ന്യൂസ് ഡെസ്ക് മലയാളം യുകെ

അധ്യാപകർ എപ്പോഴും വിദ്യാർത്ഥികൾക്ക് മാതൃക ആകേണ്ടവരാണ്. പക്ഷേ അമിതമായ ധന മോഹമാണ് പലരെയും കുറ്റകൃത്യങ്ങളിൽ ചെന്ന് ചാടിക്കുന്നത്. വെസ്റ്റ് മിഡ്‌ലാൻഡിലെ സ്റ്റോർബ്രിഡ്ജിലുള്ള എൽംഫീൽഡ് റുഡോൾഫ് സ്റ്റെയ്‌നർ സ്‌കൂളിൽ പ്രധാനാധ്യാപകൻ സ്കൈ, ബി റ്റി തുടങ്ങിയ സ്ഥാപനങ്ങളെ കബളിപ്പിച്ച് അനധികൃത ഓൺലൈൻ സ്ട്രീമിംഗ് ബിസിനസ് നടത്തിയതിന് ജയിലിലായിരിക്കുകയാണ്. 43 കാരനായ പോൾ മെറെൻ ആണ് പ്രതി. പണം അടച്ച് സബ്സ്ക്രിപ്ഷൻ വേണ്ട സർവീസിലേയ്ക്ക് ഒരു മാസം 10 പൗണ്ട് ഈടാക്കി അനധികൃത സർവീസ് നടത്തിയതിനാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.

നാല് വർഷത്തിനിടെ 240,000 പൗണ്ടോളം ഇയാൾ ഇങ്ങനെ സമ്പാദിച്ചതായി കോടതി കണ്ടെത്തി. പണം സമ്പാദിക്കുന്നതിനായി ഇയാൾ സ്കൂളിലെ അധ്യാപകരുടെ ശമ്പളവും വെട്ടിക്കുറച്ചതായി പരാതി ഉയർന്നിട്ടുണ്ട് . ഇവിടെ വിദ്യാർഥികളിൽ നിന്ന് ഒരു ടേമിന് 3311 പൗണ്ട് ആണ് ഫീസായി മേടിക്കുന്നത്. പ്രധാനാധ്യാപകനെ ശിക്ഷിച്ചാൽ സ്കൂൾ പൂട്ടാൻ സാധ്യതയുണ്ടെന്നും ജയിൽശിക്ഷ ഒഴിവാക്കണമെന്നുമുള്ള സ്കൂൾ കൗൺസിലിന്റെ അഭ്യർത്ഥന ജഡ്ജി നിരസിച്ചു.


പ്രതിമാസം 50 പൗണ്ട് മുതൽ 60 പൗണ്ട് വരെ ആകുന്ന സ്കൈയുടെയും ബി റ്റി യുടെയും സബ്സ്ക്രിപ്ഷൻ ആണ് അനധികൃതമായി 10 പൗണ്ട് വിറ്റ് പ്രതി ലാഭം കൊയ്തത്. ജയിൽ ശിക്ഷ കൂടാതെ പ്രതിയുടെ സ്വത്ത് വകകൾ 91,250 പൗണ്ടിന് ജപ്തി ചെയ്യാനും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതി നൽകിയ അനധികൃത ഓൺലൈൻ സ്ട്രീമിംഗ് ഉപയോഗിച്ച ഉപഭോക്താക്കൾക്കെതിരെ ഏതെങ്കിലും രീതിയിലുള്ള തുടർ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.