ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിർത്തി. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നാലിനെതിരെ അഞ്ചു വോട്ടുകൾക്ക് നിരക്ക് ഉയർത്താനുള്ള നീക്കം തള്ളി. ഈ അടുത്ത മാസങ്ങളിൽ പണപ്പെരുപ്പം വളരെയധികം കുറഞ്ഞുവെന്നും അത് തുടരുമെന്ന് കരുതുന്നുവെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. പലിശ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ അദ്ദേഹം വോട്ട് ചെയ്തു. പണപ്പെരുപ്പം സാധാരണ നിലയിലാകുമെന്ന് ഉറപ്പുണ്ടാവണം. അതിനാവശ്യമായ തീരുമാനങ്ങൾ തങ്ങൾ തുടർന്നും എടുക്കുമെന്നും ബെയ്‌ലി കൂട്ടിച്ചേർത്തു. അതോടൊപ്പം ആഗസ്റ്റില്‍ പണപ്പെരുപ്പം ആശ്വാസകരമെന്ന നിലയിലേക്ക് താഴ്ന്നത് പലിശ വര്‍ധനയുടെ ഫലമാണെന്ന വാദം ഉയർത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
എട്ടു ശതമാനത്തില്‍ അടുത്ത് നിന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ 6.7 ശതമാനത്തിലേക്ക് താഴ്ന്നത്. അതേസമയം, ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുന്നു എന്ന സാഹചര്യമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മറിച്ചുചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. രണ്ടാഴ്ചയായി ബ്രിട്ടനിലെ റീട്ടെയ്ല്‍ ഇന്ധന വിലയില്‍ ലിറ്ററിന് 15 പെന്‍സില്‍ അധികം വര്‍ദ്ധന ഉണ്ടായതു വിലക്കയറ്റത്തിന് കാരണമാകും. നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും. ഈ സാഹചര്യം മുന്നിൽ കണ്ട് പലിശ ഉയര്‍ത്തിയാലും പണപ്പെരുപ്പം കുതിച്ചുപായുന്നു എന്ന ആരോപണത്തിൽ നിന്ന് രക്ഷപെടാനാണ് ഇപ്പോൾ പലിശ നിരക്ക് പിടിച്ചുനിർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം താഴ്ന്നു നില്‍ക്കുന്നതെന്ന വസ്തുതയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2021 നവംബര്‍ മുതല്‍ കൂട്ടിത്തുടങ്ങിയ പലിശ നിരക്ക് വര്‍ദ്ധന ഇപ്പോള്‍ 14 തവണ ഉയര്‍ത്തിയ ശേഷമാണ് ബ്രേക്ക് എടുക്കാൻ ബാങ്ക് നിര്‍ബന്ധിതമായത്. എങ്കിലും ഈ സാഹചര്യം തുടർന്നാൽ 2025 വേനല്‍ക്കാലം വരെ പണപ്പെരുപ്പം യുകെയില്‍ ഉയര്‍ന്നു നില്‍ക്കും എന്നതാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ ഒക്ടോബർ 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.
കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.
മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .
23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.
35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ, വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .
മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .
Criteria Nurse/Carer of the Year
A-Self nomination or nomination by others
B- anonymously submit the nominations to the judging panel to make the final winners
C- All shortlisted nominations will get recognition
D- Nomination deadline October 5th.
1 (a)-Describe the initiatives undertaken to improve the quality of patient care or patient safety in your work environment last 12 months
maximum 200 words
മലയാളം യുകെ അവാർഡ് നൈറ്റ് 2023 യുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിൻ്റെ വിജയിക്കുള്ള സമ്മാനദാനവും ലോഗോ പ്രകാശനവും സെപ്റ്റംബർ 24 ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മലയാളം യുകെ ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ പൊതു മരാമത്ത് മന്ത്രിയും കടുത്തുരുത്തി നിയോജക മണ്ഡലം MLA യുമായ അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കും.
മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റ് 2023 ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ ആണ് അരങ്ങേറുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന അഞ്ച് പേർക്കെതിരെ യുകെയിൽ ഗൂഢാലോചന കുറ്റം ചുമത്തും. ഓർലിൻ റൂസെവ്, ബൈസർ ദ് ജാംബസോവ്, കാട്രിൻ ഇവാനോവ, ഇവാൻ സ്റ്റോയനോവ്, വന്യ ഗബെറോവ എന്നിവരെ ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 2020 ഓഗസ്റ്റിനും 2023 ഫെബ്രുവരിക്കും ഇടയിൽ ശത്രുവിന് ഉപയോഗപ്രദമാകുന്ന വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ബൾഗേറിയൻ പൗരന്മാർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. മെട്രോപൊളിറ്റൻ പോലീസിന്റെ അന്വേഷണത്തെ തുടർന്നാണ് ഈ നടപടി.
യുകെയിലും യൂറോപ്പിലും സജീവമായി പ്രവർത്തിക്കുകയും റഷ്യൻ ഭരണകൂടത്തിന് വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ലണ്ടനിലെയും നോർഫോക്കിലെയും മൂന്ന് പ്രതികളുടെ താമസസ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ വിവിധ രാജ്യങ്ങളിലെ വ്യാജ പാസ്‌പോർട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖകളും കണ്ടെത്തി. റൂസെവ് സ്വയം വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് ആരോപണം. റൂസെവ്, ഡംബസോവ്, ഇവാനോവ എന്നിവർ വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. അദ്ദേഹം ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.
ഡംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് യുകെയിലേക്ക് മാറിയ ജോഡി, ഒരു കമ്മ്യൂണിറ്റി ഓർഗനൈസേഷൻ നടത്തിയിട്ടുണ്ട്. അവാർഡ് നേടിയ ബ്യൂട്ടീഷ്യനായ 29 കാരിയായ ഗബെറോവ പ്രെറ്റി വുമൺ എന്ന പേരിൽ ഒരു ബിസിനസ്സ് നടത്തുകയും ലാഷ്ബ്രോ മത്സരങ്ങളിൽ വിധികർത്താവുമായിരുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള വിജയാ പാർക്ക് ഹോട്ടലിൽ വരുന്ന ഞായറാഴ്ച്ച പന്ത്രണ്ട് മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കുന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ സന്നിഹിതരാകും.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. .
സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബിബിസി റേഡിയോ ഷോയിൽ എത്തിയ റസ്സൽ ബ്രാൻഡ് തനിക്ക് നേരെ ലിംഗപ്രദർശനം നടത്തിയെന്നും പിന്നെ അതിനെപ്പറ്റി ഷോയിൽ പറഞ്ഞു ചിരിച്ചെന്നും ആരോപണം. 2008 ൽ ലോസ് ഏഞ്ചൽസിലെ ബിബിസിയുടെ അതേ കെട്ടിടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇത് സംഭവിച്ചതെന്ന് യുവതി പറയുന്നു. ഏറ്റവും പുതിയ ആരോപണത്തെക്കുറിച്ച് ബ്രാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെപറ്റി ഇതുവരെ അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹ അവതാരകൻ മാറ്റ് മോർഗൻ ബിബിസിയോട് പറഞ്ഞു.
2008 ജൂൺ 16 ന്, റേഡിയോ 2 ന് വേണ്ടി ദ റസ്സൽ ബ്രാൻഡ് ഷോയുടെ ഒരു എപ്പിസോഡ് മുൻകൂട്ടി റെക്കോർഡുചെയ്യാൻ ബ്രാൻഡ് എത്തിയപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. 2008 ജൂൺ 21-ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ബ്രാൻഡും മോർഗനും തമ്മിൽ ഇതെപ്പറ്റിയുള്ള സംഭാഷണം ഉണ്ട്. തന്റെ വില്ലി ഒരു സ്ത്രീയെ കാണിച്ചു എന്ന് പറഞ്ഞു ഇരുവരും ചിരിക്കുന്നതായി ഷോയിലുണ്ട്.
2019-ൽ യുവതിയുമായി സംസാരിച്ച ഒരു ബിബിസി സ്റ്റാഫ് അംഗം സംഭവത്തെക്കുറിച്ച് ബിബിസി മാനേജ്മെന്റിനെ അറിയിച്ചു. മാനേജ്‌മെന്റിൽ നിന്ന് ആരും തന്നെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും ഔപചാരികമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു. ബ്രാൻഡിനൊപ്പം പ്രവർത്തിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് നിർത്തിയതായും “അദ്ദേഹത്തിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗികാരോപണങ്ങളെക്കുറിച്ച് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്നും” മോർഗൻ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ബിര്‍മിങാമില്‍ താമസിക്കുന്ന ജയരാജ് വാസു (58) നിര്യാതനായി. തൃശൂര്‍ രാമവര്‍മപുരം നെല്ലിക്കാട് സ്വദേശിയായ ജയരാജ് വാസു കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയരാജിൻെറ ജീവൻ ഇതുവരെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്.
ഭാര്യയുടെ ഒപ്പം യുകെയിൽ താമസിക്കുന്ന ജയരാജിൻെറ മൂത്ത മകൻ യുകെയിൽ എത്താൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഹോം ഓഫിസ് അപേക്ഷ നിരസിച്ചു. ഇതിനുപിന്നാലെ വെന്റിലേറ്റര്‍ ഓഫ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആരോഗ്യ വിദഗ്ധര്‍ എത്തുകയായിരുന്നു. സംസ്‍കാരം നാട്ടിൽ വച്ചായിരിക്കും നടത്തുക.
ജയരാജ് വാസുവിൻെറ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പോലീസ് അന്വേഷണവും വിചാരണയും തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി ലൈംഗികാതിക്രമത്തിന് ഇരയായവർ. സർവേയിൽ, ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരിൽ നാലിൽ മൂന്നുപേരും (75%) പോലീസിന്റെ ഇടപെടൽ തങ്ങളെ പ്രതികൂലമായി ബാധിച്ചതായി പറഞ്ഞു. സർക്കാർ ധനസഹായത്തോടെയുള്ള ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ എന്ന പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലും വെയിൽസിലും ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും അതിജീവിച്ച 2,000 പേരെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.
ഇനിയൊരു ബലാത്സംഗം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് 56% പേർ പറഞ്ഞു. “വീണ്ടും ബലാത്സംഗം ചെയ്യപ്പെടുന്നതിനേക്കാൾ എനിക്ക് പോലീസിനെ ഭയമാണ്,” ഒരു അതിജീവിത പറഞ്ഞു. പ്രതികരിച്ചവരിൽ നാലിലൊന്ന് (26%) പേർക്ക് മാത്രമാണ് പോലീസിന്റെ അടുത്ത് സുരക്ഷിതത്വം തോന്നിയത്. ഏകദേശം മൂന്നിലൊന്ന് (31%) ആളുകൾക്ക് എപ്പോഴും ഓഫീസർമാരുടെ അടുത്ത് സുരക്ഷിതത്വം തോന്നിയില്ല.
ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവർക്ക് മോശമായ പോലീസിംഗ് ഉണ്ടാക്കിയ ദോഷം വ്യക്തമാക്കുന്നതാണ് ഈ പഠനം എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ പ്രൊഫസറായ പ്രൊഫസർ കാട്രിൻ ഹോൾ പറഞ്ഞു. ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും ഇരയായവർക്കുള്ള ജുഡീഷ്യൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ ആരംഭിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം വൈകിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനക്. 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള സർക്കാർ സമീപനത്തിൽ നിന്ന് വലിയ മാറ്റമാണ് ഈ തീരുമാനം. ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്യാഷ് ഇൻസെന്റീവുകളുടെ 50% വർദ്ധനയ്‌ക്കൊപ്പം നിരവധി പ്രധാന ഹരിത നയങ്ങളിൽ ഇളവുകളും കാലതാമസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് പ്രതിപക്ഷത്തിൽ നിന്നും ചില വ്യവസായ മേധാവികളിൽ നിന്നും രൂക്ഷമായ വിമർശനത്തിന് കാരണമായി. മാറ്റങ്ങൾ പ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരുന്ന സമയത്തെ പ്രധാന നയങ്ങളിൽ സുനക് മാറ്റം കൊണ്ടുവന്നു.
ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു പ്രസംഗത്തിൽ, ഹരിത നയങ്ങളിൽ അതിവേഗം നീങ്ങുന്നത് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുനക് പറഞ്ഞു.
പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിൽ ഇവ ഉൾപ്പെടുന്നു:
പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിൽ അഞ്ച് വർഷത്തെ കാലതാമസം. അതായത് എല്ലാ പുതിയ കാറുകൾക്കും “സീറോ എമിഷൻ” എന്ന നിബന്ധന 2035 വരെ പ്രാബല്യത്തിൽ വരില്ല.
ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ബോയിലർ അപ്‌ഗ്രേഡ് ഗ്രാന്റ് 50% ഉയർത്തി £7,500 ആക്കും.
2035-ൽ പുതിയ ഗ്യാസ് ബോയിലറുകൾ വിൽക്കുന്നതിനുള്ള നിരോധനം വരും.
അതേസമയം, പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനം നടപ്പാക്കിയില്ലെങ്കിൽ നെറ്റ് സീറോയിലെത്താനുള്ള യു കെയുടെ ലക്ഷ്യം നഷ്ടപ്പെടുമെന്ന് ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, ഈ പ്രഖ്യാപനം നിരാശാജനകമാണെന്ന് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിലക്കയറ്റത്തിൽ അപ്രതീക്ഷിതമായ കുറവ് ഉണ്ടായതിനെതുടർന്ന് രാജ്യത്ത് പലിശ നിരക്ക് വീണ്ടും ഉയർത്താൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ. നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് തുടർച്ചയായി പതിനഞ്ചാമത്തെ വർദ്ധനവ് വ്യാപകമായി പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, വിലക്കയറ്റം അപ്രതീക്ഷിതമായി 6.7% ആയി കുറഞ്ഞുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം പ്രതീക്ഷകൾ മാറി. എന്തായാലും നിരക്ക് നിശ്ചയിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉച്ചയോടെ തീരുമാനം വെളിപ്പെടുത്തും.
യുകെയിലെ പണപ്പെരുപ്പം വരുതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് 2021 ഡിസംബർ മുതൽ നിരക്കുകൾ വർധിപ്പിക്കുന്നു. ഇത് സാധാരണയേക്കാൾ വളരെ കൂടുതലാണ്. മലയാളി കുടുംബങ്ങളെ അടക്കം ഇത് സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നു. പണപ്പെരുപ്പം കുറഞ്ഞതായി പുറത്തുവന്നതിന് ശേഷം യുകെയിലെ പലിശ നിരക്ക് വ്യാഴാഴ്ച മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു. അതേസമയം, പണപ്പെരുപ്പം ഇപ്പോഴും 6.7% ആണെന്നും ബാങ്ക് ലക്ഷ്യമിടുന്നത് പണപെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കാൻ ആണെന്നും അതിനാൽ നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് ഉയർത്തിയാൽ സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം £ 26 അധികം നൽകേണ്ടി വരും. യുകെ ഫിനാൻസിന്റെ കണക്കനുസരിച്ച് എസ്‌വിആർ മോർട്ട്‌ഗേജിലുള്ളവർക്ക് 14.50 പൗണ്ടിന്റെ കുതിപ്പ് നേരിടേണ്ടിവരും. സർക്കാരിനെ സംബന്ധിച്ചിടത്തോളം, നിരക്കുകളിലെ വർദ്ധന പ്രത്യാഘാതമുണ്ടാക്കും. അതായത് രാജ്യത്തിന്റെ കടത്തിന് കൂടുതൽ പലിശ നൽകേണ്ടതായി വരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- പ്രമുഖ ഖാലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണത്തെ തുടർന്ന് ഇന്ത്യ -കാനഡ ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ഈ വർഷം ജൂൺ 18 നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഇപ്പോൾ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ അഭിപ്രായങ്ങളും തികച്ചും അസംബന്ധമാണെന്ന് ഇന്ത്യൻ ഗവൺമെന്റ് പ്രതികരിച്ചിരുന്നു. ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിനു പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പവൻ കുമാർ റായിയാണ് പുറത്താക്കപ്പെട്ടത്. ഈ നീക്കത്തിന് മറുപടിയായി, മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കാനഡയുടെ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യ- കാനഡ ബന്ധം മോശമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും നിലവിലെ ആരോപണങ്ങളെ കുറിച്ച് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ ഇവയെ ഗുരുതരമായ ആരോപണങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരത്തിൽ തർക്കങ്ങൾ ഉടലെടുക്കുമ്പോൾ ഇന്ത്യയും പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം തകരുമോ എന്ന ആശങ്കയും വിദഗ്ധർക്കിടയിൽ നിലനിൽക്കുന്നു. എന്നാൽ ഈ തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ളത് മാത്രമാണെന്നും ഇത് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്