Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇരുപത് ലക്ഷത്തോളം ബ്രിട്ടീഷുകാർ വർഷത്തിൽ ഒരിക്കൽ മാത്രം തങ്ങളുടെ ബാത്ത് ടവ്വലുകൾ കഴുകുന്നവരാണെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. അതായത് ആകെ ജനസംഖ്യയുടെ 3 ശതമാനത്തോളം ഈ മോശമായ രീതിയാണ് പിന്തുടരുന്നത്. തങ്ങളുടെ ജോലിയിലെ ഏറ്റവും മുൻഗണന കുറഞ്ഞ കാര്യമായാണ് ബാത്ത് ടവ്വലുകൾ കഴുകുന്നതിനെ പലരും കണക്കാക്കുന്നത്.

ഓരോ മൂന്ന് ഉപയോഗത്തിന് ശേഷവും ടവ്വലുകൾ കഴുകണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ടവ്വലുകൾ കഴുകിയില്ലെങ്കിൽ ബാക്ടീരിയകൾ കാരണം ഉപയോഗിക്കുന്നവർക്ക് അണുബാധ വരാനുള്ള സാധ്യത വളരെയേറെയാണ്. കഴുകാതെ ഉപയോഗിക്കുന്ന ബാത്റൂം ടവ്വലുകളിൽ 90 ശതമാനം കോളിഫോം ബാക്ടീരിയകളും 14 % ഇ- കോളിയും ഉള്ളതായി കണ്ടെത്തിയിരുന്നു. അരിസോണാ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ചാൾസ് ഗെർബയുടെ പഠനത്തിലാണ് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കാവുന്ന ഈ കണ്ടെത്തൽ ഉള്ളത്.

വയറിളക്കം, മൂത്രനാളിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇ കോളി മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്. പതിവായി ബാത്റൂംടവ്വലുകൾ കഴുകുന്നതിലൂടെ ഈ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ബാത്റൂം ടവ്വലുകൾ സ്ഥിരമായി കഴുകണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇലക്ട്രിക്ക് കാറുകളുടെ വ്യവസായം രാജ്യത്ത് കൂടുതൽ ഉർജ്ജിതമാക്കാൻ യുകെ സർക്കാർ. എന്നാൽ ഇതിനായി യുകെയ്ക്ക് ചൈനയുമായുള്ള അസ്വാരസ്യങ്ങളോട് കണ്ണടയ്ക്കണം. ഇറക്കുമതിയ്ക്കുള്ള വിലക്കുകൾ മാറ്റിയാൽ 2030-ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളേക്കാൾ വിപണിയിൽ സുലഭമാകാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായിരിക്കും. ഇത് കൂടാതെ രാജ്യത്തെ ഇലക്ട്രിക് കാറുകളുടെ വിലയിലും ഇടിവുണ്ടാകും. എന്നാൽ ഈ പുതിയ നീക്കം രാജ്യത്തെ കാർ വ്യവസായത്തിന് ഒരു തിരിച്ചടിയായേക്കാം.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പന്നത്തിന് ചൈന വളരെ മുൻപിലാണ്. നിലവിൽ ഡ്രൈവർ ആവശ്യമായ കാറുകളാണ് ഉള്ളതെങ്കിലും വൈകാതെ തന്നെ ഓട്ടോണമസ് ഡ്രൈവിംഗിലും ചൈന മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിയിലും ചൈന ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ കാർ കമ്പനിയായ ബിവൈഡി ബാറ്ററി നിർമ്മാതാക്കളായാണ് ആരംഭിച്ചത്. ഈ വർഷം ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയെ മറികടന്നിരിക്കുകയാണ് ബിവൈഡി.

മറ്റ് ചൈനീസ് ബ്രാൻഡുകളായ ഫങ്കികാറ്റ്, നിയോ എന്നിവ യൂറോപ്പിൽ ഇതുവരെ നില ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ യുകെയിലെ മിക്ക ടെസ്‌ലകളും ചൈനയിൽ നിന്നാണ് കയറ്റി അയച്ചത്. ഇവ എല്ലാം തന്നെ 2019 ൽ ആറ് മാസം കൊണ്ട് ഷാങ്ഹായ് ഗിഗാഫാക്‌ടറിയിൽ നിർമ്മിച്ചവയാണ്. ആഗോളതലത്തിൽ കാർ കയറ്റുമതിയിൽ ചൈന ഇതിനകം ജർമ്മനിയെ മറികടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈന ഈ വർഷം ജപ്പാനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മികച്ച കയറ്റുമതിക്കാരാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിൽ നിപ്പ വൈറസ് ജീവന് ഭീഷണിയായി പടർന്ന് പിടിക്കുന്നതിനെ വളരെ ഗൗരവത്തോടെ കാണുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. നിപ്പ വൈറസ് ബാധിക്കപ്പെട്ടിരിക്കുന്ന 75 ശതമാനം ആളുകളുടെയും ജീവന് ഗുരുതരമായ ഭീഷണി ഉണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ . ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം നിപ്പയെ മറ്റ് വൈറസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഇതിനകം തന്നെ കേരളത്തിൽ രണ്ടു പേർ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സമ്പർക്ക പട്ടിക കുറ്റമറ്റതാക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസ്തിഷ്കത്തെ ഹാനികരമായി ബാധിക്കുന്ന വൈറസിനെ ഭയന്ന് കോഴിക്കോട് ജില്ലയിൽ സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും 9 ഗ്രാമങ്ങളെ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പ്രധാനമായും പഴം lകഴിക്കുന്ന വവ്വാലുകളിലൂടെയാണ് നിപ്പ വൈറസ് പടരുന്നത്.


യുകെയിൽ ഇതുവരെ നിപ്പ വൈറസ് കണ്ടെത്തിയിട്ടില്ല. യുകെയിലേയ്ക്ക് വൈറസ് എത്തിപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസിയുടെ വക്താവ് പറഞ്ഞു. കേരളത്തിൽ നിപ്പ വൈറസ് പടരുന്നതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പാൻഡമിക് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ മൈൽസ് കരോൾ അറിയിച്ചു. കേരളത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിപ്പയ്ക്കെതിരെ ഇപ്പോഴും ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ഉണ്ടായിരിക്കുന്നത്. 4 മുതൽ 14 ദിവസങ്ങളാണ് വൈറസിന്റെ ഇൻകുബേഷന്‍ പീരിയഡ് എന്നതാണ് വൈറസ് യുകെയിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന വാദത്തിനെ പിന്തുണയ്ക്കാൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുവാവിനെ കടിച്ചുകൊന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വാൾസാളിൽ വ്യാഴാഴ്ച നായയുടെ ആക്രമണത്തിനിരയായ ഇയാൻ പ്രൈസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി. രണ്ട് നായ്ക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെയാണ് ഈ ബ്രീഡിൽ വരുന്ന നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യമുയർന്നത്. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ ആണ് നായ്ക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കൻ ബുള്ളി അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്നും ഇവയെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ നായ്ക്കളെ നിരോധിക്കുമെന്ന് അറിയിച്ച് ഋഷി സുനക് രംഗത്തെത്തി.

നിലവിൽ ഇത്തരം നായ്ക്കളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുന്നതുൾപ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും സുനക് പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ സ്വന്തമാക്കിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ഉരുക്ക് നിർമ്മാണത്തിനായി പോർട്ട് ടാൽബോട്ടിലുള്ള ടാറ്റാ സ്റ്റീൽ വർക്സിന് 500 മില്യൺ പൗണ്ട് വരെ യുകെ സർക്കാർ നൽകും. എന്നാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ ജോലി നഷ്ട്മാകും. മലിനീകരണം കുറയ്ക്കുന്നതിൻെറ ഭാഗമായി ടാറ്റാ സ്റ്റീൽ 700 മില്യൺ പൗണ്ട് ചിലവഴിക്കും എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൻെറ ഭാഗമായി 3,000 പേർക്ക് തൊഴിൽ നഷ്‌ടം ഉണ്ടാകും.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ വർക്കുകളുടെ ആസ്ഥാനമാണ്. ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഇത് തന്നെ. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ സമ്മതിച്ചിരിക്കുന്നത്.

1.25 ബില്യൺ പൗണ്ടിന്റെ ഫർണസുകൾ റെഗുലേറ്ററി, പ്ലാനിംഗ് അനുമതികൾ ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ സ്റ്റീലിൽ യുകെയിൽ ഏകദേശം 8,000 പേരും പോർട്ട് ടാൽബോട്ടിലിൽ 4,000 പേരുമാണ് ജോലി ചെയ്യുന്നത്. കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന് യൂണിയനുകൾ മുമ്പ് പറഞ്ഞിരുന്നു. പുതിയ നീക്കം യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ പുതിയ വേരിയന്റ് കണ്ടെത്തിയതിന് പിന്നാലെ ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ദ്ധർ. വേനൽക്കാലത്തെ ഉയർന്ന കോവിഡ് രോഗികളുടെ കണക്ക് മാസ്‌ക് നിയമം തിരികെ കൊണ്ടുവരാൻ ജിപിമാരെ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ലെസ്റ്ററിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ ഒരു മുൻകരുതൽ എന്ന തലത്തിൽ രോഗികളോട് മാസ്കുകൾ ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള പെട്ടെന്നുള്ള വർദ്ധനവാണ് ഇതിന് പിന്നിലുള്ള കാരണമെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ. സൂപ്പർ-മ്യൂട്ടേറ്റഡ് പിറോള കോവിഡ് വേരിയന്റിന്റെ ആകെ 42 കേസുകളാണ് നിലവിൽ യുകെയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ മാസം ഇത് 36 ആയിരുന്നു. ഇതിന് പിന്നാലെ ശരത്കാല വാക്സിനേഷൻ പ്രോഗ്രാമുകൾക്ക് ഉടൻ തുടക്കമാകുമെന്ന് ലെസ്റ്ററിലെ കാനൻ സ്ട്രീറ്റ് മെഡിക്കൽ സെന്റർ മാനേജർ മുക്ത മോദി പറഞ്ഞു.

ലെസ്റ്റർ, ലെസ്റ്റർഷെയർ, റട്ട്‌ലാൻഡ് എൽഎംസി എന്നീ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർ അപകടസാധ്യത വിലയിരുത്തി ആവശ്യമെങ്കിൽ മാസ്‌ക് ധരിക്കണമെന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. സോഇ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്തംബർ 13 ന് 97,904 പുതിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം തുടക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ ഇരട്ടിയാണ്. പഠന റിപ്പോർട്ട് പ്രകാരം യുകെയിൽ ഏകദേശം 1.29 ദശലക്ഷം ആളുകൾ നിലവിൽ രോഗബാധിതരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവിതം കരുപിടിപ്പിക്കാൻ ഉള്ളതെല്ലാം വിറ്റു പിറക്കി യുകെയിലെത്തിച്ചേർന്ന മലയാളി നേഴ്സുമാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്ത ജീവിതം . യുകെയിലെത്താൻ 12.5 ലക്ഷം രൂപയിലധികമാണ് വിസയ്ക്കായി ഇവർ ഏജൻസിക്ക് നൽകിയത്. ഇതിൻറെ കടബാധ്യതയുള്ളതിനാൽ ഇവരിൽ പലർക്കും യുകെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കൊച്ചിയിലെ ഏജൻസി വഴിയാണ് 400 മലയാളി നേഴ്സുമാർ യുകെയിലെത്തിയത്.

പലരും ദിവസവേതനത്തിന് പെയിൻറിങ്ങും പുല്ലു വെട്ടിയുമാണ് ജീവിതം തള്ളി നീക്കുന്നത്. വാടക പോലും നൽകാനാവാതെ വിഷമിക്കുന്ന പലരും ഫുഡ് ബാങ്കുകളിൽ നിന്നുള്ള ഭക്ഷണത്തിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. മൂന്ന് ഘട്ടമായാണ് ഇവർ ഏജൻസിക്ക് പണം നൽകിയത്. ഉയർന്ന നികുതി ഒഴിവാക്കാൻ എന്ന് പറഞ്ഞ് പണം നേരിട്ട് ഏജൻസി മേടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ഏജൻസി ഇവർക്ക് നൽകിയത് സന്ദർശക വിസയായിരുന്നു. 15 വയസ്സിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു ഏജൻസി ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.

400 മലയാളി നേഴ്സുമാരെ ജോലി വാഗ്ദാനം ചെയ്ത് യുകെയിലെത്തിച്ച് വഞ്ചിച്ച സംഭവത്തിൽ അടിയന്തരമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം മുൻനിർത്തി പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകിയിരുന്നു. ഇതിനോടൊപ്പം പരിഹാരത്തിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്ററിന്റെ കോ – ഓർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എയർ ട്രാഫിക് കൺട്രോൾമാരുടെ കുറവുമൂലം ലണ്ടനിലെ എയർപോർട്ടിലെ വിമാന സർവീസുകൾ വ്യാപകമായി താളം തെറ്റി. പല വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ഒട്ടേറെ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.


ഇന്നലെ രാത്രി 10 മണി വരെ 22 വിമാനങ്ങൾ റദ്ദാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നൂറ് കണക്കിന് വിമാനങ്ങൾ വിമാനത്താവളത്തിൽ നിന്ന് പോകാനും വരാനും വൈകുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് എയർപോർട്ട് അധികൃതർ ക്ഷമാപണം നടത്തി. പുനർ ക്രമീകരണത്തെക്കുറിച്ച് അറിയാൻ യാത്രക്കാർ എയർലൈനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് നാഷണൽ എയർ ട്രാഫിക് സർവീസ് ( നാറ്റ്സ് ) പറഞ്ഞു . ഫ്ലൈറ്റ് റഡാർ 24 ന്റെ കണക്കുകൾ പ്രകാരം ഇതുവരെ ഗാറ്റ് വിക്കിൽ എത്തിച്ചേരേണ്ട 376 വിമാനങ്ങളാണ് വൈകിയത്. ഇത് കൂടാതെ ഗാറ്റ് വിക്കിലേക്കുള്ള 252 വിമാനങ്ങൾ പുറപ്പെടാൻ വൈകുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും തങ്ങളുടെ ആശങ്കകൾ എൻ എച്ച് എസ് സ്റ്റാഫുകൾ വേണ്ടത്ര പരിഗണിക്കുന്നതായി തോന്നുന്നില്ലെങ്കിൽ, രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം കൂടി തേടാനുള്ള അവസരം ഇനിമുതൽ ലഭ്യമാകും. “മാർത്താസ് റൂൾ ” എന്ന് പേരിട്ടിരിക്കുന്ന ഈ ഓർഡർ നടപ്പിലാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെ അറിയിച്ചു. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പരിചരണത്തിൽ 2021 – ലാണ് സെപ്‌സിസ് ബാധിച്ച് മാർത്ത മിൽസ് എന്ന 13 വയസ്സുകാരി പെൺകുട്ടി മരിച്ചത്. ഡോക്ടർമാർ മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ 13 വയസ്സുകാരി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം കൊറോണർ വിധിച്ചിരുന്നു. വെയിൽസിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പാൻക്രിയാസിനു പരിക്കേറ്റ മാർത്തയെ കിംഗ്‌സിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർത്തയുടെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് നിരവധി തവണ ആശങ്കകൾ ഉന്നയിച്ചെങ്കിലും അവയൊന്നും തന്നെ സ്റ്റാഫുകൾ കണക്കിലെടുത്തില്ലെന്ന് മാർത്തയുടെ മാതാപിതാക്കളായ മെറോപ്പ് മിൽസും, പോൾ ലെയ്‌റ്റിയും വ്യക്തമാക്കി.


ഇതേ തുടർന്നാണ് ഇപ്പോൾ എൻഎച്ച്എസ്സിൽ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. രോഗികൾക്കോ ബന്ധുക്കൾക്കോ ആശങ്കകൾ ഉണ്ടെങ്കിൽ രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം തേടാൻ ഇനിമുതൽ അവസരം ഉണ്ടാകും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ശിശുരോഗ വിഭാഗത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ആരോഗ്യ സെക്രട്ടറി ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചെറിയ ബോട്ടുകളിൽ ചാനൽ കടക്കുന്നവരെ തടയാൻ യൂറോപ്പുമായി പുതിയ കരാറിൽ ഏർപ്പെടാൻ ലേബർ പാർട്ടി. ചാനൽ കടക്കാൻ സഹായിക്കുന്ന സംഘങ്ങളെ തകർക്കുന്നത് തീവ്രവാദത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് യൂറോപ്യൻ യൂണിയൻ ഏജൻസിയുമായുള്ള ചർച്ചകൾക്കായി ഹേഗിലുള്ള ലേബർ നേതാവ് കെയർ സ്റ്റാമർ പറഞ്ഞു. ആളുകളെ കടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും തന്റെ ചർച്ചകൾ അതിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെയിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് യുകെ സർക്കാരായിരിക്കണം,” കെയർ കൂട്ടിച്ചേർത്തു.

ചാനൽ കടക്കാൻ ആളുകളെ സഹായിക്കുന്നത് പ്രത്യേക സംഘങ്ങളാണ്. ഈ സംഘങ്ങളെ ഇല്ലാതാക്കാൻ രഹസ്യാന്വേഷണം നടത്തുന്നതിനായുള്ള സംയുക്ത പ്രവർത്തനങ്ങൾക്കുള്ള കരാറിൽ ഏർപ്പെടാനാണ് താൻ യൂറോപോളിൽ എത്തിയതെന്ന് കെയർ പറഞ്ഞു. ലേബർ സർക്കാർ അധികാരത്തിൽ വന്ന് 12 മാസത്തിനുള്ളിൽ അഭയാർഥികൾക്കായി ഹോട്ടലുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

45,755 കുടിയേറ്റക്കാർ 2022-ൽ ചാനൽ മുറിച്ചുകടന്നു, 2018-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 20,101 പേർ ചാനൽ കടന്നു. നിലവിലെ ഗവൺമെന്റ് പദ്ധതികൾ ഉപേക്ഷിക്കാനും പകരം ചാനൽ കടക്കുന്നവർക്കെതിരെ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം ഏജൻസിക്കായി കൂടുതൽ വിഭവസമാഹരണം നടത്താനും ലേബർ പദ്ധതിയിടുന്നു.

Copyright © . All rights reserved