ന്യൂസ് ഡെസ്ക്. മലയാളം യുകെ
മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റ് 2023 ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ.
സ്കോട് ലാൻ്റിൽ വളരെ വിപുലമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിൻ്റെ ഭാഗമായി മലയാളം യുകെ ന്യൂസ് പുറത്തിറക്കുന്ന ലോഗോ മലയാളം യുകെ ന്യൂസിൻ്റെ പ്രിയ വായനക്കാരിൽ നിന്ന് ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒന്നാമത് എത്തുന്നവർക്ക് 100 പൗണ്ടും രണ്ടാമത് എത്തുന്നവർക്ക് 50 പൗണ്ടും സമ്മാനമായി നൽകും. കൂടാതെ ലോഗോ മത്സരത്തിൽ വിജയിക്കുന്നയാൾക്ക് ഒക്ടോബർ 28 ന് സ്കോട് ലാൻ്റിൽ നടക്കുന്ന അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ സമ്മാനം നൽകപ്പെടും. അതോടൊപ്പം മത്സരത്തിൽ ഒന്നാമതെത്തുന്ന ലോഗോ ആയിരിക്കും പിന്നീടങ്ങോട്ട് അവാർഡ് നൈറ്റുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറഞ്ഞ് നില്ക്കുന്നത്.
പ്രവാസികളോടൊപ്പം സഞ്ചരിക്കുന്ന ഒരു ഓൺലൈൻ മാധ്യമമാണ് മലയാളം യുകെ ന്യൂസ്. യൂറോപ്പിൽ ഒന്നാമതും! ജനങ്ങളോടൊപ്പം സഞ്ചരിക്കുക എന്നതാണ് മലയാളം യുകെയുടെ ലക്ഷ്യം. വാർത്തകൾ, ആനുകാലിക വിഷയങ്ങൾ, കഥകൾ, കവിതകൾ, ഫീച്ചറുകൾ, പാചക പംക്തികൾ, എല്ലാം ചേരുന്നത് മലയാളം യുകെയുടെ പ്രത്യേകതയാണ്. 24 മണിക്കൂറും ഉണർന്നിരുന്ന് ലോക മലയാളികളോടൊപ്പം അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു.
യുസ്മ.(യുണൈറ്റഡ് സ്കോട് ലാൻ്റ് മലയാളി അസ്സോസിയേഷൻ) സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനാണ്. കലയ്ക്കും സാഹിത്യത്തിനും മുൻതൂക്കം കൊടുത്ത് പ്രവാസി സമൂഹത്തിൻ്റെ ആനുകാലീക പ്രശ്നങ്ങളിൽ ഇടപെട്ട് സ്കോട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്നതാണ് യുസ്മയുടെ ലക്ഷ്യം.
സ്കോട് ലാൻ്റിലെ ലിവിംഗ്സ്റ്റണിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെ ലോഗോ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. മലയാളം യുകെ ന്യൂസിനേയും യുസ്മയേയും ആസ്പദമാക്കി അവാർഡ് നൈറ്റിൻ്റെ ഒരു ലോഗോ ഡിസൈൻ ചെയ്ത് താഴെയുള്ള ഇ മെയിലിൽ ഞങ്ങൾക്ക് അയച്ചു തരിക. ഒരാൾക്ക് ഒരു എൻട്രി മാത്രമേ പാടുള്ളൂ. നിങ്ങളുടെ മേൽവിലാസവും കോൺടാക്റ്റ് നമ്പരും പാസ്പോർട്ട് സൈസിലുള്ള ഒരു ഫോട്ടോയും ലോഗോയോടൊപ്പം അയക്കുക..
മത്സരത്തിൽ വിജയിക്കുന്നവരെ മലയാളം യുകെ ന്യൂസ് ടീം നേരിട്ട് ബന്ധപ്പെടും. ലോഗോ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 – 2023. അതിന് ശേഷം വരുന്ന എൻട്രികൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.
ഡിസൈൻ ചെയ്ത ലോഗോ അയക്കേണ്ട ഇ മെയിൽ അഡ്രസ് ചുവടെ ചേർക്കുന്നു.
Email – [email protected]
www.malayalamuk.com
സത്യങ്ങൾ വളച്ചൊടിക്കാതെ!
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രധാനമന്ത്രി പദം രാജിവെച്ചതിനു ശേഷം പണം വാരിക്കൂട്ടി ലിസ് ട്രസ്. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, സ്ഥാനമൊഴിഞ്ഞതിന് ശേഷം 216,000 പൗണ്ട് പലയിടത്തുനിന്നായി ലഭിച്ചിട്ടുണ്ട്. കൂടാതെ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഷോയുടെ £549 വിലവരുന്ന രണ്ട് വിഐപി സ്പോട്ടുകളും അവർ സ്വീകരിച്ചു. ഡബ്ലിനിൽ നടന്ന ന്യൂസ് എക്‌സ്‌ചേഞ്ച് കോൺഫറൻസിൽ ഒരു ചർച്ചയിൽ പങ്കെടുത്തതിന്, ജൂലൈ 24ന് £32,000 ലഭിച്ചതായി എംപിമാരുടെ വാച്ച്‌ഡോഗിനോട് ട്രസ് പറഞ്ഞു.
പണം നൽകിയയാൾ തനിക്കും ഭർത്താവിനും ഒരു സ്റ്റാഫ് അംഗത്തിനും ഏകദേശം 720 പൗണ്ട് വിലമതിക്കുന്ന താമസ സൗകര്യവും £2,377 വിലയുള്ള വിമാന ടിക്കറ്റും നൽകി. മെയ് മാസത്തിൽ, തായ്‌വാനിൽ സംസാരിച്ചതിന് അവർക്ക് 80,000 പൗണ്ട് ലഭിച്ചു, കഴിഞ്ഞ മാസം സ്വിറ്റ്‌സർലൻഡിൽ ഒരു പ്രസംഗത്തിനായി അവർ 32,000 പൗണ്ട് വാങ്ങി. സ്ഥാനം ഒഴിഞ്ഞതിന് ശേഷം ലണ്ടൻ ആസ്ഥാനമായുള്ള കോർപ്പറേറ്റ് സ്പീക്കർ ഏജൻസിയായ ചാർട്ട്‌വെല്ലിൽ ട്രസ് ചേർന്നിരുന്നു.
ഫെബ്രുവരിയിൽ, മീഡിയ കമ്പനിയായ എബിപി നെറ്റ്‌വർക്ക്‌സ് മുംബൈയിൽ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ നാലു മണിക്കൂർ പങ്കെടുത്ത ട്രസിനായി ചാർട്ട്‌വെൽ £65,751.62 നൽകി. അങ്ങനെ ആകെ 12 മണിക്കൂർ പ്രസംഗിച്ചതിൽ നിന്നാണ് ഇത്രയും വലിയ തുക ലഭിച്ചത്. പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗത്തിൽ, “എന്റെ നിയോജകമണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കാനും ബാക്ക്ബെഞ്ചുകളിൽ നിന്ന് സൗത്ത് വെസ്റ്റ് നോർഫോക്കിനെ സേവിക്കുന്നത് തുടരാനും താൻ ആഗ്രഹിക്കുന്നു” എന്ന് ട്രസ് പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഖാലിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്നതിന് ബ്രിട്ടനിലെ സുരക്ഷാ വകുപ്പ് മന്ത്രി ടോം തുഗെന്ധത് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി തുഗെന്ധത് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ‘ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി വ്യാഴാഴ്ച (ഓഗസ്റ്റ് 10) ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, സുരക്ഷാ മന്ത്രി ടോം തുഗെന്ധത്, ഖാലിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്നതിന് ബ്രിട്ടനെ ശക്തമാക്കുന്നതിനായാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചത്,’ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ഇതിലൂടെ ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സര്‍ക്കാരിന് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കും. ജോയിന്റ്-എക്സ്രീം ടാസ്‌ക് ഫോഴ്‌സ് വഴി ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന സംയുക്ത പ്രവര്‍ത്തനങ്ങൾ പൂര്‍ത്തീകരിക്കാനും സാധിക്കും,’ പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. വിഘടനവാദികളും ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളും ബ്രിട്ടനിലെ ഇന്ത്യന്‍ മിഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും നേരെ ആക്രമണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
‘ബ്രിട്ടനിലെ സുരക്ഷാ മന്ത്രി ടോം തുഗെന്ധതിനെ കണ്ടതില്‍ സന്തോഷം. ഇന്ത്യയും യുകെയും എങ്ങനെ തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കാമെന്ന് ചര്‍ച്ച ചെയ്തു. നിലവിലെ ആഗോള സാഹചര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കാന്‍ നിരവധി അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്,’ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സുരക്ഷാ മുൻകരുതലുകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും കൊൽക്കത്തയിൽ നടക്കുന്ന ജി20 യോഗത്തിൽ പങ്കെടുക്കുന്നതിനുമാണ് തുഗെന്ധത് ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുടിയേറ്റക്കാരെ അധിവസിപ്പിച്ചിരുന്ന ബിബ്ബി സ്റ്റോക്ഹോം ബാർജിന്റെ ചുറ്റുമുള്ള വെള്ളത്തിൽ ലീജിയനല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചതായുള്ള പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഡോർസെറ്റിലെ കപ്പലിലുണ്ടായിരുന്ന 39 കുടിയേറ്റക്കാരെയും മുൻകരുതൽ എന്ന നിലയിൽ അവിടെ നിന്ന് മാറ്റിയതായി ആഭ്യന്തര ഓഫീസ് അറിയിച്ചു. ലീജിയനല്ല ബാക്ടീരിയ മൂലം ശ്വാസകോശ രോഗങ്ങളും, ലീജിയണയർസ് എന്ന് ഒരു വിഭാഗത്തിൽപ്പെട്ട ന്യുമോണിയയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള ചിലവുകൾ കുറയ്ക്കുന്ന ഗവൺമെന്റിന്റെ നടപടിയുടെ ഭാഗമായാണ് ഇത്തരത്തിൽ എൻജിൻ ഇല്ലാത്ത ഒരു ബാർജ് അഥവാ കപ്പലിൽ കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്നത്. നിലവിൽ എല്ലാവരെയും അവിടെനിന്ന് നീക്കം ചെയ്ത് മറ്റൊരു ഹോട്ടലിലേക്ക് പാർപ്പിച്ചതായും, ഒരാഴ്ചയ്ക്ക് ശേഷം ഇവരെ തിരികെ കപ്പലിലേക്ക് മാറ്റുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 18 നും 65 നും ഇടയിൽ പ്രായമുള്ള ഏകദേശം 500 ഓളം പുരുഷന്മാരെ അവരുടെ അസൈലം ആപ്ലിക്കേഷൻസ് നടപടി ഉണ്ടാകുന്നതുവരെ ഇത്തരത്തിൽ കപ്പലിൽ പാർപ്പിക്കുവാനാണ് ഗവൺമെന്റ് തീരുമാനം. ഇതുവരെയും കപ്പലിൽ ഉണ്ടായിരുന്ന ആർക്കും രോഗം ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഉടലെടുക്കാൻ 16 ദിവസത്തോളം ആകുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
എന്നാൽ ഇത്തരത്തിൽ കപ്പലിൽ ആളുകളെ പാർപ്പിക്കുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ പലസ്ഥലങ്ങളിൽ നിന്നും ഗവൺമെന്റിനെതിരെ ഉയർന്നുവന്നിരുന്നു. തികച്ചും മനുഷ്യത്വ ഹീനമായ പ്രവർത്തിയാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പല മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അവസ്ഥ ഗവൺമെന്റിന്റെ കുടിയേറ്റ നയത്തിന് ഏറ്റ കനത്ത ആഘാതമാണ്. ഇത്തരത്തിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് ബാർജുകൾ ഉപയോഗിക്കുന്നത് മുൻപ് പരീക്ഷിച്ച് വിജയിച്ച നടപടി ആണെന്നാണ് സർക്കാർ വാദിക്കുന്നത്. ഏകദേശം 50,000 ത്തോളം കുടിയേറ്റക്കാരെ ഒരു ദിവസം ഹോട്ടലുകളിലും മറ്റ് ഇടങ്ങളിലും പാർപ്പിക്കുന്നതിന് ആറ് മില്യൺ പൗണ്ടോളം തുക ചിലവാക്കേണ്ടതായി വരും എന്നും ഇതിന് പ്രതിവിധിയാണ് ഇത്തരത്തിലുള്ള നടപടികൾ എന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂൺ മാസത്തിലെ ചൂട് കാലാവസ്ഥ യുകെയുടെ സാമ്പത്തിക വളർച്ചയെ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർത്താൻ സഹായിച്ചതായി ഔദ്യോഗിക കണക്കുകൾ. ഉയർന്ന താപനില പബ്ബുകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായം എന്നിവയിലെ കച്ചവടത്തെ നല്ല തോതിൽ ബാധിച്ചിരുന്നു. ഇതിൻെറ ഫലമായി സമ്പദ്‌വ്യവസ്ഥ 0.5% ഉയർന്നതായി കണക്കുകൾ കാണിക്കുന്നു. കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 0.2% വികസിച്ചിട്ടുണ്ട്. എന്നാൽ എൻഎച്ച്എസ് ജീവനക്കാരുടെ പണിമുടക്കുകൾ ജൂണിലെ കണക്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രവൃത്തി ദിവസങ്ങളുടെ എണ്ണം, കാലാവസ്ഥ, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയാണ് ജൂണിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ സഹായിച്ച മൂന്ന് ഘടകങ്ങളെന്ന് കണക്കുകൾ പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎൻഎസ്) സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു. ചാൾസ് രാജാവിൻെറ കിരീടധാരണത്തോട് അനുബന്ധിച്ച് മെയ് മാസത്തെ അധിക ബാങ്ക് അവധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ച് കരകയറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറുകളുടെ നിർമ്മാണ വ്യവസായത്തിൽ ഈ വർഷം നല്ല വളർച്ച ഉണ്ടായിട്ടുണ്ട്.
ജൂണിലെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെങ്കിലും ജി 7 രാജ്യങ്ങളിൽ യുകെ മാത്രമാണ് രാജ്യത്തെ ജിഡിപി കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങാത്ത ഏക രാജ്യം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 0.2% ഉള്ള വളർച്ച രാജ്യം നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെടുന്നതിൻെറ സൂചനയാണെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ റിസർച്ച് ഡയറക്ടർ ജെയിംസ് സ്മിത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ (ബി എം എ) ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിച്ച് ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കും. നിലവിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളുടെ കാത്തിരിപ്പ് സമയം എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിലയിലാണ്. 4 ദിവസത്തെ എൻഎച്ച്എസ് ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്സിന് ഇരുട്ടടിയാകും എന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ഇംഗ്ലണ്ടിലെ ശമ്പള തർക്കത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന അഞ്ചാമത്തെ സമരമാണിത് . ജൂനിയർ ഡോക്ടർമാരുടെ സമരം നേരിടുന്നതിന് എൻ എച്ച്സിന് ഏകദേശം ഒരു മില്യൺ പൗണ്ട് ചെലവാകുന്നതായാണ് റിപ്പോർട്ടുകൾ . സമരം മൂലം ആയിരക്കണക്കിന് അപ്പോയിൻമെന്റുകൾ മാറ്റിവയ്ക്കേണ്ടതായി വരുന്നത് എൻഎച്ച്എസിനെ കടുത്ത സമ്മർദ്ദത്തിലാക്കും. ജൂനിയർ ഡോക്ടർമാരുടെ സമരത്തിലും ഈ മാസം തന്നെ നടക്കാനിരിക്കുന്ന കൺസൾട്ടന്റുമാരുടെ രണ്ടുദിവസത്തെ വോക്ക് ഔട്ടിലും താൻ വളരെയധികം ആശങ്കാകുലനാണെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ ജൂലിയൻ ഹാർട്ട്ലി പറഞ്ഞു.
മെഡിക്കൽ ജീവനക്കാരുടെ പകുതിയോളം വരുന്നതാണ് ജൂനിയർ ഡോക്ടർമാർ. അതുകൊണ്ടുതന്നെ ജൂനിയർ ഡോക്ടർമാരുടെ സമരം ചികിത്സയ്ക്കായി കാത്തിരിക്കുന്നവർക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പണിമുടക്ക് സമയത്ത് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് എൻഎച്ച്എസ് 111 അല്ലെങ്കിൽ അടുത്തുള്ള ഫാർമസിയുമായി ബന്ധപ്പെടാൻ രോഗികളോട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ജീവിത ചിലവും പണപ്പെരുപ്പവും നേരിടാൻ 35% ശമ്പള വർധനവാണ് സമരക്കാർ ആവശ്യപ്പെടുന്നത്. നിലവിൽ സർക്കാർ മുന്നോട്ടു വച്ചിരിക്കുന്ന ശമ്പള പരിഷ്കരണം 9 % മാത്രമാണ്. ഡിസംബർ മുതൽ എൻഎച്ച്എസ് ജീവനക്കാരുടെ സമരം മൂലം 8 ദശലക്ഷത്തിനടുത്ത് അപ്പോയിൻമെന്റുകളാണ് മാറ്റിവയ്ക്കേണ്ടതായി വന്നിരിക്കുന്നത് . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.5 ദശലക്ഷത്തിലേയ്ക്ക് ഉയർന്നത് എൻഎച്ച്എസിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗർഭിണിയായ കാമുകിയെയും മൂന്നു കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ ആൾക്ക് നിയമസഹായമായി £122,000 പൗണ്ട് ലഭിച്ചു (taxpayer-funded Legal Aid). കൊലപാതകം സമ്മതിച്ചിട്ടും തുക ഡാമിയൻ ബെൻഡലിന്റെ അഭിഭാഷകർക്ക് ലഭിച്ചു. ടെറി ഹാരിസ് (35), അവളുടെ മകൻ ജോൺ പോൾ ബെന്നറ്റ് (13), മകൾ ലേസി ബെന്നറ്റ്, ലേസിയുടെ സുഹൃത്ത് കോന്നി ജെന്റ് (11) എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഡാമിയനെ മരണം വരെ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. കൊക്കെയ്‌നും കഞ്ചാവും അമിതമായി ഉപയോഗിച്ചിരുന്ന 33 കാരനായ ബെൻഡാൽ, ലെസിയെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചു. 2021 ലെ ഡെർബിസിലെ കില്ലമാർഷിൽ നടന്ന ഈ കൂട്ടകൊലപാതകം സമൂഹ മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചതാണ്.
വിവരാവകാശ നിയമപ്രകാരം നീതിന്യായ മന്ത്രാലയം പണം നൽകിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. ബെൻഡലിന്റെ അഭിഭാഷകർക്ക് 73,000 പൗണ്ട് ലഭിച്ചു. ഡെർബി ക്രൗൺ കോടതിയിൽ ബാരിസ്റ്ററെ അനുവദിച്ചതിന് 49,000 പൗണ്ട് നൽകി. ആക്രമണത്തിന് 15 മാസങ്ങൾക്ക് ശേഷം, ബെൻഡൽ എല്ലാ കുറ്റങ്ങളും സമ്മതിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വീശുന്ന കാറ്റിന് ഇന്ന് ചോരയുടെ മണമാണ്. മണിപ്പൂരിൽ മെയ് ആദ്യവാരം ആരംഭിച്ച വംശീയ കലാപം നാലു മാസം പിന്നിട്ടു. 180-ലധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾ ആശുപത്രിയിലാവുകയും 60,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സർക്കാർ സംവിധാനങ്ങൾക്കോ പോലീസിനോ അടക്കിനിർത്താൻ കഴിയാത്ത വിധം ശിഥിലമായിരിക്കുകയാണ് മണിപ്പൂരിലെ ക്രമസമാധാനം. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധം മണിപ്പൂരിനെ അശാന്തിയുടെ ഇടമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം മണിപ്പൂരിലെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കുന്നു.
സംസ്ഥാനത്ത് പ്രബലമായ മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാൽ അതൊരു ഏറ്റുമുട്ടൽ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘർഷങ്ങൾ കൊണ്ടു കൂടിയാണ്. മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തെയ് വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തെയ് വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും.
സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വര മേഖലകളിലാണ്. അതു കൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവർഗക്കാരെ രോഷാകുലരാക്കി. അങ്ങനെയാണ് കലഹത്തിന്റെ തുടക്കം. പർവത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഗോത്രവർഗക്കാരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളിൽ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്.
വംശീയ സംഘട്ടനങ്ങൾ വ്യാപിച്ചപ്പോൾ, ഗ്രാമങ്ങൾ തോറും കത്തിക്കുകയും നൂറുകണക്കിന് ആരാധനാലയങ്ങൾ ഇരുപക്ഷവും നശിപ്പിക്കുകയും ചെയ്തു. തന്റെ വീട് കൊള്ളയടിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചതിന് ജൂലൈ 4 -ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 31 കാരനായ ഡേവിഡ് ടുലോർ എന്ന കുക്കി വംശജനെ ക്രൂരമായി പീഡിപ്പിക്കുകയും തല വെട്ടിയെടുക്കുകയും ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തു. “അന്ന് രാത്രി അവർ ആക്രമിക്കുമ്പോൾ, അവൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അവർ അവനെ പിടികൂടി പീഡിപ്പിക്കുകയായിരുന്നു. മൃഗങ്ങളെപ്പോലും പീഡിപ്പിക്കാത്ത വിധത്തിൽ അവർ അവനെ പീഡിപ്പിച്ചു.” ഡേവിഡിന്റെ സഹോദരി എമെലിൻ രാംതലൻ പറയുന്നു.
രണ്ട് കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജൂലൈ അവസാനം പുറത്തുവന്നതോടെ മറ്റ് രാജ്യങ്ങളിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നു. ഇനിയും പുറത്തുവരാത്ത, ഇവിടെ എഴുതാൻ പറ്റാത്തത്ര ഹീനമായ കൊലകൾ, പീഡനങ്ങൾ മണിപ്പൂരിൽ നടന്നിട്ടുണ്ട്. ഈ സമയം പ്രധാനമന്ത്രിയും സർക്കാരും സ്വീകരിക്കുന്ന നയം തീർത്തും അപകടകരമാണ്. അത് രാജ്യത്തിനാകമാനം നാണക്കേടാണ്, മണിപ്പൂർ ഇന്ത്യയുടെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവാകുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഷാജിയുടെയും പ്രിനിയുടെയും മകൻ ജോൺ പോൾ അകാലത്തിൽ വിട പറഞ്ഞു. 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടി ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം ആശുപത്രിയിൽ ആയിരുന്നു.
നേരത്തെ ഷാജിയുടെയും പ്രിനിയുടെയും അഞ്ചാമത്തെ കുട്ടി ചെറുപ്പത്തിലെ മരണമടഞ്ഞിരുന്നു. ഇതിനു പുറമേയാണ് മാതാപിതാക്കൾക്ക് തീരാ വേദന സമ്മാനിച്ച് ജോൺ പോളിന്റെ ജീവനും വിധി തട്ടിയെടുത്തത്. ജോൺ പോളിന്റെ മൂത്ത സഹോദരൻ മാർപാപ്പ പങ്കെടുക്കുന്ന വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കാനായി പോർച്ചുഗലിൽ പോയിരിക്കുന്ന സമയത്താണ് അനിയൻ ജീവൻ വെടിഞ്ഞത്.
മാഞ്ചസ്റ്റർ സെന്റ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ വച്ചാണ് ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച മൃതസംസ്കാര ശുശ്രൂഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജോൺ പോളിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 41 പേർ ബോട്ട് മറിഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ 4 പേർ മാത്രമാണ് രക്ഷപ്പെട്ടത്. കുടിയേറ്റത്തിനായി ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് ഇറ്റലിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് ദുരന്തം സംഭവിച്ചത്. രക്ഷപ്പെട്ട 4 പേരിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് ഉള്ളത്.
20 അടി നീളമുള്ള ബോട്ട് കഴിഞ്ഞ ആഗസ്റ്റ് 3-ാം തീയതി വ്യാഴാഴ്ചയാണ് സ്ഫാക്സിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ പുറപ്പെട്ട് മണിക്കൂറുകൾക്കകം വലിയ തിരമാലകളിൽ പെട്ട് ബോട്ട് മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ബോട്ടിലുണ്ടായിരുന്ന 15 പേർ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്. എന്നാൽ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന എല്ലാവരും രക്ഷപ്പെട്ടില്ല.
ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടും തകർന്ന ബോട്ടിലെ ടബ്ബുകളിലും പൊങ്ങിക്കിടന്ന നാലു പേരെ മറ്റൊരു ബോട്ട് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു എന്ന് ഇറ്റാലിയൻ റെഡ് ക്രോസ് പറഞ്ഞു. രക്ഷപ്പെട്ട നാലുപേർക്കും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറ്റാലിയൻ തീര സംരക്ഷണ സേന ഞായറാഴ്ച പ്രദേശത്ത് രണ്ട് ബോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 41 പേരുടെ അപകടത്തിന് കാരണമായ ബോട്ട് അതിൽ പെട്ടതാണോ എന്ന് വ്യക്തമല്ല.വടക്കേ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റ ശ്രമങ്ങളിൽ ഈ വർഷം ഇതുവരെ 1800 -ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.