ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്‌കോ ട്ട്‌ലൻഡിൽ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾ പിൻവലിച്ചു. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ ജെനിറ്റർമാരും ക്ലീനർമാറും ഉൾപ്പെടെ 10 കൗൺസിലുകളിലെ അംഗങ്ങൾ പണിമുടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ശമ്പള ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. കൗൺസിലുകൾ പുതിയ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ കരാർ അംഗീകരിച്ചില്ലെങ്കിൽ ജിഎംബി, യൂണിസൺ, യൂണിറ്റ് എന്നീ യൂണിയനുകൾ ഉടൻ നടപടി എടുക്കുമെന്ന് അറിയിച്ചു.
സ്‌കൂളുകളിലെ കാറ്ററിംഗ്, ക്ലീനിംഗ്, വിദ്യാർത്ഥി പിന്തുണ, അഡ്മിനിസ്ട്രേഷൻ, ശുചീകരണ തൊഴിലാളികൾ എന്നിവയുൾപ്പെടെയുള്ള അനധ്യാപക ജീവനക്കാരും വേതന വർദ്ധനവ് എന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മൂന്ന് യൂണിയനുകളും സർക്കാർ നേരത്തെ മുൻപോട്ട് വച്ച ശരാശരി 5.5% എന്ന ശമ്പള വർദ്ധനവ് നിരസിച്ചു. അബെർഡീൻ, ക്ലാക്ക് മന്നൻഷയർ, കോംഹെർലെ നാൻ എയിലൻ സിയാർ, ഡണ്ടി, ഈസ്റ്റ് ഡൺബാർട്ടൺഷയർ, ഫാൽകിർക്ക്, ഗ്ലാസ്‌ഗോ, ഓർക്ക്‌നി, റെൻഫ്രൂഷയർ, സൗത്ത് അയർഷയർ എന്നിവിടങ്ങളിലാണ് സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
32 കൗൺസിൽ ഏരിയകളിൽ 24 ഏരിയകളിലെയും യൂണിസൺ അംഗങ്ങൾ സമരത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അടുത്തയാഴ്ച സ്‌കൂൾ അടച്ചുപൂട്ടിലെന്ന വാർത്ത നിരവധി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസമാകും. എന്നാൽ ചർച്ചകൾ അനുകൂലമായി അവസാനിച്ചില്ലെങ്കിൽ സ്കൂളുകൾ തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജ്യത്ത് ഗർഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും മറ്റും വരുന്ന തെറ്റായ വിവരങ്ങൾ ഇതിന് ഒരു പ്രധാന കാരണമായി സെക്ഷ്വൽ ആൻഡ് റീപ്രൊഡക്റ്റീവ് ഹെൽത്ത് കെയർ ഫാക്കൽറ്റി ആയ ഡോ. സിനാഡ് കുക്ക് ചൂണ്ടിക്കാട്ടി. സ്കോ ട്ട്ലൻഡിലെ അബോർഷന്റെ നിരക്കുകൾ കുതിച്ചുയർന്നതാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്.
2021 നും 2022 നും ഇടയിൽ സ്കോ ട്ട്‌ലൻഡിൽ നടന്ന ഗർഭച്ഛിദ്രങ്ങളുടെ എണ്ണം നേരത്തെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുതിച്ചുയർന്നിരുന്നു. 14 വർഷത്തിനിടയിൽ ആദ്യമായി 16 മുതൽ 19 വയസ്സുവരെയുള്ളവരുടെ ഇടയിൽ അബോർഷൻ നടത്തുന്നതിനായി സമീപിക്കുന്നവരുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചു . സമൂഹമാധ്യമങ്ങളിലൂടെ ഗർഭധാരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് പങ്കാളികൾ ആഗ്രഹിക്കാത ഗർഭധാരണത്തിന് കാരണമാകുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ടിക്ക് ടോക്ക് പോലുള്ള സമൂഹ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിലാണ്. 6 ലക്ഷത്തിലധികം ആളുകൾ കണ്ട ഒരു ടിക്ക് ടോക്ക് വീഡിയോയിൽ ഹോർമോൺ ഗർഭനിരോധന മാർഗം വന്ധ്യതയ്ക്കും ബ്രെയിൻ ട്യൂമറിനും കാരണമാകുന്നതായി അവകാശപ്പെടുന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു സമൂഹ മാധ്യമ അക്കൗണ്ടിൻ്റെ ഉടമ ജനന നിയന്ത്രണം നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു.
സ്വാഭാവികമായ ജനന നിയന്ത്രണ മാർഗങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ ജനകമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് ഒട്ടേറെ പേരെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തൽ . സ്കോ ട്ട്ലൻഡ് നടത്തിയ അബോർഷനുകളുടെ എണ്ണം 2021 – ൽ 13937 ആയിരുന്നത് 2022 – ൽ 16596 ആയി വർദ്ധിച്ചു . ഇതു കൂടാതെ 16 മുതൽ 19 വയസ്സു വരെയുള്ള പ്രായത്തിനിടയിൽ ഗർഭചിദ്രം നടത്തുന്നവരുടെ എണ്ണം 2021 ൽ 1480 ആയിരുന്നത് 2022 ൽ 1899 ആയി ഉയർന്നതും കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് മൂലം ഗർഭധാരണം നടത്തുകയും തുടർന്ന് അബോർഷൻ നടത്തുകയും ചെയ്തവരോട് സംസാരിച്ചപ്പോൾ ഗർഭനിരോധന മാർഗങ്ങളെ കുറിച്ചുള്ള തെറ്റായ ആശങ്കകളാണ് അവർ പങ്കുവച്ചതെന്ന് ഡോ. സിനാദ് കുക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിൽ വധശിക്ഷ നേരിടുന്ന ബ്രിട്ടീഷ് വംശജനായ ജഗ്താർ സിംഗ് ജോഹലിന്റെ കാര്യത്തിൽ ഇടപെടണമെന്ന് ഋഷി സുനകിനോട് എംപിമാരുടെ ക്രോസ്-പാർട്ടി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഡൽഹിയിലേക്ക് പോകുമ്പോൾ ജഗ്താർ സിംഗ് ജോഹലിനെ “ഉടൻ മോചിപ്പിക്കാൻ” നരേന്ദ്ര മോദിയോട് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 70 ലധികം എംപിമാർ ഒരു കത്തിൽ ഒപ്പിട്ടു. ജോഹലിനെ അഞ്ച് വർഷത്തിലേറെയായി “സ്വേച്ഛാപരമായ തടങ്കലിൽ” പാർപ്പിച്ചിരിക്കുകയാണെന്ന് അവർ പറയുന്നു. ഇപ്പോൾ 36 വയസ്സുള്ള മിസ്റ്റർ ജോഹൽ സ്കോട്ട്ലൻഡിലെ ഡംബാർട്ടൺ സ്വദേശിയാണ്. അദ്ദേഹം ഒരു ബ്ലോഗറും സിഖ് മനുഷ്യാവകാശ പ്രചാരകനുമായിരുന്നു.
2017 ഒക്ടോബറിൽ വിവാഹത്തിനായി അദ്ദേഹം ഇന്ത്യയിലേക്ക് പോയപ്പോൾ അറസ്റ്റിലായി എന്നാണ് ക്യാമ്പെയ്‌ൻ ഗ്രൂപ്പായ റിപ്രൈവ് പറയുന്നത്. ഭാര്യയോടൊപ്പം ഷോപ്പിംഗിന് പോകുമ്പോൾ, അദ്ദേഹത്തിന്റെ തല മൂടിക്കെട്ടി, കാറിൽ കയറ്റി കഠിനമായി പീഡിപ്പിക്കുകയും നിർബന്ധിച്ചു കടലാസുകൾ ഒപ്പിടുവിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. “അറസ്റ്റിലായപ്പോൾ, ജഗ്താറിനെ ചോദ്യം ചെയ്തവർ തന്നെ വൈദ്യുതാഘാതമേൽപ്പിച്ചു, പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. പീഡനം അവസാനിപ്പിക്കാൻ, ജഗ്താർ വീഡിയോ മൊഴികൾ രേഖപ്പെടുത്തുകയും ശൂന്യമായ കടലാസിൽ ഒപ്പിടുകയും ചെയ്തു.” – എംപിമാർ അവരുടെ കത്തിൽ ഇപ്രകാരം പറയുന്നു.
ഇന്ത്യയിലെ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കൊലപാതകം, കൊലപാതകത്തിന് ഗൂഢാലോചന തുടങ്ങിയ 10 കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതി നടപടികൾ ആരംഭിച്ചെങ്കിലും പലതവണ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസണും തെരേസ മേയും ഈ കേസ് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയുമായി നല്ല ബന്ധമുള്ള വ്യക്തിയായതിനാൽ സന്ദർശനവേളയിൽ കേസിനെ പറ്റി ഉന്നയിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഗുർപ്രീത് സിംഗ് ജോഹൽ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- റഷ്യൻ പ്രൈവറ്റ് മിലിറ്ററി ഗ്രൂപ്പായ വാഗ്നറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. അതായത് ഈ സംഘടനയിൽ അംഗമാകുകയോ സംഘടനയെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടും. പാർലമെന്റിൽ സമർപ്പിക്കുന്ന കരട് ഉത്തരവ് പ്രകാരം വാഗ്നർ ഗ്രൂപ്പിന്റെ സ്വത്തുക്കൾ തീവ്രവാദ സ്വത്തായി തരംതിരിക്കാനും കണ്ടുകെട്ടാനും നിയമപ്രകാരം അനുമതി ഉണ്ടാകും.
വ്ളാടിമിർ പുടിന്റെ റഷ്യയുടെ ഒരു ഉപകരണമായ വാഗ്നർ തികച്ചും അക്രമാസക്തമാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഉക്രൈനിലും ആഫ്രിക്കയിലുമുള്ള വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനം ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ വ്യക്തമാക്കി. വാഗ്നറുടെ തുടർച്ചയായ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ക്രെംലിനിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രമാണ്. അവർ തീവ്രവാദികൾ ആണെന്നും അതിനാൽ തന്നെ അവരെ നിരോധിക്കേണ്ടത് ആവശ്യമാണെന്നും ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേർത്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിലും, സിറിയയിലും ആഫ്രിക്കയിലെ ലിബിയയും മാലിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലുമുള്ള അധിനിവേശങ്ങളിലും വാഗ്നർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉക്രേനിയൻ പൗരന്മാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ വാഗ്നർ ഗ്രൂപ്പിന്റെ പോരാളികൾ നടത്തിയിട്ടുണ്ട്.
2020ൽ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്ക് ചുറ്റും വാഗ്നർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതായി യുഎസ് ആരോപിച്ചു. അതോടൊപ്പം തന്നെ ജൂലൈയിൽ മാലിയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും വാഗ്നർ സംഘം കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി ബ്രിട്ടനും ആരോപിച്ചു. എന്നാൽ റഷ്യൻ ഗവൺമെന്റിനും നേതാക്കൾക്കും എതിരെ വാഗ്നർ ഗ്രൂപ്പ് നേതാവ് യെവ്ജെനി പ്രിഗോഷിൻ കലാപം നടത്തുവാൻ പരിശ്രമിച്ചതോടെ ഗ്രൂപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. 2014 ൽ വാഗ്നർ ഗ്രൂപ്പ് സ്ഥാപിച്ച പ്രിഗോഷിൻ ഈ വർഷം ഓഗസ്റ്റ് 23 ന് മറ്റ് വാഗ്നർ നേതാക്കൾക്കൊപ്പം സംശയാസ്പദമായ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുകെയിലെ മറ്റ് നിരോധിത സംഘടനകളായ ഹമാസ്, ബോക്കോ ഹറാം എന്നിവയ്‌ക്കൊപ്പം വാഗ്നർ ഗ്രൂപ്പിന്റെ പേരും ചേർക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ മരണം അപകടമെന്ന് അവകാശപ്പെട്ട് കുട്ടിയുടെ മുത്തച്ഛൻ രംഗത്ത്. സാറയുടെ പിതാവായ ഉർഫാൻ ഷെരീഫിന്റെ പിതാവായ മുഹമ്മദ് ഷെരീഫ്, പാക്കിസ്ഥാനിലെത്തിയതിന് ശേഷം ഉർഫാൻ ഷെരീഫിനെ കണ്ടതായി വെളിപ്പെടുത്തി. സാറയുടെ മരണം അപകടം ആയിരുന്നെന്നും എന്നാൽ അത് എങ്ങനെ സംഭവിച്ചെന്ന് തന്നോട് പറഞ്ഞില്ലെന്നും മുഹമ്മദ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ ഭയന്നാണ് ഉർഫാൻ യുകെ വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. 41 കാരനായ ഉർഫാൻ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഉർഫാനും പങ്കാളിക്കും സഹോദരനുമായി പാകിസ്ഥാൻ പോലീസ് ആഴ്ചകളായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും അവരെ കണ്ടെത്താൻ ആയിട്ടില്ല. അന്വേഷണത്തിൻെറ ഭാഗമായി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉർഫാന്റെ സഹോദരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഉർഫാന്റെ പാകിസ്ഥാനിലുള്ള കുടുംബം ലാഹോർ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയർന്നു. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലുള്ള ഇന്ധന വില വർദ്ധനവിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. പെട്രോളിന്റെ വില ഒരു ലിറ്ററിന് 7 P ആണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിനുള്ള ചിലവ് 4 പൗണ്ട് ഓളം വർദ്ധിച്ചത് വാഹന ഉടമകൾക്ക് കനത്ത ഇരട്ടടിയായി.
ഡീസലിന്റെ വില വർദ്ധനവ് 8 P ആണ് . ഇതോടെ ഡീസൽ വാഹന ഉടമകൾ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ 4.41പൗണ്ട് കൂടുതൽ നൽകേണ്ടതായി വരും. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ഇന്ധന വില വർദ്ധധനവ് കനത്തതാകുമെന്ന ആശങ്കയും ശക്തമാണ്. ഉക്രൈൻ -റഷ്യ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ഉയർന്നത് നേരത്തെ തന്നെ ഇന്ധന വിലവർദ്ധനവിന് കാരണമായിരുന്നു. ഈ വർഷമാദ്യം എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണ വില ബാരലിന് 12 ഡോളർ വർദ്ധിച്ച് 87 ഡോളറിലെത്താൻ കാരണമായിരുന്നു.
വാഹന ഉപഭോക്താക്കൾ ശ്രമിക്കുകയാണെങ്കിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്ന് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ധനത്തിന്റെ ഉപയോഗം പരമാവധി ലഘൂകരിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ വേഗത 45 -50 Mph ആണ്. ആവശ്യമല്ലെങ്കിൽ കാറിൻറെ എയർകണ്ടീഷനിങ് പ്രവർത്തിക്കാതിരിക്കുന്നത് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള ഒരു മാർഗ്ഗമാണ്. എ സി പ്രവർത്തിക്കുകയാണെങ്കിൽ 10% വരെ ഇന്ധനത്തിന്റെ ഉപയോഗം വർദ്ധിക്കും. ടയറിന്റെ മർദ്ദം പതിവായി പരിശോധിക്കുന്നതും ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നത് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നതിന് സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉയർന്ന താപനിലയെ തുടർന്ന് ഹീറ്റ് ഹെൽത്ത് അലർട്ട് നൽകി വിദഗ്ദ്ധർ. ഈ ആഴ്ച ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും താപനില 32C (89.6F) വരെ ഉയരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഞായറാഴ്ച് രാത്രി 9:00 മണിവരെയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി യുകെയുടെ ഏഴ് പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ ഉള്ളവരായിരിക്കണമെന്നും അവർ അറിയിച്ചു.
വെയിൽസിലെ താപനിലയും ഉയരും, അതേസമയം സ്‌കോ ട്ട്‌ലൻഡിന്റെയും വടക്കൻ അയർലൻഡിന്റെയും ചില ഭാഗങ്ങളിൽ താപനില അനിയന്ത്രിതമായി ഉയരും. ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ, ഹംബർ എന്നീ മേഖലകളിലാണ് നിലവിൽ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സൗത്തേൺ ഇംഗ്ലണ്ടിലും, സൗത്ത് ഈസ്റ്റ് വെയിൽസിലും തിങ്കളാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ വർഷം ജൂലൈയിൽ അന്തരീക്ഷത്തിൽ ശരാശരിയേക്കാൾ ഈർപ്പവും തണുപ്പും ഉണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് യുകെയിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായിരുന്നു ഈ വർഷം കടന്നുപോയത്. ഇന്ന് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച പകുതിയോടെ താപനില സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് ഉഷ്ണതരംഗങ്ങൾ ഈ നിലയിൽ ഉണ്ടാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ വർഷം യുകെയിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് ഇസ്രായേലി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മെഡിറ്ററേനിയൻ ദ്വീപിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി, സെപ്തംബർ 3 ന് റിസോർട്ട് പട്ടണമായ അയ്യ നാപ്പയിലെ ഹോട്ടലിൽ വച്ചാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരയായ 20 കാരിയായ യുവതി പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായവരിൽ 19-ഉം 20-ഉം വയസ്സുള്ള പുരുഷന്മാരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2019 ജൂലൈയിൽ 12 ഇസ്രായേലി പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തതായി ഒരു ബ്രിട്ടീഷ് യുവതി നുണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശിക്ഷ ലഭിച്ച ഇവർ കഴിഞ്ഞ വർഷമാണ് കുറ്റവിമുക്തയായത്. കേസിലെ സത്യാവസ്ഥ പുറത്തുവന്ന പശ്ചാത്തലത്തിൽ അറസ്റ്റിലായവരെ വിട്ടയക്കുകയായിരുന്നു. ഇവരെ വിചാരണ ചെയ്‌തിരുന്നില്ല.
വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്ന അവസരത്തിൽ ബ്രിട്ടീഷ് യുവതികൾ ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും കുറ്റകൃത്യങ്ങളുടെ കണക്കുകൾ അനുസരിച്ച് ചില രാജ്യങ്ങളിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കൂളിൽ വച്ച് അധ്യാപകനെ കുത്തികൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പതിനഞ്ചു വയസ്സുകാരൻ. ജൂലൈ 10 നാണ് ഗ്ലൗസെസ്റ്റർഷെയറിലെ ടെവ്‌ക്‌സ്‌ബറി അക്കാദമിയിൽ ഗണിത അധ്യാപകൻ ജാമി സാൻസോമിയെയാണ് കുത്തേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറിന് ശേഷം മൂന്ന് മൈൽ (4.8 കി.മീ) ദൂരെ നിന്ന് പോലീസ് പ്രതിയെ പിടികൂടുകയും ചെയ്‌തു. ഇയാളുടെ കൈവശം കത്തിയും ഉണ്ടായിരുന്നു.
നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. ഇയാൾ ബ്രിസ്റ്റോൾ മജിസ്‌ട്രേറ്റ് കോടതിയിൽ മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിച്ചതായി സമ്മതിച്ചു. ആക്രമണത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ അക്കാദമി പൂട്ടിയിട്ടു. സമീപത്തെ രണ്ട് സ്കൂളുകളോടും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2017 മുതൽ സ്‌കൂളിൽ കണക്ക് പഠിപ്പിച്ചു വരികയാണ് ആക്രമണത്തിന് ഇരയായ ജാമി സാൻസോം. ഇദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി സുഖം പ്രാപിച്ച് വരികയാണ്. സെപ്റ്റംബർ 28 ന് ചെൽട്ടൻഹാം യൂത്ത് കോടതിയിൽ വിധി കേൾക്കുന്നത് വരെ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ദുരുപയോഗം ആരോപണ വിധേയരായ പിതാക്കന്മാർക്ക് മക്കളുമായി ബന്ധപ്പെടാൻ കുടുംബ കോടതി അനുമതി നൽകിയതിനെത്തുടർന്ന് അഞ്ച് അമ്മമാർ മരിച്ചുവെന്ന് കണ്ടെത്തൽ. ബിബിസി അന്വേഷണത്തിലാണ് ഈ വിവരം. ചിലർ ജീവനൊടുക്കിയപ്പോൾ മറ്റൊരാൾക്ക് കോടതിക്ക് പുറത്ത് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രത്യേക പഠനത്തിൽ 75 കുട്ടികൾ, മുമ്പ് തങ്ങളെ ദുരുപയോഗം ചെയ്ത പിതാവുമായി വീണ്ടും താമസിക്കാൻ നിർബന്ധിതരായതായി കണ്ടെത്തി. കുടുംബ കോടതി നടപടികളുടെ സമ്മർദം മൂലം 45 ഓളം അമ്മമാർക്ക് ഗർഭം അലസൽ, ഹൃദയാഘാതം, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
പീഡോഫിലുകളായ പിതാക്കാന്മാർക്ക് കുട്ടികളെ കാണാൻ വീണ്ടും അവസരം നൽകുന്നത് തെറ്റായ നടപടിയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എലിസബത്ത് ഡാൽഗാർനോ പറഞ്ഞു. കുടുംബ കോടതികൾ ഗാർഹിക പീഡന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിപുലമായ അന്വേഷണമാണ് നടന്നത്. കുടുംബ കോടതികളിൽ “അടിയന്തരവും വ്യാപകവുമായ പരിഷ്കരണം” ആവശ്യമാണെന്ന് ഡോമെസ്റ്റിക് അബ്യൂസ് കമ്മീഷണർ നിക്കോൾ ജേക്കബ്സ് പറഞ്ഞു.
45 സ്ത്രീകൾക്കും അവരുടെ 75 കുട്ടികൾക്കും ഇടയിൽ മാഞ്ചസ്റ്റർ സർവകലാശാല ഗാർഹിക പീഡന ഗവേഷണ ഗ്രൂപ്പായ ഷെറയുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ഫാമിലി ട്രോമ, ചൈൽഡ് കസ്റ്റഡി, ചൈൽഡ് ഡെവലപ്‌മെന്റ് ജേണലിൽ ഉടൻ പ്രസിദ്ധീകരിക്കും. സ്വകാര്യ നിയമ കേസുകളിലെ അമ്മമാർക്ക് കോടതിയിൽ പിന്തുണ ലഭിച്ചില്ലെന്ന് പ്രധാന ഗവേഷകനായ ഡോ ഡാൽഗാർനോ പറയുന്നു. ഓരോ വർഷവും 55,000 സ്വകാര്യ നിയമ കുടുംബ കോടതി കേസുകളിൽ 70 ശതമാനവും ദുരുപയോഗ ആരോപണങ്ങൾ ഉൾക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു. കുടുംബ കോടതികളിൽ സമാനമായ അനുഭവങ്ങളുമായി മല്ലിടുന്ന ആയിരക്കണക്കിന് സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലേബർ ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്പ് പറഞ്ഞു.