ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീണ്ടും മലയാളി മരണം നടന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . വെയിൽസിലെ അബർ ഹവാനിയിൽ താമസിക്കുന്ന നേഴ്സായ രാജേഷ് ഉത്തമരാജ് ആണ് കുഴഞ്ഞു വീണ് മരിച്ചത്. 51 വയസു മാത്രം പ്രായമുള്ള രാജേഷ് പാലക്കാട് സ്വദേശിയാണ് . നോർത്ത് വെയിൽസിൽ തന്നെ നേഴ്സായ സ്വപ്ന ജോസാണ് രാജേഷിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ്. മകൻ മാർട്ടിൻ രാജേഷ് (15) കോളേജ് വിദ്യാർത്ഥിയും മകൾ ലിസി രാജേഷ് (13 ) പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സനീഷ് ഉത്തമരാജ് (സിങ്കപ്പൂർ).

അപസ്മാരം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ രാജേഷിനെ അലട്ടിയിരുന്നു. പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുകെയിലേയ്ക്ക് മലയാളി കൂടിയേറ്റം വലിയതോതിൽ ആരംഭിച്ച 2001 -ൽ തന്നെ ഇവിടെ എത്തിയ രാജേഷ് വിവിധ കെയർ ഹോമുകളിൽ നേഴ്സ്, ടീം ലീഡർ , ഹോം മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തു വരുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകൾ മൂലം ജോലിക്ക് പോയിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.

യുകെയിലും കേരളത്തിലും ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു രാജേഷ്. കേരളത്തിൽ നിന്ന് ഒട്ടേറെ പേരെ തികച്ചും സൗജന്യമായി യുകെയിൽ ജോലി കണ്ടെത്താൻ രാജേഷ് സഹായിച്ചിരുന്നു. രാജേഷിന്റെ അകാലത്തിലുള്ള വേർപാട് സുഹൃത്തുക്കളുടെ ഇടയിൽ കടുത്ത വേദനയും ഞെട്ടലും ആണ് ഉളവാക്കിയിരിക്കുന്നത്. രോഗവും ജോലിക്ക് പോകാൻ സാധിക്കാതിരുന്നതു മൂലവും അവസാന കാലത്ത് രാജേഷ് സാമ്പത്തികമായി ഒട്ടേറെ ബുദ്ധിമുട്ടിയിരുന്നെന്നാണ് അറിയാൻ സാധിച്ചത്. രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹത്തിൻറെ ഒപ്പം ബെംഗളൂരു രാഗവേന്ദ്ര കോളേജിൽ നേഴ്സിംഗ് പഠിച്ചിരുന്ന സുഹൃത്തുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തിൽ ഗോ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. രാജേഷിന്റെ സംസ്കാര ക്രമീകരണത്തിനായുള്ള ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് ലിങ്കിൽ (https://gofund.me/8bf8c9f7) പ്രവേശിച്ച് ധനസഹായം നൽകാവുന്നതാണ്.

മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബാംഗങ്ങൾ തീരുമാനം എടുത്തിരിക്കുന്നത്.

സംസ്കാര തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

രാജേഷ് ഉത്തമരാജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.