ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഉയർന്ന എനർജി ബില്ലുകളുമായി മല്ലിടുന്നവർക്ക് ആശ്വസിക്കാൻ വഴി ഒരുങ്ങുന്നു. ഉയർന്ന എനർജി ബിൽ സാധാരണക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബ ബജറ്റുകളിൽ വലിയ സമ്മർദ്ദം ചെലുത്തി. കോവിഡിന് ശേഷം ലോകം ലോക്ക്ഡൗണിൽ നിന്ന് പുറത്തു വന്നപ്പോൾ വർദ്ധിച്ച ആവശ്യകതയും തുടർന്ന് 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്നിലെ യുദ്ധവും ഉൾപ്പെടെ ഊർജ്ജ വില കുത്തനെ ഉയരുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാൽ ജൂലൈ മുതൽ എനർജി ബില്ലിൽ കുറവുണ്ടാവും എന്നതാണ് സന്തോഷവാർത്ത. വർഷം 3433.85 പൗണ്ട് ആണ് ജൂൺ അവസാനം വരെയുള്ള എനർജി ബിൽ. 1831.52 പൗണ്ട് ഗ്യാസിനും 1602.33 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 10.236 പെൻസ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 32.811 പെൻസ് / kWh എന്നിങ്ങനെ ആണ്.

എന്നാൽ ജൂലൈ മുതൽ വർഷം 2823.84 പൗണ്ട് എന്ന നിലയിലേക്ക് തുക മാറും. . 1358.74 പൗണ്ട് ഗ്യാസിനും 1465.10 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഇവിടെ ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 7.431 പെൻസ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 29.607 പെൻസ് /kWh എന്നിങ്ങനെ കുറയും. ഇവിടെ ദിവസേനയുള്ള സ്റ്റാൻഡിങ് ചാർജ് ഗ്യാസിന് 29.106 പെൻസും വൈദ്യുതിക്ക് 53.964 പെൻസും ആയിരിക്കും.
പുതിയ താരിഫ് പ്രൈസ് നിലവിൽ വരുമ്പോൾ വർഷം 610.01 പൗണ്ടിന്റെ വ്യത്യാസം ബില്ലിൽ ഉണ്ടാകും.
യുകെയിലും യൂറോപ്പിലും വർഷത്തിലെ ഈ സമയത്തെ നേരിയ കാലാവസ്ഥ, പ്രതീക്ഷിച്ചതിലും കൂടുതൽ ഗ്യാസ് സംഭരണം, ഊർജ്ജം കുറച്ച് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ, ഉയർന്ന വില കാരണം കിഴക്കൻ ഏഷ്യയിൽ ഡിമാൻഡ് കുറവ്, യൂറോപ്പിൽ റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറച്ചു തുടങ്ങിയവ തുക കുറയുന്നതിന്റെ പ്രധാന കാരണങ്ങളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൾസ് മൂന്നാമൻ രാജാവിൻറെ ഒന്നാം ജന്മദിനത്തിൽ ആദരിക്കപ്പെടുന്ന പ്രമുഖരിൽ യുകെ മലയാളിയായ ജോയ്സി ജോണും ഇടം പിടിച്ചു. നൈപുണ്യ മേഖലയിലെ മികവിനും സംഭാവനകൾക്കുമാണ് ജോയ്സിയെ ആദരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മേഖലകളിലും വെൽഷ് ഗവൺമെന്റിന്റെ വിദഗ്ധസമിതികളിലും ജോയ്സി ഉപദേശകയായി മികച്ച സേവനം നൽകിയതിനെ തുടർന്നാണ് ബഹുമതി തേടിയെത്തിയത്.
യുകെയുടെ സ്കിൽ ഡെവലപ്പ്മെൻ്റ് ഫൗണ്ടേഷനായ നെസ്റ്റയിൽ വിദ്യാഭ്യാസ ഡയറക്ടറും നാഷണൽ കോളേജ് ഫോർ ഡിജിറ്റൽ സ്‌കിൽസ് ആയ അഡയുടെ ചീഫ് ഇൻഡസ്ട്രി ഓഫീസറും ആയി ജോയ്സി പ്രവർത്തിച്ചിരുന്നു. സിംഗപ്പൂർ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചതിനു ശേഷമാണ് സ്ത്രീകളുടെയും പ്രത്യേകിച്ച് താഴ്ന്ന വരുമാന മാർഗ്ഗമുള്ളവരുടെയും നൈപുണ്യ വികസനത്തിനായി പ്രവർത്തിക്കാൻ അവർ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു .
സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദവും ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎയും നേടിയിട്ടുണ്ട്. കേരളത്തിലെ തൃശൂർ ജില്ലയിലെ മാള സ്വദേശിയായ ജോയ്സി കാൺപൂരിലാണ് വളർന്നത്. ഭർത്താവ് ടോണി തോമസ് . ഇൻവെനിയോ കൺസൾട്ടിങ്ങിന്റെ ഡയറക്ടർ ടോണി തോമസ് ആണ് . രണ്ട് പെൺമക്കൾ: അമേലിയ, എലനോർ .

മലയാളിയായ അധ്യാപകൻ പി . എ മുഹമ്മദ് ബഷീർ ബ്രിട്ടന്റെ ഉന്നത പദവി നേടിയത് മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെതിരുന്നു.. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അദ്ദേഹത്തിന് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാരം ആണ് ലഭിച്ചത്. എൻജിനീയറിങ് രംഗത്തുള്ള സംഭാവനകളെ പരിഗണിച്ചാണ് പ്രൊഫസർ മുഹമ്മദ് ബഷീറിന് പുരസ്കാരം ലഭിച്ചത്. യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിയിൽ എക്സിക്യൂട്ടീവ് ഡീനായി ചുമതലയേൽക്കും. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് ( ലണ്ടൻ).
വിവിധ മേഖലകളിൽ നിന്ന് 1171 പേർക്കാണ് ബഹുമതികൾ ലഭിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവായതിനു ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് .പ്രൊഫസർ മുഹമ്മദ് ബഷീറിനെയും ജോയ്‌സി ജോണിനെയും കൂടാതെ കൂടാതെ അൻപതോളം ഇന്ത്യൻ വംശജരും അവാർഡിന് അർഹരായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡ് മഹാമാരിയുടെ സമയത്ത് ഉണ്ടായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം . പാർട്ടി ഗേറ്റ് വിവാദങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ എംപി സ്ഥാനം രാജിവച്ചത് ഭരണപക്ഷത്തിന്റെ ഉള്ളിൽ തന്നെ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. അടുത്തു വരുന്ന ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി റിഷി സുനക് സർക്കാരിനെ സംബന്ധിച്ച് നിർണ്ണായകമാണ്.
ഇതിനിടെ കോവിഡ് കാലത്തെ പല നടപടികളും തെറ്റായ തീരുമാനമായിരുന്നു എന്ന് നിലവിലെ ചാൻസിലർ ആയ ജെറമി ഹണ്ട് പറഞ്ഞത് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ജനങ്ങളെ ക്വാറന്റൈൻ ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് എൻക്വയറി കമ്മറ്റിയോടാണ് 2012 നും 2018 നും ഇടയിൽ ആരോഗ്യ സെക്രട്ടറി കൂടിയായിരുന്ന ജെറമി ഹണ്ട് തന്റെ അഭിപ്രായം പറഞ്ഞത്. മുൻ ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ മഹാമാരിയെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ ജെറമി ഹണ്ട് ഒരു പ്രധാന പങ്കുവഹിച്ചിരുന്നു.
കൂടുതൽ പരിശോധനകൾ നടക്കുകയാണെങ്കിൽ രോഗം പടർന്നുപിടിക്കുന്നത് മന്ദഗതിയിൽ ആകുമായിരുന്നെന്ന് ജെറമി ഹണ്ട് എൻക്വയറി കമ്മിറ്റിയോടെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ . മഹാമാരി പടർന്ന് പിടിച്ച സമയത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ യുകെയ്ക്ക് കഴിഞ്ഞില്ല. ദക്ഷിണകൊറിയയിൽ മഹാമാരിയുടെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ പണപ്പെരുപ്പം തുടർച്ചയായി നാലാം മാസവും പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന നിലയിൽ തുടരുന്നതിന് പിന്നാലെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന അഭിപ്രായം ഉയരുന്നു. വിലക്കയറ്റത്തിന്റെ തോത് അളക്കുന്ന പണപ്പെരുപ്പം മെയ് മാസത്തിൽ 8.7 ശതമാനത്തിൽ എത്തിയിരുന്നു. വിമാനങ്ങൾക്കും സെക്കൻഡ് ഹാൻഡ് കാറുകൾക്കുമുള്ള ഉയർന്ന വിലയും മറ്റുമാണ് വിലക്കയറ്റത്തിൻെറ പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നത്. അതേസമയം സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലയും ദിനംപ്രതി ഉയർന്നുവരികയാണ്.

പ്രധാന മന്ത്രി റിഷി സുനകും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറും പങ്കെടുത്ത പരിപാടിയിൽ “മോർട്ട്ഗേജ് ദുരന്തത്തിന്” കൺസേർവേറ്റീവ് പാർട്ടിയാണ് ഉത്തരവാദികളെന്ന് സർ കെയർ ആരോപിച്ചു. എന്നാൽ “ആഗോള മാക്രോ ഇക്കണോമിക് സാഹചര്യം” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയർന്ന ജീവിത ചിലവിൻെറ സാഹചര്യത്തിൽ ജനങ്ങളെ പിന്തുണയ്ക്കാൻ കോടികൾ ചിലവഴിച്ചതും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച പലിശ നിരക്ക് 0.25% മുതൽ 4.75% വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്കുകൾ ഉയരുമ്പോൾ ഭവന ഉടമകൾക്ക് മോർട്ട്ഗേജ് പേയ്മെന്റുകളിൽ വലിയ വർദ്ധനവ് ഉണ്ടാവും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് (ഐ.എഫ്.എസ്) ഉയർന്ന നിരക്കുകൾ മോർട്ട്ഗേജ് ഹോൾഡർമാരുടെ ഡിസ്പോസിബിൾ വരുമാനത്തിൻെറ 20 ശതമാനത്തിലധികം ഇടിവിന് കാരണമാകുന്നതായി മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ) : വർഷങ്ങൾക്ക് മുമ്പേ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 30 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്‌സിജനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. 21 അടി നീളമുള്ള ടൈറ്റനിൽ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, മുൻ ഫ്രഞ്ച് നാവികസേനാ മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നാർസലേ, ഓഷ്യൻഗേറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് ഉള്ളത്.

മുങ്ങിക്കപ്പലിന് പര്യടനം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. കനേഡിയൻ നാവികസേനയ്ക്കൊപ്പം യു എസ് കോസ്റ്റ്ഗാർഡും ഡീപ് എനർജി എന്ന കപ്പലും തിരച്ചിലിൽ പങ്കുചേരുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ട് സി 130 വിമാനങ്ങളും നിരീക്ഷണത്തിനുണ്ട്.
7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ‘സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല’- ടൈറ്റാനിക് വിദഗ്ധൻ ടിം മാൾട്ടിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ബഹിരാകാശത്ത് പോകുന്നതിന് സമാനമാണ് സമുദ്രത്തിലെ തെരച്ചിലെന്നും അദ്ദേഹം പറയുന്നു. കരയേക്കാൾ 400 ഇരട്ടി മർദ്ദമാണ് നാല് കിലോമീറ്റർ ആഴത്തിൽ വെള്ളത്തിനടിയിലുണ്ടാവുക. ഈ മർദ്ദം എക്വിപ്‌മെന്റുകളിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നും വളരെ കുറച്ച് അന്തർവാഹിനികൾക്ക് മാത്രമേ ഈ മർദ്ദം താങ്ങാനാകൂവെന്നും കീലി സർവകലാശാല പ്രൊഫസർ ജെയ്മി പ്രിംഗ്ലി പറഞ്ഞു.

അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ്. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും. അകത്തു നിന്ന് തുറക്കാനാകാത്ത സമുദ്രപേടകത്തിലുള്ള അഞ്ചു പേരെ രക്ഷിക്കാനുള്ള ശ്രമം അവസാന മണിക്കൂറുകളിലാണ്.. എവിടെയാണ് ടൈറ്റൻ ചോദ്യം ബാക്കിയാവുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഭക്ഷണ ക്രമത്തോടനുബന്ധിച്ച് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക വൈകല്യങ്ങളെയാണ് ഈറ്റിംഗ് ഡിസോഡർ എന്ന് പറയുന്നത്. ഇതുകൂടാതെ ഇങ്ങനെയുള്ളവരിൽ ഉണ്ടാകുന്ന ശാരീരിക മാനസിക അവസ്ഥകൾ അവരുടെ സ്വഭാവത്തെ ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ട്. കോവിഡ് ആരംഭിച്ചതിന് ശേഷം ഈറ്റിംഗ് ഡിസോഡർ ഉള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അമിതമായ വർദ്ധനവ് ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രീതിയിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണം 42 % വർദ്ധിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പല രീതിയിലുള്ള ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന സങ്കീർണമായ മാനസികരോഗ്യ അവസ്ഥയാണ് ഈറ്റിംഗ് ഡിസോഡർ . അസാധാരണമായ ഭക്ഷണരീതിയും ശരീര ഭാരത്തെക്കുറിച്ചും മറ്റുമുള്ള വികലമായ ധാരണകളുമാണ് ഈറ്റിംഗ് ഡിസോഡറിന്റെ പ്രത്യേകത. അനോറെക്സിയ നെർവോസ ( anorexia nervosa ) , ബുളിമിയ നെർവോസ ( bulimia nervosa ) തുടങ്ങിയ അവസ്ഥകൾ ഈറ്റിംഗ് റിസോർഡറുള്ള കുട്ടികളിൽ കണ്ടുവരുന്നു. ശരീരഭാരം കൂടുമെന്ന ഭയം മൂലം കടുത്ത ഭക്ഷണ നിയന്ത്രണത്തിലും അമിതമായ ശരീരഭാരം കുറയ്ക്കുന്നതിലേയ്ക്കും നയിക്കുന്ന മാനസികാവസ്ഥയാണ് അനോറെക്സിയ നെർവോസ. ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്ന മാനസികാവസ്ഥയാണ് ബുളിമിയ നെർവോസ.

ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് യുകെയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ഇടയിലെ ഈറ്റിംഗ് ഡിസോർഡറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത് . 2010 നും 2024 നും ഇടയിൽ 10 മുതൽ 24 വരെ പ്രായമുള്ള കുട്ടികളുടെ ജി പി റെക്കോർഡുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. യുകെയിലെ 1881 ജിപികളിൽ നിന്നുള്ള 9 ദശലക്ഷത്തിലധികം രോഗികളുടെ വിവരങ്ങളാണ് പഠനത്തിനായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, കീലെ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ പരിശോധിച്ചത്. 13 നും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ സ്വയം ഉപദ്രവിക്കുന്ന കേസുകളിൽ 38 ശതമാനം വർദ്ധനവ് ഉണ്ടായതായി പഠനത്തിൽ പറയുന്നുണ്ട്. ഈറ്റിംഗ് ഡിസോഡർ തുടങ്ങി കുട്ടികളുടെ മാനസിക വൈകല്യങ്ങളെ കുറിച്ചുള്ള യഥാർത്ഥ കണക്കുകൾ പഠനത്തിനുള്ളതിനേക്കാൾ കൂടുതലാണെന്നാണ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡോ. പേൾ മോക് പറഞ്ഞത്. ഇങ്ങനെയുള്ള സ്വഭാവ വൈകല്യങ്ങൾ ഉണ്ടായിട്ടും ചികിത്സയ്ക്കായി ജിപികളെ സ്നേഹിക്കാത്തവരുടെ വിവരങ്ങൾ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂറോ മില്യൺ ജാക്ക്പോട്ട് ലോട്ടറി ലഭിച്ചത് ഒരു യുകെക്കാരന് . വിജയിക്ക് 55 ലക്ഷം പൗണ്ട് ആണ് സമ്മാനമായി ലഭിക്കുന്നത്. നിലവിൽ ടിക്കറ്റിന്റെ ഉടമ അജ്ഞാതനായി തുടരുകയാണ്. ഇതുവരെ ആരും ഒന്നാം സമ്മാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല.

ലോട്ടറി എടുത്തവർ തങ്ങളുടെ ടിക്കറ്റുകൾ പരിശോധിക്കണമെന്ന് നാഷണൽ ലോട്ടറി സീനിയർ വിന്നേഴ്സ് അഡ്വൈസർ ആൻഡി കാർട്ടർ പറഞ്ഞു. ലോട്ടറി ജേതാവിന് ഈ സമ്മാനം ലഭിക്കുന്നതോടെ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനായ ഹാരി കെയ്നേക്കാൾ സമ്പന്നനാകും. ഈ മാസം ഇത് രണ്ടാം തവണയാണ് യൂറോ ജാക്ക്പോട്ട് ഒരു യുകെക്കാരന് ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ കൗമാരക്കാർക്ക് സെപ്തംബർ മുതൽ എച്ച് പി വിയുടെ രണ്ട് വാക്‌സിൻ കുത്തിവെയ്പ്പ് മാറ്റി ഒരു കുത്തിവയ്പ്പ് നൽകാൻ തീരുമാനമായി. ലോകമെമ്പാടുമുള്ള പഠനങ്ങളിൽ സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള അർബുദങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഒരു ഡോസ് മതി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുതിയ തീരുമാനം . സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദേശം 11-13 വയസ്സ് പ്രായമുള്ളപ്പോഴാണ് വാക്‌സിൻ നൽകുക. എച്ച് പി വി സാധാരണയായി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ്.

ഇത് ഉയർന്ന പകർച്ചശേഷിയുള്ള വൈറസാണ്. നിലവിൽ 100-ലധികം വ്യത്യസ്ത തരം എച്ച് പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) ഉണ്ട്. ഇവ മൂലം ഉണ്ടാകുന്ന അണുബാധകൾക്ക് സാധാരണ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മിക്ക ആളുകളും ചികിത്സയില്ലാതെ തന്നെ വൈറസിൽ നിന്ന് മുക്തി നേടാറുമുണ്ട്. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള രീതിയിലുള്ള അസാധാരണമായ ടിഷ്യു വളർച്ചയ്ക്ക് കാരണമാകുന്നത് ക്യാൻസറിലേക്ക് വരെ നയിച്ചേക്കാം.

വെയിൽസിൽ സെപ്റ്റംബർ മുതൽ ഒരു ഡോസ് ഷെഡ്യൂളിലേക്ക് മാറുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം ലോകത്തിലെ ഏറ്റവും വിജയകരമായ ഒന്നാണെന്നും സ്ത്രീകളിലും പുരുഷന്മാരിലും സെർവിക്കൽ ക്യാൻസറിന്റെയും ഹാനികരമായ അണുബാധകളുടെയും നിരക്ക് കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇമ്മ്യൂണൈസേഷൻ കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. വനേസ സാലിബ പറഞ്ഞു. ഇത് നിരവധി ക്യാൻസറുകൾ തടയുകയും സംരക്ഷിക്കുകയും ചെയ്യുന്നതായി അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളിയായ അധ്യാപകൻ പി . എ മുഹമ്മദ് ബഷീർ ബ്രിട്ടന്റെ ഉന്നത പദവി നേടി. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അദ്ദേഹത്തിന് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാരം ആണ് ലഭിച്ചത്. വിവിധ മേഖലകളിൽ നിന്ന് 1171 പേർക്കാണ് ബഹുമതികൾ ലഭിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവായതിനു ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് .പ്രൊഫസർ മുഹമ്മദ് ബഷീറിനെ കൂടാതെ അൻപതോളം ഇന്ത്യൻ വംശജരും അവാർഡിന് അർഹരായിട്ടുണ്ട്.
എൻജിനീയറിങ് രംഗത്തുള്ള സംഭാവനകളെ പരിഗണിച്ചാണ് പ്രൊഫസർ മുഹമ്മദ് ബഷീറിന് പുരസ്കാരം ലഭിച്ചത്. യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിയിൽ എക്സിക്യൂട്ടീവ് ഡീനായി ചുമതലയേൽക്കും. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് ( ലണ്ടൻ).
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയെയും ഗൾഫിനെയും ബന്ധിപ്പിച്ചു കൊണ്ട് അടുത്ത മാസം മുതൽ സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉൾപ്പെടെ മൂന്ന് പുതിയ സർവീസുകൾ ബിർമിംഗ്ഹാം എയർപോർട്ട് ആരംഭിക്കുന്നു. യുകെയുടെ തെക്ക് ഭാഗത്തുള്ള ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും വടക്ക് മാഞ്ചസ്റ്ററിൽ നിന്നും യാത്രക്കാർക്ക് വിമാനത്തെ ആശ്രയിക്കാൻ ആകും. അതിനോടൊപ്പം ദേശീയ വിമാനക്കമ്പനിയുടെ നേതൃത്വത്തിൽ സൗദി വെസ്റ്റ് മിഡ്‌ലാൻഡിൽ നിന്ന് ജിദ്ദയിലേക്ക് ജൂലൈ മുതൽ സർവീസ് ആരംഭിക്കുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

എമിറേറ്റ്‌സിന്റെ എയർബസ് എ380 ദുബായിലേക്കുള്ള സൂപ്പർ ജംബോ ഫ്ലൈറ്റുകളും, ഖത്തർ എയർവേയ്‌സ് നടത്തുന്ന ദോഹയിലേക്കുള്ള വിമാനങ്ങളും കോ വിഡ്-19 പാൻഡെമിക്കിനെ തുടർന്ന് നിർത്തിവെച്ചതിന്റെ ഫലമായി യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ ജൂലൈ ആദ്യവാരം മുതൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ഇത് പരിഹരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനികൾ.

പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ വ്യാപാര ബിസിനസ് രംഗത്തും ബിർമിംഗ്ഹാമിന് മേൽകൈ നേടുവാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ നിരവധി ലോകകമ്പനികളുടെ ആസ്ഥാനമന്ദിരം ബിർമിംഗ്ഹാമിൽ തുറന്നിട്ടുണ്ട്. ‘ഇത് 6 ദശലക്ഷം ആളുകൾ വസിക്കുന്ന ഒരു പ്രദേശമാണ് . 35 ദശലക്ഷം ആളുകൾക്ക് രണ്ടു മണിക്കൂർ സമയം കൊണ്ട് ഡ്രൈവ് ചെയ്തോ ട്രെയിൻ മാർഗമോ എയർപോർട്ടിൽ എത്താനാവും. അതുകൊണ്ടുതന്നെ യുകെയിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള എയർപോർട്ട് ആയി ബിർമിംഗ്ഹാം മാറിയെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.