Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹോങ്കോങ് : ഹോങ്കോങിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കപ്പൽ രണ്ടായി പിളർന്നു മുങ്ങി. 30 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് മൂന്നു പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള രക്ഷാദൗത്യം അധികൃതർ ആരംഭിച്ചു. 27 പേരുടെയും ജീവൻ അപകടത്തിലാണെന്ന് സൂചന. രക്ഷാപ്രവർത്തനത്തിനായി അധികൃതർ വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചു. ശനിയാഴ്ച വൈകുന്നേരം 5:30 വരെ മൂന്നു പേരെ മാത്രമാണ് രക്ഷിക്കാനായത്.

ഹോങ്കോംഗ് ഗവൺമെന്റ് ഫ്ളൈയിംഗ് സർവീസ് പുറത്തുവിട്ട ഫോട്ടോകളിൽ രണ്ടായി പിളർന്നു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ദൃശ്യം കാണാം. ഒപ്പം ഹെലികോപ്റ്റർ സഹായത്തോടെ ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തുന്നതായും കാണാം. കപ്പലിന്റെ പേര് ലഭ്യമല്ല. ഹോങ്കോങ്ങിൽ നിന്ന് 186 മൈൽ അകലെ തെക്ക് ഭാഗത്തായിരുന്നു അപകടം.

മണിക്കൂറിൽ 110 കിലോമീറ്റർ (68 മൈൽ) വേഗതയിൽ വീശുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘ചാബ’ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഫിക്‌സഡ് വിംഗ് വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും ഹോങ്കോംഗ് സർവീസ് അയച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് നന്ദി പ്രകടനം. ഒരു വാഹനം നമ്മെ മറികടക്കാൻ അനുവദിച്ചാലോ, റോഡിൽ നിന്ന് തിരിയുമ്പോൾ നിർത്തി തന്ന് സൗകര്യം ഒരുക്കുമ്പോഴോ ഒക്കെ നന്ദി പറയുന്നവരാണ് നാം. നന്ദി പ്രകടനം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് നല്ലത് തന്നെ. എന്നാൽ, റോഡിലെ നന്ദി പ്രകടനം നിയമലംഘനമാണ്. കൈ ഉയര്‍ത്തി നന്ദി പ്രദര്‍ശിപ്പിക്കുക, ബാക്ക് ലൈറ്റ് പെട്ടെന്ന് ഫ്ലാഷ് ചെയ്യുക തുടങ്ങിയവയാണ് നന്ദി പ്രകടനത്തിനുള്ള മാർഗങ്ങൾ.

എന്നാൽ, ഇപ്രകാരം ചെയ്യുന്നത് ഹൈവേ കോഡിന്റെ ലംഘനമാണ്. ഇപ്രകാരം ചെയ്ത് പിടിക്കപ്പെട്ടാൽ ആയിരം പൗണ്ട് പിഴ നൽകേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റ് പെനാൽറ്റി ലഭിക്കും. നാഷണല്‍ ടയേഴ്‌സ് നടത്തിയ സര്‍വേയില്‍, ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ബാക്ക്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് നന്ദി പറയുന്നവരാണ് എന്ന് വ്യക്തമായി. എന്നാൽ, ഇത് മിന്നിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് കുറ്റകരമാണ്.

കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താലും പിഴ ലഭിക്കും. 29.1% ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. വാഹനം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്നതാണ് അത് സൂചിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ശിക്ഷ ആയിരം പൗണ്ട് തന്നെ. ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും നന്ദി പ്രകടിപ്പിക്കുന്നവരുണ്ട്. അതും കുറ്റകരമാണ്. ഏതെങ്കിലും അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹസാര്‍ഡ് ലൈറ്റ് തെളിയിക്കരുത് എന്നാണ് നിയമം. ചുരുക്കത്തിൽ, റോഡിലെ നമ്മുടെ നന്ദിപ്രകടനം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഓർക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലുടനീളമുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത്. 2.3 ദശലക്ഷം ആളുകൾക്കാണ് ഈ ആഴ്ച വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇത് മുൻപത്തെ ആഴ്ചയേക്കാൾ 32% കൂടുതലാണ്. BA.4, BA.5 എന്നീ ഒമിക്രോണിൻെറ രണ്ടു പുതിയ ഉപവകഭേദങ്ങളുടെ വരവോടെയാണ് പകർച്ചാനിരക്ക് കുതിച്ചുയർന്നത്. ആളുകൾക്ക് മുമ്പ് കോവിഡ് വന്നിട്ടുണ്ടെങ്കിലും രോഗം ഇനിയും ബാധിക്കാം. എന്നാൽ ഗുരുതരമായ പാർശ്വഫലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുവാൻ പ്രതിരോധ കുത്തിവെപ്പുകൾ സഹായിക്കും.

BA.4, BA.5 എന്നീ വേരിയന്റുകളുടെ വർദ്ധനവ് മൂലം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി ഓഫീസ് ഫോൺ സ്റ്റാറ്റിക്‌സിൽ നിന്നുള്ള സാറാ ക്രാഫ്റ്റ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകളിൽ നിന്ന് ഇംഗ്ലണ്ടിലെ എല്ലാ പ്രായ വിഭാഗങ്ങളിലും വൈറസ് ബാധയുടെ നിരക്ക് വർദ്ധിക്കുന്നതായി കണ്ടെത്തി. ഇംഗ്ലണ്ടിൽ ജൂൺ 30ന് മാത്രം ഏകദേശം 9000 കോവിഡ് രോഗികളാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ജൂലൈ ഒന്നിന് ഈ കണക്കുകൾ ഇരട്ടിയായി. മറ്റ് യുകെ രാജ്യങ്ങളിലും സമാനമായ വർദ്ധനവ് കണ്ടെത്താൻ സാധിച്ചു. ഇംഗ്ലണ്ടിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണം 211 ആയി ഉയർന്നു. ജൂൺ തുടക്കത്തിൽ 111 ആയ സ്‌ഥാനത്ത്‌ നിന്നാണ് ഈ വർദ്ധനവ്.

കഴിഞ്ഞ ആറുമാസമായി വാക്സിൻ എടുക്കാത്ത 75-ന് വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡിൽ നിന്നുള്ള മുൻകരുതലിൻെറ ഭാഗമായി ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എന്നാൽ ഈ പ്രായപരിധിയിലുള്ള 16 ശതമാനത്തോളം ആളുകൾ ഇതുവരെയും വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) യിലെ ക്ലിനിക്കൽ പ്രോഗ്രാമുകളുടെ ഡയറക്ടർ ഡോ.മേരി റാംസെ പറയുന്നു. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വ്യാപനം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. തിരക്കേറിയതും അടച്ചുതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുവാൻ ശ്രമിക്കണമെന്നും, നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുവാൻ ശ്രമിക്കണമെന്നും ഡോക്ടർ റാംസെ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഡച്ചസ് ഓഫ് സസെക്സ് ആയിരിക്കുന്ന ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിനെ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ട് മെട്രോ പോലീസ് ഓഫീസർമാരെ ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഈസ്റ്റ് ലണ്ടനിലെ ബെത്നൽ ഗ്രീൻ പൊലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാരായ സുഖ്ദേവ് ജീർ, പോൾ ഹെഫോർഡ് എന്നിവരെയാണ് ട്രിബ്യൂണൽ പുറത്താക്കിയിരിക്കുന്നത്. 2018ലാണ് കേസിന് ആസ്പദമായ തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവർ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ഗ്രൂപ്പ് ചാറ്റിൽ പ്രചരിപ്പിച്ചത്. തികച്ചും മോശമായ തരത്തിലുള്ള പെരുമാറ്റമാണ് ഇരുവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ട്രിബ്യൂണൽ വിലയിരുത്തി. സംരക്ഷിക്കേണ്ട ജനങ്ങളെ കളിയാക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ആണ് ഇവർ ഇരുവരും പ്രചരിപ്പിച്ചതെന്ന് ഹിയറിങ് സമയത്ത് ഇവർക്കെതിരെ ശക്തമായ ആരോപണം ഉണ്ടായി. ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് തൊട്ടു മുൻപുള്ള സമയത്താണ് മേഗനെ സംബന്ധിച്ച കമന്റുകൾ ഇവർ ഇരുവരും ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകളും ഇവർ ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.


ഇവർ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റിനു കൂടി അപമാനം ഉണ്ടാക്കുന്ന തരത്തിലാണ് ഇരുവരുടെയും പ്രവർത്തി ഉണ്ടായിരിക്കുന്നതെന്ന് ട്രിബ്യുണൽ ഹെഡ് മോറിസ് കോഹെൻ വ്യക്തമാക്കി. കുറേ നാളുകൾ ഇവർ ഇത്തരത്തിൽ മെസ്സേജുകൾ പ്രചരിപ്പിച്ചെന്ന് ട്രിബ്യുണൽ കണ്ടെത്തി. ഈ വാർത്ത സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും, അതിനാൽ തന്നെ ഇരുവരുടെയും പുറത്താക്കൽ അനിവാര്യമാണെന്നും മെട്രോപൊളിറ്റൻ പോലീസിനെ പ്രതിനിധീകരിച്ച് വിശാൽ മിശ്ര വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. വേനലവധിക്കാലത്ത് യാത്രക്കാർ നരകയാതന അനുഭവിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. ഹീത്രൂ, സ്റ്റാൻസ്റ്റഡ് എയർപോർട്ടുകളിൽ ഇന്ന് യാത്രക്കാരുടെ നീണ്ട നിര രൂപപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്തെ വിമാന യാത്രികരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ സമരവും തകരാറിലായ ലഗേജ് സംവിധാനവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കോവിഡ് കാലത്തു വെട്ടിക്കുറച്ച പത്തു ശതമാനം ശമ്പളം പുനഃ സ്ഥാപിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ സമരം തുടങ്ങി.

ഇതോടെ, കണ്‍വെയര്‍ ബെല്‍റ്റുകള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ ചെക് ഇന്‍ ചെയ്ത ബാഗേജുകള്‍ വിമാനത്താവളത്തില്‍ കുന്നുകൂടുകയാണ്. പ്രതിസന്ധി താങ്ങാനാവാതെ മുപ്പത് വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ഈസിജെറ്റ് ക്യാബിൻ ക്രൂ ഇന്ന് പണിമുടക്ക് ആരംഭിച്ചു. ബാഴ്‌സലോണ, മലാഗ, പാൽമ എന്നിവിടങ്ങളിലെ ഈസിജെറ്റിന്റെ ജീവനക്കാരും ജോലി നിർത്തിവയ്ക്കും. മൂന്ന് സമരങ്ങളിൽ ആദ്യത്തേത് ഇന്ന് മുതൽ ജൂലൈ 3 വരെയാണ്. ആകെ ഒൻപത് ദിവസം പണിമുടക്കും.

ക്യൂ നിന്ന് ക്ഷീണിതരായ യാത്രക്കാർ വിമാനത്താളങ്ങളിൽ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ, ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വിമാനങ്ങൾ വൈകുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ വിമാനം മൂന്നു – നാല് മണിക്കൂർ വൈകിയാണ് പുറപ്പെടുന്നത്. സ്വന്തം ബാഗുകൾ നഷ്ടമായ അവസ്ഥയിലാണ് പലരും നാട്ടിലെത്തുന്നത്. ബാഗേജുകളുടെ തെളിവ് കൈയിൽ കരുതുന്നതിനോടൊപ്പം വിലപിടിപ്പുള്ള വസ്തുക്കളുമായി യാത്ര ചെയ്യാതിരിക്കുന്നതാണ് ഇപ്പോൾ നല്ലത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിരവധിയാളുകളെ ആകർഷിക്കാനായി ബ്രിട്ടീഷ് സൈന്യം പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. ‘നഥിംഗ് കാൻ ഡു വാട്ട് എ സോൾജിയർ കാൻ’ എന്ന കാമ്പെയ്‌ൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യമാണിത്. യുദ്ധത്താൽ തകർന്നടിഞ്ഞ പ്രദേശം ഒരു റോബോട്ട് പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, ഒരു സൈനികൻ ചെയ്യുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് വീഡിയോയുടെ അവസാനത്തിൽ പറയുന്നു. ബ്രിട്ടീഷ് സൈന്യം പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നതായും വീഡിയോയിൽ പറയുന്നുണ്ട്.

സാങ്കേതികവിദ്യ പ്രാധാന്യമുള്ളതാണെങ്കിലും, ഒരു സംഘർഷമേഖലയിൽ സൈനികർക്ക് മാത്രമേ സഹജമായ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്ന് വീഡിയോയിൽ കാണിക്കുന്നു. ഈ പരസ്യം സിനിമ തിയേറ്ററിലും ടെലിവിഷനിലും ഓൺലൈനിലും പ്രദർശിപ്പിക്കും. റിക്രൂട്ട്‌മെന്റ് ഭീമനായ ക്യാപിറ്റയും ബ്രിട്ടീഷ് ആർമിയും ചേർന്ന് വികസിപ്പിച്ചെടുത്ത “ദിസ് ഈസ് ബിലോംഗിംഗ്” പരമ്പരയിലെ ആറാമത്തേതാണ് ഈ കാമ്പെയ്‌ൻ. ഒരു സൈനികന് ചെയ്യാൻ കഴിയുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണെന്ന് റിക്രൂട്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ നിക്ക് മക്കെൻസി പറഞ്ഞു.

“ഞങ്ങൾ എന്ത് സാങ്കേതിക മുന്നേറ്റം നടത്തിയാലും, നമ്മുടെ സൈനികരുടെ ബുദ്ധിയും ശക്തിയും സൈന്യത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഭാവിയിൽ റിക്രൂട്ട് ചെയ്യുന്നവരോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” മക്കെൻസി കൂട്ടിച്ചേർത്തു. കൂടുതൽ പേരെ സൈന്യത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂണിഫോം സ്‌കേർട്ടിൻെറ നീളം കുറവാണെന്ന കാരണത്താൽ മകളെ സ്കൂളിൽ നിന്നും പുറത്താക്കിയെന്നുള്ള ആരോപണവുമായി രംഗത്തെത്തിരിക്കുകയാണ് കുട്ടിയുടെ മാതാവ്. നോട്ടിങ്ഹാമിലെ ബേക്കർസ് ഫീൽഡിലുള്ള സോയി ഗ്രഹാമാണ് ഇത്തരത്തിൽ സ്കൂളിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ ഒരു കാരണം മൂലം തന്റെ മകൾക്ക് വിലപ്പെട്ട പഠനസമയം നഷ്ടമാവുകയാണെന്നും, അതോടൊപ്പം തന്നെ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുകയാണെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒമ്പതു മാസമായി ഇതേ വസ്ത്രം തന്നെയാണ് തന്റെ മകൾ സ്ഥിരമായി സ്കൂളിൽ ധരിച്ചു വരുന്നത്. എന്നാൽ ഇപ്പോൾ 9 മാസങ്ങൾക്കുശേഷം ജൂണിൽ സ്കൂൾ അധികൃതർ ഉണ്ടാക്കിയ പുതിയ യൂണിഫോം പോളിസി പ്രകാരമാണ് തന്റെ മകളെ സ്കൂളിൽ നിന്നും പുറത്താക്കിയിരിക്കുന്നതെന്നും സോയി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകൾ പഠന വൈകല്യമുള്ള കുട്ടിയാണെന്നും അതിനാൽ തന്നെ നഷ്ടപ്പെടുന്ന സമയം വിലപ്പെട്ടതാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച വരെ തന്റെ മകൾ ക്ലാസ്സിൽ പങ്കെടുത്തിരുന്നെന്നും എന്നാൽ പിന്നീട് തനിക്ക് വന്ന ഫോൺകോളിൽ ആണ് തിങ്കളാഴ്ച വരെ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചതെന്നും സോയി വ്യക്തമാക്കി. സ്‌കേർട്ടിന്റെ നീളം കുറഞ്ഞു എന്ന് ഒറ്റ കാരണത്താൽ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുന്നത് തെറ്റാണെന്ന് സോയി പറഞ്ഞു. ജൂൺ മാസം ആദ്യം തന്നെ പുതിയ യൂണിഫോം പോളിസികളെ സംബന്ധിച്ചുള്ള അറിയിപ്പ്‌ മാതാപിതാക്കൾക്ക് നൽകിയിരുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ തന്റെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുവാൻ ഇത് മാത്രം കാരണമാക്കുവാൻ സാധിക്കില്ലെന്ന് സോയി പറഞ്ഞു. അതോടൊപ്പം തന്നെ പഠന വൈകല്യം അനുഭവിക്കുന്ന തന്റെ മകൾക്ക് യാതൊരു പിന്തുണയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും സോയി കുറ്റപ്പെടുത്തി. ഈയാഴ്ച നടക്കുന്ന മോക്ക് എക്സാമുകളിൽ പങ്കെടുക്കുവാൻ തന്റെ മകൾക്ക് സാധിച്ചില്ലെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹോങ്കോങ് ബ്രിട്ടീഷുകാർ ചൈനയ്ക്ക് കൈമാറിയിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകും. ആഘോഷങ്ങളുടെ ഭാഗമായി ചൈനയുടെ പ്രസിഡൻറ് ഷി ജിൻപിംഗ് നഗരം സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൈമാറ്റത്തിന്റെ 20-ാം വാർഷികാഘോഷ വേളയിലാണ് അവസാനമായി അദ്ദേഹം ഹോങ്കോങ് സന്ദർശിച്ചത്. അന്നത്തെ വാർഷികം കടുത്ത പ്രതിഷേധങ്ങളാണ് ഹോങ്കോങ്ങിൽ അരങ്ങേറിയത്. എന്നാൽ 2020 – ൽ ചൈന സുരക്ഷാനിയമം പാസാക്കിയതിനെ തുടർന്ന് പ്രതിഷേധക്കാർ നിശബ്ദമാക്കപ്പെട്ടിരുന്നു.

156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.

ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്നിന് കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിച്ചിരുന്നു . ചൈന ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് നിലപാടെടുത്തത് .

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യു എസിൽ അബോർഷനെ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ ചരിത്രപ്രധാനമായ വിധിയുടെ മാറ്റൊലികൾ ബ്രിട്ടനിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ അബോർഷൻ കെയർ പ്രൊവായിഡർമാരിൽ ഒരെണ്ണം. ബ്രിട്ടനിൽ നിലവിലുള്ള അബോർഷൻ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 1861 ലെ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഗർഭാവസ്ഥയുടെ ഏതൊരു ഘട്ടത്തിലും അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ 1967 ൽ നിലവിൽ വന്ന അബോർഷൻ ആക്ട് പ്രകാരം ഡോക്ടറുടെ അനുവാദത്തോടെ അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമല്ല. എന്നാൽ 1967 ൽ നിലവിൽ വന്ന ആക്ട് 1861 ലെ നിയമത്തെ അസാധുവാക്കുന്നതുമില്ല. നിലവിൽ ബ്രിട്ടനിൽ 24 ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോക്ടർമാരുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം അബോർഷൻ അനുവദനീയമാണ്. അടുത്തായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ബിൽ ഓഫ് റൈറ്റ്സിൽ സ്ത്രീകൾക്ക് അബോർഷൻ നടത്താനുള്ള അവകാശം പ്രാഥമിക അവകാശമാക്കി ഭേദഗതി ചെയ്യണമെന്ന് ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ ഈ ഭേദഗതിയെ താൻ പിന്തുണക്കില്ലെന്ന് ഡെപ്യൂട്ടി പ്രധാന മന്ത്രി ഡൊമിനിക് റാബ് അറിയിച്ചു.


നിലവിലെ നിയമം ഭേദഗതി നടത്തിയില്ലെങ്കിൽ, ഡോക്ടറുടെ അനുവാദമില്ലാതെ അബോർഷൻ നടത്തുന്ന സ്ത്രീകൾക്ക് ജയിൽ ശിക്ഷ വരെ ലഭിക്കാനുള്ള നിയമമാണ് ഉള്ളതന്നും, ഇത് അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ബ്രിട്ടീഷ് പ്രെഗ്നനൻസി അഡ്വൈസറി സർവീസ് വക്താവ് വ്യക്തമാക്കി. അബോർഷൻ നടത്തുന്നത് ഒരു ക്രിമിനൽ കുറ്റമായി കാണുന്നത് അവസാനിപ്പിക്കണമെന്നും, യു എസ് കോടതി വിധി കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുമെന്നും , പാർലമെന്റിൽ ഇത്തരം നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1861 ലെ നിയമം ഇപ്പോഴും നിലനിൽക്കുന്നതിനാൽ, രാഷ്ട്രീയ പ്രവർത്തകർക്ക് എപ്പോൾ വേണമെങ്കിലും അബോർഷൻ നടത്തുന്നത് തടയാനുള്ള അനുവാദമുണ്ട്. അബോർഷൻ നടത്താനുള്ള അവകാശം കുറയ്ക്കുന്ന നടപടികൾക്കെതിരെ സംഘടന ശക്തമായി കഴിഞ്ഞ കാലങ്ങളിൽ പ്രതികരിച്ചിട്ടുണ്ടെന്നും, തുടർന്നും കൂടുതൽ പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അബോർഷൻ നടത്തുന്നത് കുറ്റമായി കാണുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമൻസ് ഇക്വാളിറ്റി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് സുപ്രീം കോടതി തീരുമാനം ലോകമെങ്ങും അബോർഷനെ സംബന്ധിച്ച ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ബ്രിട്ടണിലും ഉടനടി നിലവിലുള്ള നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പതിനാലു വയസുകാരനായ സ്കൂൾ കുട്ടിയെ പാർട്ടിയിൽ വെച്ച് ലൈംഗികപരമായി ചൂഷണം ചെയ്ത കുറ്റത്തിൽ ആരോപിതയായിരുന്ന നേഴ്സ് കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. നാൽപതുകാരിയായ നേഴ്സ് കേയ്റ്റി ബാരെറ്റിനെതിരെയാണ് ആരോപണങ്ങൾ ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസമായി നടന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. 2020 ൽ നടന്ന ഒരു വി ഇ പാർട്ടിക്കിടെയാണ് സംഭവം നടന്നതായി ആരോപിക്കപ്പെടുന്നത്. തന്നെ മനപ്പൂർവമായി ബെഡ്റൂമിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ചതായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആൺകുട്ടി വ്യക്തമാക്കിയത്. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കേയ്റ്റി നിഷേധിച്ചിരുന്നു. കുട്ടിയോട് സൗഹൃദപരമായി ഇടപെടുവാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞു.

കേയ്റ്റിയുടെ സ്വഭാവത്തിന് തികച്ചും വിരുദ്ധമായ ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അവരുടെ ബോയ്ഫ്രണ്ട് കോടതിയിൽ വ്യക്തമാക്കി. തികച്ചും നന്മയുള്ള മനസ്സിന് ഉടമയാണ് കേയ്റ്റിയെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ സംഭവം നടന്നതിന് വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നാണ് ജൂറി വിലയിരുത്തിയത്. കോടതി വിധിയെ സംബന്ധിച്ച് ഒന്നും തന്നെ പ്രതികരിക്കുവാൻ കേയ്റ്റി തയ്യാറായില്ല. ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്ന കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വിവരണങ്ങൾ വിശ്വസിക്കാൻ പറ്റാത്തവയാണെന്ന് കോടതി വിലയിരുത്തി. കുട്ടിയോട് സൗഹൃദപരമായ രീതിയിൽ സ്കൂളിനെ സംബന്ധിച്ചും മറ്റും സംസാരിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്ന് കേയ്റ്റി കോടതിയിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved