ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചേക്കാവുന്ന ഡീസൽ കയറ്റുമതി നിരോധനം ഒഴിവാക്കാൻ അമേരിക്കൻ അധികൃതരുമായി ചർച്ച നടത്തുന്നതായി ബ്രിട്ടീഷ് ചാൻസലർ ജോൺ ഹീലി. നിരോധനം നിലവിൽ വന്നാൽ നേരിടേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടൻ സ്വന്തം ഇന്ധനശേഖരം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള അമേരിക്ക – ഇസ്രയേൽ സംഘർഷവും റഷ്യ–യുക്രെയ്ൻ യുദ്ധവും ആഗോള ഇന്ധനവിപണിയിൽ വിതരണ സമ്മർദം വർധിപ്പിച്ചതോടെ യുകെയിലും ഡീസൽ വില കുത്തനെ ഉയർന്നു.

തിങ്കളാഴ്ച യുകെയിൽ ഒരു ലിറ്റർ ഡീസലിന്റെ ശരാശരി വില 199.33 പെൻസിലെത്തി. 2022 ജൂണിൽ രേഖപ്പെടുത്തിയ 199.09 പെൻസിന്റെ മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്. പെട്രോൾ വിലയും ഉയർന്ന് ലിറ്ററിന് 174.23 പെൻസിലെത്തി. യുകെയുടെ ഡീസൽ ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്ന് അമേരിക്കയെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ അമേരിക്കൻ കയറ്റുമതി നിരോധനം നിലവിൽ വന്നാൽ ബ്രിട്ടനിൽ ഇന്ധനവില കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഡീസൽ വിലയിലെ വർധന സാധാരണ കുടുംബങ്ങളുടെയും ബിസിനസുകളുടെയും ജീവിതച്ചെലവിൽ കൂടുതൽ സമ്മർദമുണ്ടാക്കുന്നതായി ജോൺ ഹീലി പറഞ്ഞു. ഒക്ടോബർ 28ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി സർക്കാർ ഇന്ധനവില ഉൾപ്പെടെയുള്ള ചെലവുകൾ നിരീക്ഷിക്കുകയാണ്. അതേസമയം, ഡീസൽ കയറ്റുമതി നിരോധിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ഉപഭോക്താക്കൾക്ക് വില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനം പരിഗണിക്കുന്നതെന്നാണ് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.











Leave a Reply