ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഫൈസർ, മോഡേണ, അസ്ട്രാസെനക എന്നീ കോവിഡ് വാക്സിനുകൾ പ്രായമായ സ്ത്രീകളിലും ബർത്ത് കൺട്രോൾ ഉപയോഗിക്കുന്ന സ്ത്രീകളിലുമെല്ലാം അപ്രതീക്ഷിത ആർത്തവം ഉണ്ടാക്കാമെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സാധാരണയായി ആർത്തവം നടക്കുന്ന സ്ത്രീകളിൽ ഇത്തരത്തിൽ കോവിഡ് വാക്സിൻ ചില മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് പ്രായമുള്ള സ്ത്രീകളിലും, സാധാരണയായി ആർത്തവം ഉണ്ടാകാത്തവരിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാകാമെന്ന് കണ്ടെത്തിയത്. 20,000 ത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ വാക്സിൻ എടുക്കുന്നതിന് മുൻപ് ഉള്ളതിനേക്കാൾ അതിനുശേഷം രക്തസ്രാവത്തിനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചതായി കണ്ടെത്തി.
ആർത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകളിലും മറ്റും ഈ സാധ്യത മൂന്നു മുതൽ അഞ്ചു മടങ്ങാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ കോവിഡ് വാക്സിനുകൾ മൂലം ആർത്തവത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. എന്നാൽ വാക്സിൻ ശരീരത്തിലെ ചില ടിഷ്യുകളിൽ വീക്കം ഉണ്ടാക്കുന്നതായും ഇത് മൂലം ഗർഭപാത്രത്തിന്റെ ലൈനിങ്ങിൽ ചില മാറ്റങ്ങളും അതോടൊപ്പം തന്നെ ശരീരത്തിൽ ഉടനീളം ഹോർമോണുകളുടെ അളവിലും മാറ്റം ഉണ്ടാകുന്നതും ആണ് ഇതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് വാക്സിനുകൾ ആദ്യമായി പുറത്തിറക്കിയപ്പോൾ തന്നെ നിരവധി സ്ത്രീകൾ തങ്ങൾക്ക് ഉണ്ടാകുന്ന ആർത്തവ മാറ്റത്തെപ്പറ്റി തുറന്നു പറഞ്ഞിരുന്നു. വാക്സിനുകളെ എതിർക്കുന്നവർ ഇത്തരത്തിൽ വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണവും ആരംഭിച്ചിരുന്നു . എന്നാൽ വാക്സിനുകൾ മൂലം വന്ധ്യത പോലെയുള്ള യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നാണ് വിദഗ്ധർ ശക്തമായി തെളിവുകളിലൂടെ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അനധികൃത കുടിയേറ്റം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ നടത്തിയ പരാമർശത്തെ വിമർശിച്ച് യുഎൻ അഭയാർത്ഥി ഏജൻസി. നിയമങ്ങൾ “കർക്കശമാക്കാനുള്ള” സുവല്ലയുടെ ആഹ്വാനങ്ങൾ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) നിരസിച്ചു. അന്താരാഷ്ട്ര അഭയാര്‍ത്ഥി നിയമങ്ങള്‍ ലോക ക്രമത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നു എന്നും , അനധികൃത കുടിയേറ്റത്തിന് വന്‍ പ്രോത്സാഹനം നല്‍കുന്നു എന്നും ആഭ്യന്തര സെക്രട്ടറി ആരോപിച്ചു. വാഷിംഗ്ടണ്‍ ഡി സിയിലെ ഒരു വലതുപക്ഷ ചിന്താ കൂട്ടുകെട്ടായ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം. നിലവിലെ യുക്തി രഹിത നിയമങ്ങള്‍ കാരണം ബ്രിട്ടനില്‍ അഭയം തേടാന്‍ 780 മില്യൺ ആളുകള്‍ക്ക് കൂടി അവകാശം കൈവരികയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
1951 ലെ യു എന്‍ ഉടമ്പടി പൊളിച്ചെഴുതണം എന്നും അവര്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ അഭയം ലഭിക്കണമെങ്കില്‍, അതിനായി അപേക്ഷിക്കുന്നവര്‍ അവരുടെ രാജ്യത്ത് അടിച്ചമര്‍ത്തലിന് വിധേയമാകുന്നു എന്ന് തെളിയിക്കണമായിരുന്നെങ്കില്‍ ഇന്ന് അവര്‍ വിവേചനം നേരിടുന്നു എന്ന് കാണിച്ചാല്‍ മതി എന്നും ബ്രേവര്‍മാന്‍ ചൂണ്ടിക്കാണിച്ചു. സ്വവര്‍ഗ്ഗരതിക്കാര്‍ ആയതും സ്ത്രീ ആയതും ഒക്കെ വിവേചനം നേരിടുന്നതിനുള്ള കാരണങ്ങള്‍ ആകരുതെന്നും അവര്‍ പറഞ്ഞു. എന്നാൽ, “വ്യക്തികൾ അവരുടെ ലൈംഗിക ആഭിമുഖ്യത്തിന്റെയോ ലിംഗ വ്യക്തിത്വത്തിന്റെയോ അടിസ്ഥാനത്തിൽ പീഡനത്തിന് സാധ്യതയുള്ളിടത്ത്, അവർക്ക് സുരക്ഷിതത്വവും സംരക്ഷണവും തേടാൻ അവകാശമുണ്ടെന്ന് യു എൻ റെഫ്യൂജി ഏജൻസി പറഞ്ഞു.
ലോകത്തിന്റെ ഭൂരിഭാഗവും നിലവിലുള്ള കൺവെൻഷനിൽ ഒപ്പുവെച്ചിരിക്കുന്നതിനാൽ, പരിഷ്‌ക്കരണങ്ങളിലൂടെ കടന്നുപോകാൻ സുവല്ലയ്ക്ക് സാധിക്കില്ല. എന്നാൽ, ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് സുവല്ലയെന്ന് വ്യക്തമായി. ആധുനിക കാലത്തെ അവശ്യകത നിറവേറ്റാന്‍ ഐക്യ രാഷ്ട്ര സഭയുടെ കണ്‍വെന്‍ഷന് സാധിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാട്ടർ കമ്പനികൾ തങ്ങൾ നൽകേണ്ട സേവനങ്ങളുടെ കാര്യത്തിൽ വൻ വീഴ്ച വരുത്തിയതിനെ തുടർന്ന് കടുത്ത നടപടികളുമായി വ്യവസായ റെഗുലേറ്റർ ഓഫ്വാട്ട് മുന്നോട്ടു വന്നു. 2024 -25 കാലഘട്ടത്തിലെ ബില്ലുകളിൽ കുറവ് വരുത്തി ഉപഭോക്താക്കൾക്ക് പണം തിരിച്ചു നൽകണമെന്നാണ് വാട്ടർ കമ്പനികളോട് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . ഇതിന്റെ ഫലമായി 114 മില്യൺ പൗണ്ട് കമ്പനികൾ ഉപഭോക്താക്കൾക്ക് തിരിച്ചു നൽകേണ്ടതായി വരും.
ചോർച്ച, വിതരണം, മലിനീകരണം കുറയ്ക്കൽ എന്നീ സുപ്രധാന കാര്യങ്ങളിലാണ് കമ്പനികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു കമ്പനി പോലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നാണ് ഓഫ്വാട്ടിന്റെ വിലയിരുത്തൽ . സതേൺ, തേംസ്, ആംഗ്ലിയൻ, ബ്രിസ്റ്റോൾ, സൗത്ത് ഈസ്റ്റ്, യോർക്ക്ഷയർ വാട്ടർ എന്നീ കമ്പനികളാണ് പൊതുവെ മെച്ചപ്പെട്ട സേവനം നൽകുന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മറ്റ് 10 കമ്പനികളെ ശരാശരി എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നല്ല രീതിയിൽ സേവനം നൽകുന്ന കമ്പനികളുടെ ഗണത്തിൽ ഒരു കമ്പനിയും ഉൾപ്പെട്ടിട്ടില്ല.
റിപ്പോർട്ടുകൾ അനുസരിച്ച് അവലോകനത്തിന് വിധേയമായ വാട്ടർ കമ്പനികളിൽ 5 എണ്ണം ഒഴികെ ബാക്കിയുള്ളവയെല്ലാം 2024 – 25 കാലഘട്ടത്തിലെ ബില്ലുകൾ കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതായി വരും. ഓരോ ഉപഭോക്താവിനും അവരുടെ ബില്ലുകളിൽ എത്രത്തോളം കുറവുണ്ടാകുന്നത് അവർ താമസിക്കുന്ന സ്ഥലങ്ങളെയും പണപ്പെരുപ്പത്തെയും ആശ്രയിച്ചായിരിക്കും. മോശം പ്രകടനം നടത്തുന്ന കമ്പനികൾ ഉപഭോക്താക്കൾക്ക് തങ്ങൾ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തേണ്ടതായി ഉണ്ടെന്ന് ഓഫ്വാട്ട് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ബ്ലാക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലണ്ടിലെ വാട്ടർഫോർഡിൽ താമസിക്കുന്ന ജൂഡ് സെബാസ്റ്റ്യൻ നിര്യാതനായി. കേരളത്തിൽ അങ്കമാലിയാണ് ജൂഡിന്റെ സ്വദേശം. തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽ മരിച്ച നിലയിൽ ജൂഡിനെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച ജൂഡിന്റെ ഭാര്യയും മക്കളും നാട്ടിൽ പോയിരുന്നു. ഇവർ ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ ജൂഡിനെ കണ്ടെത്തിയത്. ഭാര്യ ഫ്രാൻസീന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. വാട്ടർഫോർഡ് സിഗ്ന കെയർ നേഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു ജൂഡ്. രണ്ട് മക്കളുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി ജനങ്ങളുടെ ഷോപ്പിംഗ് ശീലങ്ങളെ നല്ല രീതിയിൽ മാറ്റിയതായി ആൽഡി. ഉപഭോക്താക്കൾ മുമ്പത്തേക്കാൾ കൂടുതൽ ഓൺ ലേബൽ പ്രൊഡക്റ്റുകൾ വാങ്ങുന്നുണ്ടെന്നും ഇത് തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ആൽഡിയുടെ മേധാവി ഗൈൽസ് ഹർലി പറയുന്നു. ഷോപ്പർമാർ പണം ലാഭിക്കാൻ ശ്രമിക്കുന്നതിനാൽ സൂപ്പർമാർക്കറ്റുകൾ വിലകുറഞ്ഞ ഓൺ ലേബൽ പ്രൊഡക്റ്റുകൾ കൂടുതലായി വിറ്റഴിക്കുന്നു. കഴിഞ്ഞ വർഷം മോറിസൺസിനെ പിന്തള്ളി ആൽഡി യുകെയിലെ നാലാമത്തെ വലിയ സൂപ്പർമാർക്കറ്റായി.
ആൽഡിയും ലിഡലും വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ഓൺ ലേബലാണ്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ആൽഡി ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയിട്ടുണ്ടെന്നും യുകെയിലെ മൂന്നിൽ രണ്ട് കുടുംബങ്ങളും ഇപ്പോൾ ഈ ശൃംഖല ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 2022ൽ അൽഡിയുടെ വിൽപ്പന ഏകദേശം 2 ബില്യൺ പൗണ്ട് ഉയർന്ന് 15.5 ബില്യൺ പൗണ്ടായി. പ്രവർത്തന ലാഭവും 178.7 മില്യൺ പൗണ്ടായി വർദ്ധിച്ചു. ആൽഡി ഇപ്പോൾ 1,500 യുകെ സ്റ്റോറുകൾ എന്ന ദീർഘകാല ലക്ഷ്യം കൈവരിക്കുന്ന പാതയിലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂപ്പർമാർക്കറ്റുകൾ വിവിധ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുകയാണ്. ഉപഭോക്താക്കൾ ഈ കാലയളവിൽ വിലക്കുറവ് കാണുന്നത് തുടരും. എന്നാൽ ചരക്ക് ചെലവുകൾ, ഊർജ്ജം, ഇന്ധന വിലകൾ കഴിഞ്ഞ രണ്ട് വർഷം അസ്ഥിരമായിരുന്നതിനാൽ ഭാവിയെ പറ്റി പറയുക എളുപ്പം അല്ലെന്ന് ഗൈൽസ് ഹർലി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച പുതിയ ബ്രെക്സിറ്റ് വ്യാപാര നിയമങ്ങൾ യൂറോപ്യൻ കാർ നിർമ്മാതാക്കൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3.75 ബില്യൺ പൗണ്ട് തുക അധിക ചിലവ് ഉണ്ടാക്കും. പുതിയ യൂറോപ്യൻ യൂണിയൻ – യു കെ ബ്രെക്സിറ്റ് വ്യാപാര കരാർ പ്രകാരം, 2024 മുതൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ 45 ശതമാനം ബ്രിട്ടനിൽ നിന്നോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നോ ഉള്ള പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം എന്ന കർശന നിർദ്ദേശമുണ്ട്. ഇതോടൊപ്പം തന്നെ ബാറ്ററി സെല്ലുകളുടെ 50 മുതൽ 60 ശതമാനം വരെ പ്രാദേശിക വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതായിരിക്കണം എന്നും കരാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഇംഗ്ലീഷ് ചാനലിലൂടെ ഇരു രാജ്യങ്ങളിലേക്കും കൊണ്ടുപോകുമ്പോൾ 10% അധികം നികുതി അല്ലെങ്കിൽ താരീഫ് ഈടാക്കാനുള്ള അനുമതി അധികൃതർക്ക് ഉണ്ടാകുമെന്നും കരാർ നിഷ്കർഷിക്കുന്നു. എന്നാൽ ഈ നടപടി മൂലം യൂറോപ്യൻ യൂണിയനിലെ ഫാക്ടറികളിൽ നിന്നുള്ള ഉത്പാദനം ഗണ്യമായി കുറയുമെന്ന് യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വിലകുറഞ്ഞ ഇറക്കുമതിയിൽ നിന്നും യൂറോപ്യൻ വ്യവസായത്തെ സംരക്ഷിക്കുന്നതിനാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്നാൽ യൂറോപ്പിൽ ബാറ്ററി ഉൽപ്പാദനം പ്രതീക്ഷിച്ചത്ര വേഗത്തിൽ വർധിച്ചിട്ടില്ലാത്തതിനാൽ, പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ കാർ നിർമ്മാതാക്കൾ ബുദ്ധിമുട്ടുകയാണ്. യൂറോപ്യൻ നിർമ്മാതാക്കൾക്ക് ഇത് ഗുരുതരമായൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. യുകെ അവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. കഴിഞ്ഞ വർഷം യുകെ തുറമുഖങ്ങളിൽ 1.2 ദശലക്ഷം വാഹനങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്നും എത്തിയിരുന്നു. അതുപോലെ യുകെയിൽ നിർമ്മിച്ച കൂടുതൽ കാറുകൾ മറ്റേതൊരു പ്രദേശത്തേക്കാളും യൂറോപ്യൻ യൂണിയനിയിലേക്ക് തന്നെയാണ് കയറ്റുമതി ചെയ്യപ്പെടുന്നതും. ഇത്തരത്തിലുള്ള വർദ്ധിച്ച താരിഫുകൾ ഇലക്ട്രിക്ക് കാറുകളുടെ ഉൽപാദനം കൂടുതൽ ചിലവേറിയതാക്കുമെന്നും, അതോടൊപ്പം തന്നെ അവയുടെ വില വർധിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. പുതിയ നിയമങ്ങൾ മൂന്നുവർഷമെങ്കിലും കഴിഞ്ഞ് മാത്രമേ നടപ്പാക്കാവൂ എന്ന ആവശ്യം കാർ നിർമ്മാതാക്കൾ ഉയർത്തുന്നുണ്ട്. ഇതിനായി യൂറോപ്യൻ കമ്മീഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ 2023 – ൽ കുട്ടികൾക്ക് നൽകുന്ന പേരുകളുടെ കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയുള്ള നാമങ്ങൾ പുറത്തുവന്നു. ഏറ്റവും കൂടുതൽ ആൺകുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്ന പേര് മുഹമ്മദ് എന്നാണ്. ലില്ലിയാണ് പെൺകുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്ന പേരുകളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്ത് എത്തിയത്. നോഹയും തിയോയും ആണ് ആൺകുട്ടികളുടെ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. ലില്ലിയും സോഫിയുമാണ് പെൺകുട്ടികളുടെ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നത്.
ബ്രിട്ടനിൽ മുൻപ് വൻ പ്രചാരത്തിലുള്ള പേരായിരുന്നു ഹാരി എന്നത് . നേരത്തെയുള്ള പട്ടികയിൽ 13-ാം സ്ഥാനത്തുള്ള ഹാരിയുടെ പേര് ഈ വർഷം 23-ാം സ്ഥാനത്ത് മാത്രമാണ് ഉള്ളത്. മേഗൻ എന്ന നാമത്തിനും ജനപ്രീതിയിൽ വൻ തകർച്ചയാണ് നേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഹാരി രാജകുമാരനും മേഗൻ മാർക്കിളിനുമുള്ള അസ്വാരസ്യങ്ങളാണ് ഈ പേരുകളുടെ ജനപ്രീതി വ്യാപകമായി ഇടിയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2020 ന്റെ തുടക്കത്തിൽ രാജകുടുംബത്തിലെ മുതിർന്ന അംഗ പദവികളിൽ നിന്ന് രാജിവച്ചതിനുശേഷം ഹാരി- മേഗൻ ദമ്പതികളും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. ഹാരിയുടെ ഓർമ്മക്കുറിപ്പായ സ്പെയറിൽ മയക്കുമരുന്ന് ഉപയോഗം, പബ്ലിനുള്ളിൽ നടത്തിയ ആദ്യ ലൈംഗികവേഴ്ചയുടെ വെളിപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ മൂലം മാതാപിതാക്കൾ ഹാരി എന്ന പേര് തങ്ങളുടെ മക്കൾക്ക് കൊടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് ഹാരി എന്ന പേരിന് പ്രിയം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊപ്പം അഫ്ഗാനിസ്ഥാനിൽ സായുധ സേനയിലായിരുന്നപ്പോൾ ആളുകളെ കൊന്നതായുള്ള വെളിപ്പെടുത്തലും വൻ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ നിയമങ്ങൾ പ്രകാരം ഒക്ടോബർ 1 മുതൽ യുകെയിലുടനീളമുള്ള ടേക്ക്അവേകളിൽ പ്ലാസ്റ്റിക് കട്ട്ലറികളും പ്ലേറ്റുകളും ട്രേകളും നിരോധിക്കും. ഇതോടെ ചില ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ നൽകുന്നതിന് തടസം നേരിടും. ഒക്‌ടോബർ 1 മുതൽ ബൗളുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ ഭക്ഷണം വിളമ്പുന്നത് നിർത്തും. ഭക്ഷണം കഴിക്കുന്നവർക്ക് ഇനി പോളിസ്റ്റൈറൈൻ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കാൻ കഴിയില്ല. മാറ്റത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറി അല്ലെങ്കിൽ ബലൂൺ സ്റ്റിക്കുകൾ നിരോധിക്കും.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിലവിലുള്ള സ്റ്റോക്ക് ഉപയോഗിക്കണമെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് അല്ലെങ്കിൽ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്. പുതിയ നിയമങ്ങൾ ഓൺലൈൻ, ഓവർ-ദി-കൗണ്ടർ വിൽപ്പന, വിതരണം എന്നിവയ്ക്കും ബാധകമാണ്. സമാനമായ നിയമങ്ങൾ സ്കോട്ട് ലൻഡിൽ ഇതിനകം അവതരിപ്പിക്കുകയും കഴിഞ്ഞ ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. സിംഗിൾ യൂസ് പ്ലാസ്റ്റിക് സ്‌ട്രോകൾ, സ്റ്റെററുകൾ, കോട്ടൺ ബഡ്‌സ് എന്നിവ 2020 ഒക്‌ടോബർ മുതൽ ഇംഗ്ലണ്ടിൽ നിരോധിച്ചിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് തെരേസ് കോഫി നേരത്തെ പറഞ്ഞിരുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഈ നീക്കം വലിയ സ്വാധീനം ചെലുത്തും. സർക്കാർ മാർഗനിർദേശം അനുസരിച്ച്, നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തും. ബിസിനസ്സുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ, അന്വേഷണച്ചെലവ് അവർ വഹിക്കേണ്ടി വരും. പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഉടമകൾക്ക് 28 ദിവസം സമയം നൽകും
ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു .
ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ പങ്കെടുത്തു .
ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ മെമെന്റോ സമ്മാനിച്ചപ്പോൾ 10000 രൂപയുടെ ക്യാഷ് പ്രൈസ് നൽകിയത് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിലാണ്. മലയാളം യുകെ ന്യൂസ് യുകെയിലെയും യൂറോപ്പിലെയും മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണ് കേരളത്തിൽ നിന്നുള്ള നിഖിൽ രാജിന് ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതെന്ന് അഡ്വ. മോൻസ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിനെയും രണ്ടാം സ്ഥാനത്തിന് അർഹനായ യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ബിനോ മാത്യുവിനേയും അദ്ദേഹം അഭിനന്ദിച്ചു .
അകാലത്തിൽ നിര്യാതനായ മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ശ്രീ ബിജോ അടുവിച്ചിറയുടെ കുടുംബത്തിന് മലയാളം യുകെ ന്യൂസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായധനം കാണാക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബിജു പഴയപുരയ്ക്കൽ കൈമാറി. ബിജോ അടുവിച്ചിറയുടെ സഹധർമ്മിണി അനു ബിജോയും മകൾ ബിയ ബിജോയും ചടങ്ങിൽ എത്തിയിരുന്നു. ബിജോയുടെ മകൾക്ക് തുടർപഠനത്തിനും മറ്റുമായുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വേദിയിൽ നിന്ന് വിടവാങ്ങിയത്.
എട്ട് ഡയറക്ടർ ബോർഡ് മെമ്പേഴ്സിന്റെ കൂട്ടായ പ്രവർത്തനമാണ് മലയാളം യുകെ ന്യൂസിനെ ഇത്രയും ജനപ്രിയ മാധ്യമമാക്കി മാറ്റിയത് എന്ന് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ചീഫ് എഡിറ്റർ ബിൻസു ജോൺപറഞ്ഞു. വാർത്തകൾക്കൊപ്പം യുകെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മുൻനിര എഴുത്തുകാരുടെ രചനകൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതിനുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലുടനീളമുള്ള 50-തിലധികം സർവകലാശാലകളിലെ ജീവനക്കാർ സമരത്തിലേക്ക് കടക്കുമ്പോൾ ഫ്രഷേഴ്സ് വീക്കിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തടസ്സം നേരിടുന്നു. ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അംഗങ്ങൾക്കിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമാണിത്. ഈ വർഷത്തെ ശമ്പള ഇടപാട് 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഫറാണെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് എംപ്ലോയേഴ്സ് അസോസിയേഷൻ (യുസിഇഎ) പറയുന്നു. എന്നാൽ പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനയും സുരക്ഷിതമല്ലാത്ത കരാറുകൾ അവസാനിപ്പിക്കാനും യൂണിയൻ ആവശ്യപ്പെടുന്നു.
42 സർവകലാശാലകളിലെ യുസിയു അംഗങ്ങൾ അഞ്ച് ദിവസത്തേക്ക് പണിമുടക്കുന്നു. മറ്റ് 10 സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരു ദിവസത്തേക്ക് പണിമുടക്കും. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് വീക്കിനോട് അനുബന്ധിച്ചാണ് സമരം നടക്കുന്നത്. കഴിഞ്ഞയാഴ്ച സ്കോട്ട്ലൻഡിലെ അഞ്ച് സർവകലാശാലകളിൽ സമരം നടന്നിരുന്നു.
സർവകലാശാലകൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും അതിനാൽ ശമ്പള വർദ്ധനവ് മേഖലയ്ക്ക് താങ്ങാൻ കഴിയില്ലെന്നും യുസിഇഎ ചീഫ് എക്സിക്യൂട്ടീവ് രാജ് ജേത്വ പറഞ്ഞു. അതേസമയം, ഈ വർഷത്തെ ശമ്പള ഓഫറിൽ യഥാർത്ഥത്തിൽ ശമ്പളം വെട്ടിക്കുറച്ചതായി യുസിയു പറയുന്നു.