Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോസ്റ്റേസിയിലെ ഒരു വീട്ടിൽ പുരുഷനും സ്ത്രീയും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. നോർ‌വിച്ചിന് സമീപമുള്ള കോസ്റ്റേസിയിലെ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. അയൽക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. 45 വയസുള്ള ഒരു പുരുഷനും 36 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും നോർഫോക്ക് പോലീസ് പറഞ്ഞു.

മരിച്ചവരിൽ മൂന്ന് പേർ വീട്ടിൽ താമസിക്കുന്നവർ തന്നെയാണെന്നും 36 കാരിയായ സ്ത്രീ ഇവരെ സന്ദർശിക്കാൻ എത്തിയതാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പ്രദേശവാസികളിൽ വളരെ ഞെട്ടൽ ഉണ്ടാക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് സേന അറിയിച്ചു. നിലവിൽ പോലീസിൻെറ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

അതേസമയം സമീപത്തെ വനപ്രദേശത്ത് നിന്ന് കണ്ടെടുത്ത കത്തിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറയുന്നു. നിലവിൽ അന്വേഷണം സംഭവം നടന്ന പ്രദേശത്തെ കേന്ദ്രികരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഷോപ്പിംഗ് ബാഗിൽ തൂവാലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. കുട്ടിയെ ന്യൂഹാമിൽ തൻെറ നായയുമായി നടക്കാനിറങ്ങിയ ആളാണ് കണ്ടെത്തിയത്. പ്രദേശത്തെ താപനില പൂജ്യത്തിൽ താഴെ ആയിരുന്നു.

പാരാമെഡിക്കുകൾ സംഭവ സ്ഥലത്തെത്തി കുട്ടിയെ ഉടൻ തന്നെ ശുശ്രൂഷിച്ചു. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും ആശുപത്രിയിൽ സുഖമായിരിക്കുന്നതായും പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ് ഇപ്പോൾ. വ്യാഴാഴ്ച രാത്രി 9:15 ഓടെ തൻെറ നായയുമായി നടക്കാനിറങ്ങിയ ഒരാളാണ് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ഇദ്ദേഹത്തിൻെറ ഉടനെ തന്നെയുള്ള ഇടപെടൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി പോലീസ് സേനയുടെ ചീഫ് സൂപ്പർടെന്റ് സൂപ്റ്റ് സൈമൺ ക്രിക്ക് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ മാതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സേനയിപ്പോഴെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് വർഷങ്ങളിലായി ന്യൂഹാമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന നാലാമത്തെ ശിശുവാണിത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രീൻ പ്രൊഡക്ഷന്റെ ഭാഗമായുള്ള ആധുനികവൽക്കരണം നടപ്പിലാക്കിയതോടെ ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീലിൽ 3000 പേർക്ക് ജോലി നഷ്ടപ്പെടും. ജോലി നഷ്ടപ്പെടുന്നവരിൽ മലയാളികളോ മറ്റ് ഇന്ത്യൻ വംശജരോ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

പോർട്ട് ടാൽ ബോട്ടിലെ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആധുനികവൽക്കരണത്തിനായി 500 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി ടാറ്റാ സ്റ്റീലിന് നൽകിയത്. തൊഴിലാളികളുടെ ജോലിക്ക് ഉറപ്പു നൽകാതെ ഇത്രയും തുക ആധുനിക വത്കരണത്തിനായി മുടക്കിയതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നാൾഡ് ശക്തമായ ഭാഷയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

3000 പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതു കൂടാതെ ഒരൊറ്റ ഫാക്ടറിയെ ആശ്രയിക്കുന്ന പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തീരുമാനം കടുത്ത തിരിച്ചടിയാണ്. പുനരുപയോഗിക്കുന്ന സ്കാർപ്പിൽ നിന്ന് സ്റ്റീൽ നിർമ്മിക്കുന്നതിലേയ്ക്ക് കമ്പനി മാറുമ്പോൾ പോർട്ട് ടാൽബോട്ടിലെ പരമ്പരാഗത ചൂളകൾ അടച്ചുപൂട്ടപ്പെടും. ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിനെതിരെ വിവിധ യൂണിയനുകളിൽ നിന്ന് ശക്തമായ പ്രതിഷേധവും പണിമുടക്കും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അസംസ്കൃത വസ്തുക്കളിൽ നിന്ന് ഉരുക്ക് നിർമ്മിക്കാൻ കഴിയാത്ത ഏക ജി20 രാജ്യമായി യുകെ മാറും

ന്യൂസ് ഡെസ്ക് മലയാളം യുകെ

അച്ഛൻറെ മൃതദേഹത്തിനരികെ പരിചരിക്കാൻ ആളില്ലാതെ പട്ടിണികിടന്ന് 2 വയസ്സുകാരൻ മരണമടഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിഞ്ചുകുഞ്ഞിനെയും അവൻറെ പിതാവിനെയും മരിക്കുന്നതിന് മുമ്പ് കണ്ടെത്താൻ സാധിക്കുമായിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷണത്തിന്റെ ലക്ഷ്യം. അച്ഛൻറെ മൃതദേഹത്തിനരികെ പട്ടിണികിടന്ന് കുഞ്ഞ് മരിക്കേണ്ടി വന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കൺഡക്ട് ( ഐ ഒ പി സി) ഉദ്യോഗസ്ഥനായ ഡെറിക് കാംബെൽ പറഞ്ഞു.

അധികൃതരുടെ അനാസ്ഥ മൂലം ജീവൻ വെടിഞ്ഞ കുഞ്ഞു ബ്രോൺസന്റെ മരണം ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അച്ഛൻറെ മൃതശരീരത്തിന് അടുത്താണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 9 -നാണ് 60 വയസ്സുള്ള അച്ഛൻ കെന്നത് ബാറ്റേഴ്സിനൊപ്പം കുട്ടിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനർത്ഥം അച്ഛൻ മരിച്ചതിനുശേഷം കുട്ടിയെ പരിപാലിക്കാൻ വേറെ ആരും ഇല്ലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

സംഭവം ഇംഗ്ലണ്ടിൽ വൻ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം. സോഷ്യൽ സർവീസിൽ നിന്ന് പോലീസിന് മുന്നറിയിപ്പ് പോയിരുന്നു. സോഷ്യൽ വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തിനോട് രണ്ടുദിവസം കഴിഞ്ഞാണ് പോലീസ് പ്രതികരിച്ചത്. അതും രണ്ടാമത്തെ പ്രാവശ്യം റിപ്പോർട്ട് ചെയ്തതിനുശേഷം .പോലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഉടനീളം അഞ്ചാംപനി പടർന്നു പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വെസ്റ്റ് മിഡ്ലാൻഡിലും ലണ്ടനിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗം വന്നാൽ സുഖപ്പെടാൻ 7 മുതൽ 10 ദിവസം വരെ സമയമെടുക്കും.


രോഗിയുടെ ശ്വാസകോശം , തലച്ചോറ് പോലുള്ള ഭാഗങ്ങളിൽ രോഗബാധയുണ്ടായാൽ അഞ്ചാംപനി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും രോഗം പിടിപെട്ടാൽ സങ്കീർണ്ണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2000 -ത്തിനും 2002 -നും ഇടയിൽ 23 പേർ അഞ്ചാംപനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.


കടുത്ത പനിയും ചുമയും തുമ്മലും അഞ്ചാംപനിയുടെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ വ്രണങ്ങളും വായിക്കുള്ളിൽ വെളുത്ത പാടുകളും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. രോഗം ബാധിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ചെവിക്ക് പിന്നിലും ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും ചുവന്ന അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. നേരിയ രോഗലക്ഷണമുള്ളവർ ജി പി യെയോ ഹോസ്പിറ്റലിലോ സന്ദർശിക്കരുതെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. അതിനുപകരം അവർ 111ൽ വിളിച്ച് എൻഎച്ച്എസുമായി ബന്ധപ്പെടണം. അഞ്ചാം പനിയുടെ ലക്ഷണമുള്ളവർ നേഴ്സറി, സ്കൂൾ, യൂണിവേഴ്സിറ്റി മറ്റ് ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കണമെന്ന കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. എൻഎച്ച്എസ് വാക്സിനേഷന്റെ ഭാഗമായ പ്രതിരോധ മരുന്നിലൂടെ അഞ്ചാംപനിയെ തടയാൻ സാധിക്കും

യു കെ :- ബ്രിട്ടനിൽ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുകെയിൽ ഉടനീളം ആയിരക്കണക്കിന് റസ്റ്റോറന്റുകളും പബ്ബുകളുമാണ് ഇതു വരെ അടച്ചു പൂട്ടിയിരിക്കുന്നത്. ദിനംപ്രതി കുറഞ്ഞത് 10 സ്ഥാപനങ്ങളെങ്കിലും അടച്ചു പൂട്ടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കുതിച്ചുയരുന്ന ഊർജ്ജ ബില്ലുകൾ, ജീവിത ചെലവുകളിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധനവ്, ഉൽപാദന ചിലവുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധന, കൂടാതെ കോവിഡിന്റെയും ബ്രെക്സിറ്റിന്റെയും അനന്തരഫലങ്ങൾ എന്നിവയെല്ലാം തന്നെ ഹോസ്പിറ്റാലിറ്റി മേഖലയെ താറുമാറാക്കിയിരിക്കുകയാണ്.

ഇൻഡസ്ട്രി കണക്കുകൾ പ്രകാരം, ബ്രിട്ടനിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിൽ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 103682 എന്ന എണ്ണത്തിൽ നിന്നും കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ 99916 എന്ന കണക്കിലേക്ക് എത്തിയത് ഈ രംഗത്തെ തകർച്ച വ്യക്തമാക്കുന്നു. ആദ്യമായാണ് ഇത്തരത്തിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളുടെ എണ്ണം 100000 ത്തിൽ താഴെ എത്തുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി മലയാളി സംരംഭകരുടെ ആകർഷണ മേഖലയായ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി, യുകെയിലെ മലയാളി ബിസിനസ് ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


ഹോസ്പിറ്റാലിറ്റി മേഖല വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നതായും, കോവിഡ് ബാധിച്ചതിന് ശേഷം തന്റെ ബിസിനസിന് ഒരു മില്യണിലധികം നഷ്ടമുണ്ടായതായും സെലിബ്രിറ്റി ഷെഫും റെസ്റ്റോറന്റ് ഉടമയുമായ ടോം കെറിഡ്ജ് ദി ഇൻഡിപെൻഡന്റ് ന്യൂസിനോട് പ്രതികരിച്ചു. ബ്രെക്‌സിറ്റിനെ തുടർന്നുണ്ടായ ഭക്ഷ്യ വിലക്കയറ്റവും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവുമെല്ലാം വലിയ പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഗവൺമെന്റിന്റെ അടിയന്തര നടപടിയാണ് ആവശ്യമെന്ന് വിദഗ്ധർ പ്രതികരിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് മിഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായുള്ള പരാതി വ്യാപകമായി. പലപ്പോഴും ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവരെക്കാൾ ഇരട്ടി ചാർജ് ആണ് ടിക്കറ്റ് മിഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്ക് നൽകേണ്ടതായി വരുന്നത്.


കൺസ്യൂമർ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ ശരാശരി 50% വരെ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കുമ്പോൾ കൂടുതൽ നൽകേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്.

ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയിൽ ടിക്കറ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള സർക്കാരിൻറെ നീക്കം ജനകീയ പ്രതിഷേധത്തെ തുടർന്ന് മാറ്റി വച്ചിരുന്നു. നടത്തിപ്പിന് വേണ്ട അധിക ചിലവ് മൂലം ടിക്കറ്റ് ഓഫീസുകൾ അടയ്ക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടത്. നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള 1760 റെയിൽവേ സ്റ്റേഷനുകളിൽ ആറിലൊന്നിൽ മാത്രമാണ് മുഴുവൻ സമയ ടിക്കറ്റ് ഓഫീസ് നിലവിൽ ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞമാസം യുകെയുടെ പണപ്പെരുപ്പ നിരക്കിൽ അപ്രതീക്ഷിതമായ വർദ്ധന ഉണ്ടായിട്ടും, ഈ വർഷം പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ തുടരുകയാണ്. 2023 നവംബർ മാസത്തിൽ 3.9% ആയിരുന്ന പണപ്പെരുപ്പ നിരക്ക് ഡിസംബർ മാസം ആയപ്പോഴേക്കും 4 ശതമാനമായി ഉയർന്നു. പണപ്പെരുപ്പ നിരക്കിൽ നേരിയ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നുവെങ്കിലും, പുകയിലയുടെയും മദ്യത്തിന്റെയും വിലയിലുണ്ടായ വർധനയാണ് അപ്രതീക്ഷിത വർധനവിന് പിന്നിൽ. എന്നാൽ 2024-ൽ ഊർജ്ജ ബില്ലുകൾ കുറയുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, ഈ വർഷാവസാനം നിരക്ക് കുറയ്യുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.

കോവിഡ് ലോക്ക് ഡൗണുകളിൽ ആരംഭിച്ച ഗ്യാസ്, ഇലക്ട്രിസിറ്റി, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധനവ് പിന്നീട് ഉണ്ടായ റഷ്യ – ഉക്രൈൻ യുദ്ധത്തോടെ നിയന്ത്രണാതീതമായ രീതിയിൽ ഉയരുകയായിരുന്നു. ഇത് ബ്രിട്ടനിലെ സാധാരണ ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുകെയിലെ വിലക്കയറ്റത്തിന്റെ വേഗതയെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ ഉയർത്തിയതും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സ്തംഭനത്തിന് കാരണമായി. ബ്രിട്ടനിൽ പലിശ നിരക്ക് നിലവിൽ 5.25 % ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് സാധാരണക്കാർക്ക് മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്നതിനും ഇടയാക്കി. പണപ്പെരുപ്പ നിരക്ക് ഒക്ടോബറിലെ 11.1 ശതമാനത്തിൽ നിന്നും താഴ്ന്നത് ബ്രിട്ടനിൽ ആശ്വാസത്തിന് വഴിതെളിച്ചിരുന്നു. ഇത് മൂലം ബാങ്ക് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ബാങ്ക് പ്രവചിച്ചിരുന്നതിനേക്കാൾ വേഗത്തിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞെങ്കിലും, ഇപ്പോഴും മിനിമം നിരക്കിനേക്കാൾ രണ്ട് ഇരട്ടിയാണ് ഉള്ളത്.


ഊർജ്ജ നിരക്കുകൾ കുറയുന്നത് പണപ്പെരുപ്പം കുറയുവാൻ സഹായിക്കുമെന്നും, അതിനാൽ തന്നെ ബാങ്ക് നിരക്ക് കുറയ്ക്കുമെ ന്ന പ്രതീക്ഷയാണ് പ്രമുഖ എക്കണോമിസ്റ്റ് ആയ സാമുവേൽ ടോമ്പ്സ് പങ്കുവെച്ചത്. എന്നാൽ നിലവിൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള നിരവധി ചരക്ക് കപ്പലുകൾ വഴിതിരിച്ചു വിട്ടതിനെത്തുടർന്ന് സാധനങ്ങൾ ലഭിക്കാനുള്ള കാലതാമസം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബാങ്ക് നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ, പല മോർട്ട്ഗേജ് ലെൻഡർമാരും കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ബാങ്കിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ബ്രിട്ടനിലെ സാധാരണ ജനങ്ങളും സാമ്പത്തിക വിദഗ്ധരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അധികൃതരുടെ അനാസ്ഥ മൂലം ജീവൻ വെടിഞ്ഞ കുഞ്ഞു ബ്രോൺസന്റെ മരണം ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അച്ഛൻറെ മൃതശരീരത്തിന് അടുത്താണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ ഹൃദയാഘാതം മൂലം രണ്ട് ദിവസം മുമ്പ് മരിച്ചതായാണ് അനുമാനം. അച്ഛൻറെ മൃതശരീരത്തിന് അടുത്ത് കണ്ടെത്തിയ രണ്ടു വയസ്സുകാരൻ ബ്രോൺസൺ ബാറ്റേഴ്സ് എന്ന കുഞ്ഞ് പട്ടിണി മൂലം ആണ് ജീവൻ വെടിഞ്ഞത്.


ജനുവരി 9 -നാണ് 60 വയസ്സുള്ള അച്ഛൻ കെന്നത് ബാറ്റേഴ്സിനൊപ്പം കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനർത്ഥം അച്ഛൻ മരിച്ചതിനുശേഷം കുട്ടിയെ പരിപാലിക്കാൻ വേറെ ആരും ഇല്ലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

സംഭവം ഇംഗ്ലണ്ടിൽ വൻ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.. കുട്ടിയുടെ മരണത്തിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം. സോഷ്യൽ സർവീസിൽ നിന്ന് പോലീസിന് മുന്നറിയിപ്പ് പോയിരുന്നു. സോഷ്യൽ വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തിനോട് രണ്ടുദിവസം കഴിഞ്ഞാണ് പോലീസ് പ്രതികരിച്ചത്. അതും രണ്ടാമത്തെ പ്രാവശ്യം റിപ്പോർട്ട് ചെയ്തതിനുശേഷം .


പോലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിയ 32 മലയാളി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ട ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് മലയാളം യുകെ പുറത്തുവിടുന്നത് . മലയാളികളായ രണ്ട് ജീവനക്കാർ അനുവാദമില്ലാതെ സമയ ക്രമീകരണം നടത്തിയതിനെ തുടർന്ന് മാനേജരുടെ ഭാഗത്തുനിന്നും അച്ചടക്ക നടപടി നേരിട്ടതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ജോലി സ്ഥലത്ത് സ്വൈപ് ചെയ്യേണ്ട കാർഡ് പരസ്പരം കൈമാറി ഉപയോഗിച്ചായിരുന്നു ഇവർ തങ്ങളുടെ ഇഷ്ടപ്രകാരം ജോലി സമയം ക്രമീകരിച്ചത്. അച്ചടക്ക നടപടി നേരിട്ടവർ ഇതേ തുടർന്ന് തങ്ങൾ വൻതുക വിസയ്ക്കായി നൽകി എന്ന വിവരം രഹസ്യമായി ഹോം ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഗുരുതരമായത്. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസിൽ നിന്ന് രഹസ്യമായി അന്വേഷണം നടത്തി പണം മേടിച്ചാണ് കെയർ വിസ നൽകിയതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

വേഷം മാറിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഹോം ജീവനക്കാരായ ചിലരോട് മുടക്കിയ പണം കുറച്ച് തിരിച്ചു കിട്ടി എന്നാണല്ലോ കേട്ടത് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് ഒന്നും തിരിച്ചു തന്നിട്ടില്ലെന്ന് ഒരു ജീവനക്കാരി മറുപടി പറഞ്ഞതായാണ് അറിയാൻ സാധിച്ചത്. തുടർന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ പിറ്റേദിവസം തന്നെ ഹോം ഓഫീസിൽ നിന്ന് എത്തി കെയർ ഹോമിൽ റെയിഡ് നടത്തുകയും ഒരു വർഷത്തേക്ക് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയുമാണ് ഉണ്ടായത്.

കെയർ ഹോമിന്റെ ലൈസൻസ് നഷ്ടമായതിനെ തുടർന്ന് തുടർന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്തേണ്ട അവസ്ഥയാണ് ഇവിടെ ജോലി ചെയ്തിരുന്ന 32 മലയാളികൾക്ക് നേരിട്ടിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ മറ്റൊരു സ്ഥലത്ത് ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ തിരികെ പോകേണ്ടി വരുമെന്ന അവസ്ഥയിലാണ് ഇവർ. പലരും 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് കെയർ വിസയ്ക്കു വേണ്ടി മുടക്കിയാണ് യുകെയിൽ എത്തിയിരിക്കുന്നത്. മറ്റൊരു ജോലിയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ അഭ്യർത്ഥന മൂലം തത്ക്കാലം കെയർ ഹോമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് മലയാളം യുകെ എഡിറ്റോറിയൽ ബോർഡ് തീരുമാനം. കെയർ ഹോം അധികൃതരും ഹോം ഓഫീസിൽ അപ്പീൽ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്

RECENT POSTS
Copyright © . All rights reserved