ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ എല്ലാവർക്കും സൗജന്യ സാമൂഹിക പരിചരണ സേവനം ലഭ്യമാക്കുന്ന എൻഎച്ച്എസ് മാതൃകയിലുള്ള സംവിധാനം കൊണ്ടുവരാൻ പ്രധാനമന്ത്രി ആൻഡി ബേൺഹാം നീക്കം നടത്തുന്നു. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും സംഭാവന ചെയ്യുകയും എല്ലാവർക്കും പരിരക്ഷ ലഭിക്കുകയും ചെയ്യുന്ന സംവിധാനമാണ് ലക്ഷ്യമെന്നും, പദ്ധതി നടപ്പാക്കാൻ നികുതി വർധന ഉൾപ്പെടെയുള്ള മാർഗങ്ങൾ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിചരണ രംഗത്തെ സമഗ്ര പരിഷ്കാരം സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ പദ്ധതി യാഥാർഥ്യമായാൽ വയോജന പരിചരണം, ഡിമെൻഷ്യ കെയർ, ദീർഘകാല രോഗപരിചരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ ജീവനക്കാരെ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇംഗ്ലണ്ടിലെ മുതിർന്നവരുടെ സാമൂഹിക പരിചരണ മേഖലയിലായി ഏകദേശം 16 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഒഴിവുള്ള തസ്തികകൾ 96,000ഓളം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2040ഓടെ 65 വയസ്സിന് മുകളിലുള്ള ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക പരിചരണ രംഗത്ത് ഏകദേശം 4.7 ലക്ഷം പുതിയ തസ്തികകൾ കൂടി ആവശ്യമായി വരുമെന്നാണ് സ്കിൽസ് ഫോർ കെയർ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കെയർ ഹോം മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി വർധിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

കെയർ ഹോമുകളിലെ രജിസ്റ്റേഡ് നേഴ്സുമാർക്കും ഈ മാറ്റം വലിയ അവസരങ്ങൾ സൃഷ്ടിച്ചേക്കും. 2024/25ൽ ഇംഗ്ലണ്ടിലെ മുതിർന്നവരുടെ സാമൂഹിക പരിചരണ മേഖലയിലായി 35,000ഓളം രജിസ്റ്റേഡ് നേഴ്സ് തസ്തികകൾ നികത്തിയിരുന്നു. നേഴ്സിംഗ് സൗകര്യമുള്ള കെയർ ഹോമുകളിലാണ് ഇവരിൽ വലിയൊരു വിഭാഗവും ജോലി ചെയ്യുന്നത്. അതേ സമയം, പുതിയ കുടിയേറ്റ നയപ്രകാരം 2025 ജൂലൈ 22 മുതൽ വിദേശത്തുനിന്നുള്ള പുതിയ കെയർ വർക്കർമാർക്കും സീനിയർ കെയർ വർക്കർമാർക്കും സ്പോൺസർഷിപ്പ് വിസാ പാത അടച്ചിട്ടുണ്ട്. എന്നാൽ രജിസ്റ്റേഡ് നേഴ്സുമാർക്ക് ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസ വഴി അംഗീകൃത കെയർ ഹോമുകളിലും മറ്റ് ആരോഗ്യ–സാമൂഹിക പരിചരണ സ്ഥാപനങ്ങളിലും ജോലി ചെയ്യാനുള്ള അവസരം തുടരുകയാണ്. അതിനാൽ ആവശ്യമായ പ്രൊഫഷണൽ രജിസ്ട്രേഷൻ, ഇംഗ്ലീഷ് ഭാഷാ യോഗ്യത, അംഗീകൃത തൊഴിലുടമയുടെ ജോലി വാഗ്ദാനം എന്നിവയുള്ള മലയാളി നേഴ്സുമാർക്ക് കെയർ ഹോം മേഖലയിലെ ഭാവി തൊഴിൽസാധ്യതകൾ കൂടുതൽ വിപുലമാകുമെന്നാണ് വിലയിരുത്തൽ.