ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുഎസിലും യുകെയിലും ജനങ്ങൾക്കിടയിൽ ഒരുപോലെ പ്രിയപ്പെട്ടതാണ് മക്ഡൊണാൾഡ്സ്. ഇരു രാജ്യങ്ങളിലും മക്ഡൊണാൾഡ്സിന്റെ മെനു ഒരുപോലെയാണെങ്കിലും, ഇരു രാജ്യങ്ങളിലും ലഭിക്കുന്ന ബർഗറുകളിലും, പാനീയങ്ങളിലും ഫ്രൈകളിലുമെല്ലാം അടങ്ങിയിരിക്കുന്ന കാലറിയും, കൊഴുപ്പും, ഉപ്പുമെല്ലാം ഗണ്യമായി വ്യത്യാസമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. യുഎസിലെ ഒരു വലിയ സ്ട്രോബെറി മിൽക്ക് ഷേക്കിൽ യുകെയിലെ അതേ പാനീയത്തേക്കാൾ ഏകദേശം 400 കാലറി കൂടുതലുണ്ട്. അതേപോലെതന്നെ, ലെറ്റ്യൂസും മയോണൈസും എല്ലാം അടങ്ങിയിരിക്കുന്ന മക്-ക്രിസ്പി എന്ന പേരിൽ അറിയപ്പെടുന്ന ചിക്കൻ ബർഗറിൽ ബ്രിട്ടനെ അപേക്ഷിച്ച് അമേരിക്കയിൽ ഏകദേശം 1 ഗ്രാം ഉപ്പ് കൂടുതലാണ്. മെയിൽ ഓൺലൈനാണ് ഇരു രാജ്യങ്ങളിലും മക്‌ഡൊണാൾഡ്സ് വിറ്റഴിക്കുന്ന ഏകദേശം 20 ലധികം ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാർത്ത പുറത്തുവിട്ടത്. യുകെയിലെ സ്റ്റോറുകളിൽ, ഒരു വലിയ സ്ട്രോബെറി മിൽക്ക് ഷേക്കിൽ 458 കാലറി അടങ്ങിയിട്ടുണ്ട്. എന്നാൽ യുഎസിൽ ഇതേ അളവിൽ ലഭിക്കുന്ന ഷേക്കിൽ ഏകദേശം 850 കാലറിയാണ് അടങ്ങിയിരിക്കുന്നത്.

ഇതിനർത്ഥം ബ്രിട്ടീഷുകാർ ഒരു മക് ചിക്കൻ ബർഗറും മിൽക്ക്‌ഷെയ്‌ക്കും ഒരുമിച്ച് കഴിക്കുമ്പോൾ ഉണ്ടാകുന്ന കാലറിയാണ് യുഎസിൽ ഒരു ഷേക്കിൽ നിന്നും മാത്രം ലഭിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും മെനുകൾ കാലറിയും കൊഴുപ്പും ഉപ്പും പഞ്ചസാരയും നിറഞ്ഞതുമാണെങ്കിലും, , യുഎസിലാണ് ബ്രിട്ടനെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളിൽ കൂടുതൽ കാലറി ഉള്ളതെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. മുതിർന്നവർക്ക് പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ പുറത്തുവന്നിരിക്കുന്ന പഠനങ്ങൾ ആളുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിപ്പിക്കുന്നതാണ്.