Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

2050 ഓടെ കാർബൺ എമിഷൻ നെറ്റ് സീറോ ആക്കാനുള്ള രാജ്യത്തിൻറെ നടപടികളിൽ സർവ്വത്ര ആശയക്കുഴപ്പം . ലക്ഷ്യം കൈവരിക്കുന്നതിനായി 2030 മുതൽ യുകെയിൽ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുമെന്ന് കഴിഞ്ഞദിവസം ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന പ്രായോഗികമാണോ എന്ന കാര്യത്തിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഭരണപക്ഷത്തെ ചില മുതിർന്ന നേതാക്കൾ സമയപരുധി ഒഴിവാക്കാനും ഗ്രീൻ പോളിസികളിൽ ഇളവ് വരുത്താനും പ്രധാനമന്ത്രി റിഷി സുനകിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നിരോധനം ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് കാർബൺ ബഹിഷ്കരണം പൂജ്യത്തിൽ എത്തുന്നതിനുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. 2050 -ൽ കാർബൺ ബഹിർഗമനം തടയുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ പ്രായോഗിക പദ്ധതികൾ അതിനായി ജനങ്ങളെ ബുദ്ധിമുട്ടിൽ ആകാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള എതിർപ്പുകളും വരാനിരിക്കെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം പ്രതികൂലമാകുമോ എന്നീ ഘടകങ്ങളും ആകാം പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 2020 -ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്ലാൻ പ്രഖ്യാപിച്ചത്. യുകെയുടെ നിരത്തുകളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു.

ഇതിനിടെ ലണ്ടൻ നഗരത്തിലെ വായു മലിനീകരണത്തിന് ശമനം വരുത്താൻ പഴയ വാഹനങ്ങളുമായി നഗരത്തിലെത്തിയാൽ 12.5 0 പൗണ്ട് പിഴ ചുമത്താൻ ഉള്ള ലണ്ടൻ മേയറുടെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. മേയറുടെ തീരുമാനത്തെ എതിർത്ത് കൺസർവേറ്റീവ് പാർട്ടി ഭരിക്കുന്ന 5 കൗൺസിലുകൾ കോടതിയെ സമീപിച്ചിരുന്നു. പുതിയ തീരുമാനം നിലവിൽ വന്നതോടെ ലണ്ടൻ നഗരത്തിന്റെ ലക്ഷക്കണക്കിന് ആളുകൾ പഴയ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങേണ്ടതായി വരും.

ഓരോ വാഹനവും എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നവയാണോ എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിലൂടെ പരിശോധിക്കാം. എമിഷൻ സ്റ്റാൻഡേർഡ് പാലിക്കാത്ത വാഹനങ്ങളുമായി ലണ്ടനിലെത്തിയാൽ അന്നുതന്നെ പിഴ വൈബ്സൈറ്റിലൂടെ അടയ്ക്കണം. അല്ലാത്തപക്ഷം പിഴതുക വർധിക്കും. വാഹനങ്ങൾ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഡയറക്ട് ഡെബിറ്റായും പണം അടക്കാം. പുതിയ തീരുമാനം നലവിൽ വരുന്നതോടെ നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പഴയ വാഹനങ്ങൾ വിറ്റ് പുതിയത് വാങ്ങേണ്ടി വരും. അല്ലാത്ത പക്ഷം സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങാൻ പോലും ദിവസേന 12.50 പൗണ്ട് പിഴയടക്കേണ്ട സ്ഥിതി വരും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതൽ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ഒരു രാജ്യമാണ് യുകെ . കടുത്ത ആശങ്കകൾക്ക് വഴിവെച്ച് യു കെ ക്ലൈമറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇനി വരും വർഷങ്ങളിലും 2022 ലെ പോലെ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയ്ക്കാണ് ക്ലൈമറ്റ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് പ്രതിവർഷം 18.5 സെന്റിമീറ്റർ ഉയരുന്നതായും റിപ്പോർട്ടിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബാർകോഡ് ഇല്ലാത്ത സാധാരണ സ്റ്റാമ്പുകൾ തിങ്കളാഴ്ച വരെ ഉപയോഗിക്കാം. തിങ്കളാഴ്ചയ്ക്ക് ശേഷം, ഈ സ്റ്റാമ്പുകൾ ഉപയോഗിച്ച് മെയിൽ അയക്കുന്ന ഉപഭോക്താക്കളുടെ സ്വീകർത്താവിൽ നിന്ന് £1.10 സർചാർജ് ഈടാക്കും. അതേസമയം ഏതിന്റെയെങ്കിലും അനുസ്മരണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാമ്പുകൾക്കും അതുപോലെ ബാർകോഡ് ഇല്ലാത്തതുമായ ക്രിസ്മസ് സ്റ്റാമ്പുകൾക്കും ഈ നിയമം ബാധകമല്ല. റോയൽ മെയിലിന്റെ സ്വാപ്പ് ഔട്ട് സ്കീമിലൂടെ ആളുകൾക്ക് തങ്ങളുടെ പഴയ സ്റ്റാമ്പുകൾ ബാർകോഡ് ചെയ്ത സ്റ്റാമ്പുകൾക്കായി മാറ്റാം. ഇതിന് ഇതുവരെ സമയപരിധി പറഞ്ഞിട്ടില്ല. സ്വാപ്പ് ഔട്ട് സ്കീമിന് ആവശ്യമായ ഒരു ഫോം അടുത്തിടെ എല്ലാ വീട്ടിലും എത്തിച്ചിരുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് ഒരു ഫോം പ്രിന്റ് ചെയ്യാനും കഴിയും.

ഉപയോക്താക്കളുടെ ആവശ്യ പ്രകാരം പഴയ സ്റ്റാമ്പുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ജനുവരി 31-ൽ നിന്ന് നീട്ടി ജൂൺ 31 -ലേക്ക് നീട്ടുകയായിരുന്നു. തിങ്കളാഴ്ചയ്ക്ക് ശേഷം, ബാർകോഡ് ഇല്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ച് അയയ്ക്കുന്ന മെയിലുകൾക്ക് £1.10 സർചാർജ് ഫീസ് ബാധകമാണെന്ന് റോയൽ മെയിൽ പറയുന്നു. ബാർകോഡ് ഇല്ലാത്ത സ്റ്റാമ്പുകൾ ഉപയോഗിച്ച് അയച്ച മെയിൽ സ്വീകരിക്കുന്നവർക്ക് അവരുടെ ഡെലിവറി വാങ്ങുന്നതിന് മുൻപ് സർചാർജ് നൽകണമെന്ന് ആവശ്യപ്പെടുന്ന “ഫീസ് ടു പേ” കാർഡ് ലഭിക്കും.

ഡെലിവറികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബാർകോഡ് സ്റ്റാമ്പുകൾ അവതരിപ്പിച്ചത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രൊഫൈൽ ഫീച്ചർ ചെയ്യുന്ന സാധാരണ 1, 2 ക്ലാസ് “എവരിഡേ ” സ്റ്റാമ്പുകളാണ് മാറ്റി വാങ്ങാൻ യോഗ്യതയുള്ളവയിൽ പെടുന്നത്. ബാർകോഡ് ചെയ്യാത്ത ക്രിസ്മസ് സ്റ്റാമ്പുകളും ചിത്രങ്ങളുള്ള മറ്റ് പ്രത്യേക സ്റ്റാമ്പുകളും നിലവിൽ സാധുവായതിനാൽ ഇവ മാറ്റേണ്ട ആവശ്യമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓഗസ്റ്റിൽ നാല് ദിവസത്തെ പണിമുടക്കിനൊരുങ്ങി ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ. ശമ്പള തർക്കത്തെ തുടർന്നുള്ള ജൂനിയർ ഡോക്ടർമാരുടെ അഞ്ചാമത്തെ പണിമുടക്കാണിത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 07:00ന് ആരംഭിക്കുന്ന വാക്കൗട്ട് ഓഗസ്റ്റ് 15 ചൊവ്വാഴ്ച 07:00 നായിരിക്കും അവസാനിക്കുക. പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള വർദ്ധനവിന് ശേഷം 2008 ലെ നിലവാരത്തിലേയ്ക്ക് ശമ്പളം പുനഃസ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ 35% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ വർഷം 6% വർദ്ധനവാണ് നൽകിയിരിക്കുന്നത് (ഇത് £1,250 വരും). അടുത്ത വർഷം ഈ വർദ്ധനവ് 9% ആകും.

സർക്കാരിൻെറ ഏറ്റവും പുതിയ തീരുമാനങ്ങൾക്ക് പിന്നാലെ ഇത് അന്തിമ ഒത്തുതീർപ്പാണെന്നും ഇനി ചർച്ചകളില്ലെന്നും മന്ത്രിമാർ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തമുള്ള സർക്കാരിനെ പോലെ പ്രവർത്തിച്ച് തങ്ങളുമായി ചർച്ച നടത്തിയാൽ ഈ പണിമുടക്കുകളുമായി മുന്നോട്ട് പോകേണ്ടത് വരില്ലെന്ന് ബിഎംഎ ജൂനിയർ ഡോക്ടർ കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസണും ഡോ. വിവേക് ത്രിവേദിയും പ്രതികരിച്ചു. ചർച്ചകൾക്ക് മുൻപ് തന്നെ തൻെറ തീരുമാനം അന്തിമമാണ് എന്ന് പറയുന്ന പ്രധാന മന്ത്രിയുടെ നടപടിയെയും അവർ വിമർശിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യാത്ര ചെയ്യുന്നവരാണ് മനുഷ്യർ. അവരാണ് ശരിക്കും ജീവിക്കുന്നവർ. അത്തരം യാത്രകൾക്ക് പിന്നിൽ നന്മ നിറഞ്ഞ ലക്ഷ്യം ഉണ്ടെങ്കിലോ. അത് ഏത് റെക്കോർഡുകളെക്കാളും മഹത്തരമാകും. ഈയൊരു സുന്ദര ലക്ഷ്യത്തിലെത്താനുള്ള പാതയിലാണ് രാജേഷ് കൃഷ്ണ. 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്ക് കാർ യാത്ര. വോള്‍വോ എക്‌സി 60യിലാണ് 20000 കിലോമീറ്റർ താണ്ടുന്നത്.

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആനന്ദം കൂടിയുണ്ട് രാജേഷിന്റെ യാത്രയിലുടനീളം. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അന്നും യാത്ര നടക്കാതെ പോയി. പാക്കിസ്ഥാനിലൂടെ ഇന്ത്യയിലേക്ക് പോകാന്‍ വിസ പ്രശ്‌നം നേരിട്ടതും കോവിഡ് പ്രതിസന്ധിയും വില്ലനായി. എന്നാൽ സ്വപ്നത്തെ വിടാതെ പിന്തുടർന്നതോടെ സഫലമായി. നിലവിൽ ജർമ്മനിയിൽ നിന്ന് 800 കിലോമീറ്റർ യാത്ര ചെയ്ത് വിയന്നയിലെത്തും. യുകെയിൽ നിന്ന് യാത്ര തുടങ്ങി യൂറോപ്പിലൂടെയും തുർക്കിയിലൂടെയും ഇറാനിലൂടെയും വാഹനമോടിക്കും. ചൈനയിലെത്തി ശേഷം ഇന്ത്യയിലേക്ക്.

യാത്രയുടെ ഒപ്പം ചാരിറ്റിയും

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് ഈ യാത്ര തുടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന്‍ നൈനാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണ് RNCC. മാരക രോഗങ്ങളാൽ കഴിയുന്ന കുട്ടികൾക്ക് സഹായം നൽകുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. റയാന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമാകാനും മാരകരോഗികളായ കുട്ടികളെ തിരിച്ചു സന്തോഷത്തിലേയ്ക്ക് കൈപിടിക്കാനും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നെന്ന് രാജേഷ് മലയാളംയുകെ ന്യൂസിനോട് പറഞ്ഞു .

ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നേഴ്‌സിംഗ് ടീം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ എന്നിവരെ സഹായിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇന്ന് ജൂലൈ 28 -ാം തീയതി ജർമ്മനിയിൽ നിന്ന് 800 കിലോമീറ്ററോളം അകലെ വിയന്നയിലേയ്ക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്കിടെയാണ് രാജേഷ് മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത്.

ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാനും പിന്തുണക്കാനും ഈ ലിങ്കില്‍ സന്ദര്‍ശിക്കുക.

http://www.rncc.org.uk/

https://www.london2kerala.com/

 

സിനിമയും ഹരം

മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് രാജേഷ്. അരുണ നായരാണ് ഭാര്യ. ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു. ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകനാണ് രാജേഷ്. ദീര്‍ഘ കാലമായി കുടുംബസമേതം യുകെയില്‍ സ്ഥിരതാമസം. പല നാടുകളിലൂടെ, പലവിധ സംസ്കാരങ്ങളിലൂടെ, ഒട്ടേറെ മനുഷ്യരെ അടുത്തറിഞ്ഞുള്ള യാത്ര വലിയൊരു അനുഭവം കൂടിയാണെന്ന തിരിച്ചറിവ് രാജേഷിനുണ്ട്. ഒരു ലക്ഷ്യം കൂടി ഈ യാത്രയ്ക്ക് ഊർജം പകരുമ്പോൾ ഇത് അവിസ്മരണീയമാകുമെന്ന് ഉറപ്പ്. രാജേഷിന്റെ യാത്രാനുഭവങ്ങൾക്ക് സ്നേഹാശംസകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ അപകടകരമായ അലർജി റിയാക്ഷനുകൾ വർദ്ധിച്ചുവരുന്നു. ഇതിൽ 25,000 ആളുകൾ അലർജിയെ തുടർന്ന് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ഒരു വർഷം വരെ ചികിത്സയ്ക്കായി താമസിച്ചതായി കണക്കുകൾ. 20 വർഷത്തിനിടെ ഈ കണക്കുകൾ ഇരട്ടിയിലധികം വർദ്ധിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അലർജികൾ എങ്ങനെ തിരിച്ചറിയാമെന്നും പ്രതികരിക്കാമെന്നും ഉള്ള ബോധവത്കരണം ജനങ്ങൾക്ക് നൽകണമെന്നും അധികൃതർ പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട അലർജികൾ മൂലം ആശുപത്രിയിൽ പ്രവേശിച്ച രോഗികളുടെ എണ്ണമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇരുപത് വർഷം മുമ്പ് 2,000-ത്തിൽ താഴെയായിരുന്ന അലർജിക് റിയാക്ഷൻ കേസുകളുടെ എണ്ണം 2022-23 കാലയളവിൽ 5,000-ത്തിലേറെ ഉയർന്നതായി താൽക്കാലിക കണക്കുകൾ കാണിക്കുന്നു. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയുടെ സഹായത്തോടെ എൻഎച്ച്എസ് ശേഖരിച്ച കണക്കിൽ അലർജി മൂലം ഔട്ട്‌പേഷ്യന്റ് അല്ലെങ്കിൽ ആക്‌സിഡന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ സന്ദർശിച്ച് ആശുപത്രിയിൽ താമസം ആവശ്യമില്ലാതെ ഡിസ്ചാർജ് ചെയ്ത ആളുകളെ ഉൾപ്പെടുത്തിയിട്ടില്ല.

കണക്കുകൾ പ്രകാരം ജനങ്ങളിലെ അലർജി റിയാക്ഷനുള്ള പ്രവണത വരുന്നതായി കാണുന്നുണ്ടെങ്കിലും ജനസംഖ്യയിലുള്ള വർദ്ധനവാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു. അലർജികൾ മാരകമായേക്കാം ഏത് പ്രായത്തിലുള്ളവരിലും വരാം. അപകടകരമായ രീതിയിൽ റിയാക്ഷനുകൾ ഉള്ളവർ എപ്പോഴും രണ്ട് അഡ്രിനാലിൻ പെനുകൾ കരുതണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൂടാതെ, അലർജി റിയാക്ഷനുകൾക്ക് സാധ്യതയുള്ള ആളുകൾ അവരുടെ പെനുകളുടെ കാലാവധി തീരാറായാൽ പുതിയത് വാങ്ങാൻ ഫാർമസിസ്റ്റിനെ കാണണമെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയിൽ കണ്ടെത്തി. ഷിക്കാഗോ നഗരത്തിലെ തെരുവിലാണ് ദാരുണമായ അവസ്ഥയില്‍ ഹൈദരാബാദ് സ്വദേശിനിയായ 37കാരിയെ കണ്ടെത്തിയത്. മിഷിഗണിലെ ഡെട്രോയിറ്റില്‍ സ്ഥിതി ചെയ്യുന്ന ട്രൈന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് വിദ്യാര്‍ഥിയായ സയേദ ലുലു മിന്‍ഹജ് സെയ്ദി ആണ് പ്രതിസന്ധികളുടെ നടുവിൽ ഒറ്റപ്പെട്ടു കഴിയുന്നത്.

 

വിഷാദരോഗമാണ് യുവതിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മകളെ ഇന്ത്യയിലേക്ക് എത്രയും വേഗം തിരികെയെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സയേദയുടെ അമ്മ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് നല്‍കിയിട്ടുണ്ട്.

2021 ഓഗസ്റ്റിലാണ് സയേദ യുഎസിലേക്ക് പറന്നത്. എന്നാല്‍, രണ്ട് മാസം മുമ്പ് ഹൈദരാബാദിലുള്ള കുടുംബത്തിന് സയേദയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള രണ്ട് സന്നദ്ധ പ്രവര്‍ത്തകരാണ് സയേദയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. തുടര്‍ന്ന് സയേദയുടെ അമ്മ വിദേശകാര്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. മകള്‍ കടുത്ത വിഷാദരോഗത്തോട് മല്ലിടുകയാണെന്നും അവളുടെ സാധനസാമഗ്രഹികളെല്ലാം മോഷ്ടിക്കപ്പെട്ടുവെന്നും അത് അവളെ പട്ടിണിയുടെ വക്കിലെത്തിച്ചുവെന്നും അമ്മ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ വർഷം നവംബറിൽ ബെർമിംഗ്ഹാമിൽ പോലീസ് അറസ്റ്റു ചെയ്‌ത സിനാദ് ഫോളി (37) താൻ അനുഭവിച്ച വേദനാജനകമായ അനുഭവം പങ്കുവച്ചു. സിനാദിനെ അറസ്റ്റ് ചെയ്‌ത പോലീസ് അവരെ വിവസ്ത്രയാക്കിയ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവയ്ക്കുകയായിരുന്നു അവർ. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിൽ ഒന്നാണ് സിനാദ് ഫോളിയുടെ അനുഭവം. സിനാദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കുറ്റം ചുമത്താതെ വിട്ടയക്കുകയും ആയിരുന്നു. എന്നാൽ വളരെ വേദനാജനകമായ ഓർമ്മകളാണ് കസ്റ്റഡി കലയാളവിൽ അവർ നേരിട്ടത്. സബ്ജക്ട് ആക്‌സസ് അഭ്യർത്ഥന ഉപയോഗിച്ച് ജയിലിൽ സിനാദ് കഴിഞ്ഞ കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ സിനാദ് വാങ്ങിച്ചു. ഇതിൽ വനിതാ ഉദ്യോഗസ്ഥർ സിനാദിനെ തറയിൽ കിടത്തി വസ്ത്രം അഴിക്കുന്നത് കാണാം.

താൻ നേരിട്ട ഏറ്റവും വേദനാജനകവുമായ അനുഭവം ആയിരുന്നു അതെന്ന് സിനാദ് പറഞ്ഞു. വളരെ അനുസരണയോടെ പെരുമാറിയ തൻെറ വസ്ത്രം ബലമായി വലിച്ചഴിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ തികച്ചും മനുഷ്യത്വരഹിതമായ പൊലീസിൻെറ പ്രവർത്തികൾ കാണാം. വസ്ത്രം അഴിച്ചുമാറ്റിയ സിനാദിനെ പിന്നീട് 16 മണിക്കൂർ നഗ്നയാക്കി സെല്ലിൽ ഇടുകയായിരുന്നു. നഗ്നയാക്കിയ ശേഷം പുരുഷ ഉദ്യോഗസ്ഥർ അവളോടൊപ്പം സെല്ലിൽ ഉള്ളതായും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ ഉദ്യോഗസ്ഥർ തെറ്റൊന്നും തന്നെ ചെയ്തിട്ടില്ല എന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വ്യക്തമാക്കി. “ഉദ്യോഗസ്ഥരും ജീവനക്കാരും സിനാദിൻെറ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. സിനാദിൻെറ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഉള്ള ആശങ്കകൾ കാരണം വൈദ്യസഹായം ക്രമീകരിക്കുകയും അവളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമായി വന്നു. അവൾക്ക് പുതപ്പും വെള്ളവും നൽകി. എന്നാൽ അവരുടെ ആക്രമണാത്മക പെരുമാറ്റവും സ്വയം ഉപദ്രവിക്കാനുള്ള സാധ്യതയും കാരണം ഉദ്യോഗസ്ഥർക്ക് ഭക്ഷണവും പകരം വസ്ത്രവും നൽകാൻ കഴിഞ്ഞില്ല എന്നും സേന അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇതുവരെയുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷമായിരുന്നു 2022 എന്ന പ്രവചനങ്ങളെ തെറ്റിച്ചു, ഇനിയുള്ള വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ ചൂടാകും 2022 -ൽ രേഖപ്പെടുത്തിയിരിക്കപ്പെട്ടിരിക്കുന്നത് എന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പുതിയ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ” സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് ” റിപ്പോർട്ടിലാണ് ഈ സൂചനകൾ വ്യക്തമാക്കുന്നത്. ഹരിതഗ്രഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വർദ്ധിച്ച താപനിലയുടെ ഉദാഹരണം മാത്രമാണ് 2022 -ൽ ഉണ്ടായത് എന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.

40 ഡിഗ്രി സെൽഷ്യസിന് മേലെയുള്ള താപനില, ആവർത്തിച്ചുള്ളതും തീവ്രവുമായ ഉഷ്ണതരംഗങ്ങൾ, കാട്ടുതീ, കടുത്ത വേനൽ, വരൾച്ച, സമുദ്രനിരപ്പിലുള്ള ഉയർച്ച എന്നിവയെല്ലാം തന്നെ സർവ്വസാധാരണമായി മാറുവാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മേലെയുള്ള താപനില രേഖപ്പെടുത്തിയിട്ടും, നിരവധി ഇടങ്ങളിൽ കാട്ടുതീ ഉണ്ടായിട്ടുപോലും , നിലവിലെ എമിഷൻ അളവുകളിൽ കുറവ് വന്നില്ലെങ്കിൽ 2100 ൽ സംഭവിക്കുന്നതിനെ അപേക്ഷിച്ച് 2022 ഒരു സാധാരണ തണുത്ത വർഷമായി കരുതാമെന്ന റിപ്പോർട്ടിലെ വാചകങ്ങൾ സാധാരണ ജനങ്ങൾക്ക് പോലും ആശങ്കയുളവാക്കുന്നതാണ്. 2022 ലെ കാലാവസ്ഥയെ സംബന്ധിക്കുന്ന അവലോകനമാണ് ” സ്റ്റേറ്റ് ഓഫ് ദി യു കെ ക്ലൈമറ്റ് ” റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഭാവിയെ സംബന്ധിക്കുന്ന നിരവധി മുന്നറിയിപ്പുകളും ഇതോടൊപ്പം കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞർ നൽകുന്നുണ്ട്.

2022 ആണ് യുകെയിലെ ഏറ്റവും ചൂടേറിയ വർഷമായി റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. എന്നാൽ 2022 ൽ രേഖപ്പെടുത്തിയ താപനില 1991- 2020 വരെയുള്ള വർഷങ്ങളിലെ ശരാശരിയേക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. അതോടൊപ്പം തന്നെ വാർഷിക ശരാശരി താപനില 10 ഡിഗ്രി സെൽഷ്യസ് കവിഞ്ഞ ആദ്യ വർഷം കൂടിയായിരുന്നു ഇത്. ജൂലൈ 19 ന് ലിങ്കൺഷെയറിലെ കോണിംഗ്‌സ്ബിയിൽ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെൽഷ്യസാണ് യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് 1900 മുതൽ ഏകദേശം 18.5 സെന്റീമീറ്റർ ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിനെ അപേക്ഷിച്ച് സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയായി മാറിയിരിക്കുകയാണ് എന്നതും ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

മെറ്റിയൊറോളൊജിക്കൽ ഓഫീസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും “സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് 2022” എന്ന പുതിയ റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ മൈക്ക് കെൻഡൻ, 40 ഡിഗ്രി സെൽഷ്യസ് എന്ന താപനിലയെ “കാലാവസ്ഥാ ചരിത്രത്തിലെ യഥാർത്ഥ നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. നിലവിലെ കാലാവസ്ഥ അനുസരിച്ച് ഇതൊരു അപൂർവ്വ സംഭവമാണെങ്കിലും, ഭാവിയിൽ ഇതൊരു സാധാരണ സംഭവമായി മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ഗവൺമെന്റും എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിക്കാണുകയാണ് പൊതുസമൂഹം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുരാതന കാലം തൊട്ട് അലോവേര അഥവാ കറ്റാർവാഴ പലവിധ രോഗങ്ങളുടെയും പ്രതിവിധിയായി ഉപയോഗിച്ചിരുന്നു. ചർമ്മ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും ആയുർവേദം നിഷ്കർഷിച്ചിരുന്ന ഒരു പ്രധാനപ്പെട്ട മരുന്നാണ് കറ്റാർവാഴ. ഒട്ടേറെ ആധുനിക ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലാണ് കറ്റാർവാഴ അടങ്ങിയിരിക്കുന്നത്. അലോവേര ജെൽ, അലോവേര മോയ്സചറൈസുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഉൽപ്പന്നങ്ങളാണ് കറ്റാർവാഴ പോലെയുള്ള ഔഷധമൂല്യങ്ങളെ ഉപയോഗപ്പെടുത്തി വിപണിയിലുള്ളത്.

എന്നാൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന പുതിയ വിവരങ്ങൾ അലോവേര പ്രേമികളെ ഞെട്ടിപ്പിക്കുന്നതാണ്. ലെഡ് , എക്‌സ്‌ഹോസ്റ്റ് പുക എന്നിവ പോലെ അലോവേരയും ക്യാൻസറിന് കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ . അതുകൊണ്ട് തന്നെ ക്യാൻസറിന് കാരണമാകുന്ന 300 അധികം വസ്തുക്കളുടെ പട്ടികയിൽ അലോവേരെയും ചേർത്തു കഴിഞ്ഞു. ദൈനംദിന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ , മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റുകൾ എന്നിവ ഉൾപ്പെടെ മാർക്കറ്റിൽ ലഭ്യമായ ഒട്ടേറെ പ്രോഡക്ടുകളിൽ അലോവേര അടങ്ങിയിട്ടുണ്ട് . അലവേര അർബുദത്തിന് കാരണമാകുമെന്ന ഡബ്യു എച്ച് ഒ യുടെ വെളിപ്പെടുത്തലിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.

ലോകത്തിൽ മൊത്തം അലോവേര ഉത്പന്നങ്ങളുടെ മാർക്കറ്റ് ഏകദേശം 1.2 ബില്യൺ പൗണ്ട് ആണ് . എല്ലാ വർഷവും അലോവേര അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2013ൽ കറ്റാർവാഴയുടെ ദൂഷ്യവശത്തെ കുറിച്ച് പഠിക്കുന്ന ഗവേഷകർ കറ്റാർവാഴ അടങ്ങിയ വെള്ളം എലികൾക്ക് നൽകി. രണ്ടു വർഷങ്ങൾക്കുശേഷം എലികളിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. കുറഞ്ഞ അളവിൽ കറ്റാർവാഴ അടങ്ങിയ ഭക്ഷണം കഴിച്ച മൃഗങ്ങളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഉയർന്ന അളവിൽ അലോവേര അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരാരെ : സിം-ആഫ്രോ ടി-10 ലീഗിൽ ഹരാരെ ഹറികെയ്ൻസിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടായിരുന്നു സൂപ്പർ താരം ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തുകയും അതുവഴി ടീമിനെ വിജയിപ്പിക്കുകയും ചെയ്താണ് ശ്രീ സിം-ആഫ്രോ ടി-10 ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. ഹരാരെയിൽ നടന്ന ഹരാരെ ഹറികെയ്ൻസ് – കേപ് ടൗൺ സാംപ് ആർമി മത്സരത്തിലാണ് ഹരാരെക്ക് വേണ്ടി ശ്രീശാന്ത് ഇറങ്ങിയത്. കേപ് ടൗൺ ഇന്നിങ്സിലെ അവസാന ഓവർ പന്തെറിയാൻ വേണ്ടിയാണ് നായകൻ ഓയിൻ മോർഗൻ ശ്രീയെ നിയോഗിച്ചത്.

അവസാന ഓവറിൽ എട്ട് റൺസ് ഡിഫൻഡ് ചെയ്യണമെന്നിരിക്കെ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ശ്രീശാന്ത് ടീമിന്റെ രക്ഷകനായത്. ഈ ഓവറിൽ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാൻ മാത്രമാണ് കേപ് ടൗൺ ബാറ്റർമാര്‍ക്കു നേടാൻ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പർ ഓവറിൽ കേപ് ടൗർ ഏഴു റൺസെടുത്തപ്പോൾ അഞ്ചാം പന്തിൽ ഹരാരെ വിജയത്തിലെത്തുകയായിരുന്നു.

വിക്കറ്റ് നേടാൻ ഏത്തപ്പഴം

ക്രിക്കറ്റിൽ പല രീതിയിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ജിയോ സിനിമയിൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വസീം ജാഫറും സഹീർ ഖാനും കളിക്കാരുടെ അന്ധവിശ്വാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. 2006ൽ ജമൈക്കയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തിൽ വിക്കറ്റ് വീഴ്ത്താനായി ശ്രീശാന്ത് രണ്ട് ദിവസം പഴക്കമുള്ള ഏത്തപ്പഴം കഴിച്ചുവെന്ന് ജാഫർ വെളിപ്പെടുത്തി. ഏത്തപ്പഴം കഴിച്ചാൽ അഞ്ചു വിക്കറ്റ് വീഴ്ത്താമെന്ന് ആരോ ശ്രീശാന്തിനെ കളിയാക്കി. വിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെ ഉണ്ടായിരുന്ന രണ്ട് ദിവസം പഴക്കമുള്ള ഏത്തപ്പഴം ശ്രീശാന്ത് കഴിച്ചു. മത്സരത്തിൽ ശ്രീശാന്ത് രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റിൽ ഇന്ത്യ 49 റൺസിന് വിജയിച്ചു. ക്രിസ് ഗെയ്‌ൽ , ഡാരൻ ഗംഗ, രാംനരേഷ് സർവാൻ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ ശ്രീശാന്ത് വീഴ്ത്തിയത്.

RECENT POSTS
Copyright © . All rights reserved