ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഈ ആഴ്ച അവസാനം യുകെയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് അറിയിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിലെ മഞ്ഞു വീഴ്ച 25 സെ.മീ വരെ വരുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡിലും വെയിൽസിലും വടക്കൻ, മധ്യ ഇംഗ്ലണ്ടിലും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനൊപ്പം താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന സ്ഥലങ്ങളിൽ 2 സെ.മീ വരെയും 200മീറ്ററിന് മുകളിലുള്ള സ്ഥലങ്ങളിൽ 2-5 സെ.മീ വരെയും, 400മീറ്ററിന് മുകളിൽ 15-25 സെ.മീ വരെയും മഞ്ഞ് വീഴ്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ ദൈർഘ്യമുള്ള മുന്നറിയിപ്പാണ് കംബ്രിയ, സ്കോട്ടിഷ് അതിർത്തി മുതൽ സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, നോട്ടിംഗ്ഹാംഷെയർ വരെയുള്ള പ്രദേശങ്ങളിൽ നിലവിലുള്ളത്. പവർ കട്ട്, യാത്രകളിൽ കാലതാമസം, റെയിൽ വിമാന യാത്രകളുടെ റദ്ദാക്കൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചകർ പറയുന്നു. പകൽ സമയം ആകുമ്പോഴേക്കും മഞ്ഞു വീഴ്ചയ്ക്ക് ശമനം ഉണ്ടാകുമെന്നും ഇത് പിന്നീട് മഴയോ ചാറ്റൽമഴയോ ആയി മാറിയേക്കാം എന്നും കേന്ദ്രം അറിയിച്ചു.

മഞ്ഞുവീഴ്ചയെ തുടർന്ന് താപനില വളരെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തെക്കോട്ടുള്ള തണുത്ത വായുവിൻെറ ചലനം താപനില കുറയുന്നതിന് കാരണമാകും. പ്രവചനത്തിൽ ചില അനിശ്ചിതത്വങ്ങളുണ്ട് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശം, മഞ്ഞിൻ്റെ അളവ് എന്നിവ വരും ദിവസങ്ങളിൽ മാറിയേക്കാം.