Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള ഒരു വിഭാഗം എംപിമാരുടെ കുറ്റപ്പെടുത്തലുകളെ അതിജീവിച്ച് പാർട്ടിയുടെ വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിജയിച്ചു. എന്നാൽ തന്നെയും അദ്ദേഹത്തിന് നേരിടാനുള്ള പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 359 എം പി മാരിൽ 41 ശതമാനത്തോളം പേർ ബോറിസ് ജോൺസനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്തു. ബോറിസ് ജോൺസനെ നീക്കം ചെയ്യേണ്ടത് ക്യാബിനറ്റ് ആണെന്നും, എന്നാൽ ക്യാബിനറ്റിനെ അദ്ദേഹം മുതലെടുക്കുകയാണെന്നും ഒരു വിമത എംപി കുറ്റപ്പെടുത്തി. 1922 ലെ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഇനിയൊരു അവിശ്വാസ വോട്ടെടുപ്പിന് ഒരു വർഷത്തെ കാലാവധി ആവശ്യമാണ്. എന്നാൽ ഈ ഒരു കാരണം കൊണ്ട് മാത്രം ബോറിസ് ജോൺസൺ സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മറ്റൊരു എം പി വ്യക്തമാക്കി. ഈ നിയമം മാറ്റാൻ കമ്മിറ്റി ചെയർമാനായ സർ ഗ്രഹാം ബ്രാഡിയുടെ മേൽ വൻ സമ്മർദങ്ങൾ ഉണ്ടാകുമെന്നും വിമത എംപിമാരിൽ ഒരാൾ വ്യക്തമാക്കി.

23 ന് വെസ്റ്റ് യോർക്ഷെയറിലെ വെയ്ക്ഫീൽഡിലും, ഡെവോണിലെ ടിവർടൺ & ഹോനിടണിലും നടക്കുന്ന ബൈ ഇലക്ഷനുകളുടെ വിധി പ്രഖ്യാപനവും ബോറിസ് ജോൺസന്റെ ഭാവിയെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ മൂലം ഈ രണ്ടിടത്തും തോൽക്കാൻ സാധ്യതയുണ്ടെന്ന് സീനിയർ ടോറി നേതാക്കൾ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പംതന്നെ പാർട്ടി ഗേറ്റ് വിവാദത്തെ സംബന്ധിച്ചുള്ള അന്വേഷണം പൂർണമായും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വരാനിരിക്കെ , ബോറിസ് ജോൺസന്റെ ഭാവി നിർണ്ണായകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉക്രൈൻ :- ഉക്രൈൻ യുദ്ധത്തിനിടെ റഷ്യ അറസ്റ്റ് ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഡോനെറ്റ്സ്ക് കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട്. നോട്ടിങ്ഹാംഷെയറിൽ നിന്നുള്ള ഇരുപത്തെട്ടുകാരനായ ഐഡൻ അസ്‌ലിൻ, ബെഡ്ഫോർഡ്ഷെയറിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ ഷൗൺ പിന്നർ എന്നിവരെയാണ് റഷ്യ അറസ്റ്റ് ചെയ്തതത്. ഇവർ ഉക്രൈൻ മിലിറ്ററിയുടെ ഭാഗമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഉക്രൈനിൽ തന്നെ റഷ്യയെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയാണ് ഡോനെറ്റ്സ്ക്. അന്താരാഷ്ട്ര അംഗീകാരമില്ലാത്ത ഇവിടുത്തെ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുമോ എന്ന ഭയവും നിലവിലുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവർക്കുമെതിരെ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ട്രെയിനിങ്ങിന് വിധേയമാക്കപ്പെട്ടു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവർക്കും തങ്ങൾ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിന്റെ വ്യക്തമായ ചിത്രം ഇല്ല എന്നാണ് പ്രാഥമിക നിഗമനം.

2014 ലാണ് ഉക്രൈനിൽ തന്നെയുള്ള റഷ്യൻ വിമതർ ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിക്കുന്നത്. റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ടുകൾ പ്രകാരം സ്ഥലത്തെ കോടതിയിൽ ഇരുവരെയും വിചാരണയ്ക്ക് വിധേയരാക്കും എന്നാണ് വ്യക്തമാക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം ഇരുവരും ഉക്രൈൻ മിലിറ്ററി അംഗങ്ങൾ ആണെന്നും , അല്ലാതെ സ്വയമേവ യുദ്ധത്തിൽ പങ്കെടുത്തവരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും ഉക്രൈനിൽ താമസിക്കുന്നവരുമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്യുകയും 100 ശതമാനം ഉൽപ്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നതിലേക്ക് ലോകം ഉടൻ മാറുമോ ? യുകെയിലെ എഴുപതോളം കമ്പനികൾ പരീക്ഷണാടിസ്ഥാനത്തിൽ ഈ സമയക്രമം നടപ്പാക്കിക്കഴിഞ്ഞു. വിജയകരമാണെന്ന് കണ്ടാൽ രാജ്യം മുഴുവൻ പുതിയ സമയക്രമം നടപ്പിലാക്കിയേക്കും.

യുകെയിൽ ഉടനീളം മൂവായിരത്തിലധികം ജീവനക്കാരാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സമയക്രമത്തിൽ ജോലി ചെയ്യുന്നത്. 100: 80: 100 എന്നാണ് പുതിയ മോഡലിന് നൽകിയിരിക്കുന്ന നാമധേയം. 100 ശതമാനം ശമ്പളം, സാധാരണയെ അപേക്ഷിച്ച് 80 ശതമാനം മാത്രം ജോലി സമയം, 100 ശതമാനം ഉത്പാദനക്ഷമത എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ജോലിചെയ്യുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകുകയില്ല.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് പുതിയ സമയക്രമത്തേ കുറിച്ചുള്ള പഠനം നടക്കുന്നത്. നാലു ദിവസം മാത്രം ജോലി ചെയ്യുന്ന തൊഴിൽ ക്രമത്തെ കുറിച്ച് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു പരീക്ഷണം ലോകരാജ്യങ്ങൾക്കിടയിൽ ആദ്യമായാണ് . ആറുമാസത്തേയ്ക്കാണ് പഠനം നടത്തുന്നത്. വിജയകരമാണെങ്കിൽ കൂടുതൽ കമ്പനികൾ പുതിയ സമയക്രമത്തിലേയ്ക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ . നാലു ദിവസം മാത്രം ജോലി ചെയ്യുന്നതിലൂടെ ജീവനക്കാർ കൂടുതൽ സന്തോഷവാൻമാരാകുമെന്നും ഇത് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നുമാണ് കമ്പനി മേധാവികളുടെ വിലയിരുത്തൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജ് : കേംബ്രിഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ ഡൊമസ്റ്റിക് ജോലികള്‍ ചെയ്തിരുന്ന ജയന്‍ കരുമാത്തില്‍ (42) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. സഹോദരിയുടെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. അല്പകാലമായി ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. രണ്ടാമത്തെ വീടിന്റെ താക്കോൽ ഇന്ന് കൈപ്പറ്റാനിരിക്കെ ഉണ്ടായ മരണം കുടുംബത്തെയും കേംബ്രിഡ്ജ് മലയാളികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ജയന്‍ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു ജയൻ. സി എം എ യുടെ ആരംഭ ഘട്ടത്തില്‍ ജയന്‍ ഭരണ സമതി അംഗമായിരുന്നു.

കേംബ്രിജിന് സമീപം ഹാവെര്‍ഹില്ലിലാണ് ജയൻ കുടുംബസമേതം താമസിച്ചിരുന്നത്. അങ്കമാലി സ്വദേശിയായ ഭാര്യ ആദം ബ്രോക് ഹോസ്പിറ്റലില്‍ തന്നെ സീനിയര്‍ നേഴ്സായി ജോലി ചെയ്യുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.

ജയന്‍ കരുമാത്തിലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പനജി : ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിലാണ് സംഭവം. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഗോവ സ്വദേശിയായ ജോയൽ വിന്‍സെന്റ് ഡിസൂസയെ (32) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂൺ രണ്ടിനാണ് ലൈംഗികാതിക്രമം ഉണ്ടായത്. മാസാജ് ചെയ്തുതരാമെന്ന വ്യാജേന പ്രതി അടുത്തുകൂടുകയായിരുന്നു. സംഭവത്തിൽ ജൂൺ ആറിനാണ് പോലീസിന് പരാതി നൽകുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികൾ പരാതിയുമായി സമീപിച്ചത്.

തുടർന്ന് അധികൃതർ ഗോവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച് ഒരുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതി മുൻപ് സ്‌കൂൾ ലൈബ്രേറിയനായി ജോലി ചെയ്തിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം. വിശ്വാസ വോട്ടെടുപ്പ് ഫലം നിർണായകമാണെന്ന് ജോൺസൻ പ്രതികരിച്ചു. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസ് ജോൺസണിന്‍റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ നിയമപ്രകാരം ഇനി ഒരുവർഷത്തേക്ക് എംപിമാർക്ക് വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെടാൻ കഴിയില്ല. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി ബോറിസിന് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാൻ കഴിയും. എന്നാൽ അത് കൂടുതൽ കഠിനമാകാനാണ് സാധ്യത.

പാർട്ടിയിൽ നിന്നുള്ള 59% വോട്ടുകൾ നേടിയെങ്കിലും അധികാരം ദുർബലമാകുന്നതിന്റെ സൂചനയാണിതെന്ന് പല വിമർശകരും അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രി തെരേസ മേയും 2018-ൽ പാർട്ടി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. 63% വോട്ടുകളാണ് നേടിയത്. എന്നാൽ ആറുമാസത്തിനുശേഷം ബ്രെക്‌സിറ്റ് പ്രതിസന്ധിയെത്തുടർന്ന് തെരേസ മേ രാജിവെച്ചു.

 

കൺസർവേറ്റീവ് പാർട്ടി ചട്ടം അനുസരിച്ച് 15 ശതമാനം പാർട്ടി എംപിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണം. 650 അംഗ പാർലമെന്‍റിൽ 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. സ്വന്തം പാർട്ടിക്കകത്ത് നിന്നാണ് ബോറിസിന് വോട്ടെടുപ്പ് നേരിടേണ്ടി വന്നതെങ്കിലും പ്രധാനമന്ത്രിക്കെതിരായ നീക്കങ്ങളെ പ്രതിപക്ഷമായ ലേബർ പാർട്ടിയും ശ്രദ്ധയോടെയാണ് നോക്കിക്കണ്ടത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയിൽ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നത്. വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച് ബോറിസ് പാർലമെന്‍റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും ഉറച്ച് നിൽക്കുകയായിരുന്നു. വിവാദത്തെത്തുടർന്ന് രൂപീകരിച്ച അന്വേഷണ കമ്മീഷൻ ബോറിസിന്‍റെ വസതിയ്ക്ക് പുറമെ മറ്റ് മന്ത്രി മന്ദിരങ്ങളിലും സമാനമായ പാർട്ടി നടന്നിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ എംപിമാർ ബോറിസിനെതിരെ വിശ്വാസവോട്ടിന് കത്ത് നൽകിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആയുധ സഹായം നൽകിയാൽ കൂടുതൽ പ്രദേശത്തേയ്ക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന റഷ്യയുടെ ഭീഷണി അവഗണിച്ച് ഉക്രയിനിലേയ്ക്ക് ദീർഘ ദൂര മിസൈലുകൾ അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. തങ്ങളുടെ ആദ്യത്തെ ദീർഘദൂര മിസൈലുകൾ ഉക്രയിനിലേയ്ക്ക് അയക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.

ബ്രിട്ടന്റെ മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം റഷ്യയ്ക്കെതിരെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉക്രയിനെ സഹായിക്കുമെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. എത്ര ആയുധങ്ങൾ അയക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് മൂന്ന് ആയിരിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ഉക്രയിന് കൂടുതൽ ആയുധങ്ങൾ നൽകാൻ കഴിഞ്ഞ ആഴ്ച യു എസ് തീരുമാനിച്ചിരുന്നു. ദീർഘദൂര മിസൈൽ സംവിധാനമായ ഹൈമാർസ് ഉക്രയിന് നൽകാനുള്ള തീരുമാനത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പതിനാലുകാരിയായ പെൺകുട്ടി ലൂക്കിമിയ ബാധിച്ച് മരിച്ച സംഭവത്തിൽ നടന്ന അന്വേഷണം രാജ്യത്താകമാനമുള്ള ഹിമറ്റോളജിസ്റ്റുകളുടെ കുറവിനെ ചൂണ്ടിക്കാട്ടുന്നു. ലിവർപൂളിലെ അൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെയ്റ്റി വിൽകിൻസ് എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ നിന്ന് വന്ന ചികിത്സാപിഴവ് ആണ് മരണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തലച്ചോറിൽ നിന്നും അമിതമായ രക്തസ്രാവം ഉണ്ടായിരുന്ന പെൺകുട്ടിയെ ചികിത്സിച്ചത് ഹിമറ്റോളജിസ്‌റ്റിന് പകരം ഓങ്കോളജിസ്റ്റ് ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ കേയ്റ്റി അയ്ഞ്ച് ആണ് രാജ്യത്താകമാനം നടക്കുന്ന റിക്രൂട്ട്മെന്റ് പ്രശ്നങ്ങളെ സംബന്ധിച്ച് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവർ ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദിനും കത്തെഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള മരണങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കി.

ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് ചെഷൈറിലെ വാറിങ്ടാണിൽ നിന്നുള്ള കേയ്റ്റിയുടെ കുടുംബം വ്യക്തമാക്കി. 2020 ജൂലൈയിലാണ് കേയ്റ്റിക്ക് അക്യൂട്ട് പ്രൊമൈലോസൈറ്റിക് ലുക്കിമിയ ആണെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിനു മുൻപേ തന്നെ രോഗവസ്ഥ വാറിങ്ടൻ ആശുപത്രി അധികൃതർക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നു. പിന്നീടാണ് കേയ്റ്റിയെ അൽഡർ ഹേ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് ഹെമറ്റോളജി ഡിപ്പാർട്ട്മെന്റും ഓങ്കോളജി ഡിപ്പാർട്ട്മെന്റും തമ്മിലുള്ള ആശയവിനിമയമില്ലായ്മയെ തുടർന്നാണ് 31 ജൂലൈയിൽ തങ്ങളുടെ മകൾ മരണപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കുന്നു. അൽഡർ ഹേയിൽ കേയ്റ്റിയെ ഓങ്കോളജിസ്റ്റ് മാത്രമായിരുന്ന ചികിത്സിച്ചത്. സാധാരണ ഇത്തരം കേസുകളിൽ ഇരു ഡിപ്പാർട്ട്മെന്റുകളും ചേർന്നുള്ള ചികിത്സാരീതിയാണ് നടപ്പിലാക്കുന്നത്. ഹെമറ്റോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഉണ്ടാകുന്ന പിഴവാണ് ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥ വിലയിരുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ മെയ് മാസം പതിമൂന്നാം തീയതി നോർത്താംപ്റ്റണിൽ മരണമടഞ്ഞ ജെയ്മോൻ പോളിന് യുകെ മലയാളികളുടെ യാത്രാമൊഴി. ജെയ്മോൻ പോളിൻെറ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചത് പോലെ രാവിലെ 10 മണി മുതൽ 11. 30 വരെ ജെയ്മോൻ പോളിൻെറ ഭൗതികശരീരം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ പൊതുദർശനം ആരംഭിച്ചു .
ചേതനയറ്റ പപ്പയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മക്കളെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ദുഃഖത്തിൽ ആയിരുന്നു എല്ലാവരും. തങ്ങളുടെ ഓമന പുത്രന് അന്ത്യചുംബനം അർപ്പിക്കാൻ കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാലിൽ നിന്ന് മാതാപിതാക്കൾ എത്തിയിരുന്നു. 42 വയസ്സുമാത്രം പ്രായമുള്ള തങ്ങളുടെ ഓമന പുത്രൻെറ വേർപാടിൽ വിങ്ങി പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് അവസാന യാത്രാമൊഴിയേകാൻ ഒട്ടേറെ മലയാളികളാണ് എത്തിച്ചേർന്നത്. ജെയ്മോൻ പോൾ മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്റ്റണിലെ ആദ്യകാല മെമ്പറായിരുന്നു. ഒട്ടേറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന 42 വയസ് മാത്രം പ്രായമുള്ള ജെയ്മോൻ പോളിൻെറ വേർപാട് പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ല.

വിവിധ വൈദികരുടെ സാന്നിധ്യത്തിൽ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് നോർത്താംപ്ടൺ വികാരി ഫാ. ജെബിൻ ഐപ്പിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും സംസ്കാര ശുശ്രൂഷയും നടന്നു . അന്ത്യ സംസ്കാര ചടങ്ങുകൾ നടന്നത് കിംഗ് സ് തോർപ്പ് സെമിത്തേരിയിലാണ്.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോക് ഡൗൺ പാർട്ടി വിവാദത്തെ തുടർന്ന് ബോറിസ് ജോൺസന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു നിരവധി എംപിമാർ രംഗത്തെത്തിയതോടെ പാർട്ടിയിലെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്തുവാൻ തീരുമാനമായിരിക്കുകയാണ്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മദ്യസൽക്കാര പാർട്ടികൾ നടന്നതായി അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാൻ കാരണം. സ്വന്തം പാർട്ടിയിൽ നിന്നും ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ ഉണ്ട്. 54 കൺസർവേറ്റീവ് എംപിമാർ ബോറിസ് ജോൺസനെതിരെ വിശ്വാസ വോട്ടിന് കത്തുനൽകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വന്തം ഭാഗത്തുനിന്ന് വന്ന വീഴ്ചയ്ക്ക് പ്രധാനമന്ത്രി ക്ഷമ ചോദിച്ചെങ്കിലും, രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ രാജിവെക്കാൻ തയ്യാറല്ലെന്നാണ് ജോൺസൻ പ്രതികരിച്ചത്.


നിലവിലെ സംഘടനാ നിയമ പ്രകാരം, പാർട്ടിയിലെ തന്നെ 15 ശതമാനം എംപിമാർ ആവശ്യപ്പെട്ടാൽ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടിവരും. കൺസർവേറ്റീവ് പാർട്ടിക്ക് നിലവിൽ 359 എം പി മാരാണ് പാർലമെന്റിൽ ഉള്ളത്. ഇതിൽ 54 പേർ ബോറിസ് ജോൺസനെതിരെ കത്തെഴുതിയാൽ വിശ്വാസവോട്ടെടുപ്പ് ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ കത്തെഴുതിയ എംപി മാരുടെ പേരുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബോറിസ് ജോൺസന് തന്റെ സ്ഥാനത്ത് തുടരാം. വീണ്ടും ഒരു വിശ്വാസ വോട്ടെടുപ്പ് നടക്കണമെങ്കിൽ 12 മാസത്തെ സമയവും ആവശ്യമാണ്. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ് ക്കേണ്ടതായി വരും. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും, ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക് ഡൗണിന്റെ ആദ്യകാലത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിമാരുടെ ഭവനങ്ങളിലും ക്രിസ്മസ് പാർട്ടികൾ നടന്നുവെന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഗാർഡിയൻ പത്രം അടക്കം ഈ മദ്യ സൽക്കാരത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതേതുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ബുധനാഴ്ചത്തെ വോട്ടെടുപ്പ് ബോറിസ് ജോൺസന്റെ ഭാവി തീരുമാനിക്കും.

RECENT POSTS
Copyright © . All rights reserved