ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വരാതിരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള കണക്കുകൾ പുറത്തു വന്നു. ഹാജർ നിലയിൽ മുമ്പ് ഉള്ളതുമായി താരതമ്യം ചെയ്യുമ്പോൾ റിക്കോർഡ് കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളിൽ 50-ൽ ഒരാൾക്ക് അവരുടെ പാഠഭാഗങ്ങളിൽ പകുതിയെങ്കിലും ക്ലാസ്സിൽ വരാതിരുന്നത് മൂലം നഷ്ടമായി.

2022- 23 കാലഘട്ടത്തിൽ 150,000 വിദ്യാർത്ഥികൾ ആണ് ഏറ്റവും കൂടുതൽ ക്ലാസുകളിൽ ഹാജരാകാതിരുന്നത് . ഇത് മുൻവർഷത്തെ അപേക്ഷിച്ച് 30,000 കൂടുതലാണ്. എന്നാൽ പകർച്ചവ്യാധിക്ക് മുമ്പ് 2018 – 19 കാലത്ത് 60,000 കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ ഇത്രയും ഗുരുതരമായ രീതിയിൽ ഹാജരാകാതിരുന്നത്. അതായത് നിലവിലെ കണക്കുകൾ മുമ്പുള്ളതിനേക്കാൾ 150% കൂടുതലാണ്. കുട്ടികൾക്ക് പല രീതിയിലുള്ള ശാരീരിക മാനസിക പ്രയാസങ്ങൾ നേരിടുന്നത് ഹാജർ നിലയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന കുട്ടികൾക്ക് കൂടുതൽ മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് സ്കൂൾ ആൻഡ് കോളേജ് ലീഡർ അസോസിയേറ്റ് ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൻ പറഞ്ഞു. സ്കൂൾ ദിനത്തിൽ അനധികൃതമായി ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് കടുത്ത പിഴ ഈടാക്കുന്ന നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർനില കൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് . കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .

യുകെ മലയാളികൾ പലപ്പോഴും നാട്ടിൽ പോകാനും അവധി ആഘോഷിക്കാനുമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയാൽ വൻ പിഴയായി എട്ടിൻറെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ സ്കൂളിൽനിന്ന് ക്ലാസ് ദിവസങ്ങളിൽ അവധി ആഘോഷിക്കുവാൻ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് 720 പൗണ്ട് പിഴ കിട്ടിയത് മലയാളം യുകെ വാർത്തയാക്കിയിരുന്നു .

സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഗാവിൻ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാർട്ട് ഷിൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമിൽ ഇവരുടെ മക്കളായ മില്ലി , ലെക്സി, ഓസ്കർ എന്നിവർക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് . എന്നാൽ ഇവർ പിഴ ഒടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ കലണ്ടർ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാൻ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമൻസ് അയച്ചിരിക്കുകയാണ് സ്റ്റാഫോർഡ് ഷെയർ ജസ്റ്റിസ് സെൻറർ കോടതി ഇപ്പോൾ .

സ്കൂൾ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റർ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ സ്കൂൾ കലണ്ടർ പരിഗണിച്ചില്ലെങ്കിൽ വൻ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബർ മാസം മുതൽ നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി പിഴ ഉയർത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.