Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ വിസകളുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമായതോടെ കടുത്ത നടപടികളുമായി യുകെ സർക്കാർ രംഗത്ത് വന്നു. കുടിയേറ്റം കുതിച്ചുയരുന്നതിനാൽ കുറെ നാളുകളായി കടുത്ത വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ ഏറ്റുവാങ്ങുന്നത്. യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിലുള്ളവരിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിലും കെയർ മേഖലയിലും ജോലിക്കായി ആണ് എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ കെയർ വിസയുടെ പേരിൽ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തങ്ങളുടെ സ്ഥാപനത്തിലേയ്ക്ക് പുതിയ ജീവനക്കാർക്ക് ഇനി പുതിയ വിസകൾ അനുവദിപ്പിക്കുന്നത് കെയർ ഹോം ഉടമകൾക്ക് അത്ര സുഗമമായിരിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം പുതിയ ഒരു നിയമനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കെയർ ഹോമുകളുടെ പേരിൽ അനുവദിക്കുന്ന വിസകൾ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ വ്യാപകമായി ഉയർന്നു വന്നിരുന്നു. പരാതികൾ ഉയർന്നുവന്ന പല കമ്പനികളുടെയും ലൈസൻസും ഇതിനോടകം റദ്ദാക്കി കഴിഞ്ഞു. ഈ ദിവസങ്ങളിൽ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പല കെയർ ഹോമുകളിലും കർശന പരിശോധനകൾ ആണ് നടന്നുവരുന്നത്.

തൊഴിൽ തട്ടിപ്പിനായി വ്യാപകമായ രീതികൾ കെയർ ഹോമുകൾ ഉപയോഗിക്കുന്നതാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ യുകെ സർക്കാരിനെ പ്രേരിപ്പിച്ചത്. ഏജൻസികൾ ലക്ഷങ്ങൾ ഈടാക്കി യുകെയിൽ എത്തിക്കുന്നവർ ജോലി ഇല്ലാതെ ദുരിതത്തിലായ വാർത്തകൾ ഒട്ടേറെയാണ് അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊച്ചിയിൽ നിന്നുള്ള ഏജൻസി 400 മലയാളികളെ യുകെയിലെത്തിച്ച്‌ പണം തട്ടിയതായുള്ള പരാതി ആണ് അതിൽ പ്രധാനപ്പെട്ടത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഭയാർത്ഥി പ്രശ്നത്തിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് ഋഷി സുനക് സർക്കാർ . 17000 – ത്തിലധികം അഭയാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് ഹോം ഓഫീസ് ഉദ്യോഗസ്ഥർ സമ്മതിച്ചതായുള്ള വാർത്തകൾ രാജ്യത്തെ എല്ലാ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023 നവംബർ 13 വരെ 27284 പേരാണ് ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്ത് എത്തിച്ചേർന്നത്.

ഈ വർഷാവസാനത്തോടെ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം കുറയുമെന്ന ഋഷി സുനക് സർക്കാരിൻറെ നയത്തെക്കുറിച്ച് എംപിമാർ ചർച്ച ചെയ്യുന്നതിനിടെയാണ് ഹോം ഓഫീസിന് ആകപ്പാടെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങൾ പുറത്തേക്ക് വന്നത്. ചിലരൊക്കെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി പോയിട്ടുണ്ടോ എന്ന സെലക്ട് കമ്മിറ്റിയുടെ ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് ഹോം ഓഫീസിലെ മുതിർന്ന സിവിൽ ഉദ്യോഗസ്ഥനായ സൈമൺ റിഡ്‌ലി നൽകിയത് . തുടർച്ചയായ രണ്ട് അഭിമുഖങ്ങളോടും ചോദ്യാവലികളോടും അഭയാർത്ഥികളായി എത്തുന്നവർ പ്രതികരിക്കാതെ വരുന്നതോടെയാണ് അവരെ കാണാതായതായി കണക്കാക്കുന്നത് എന്നാണ് ഹോം ഓഫീസ് കമ്മിറ്റിയെ അറിയിച്ചത്. കഴിഞ്ഞവർഷം ഡിസംബർ മുതൽ 17316 തവണയാണ് അഭയാർത്ഥികളായി എത്തിയവർ ഈ രീതിയിൽ തുടർച്ചയായി പ്രതികരിക്കാതെ വന്നത്.

രാജ്യത്തിൻറെ അതിർത്തികളുടെ നിയന്ത്രണം ഋഷി സുനക് സർക്കാരിന് നഷ്ടപ്പെട്ടതായാണ് സംഭവത്തെക്കുറിച്ച് പ്രതിപക്ഷവും സർക്കാരിൻറെ വിമർശകരും ആരോപിച്ചത്. ഇതോടൊപ്പം കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ പല ഭാഗങ്ങളിലും ഇന്നലെ അനുഭവിച്ചത് 13 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്. 2010 – ന് ശേഷം ഏറ്റവും കൂടിയ തണുപ്പാണ് യുകെ കണ്ടത്. ഇനിയും മൂന്ന് ദിവസങ്ങൾ കൂടി തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷകർ നൽകിയിട്ടുണ്ട്.

അയർഷയറിലെ പ്രെസ്റ്റ് വിക്കിൽ ഇന്നലെ രാത്രിയിലെ താപനില -5.5 c ( 22 F) ആയി കുറഞ്ഞു. കുംബ്രിയൻ പട്ടണമായ കെസ്‌വിക്കിലെ താപനില അതിലും കുറവായ – 6.1c (21 F) ആണ് രേഖപ്പെടുത്തിയത്. സ്കോട്ടിഷ് ഹൈലാൻഡ്സിലെ ആയോനാച്ച് മേറിൽ – 8 ഡിഗ്രി സെൽഷ്യസ് തണുപ്പായിരുന്നു. സ്കോട്ട്‌ലൻഡിലും കിഴക്കൻ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ചയായിരുന്നു. കടുത്ത തണുപ്പ് കുറച്ച് ദിവസങ്ങൾ കൂടി നിലനിൽക്കും.

മിഡ്ലാൻഡ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും മൂലം കടുത്ത യാത്രാദുരിതവും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ . സ്കോട്ട്ലൻഡിന്റെ വടക്കും കിഴക്കും ഇംഗ്ലണ്ടിന്റെ കിഴക്കും കനത്ത മഞ്ഞുവീഴ്ച കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിട്ടുണ്ട്. തണുത്ത മൂടൽമഞ്ഞിനൊപ്പം റോഡുകളും നടപ്പാതകളും മഞ്ഞുമൂടിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ ഏറ്റവും തണുപ്പുള്ള ചില സ്ഥലങ്ങൾ ഇവയായിരുന്നു.

ബ്രിഡ്ജ്ഫൂട്ട്, കുംബ്രിയയിൽ -7.2C (19F)
ക്രിയാൻലാറിക്കിലെ ടിൻഡ്രം -5.8C (22F)
ഫ്ലിന്റ്ഷെയറിലെ ഹാവാർഡൻ -3 (27F)
ആൽഡർഗ്രോവ്, കൗണ്ടി ആൻട്രിം -2.9C (27F).

കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ പന്നിപ്പനി പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പന്നിപ്പനി രാജ്യത്ത് ആദ്യമായാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയിൽ നിന്നുള്ളവർ അതീവ ജാഗ്രതയോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. നോർത്ത് യോർക്ക് ഷെയറിൽ ഉള്ള ഒരു രോഗി പനിയുമായി ജിപിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചേർന്നതാണ് രോഗം തിരിച്ചറിയാൻ കാരണമായത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി വീട്ടിൽ സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ .

എങ്ങനെയാണ് രോഗം ഒരാൾക്ക് വന്നതിനെ കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിക്ക് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗം ബാധിച്ച വ്യക്തി പന്നികളുമായി ഒരുതരത്തിലും ഇടപെട്ടിട്ടുള്ള ആളല്ല. അതുകൊണ്ടു തന്നെ രോഗത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഗൗരവതരത്തിലുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രോഗബാധിതനായ ആളുടെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷിച്ചു വരുകയാണ്.


യുകെയിൽ മുമ്പൊരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പന്നിപ്പനി ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. രോഗം രാജ്യത്ത് വന്നതിനെ കുറിച്ച് സാധ്യമായ എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ചീഫ് സയൻറിഫിക് ഓഫീസർ ഡോ ഇസബെൽ ഒലിവർ പറഞ്ഞു. ഇനിയും തിരിച്ചറിയാത്ത പല കേസുകളും ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ പബ്ലിക് ഹെൽത്ത് വിദഗ്ധനായ ഡോ. അസീം മജീദ് മാധ്യമങ്ങളോട് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ്സിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ജീവനക്കാരല്ലാത്ത ഒരു വ്യക്തി സെൻറ് ആൻറണീസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ പ്രവേശിക്കുകയും ഒരു രോഗിയെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്തതിനുശേഷം വളരെ പ്രധാനപ്പെട്ട ചില രേഖകളുമായി മുങ്ങിയതിന്റെ വാർത്തയാണ് യുകെയിലെ ആരോഗ്യമേഖലയ്ക്ക് നാണക്കേടായി പുറത്ത് വന്നത്.


സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ആയിരുന്നു. ഇത് മന:പ്പൂർവ്വമായി സംഭവിച്ചതാണോ എന്നതിനെ കുറിച്ച് അന്വേഷണം നടന്നു വരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ കടന്നു കയറിയ വ്യക്തിയെ തിരിച്ചറിയാനും നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് (ഐസിഒ) പറഞ്ഞു. 2023 ഫെബ്രുവരിയിൽ ഫൈഫിലെ സെൻറ് ആൻഡ്രൂസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു സംഭവം.

ഏജൻസി വഴി നിയമിക്കപ്പെട്ട ജീവനക്കാരിയാണ് എന്നാണ് ആദ്യം വ്യാജ നേഴ്സിനെ കുറിച്ച് മറ്റുള്ളവർ ധരിച്ചത്. 14 പേരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ രേഖകളുമായാണ് ഇവർ കടന്നുകളഞ്ഞത്. നിലവിൽ ഇവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. തിരിച്ചറിയൽ പരിശോധനകളുടെയും ഔപചാരിക നടപടിക്രമങ്ങളുടെയും അഭാവം മൂലമാണ് വ്യാജ നേഴ്സിന് വാർഡിലേയ്ക്ക് പ്രവേശിക്കാൻ കഴിഞ്ഞതെന്ന് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് പറഞ്ഞു. സ്വകാര്യ ചികിത്സാ വിവരങ്ങൾ അടങ്ങുന്ന രേഖകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നയിച്ച സംഭവത്തെ തുടർന്ന് എൻഎച്ച് എസ് ഫൈഫിനെ ഐ സി ഒ കടുത്ത രീതിയിൽ ശ്വാസിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രാജകുടുംബങ്ങൾക്കെതിരെ പുതിയ ആരോപണങ്ങളുമായി ബ്രിട്ടീഷ് റിപ്പോർട്ടറും എഴുത്തുകാരനുമായ ഓമിഡ് സ്‌കോബിയുടെ ‘എൻഡ്ഗെയിം ‘ എന്ന പുസ്തകം പുറത്തിറങ്ങി. രാജകുടുംബത്തിന്റെ ഭാവി അതിജീവനത്തിന്റെ പോരാട്ടത്തിലാണെന്നും, അംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിൽ പലതരത്തിലുള്ള വിള്ളലുകളുണ്ടെന്നും അദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. മേഗന്റെ സഹായത്തിനായുള്ള അപേക്ഷകൾക്ക് നേരെ കെയ്റ്റ് തികച്ചും നിസ്സംഗ മനോഭാവമാണ് പുലർത്തിയത്. ഇതോടൊപ്പം തന്നെ ചാൾസ് രാജാവും വില്യം രാജകുമാരനും തമ്മിലും ഭിന്നതകൾ ഉണ്ടെന്നതും തുടങ്ങി നിരവധി വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിൽ ഉണ്ട്. ഈ പുസ്തകത്തിലെ പ്രധാന ആരോപണം വെയിൽസ് രാജകുമാരിയായ കെയ്റ്റിന്റെ സ്വഭാവത്തെ സംബന്ധിച്ചതാണ്. മാനസിക ആരോഗ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വ്യാപൃതരാകുന്ന ഇവർ, സ്വന്തം സഹോദരിയുടെ സഹായ അപേക്ഷകൾക്ക് നേരെ തികച്ചും നിസ്സംഗ മനോഭാവമാണ് കാട്ടിയതെന്ന് സ്‌കോബി വ്യക്തമാക്കുന്നു. കെയ്റ്റിന്റെ സ്വഭാവത്തിന്റെ ഈ ഒരു വശത്തെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ എഴുതപ്പെടാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകത്തിനായി താൻ മേഗനുമായി അഭിമുഖം നടത്തിയിട്ടില്ലെന്ന് സ്കോബി തുറന്നുപറയുന്നുണ്ട്. തനിക്കും മേഗനുമുള്ള പൊതു സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് തന്നെ പുസ്തകം എഴുതാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


പുസ്തകത്തിലുള്ള മറ്റൊരു വെളിപ്പെടുത്തൽ ചാൾസ് രാജാവിന് മേഗൻ അയച്ച കത്തുകളെ സംബന്ധിച്ചതാണ്. തന്റെ മകനായ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് ആകുലരായ രണ്ട് രാജകുടുംബ അംഗങ്ങളുടെ പേരുകളെ സംബന്ധിച്ച് ഈ കത്തിൽ മേഗൻ രാജാവിന് തുറന്നെഴുതിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ രാജാവിന് തന്റെ കുടുംബത്തെ നിയന്ത്രിച്ച് നിർത്താനുള്ള കഴിവില്ലെന്നും സ്കോബി ആരോപിക്കുന്നു. ഒരു തുറന്ന സംസാരത്തിന് അവസരം ഒരുക്കുന്നതിന് പകരം തികച്ചും തണുപ്പൻ പ്രതികരണമാണ് ചാൾസ് രാജാവിന്റെ ഭാഗത്ത് നിന്നും ഹാരിക്കു നേരെ ഉണ്ടായതെന്ന് പുസ്തകം വ്യക്തമാക്കുന്നു.

ചാൾസ് രാജാവും വില്യം രാജകുമാരനും തമ്മിലുള്ള ബന്ധത്തിലും ഭിന്നതകൾ ഉണ്ടെന്ന് സ്‌കോബി പറയുന്നു. ഇരുവരും തമ്മിലുള്ള അസ്വാരസങ്ങൾ രാജകുടുംബത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന് സ്‌കോബി പറയുന്നുണ്ട്. മേഗൻ കടന്നുപോയ കാര്യങ്ങളിൽ തനിക്ക് വലിയ സഹതാപമുണ്ടെന്ന് കാമില രാജ്ഞി മറ്റുള്ളവരോട് പറഞ്ഞതായി സ്കോബി തന്റെ പുസ്തകത്തിൽ എഴുതുന്നു. എന്നിരുന്നാലും അവർ ഇരുവരും തങ്ങളെ തന്നെ കൈകാര്യം ചെയ്ത രീതിയിൽ രാജ്ഞിയ്ക്ക് ഒട്ടുംതന്നെ ബഹുമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ ആരോപണങ്ങളെ സംബന്ധിച്ച് കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ നെടുംതൂണാണ് നേഴ്സുമാർ . കോവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിൽ എൻഎച്ച്എസിന് താങ്ങും തണലുമായത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരാണ്. നീണ്ടകാലത്തെ സമരത്തിന് ശേഷം എൻഎച്ച് എസിലെ നേഴ്സുമാർക്ക് ലഭിച്ചത് തുച്ഛമായ ശമ്പള വർദ്ധനവാണ്. 5 % ശമ്പള വർധനവും 1655 പൗണ്ട് ഒറ്റത്തവണയായി നൽകിയതുമാണ് എൻഎച്ച് എസിലെ നേഴ്സുമാർക്ക് കിട്ടിയ ആനുകൂല്യം.

എന്നാൽ എൻഎച്ച്എസിലെ ഡോക്ടർമാർക്ക് നേഴ്സുമാരുമായി താരതമ്യം ചെയ്യുമ്പോൾ 4 ഇരട്ടി ശമ്പള വർദ്ധനവാണ് ലഭിച്ചിരിക്കുന്നത്. 20 ശതമാനം ശമ്പള വർദ്ധനവ് ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നൽകിയതിൽ കടുത്ത അതൃപ്തിയുമായി നേഴ്സിംഗ് യൂണിയനുകൾ രംഗത്തുവന്നു. എൻ എച്ച്സിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ചിലർക്ക് വീണ്ടും ഉയർന്ന വേതനം നൽകുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന് ഒരു മടിയുമില്ലെന്ന് ആർസിഎൻ ചീഫ് നേഴ്സ് പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. അതേസമയം പൊതുമേഖലയിലെ ഏറ്റവും കുറഞ്ഞ ശമ്പള വർദ്ധനവ് ആണ് തങ്ങൾക്ക് ലഭിച്ചത് എന്ന് അവർ കൂട്ടി ചേർത്തു.

ഡോക്ടർമാർക്ക് നൽകിയ 20 ശതമാനം ശമ്പള വർദ്ധനവ് കാരണം ഭാവിയിൽ നേഴ്സുമാർ കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയിലേയ്ക്ക് പ്രൊഫ. റേഞ്ചർ വിരൽ ചൂണ്ടി. നേരത്തെ 5 ശതമാനം ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ആർസിഎൻ വിമുഖതയാണ് കാണിച്ചത്. എന്നാൽ ആംബുലൻസ് തൊഴിലാളികൾ, പോർട്ടർമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി മറ്റ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ 5 ശതമാനം ശമ്പള വർദ്ധനവിനെ അനുകൂലിച്ചതു മൂലം സർക്കാരിന് അത് നടപ്പിലാക്കാൻ സാധിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവായിരിക്കെ സൗത്ത് ബ്രിസ്റ്റോളിലെ ഒരു യൂത്ത് ക്ലബ്ബിന് അവാർഡ് കൈമാറാൻ വ്യക്തിപരമായി ആയിരക്കണക്കിന് പൗണ്ട് പ്രതിഫലം വാങ്ങിയതായി ക്യാപ്റ്റൻ ടോം മൂറിന്റെ മകൾ ഹാന ഇൻഗ്രാം മൂർ അംഗീകരിച്ചിരിക്കുകയാണ്. 2020 ൽ ആരംഭിച്ച ക്യാപ്റ്റൻ ടോം മൂർ ഫൗണ്ടേഷൻ നടത്തിപ്പിനെ സംബന്ധിച്ചും, ക്യാപ്റ്റൻ ടോമിന്റെ മകളായ ഹാന ഇൻഗ്രാം മൂറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചാരിറ്റി കമ്മീഷൻ അന്വേഷണം നടത്തിവരികയാണ്.

ഫൗണ്ടേഷന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കെ, അവാർഡ് പ്രൈസ് പ്രോജക്റ്റിന്റെ വിധികർത്താവായതിനും, ആഷ്റ്റൺ വെയിലിൽ ഉൾപ്പെടെ ഒന്നിലധികം ചടങ്ങുകളിൽ പങ്കെടുത്തുന്നതിനും വിർജിൻ മീഡിയയിൽ നിന്നും താൻ 18000 പൗണ്ട് കൈപ്പറ്റിയതായി ഹാന സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ ചടങ്ങുകളിൽ നിന്നെല്ലാം ഫൗണ്ടേഷന് 2000 പൗണ്ട് മാത്രമാണ് ലഭിച്ചത്. വിർജിൻ മീഡിയയും O2 വുമായുള്ള ധാരണയുടെ ഭാഗമായി 2022 ജനുവരിയിൽ ആണ് ഹാന ചടങ്ങിൽ പങ്കെടുക്കുന്നത്. ഈ രണ്ട് ബിസിനസ് ഗ്രൂപ്പുകളും ചേർന്ന് 2021 മുതൽ ‘ദി വിർജിൻ മീഡിയ O2 ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ കണക്റ്റർ അവാർഡ്’ എന്ന പേരിൽ കമ്മ്യൂണിറ്റി സംഘടനകൾക്കും ഓർഗനൈസേഷനുകൾക്കും ഗ്രാൻഡുകൾ നൽകുന്ന ഒരു അവാർഡ് പ്രോഗ്രാം നടത്തിവരുന്നുണ്ട്. ആഷ്ടൺ വെയ്ൽ ക്ലബ് ആ അവാർഡിന്റെ മൂന്നാമത്തെ ജേതാവ് മാത്രമായിരുന്നു. ഈ അവാർഡിന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു ഹാന. അതോടൊപ്പം തന്നെ ആഷ്റ്റൺ വെയിൽ ക്ലബ്ബിന് അവാർഡ് നൽകിയതും ഹാനയായിരുന്നു.


എന്നാൽ എപ്പോൾ ഫൗണ്ടേഷനു എതിരെയുള്ള അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ഇതോടൊപ്പം തന്നെ ക്യാപ്റ്റൻ ടോം എഴുതിയ മൂന്ന് ബുക്കുകളിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്ന് ഏകദേശം 800000 പൗണ്ടോളം തനിക്കായി മാറ്റി വെച്ചതായി ഹാന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അത് തന്റെ പിതാവിന്റെ ഇഷ്ടപ്രകാരമാണ് എന്നാണ് ഹാന വ്യക്തമാക്കുന്നത് . രണ്ടാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ ടോം, കോവിഡ് ദേശീയ ലോക്ക്ഡൗണിന്റെ സമയത്ത് തന്റെ നൂറാം ജന്മദിനത്തിന് മുമ്പ് തന്റെ പൂന്തോട്ടത്തിൽ 100 ​​ലാപ് നടന്ന് എൻ എച്ച് എസിനായി 38.9 മില്യൺ പൗണ്ട് സമാഹരിച്ചതിന് ശേഷം ദേശീയതലത്തിൽ ആഘോഷിക്കപ്പെടുന്ന വ്യക്തിയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ മകളുടെ പ്രവർത്തനത്തിലൂടെ ക്യാപ്റ്റൻ ടോം ഫൗണ്ടേഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടിയന്തിര സിസേറിയൻ ശാസ്ത്രക്രിയയെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ എൻഎച്ച് എസിലെ മറ്റേർണിറ്റി സർവീസിനെ കുറിച്ച് ദേശീയതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കഴിഞ്ഞവർഷം ജനുവരിയിലാണ് ബ്രൈറ്റൺസ് റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റലിൽ (ആർഎസ് സിഎച്ച്) വച്ചാണ് അബിഗെയ്ൽ ഫൗളർ മില്ലർ മരിച്ചത്.


സംഭവത്തിനുശേഷം നടത്തിയ അന്വേഷണത്തിൽ അമ്മയെ വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എൻഎച്ച്എസ്സിന്റെ പരിചരണത്തിൽ കുട്ടികൾ മരിക്കുകയോ രോഗാവസ്ഥയിലാകുകയോ ചെയ്ത കുടുംബങ്ങൾ ഒന്നടങ്കം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രസവ സേവനങ്ങളെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. ഒരു ദേശീയ അന്വേഷണം പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഏക പോംവഴി എന്ന് അബിഗെയ് ലിന്റെ പിതാവ് റോബർട്ട് മില്ലർ മാധ്യമങ്ങളോട് പറഞ്ഞു.


2022 ജനുവരി 21 -ന് മില്ലറും ഭാര്യ കാറ്റി ഹൗളറും നാല് തവണയാണ് ആശുപത്രിയുമായി ബന്ധപ്പെട്ടത്. അവരുടെ ആദ്യത്തെ ഫോൺകോളിൽ തന്നെ കാറ്റി ഫൗളർ കടുത്ത പ്രസവ വേദനയിൽ ആണെന്ന് അറിയിച്ചിരുന്നു. പിന്നീട് രക്തസ്രാവം വരുകയും തളർച്ചയും ശ്വാസ തടസ്സം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. തന്റെ വിഷമാവസ്ഥ അറിയിച്ച് 4 ഫോൺ കോളുകൾ അവർ ആശുപത്രിയിലേക്ക് നടത്തി. സിസേറിയൻ വഴിയാണ് അബിഗെയ്ൽ ജനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ഹെൽത്ത് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് അബിഗെയ് ലിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. മറ്റേർണിറ്റി അസ്സസ് മെൻറ് യൂണിറ്റിലേക്കുള്ള മൂന്നാമത്തെ ഫോൺകോളിനെ തുടർന്ന് കാറ്റി ഫൗളറെ ആശുപത്രിയിലേയ്ക്ക് വിളിക്കേണ്ടതായിരുന്നുവെന്ന ഗുരുതരമായ പിഴവും എച്ച് എസ് ഐ ബി യുടെ റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജന്മദിനത്തിന്റെ ആഹ്ളാദങ്ങൾ നിമിഷനേരം കൊണ്ട് കണ്ണീരിന് വഴി മാറിയതിന്റെ ദുഃഖം പങ്കുവയ്ക്കുകയാണ് ടെക്സാക്സിൽ നിന്നുള്ള ടിഫാനി മക്കിന്റൈർ . ഏഴു വയസ്സുള്ള അവരുടെ മകൾ സ്വന്തം ജന്മദിനത്തിൽ ആണ് ഹീലിയം ബലൂൺ പൊട്ടി അതിലെ വിഷവായു ശ്വസിച്ച് മരണമടഞ്ഞത്. ടിഫാനിയുടെ മകൾ സഹ് മിറയാണ് കുരുന്നു പ്രായത്തിലെ സ്വന്തം ജന്മദിനത്തിന്റെ അന്ന് ദാരുണമായി കൊല്ലപ്പെട്ടത്.

സഹ് മിറ കളിക്കുന്നതിനിടെ ബലൂൺ മുഖത്ത് അമർത്തുകയും തത്ഫലമായി പൊട്ടിയ ബലൂണിൽ നിന്ന് വാതകം ശ്വസിച്ച് മരണമടയുകയും ചെയ്തതായാണ് കരുതപ്പെടുന്നത്. കുട്ടികൾക്ക് വളരെയധികം ആകർഷണമുള്ള ഒരു വസ്തുവാണ് ബലൂൺ. പ്രത്യേകിച്ച് ജന്മദിനം , ക്രിസ്മസ് പോലുള്ള അവസരങ്ങളിൽ ബലൂൺ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ കളിക്കാനായി ഉപയോഗിക്കും. ഹീലിയം നിറച്ച ബലൂൺ വായുവിൽ ഉയർന്നു നിൽക്കുന്നതിനാൽ തന്നെ പല വിശേഷാവസരങ്ങളിലും ഉപയോഗിക്കാറുണ്ട്. സാധാരണ ബലൂണുകൾ നിരുപദ്രവകാരികളാണെങ്കിലും ഹീലിയം നിറച്ച ബലൂണുകൾ പൊട്ടുകയാണെങ്കിൽ മരണകാരണമാകുമെന്നതിന്റെ നേർസാക്ഷ്യമാണ് തൻറെ മകളുടെ ദുരന്തമെന്ന് ടിഫാനി പറഞ്ഞു.

2020 സെപ്റ്റംബറിൽ കോവിഡ് കാലത്ത് ആണ് സംഭവം നടന്നത്. സഹ് മിറ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നു. ക്ലാസുകളിൽ ശരിയായി അവൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ലെന്ന് ടിഫാനിയ്ക്ക് തോന്നിയപ്പോഴാണ് അവർ മകളെ വിശ്രമിക്കാനായി ബെഡ്റൂമിലേക്ക് പറഞ്ഞയച്ചത്. ആ സമയത്താണ് ദുരന്തം വന്നണഞ്ഞത്. കുട്ടി ബോധഹീനയായി കിടക്കുന്നത് കണ്ടത് ഏകദേശം 20 മിനിറ്റിന് ശേഷമാണ്. 911 വിളിച്ച് അടിയന്തിര ചികിത്സാസഹായം എത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിക്കാൻ ആയില്ല . മകൾ മുഖത്ത് അമർത്തി ഹീലിയം ശ്വസിച്ചപ്പോൾ നിമിഷങ്ങൾക്കകം മരണസംഭവിച്ചിരിക്കാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved