ഏതൊരു ഡോക്ടർക്കും ഇത് സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിക്കാൻ നിയമപരമായ കടമയുണ്ട്. ഇത്തരത്തിൽ നടത്തിയിരിക്കുന്ന രോഗനിർണ്ണയങ്ങൾ ജൂലൈ മുതലുള്ള 5 മാസങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഈ സമയത്തേക്കാൾ ഇരട്ടിയിൽ അധികമാണ്. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകളെയും പോലെ, കോവിഡ് കാലത്ത് വില്ലൻ ചുമയുടെ കേസുകൾ കുറവായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം ആറാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഈ അസുഖം, മൂന്ന് ഘട്ടങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ മൂക്കൊലിപ്പ്, തുമ്മൽ, ചുവന്ന കണ്ണുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുക. ഏകദേശം രണ്ടാഴ്ചയ്ക്കുശേഷം ആരംഭിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ് രോഗികൾക്ക് കഠിനമായ ചുമയുണ്ടാവുക. ഇത്തരത്തിലുള്ള വിട്ട് മാറാത്ത ചുമ ആഴ്ചകളോളം നിലനിൽക്കും.

ഇതിനുശേഷം ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുമെങ്കിലും, മൂന്നുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ഒന്നു മുതൽ മൂന്നു ശതമാനം പേർ മരണത്തിന് കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്. വില്ലൻ ചുമയുടെ ചികിത്സയിൽ ആന്റിബയോട്ടിക്കുകൾക്ക് പരിമിതമായ പങ്ക് മാത്രമേ ഉള്ളു. എന്നാൽ വില്ലൻ ചുമ പ്രതിരോധിക്കുവാൻ കുട്ടികൾക്ക് ബ്രിട്ടനിൽ വാക്സിനുകൾ ലഭ്യമാക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് 8, 12, 16 ആഴ്ചകൾ ആകുമ്പോൾ മറ്റ് വാക്സിനുകളമായി ചേർത്താണ് ഇവ നൽകുന്നത്. പിന്നീട് കുട്ടിക്ക് മൂന്ന് വയസ്സും നാല് മാസവും ആകുമ്പോൾ നൽകുന്ന ഒരു ബൂസ്റ്റർ ഷോട്ടും ഈ വാക്സിന്റെ ഭാഗമാണ്. ഗർഭിണികൾക്കും ഇപ്പോൾ ഈ വാക്സിൻ നൽകുവാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ ഇത് സംബന്ധിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ആദ്യത്തെ വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സർജൻ പ്രൊഫ. സർ റോയ് കാൽനെ (93) വിടവാങ്ങി. ശനിയാഴ്ച രാത്രിയാണ് ബ്രിട്ടീഷ് സർജൻ പ്രൊഫ. സർ റോയ് കാൽനെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ആരോഗ്യ മേഖലയിലുള്ള തൻെറ നിസ്വാർത്ഥ സേവനങ്ങൾക്ക് അദ്ദേഹത്തിന് 2014 – ൽ ‘പ്രൈഡ് ഓഫ് ബ്രിട്ടൻ’ അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു.

യുഎസിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 1968 – ലാണ് കേംബ്രിഡ്ജിലെ അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ യുകെയിലെ ആദ്യത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർ റോയ് നേതൃത്വം നൽകിയത്. അവയവങ്ങൾ മാറ്റി വയ്ക്കുമ്പോൾ, ഉണ്ടാകാനിടയുള്ള ‘റിജെക്ഷൻ’ മറികടക്കാൻ ആദ്യമായി മരുന്നുകൾ ഉപയോഗിച്ചതും ഇദ്ദേഹമാണ്. ഇത് ലോകമെമ്പാടുമുള്ള അവയവ ഗ്രാഫ്റ്റിംഗിന്റെ വലിയ മാറ്റത്തിന് കാരണമായിരുന്നു.

ഇന്ന് അവയവദാന ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന പ്രതിരോധശേഷി കുറയ്ക്കുന്ന പല മരുന്നുകളും സർ റോയ് അവതരിപ്പിച്ചവയാണ്. 1974-ൽ സർ റോയിയെ ‘ഫെലൊ’ പദവി നൽകി റോയൽ സൊസൈറ്റി ആദരിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ തലവനെ കണ്ടെത്തുന്നതിനായുള്ള സീറോ മലബാർ സഭയിലെ മെത്രാൻമാരുടെ സിനഡ് ജനുവരി 8-ാം തീയതി ആരംഭിച്ചു. സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് കാക്കനാട് ആണ് സിനഡ് നടക്കുന്നത്. ജനുവരി 13 വരെ നടക്കുന്ന സിനഡിന്റെ പ്രധാന അജണ്ട മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ്.

ഇതിനിടെ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കലും സാധ്യതാ പട്ടികയിൽ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും സാധ്യതാ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് മാർ ജോസഫ് കല്ലറങ്ങാട്ട് തന്നെയാണ്. ഇവർക്കൊപ്പം പാലാ രൂപത സഹായ മെത്രാനായിരുന്നപ്പോൾ സന്യാസ ജീവിതത്തിലേയ്ക്ക് കടന്ന മാർ ജേക്കബ് മുരിക്കൻ , തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് തറയിൽ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മാർ ജോസഫ് കല്ലറങ്ങാട് മേജർ ആർച്ച് ബിഷപ്പ് ആകുകയാണെങ്കിൽ നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കൽ പാലാ രൂപതയുടെ മെത്രാനായി പോയേക്കാം എന്ന വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ മാറ്റങ്ങളിലൊക്കെ തന്നെ ബ്രിട്ടനിൽ പുതിയ രൂപതാധ്യക്ഷൻ വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

സഭയിലെ ഉയർന്നുവന്നിരിക്കുന്ന കുർബാന തർക്കവും വിഭാഗീയതയും അവസാനിപ്പിക്കുന്നതിനായി മേജർ ആർച്ച് ബിഷപ്പിന് പുതിയ ഒരു ആസ്ഥാന രൂപത രൂപീകരിക്കുന്നതും സിനഡിന്റെ സജീവ പരിഗണനയിലുണ്ട്. അങ്ങനെയാണെങ്കിൽ കാക്കനാട് കേന്ദ്രമാക്കിയോ പൗരാണിക രൂപതയായ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയൊ സഭയുടെ പാരമ്പര്യ ആസ്ഥാനമായി അറിയപ്പെടുന്ന കുറവിലങ്ങാട് കേന്ദ്രമായോ ഒരു രൂപതയുണ്ടാകാം എന്നാണ് സഭയോട് അടുത്ത് നിൽക്കുന്നവർ നൽകുന്ന സൂചനകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പ്രൈമറി ജോലിക്ക് പുറമേ, മറ്റെന്തെങ്കിലും ജോലി ചെയ്ത് അധിക വരുമാനം സമ്പാദിക്കുന്നവരാണ് ജനങ്ങളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ സമ്പാദിക്കുന്നവർക്ക് മേലെ അന്വേഷണ ദൃഷ്ടിയുമായി എത്തിയിരിക്കുകയാണ് എച്ച് എം ആർ സി. ഓൺലൈൻ മാർക്കറ്റ് സൈറ്റുകളിൽ നിന്നും അധിക വരുമാനം ഉണ്ടാക്കുന്നവരിൽ നിന്നും ടാക്സ് ഈടാക്കാനാണ് എച്ച് എം ആർ സി യുടെ പുതിയ നീക്കം. സമ്പാദിക്കുന്ന വരുമാനം 1000 പൗണ്ടിന് മുകളിലാണെങ്കിൽ ആണ് ടാക്സിന്റെ പരിധിയിൽ ഉൾപ്പെടുക. ഈ വർഷം ജനുവരി 1 മുതൽ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം, ആമസോൺ, ഇബേ, ഡെപ്പോപ്, വിന്റഡ്, എയർബി എൻബി തുടങ്ങിയ സൈറ്റുകളിൽ നിന്നും പണം സമ്പാദിക്കുന്നവരെ നിരീക്ഷിക്കുവാനാണ് എച്ച്എം ആർ സി തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സൈറ്റുകളിൽ എത്തുന്നവർ എത്ര വരുമാനം ഉണ്ടാക്കുന്നു എന്ന് അതാത് സൈറ്റുകൾ തന്നെ രേഖപ്പെടുത്തണമെന്നും, അത് ടാക്സ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്.

എച്ച് എം ആർ സിക്ക് ഇത്തരം ഓൺലൈൻ സൈറ്റുകൾ നൽകുന്ന വിവരങ്ങൾ അതാത് വ്യക്തിയുടെ സെൽഫ് അസിസ്റ്റന്റ് റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻതന്നെ നടപടി ഉണ്ടാകുമെന്നാണ് എച്ച് എം ആർ സി അറിയിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കായി ഏകദേശം 37 മില്യൺ പൗണ്ടാണ് എച്ച് എം ആർ സി ചെലവഴിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. വ്യക്തികൾക്ക് അവരുടെ പ്രൈമറി ജോലിക്കൊപ്പം മറ്റേത് ജോലിയിലും ഏർപ്പെട്ട് അധിക വരുമാനം സമ്പാദിക്കാം. എന്നാൽ ഇത്തരത്തിൽ സമ്പാദിക്കുന്ന തുക ആയിരം പൗണ്ടിന് മുകളിലാണെങ്കിൽ, സ്വയം തൊഴിൽ ചെയ്യുന്നവരായി രജിസ്റ്റർ ചെയ്ത് ഈ തുകയ്ക്ക് നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാതെ അധിക വരുമാനം ഉണ്ടാക്കുന്നവരെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് എം ആർ സി പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.