ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഭക്ഷണ ക്രമത്തോടനുബന്ധിച്ച് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക വൈകല്യങ്ങളെയാണ് ഈറ്റിംഗ് ഡിസോഡർ എന്ന് പറയുന്നത്. ഇതുകൂടാതെ ഇങ്ങനെയുള്ളവരിൽ ഉണ്ടാകുന്ന ശാരീരിക മാനസിക അവസ്ഥകൾ അവരുടെ സ്വഭാവത്തെ ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ട്. കോവിഡ് ആരംഭിച്ചതിന് ശേഷം ഈറ്റിംഗ് ഡിസോഡർ ഉള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അമിതമായ വർദ്ധനവ് ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രീതിയിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണം 42 % വർദ്ധിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പല രീതിയിലുള്ള ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന സങ്കീർണമായ മാനസികരോഗ്യ അവസ്ഥയാണ് ഈറ്റിംഗ് ഡിസോഡർ . അസാധാരണമായ ഭക്ഷണരീതിയും ശരീര ഭാരത്തെക്കുറിച്ചും മറ്റുമുള്ള വികലമായ ധാരണകളുമാണ് ഈറ്റിംഗ് ഡിസോഡറിന്റെ പ്രത്യേകത. അനോറെക്സിയ നെർവോസ ( anorexia nervosa ) , ബുളിമിയ നെർവോസ ( bulimia nervosa ) തുടങ്ങിയ അവസ്ഥകൾ ഈറ്റിംഗ് റിസോർഡറുള്ള കുട്ടികളിൽ കണ്ടുവരുന്നു. ശരീരഭാരം കൂടുമെന്ന ഭയം മൂലം കടുത്ത ഭക്ഷണ നിയന്ത്രണത്തിലും അമിതമായ ശരീരഭാരം കുറയ്ക്കുന്നതിലേയ്ക്കും നയിക്കുന്ന മാനസികാവസ്ഥയാണ് അനോറെക്സിയ നെർവോസ. ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്ന മാനസികാവസ്ഥയാണ് ബുളിമിയ നെർവോസ.
ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് യുകെയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ഇടയിലെ ഈറ്റിംഗ് ഡിസോർഡറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത് . 2010 നും 2024 നും ഇടയിൽ 10 മുതൽ 24 വരെ പ്രായമുള്ള കുട്ടികളുടെ ജി പി റെക്കോർഡുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. യുകെയിലെ 1881 ജിപികളിൽ നിന്നുള്ള 9 ദശലക്ഷത്തിലധികം രോഗികളുടെ വിവരങ്ങളാണ് പഠനത്തിനായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, കീലെ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ പരിശോധിച്ചത്. 13 നും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ സ്വയം ഉപദ്രവിക്കുന്ന കേസുകളിൽ 38 ശതമാനം വർദ്ധനവ് ഉണ്ടായതായി പഠനത്തിൽ പറയുന്നുണ്ട്. ഈറ്റിംഗ് ഡിസോഡർ തുടങ്ങി കുട്ടികളുടെ മാനസിക വൈകല്യങ്ങളെ കുറിച്ചുള്ള യഥാർത്ഥ കണക്കുകൾ പഠനത്തിനുള്ളതിനേക്കാൾ കൂടുതലാണെന്നാണ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡോ. പേൾ മോക് പറഞ്ഞത്. ഇങ്ങനെയുള്ള സ്വഭാവ വൈകല്യങ്ങൾ ഉണ്ടായിട്ടും ചികിത്സയ്ക്കായി ജിപികളെ സ്നേഹിക്കാത്തവരുടെ വിവരങ്ങൾ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂറോ മില്യൺ ജാക്ക്പോട്ട് ലോട്ടറി ലഭിച്ചത് ഒരു യുകെക്കാരന് . വിജയിക്ക് 55 ലക്ഷം പൗണ്ട് ആണ് സമ്മാനമായി ലഭിക്കുന്നത്. നിലവിൽ ടിക്കറ്റിന്റെ ഉടമ അജ്ഞാതനായി തുടരുകയാണ്. ഇതുവരെ ആരും ഒന്നാം സമ്മാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല.
ലോട്ടറി എടുത്തവർ തങ്ങളുടെ ടിക്കറ്റുകൾ പരിശോധിക്കണമെന്ന് നാഷണൽ ലോട്ടറി സീനിയർ വിന്നേഴ്സ് അഡ്വൈസർ ആൻഡി കാർട്ടർ പറഞ്ഞു. ലോട്ടറി ജേതാവിന് ഈ സമ്മാനം ലഭിക്കുന്നതോടെ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനായ ഹാരി കെയ്നേക്കാൾ സമ്പന്നനാകും. ഈ മാസം ഇത് രണ്ടാം തവണയാണ് യൂറോ ജാക്ക്പോട്ട് ഒരു യുകെക്കാരന് ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ കൗമാരക്കാർക്ക് സെപ്തംബർ മുതൽ എച്ച് പി വിയുടെ രണ്ട് വാക്‌സിൻ കുത്തിവെയ്പ്പ് മാറ്റി ഒരു കുത്തിവയ്പ്പ് നൽകാൻ തീരുമാനമായി. ലോകമെമ്പാടുമുള്ള പഠനങ്ങളിൽ സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള അർബുദങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഒരു ഡോസ് മതി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുതിയ തീരുമാനം . സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദേശം 11-13 വയസ്സ് പ്രായമുള്ളപ്പോഴാണ് വാക്‌സിൻ നൽകുക. എച്ച് പി വി സാധാരണയായി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ്.
ഇത് ഉയർന്ന പകർച്ചശേഷിയുള്ള വൈറസാണ്. നിലവിൽ 100-ലധികം വ്യത്യസ്ത തരം എച്ച് പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) ഉണ്ട്. ഇവ മൂലം ഉണ്ടാകുന്ന അണുബാധകൾക്ക് സാധാരണ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മിക്ക ആളുകളും ചികിത്സയില്ലാതെ തന്നെ വൈറസിൽ നിന്ന് മുക്തി നേടാറുമുണ്ട്. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള രീതിയിലുള്ള അസാധാരണമായ ടിഷ്യു വളർച്ചയ്ക്ക് കാരണമാകുന്നത് ക്യാൻസറിലേക്ക് വരെ നയിച്ചേക്കാം.
വെയിൽസിൽ സെപ്റ്റംബർ മുതൽ ഒരു ഡോസ് ഷെഡ്യൂളിലേക്ക് മാറുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം ലോകത്തിലെ ഏറ്റവും വിജയകരമായ ഒന്നാണെന്നും സ്ത്രീകളിലും പുരുഷന്മാരിലും സെർവിക്കൽ ക്യാൻസറിന്റെയും ഹാനികരമായ അണുബാധകളുടെയും നിരക്ക് കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇമ്മ്യൂണൈസേഷൻ കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. വനേസ സാലിബ പറഞ്ഞു. ഇത് നിരവധി ക്യാൻസറുകൾ തടയുകയും സംരക്ഷിക്കുകയും ചെയ്യുന്നതായി അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളിയായ അധ്യാപകൻ പി . എ മുഹമ്മദ് ബഷീർ ബ്രിട്ടന്റെ ഉന്നത പദവി നേടി. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അദ്ദേഹത്തിന് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാരം ആണ് ലഭിച്ചത്. വിവിധ മേഖലകളിൽ നിന്ന് 1171 പേർക്കാണ് ബഹുമതികൾ ലഭിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവായതിനു ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് .പ്രൊഫസർ മുഹമ്മദ് ബഷീറിനെ കൂടാതെ അൻപതോളം ഇന്ത്യൻ വംശജരും അവാർഡിന് അർഹരായിട്ടുണ്ട്.
എൻജിനീയറിങ് രംഗത്തുള്ള സംഭാവനകളെ പരിഗണിച്ചാണ് പ്രൊഫസർ മുഹമ്മദ് ബഷീറിന് പുരസ്കാരം ലഭിച്ചത്. യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിയിൽ എക്സിക്യൂട്ടീവ് ഡീനായി ചുമതലയേൽക്കും. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് ( ലണ്ടൻ).
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയെയും ഗൾഫിനെയും ബന്ധിപ്പിച്ചു കൊണ്ട് അടുത്ത മാസം മുതൽ സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉൾപ്പെടെ മൂന്ന് പുതിയ സർവീസുകൾ ബിർമിംഗ്ഹാം എയർപോർട്ട് ആരംഭിക്കുന്നു. യുകെയുടെ തെക്ക് ഭാഗത്തുള്ള ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും വടക്ക് മാഞ്ചസ്റ്ററിൽ നിന്നും യാത്രക്കാർക്ക് വിമാനത്തെ ആശ്രയിക്കാൻ ആകും. അതിനോടൊപ്പം ദേശീയ വിമാനക്കമ്പനിയുടെ നേതൃത്വത്തിൽ സൗദി വെസ്റ്റ് മിഡ്‌ലാൻഡിൽ നിന്ന് ജിദ്ദയിലേക്ക് ജൂലൈ മുതൽ സർവീസ് ആരംഭിക്കുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
എമിറേറ്റ്‌സിന്റെ എയർബസ് എ380 ദുബായിലേക്കുള്ള സൂപ്പർ ജംബോ ഫ്ലൈറ്റുകളും, ഖത്തർ എയർവേയ്‌സ് നടത്തുന്ന ദോഹയിലേക്കുള്ള വിമാനങ്ങളും കോ വിഡ്-19 പാൻഡെമിക്കിനെ തുടർന്ന് നിർത്തിവെച്ചതിന്റെ ഫലമായി യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ ജൂലൈ ആദ്യവാരം മുതൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ഇത് പരിഹരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനികൾ.
പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ വ്യാപാര ബിസിനസ് രംഗത്തും ബിർമിംഗ്ഹാമിന് മേൽകൈ നേടുവാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ നിരവധി ലോകകമ്പനികളുടെ ആസ്ഥാനമന്ദിരം ബിർമിംഗ്ഹാമിൽ തുറന്നിട്ടുണ്ട്. ‘ഇത് 6 ദശലക്ഷം ആളുകൾ വസിക്കുന്ന ഒരു പ്രദേശമാണ് . 35 ദശലക്ഷം ആളുകൾക്ക് രണ്ടു മണിക്കൂർ സമയം കൊണ്ട് ഡ്രൈവ് ചെയ്തോ ട്രെയിൻ മാർഗമോ എയർപോർട്ടിൽ എത്താനാവും. അതുകൊണ്ടുതന്നെ യുകെയിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള എയർപോർട്ട് ആയി ബിർമിംഗ്ഹാം മാറിയെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളുടെ പേരിൽ ബോറിസ് ജോൺസൺ എംപിമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയ റിപ്പോർട്ടിനെ വലിയ രീതിയിൽ പിന്തുണച്ചു എംപിമാർ. ഏഴിനെതിരെ 354 എന്ന നിലയിൽ കോമൺസ് റിപ്പോർട്ടിനെ പിന്തുണച്ചു. ജോൺസൺ ആവർത്തിച്ചുള്ള കുറ്റങ്ങൾ ചെയ്തതായി ക്രോസ്-പാർട്ടി കമ്മറ്റിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി തെരേസ മേ, കോമൺസ് നേതാവ് പെന്നി മോർഡൗണ്ട്, വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ എന്നിവരും റിപ്പോർട്ടിലെ കണ്ടെത്തലുകളെ പിന്തുണച്ചു. 118 ടോറി നേതാക്കൾ റിപ്പോർട്ടിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 225 എംപിമാർ വിട്ടുനിന്നു.
നമ്പർ 10ൽ നടന്ന സംഭവങ്ങളെക്കുറിച്ച് പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നിലധികം പ്രസ്താവനകൾ ജോൺസൺ നടത്തിയതായി റിപ്പോർട്ടിന്റെ നിഗമനത്തിൽ പറയുന്നു. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി ജോൺസൻ എം പി സ്ഥാനം രാജി വെച്ചിരുന്നു. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി, കമ്മിറ്റിയെ “കംഗാരു കോടതി” എന്ന് മുദ്രകുത്തി ആക്ഷേപിച്ചതിലൂടെ ജോൺസൺ പാർലമെന്റിനെ കൂടുതൽ അവഹേളിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സഭയെയും ജനങ്ങളെയും അദ്ദേഹം ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും സമിതി കണ്ടെത്തി. കമ്മിറ്റിയുടെ നിഷ്പക്ഷതയ്‌ക്കെതിരെ ബോറിസ് നടത്തിയ ആക്രമണങ്ങളെയും കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ട്. ‘ജനാധിപത്യത്തിന്റെ ഭയാനകമായ ദിനം’ എന്നാണ് ബോറിസ് റിപ്പോർട്ടിനെ വിമർശിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ബോറിസ് തന്റെ എം പി സ്ഥാനം രാജി വെച്ചത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള കോമൺസ് ചർച്ചയിൽ നിന്ന് പ്രധാനമന്ത്രി റിഷി സുനക് വിട്ടുനിന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി മോർട്ട്ഗേജ് നിരക്ക് 6.01% ആയി ഉയർന്നു. അതേസമയം, ശരാശരി അഞ്ച് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് 5.67% ആയും ഉയർന്നു. വിവരം പുറത്ത് വിട്ടത് ഫിനാൻഷ്യൽ ഇൻഫർമേഷൻ സ്ഥാപനമായ മണിഫാക്ടസ്. രണ്ട് വർഷത്തെ നിരക്ക് വെള്ളിയാഴ്ച 5.98 ശതമാനത്തിൽ നിന്ന് ഉയർന്നിരുന്നു. ലിസ് ട്രസ് ഗവൺമെന്റിന്റെ മിനി ബഡ്ജറ്റിന് പിന്നാലെ തകർന്ന വിപണിയാണ് ഇപ്പോൾ കുതിച്ചുയർന്നിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2008 നവംബർ മുതൽ നിരക്ക് 6 ശതമാനത്തിനുള്ളിലായിരുന്നു.
ഉയർന്ന പലിശ നിരക്കുകൾ പേയ്‌മെന്റുകൾ കൂടുതൽ ചെലവേറിയതാക്കിയിട്ടും മോർട്ട്ഗേജ് ഉടമകൾക്ക് അധിക പിന്തുണ നൽകാൻ പ്രധാനമന്ത്രി വിസമ്മതിച്ചതിനെ തുടർന്നാണ് കുത്തനെ ഉള്ള ഈ കയറ്റം. ഊർജ്ജ ബില്ലുകളെ സഹായിക്കുന്നതിന് സർക്കാർ പിന്തുണ നൽകിയതിന് സമാനമായ തലത്തിൽ മോർട്ട്ഗേജ് ബില്ലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, പൊതുജനങ്ങളുടെ ആശങ്ക തനിക്ക് മനസ്സിലാകുന്നുണ്ടെന്നും എന്നാൽ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും റിഷി സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജൂൺ 16 -ന് പുലർച്ചെ ലണ്ടനിൽ കുത്തേറ്റ് മരിച്ച അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്റ്റുഡൻറ് വിസയിലെത്തിയ 20 വയസ്സുകാരനായ വർക്കല സ്വദേശി സൽമാൻ സലീം ആണ് അരവിന്ദിന്റെ ജീവനെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ട സൽമാനെ ജൂൺ 20 -ന് കോടതിയിൽ ഹാജരാക്കും.
അരവിന്ദ് ശശികുമാറിന്റെ ഇളയ സഹോദരൻ ബ്രിട്ടനിലെ നോർത്താംപ്ടണിൽ ആണ് താമസിക്കുന്നത്. ഇദ്ദേഹത്തെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. 20-ാം തീയതി പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ മരണത്തിലേയ്ക്ക് നയിച്ച കൂടുതൽ കാര്യങ്ങൾ പോലീസ് ബന്ധുക്കളോട് വെളിപ്പെടുത്തുകയുള്ളൂ. ഇന്ന് തിങ്കളാഴ്ച ബോഡി ഐഡന്റിഫിക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലണ്ടനിൽ എത്തണമെന്ന് പോലീസ് സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് ഒപ്പം താമസിച്ചിരുന്ന രണ്ടു മലയാളികൾ യുവാക്കൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശിയും റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് .തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ 2007 – 2009 ബാച്ചിലെ എംബിഎ വിദ്യാർത്ഥിയായ അരവിന്ദ് ശശികുമാർ ലണ്ടനിൽ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് അധ്യാപകരും പഴയ സഹപാഠികളും . ക്ലാസിലെ സൗമ്യ മുഖമായിരുന്നു അരവിന്ദ് എന്ന് സഹപാഠിയും നിലവിൽ മലപ്പുറത്ത് ഓർക്കിഡ് ഹോസ്പിറ്റലിലെ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയും ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ മെർവിൻ ആൻറണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മാക് ഫാസ്റ്റിലെ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്.
ഇതിനിടെ അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ലണ്ടനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിലെ ഷോപ്പിന് മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും മറ്റ് മൂന്നു മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. അരവിന്ദന് കുത്തേറ്റതിനെ തുടർന്ന് സംഭവത്തിന്റെ സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പുലർച്ചെ 1. 36 – ന് പോലീസിൽ വിവരം അറിയിച്ചത് . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പോലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ .
അരവിന്ദ് സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തിയത് 10 വർഷം മുമ്പാണ് . ഇപ്പോൾ കെയർ വിസയിലേയ്ക്ക് മാറാൻ ഇരിക്കെയാണ് ഈ ദാരുണ സംഭവംനടന്നത്. ജോലി കണ്ടെത്താനും മറ്റുമായി അരവിന്ദ് വളരെയേറെ സഹായിച്ച വ്യക്തിയാണ് ഏറ്റവും ഒടുവിൽ അരവിന്ദിൻറെ ജീവനെടുത്ത കൊലപാതകയായി മാറിയത്. വാടകയ്ക്ക് പോലും കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന പ്രതിയെ ഒരു മലയാളി എന്ന പരിഗണനയിൽ അരവിന്ദ് കൈയ്യയച്ചു സഹായിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇംഗ്ലണ്ടിലുടനീളമുള്ള കൗൺസിലുകൾ വാഹനത്തിന്റെ മലിനീകരണ തോത് അടിസ്ഥാനമാക്കി പുതിയ ചാർജുകൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഇതോടെ, ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന കാറുകളുടെ ഉടമകൾക്ക് പാർക്ക് ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരും. എമിഷൻ അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്ന ലണ്ടനിലെ ഏറ്റവും പുതിയ കൗൺസിലാണ് ലാംബെത്ത്. ഇംഗ്ലണ്ടിലെ മറ്റ് കൗൺസിലുകളിലും നിരക്ക് വർദ്ധന വൈകാതെ പ്രാബല്യത്തിൽ വന്നേക്കാം. ഒരു കാറിന്റെ ടാക്സ് ബാൻഡ്, ഡീസൽ സർചാർജ് ഉണ്ടോ എന്നതാശ്രയിച്ച് ലാംബെത്തിൽ ഒരു മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ഇപ്പോൾ 26 വ്യത്യസ്ത ചാർജുകൾ ഉണ്ട്.
സൗത്ത് ലണ്ടനിലെ വാട്ടർലൂ സ്റ്റേഷന് സമീപമുള്ള ഒരു പാർക്കിംഗ് ബേയിൽ ഇപ്പോൾ മണിക്കൂറിന് £6.30 നും £13.23 നും ഇടയിലാണ് ചാർജ്ജ് ഈടാക്കുന്നത്. ആപ്പിലൂടെ പണമടയ്ക്കുന്നു. യൂറോ 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു ഡീസൽ വാഹനത്തിന് 140 പൗണ്ട് അധിക വാർഷിക സർചാർജ് നൽകണം.
മെയ് 30 -ന് ചാർജ്ജുകളെ പറ്റി നടത്തിയ കൺസൾട്ടേഷനിലെ 2,900-ത്തിലധികം പ്രതികരണങ്ങളിൽ, 59% പേർ നിർദ്ദേശങ്ങളെ എതിർത്തു. എന്നാൽ, വായുവിന്റെ ഗുണനിലവാരം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്നും വിപുലമായ ഇടപെടലുകൾ ആവശ്യമാണെന്നും പ്രസ്താവിച്ചുകൊണ്ട് എതിർപ്പുകൾക്കിടയിലും ലാംബെത്ത് മാറ്റങ്ങൾ നടപ്പിലാക്കി.
RingGo, PayByPhone പോലുള്ള ആധുനിക പാർക്കിംഗ് ആപ്പുകൾ മലിനീകരണ തോത് ഉയർന്ന വാഹനങ്ങൾക്ക് ഉയർന്ന നിരക്ക് ഈടാക്കാനുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതായി വ്യവസായ വിദഗ്ധർ പറഞ്ഞു. ഈ ആപ്പുകൾക്ക് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് അതിന്റെ ടാക്സ് ബാൻഡ് തിരിച്ചറിയാനാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മോർട്ട്ഗേജ് നിരക്കുകൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള നടപടികൾ അവലോകനത്തിൽ ആണെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഏതൊരു സാമ്പത്തിക സഹായവും നൽകാനുള്ള അന്തിമ തീരുമാനം ട്രഷറിയുടെ ഭാഗത്തു നിന്നായിരിക്കുമെന്നും അദ്ദേഹം പ്രശസ്ത മാധ്യമപ്രവർത്തക ലോറ ക്യൂൻസ്ബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ മോർട്ട്ഗേജിൽ ഇളവുകൾ നൽകുവാൻ നിലവിൽ ട്രഷറിയ്ക്ക് പദ്ധതികൾ ഒന്നും തന്നെ ഇല്ലെന്നാണ് ബിബിസി ന്യൂസിനു ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ പുതിയതായി ആരംഭിക്കുന്ന രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് 6 ശതമാനത്തിൽ കൂടുതലാകുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാർ ഇടപെടുമോ എന്ന ലോറ ക്യൂൻസ്ബെർഗിന്റെ ചോദ്യത്തിനോട്, പ്രതിസന്ധികളെ നേരിടുവാൻ പൊതു പണം ഉപയോഗിക്കുന്നത് അനിവാര്യമായി കൂടുതൽ കടത്തിലേയ്ക്ക് നയിക്കുമെന്നാണ് മൈക്കൽ ഗോവ് പ്രതികരിച്ചത് . ഹ്രസ്വകാല ആശ്വാസം നൽകുന്നതിന് പണം ചെലവഴിക്കുക എന്നതാണ് ഏറ്റവും മോശം കാര്യമെന്നും , അത് നമ്മുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തിയ സാഹചര്യത്തിൽ മോർട്ട്ഗേജ് നിരക്കുകൾ കുതിച്ചുയരുകയാണ്. സാമ്പത്തിക ഡാറ്റാ സ്ഥാപനമായ മണിഫാക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം, 2018-ൽ അഞ്ച് വർഷത്തേക്ക് 250,000 പൗണ്ട് മോർട്ട്ഗേജ് ഉറപ്പിക്കുന്ന ഒരാൾക്ക് ശരാശരി നിരക്ക് 2.92% അല്ലെങ്കിൽ പ്രതിമാസം 1,175 പൗണ്ട് നൽകേണ്ടതായി വരും. ഇതിനൊപ്പം തന്നെ വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളും ജനങ്ങളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടൽ ഉണ്ടാകുമോ എന്ന് നോക്കിക്കാണുകയാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും.