Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലണ്ടനിൽ തീ പിടിച്ച സംഭവത്തിൽ മരണം മൂന്നായതായി പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് ക്രോയ്‌ഡോണിൽ രണ്ട് നില കെട്ടിടത്തിൽ തീ പിടിച്ചത്. സംഭവ സ്ഥലത്ത് തീപിടിത്തം ഉണ്ടായതിന് പിന്നാലെ രണ്ട് പേർ മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. മുപ്പത് വയസ്സുള്ള ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. തീ പിടിത്തത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളെ ഡിസ്ചാർജ് ചെയ്‌തു. മറ്റൊരാൾ ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ ആണ്.

മരിച്ചവരും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും പോളിഷ് പൗരന്മാരാണെന്ന് പോലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം പോലീസും ലണ്ടൻ അഗ്നിശമന സേനയും അന്വേഷിച്ചുവരികയാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോഴെന്ന് സൗത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ (ബിസിയു) ചീഫ് ഇൻസ്‌പെക്ടർ ഇമ്രാൻ അസ്ഗർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ സെൻറ് പാൻക്രാസ് ഇൻറർനാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റർ സർവീസുകൾ നിർത്തിവച്ചു. ട്രെയിൻ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ട്രെയിനുകൾ നിർത്തിവയ്ക്കേണ്ടതായി വന്നത്. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടത് ഒട്ടേറെ പേരുടെ അവധിക്കാല യാത്രകളെയും പുതുവത്സരാഘോഷങ്ങളെയും പ്രതികൂലമായി ബാധിക്കും.

ഇതുവരെ 29 സർവീസുകളെങ്കിലും നിർത്തലാക്കിയിട്ടുണ്ട്. ട്രെയിൻ സർവീസുകൾ പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ കഠിന പരിശ്രമമാണ് നടത്തുന്നത്. എന്നാൽ കൂടുതൽ താമസമുണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടുന്നത്. ട്രെയിൻ സർവീസുകൾ നിർത്തലാക്കിയത് സിഡ്നി ലാൻഡിലേയ്ക്കുള്ള പുതുവർഷ യാത്രകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ലണ്ടനിൽ നിന്ന് പാരീസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കാണ് യൂറോസ്റ്റർ പ്രധാനമായും സർവീസുകൾ നടത്തുന്നത്. ട്രെയിൻ സർവീസുകൾ മുടങ്ങിയ യാത്രക്കാർക്ക് റീഫണ്ടിങ്ങിനോ ടിക്കറ്റുകൾ മറ്റൊരു തീയതിയിലേയ്ക്ക് മാറ്റുന്നതിനുമുള്ള അർഹതയുണ്ടെന്ന് യൂറോസ്റ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളം നീക്കം ചെയ്യാൻ എൻജിനീയർമാർ രാത്രി മുഴുവൻ പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ . നിരവധി പമ്പുകളും മറ്റു ഉപകരണങ്ങളും വെള്ളം നീക്കുന്നതിനായി എത്തിച്ചിട്ടുണ്ട്. യാത്രക്കാർ എത്രമാത്രം നിരാശരാണെന്നത് മനസ്സിലാക്കുന്നതായും വർഷത്തിലെ ഇത്രയും പ്രധാനപ്പെട്ട സമയത്ത് ഉണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും യൂറോസ്റ്റർ അധികൃതർ പറഞ്ഞു.
Corrected

ന്യൂസ് ഡെസ്ക് മലയാളം യുകെ

പലപ്പോഴും വിമാന യാത്രക്കാർക്ക് വ്യോമ ഗതാഗത നിയമങ്ങളെക്കുറിച്ച് മതിയായ ധാരണ ഇല്ലാത്തത് ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. യാത്രാ സമയത്ത് സ്വന്തം ആവശ്യത്തിനായും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും കൊണ്ടുപോകുന്ന പല സാധനങ്ങളും അനുവദനീയമല്ലെന്നതിന്റെ പേരിൽ അവസാനം നിമിഷം ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ സങ്കടം ഒന്ന് വേറെ തന്നെയാണ്. വിമാനയാത്രാ സമയത്ത് ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . പലപ്പോഴും ചട്ടങ്ങളും നിയമങ്ങളും സുരക്ഷാ മുൻകരുതലുകളുടെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നടപ്പിൽ വരുത്തുന്നതെങ്കിലും അത് യാത്രക്കാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒട്ടേറെയാണ് .

അടുത്തവർഷം മുതൽ ഹാൻഡ് ലഗേജിൽ 2 ലിറ്റർ വരെ കുടിക്കാനുള്ള വെള്ളം ഉൾപ്പെടെയുള്ള ദ്രാവകങ്ങൾ
കൊണ്ടുപോകാമെന്നതാണ് പ്രധാനമായ മാറ്റം. നേരത്തെ ഇത് 100 മില്ലി ലിറ്റർ മാത്രമായിരുന്നു. ബോർഡിങ് പാസ് കിട്ടി വിമാനത്തിൽ പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്ന സമയത്ത് പെട്ടെന്ന് ദാഹം മാറ്റാൻ ഇതുമൂലം യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കുട്ടികളുമായി മറ്റും യാത്ര ചെയ്യുന്നവർക്ക് നിലവിലെ നിയമം കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത് .

ഇത് കൂടാതെ വലിയ ടോയ്‌ലറ്ററികൾ കൊണ്ടുപോകാനും യാത്രക്കാർക്ക് അനുവാദം ഉണ്ട് . ഇത് മൂലം ചിലവ് കൂടിയ പാക്കേജ് ടോയ്ലറ്ററികൾ മേടിക്കുന്നത് ഒഴിവാക്കാനാവും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നവരുടെ പാസ്പോർട്ടിന് 10 വർഷത്തിൽ താഴെ മാത്രം പഴക്കമെ പാടുള്ളൂ എന്ന പുതിയ നിയമവും നിലവിൽ വരും. ബ്രെക്സിറ്റ് നിലവിൽ വന്നതിനു ശേഷം യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം നിലവിൽ വന്നിരിക്കുന്നത്. പല നിയമങ്ങളെക്കുറിച്ചും എയർപോർട്ട് ജീവനക്കാർക്ക് തന്നെ വ്യക്തത കുറവ് ഉള്ള സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാർ തങ്ങളുടെ പക്കൽ വ്യക്തമായ രേഖകൾ സൂക്ഷിച്ചിരിക്കണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ പ്രധാനമായും നൽകുന്നത്. യുകെയിൽ നിന്ന് രണ്ട് ലിറ്റർ വെള്ളം ഹാൻഡ് ബാഗിൽ കൊണ്ടുപോകാമെങ്കിലും തിരിച്ചുള്ള യാത്രയിൽ അതാതു രാജ്യത്തിൻറെ നിയമം അനുസരിച്ചായിരിക്കും യാത്രക്കാർക്ക് സാധ്യമാകുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ചില ഭാഗങ്ങളിൽ ഗർഭിണിയാകുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സയ്ക്ക് 35 വയസ്സ് എന്ന പ്രായപരിധി ഏർപ്പെടുത്തിയിട്ടുള്ളത് തികച്ചും ക്രൂരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 40 വയസ്സ് വരെ പ്രായമുള്ള രോഗികൾക്ക്, അവർ രണ്ട് വർഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നത് പരാജയപ്പെടുകയോ അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെടുകയോ ചെയ്താൽ അവർക്ക് മൂന്ന് സൗജന്യ ഐ വി എഫ് സൈക്കിളുകൾ എൻ എച്ച് എസ് നൽകണമെന്നാണ് ഗൈഡ് ലൈനുകൾ അനുശാസിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസിന്റെ മാർഗ്ഗനിർദ്ദേശങ്ങളും 42 വയസ്സ് വരെ ഫെർട്ടിലിറ്റി ചികിത്സ നൽകണമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബ്രിട്ടനിൽ ചില ഭാഗങ്ങളിൽ 35 വയസ്സ് വരെ മാത്രമേ ഐ വി എഫ് അനുവദിക്കൂ എന്ന തരത്തിൽ നടന്നുവരുന്നത് സാധാരണക്കാരെ തികച്ചും ദുഷ്കരമായ സാഹചര്യത്തിൽ എത്തിച്ചിട്ടുണ്ട്. ഇത് സാധാരണ ദമ്പതികളെ സ്വകാര്യ ക്ലിനിക്കുകളിൽ ആയിരക്കണക്കിന് പൗണ്ട് നൽകുന്നതിലേക്കും, കുടുംബം തുടങ്ങാനുള്ള അവരുടെ പ്രതീക്ഷകൾ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കും എത്തിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെർട്ടിലിറ്റി സപ്പോർട്ട് ഗ്രൂപ്പായ ഫെർട്ടിലിറ്റി നെറ്റ്‌വർക്ക് യു കെ ആരോഗ്യ സേവനങ്ങൾ ക്രമീകരിക്കുകയും പ്രാദേശിക എൻ എച്ച് എസ് ബജറ്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളായ ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ ഐ വി എഫിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.

എൻഎച്ച്എസ് ഹാംഷെയർ, ഐൽ ഓഫ് വൈറ്റ് ഐസിബി, ബക്കിംഗ്ഹാംഷയർ, ഓക്സ്ഫോർഡ്ഷയർ, വെസ്റ്റ് ബെർക്ക്ഷയർ ഐസിബി, എൻഎച്ച്എസ് ഫ്രിംലി ഐസിബി എന്നിവയ്ക്കുള്ളിൽ എല്ലാം തന്നെ പ്രായപരിധി 35 ആണെന്ന് കണ്ടെത്തിയത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. തന്റെ മുപ്പത്തിയൊമ്പതാം വയസ്സിൽ 15000 പൗണ്ട് ചിലവാക്കിയാണ് തനിക്ക് ഒരു കുഞ്ഞിനെ ലഭിച്ചതെന്ന് എമ്മ ബക്ക് എന്ന യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ സ്ഥലങ്ങളിലെല്ലാം തന്നെ ഈ തീരുമാനത്തെ സംബന്ധിച്ച് ഉടൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗിയും ആരോഗ്യപ്രവർത്തകരും തമ്മിൽ ഫലപ്രദമായ ആശയവിനിമയം നടക്കാതെ പോകുന്നത് മൂലം ഗുരുതര ഭവിഷ്യത്തുകളാണ് പലപ്പോഴും സംഭവിക്കുന്നത്. ബധിരരും സംസാരശേഷിയും ഇല്ലാത്തവരാണ് ഈ പ്രശ്നങ്ങൾക്ക് ഇരയാകുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള വൈദ്യസഹായം എത്തിക്കുന്നതിൽ നേരിടുന്ന കാലതാമസം ജീവൻ തന്നെ അപായപ്പെടുത്തിയേക്കാം. തെറ്റായ ആശയവിനിമയം മൂലം മരുന്നുകൾ മാറ്റി കൊടുക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള അടിയന്തിര നടപടികൾക്ക് എൻഎച്ച്എസ് തുടക്കം കുറിച്ചു.


ഇതിൻറെ പ്രാരംഭനടപടിയായി നേഴ്സിംഗ് വിദ്യാർത്ഥികളും പാരാമെഡിക്കലും ഉൾപ്പെടെയുള്ള 240 ആരോഗ്യ പ്രവർത്തകർ ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് (UWE ) പ്രത്യേക പാഠ്യ പദ്ധതിയിൽ പരിശീലനം നേടി. ബ്രിസ്റ്റോൾ സെൻറർ ഫോർ ഡെഫിലെ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുത്തത്. പരിശീലനം നേടിയവരിൽ നേഴ്സിംഗ് വിദ്യാർത്ഥികളെ കൂടാതെ പാരാമെഡിക്കുകൾ, മിഡ് വൈഫർമാർ , റേഡിയോഗ്രാഫർമാർ , ഒപ്റ്റോമെട്രിസ്റ്റുകൾ, ഓപ്പറേഷൻ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരും ഉൾപ്പെടുന്നു .

പലപ്പോഴും ആശയവിനിമയത്തിലെ പിഴവുമൂലം ജിപികൾ തെറ്റായ മരുന്നിൻറെ കുറിപ്പടികൾ നൽകുന്നതായി തന്റെ സ്വന്തം അനുഭവം മുൻനിർത്തി ബധിരനായ പ്രധാന പരിശീലകൻ മിസ്റ്റർ ഗിർ വെളിപ്പെടുത്തി. യുകെയിൽ ഏകദേശം 9 ദശലക്ഷം ആളുകൾ ബധിരരോ കേൾവി കുറവ് ഉള്ളവരോ ആണ് . ബധിരരും കേൾവി കുറവുള്ളവരുമായ ആളുകളെ കുറിച്ച് പൊതുവിജ്ഞാനവും അവബോധവും മെച്ചപ്പെടുത്താൻ ഈ പരിശീലന പദ്ധതി സഹായിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ കോവിഡും പനിയും ബാധിച്ചുള്ള രോഗികളുടെ എണ്ണം കുതിച്ചുരുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ ആഴ്ചയിൽ ശരാശരി 3631 കോവിഡ് രോഗികളാണ് ആശുപത്രികളിൽ ഉണ്ടായിരുന്നത് . നവംബർ അവസാന വാരത്തിൽ ഉണ്ടായിരുന്നതിനെക്കാൾ 57 % വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അതുപോലെതന്നെ നോറോ വൈറസ് കേസുകൾ കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് 61 % ആണ് വർദ്ധിച്ചത്. ഇതുകൂടാതെയാണ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ്. ഡിസംബർ 24 വരെയുള്ള കാലയളവിൽ ഓരോ ദിവസവും ശരാശരി 942 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിൽ 48 പേർ തീവ്ര പരിചരണം ആവശ്യമായ രോഗികളാണ്. ഈ കണക്കുകൾ നവംബർ മാസത്തെ അപേക്ഷിച്ച് 6 ഇരട്ടി കൂടുതലാണ്.

കോവിഡും പനിയും മൂലം എൻഎച്ച്എസ് നേരിട്ട സമ്മർദ്ദത്തിന്റെ ഭാരം കൂടുതൽ ഏറ്റുവാങ്ങിയത് യുകെയിലെ മലയാളി നേഴ്സുമാരാണ്. പലരുടെയും ക്രിസ്തുമസ് ആശുപത്രികളിലായിരുന്നു. തദ്ദേശീയരായ എൻഎച്ച്എസ് ജീവനക്കാരിൽ ഒട്ടുമിക്കവരും ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അവധിയിലായിരുന്നപ്പോൾ കോവിഡ് രോഗികളുടെയും പനി ബാധിതരുടെയും എണ്ണം കുതിച്ചുയർന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നേഴ്സുമാരെ ക ടുത്ത ദുരിതത്തിൽ ആക്കി . പല ഹോസ്പിറ്റലുകളിലും അസുഖം ഭേദമായിട്ടും രോഗികൾക്ക് ഹോസ്പിറ്റലുകളിൽ കഴിയേണ്ടതായി വന്നു. 10,000 പേർക്കാണ് ഇങ്ങനെ ക്രിസ്തുമസിന് ഹോസ്പിറ്റലിൽ തങ്ങേണ്ടതായി വന്നത്. ക്രിസ്തുമസ് തലേന്ന് ആശുപത്രി വിടാൻ യോഗ്യരായ 18,669 രോഗികളിൽ 8,667 പേർ മാത്രമാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ഇതിന് പുറമെയാണ് കോവിഡ് ജീവനക്കാർക്ക് പിടിപെട്ടത് മൂലം നേരിടുന്ന പ്രശ്നങ്ങൾ . കഴിഞ്ഞ ആഴ്ച മാത്രം ശരാശരി 2,597 ജീവനക്കാർക്കാണ് കോവിഡ് പിടിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

6 മാസം മുമ്പു മാത്രം യുകെയിൽ എത്തി അകാലത്തിൽ വിടപറഞ്ഞ ബോബിൻ ചെറിയാന്റെ പൊതുദർശനം എക്സിറ്ററിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ വച്ച് നടന്നു. ഫാ. സണ്ണി പോളും ഫാ. രാജേഷ് എബ്രഹാമും ആണ് പ്രാർത്ഥനാ സുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. വെറും 43 -മത്തെ വയസിലാണ് ബോബിൻ ഈ ലോക ജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. യുകെയിലെത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂവെങ്കിലും എക്സിറ്ററിലെ മലയാളി സമൂഹവുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ ബോബിനായിരുന്നു.

ബോബിന്റെ നിര്യാണത്തോടെ ഒറ്റപ്പെട്ടുപോയ ഭാര്യ നിഷയെയും ഒമ്പതും അഞ്ചും വയസ്സായ മകളെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമത്തിലായിരുന്നു എല്ലാവരും .

കുടുംബത്തിനൊപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതുവർഷത്തിൽ വീണ്ടും പണിമുടക്കിനായി യുകെയിലെ എന്‍എച്ച്എസ് നേഴ്സുമാര്‍ തയ്യാറെടുക്കുന്നതായുള്ള വാർത്തകൾ പുറത്ത്. ഇതിന് പിന്നാലെ മാസങ്ങൾക്ക് മുൻപ് നാമമാത്രമായി വാഗ്‌ദാനം ചെയ്‌ത ശമ്പള വർധനവിൽ തങ്ങൾ തൃപ്‌തരല്ലെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് (ആര്‍സിഎന്‍) പറഞ്ഞു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും പണിമുടക്കെന്ന് ആര്‍സിഎന്‍ സൂചന നൽകിയിട്ടുണ്ട്. 2023 ൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നേഴ്‌സിംഗ് യൂണിയനുകൾ പണിമുടക്കുകൾ നടത്തിയിരുന്നു. എന്നാൽ സർക്കാർ തുച്ഛമായ ശമ്പള വര്‍ദ്ധനവ് മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ പറഞ്ഞു.

അതേസമയം നാമമാത്രമായി ശമ്പളവർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് കൂടുതൽ നടപടികൾ വേണമെന്ന ആവശ്യവുമായി ആർസിഎൻ രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ തങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്യുന്നതെന്ന് ആർസിഎൻ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പാറ്റ്‌ കുള്ളന്‍ പറയുന്നു.

2024 ല്‍ നേഴ്സുമാര്‍ക്ക് മാന്യമായ വരുമാനത്തോടൊപ്പം സുരക്ഷിതമായ രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യവും ഒരുക്കണമെന്നാണ് നേഴ്‌സിംഗ് യുണിയൻെറ ആവശ്യം. നിലവിൽ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 40,000 ത്തിലേറെ നേഴ്‌സിംഗ് ഒഴിവുകൾ ആണ് ഉള്ളത്. അതിനാൽ ഓരോ ജീവനക്കാർക്കും പ്രതിദിനം 10 മുതല്‍ 15 രോഗികളെ വരെ പരിചരിക്കേണ്ടതായി വരുന്നു. 2024 തെരഞ്ഞെടുപ്പ് വർഷമായതിനാൽ യുകെയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ശമ്പളവർദ്ധന വിഷയത്തിൽ ഇടപെടൽ നടത്താൻ ക്ഷണിക്കുമെന്നും പാറ്റ് കുള്ളൻ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സെൻട്രൽ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിന്റെ ക്ലോക്ക് ടവറിലെ മണിനാദം ബ്രിട്ടീഷുകാരുടെ ന്യൂ ഇയർ ആഘോഷങ്ങളുടെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. ബിഗ് ബെൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൂറ്റൻ മണിയുടെ മണിനാദങ്ങൾ ബിബിസി പ്രക്ഷേപണം ചെയ്തിട്ട് 2024 -ൽ 100 വർഷങ്ങൾ തികയുകയാണ്. ഓരോ പുതിയ വർഷങ്ങളെയും വരവേൽക്കാനുള്ള സ്വീകരണ ഗാനമായാണ് ഈ മണിനാദങ്ങളെ ബിബിസി പ്രക്ഷേപണം ചെയ്യുന്നത്. 2012 വരെ ക്ലോക്ക് ടവർ എന്നറിയപ്പെട്ടിരുന്ന ഈ ടവറിന്, എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയോടുള്ള ബഹുമാനം സൂചകമായി പിന്നീട് എലിസബത്ത് ടവർ എന്ന പേര് നൽകുകയായിരുന്നു.

1923-ലെ പുതുവത്സര രാവിലാണ്, ബിബിസി എഞ്ചിനീയർ എജി ഡ്രൈലാൻഡ് ബിഗ് ബെന്നിന്റെയും ക്വാർട്ടർ ബെല്ലൂകളുടെയും സ്‌ട്രൈക്കുകൾ റെക്കോർഡു ചെയ്യാൻ മൈക്കുമായി പാർലമെന്റ് ഹൗസുകൾക്ക് എതിർവശത്തുള്ള മേൽക്കൂരയിൽ കയറിയത്. അതിനുശേഷം, എല്ലാ വർഷവും രാജ്യത്തിന്റെ ടൈംപീസ് ശബ്ദങ്ങളായി ഇവ ഓരോ പുതുവത്സര രാവുകളിലും പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്.


പ്രശസ്തമായ ഈ ക്ലോക്ക് ടവറിലെ ഏറ്റവും വലിയ മണിക്കാണ് ബിഗ് ബെൻ എന്ന പേര് വിളിക്കുന്നതെങ്കിലും, പൊതുവേ ഈ ക്ലോക്ക് ടവർ തന്നെ ബിഗ് ബെൻ എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 96 മീറ്ററോളം ഉയരമാണ് ഈ ക്ലോക്ക് ടവറിന് ഉള്ളത്. ബിഗ് ബെൻ എന്നറിയപ്പെടുന്ന വലിയ മണി കൂടാതെ, ക്വാർട്ടർ ബെല്ലുകൾ എന്നറിയപ്പെടുന്ന മറ്റ് നാല് ചെറിയ മണികളും ഈ ക്ലോക്ക് ടവറിൽ ഉണ്ട്. 2017 മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോക്ക് ടവർ കുറച്ചു വർഷങ്ങൾ അടച്ചിട്ടിരുന്നു. ബ്രിട്ടന്റെ പൈതൃക സമ്പത്തിന്റെ ഒരു ഭാഗമാണ് ഈ കൂറ്റൻ മണിനാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ അടുത്ത തലവൻ ആരായിരിക്കും? സഭാംഗങ്ങൾക്കിടയിലെ സജീവ ചർച്ചാവിഷയമാണിത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ തക്കവിധം ആത്മീയവും നേതൃത്വപരവുമായ കഴിവുകൾ ഒത്തിണങ്ങിയ ഒരു നേതൃത്വത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് നിലവിലെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ടിലിന്റെ പേര് സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ബ്രിട്ടനിലെ സഭാഗങ്ങൾക്കിടയിലും ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു . അതിൻറെ പ്രധാന കാരണം മാർ ജോസഫ് കലറങ്ങാടിന്റെ പകരക്കാരനായി പാലാ രൂപതയെ നയിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയോഗിക്കപ്പെടും എന്ന സൂചനകളാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നത് മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ ആയിരുന്നു രൂപതയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നത്.

ജനുവരി 8 മുതൽ 13 വരെ നടക്കുന്ന സിനഡിലെ പ്രധാന അജണ്ട പുതിയ മേജർ ബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിനഡിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വോട്ടവകാശമുള്ള ബിഷപ്പുമാരിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ നേടുന്നയാളാണ് ആർബിഷപ്പ് പദവിയിലെത്തുക.

പ്രതിസന്ധി കാലത്ത് സഭയെ നയിക്കാൻ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ മേജർ ആർച്ച് ബിഷപ്പ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് ഫലത്തിന് പോപ്പിന്റെ അംഗീകാരം ലഭിച്ചാൽ സിനഡിന്റെ സമാപന ദിവസമായ ജനുവരി 13-ാം തീയതി കേരളത്തിലും റോമിലും ഒരേസമയം ആർച്ച് ബിഷപ്പ് ആരാണെന്ന പ്രഖ്യാപനം നടത്തപ്പെടും .

RECENT POSTS
Copyright © . All rights reserved