Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിർമ്മിത ബുദ്ധി പ്രചാരത്തിലാകുന്നതോടെ തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് വളരെ നാളുകളായി. ഡ്രൈവർ ഇല്ലാത്ത കാറുകളും മറ്റും വ്യാപകമായ രീതിയിൽ പ്രചാരത്തിലാകുന്നതോടെ അനേകം പേരുടെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലേക്കും നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം വ്യാപകമായിട്ടുണ്ട്. വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ച് സ്വയം പ്രതികരിക്കുന്ന ട്രെയിനിങ് പ്ലാറ്റ്ഫോമുകൾ വ്യാപകമായി പ്രചാരത്തിലാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


എന്നാൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മൂലമുള്ള തൊഴിൽ നഷ്ടങ്ങളെ കുറിച്ച് വിഷമിക്കുന്നതിനു പകരം നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യ എത്രമാത്രം സ്വന്തം തൊഴിൽമേഖലയുടെ കാര്യക്ഷമത കൂട്ടാൻ ഉപയോഗിക്കാമെന്ന് ചിന്തിക്കണം എന്ന അഭിപ്രായവും ശക്തമാണ്. ബ്രിട്ടനിലെ ഏകദേശം മൂന്നിൽ രണ്ട് ജോലികളും ഈ രീതിയിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെട്ടു. ഈ രീതിയിൽ കാര്യക്ഷമത കൂട്ടാനുള്ള പിന്തുണ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗൂഗിൾ പറഞ്ഞു.


നിലവിൽ യുകെയിലെ 50 ശതമാനം ആളുകളും സാങ്കേതികവിദ്യ തങ്ങളുടെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ Al അവതരിക്കുന്നതോടെ ചുരുക്കം ചില ജോലികൾ പൂർണ്ണമായും ഘട്ടം ഘട്ടമായി ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജനറേറ്റീവ് Al ടൂളുകൾ ഉപയോഗിച്ച് പല ക്ലെറിക്കൽ ജോലികളും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ജനറേറ്റീവ് AI ഉപയോഗിച്ച് ഒരു ശരാശരി ബ്രിട്ടീഷ് തൊഴിലാളിക്ക് വർഷത്തിൽ 100 മണിക്കൂർ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 1980 കൾക്ക് ശേഷം പലിശ നിരക്കുകളിലെ കുത്തനെയുള്ള വർധനയിലൂടെ യുകെയിലെ മോർട്ട്ഗേജ് ചെലവുകൾ കുതിച്ചുയർന്നത് 320,000 ഓളം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ഒരു പ്രമുഖ തിങ്ക്ടാങ്ക് പുറത്തിറക്കിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഭവനവായ്പ പുതുക്കുകയോ പുതിയവ എടുക്കുകയോ ചെയ്യേണ്ട വ്യക്തികൾക്ക് അവരുടെ ഡിസ്പോസിബിൾ വരുമാനത്തിൽ ഗണ്യമായ ഇടിവ് നേരിട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2021 ഡിസംബറിനും 2023 ഡിസംബറിനും ഇടയിൽ മോർട്ട്‌ഗേജ് നൽകുന്നവർക്കിടയിലെ ദാരിദ്ര്യ നിരക്ക് 1.4 ശതമാനം വർധിച്ചിട്ടുണ്ട്. പലിശ നിരക്കുകളിൽ ഉള്ള വർദ്ധന മൂലം, പല കുടുംബങ്ങളും ആയിരക്കണക്കിന് പൗണ്ടാണ് മോർട്ട്ഗേജ് നിരക്കായി അധികമായി നൽകുന്നത്. 2021 ഡിസംബറിൽ 0.1 ശതമാനം എന്ന നിരക്കിൽ ആയിരുന്ന പലിശ നിരക്കുകൾ, പണപ്പെരുപ്പത്തെ തുടർന്ന് 14 തവണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർദ്ധിപ്പിച്ചു. നിലവിൽ 5.25% എന്ന ഉയർന്ന നിരക്കിൽ എത്തി നിൽക്കുമ്പോൾ നിരവധി സാധാരണക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ കുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്ന് തങ്ങൾക്കറിയാമെന്നും, അതിനാൽ തന്നെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും, സമ്പദ്‌വ്യവസ്ഥ വളർത്താനും നികുതികളും പണപ്പെരുപ്പവും മോർട്ട്ഗേജുകളും കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശക്തമായ നടപടികൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു. ടോറി ഗവൺമെന്റിന്റെ വിനാശകരമായ മിനി ബഡ്ജറ്റിന്റെ ഭവിഷ്യത്താണ് ഇപ്പോഴും ആളുകൾ അനുഭവിക്കുന്നത് എന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് എംപി കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ ആഘാതം തുല്യമല്ലാത്തതിനാൽ പലപ്പോഴും, ദാരിദ്ര്യത്തിന്റെ നിലയെ കുറിച്ച് പലപ്പോഴും നാം ബോധവാന്മാരല്ലെന്ന് ഐഎഫ്എസിലെ ഗവേഷണ സാമ്പത്തിക വിദഗ്ധനും റിപ്പോർട്ടിൻ്റെ രചയിതാവുമായ സാം റേ-ചൗധരി പറഞ്ഞു. ഇത്തരമൊരു റിപ്പോർട്ട് ഗവൺമെന്റിന്മേൽ ഉയർത്തുന്ന സമ്മർദ്ദം ഏറെയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) കുട്ടികളേയും മുതിർന്നവരേയും ബാധിക്കുന്ന ഒരു ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ്. അശ്രദ്ധ, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ . ഈ രോഗാവസ്ഥ കുട്ടികളുടെയും മുതിർന്നവരടെയും ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും ബാധിക്കും . ഇപ്പോഴും ഈ രോഗത്തിൻറെ കൃത്യമായ കാരണങ്ങൾ അജ്ഞാതമാണ്. ജനിതകമായ ഘടകങ്ങൾ ഒരു പരിധിവരെ എ.ഡി.എച്ച്.ഡിവിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബിഹേവിറിയൽ തെറാപ്പി, മരുന്നുകൾ, പ്രത്യേക പഠനം മാർഗങ്ങൾ എന്നിവയിലൂടെ ഈ അവസ്ഥയെ നിയന്ത്രണ വിധേയമാക്കി വ്യക്തികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

യുകെയിൽ എ.ഡി.എച്ച്.ഡി അവസ്ഥയിലുള്ള മുതിർന്ന വ്യക്തികൾ വിദഗ്ധ ചികിത്സയ്ക്കായി 8 വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം രോഗികൾ ആണ് ആരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഈ അവസ്ഥ രോഗികൾക്ക് കടുത്ത ദുരിതം ആണ് നൽകുന്നത് എന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് പറഞ്ഞു. എ.ഡി.എച്ച്.ഡി രോഗനിർണയത്തിനും പുനർ ചികിത്സയ്ക്കുമുള്ള കാലതാമസം എൻഎച്ച്എസിൻ്റെ തകർച്ചയുടെ ഭാഗമാണെന്ന് ലേബർ പാർട്ടി പറഞ്ഞു. പുതിയ സർക്കാരിൻറെ കീഴിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പാർട്ടി അഭിപ്രായപ്പെടുന്നത്.

എ.ഡി.എച്ച്.ഡി ഉള്ള ആളുകളുടെ എണ്ണം വളരെ കൂടിയതാണ് കാത്തിരിപ്പു സമയം ഇത്രയും വർധിക്കുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷെഫീൽഡിലെ ഒരു എൻ എച്ച് എസ് ട്രസ്റ്റിൽ 6000 ത്തിലധികം ആളുകളുടെ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് രോഗികളെ മാത്രമാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്. യുകെയിൽ പ്രായപൂർത്തിയായവർക്ക് എ.ഡി.എച്ച്.ഡി ചികിത്സ നൽകുന്ന സേവന ദാതാക്കളുടെ ഔദ്യോഗിക ലിസ്റ്റ് ഒന്നും തന്നെയില്ലന്നാണ് ബിബിസി റി പ്പോർട്ട് ചെയ്തത്. ഏകദേശം 70 ഓളം ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ എയർപോർട്ടിൽ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്ത് ചവിട്ടിയ സംഭവത്തിൽ പ്രതികരിച്ച് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി). സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചു. ഇയാളെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടില്ല. സംഭവത്തിൻെറ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (IOPC), അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടേസർ ചെയ്ത ശേഷം കൈകൾ പുറകിൽ കെട്ടിയ നിലയിൽ നിൽക്കുന്ന യുവാവിൻെറ മുഖത്തും തലയിലും പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ചും അറസ്റ്റിനിടെ നടത്തുന്ന ബലപ്രയോഗത്തെ കുറിച്ചും പൊതുജനങ്ങൾക്കിടെ ആശങ്ക പടർന്നിട്ടുണ്ട്. ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ടിൻെറ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ് സേന ഇപ്പോൾ.

ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഉദ്യോഗസ്ഥർ തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം. ഒന്നിലധികം ഉദ്യോഗസ്ഥരെ ആക്രമണം നടത്തി ഒരുദ്യോഗസ്ഥൻെറ മൂക്കിന് പരിക്കേറ്റതിനെ പിന്നാലെയാണ് അറസ്റ്റ് ഉണ്ടായതെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ടെർമിനൽ 2-ൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ആക്രമണം, അടിയന്തര ഉദ്യോഗസ്ഥനെ ആക്രമിക്കൽ, അതിക്രമം, പോലീസിൻെറ ജോലി തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒട്ടേറെ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ് മലയാളികൾ യുകെയിൽ എത്തുന്നത്. കോതമംഗലം സ്വദേശിയായ ഹനൂജിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പക്ഷേ യുകെയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പ് മരണം രംഗബോധമില്ലാത്ത കോമാളിയായി ഹനൂജിന്റെ ജീവനെടുത്തു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി ഹനൂജ് ഇനി ഉണരാത്ത ഉറക്കത്തിലേയ്ക്ക് വീണിരിക്കുന്നു എന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല.

കെയർ വിസയിൽ ആണ് ഹനൂജും ഭാര്യയും യുകെയിൽ എത്തിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന ഹനൂജിന് ക്ഷീണം തോന്നി രാവിലെ വീണ്ടും കിടക്കാൻ പോകുകയായിരുന്നു . രാവിലെ 7.30 ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന ഹനൂജിനെ ചലനമറ്റ നിലയിലാണ് ഭാര്യയ്ക്ക് കാണാൻ സാധിച്ചത്. വിളിച്ചറിയിച്ചതനുസരിച്ച് ഉടനെ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ മൃതദേഹം തുടർ നടപടികൾക്കായി പ്ലിമൗത്ത് ആശുപത്രിയിൽ ആണ്.

ബ്യുഡിലെ രണ്ട് കെയർ ഹോമുകളിലായിട്ടായിരുന്നു ഹനൂജും ഭാര്യയും ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അതിൽ ഇളയ കുട്ടി നാട്ടിൽ ഹനൂജിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഉള്ളത്. യുകെയിലെ ബാസിൽഡണിൽ താമസിക്കുന്ന ഹനൂജിന്റെ സഹോദരി ഹണി എൽദോയ്ക്ക് മരണവിവരമറിഞ്ഞ് ബ്യുഡിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

ഹനൂജിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം രണ്ട് കുട്ടികളിൽ മുകളിലുള്ളവർക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ ചൈൽഡ് ടാക്‌സ് ക്രെഡിറ്റോ ക്ലെയിം ചെയ്യുവാൻ സാധിക്കില്ല. എതിർപ്പുകൾക്കിടയിലും ഈ നിയമം തന്നെ തുടരാനുള്ള ലേബർ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുന്ന ബിൽ ആണ് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്ത 7 ലേബർ പാർട്ടി എംപിമാരെ പ്രധാനമന്ത്രി സ്റ്റാർമർ സസ്പെൻഡ് ചെയ്തു. മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡോണലും, മുൻ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയ്‌ലി, അപ്‌സാന ബീഗം, റിച്ചാർഡ് ബർഗൺ, ഇയാൻ ബൈർൺ, ഇമ്രാൻ ഹുസൈൻ, സാറാ സുൽത്താന എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പുതിയ ലേബർ പാർട്ടി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം നടന്ന ആദ്യ ശക്തി പ്രകടനത്തിൽ, പ്രധാനമന്ത്രി സ്റ്റാർമർ 260 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തന്റെ ബിൽ പാസാക്കി. വിപ്പ് നഷ്ടമായ എംപിമാർ ഇനിമുതൽ പാർലമെന്റിൽ ആറുമാസത്തേക്ക് സ്വതന്ത്ര എംപിമാരായി തുടരും. മിക്കവാറും എല്ലാ വിമത എംപിമാരും തന്നെ മുൻ ലേബർ നേതാവും, നിലവിൽ സ്വതന്ത്ര എംപിയായി തുടരുന്ന ജെറമി കോർബിൻ്റെ അനുഭാവികളാണ്.


സമൂഹത്തിലെ ദുർബലരായ വിഭാഗത്തിന് വേണ്ടി താൻ എപ്പോഴും നിലകൊള്ളുമെന്നും, രണ്ടു കുട്ടികൾക്ക് ശേഷം ആനുകൂല്യം ലഭിക്കില്ലെന്ന് ഈ നിയമം എടുത്ത് മാറ്റിയാൽ 33,000 ത്തോളം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാമെന്നും എം പിയായ സാറ സുൽത്താന വ്യക്തമാക്കി. വിപ്പ് റദ്ദാക്കാനുള്ള തീരുമാനം പുതിയ സർക്കാരിന്റെ തുടക്കത്തിൽ തന്നെയുള്ള ശക്തിപ്രകടനമാണ്. ചെറിയതോതിൽ ആണെങ്കിലും, തങ്ങൾക്കെതിരെയുള്ള വിയോജിപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ലേബർ പാർട്ടി എംപിമാർക്ക് നൽകുന്നത്. ഈ നിയമം അവസാനിപ്പിക്കണമെങ്കിൽ ആവശ്യമായ പണച്ചെലവ് ആണ് സർക്കാരിനെ പിന്നോട്ട് നയിക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഈ നിയമത്തിന് എതിരായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്‌ക്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് കണക്കുകൾ പ്രകാരം, ഈ നിയമം നീക്കം ചെയ്യുന്നതിലൂടെ സർക്കാരിന് പ്രതിവർഷം 3.4 ബില്യൺ പൗണ്ട് ചിലവ് വരുമെന്ന് വ്യക്തമാകുന്നു. പ്രതിഷേധങ്ങൾ ഉണ്ടായിട്ടും തങ്ങളുടെ തീരുമാനം പാസാക്കിയെടുത്തത് സർക്കാരിന്റെ ശക്തിയെ കാണിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോർട്ട്ഗേജ് നിരക്കുകളിൽ നേരിയ കുറവ് വന്നത് പുതിയതായി വീടു വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകും . 4 ശതമാനത്തിൽ കുറവുള്ള ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ആണ് വീട് വാങ്ങുവാൻ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകൾക്ക് നിറം ചാർത്തിയിരിക്കുന്നത്. ഇത് ഭവന വിപണിയിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് ബ്രോക്കർമാർ പ്രതീക്ഷിക്കുന്നത്.


നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി ബുധനാഴ്ച മുതൽ രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് ഉൽപ്പന്നങ്ങളിൽ 0.25 ശതമാനം വരെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചു. ഇതിൻറെ ഭാഗമായി 3.99% വിലയുള്ള അഞ്ച് വർഷത്തെ ഫിക്സഡ് ഡീൽ ആണ് നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വസ്തുവിൻ്റെ മൂല്യത്തിൻ്റെ 60% വരെ കടം വാങ്ങാൻ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകും. നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് കുറച്ചതിന്റെ അടിസ്ഥാനത്തിൽ സമീപ ദിവസങ്ങളിൽ, എച്ച്എസ്ബിസിയും ഹാലിഫാക്സും ഉൾപ്പെടെയുള്ള വായ്പാ ദാതാക്കൾ മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 3.99 % മോർട്ട്ഗേജ് നിരക്കുകളിൽ വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ നിരക്കുകൾ ലഭ്യമാകുക. റിമോട്ട് ഗേജ് ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബ്രോക്കർ ജോൺ ചാർകോളിലെ മോർട്ട്ഗേജ് ടെക്നിക്കൽ മാനേജർ നിക്കോളാസ് മെൻഡസ് പറഞ്ഞു.


യുകെയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളാണ് വീട് വാങ്ങാൻ മോർട്ട്ഗേജ് കുറയുന്നത് കാത്തിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതും എല്ലാവരും ഉറ്റു നോക്കുന്ന വസ്തുതയാണ് . ആഗസ്റ്റ് 1-ാം തീയതിയാണ് പലിശ നിരക്കിനെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകനയോഗം കൂടുന്നത്. പണപ്പെരുപ്പ നിരക്ക് 2 ശതമാനമായത് പലിശ നിരക്ക് കുറയ്ക്കാൻ കാരണമാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയിൽ 15 വയസ്സുള്ള ആൺകുട്ടി കുത്തേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി ചേർന്നിരുന്നു. എന്നാൽ കുത്തേറ്റയാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞതായി പോലീസ് അറിയിച്ചു. പകൽ സമയത്ത് തിരക്കേറിയ സ്ഥലത്ത് വെച്ചു നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.


പ്രതി സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് കരുതപ്പെടുന്നത്. പ്രതിയെ തിരിച്ചറിയാൻ പരിശ്രമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. മരിച്ച 15 വയസ്സുകാരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അത് ഒരു കറുത്ത ഞായറാഴ്ച ആയിരുന്നു. ഒരു കുടുംബത്തിൻറെ മുഴുവൻ സന്തോഷവും തല്ലി കെടുത്തിയ ദിവസം. വെയ്ക്ക് ഫീൽഡിനു സമീപം നടന്ന വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചപ്പോൾ 11 വയസ്സുകാരിയായ ആ പെൺകുട്ടിക്ക് നഷ്ടമായത് ഈ ലോകത്ത് സ്വന്തമെന്ന് പറയാവുന്ന ഉറ്റവരാണ്. മൂന്ന് കുട്ടികളിൽ അവളാണ് മൂത്തത്. തൻറെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തിമാർ ഇനി ഈ ലോകത്തില്ലെന്ന് കണ്ണീരിൽ കുതിർന്ന സത്യം അവൾ എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയിലാണ് ഉറ്റവരും ബന്ധുക്കളും.

ഞായറാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ നടന്ന വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷെയ്ൻ റോളർ, ഷാനൻ മോർഗൻ എന്നീ ദമ്പതികളും അവരുടെ മക്കളായ ലില്ലി, റൂബി എന്നിവരുമാണ് അപകടത്തിൽ മരണമടഞ്ഞത് . ഇവരുടെ മൂത്തമകളായ 11 വയസ്സുള്ള പെൺകുട്ടി കാറിൽ ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയ റോഡ് അപകടം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ ഉളവാക്കിയത്. ഫോർഡ് ഫോക്കസ് കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാൽ ഇവരുടെ പേര് വെളിപ്പെടുത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് സേനാ വക്താവ് പറഞ്ഞു. മരണമടഞ്ഞ ബൈക്ക് യാത്രികരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

റോളറും മോർഗനും ബാർൺസ്‌ലിയിലെ ആതർസ്‌ലിയിൽ നിന്നുള്ളവരാണെന്നും  റോളർ ഒരു പ്രാദേശിക ടേക്ക്അവേയുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്ത വരുകയായിരുന്നു. റൂബിയും ലില്ലിയും പഠിച്ചിരുന്ന ആതർസ്‌ലി നോർത്ത് പ്രൈമറി സ്‌കൂളിലെ സഹ പ്രധാന അധ്യാപകരായ ക്ലെയർ സ്‌റ്റോറും കിർസ്റ്റി വേർഡ്‌സ്‌വർത്തും രണ്ട് പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അപകട മരണത്തെ ഹൃദയഭേദകമെന്നാണ് വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മയാൽജിക് എൻസിഫലോമയെൽറ്റിസ് എന്ന രോഗം ബാധിച്ച കട്ടിലിൽ നിന്ന് അനങ്ങാൻ സാധിക്കാതെ കിടന്നിരുന്ന 27 കാരിയായ മേവ് ബൂത്ത്ബി-ഒ’നീൽ എന്ന യുവതി തന്റെ ജനറൽ പ്രാക്ടീഷണറോട് സഹായം അഭ്യർത്ഥിച്ചത് നിരവധി തവണയാണെന്ന്, മേവിന്റെ മരണത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇൻക്വസ്റ്റിൽ വെളിപ്പെട്ടിരിക്കുകയാണ്. 2021 ഒക്‌ടോബറിൽ ഡെവണിലെ എക്‌സെറ്ററിലെ വീട്ടിൽ വെച്ചാണ് മേവ് മരണത്തിന് കീഴടങ്ങിയത്. 2021 ജൂണിൽ തൻ്റെ ജിപിയായ ഡോ. ലൂസി ഷെൻ്റണിനോട് തനിക്ക് വിശക്കുന്നതായും തനിക്ക് ആഹാരം കഴിക്കണമെന്നും മേവ് ആവശ്യപ്പെട്ടതായി വ്യക്തമാകുന്നു. മാർച്ച് മാസം മുതൽ തന്നെ എഴുന്നേറ്റിരിക്കുവാനും ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനുമുള്ള ബുദ്ധിമുട്ട് മേവിന് ഉണ്ടായിരുന്നു. തനിക്ക് വേണ്ടത്ര കാലറികൾ സിറിഞ്ചിലൂടെ ലഭ്യമാകുന്നില്ലെന്നും അതിനാൽ ജീവിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കാൻ സഹായിക്കണമെന്നും മേവ് തന്റെ ജനറൽ പ്രാക്ടീഷണറെ അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയിട്ട് പോലും വേണ്ടത്ര പരിഗണന മേവിനു ലഭിച്ചില്ലെന്ന് ഇപ്പോൾ നടക്കുന്ന ഹിയറിങ്ങിൽ വ്യക്തമാകുന്നുണ്ട്. മേവ് റോയൽ ഡെവൺ ആൻഡ് എക്സെറ്റർ ഹോസ്പിറ്റലിൽ മൂന്ന് തവണ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ തവണയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നു. 2021 മാർച്ചിൽ മേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അതേ ദിവസം തന്നെ വീട്ടിലേക്ക് അയച്ചതിൽ തനിക്ക് ഞെട്ടൽ ഉണ്ടായതായി ഷെൻ്റൻ്റെ സഹപ്രവർത്തകനായ ഡോ പോൾ മക്‌ഡെർമോട്ട് പറഞ്ഞു.

മേവിന്റെ അമ്മയായ സാറ ബൂത്ത്ബി തന്റെ മകളുടെ പരിചരണത്തിൽ എന്തുകൊണ്ട് വീഴ്ച വരുന്നുവെന്ന് അറിയാനായി ഏപ്രിലിൽ ജിപി പ്രാക്ടീസ് മാനേജർക്ക് കത്തെഴുതിയതായും ഇൻക്വസ്റ്റിൽ പറഞ്ഞു. 2021 ഒക്ടോബറിൽ മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് മേവ് തൻ്റെ ഡോക്ടർക്ക് അവസാനമായി അയച്ച മെസ്സേജിൽ ഇപ്രകാരം എഴുതി, ‘ഞാൻ കൂടുതൽ ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയി മരണത്തിന് കീഴടങ്ങേണ്ടി വന്ന മേവിനു ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

അസാധാരണമായ കഴിവുള്ള കുട്ടിയാണ് തന്റെ മകളെന്നും, അവൾ ഭാഷകൾ പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്നതായും അമ്മ പറഞ്ഞു. എന്നാൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, യാത്രയ്‌ക്കോ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടാനോ കഴിയാത്ത വിധം രോഗം അവളെ തളർത്തുകയായിരുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഇൻക്വസ്റ്റ് നടപടികൾ ഇപ്പോഴും തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved