Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വിമാനയാത്രയുടെ മധ്യത്തിൽ വച്ച് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ ജീവിതാന്ത്യം വരെ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കും 5000 പൗണ്ട് ഫൈനും ഏർപ്പെടുത്തിയിരിക്കുകയാണ് ജെറ്റ് 2. വെസ്റ്റ് യോർക്ക്ക്ഷെയറിലെ ബ്രാഡ്ഫോർഡിൽ നിന്നുള്ള കാതറിൻ ബുഷിനാണ് അച്ചടക്കനടപടി നേരിട്ടിരിക്കുന്നത് . മാഞ്ചസ്റ്ററിൽ നിന്നും ടർക്കിയിലേക്കുള്ള ഫ്ലൈറ്റിൽ ആയിരുന്നു ഈ സംഭവം. കാതറിൻ പ്ലെയിനിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ മൂലം പ്ലെയിൻ വിയന്നയിൽ നിർത്തേണ്ടതായി വന്നു. അതിനുശേഷം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫ്ലൈറ്റിലെ സ്റ്റാഫുകളോടും മറ്റ് യാത്രക്കാരോടുമെല്ലാം ഇവർ അപമര്യാദയായി ശബ്ദമുയർത്തി സംസാരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പല്ലുകളുടെ വൈറ്റ്നിങ് പ്രക്രിയയുടെ ഭാഗമായുള്ള സിർക്കോണിയം ട്രീറ്റ്മെന്റിനായാണ് ഇവർ യാത്ര ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. കോസ്മെറ്റിക് സർജറിക്കായി താൻ ശേഖരിച്ചുവെച്ച 3000 പൗണ്ട് തുകയുമായി യാത്ര ചെയ്യുകയാണെന്ന് കാതറിൻ തന്നോട് പറഞ്ഞതായി മറ്റൊരു യാത്രക്കാരി വ്യക്തമാക്കി. മറ്റ് യാത്രക്കാരോട് വളരെ ഉച്ചത്തിൽ ശബ്ദമുയർത്തി ഇവർ സംസാരിച്ചതായും ഇത് എല്ലാവർക്കും അരോചകമായി തീർന്നതായും സ്റ്റാഫുകൾ വ്യക്തമാക്കി. മറ്റൊരു യാത്രക്കാരൻെറ മുഖത്ത് കാതറിൻ അടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്നാണ് കാതറിനെ ഫ്ലൈറ്റിൽ നിന്നും പുറത്താക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്. പിന്നീട് സൈക്യാട്രിക് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ ഉക്രൈൻ ഒറ്റയ്ക്കല്ലന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഉക്രൈയ്നിനു പിന്തുണയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തുവന്നത്. റഷ്യൻ പ്രസിഡന്റ് രാസായുധങ്ങൾ ഉപയോഗിച്ചാൽ അതിൻറെ അനന്തരഫലങ്ങൾ അദ്ദേഹത്തിന് വിനാശകരമാകുമെന്ന് ബ്രസൽസിൽ സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പു നൽകി.

റഷ്യ ഉക്രൈൻ സംഘർഷത്തിൽ നാറ്റോ സഖ്യ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉക്രൈന് തുറന്ന പിന്തുണ നൽകുമ്പോഴും യുദ്ധത്തിൽ ഏതെങ്കിലും രീതിയിൽ ഇടപെടുന്നത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് ലോകത്തെ തള്ളി വിടുമോ എന്ന ആശങ്ക പരക്കെയുണ്ട്. അതുകൊണ്ടുതന്നെ കടുത്ത സംയമനത്തോടു കൂടിയ നടപടികളാണ് അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ പക്കൽ നിന്നുണ്ടാകുന്നത്. നേരത്തെ 65 റഷ്യൻ കമ്പനികൾക്കും വ്യക്തികൾക്കും എതിരെ യുകെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഉക്രൈൻ സംഘർഷം ചർച്ച ചെയ്യാനായി നാറ്റോ , യൂറോപ്യൻ യൂണിയൻ , G7 എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ബ്രസൽസിൽ അടിയന്തര യോഗം നടത്തുകയാണ്. നാറ്റോ ഉച്ചകോടിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ബ്രിട്ടൻ ഉക്രൈനു നൽകുന്ന പിന്തുണയുടെ അളവിനെ പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. 6000 മിസൈലുകൾ കൂടി ഉടൻ അയക്കാൻ ബ്രിട്ടൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഉക്രൈൻ സൈനികർക്ക് നൽകാനായി 25 മില്യൺ പൗണ്ടിന്റെ അധിക ധനസഹായവും യുകെ ഉക്രൈന് നൽകും .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജീവിതചെലവ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ളവർ ജീവിക്കാനായി ബുദ്ധിമുട്ടുകയാണ്. ഏപ്രിലിൽ പണപ്പെരുപ്പം ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചില മാർഗങ്ങളിലൂടെ പണം ലഭിക്കാനും കഴിയും. കഴിഞ്ഞ വർഷം വീട്ടിലിരുന്ന് ജോലി ചെയ്ത ആളുകൾക്ക് എച്ച്എംആർസിയിൽ നിന്ന് 125 പൗണ്ടിന്റെ നികുതി ഇളവ് ക്ലെയിം ചെയ്യാൻ ഏപ്രിൽ 5 വരെ സമയമുണ്ട്. വീട്ടിലിരുന്ന് ഒരു ദിവസം മാത്രമേ ജോലി ചെയ്തിട്ടുള്ളൂവെങ്കിലും ‘വർക്ക് ഫ്രം ഹോം’ റീബേറ്റ് ബാധകമാണ്. ഇത് ഓൺലൈനിലൂടെ ക്ലെയിം ചെയ്യാൻ സാധിക്കും.

മാര്യേജ് അലവൻസ് പ്രയോജനപ്പെടുത്തുക എന്നതാണ് മറ്റൊരു വഴി. ഇതിലൂടെ 252 പൗണ്ട് വരെ നികുതിയിളവ് ലഭിക്കും. £12,571 അല്ലെങ്കിൽ അതിൽ താഴെ വരുമാനമുള്ളവർക്ക് അവരുടെ വ്യക്തിഗത അലവൻസിന്റെ £1,260 വരെ പങ്കാളിക്ക് കൈമാറാം. ഇതിലൂടെ നികുതിയിൽ 252 പൗണ്ടിന്റെ ഇളവ് ലഭിക്കും. ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാൽ യുകെയിലുടനീളമുള്ള കുടുംബങ്ങൾ ഏപ്രിൽ മുതൽ വലിയ കൗൺസിൽ നികുതി വർദ്ധനവ് നേരിടുകയാണ്. പ്രാദേശിക അധികാരികൾക്ക് വർധിപ്പിക്കാൻ കഴിയുന്ന കൗൺസിൽ നികുതിയുടെ പരിധി 5% ആണ്. തനിച്ച് താമസിക്കുന്ന ആളുകളും ജോലിയിൽ നിന്ന് വിരമിച്ചവരും എന്തെങ്കിലും ആനുകൂല്യം ഉള്ളവരും നികുതിയിളവിന് അർഹരാണോയെന്ന് പരിശോധിക്കണം.

വർദ്ധിച്ചുവരുന്ന എനർജി ബില്ലുകളിൽ നിന്ന് ആളുകളെ സഹായിക്കുന്നതിനായി ചാൻസലർ ഈ മാസം ആദ്യം എനർജി റീബേറ്റ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ, കൗൺസിൽ ടാക്സ് ബാൻഡ് സ് എ-ഡി പ്രോപ്പർട്ടികളിൽ ഉൾപ്പെട്ട യോഗ്യരായ കുടുംബങ്ങൾക്ക് ഈ വർഷം ഏപ്രിൽ മുതൽ കൗൺസിലിൽ നിന്ന് £150 എനർജി റിബേറ്റ് പേയ്‌മെന്റ് ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യൂണിഫോമിനായി പണം നൽകേണ്ടിവന്ന ആശുപത്രി ജീവനക്കാർക്കും ഷോപ്പ് ജീവനക്കാർക്കും ഹെയർഡ്രെസ്സർമാർക്കും എച്ച്എംആർസിയിൽ നിന്ന് അവരുടെ ചെലവുകൾ ക്ലെയിം ചെയ്യാൻ സാധിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ധന വില കുറയുന്നതുൾപ്പെടെ, ബ്രിട്ടീഷുകാർക്ക് ആശ്വാസമേകുന്ന പദ്ധതികളുമായി റിഷി സുനക്കിന്റെ മിനി ബജറ്റ്. 12 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന വേണ്ടെന്നു വെച്ചു. ഇന്നലെ വൈകിട്ട് 6 മുതൽ 2023 മാർച്ച് വരെ ഇന്ധന തീരുവ ലിറ്ററിന് 5 പെൻസ് കുറയും. വിലക്കയറ്റം തടയാൻ അതുകൊണ്ടാവും എന്നാണ് പ്രതീക്ഷ. നികുതിയുടെ അടിസ്ഥാന നിരക്ക് 2024 ആകുമ്പോഴേക്കും കുറയ്ക്കുന്നതിനുള്ള നിർദേശവും ബജറ്റിലുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്ക്കാനുള്ള ശമ്പള പരിധി 3000 പൗണ്ട് വര്‍ദ്ധിപ്പിച്ച് 12,570 പൗണ്ട് ആക്കി. ജൂലായ് മാസം മുതല്‍ ഇത് നിലവില്‍ വരും.

യുക്രൈനിലെ യുദ്ധം സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ചാൻസലർ ബജറ്റ് പ്രഖ്യാപനത്തിലേക്ക് കടന്നത്. യുകെ യുക്രൈനെ പിന്തുണയക്കുന്നത് തുടരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2024ഓടെ നികുതിയുടെ അടിസ്ഥാന നിരക്ക് പൗണ്ടിൽ 20 പെൻസിൽ നിന്ന് 19 പെൻസായി കുറയും. സോളാര്‍ പാനല്‍, ഹീറ്റ് പമ്പ്, ഇന്‍സുലേഷന്‍ എന്നിവയുടെ വാറ്റ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് എടുത്തുമാറ്റികൊണ്ടാണ് സാധാരണ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. സോളാർ പാനൽ സ്ഥാപിക്കുന്ന കുടുംബത്തിന് 1,000 പൗണ്ടിൽ കൂടുതൽ നികുതി ലാഭിക്കാമെന്നും എനർജി ബില്ലിൽ പ്രതിവർഷം 300 പൗണ്ടിലധികം ഇളവുണ്ടാകുമെന്നും സുനക് പറഞ്ഞു.

ചെറുകിട ബിസിനസ്സുകൾക്ക് നൽകുന്ന തൊഴിൽ അലവൻസ് ഏപ്രിൽ മുതൽ 4,000 പൗണ്ടിൽ നിന്ന് 5,000 പൗണ്ടായി ഉയരും. ഇത്രയധികം പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും ബ്രിട്ടീഷുകാരുടെ ജീവിത നിലവാരം കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റീസിന്റെ കണക്കനുസരിച്ച് 2022-23 ല്‍ ഓരോ വ്യക്തിയുടെയും ചെലവാക്കാന്‍ കഴിയുന്ന വരുമാനത്തില്‍ 2.2 ശതമാനത്തിന്റെ ഇടിവുണ്ടാകും. റഷ്യയുടെ യുക്രൈൻ അധിനിവേശം മൂലമുണ്ടായ സാമ്പത്തിക ആഘാതം രാജ്യത്തെ കാര്യമായി തളർത്തിയിട്ടുണ്ടെന്ന് സുനക് പറഞ്ഞു. ജീവിത നിലവാരത്തിൽ ഏറ്റവും വലിയ തകർച്ചയാണ് ബ്രിട്ടീഷുകാർ ഇപ്പോൾ നേരിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നൈജീരിയൻ സ്ത്രീകളെ സെക്സ് ട്രാഫിക്കിങ്ങിനായി ഉപയോഗിച്ച കുറ്റത്തിന് 18 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ലണ്ടൻ നേഴ്സിനു 184,000 പൗണ്ട് തുക കൂടി അടയ്ക്കാൻ വിധിയായിരിക്കുകയാണ്. ജോസെഫൈൻ ഇയാമു എന്ന നേഴ്സാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. താൻ സ്വയം സമ്പന്ന ആണെന്ന് വിശ്വസിപ്പിക്കുകയും, ഇതിൻ പ്രകാരം നൈജീരിയയിൽ നിന്നും സ്ത്രീകളെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ട് വരികയും , യൂറോപ്പിൽ പുതിയ ജീവിതം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ഇവർ ചെയ്തതായി കണ്ടെത്തിയിരുന്നു.

പണമുണ്ടാക്കാനുള്ള മാർഗമായി ആണ് ഇവർ ഇത്തരത്തിലുള്ള സ്ത്രീകളെ കണ്ടത്. അതിനോടൊപ്പം തന്നെ നൈജീരിയയിൽ നിന്ന് കൊണ്ടുവന്ന സ്ത്രീകളെ ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. 38,000 പൗണ്ട് ഓരോ സ്ത്രീയിൽ നിന്നും ഈടാക്കിയതായും, എന്നാൽ അതിനനുസരിച്ചുള്ള യാതൊരു പരിഗണനകളും ഇവർ നൽകിയിരുന്നില്ല എന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

ഇതോടൊപ്പംതന്നെ ചില മാന്ത്രിക പ്രവർത്തനങ്ങളിലൂടെ കൊണ്ടുവന്ന സ്ത്രീകളെ താനുമായി ബന്ധപ്പെടുത്തുകയും, ജോസഫൈന്റെ വാക്കുകൾ അനുസരിച്ചില്ലെങ്കിൽ ഇവരുടെ കുടുംബാംഗങ്ങൾക്ക് ദോഷം ഉണ്ടാകുമെന്ന ധാരണ ഇവരിൽ പരത്തുകയും ചെയ്തു. മാർച്ച് 4 വെള്ളിയാഴ്ചയാണ് ബെർമിങ്ഹാം കോടതി ജോസഫൈനോട് 184000 പൗണ്ട് തുക കൂടി അധികമായി അടയ്ക്കുവാൻ ഉത്തരവിട്ടത്. ഇത് അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് കൂടി അനുഭവിക്കേണ്ടതായി വരും. മോഡേൺ സ്ലെവെറി ആക്ട് പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ജോസഫൈൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ കോവിഡ് കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 12 ശതമാനം വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. ഈ മാസം രണ്ടാം തവണയാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 102,483 പേർക്കാണ് വൈറസ് ബാധ രേഖപ്പെടുത്തിയത്. ഒരാഴ്ചമുമ്പ് പ്രതിദിന രോഗവ്യാപന നിരക്ക് 91,345 ആയിരുന്നു.


രോഗവ്യാപനം കൂടുന്നതിനൊപ്പം തന്നെ മരണനിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ 194 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ച മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 27 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി പ്രവേശനം 30 ശതമാനം വർദ്ധിച്ചതിനെ ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

യുകെയിൽ ഉടനീളം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും ഒമിക്രോണിന്റെ പുതിയ വകഭേദമായ BA. 2 ഒമിക്രോൺ വ്യാപിക്കുന്നതുമാണ് രോഗവ്യാപനം കുതിച്ചുയരുന്നതിന് പിന്നിൽ. കൂടുതൽ അപകടകരമായ ജനിതക ഭേദങ്ങളുടെ ആവിർഭാവം വരും ദിനങ്ങളിൽ ഗുരുതരമായ രോഗവ്യാപനത്തിനും മരണനിരക്കിനും കാരണമായേക്കാമെന്ന് ചീഫ് മെഡിക്കൽ അഡ്വൈസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാർഡിഫ് : യുകെ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നു. കാര്‍ഡിഫ് മലയാളിയുടെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലാണ് ഏറ്റവും ഒടുവിലായി മോഷണം നടന്നത്. പുതുതായി വാങ്ങിയ വീടിന്റെ പണി പുരോഗമിക്കവേയാണ് സംഭവം. പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികൾക്ക് ശേഷം ഗൃഹനാഥൻ മടങ്ങിയതിന് പിന്നാലെയാണ് മോഷണം നടന്നത്. അടുക്കളയിലേക്ക് വാങ്ങിവച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പല വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അവർ എത്തി വിവരങ്ങൾ ശേഖരിച്ചു. പിന്നീട് നടത്തിയ തിരച്ചിലിൽ മോഷണമുതൽ കണ്ടെടുത്തതോടെ ആശ്വാസമായി.

വീടിനു കുറച്ചകലെയുള്ള മരക്കൂട്ടത്തിനിടയിൽ നിന്നാണ് മോഷണം പോയ വസ്തുക്കൾ കണ്ടെടുത്തത്. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയവയെല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം. മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണവും പണവുമുണ്ടാകാമെന്ന ധാരണയിലാണ് മോഷ്ടാക്കൾ ഇവരെ ലക്ഷ്യമിടുന്നത്. ഇത്തരം മോഷണശ്രമങ്ങളെ പറ്റി മുൻപും മലയാളംയുകെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫെബ്രുവരി അവസാനമാണ് ഗ്ലാസ്ഗോയിൽ മലയാളിയുടെ വീട്ടിൽ വൻ മോഷണം നടന്നത്. എഴുപത് പവൻ സ്വർണമാണ് അന്ന് നഷ്ടമായത്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തരായ ജനങ്ങൾ വീട് വീട്ടിറങ്ങാൻ തുടങ്ങിയതോടെ മോഷണങ്ങളും വർദ്ധിച്ചു. വീട്ടുപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതോടൊപ്പം അധിക സുരക്ഷയ്ക്കായി അലാം സെറ്റു ചെയ്യാവുന്നതാണ്. അധിക ശ്രദ്ധയും ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഗവൺമെന്റിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാട്സാപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വിവിധ ചർച്ചകൾ മുന്നോട്ടു വന്നിരിക്കുകയാണ്. ഇത് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിനാണെന്നും, യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ വാട്സാപ്പിലൂടെ ഇത്തരം വിവരങ്ങൾ കൈമാറുന്നത് സുരക്ഷാവീഴ്ച ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ പ്രവർത്തിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഇവർ. പബ്ലിക് റെക്കോർഡുകൾ സൂക്ഷിക്കപ്പെടേണ്ടതാണെന്നും, ഇത്തരം മെസ്സേജുകൾ ഈ പ്രവണത നശിപ്പിക്കുമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

എന്നാൽ രഹസ്യമായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുവാൻ പ്രത്യേക വഴികൾ ഗവൺമെന്റിന് ഉണ്ടെന്നും, ഉദ്യോഗസ്ഥരുമായുള്ള മീറ്റിംങ്ങുകളുടെ പ്രധാന വിവരങ്ങൾ മന്ത്രിമാർ എഴുതി സൂക്ഷിക്കുന്നുണ്ടെന്നും ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. 2020 നവംബർ മുതലാണ് ബോറിസ് ജോൺസനും മറ്റു മന്ത്രിമാരും ഇത്തരത്തിൽ വാട്സാപ്പിലൂടെ അവശ്യ വിവരങ്ങൾ കൈമാറാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പംതന്നെ മറ്റുചിലർ സിഗ്നൽ ആപ്പും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം മെസേജുകളുടെ യാതൊരു റെക്കോർഡുകളും ഇവർ സൂക്ഷിക്കുന്നില്ല എന്നതാണ് മുഖ്യമായ ആരോപണം. 1958 ലെ പബ്ലിക് റെക്കോർഡ് ആക്ടിന് വിരുദ്ധമായാണ് ഗവൺമെന്റ് പ്രവർത്തികൾ എന്നാണ് ആരോപണം. എന്നാൽ അവശ്യമായവയുടെ എല്ലാ റെക്കോർഡുകളും സൂക്ഷിക്കുന്നുണ്ട് എന്നാണ് ഗവൺമെന്റിൻെറ പ്രതികരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും വ്ളാഡിമിർ പുടിനെ നീക്കി പകരം ഫെഡറൽ സർവീസ് മേധാവി അലക്സാണ്ടർ ബോർട്ട്നികോവ് ആ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത ഏറെയാണെന്നുള്ള ഉക്രൈൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തം ചാരന്മാരെ തന്നെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുകയും, അതോടൊപ്പം തന്നെ സ്റ്റാലിൻ നടത്തിയ കൂട്ടക്കൊലകളെ പ്രശംസിക്കുകയും ചെയ്ത വ്യക്തിയാണ് അലക്സാണ്ടർ ബോർട്ട്നികോവ്. പുടിനെ സ്ഥാനത്തുനിന്നും നീക്കാനുള്ള എല്ലാവിധ പ്ലാനുകളും പുടിന്റെ വിശ്വസ്തർ തന്നെ ആരംഭിച്ചു കഴിഞ്ഞതായാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പുടിനെ വിഷം ഉപയോഗിച്ചോ ആക്സിഡന്റിലൂടെയോ കൊല്ലാനുള്ള തീരുമാനമാണ് ഇവർ എടുത്തിരിക്കുന്നത്. ഒരിക്കൽ പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന അലക്സാണ്ടർ ബോർട്ട്നികോവിനെ ആണ് പുടിനു പകരമായി ഇവർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉക്രൈൻ യുദ്ധത്തോടെ റഷ്യക്ക് നഷ്ടമായ പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം വീണ്ടും പുനരാരംഭിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.


ഈ നീക്കത്തിൽ ഉൾപ്പെട്ടവർ എല്ലാം തന്നെ രാജ്യത്തെ ഉന്നതശ്രേണിയിൽ പെടുന്ന രാഷ്ട്രീയനേതാക്കളും ബിസിനസ് ഉടമകളും മറ്റുമാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ റഷ്യൻ ഫെഡറൽ സർവീസ് മേധാവിയായ അലക്സാണ്ടർ രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരം ഉള്ള ഒരാൾ തന്നെയാണ്. മുൻപ് പുടിനെ പോലെ തന്നെ സോവിയറ്റ് യൂണിയൻ കാലത്ത് റഷ്യൻ സെക്യൂരിറ്റി ഏജൻസിയായ കെ ജി ബി ഓഫീസറായിരുന്നു അലക്സാണ്ടർ. എഫ് എസ് ബി യുടെ തലപ്പത്ത് എത്തിയ ശേഷം അലക്സാണ്ടർ അതിനെ പൂർണമായ രീതിയിൽ പൊളിച്ചെഴുതിയതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും കൂടുതൽ അധികാരമുള്ള ഒരു ഏജൻസിയായി എഫ് എസ് ബി മാറിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ റഷ്യയുടെ ഇക്കണോമിക് സെക്യൂരിറ്റി സർവീസിന് മേധാവിയായും അലക്സാണ്ടർ പ്രവർത്തിച്ചുവരുന്നുണ്ട്. ആർമി ജനറൽ പദവിയുള്ള റഷ്യയിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അലക്സാണ്ടർ.


2006 ൽ പുടിന്റെ വിമർശകനായ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ കൊലപാതകത്തിലും ബോർട്ട്നിക്കോവിനു പങ്കുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ സ്റ്റാലിന്റെ കടുത്ത ആരാധകനുമാണ് ബോർട്ട്നികോവ്. പുടിന്റെ വിശ്വസ്തർ തന്നെയാണ് ബോർട്ട്നികോവിനെ പകരക്കാരനായി കണ്ടെത്തിയത് എന്നാണ് ഉക്രൈൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ധന വിലവർദ്ധനവ് എല്ലാ മേഖലകളുടെയും പ്രവർത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്. കുതിച്ചുയർന്ന ഇന്ധനവിലയിൽ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താറുമാറായതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ധനവിലയിലുള്ള കുതിച്ചുകയറ്റം എൻഎച്ച്എസ് പോലുള്ള വമ്പൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ധന വിലവർദ്ധനവ് മൂലം എൻഎച്ച്എസ് എസ് ജീവനക്കാരുടെ വീടുകളിലുള്ള രോഗി സന്ദർശനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. തങ്ങളുടെ ജോലിയുടെ ഭാഗമായി വാഹനം ഉപയോഗിക്കുന്ന ഡിസ്ട്രിക്ട് തലത്തിലുള്ള നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിലവർധനവിന് മറികടക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ വേണമെന്ന് എൻഎച്ച്എസ് നേതൃത്വം ആവശ്യപ്പെട്ടു. പലരും വിലവർധനവിന്റെ സാഹചര്യത്തിൽ ദുർബലരായ രോഗികളെയും നവജാതശിശുക്കളെയും വീടുകളിൽ സന്ദർശിക്കുന്നത് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനു ശേഷമാണ് ഇന്ധനവിലയിൽ പെട്ടെന്നുള്ള കുതിച്ചുകയറ്റം ഉണ്ടായത്. ഈയിടെ യുകെയിൽ പെട്രോളിന്റെ ശരാശരി വില 1.67 പൗണ്ട് ആയി ഉയർന്നിരുന്നു.

RECENT POSTS
Copyright © . All rights reserved