ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കേട്ടുകേൾവിയില്ലാത്ത മോഷണശ്രമത്തിനാണ് കഴിഞ്ഞദിവസം വെസ്റ്റ് മിഡ്ലാൻഡിലെ ഒരു കുടുംബം സാക്ഷ്യം വഹിച്ചത്. ആയുധധാരികളായ 6 പേരുടെ സംഘമാണ് കവർച്ചയ്ക്കായി ഒരു കുടുംബത്തിലേയ്ക്ക് ഇരച്ചു കയറിയത്. 11 വയസ്സുള്ള ആൺകുട്ടിയുടെ തലയിൽ തോക്കും 71 വയസ്സുകാരിയായ മുത്തശ്ശിയുടെ കഴുത്തിൽ കത്തിയും വച്ചാണ് മോഷ്ടാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സെപ്റ്റംബർ 18 നാണ് സംഭവങ്ങൾ അരങ്ങേറിയത്. 11 മിനിറ്റോളം നീണ്ട കവർച്ചാ ശ്രമത്തിനുശേഷം ഒരു റോളക്സ് വാച്ചും , കാറിൻറെ താക്കോലും മറ്റ് വിലകൂടിയ ആഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ സംഘം തന്നെ ഡ്രൈവ്വേയിൽ ഒരു മെഴ്‌സിഡസും റേഞ്ച് റോവറും മോഷണം നടത്തിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തെ ഗുരുതരമായ മോഷണം എന്നാണ് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് വിശേഷിപ്പിച്ചത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഇതിനിടെ തങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വെസ്റ്റ് മിഡ്ലാൻഡിലെ കുടുംബം 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. കവർച്ചക്കാർ കഴുത്തിന് കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് ഇരയായ 71 വയസ്സുകാരിയായ മുത്തശ്ശി ഇതുവരെ അതിൻറെ ആഘാതത്തിൽ നിന്ന് വിമുക്‌തയായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: വിശ്വവിഖ്യാതമായ ഹാരി പോട്ടർ സിനിമാ സീരീസിലെ ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൈക്കിൾ ഗാംബൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യുമോണിയയെത്തുടർന്നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. 1940 ഒക്ടോബർ 19 ന് അയർലണ്ടിൽ ജനിച്ച ഗാംബൻ ലണ്ടനിലാണ് വളർന്നത്. സിനിമകൾക്കപ്പുറം ടെലിവിഷനിലും നാടകങ്ങിലും റേഡിയോയിലുമടക്കം അഞ്ച് ദശകക്കാലത്തോളം അഭിനേതാവ് എന്ന നിലയിൽ സജീവമായിരുന്നു മൈക്കിൾ. ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ നാല് ബാഫ് ത അവാർഡുകൾ നേടിയിട്ടുണ്ട്.
ഹാരി പോട്ടറിലെ എട്ടു ഭാഗങ്ങളിൽ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രഫസറുടെ വേഷമാണ് പ്രശസ്തനാക്കിയത്. ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂൾസ് മൈഗ്രെറ്റായി ഗാംബൻ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ തുടങ്ങിയത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബൻ സിനിമ അരങ്ങേറ്റം നടത്തിയത്. അതിശയകരമായ മനുഷ്യനും മികച്ച നടനുമായിരുന്നു ഗാംബനെന്ന് ജെ കെ റൗളിംഗ് അനുശോചിച്ചു. തന്റെ ജോലിയെ തികഞ്ഞ ആത്മാർത്ഥയോടെ സമീപിച്ച വ്യക്തിയായിരുന്നു ഗാംബനെന്ന് ഡാനിയൽ റാഡ്ക്ലിഫ് പറഞ്ഞു. ലേഡി ഗാംബോൺ ആണ് ഭാര്യ. മകൻ: ഫെർഗുസ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ പലയിടങ്ങളിലും കോവിഡിന്റെ ജനിതക വകഭേദങ്ങളുടെ കടന്നാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദങ്ങളിലൊന്നായ പിറോള വൈറസിന്റെ കടന്നാക്രമണത്തെ തുടർന്ന് റട്ട്‌ലാന്റിലെ ഉപ്പിംഗ്ഹാം കമ്മ്യൂണിറ്റി കോളേജ് ഭാഗികമായി അടച്ചു . വൈറസ് ബാധയെ തുടർന്ന് 13 അധ്യാപകർ കഴിഞ്ഞദിവസം അവധിയെടുത്തിരുന്നു .
ഇതിനെ തുടർന്ന് 8 മുതൽ 10 വയസ്സ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ ഇന്നുകൂടി തുടരും . സ്കൂളുകളിൽ എല്ലാ കുട്ടികളും വരുന്നത് സുരക്ഷിതമല്ലാത്ത ഒരു ഘട്ടത്തിലെത്തിയതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂളിൻറെ പ്രിൻസിപ്പൽ ആയ ബെൻ സോളി മാതാപിതാക്കളെ അറിയിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ന് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളും അവധിയെടുക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ പിറോള ( BA. 2.86) നെ കുറിച്ചുള്ള ആശങ്ക രാജ്യത്തെങ്ങും ശക്തമായി തുടരുകയാണ്. പിറോള വൈറസ് അപകടകരമായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വ്യാപകമായി വാക്സിൻ വിതരണം നടത്തുന്നതിനായി ഗവൺമെൻറ് നടപടികളെടുത്തത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 18 വരെ 54 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയതായി 12 പേർക്ക് കൂടി രോഗം ബാധിച്ചതിനെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ ഉള്ള ആളുകൾ വീട്ടിൽ തന്നെ തുടരാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനുമാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
10 വർഷത്തെ എൻഎച്ച്എസ് സേവനം പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരുടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളണം എന്ന ആവിശ്യം മുന്നോട്ട് വച്ച് വിദഗ്ദ്ധർ. നേഴ്‌സുമാർ മിഡ്‌വൈഫുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് തടയാൻ സാമ്പത്തിക പ്രോത്സാഹനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നഫീൽഡ് ട്രസ്റ്റ് രംഗത്ത് വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നിരവധി ജീവനക്കാർ പരിശീലനം പോലും പൂർത്തിയാക്കാനാവാതെ എൻഎച്ച്എസിൽ നിന്ന് പോകാൻ നിർബന്ധിതരാവുന്നുണ്ട്. എന്നാൽ ജീവനക്കാർക്ക് ആവശ്യമായ പിന്തുണകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപിമാർ ആശയം നിരസിച്ചു.
എൻഎച്ച്എസിൽ പരിശീലനം ആരംഭിക്കുകയും കരിയർ ആരംഭിക്കുകയും ചെയ്യുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് നഫീൽഡ് ട്രസ്റ്റിന്റെ റിപ്പോർട്ട്. സ്കാനിംഗ് നടത്തുന്ന ഫിസിയോകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, ഡോക്ടർമാർ നേഴ്സുമാർ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ടിൽ പരിശീലനം കഴിഞ്ഞവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ജോലിക്കായി പ്രവേശിക്കുന്നില്ലെന്ന് കണ്ടെത്തി. കൂടാതെ ജോലിയിൽ പ്രവേശിച്ചവരിൽ അഞ്ചിൽ ഒരാൾ രണ്ട് വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എൻഎച്ച്എസിൽ ജോലി ഉപേക്ഷിക്കുന്നവരിൽ ചിലർ ഇപ്പോഴും ചാരിറ്റികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി ജോലി ചെയ്യുന്നതായും നഫീൽഡ് ട്രസ്റ്റ് പറഞ്ഞു. നിലവിൽ എൻഎച്ച്എസ് വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്‌ത് വരുന്നത്.
ജിമ്മി ജോസഫ്
സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട്ലാൻ്റിലെ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ഗ്ലാസ്ഗോയിലെ ബെൽസ് ഹിൽ അക്കാഡമിയിൽ ഒക്ടോബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ
സ്കോട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപം കൊണ്ട യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്.
യുസ്മ നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, ലൈവ് ടെലികാസ്റ്റിംഗ്, പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം മികച്ച ജഡ്ജിംങ് പാനൽ ഇതെല്ലാം മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ കലാമേളയ്ക്കും കൊഴുപ്പേകും. ഗ്ലാസ്ഗോയിലെ ബെൽസ് ഹിൽ അക്കാഡമിയിലാണ് മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും അരങ്ങേറുന്നത്.
സ്കോട്ലാൻഡ് മലയാളീ കുടിയേറ്റ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞു.
സ്കോട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നല്കി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരഭത്തിന് സ്കോട്ലാൻഡിലെ എല്ലാ വ്യക്തികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഭാഗമായോ അല്ലാതെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. USMA കലാമേളയിൽ സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായി വ്യക്തിഗത , ഗ്രൂപ്പിനങ്ങളിലായി നടത്തപ്പെടുന്ന മത്സര ഇനങ്ങൾ :
Solo Song Juniors(7-14 Years)
Solo Song Seniors (15-25 years)
Solo Song (Adult )
Single Dance Juniors (7-14 Years)
Single Dance Seniors(above 15 years)
Instrumental music (Key board)Juniors(7-14years)
Instrumental music (Key board)Seniors(above15years)
Instrumental music ( Guitar)Juniors (7-14years)
Instrumental music (Guitar)seniors(15-25 years )
Group Song Juniors(7-14 Years)
Group Song Seniors (15-25 years)
Group Song (Adult)
Group Dance (Bolly wood)Juniors(7-14 Years)
Group Dance(Bollywood) Seniors (above 15 years)
All age categories:
Thiruvathira
Margamkali
Skit
ഒക്ടോബർ 28 ന്
ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഗ്ലാസ്ഗോ ,ബൈൽ സ്ഹിൽ അക്കാഡമി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
മത്സരാർത്ഥികൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി
ഒക്ടോബർ 10 ന് മുൻപായി . uscotland2018 @gmail.comഎന്ന ഇ മെയിലിലോ, യുസ്മ കൾചറൽ കോർഡിനേറ്റർമാരായ റീന സജി 07809 486817
(ലിവിംഗ്സ്റ്റൺ), ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533 554537 എന്നിവരേയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ പതിനഞ്ചുകാരിയുടെ കഴുത്തറത്തു കൊന്ന 17 വയസുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് ക്രോയിഡോണിലെ ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റി സ്‌കൂളിലെ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. മറ്റു സ്കൂൾ വിദ്യാർഥികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. പെൺകുട്ടി ഉൾപ്പടെയുള്ളവർ കൂട്ടമായി സംസാരിച്ചു വരവേ ഉണ്ടായ വാക്കു തർക്കം കൊലപാതകത്തിന് കാരണമാകുകയായിരുന്നു. മരിച്ച പെൺകുട്ടിയും സുഹൃത്തുക്കളും നമ്പര്‍ 60 ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആണ് സംഭവം നടന്നത്. കൊലപാതകം നടന്ന ഉടനെ ബസ് ജീവനക്കാരും മറ്റും പെൺകുട്ടിയെ സഹായിക്കാൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൊലപാതകത്തിന് പിന്നാലെ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിയെ രണ്ട് വർഷമായി പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്ക് അറിയാവുന്ന ആളാണ്. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനി ആൺകുട്ടി നൽകിയ പുഷ് പങ്ങൾ സ്വീകരിച്ചില്ലെന്നും ഒരുമിച്ചു നടന്നു പോകാമെന്ന ആവശ്യം അവഗണിച്ചെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും പേര് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ദൃക്‌സാക്ഷികൾ നൽകിയ മൊഴിയിൽ പ്രതി പെൺകുട്ടിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപം പൂക്കളും കാർഡുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവ പെൺകുട്ടി നിരാകരിച്ചതിനാലാവാം കൊലപാതകം നടന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസ് ജീവനക്കാർക്ക് ദേശീയതലത്തിൽ യൂണിഫോം നടപ്പിലാക്കും. നേഴ്സുമാരുടെ യൂണിഫോമിന്റെ നിറം ഹോസ്പിറ്റൽ ബ്ലൂവും ഫാർമസിസ്റ്റുകൾക്ക് ബോട്ടിൽ ഗ്രീനും ആയിരിക്കും. മിഡ്‌വൈഫുകൾ, മാട്രൺമാർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 27 വ്യത്യസ്ത നിറങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
യൂണിഫോം ഏർപ്പെടുത്തുന്നതിലൂടെ രോഗികൾക്കും സന്ദർശകർക്കും ഓരോ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ തിരിച്ചറിയുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഹോസ്പിറ്റൽ ട്രസ്റ്റുകൾക്കും കേന്ദ്രീകൃതമായ രീതിയിൽ യൂണിഫോം വിതരണം ചെയ്യുന്നതിനായാണ് പദ്ധതി തയ്യാറാക്കുന്നത് – ഇതിൻറെ ഫലമായി ചിലവ് പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഓരോ ട്രസ്റ്റിലെയും യൂണിഫോമുകൾക്ക് അതിന്റേതായ ശൈലിയും നിറവും ആണ് ഉണ്ടായിരുന്നത്.
ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ എന്നിവരും യൂണിഫോം ലഭിക്കുന്ന 6 ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുവായ യൂണിഫോം നൽകുന്ന പദ്ധതിയിൽ ഡോക്ടർമാരെയും സർജന്മാരെയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ തന്നെ സ്കോട്ട് ലൻഡ്, വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് വർഷങ്ങളായി പൊതുവായ യൂണിഫോം ഉണ്ട് . വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകൾ വ്യത്യസ്ത രീതിയിലുള്ള യൂണിഫോമുകൾ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം 23 മില്യൺ പൗണ്ട് ആയിരുന്നു എൻഎച്ച്എസിന് ചിലവായിരുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ 7 ദശലക്ഷം പൗണ്ട് ലാഭിക്കാൻ സാധിക്കും എന്നാണ് കണക്കാക്കുന്നത്. ഇത് നിലവിലെ ചിലവിൽ ഏകദേശം 30 ശതമാനത്തോളം വരും.
Corrected
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്കൂൾ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കുട്ടികൾ ക്ലാസുകൾ നഷ്ടപെടുത്തുന്നതിൻെറ എണ്ണത്തിൽ ഉള്ള വൻ വർദ്ധനവ് കണക്കിലെടുത്താണ് എംപിമാർ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. നിലവിൽ പകർച്ചവ്യാധിക്ക് മുൻപ് ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികളുടെ ഇരട്ടി കുട്ടികളാണ് ക്ലാസുകൾ മുടക്കുന്നത്. 2022-23 അധ്യയന വർഷത്തിലെ കണക്കുകൾ പ്രകാരം സ്ഥിരമായി ക്ലാസുകളിൽ ഹാജരാകാതിരുന്നത് 22.3% വിദ്യാർത്ഥികളാണ്. ഇവർക്ക് അധ്യയന വർഷത്തെ 10% ത്തോളം ക്ലാസുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ പ്രൈമറി സ്കൂളുകളിൽ ഇത് 17.2 ശതമാനവും സെക്കൻഡറി സ്കൂളുകളിൽ 28.3 ശതമാനവും ആയിരുന്നു.
കോമൺസ് എജ്യുക്കേഷൻ സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കുടുംബങ്ങളിലെ മാനസിക-ആരോഗ്യ പ്രശ്നങ്ങളും ജീവിതച്ചെലവിൻെറ സമ്മർദ്ദവുമാണ് ഇതിൻെറ പ്രധാന കാരണങ്ങളിൽ ഒന്നെന്ന് കണ്ടെത്തി. ഇത്തരക്കാർക്ക് കൈത്താങ്ങാവാനുള്ള നടപടികൾ നിലവിൽ സ്കൂളുകൾ ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ സെലക്ട് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കി.
കുട്ടികൾക്ക് നഷ്ടമാകുന്ന ക്ലാസുകൾ അവരുടെ വിദ്യാഭ്യാസം, വികസനം, ഭാവി അവസരങ്ങൾ എന്നിവയ്ക്ക് തടയിടുമെന്ന് കമ്മിറ്റിയുടെ അധ്യക്ഷനായ റോബിൻ വാക്കർ പറഞ്ഞു. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന ഹാജർ മെന്റർമാർക്കുള്ള പൈലറ്റ് പദ്ധതി വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്മിറ്റി. നിലവിൽ പല സ്കൂളുകളും ഇത് സ്വന്തം ബജറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഉയർന്ന ജീവിത ചിലവ് കുടുംബങ്ങൾക്ക് യൂണിഫോം, ഗതാഗതം, ഭക്ഷണം എന്നിവ താങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇവയെല്ലാം സ്കൂളിൽ പോകുന്നതിൽ നിന്ന് കുട്ടികൾക്ക് വിമുഖത തോന്നാനുള്ള കാരണങ്ങളായേക്കാം എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പോലീസ് ഉദ്യോഗസ്ഥർ ബോഡി ക്യാമറകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ബലപ്രയോഗം നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ബോഡി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്യുകയും ദൃശ്യങ്ങൾ ഇല്ലാതാക്കുകയും വാട്ട്‌സ്ആപ്പിൽ വീഡിയോകൾ പങ്കിടുകയും ചെയ്യുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് സേനകൾ ബോഡി ക്യാമറ ദുരുപയോഗം ചെയ്തതിന്റെ 150 തിലധികം റിപ്പോർട്ടുകൾ ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് ബോഡി ക്യാമറ ഉപയോഗിക്കുന്നത് നിയമാനുസൃതമായിരിക്കണമെന്ന് ആഭ്യന്തര ഓഫീസ് പറയുന്നു.
പോലീസിന്റെ സുതാര്യത മെച്ചപ്പെടുത്തുന്നതിനാണ് ക്യാമറകൾ അവതരിപ്പിച്ചത്. എന്നാൽ നിരവധി ആരോപണങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. നഗ്നനായ വ്യക്തിയുടെ ചിത്രങ്ങൾ ഇമെയിലിൽ ഉദ്യോഗസ്ഥർക്കിടയിൽ പങ്കിടുന്നു, സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡു ചെയ്യാൻ ഉപയോഗിക്കുന്ന ക്യാമറകൾ, ഉദ്യോഗസ്ഥർക്ക് ഉപരോധം നേരിടേണ്ടി വന്ന സംഭവങ്ങളിൽ ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്യുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്നു.
ഒരു ഇൻസ്‌പെക്ടർ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച സ്ത്രീയുടെ വീഡിയോ ഉൾപ്പെടെയുള്ള ഫൂട്ടേജ് ബെഡ്‌ഫോർഡ്‌ഷെയർ പോലീസ് ചിത്രീകരിച്ചെങ്കിലും നഷ്ടപ്പെടുത്തിയിരുന്നു. ഇത് പിന്നീട് ഭരണപരമായ പിഴവായി രേഖപ്പെടുത്തി. ഉദ്യോഗസ്ഥർക്ക് ഉപരോധം നേരിടേണ്ടി വന്ന സംഭവങ്ങളിൽ ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്യുന്ന പ്രവണതയും ഉണ്ട്. പൊതുജനവിശ്വാസം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിടണമെന്ന് പോലീസ് ചീഫ് കൗൺസിലിന്റെ ലീഡ്, ആക്ടിംഗ് ചീഫ് കോൺസ്റ്റബിൾ ജിം കോൾവെൽ പറയുന്നു. ക്യാമറകൾ പ്രവർത്തിപ്പിക്കുമ്പോൾ മാനദണ്ഡങ്ങളും നിയമങ്ങളും സംബന്ധിച്ച എൻപിസിസിയുടെ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജീർണിച്ചോ ജനിതക വൈകല്യങ്ങളോ മൂലം പല്ലുകൾ നഷ്ടമായവർക്ക് ഇനി ആശങ്ക വേണ്ട. പല്ലുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ പല്ലുകൾ വളർത്താൻ സഹായിക്കുന്ന ഒരു പുതിയ മരുന്നിന്റെ നിർമ്മാണത്തിലാണ് ജാപ്പനീസ് ശാസ്ത്രജ്ഞർ. ക്യോട്ടോ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ സ്റ്റാർട്ടപ്പായ ടോറെഗെം ബയോഫാർമയാണ് പഠനം നടത്തുന്നത്. എലികൾ, ഫെററ്റുകൾ, നായ്ക്കൾ എന്നിവ ഉപയോഗിച്ച് ലബോറട്ടറി പരീക്ഷണങ്ങളിൽ ശാസ്ത്രജ്ഞർ മരുന്ന് പരീക്ഷിച്ച് വരികയാണ്. അടുത്ത വേനൽക്കാലത്തോടെ ഇത് മനുഷ്യരിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.
നിലവിൽ നഷ്ടപെട്ട പല്ലുകൾ മാറ്റിസ്ഥാപിക്കാനുള്ള ഒരേയൊരു മാർഗ്ഗം കൃത്രിമ ഇംപ്ലാന്റുകൾ അല്ലെങ്കിൽ പ്രോസ്‌തെറ്റിക്‌സ് ഉപയോഗിക്കുക എന്നതാണ്. അതിനാൽ തന്നെ പുതിയ മരുന്നിൻെറ കണ്ടടുത്തൽ വൻ ജനപ്രീതി നേടുമെന്നാണ് വിലയിരുത്തൽ. ആരോഗ്യകരമായ പല്ല് ഉണ്ടായിരുന്നവരിൽ പ്രവർത്തനരഹിതമായ “ടൂത്ത് ബഡ്സ്” ഉണ്ട് ഇത് ഉത്തേജിപ്പിക്കുന്നത് വഴിയാണ് പുതിയ മരുന്ന് പ്രവർത്തിക്കുന്നത്.
സാധാരണയിലും അധികം പല്ലുകൾ ഉള്ള എലികളെ കണ്ടെത്തിയതാണ് കണ്ടുപിടിത്തത്തിന് വഴിത്തിരിവായതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമായി ഇവയിൽ പല്ലിന്റെ മുകുളങ്ങളുടെ അനാവശ്യ വളർച്ചയെ പരിമിതപ്പെടുത്തുന്ന ജീൻ ഇല്ലെന്ന് കണ്ടെത്തി. മരുന്ന് കുത്തിവയ്പ്പിന്റെ രൂപത്തിലായിരിക്കും വിപണിയിൽ ലഭ്യമാകുക. ഇവ പ്രവർത്തനരഹിതമായി കിടക്കുന്ന ദന്ത മുകളങ്ങളെ പുതിയ പല്ലുകളായി വളരാൻ പ്രോത്സാഹിപ്പിക്കും.