ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലണ്ടിലെ വാട്ടർഫോർഡിൽ താമസിക്കുന്ന ജൂഡ് സെബാസ്റ്റ്യൻ നിര്യാതനായി. കേരളത്തിൽ അങ്കമാലിയാണ് ജൂഡിന്റെ സ്വദേശം. തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽ മരിച്ച നിലയിൽ ജൂഡിനെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച ജൂഡിന്റെ ഭാര്യയും മക്കളും നാട്ടിൽ പോയിരുന്നു. ഇവർ ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ ജൂഡിനെ കണ്ടെത്തിയത്. ഭാര്യ ഫ്രാൻസീന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. വാട്ടർഫോർഡ് സിഗ്ന കെയർ നേഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു ജൂഡ്. രണ്ട് മക്കളുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി ജനങ്ങളുടെ ഷോപ്പിംഗ് ശീലങ്ങളെ നല്ല രീതിയിൽ മാറ്റിയതായി ആൽഡി. ഉപഭോക്താക്കൾ മുമ്പത്തേക്കാൾ കൂടുതൽ ഓൺ ലേബൽ പ്രൊഡക്റ്റുകൾ വാങ്ങുന്നുണ്ടെന്നും ഇത് തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ആൽഡിയുടെ മേധാവി ഗൈൽസ് ഹർലി പറയുന്നു. ഷോപ്പർമാർ പണം ലാഭിക്കാൻ ശ്രമിക്കുന്നതിനാൽ സൂപ്പർമാർക്കറ്റുകൾ വിലകുറഞ്ഞ ഓൺ ലേബൽ പ്രൊഡക്റ്റുകൾ കൂടുതലായി വിറ്റഴിക്കുന്നു. കഴിഞ്ഞ വർഷം മോറിസൺസിനെ പിന്തള്ളി ആൽഡി യുകെയിലെ നാലാമത്തെ വലിയ സൂപ്പർമാർക്കറ്റായി.

ആൽഡിയും ലിഡലും വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ഓൺ ലേബലാണ്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ആൽഡി ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയിട്ടുണ്ടെന്നും യുകെയിലെ മൂന്നിൽ രണ്ട് കുടുംബങ്ങളും ഇപ്പോൾ ഈ ശൃംഖല ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 2022ൽ അൽഡിയുടെ വിൽപ്പന ഏകദേശം 2 ബില്യൺ പൗണ്ട് ഉയർന്ന് 15.5 ബില്യൺ പൗണ്ടായി. പ്രവർത്തന ലാഭവും 178.7 മില്യൺ പൗണ്ടായി വർദ്ധിച്ചു. ആൽഡി ഇപ്പോൾ 1,500 യുകെ സ്റ്റോറുകൾ എന്ന ദീർഘകാല ലക്ഷ്യം കൈവരിക്കുന്ന പാതയിലാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂപ്പർമാർക്കറ്റുകൾ വിവിധ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുകയാണ്. ഉപഭോക്താക്കൾ ഈ കാലയളവിൽ വിലക്കുറവ് കാണുന്നത് തുടരും. എന്നാൽ ചരക്ക് ചെലവുകൾ, ഊർജ്ജം, ഇന്ധന വിലകൾ കഴിഞ്ഞ രണ്ട് വർഷം അസ്ഥിരമായിരുന്നതിനാൽ ഭാവിയെ പറ്റി പറയുക എളുപ്പം അല്ലെന്ന് ഗൈൽസ് ഹർലി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച പുതിയ ബ്രെക്സിറ്റ് വ്യാപാര നിയമങ്ങൾ യൂറോപ്യൻ കാർ നിർമ്മാതാക്കൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3.75 ബില്യൺ പൗണ്ട് തുക അധിക ചിലവ് ഉണ്ടാക്കും. പുതിയ യൂറോപ്യൻ യൂണിയൻ – യു കെ ബ്രെക്സിറ്റ് വ്യാപാര കരാർ പ്രകാരം, 2024 മുതൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ 45 ശതമാനം ബ്രിട്ടനിൽ നിന്നോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നോ ഉള്ള പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം എന്ന കർശന നിർദ്ദേശമുണ്ട്. ഇതോടൊപ്പം തന്നെ ബാറ്ററി സെല്ലുകളുടെ 50 മുതൽ 60 ശതമാനം വരെ പ്രാദേശിക വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതായിരിക്കണം എന്നും കരാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഇംഗ്ലീഷ് ചാനലിലൂടെ ഇരു രാജ്യങ്ങളിലേക്കും കൊണ്ടുപോകുമ്പോൾ 10% അധികം നികുതി അല്ലെങ്കിൽ താരീഫ് ഈടാക്കാനുള്ള അനുമതി അധികൃതർക്ക് ഉണ്ടാകുമെന്നും കരാർ നിഷ്കർഷിക്കുന്നു. എന്നാൽ ഈ നടപടി മൂലം യൂറോപ്യൻ യൂണിയനിലെ ഫാക്ടറികളിൽ നിന്നുള്ള ഉത്പാദനം ഗണ്യമായി കുറയുമെന്ന് യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വിലകുറഞ്ഞ ഇറക്കുമതിയിൽ നിന്നും യൂറോപ്യൻ വ്യവസായത്തെ സംരക്ഷിക്കുന്നതിനാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എന്നാൽ യൂറോപ്പിൽ ബാറ്ററി ഉൽപ്പാദനം പ്രതീക്ഷിച്ചത്ര വേഗത്തിൽ വർധിച്ചിട്ടില്ലാത്തതിനാൽ, പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ കാർ നിർമ്മാതാക്കൾ ബുദ്ധിമുട്ടുകയാണ്. യൂറോപ്യൻ നിർമ്മാതാക്കൾക്ക് ഇത് ഗുരുതരമായൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. യുകെ അവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. കഴിഞ്ഞ വർഷം യുകെ തുറമുഖങ്ങളിൽ 1.2 ദശലക്ഷം വാഹനങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്നും എത്തിയിരുന്നു. അതുപോലെ യുകെയിൽ നിർമ്മിച്ച കൂടുതൽ കാറുകൾ മറ്റേതൊരു പ്രദേശത്തേക്കാളും യൂറോപ്യൻ യൂണിയനിയിലേക്ക് തന്നെയാണ് കയറ്റുമതി ചെയ്യപ്പെടുന്നതും. ഇത്തരത്തിലുള്ള വർദ്ധിച്ച താരിഫുകൾ ഇലക്ട്രിക്ക് കാറുകളുടെ ഉൽപാദനം കൂടുതൽ ചിലവേറിയതാക്കുമെന്നും, അതോടൊപ്പം തന്നെ അവയുടെ വില വർധിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. പുതിയ നിയമങ്ങൾ മൂന്നുവർഷമെങ്കിലും കഴിഞ്ഞ് മാത്രമേ നടപ്പാക്കാവൂ എന്ന ആവശ്യം കാർ നിർമ്മാതാക്കൾ ഉയർത്തുന്നുണ്ട്. ഇതിനായി യൂറോപ്യൻ കമ്മീഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ 2023 – ൽ കുട്ടികൾക്ക് നൽകുന്ന പേരുകളുടെ കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയുള്ള നാമങ്ങൾ പുറത്തുവന്നു. ഏറ്റവും കൂടുതൽ ആൺകുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്ന പേര് മുഹമ്മദ് എന്നാണ്. ലില്ലിയാണ് പെൺകുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്ന പേരുകളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്ത് എത്തിയത്. നോഹയും തിയോയും ആണ് ആൺകുട്ടികളുടെ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. ലില്ലിയും സോഫിയുമാണ് പെൺകുട്ടികളുടെ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നത്.

ബ്രിട്ടനിൽ മുൻപ് വൻ പ്രചാരത്തിലുള്ള പേരായിരുന്നു ഹാരി എന്നത് . നേരത്തെയുള്ള പട്ടികയിൽ 13-ാം സ്ഥാനത്തുള്ള ഹാരിയുടെ പേര് ഈ വർഷം 23-ാം സ്ഥാനത്ത് മാത്രമാണ് ഉള്ളത്. മേഗൻ എന്ന നാമത്തിനും ജനപ്രീതിയിൽ വൻ തകർച്ചയാണ് നേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഹാരി രാജകുമാരനും മേഗൻ മാർക്കിളിനുമുള്ള അസ്വാരസ്യങ്ങളാണ് ഈ പേരുകളുടെ ജനപ്രീതി വ്യാപകമായി ഇടിയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2020 ന്റെ തുടക്കത്തിൽ രാജകുടുംബത്തിലെ മുതിർന്ന അംഗ പദവികളിൽ നിന്ന് രാജിവച്ചതിനുശേഷം ഹാരി- മേഗൻ ദമ്പതികളും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. ഹാരിയുടെ ഓർമ്മക്കുറിപ്പായ സ്പെയറിൽ മയക്കുമരുന്ന് ഉപയോഗം, പബ്ലിനുള്ളിൽ നടത്തിയ ആദ്യ ലൈംഗികവേഴ്ചയുടെ വെളിപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ മൂലം മാതാപിതാക്കൾ ഹാരി എന്ന പേര് തങ്ങളുടെ മക്കൾക്ക് കൊടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് ഹാരി എന്ന പേരിന് പ്രിയം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊപ്പം അഫ്ഗാനിസ്ഥാനിൽ സായുധ സേനയിലായിരുന്നപ്പോൾ ആളുകളെ കൊന്നതായുള്ള വെളിപ്പെടുത്തലും വൻ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ നിയമങ്ങൾ പ്രകാരം ഒക്ടോബർ 1 മുതൽ യുകെയിലുടനീളമുള്ള ടേക്ക്അവേകളിൽ പ്ലാസ്റ്റിക് കട്ട്ലറികളും പ്ലേറ്റുകളും ട്രേകളും നിരോധിക്കും. ഇതോടെ ചില ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ നൽകുന്നതിന് തടസം നേരിടും. ഒക്‌ടോബർ 1 മുതൽ ബൗളുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ ഭക്ഷണം വിളമ്പുന്നത് നിർത്തും. ഭക്ഷണം കഴിക്കുന്നവർക്ക് ഇനി പോളിസ്റ്റൈറൈൻ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കാൻ കഴിയില്ല. മാറ്റത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറി അല്ലെങ്കിൽ ബലൂൺ സ്റ്റിക്കുകൾ നിരോധിക്കും.

നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിലവിലുള്ള സ്റ്റോക്ക് ഉപയോഗിക്കണമെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് അല്ലെങ്കിൽ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്. പുതിയ നിയമങ്ങൾ ഓൺലൈൻ, ഓവർ-ദി-കൗണ്ടർ വിൽപ്പന, വിതരണം എന്നിവയ്ക്കും ബാധകമാണ്. സമാനമായ നിയമങ്ങൾ സ്കോട്ട് ലൻഡിൽ ഇതിനകം അവതരിപ്പിക്കുകയും കഴിഞ്ഞ ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. സിംഗിൾ യൂസ് പ്ലാസ്റ്റിക് സ്‌ട്രോകൾ, സ്റ്റെററുകൾ, കോട്ടൺ ബഡ്‌സ് എന്നിവ 2020 ഒക്‌ടോബർ മുതൽ ഇംഗ്ലണ്ടിൽ നിരോധിച്ചിട്ടുണ്ട്.

പരിസ്ഥിതിയെ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് തെരേസ് കോഫി നേരത്തെ പറഞ്ഞിരുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഈ നീക്കം വലിയ സ്വാധീനം ചെലുത്തും. സർക്കാർ മാർഗനിർദേശം അനുസരിച്ച്, നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തും. ബിസിനസ്സുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ, അന്വേഷണച്ചെലവ് അവർ വഹിക്കേണ്ടി വരും. പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഉടമകൾക്ക് 28 ദിവസം സമയം നൽകും
ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു .
ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ പങ്കെടുത്തു .

ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ മെമെന്റോ സമ്മാനിച്ചപ്പോൾ 10000 രൂപയുടെ ക്യാഷ് പ്രൈസ് നൽകിയത് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിലാണ്. മലയാളം യുകെ ന്യൂസ് യുകെയിലെയും യൂറോപ്പിലെയും മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണ് കേരളത്തിൽ നിന്നുള്ള നിഖിൽ രാജിന് ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതെന്ന് അഡ്വ. മോൻസ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിനെയും രണ്ടാം സ്ഥാനത്തിന് അർഹനായ യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ബിനോ മാത്യുവിനേയും അദ്ദേഹം അഭിനന്ദിച്ചു .

അകാലത്തിൽ നിര്യാതനായ മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ശ്രീ ബിജോ അടുവിച്ചിറയുടെ കുടുംബത്തിന് മലയാളം യുകെ ന്യൂസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായധനം കാണാക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബിജു പഴയപുരയ്ക്കൽ കൈമാറി. ബിജോ അടുവിച്ചിറയുടെ സഹധർമ്മിണി അനു ബിജോയും മകൾ ബിയ ബിജോയും ചടങ്ങിൽ എത്തിയിരുന്നു. ബിജോയുടെ മകൾക്ക് തുടർപഠനത്തിനും മറ്റുമായുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വേദിയിൽ നിന്ന് വിടവാങ്ങിയത്.

എട്ട് ഡയറക്ടർ ബോർഡ് മെമ്പേഴ്സിന്റെ കൂട്ടായ പ്രവർത്തനമാണ് മലയാളം യുകെ ന്യൂസിനെ ഇത്രയും ജനപ്രിയ മാധ്യമമാക്കി മാറ്റിയത് എന്ന് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ചീഫ് എഡിറ്റർ ബിൻസു ജോൺപറഞ്ഞു. വാർത്തകൾക്കൊപ്പം യുകെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മുൻനിര എഴുത്തുകാരുടെ രചനകൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതിനുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.





ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലുടനീളമുള്ള 50-തിലധികം സർവകലാശാലകളിലെ ജീവനക്കാർ സമരത്തിലേക്ക് കടക്കുമ്പോൾ ഫ്രഷേഴ്സ് വീക്കിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തടസ്സം നേരിടുന്നു. ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അംഗങ്ങൾക്കിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമാണിത്. ഈ വർഷത്തെ ശമ്പള ഇടപാട് 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഫറാണെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് എംപ്ലോയേഴ്സ് അസോസിയേഷൻ (യുസിഇഎ) പറയുന്നു. എന്നാൽ പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനയും സുരക്ഷിതമല്ലാത്ത കരാറുകൾ അവസാനിപ്പിക്കാനും യൂണിയൻ ആവശ്യപ്പെടുന്നു.

42 സർവകലാശാലകളിലെ യുസിയു അംഗങ്ങൾ അഞ്ച് ദിവസത്തേക്ക് പണിമുടക്കുന്നു. മറ്റ് 10 സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരു ദിവസത്തേക്ക് പണിമുടക്കും. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് വീക്കിനോട് അനുബന്ധിച്ചാണ് സമരം നടക്കുന്നത്. കഴിഞ്ഞയാഴ്ച സ്കോട്ട്ലൻഡിലെ അഞ്ച് സർവകലാശാലകളിൽ സമരം നടന്നിരുന്നു.

സർവകലാശാലകൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും അതിനാൽ ശമ്പള വർദ്ധനവ് മേഖലയ്ക്ക് താങ്ങാൻ കഴിയില്ലെന്നും യുസിഇഎ ചീഫ് എക്സിക്യൂട്ടീവ് രാജ് ജേത്വ പറഞ്ഞു. അതേസമയം, ഈ വർഷത്തെ ശമ്പള ഓഫറിൽ യഥാർത്ഥത്തിൽ ശമ്പളം വെട്ടിക്കുറച്ചതായി യുസിയു പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ബ്രിട്ടീഷ് എയർവേയ്സും തമ്മിലുള്ള സഹകരണം യാഥാർഥ്യമായതോടെ തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് പ്രതിദിന വിമാന സർവീസ് യാഥാർഥ്യമാകുന്നു. ഒക്ടോബർ 12 മുതലാണ് ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കുന്നത്.
തിരുവനന്തപുരത്തുള്ള യാത്രക്കാർക്ക് ലണ്ടനിലെ ഹീത്രോ വിമാനത്താവളം വരെ മുംബൈ വഴി ഒറ്റ ടിക്കറ്റിൽ നേരിട്ട് യാത്ര ചെയ്യാമെന്നതാണ് നേട്ടം. ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് എത്തുന്ന വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും വലിയ നേട്ടമാണ് പുതിയ കരാർ. ഇതോടെ യൂറോപ്പിലേക്കും തിരിച്ചും ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാം. നേരത്തെ ടർക്കിഷ് എയർലൈൻസുമായി ഇൻഡിഗോയ്ക്ക് ഇത്തരത്തിൽ ഇന്റർലൈൻ സർവീസ് ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് നിലവിൽ യുകെയിൽ പോകണമെങ്കിൽ മുംബൈ, ഡൽഹി തുടങ്ങിയ മറ്റു പ്രധാന വിമാനത്താവളങ്ങളിലോ ദുബായ് തുടങ്ങിയ വിദേശ വിമാനത്താവളങ്ങൾ ഇറങ്ങി വേറെ വിമാനത്തിൽ മറ്റൊരു ടിക്കറ്റിലാണ് പോകേണ്ടത്.
രാജ്യത്തെ മൂന്ന് നഗരങ്ങളിലെ ഇൻഡിഗോ വിമാന സർവീസുകളുമായാണ് കരാർ യാഥാർഥ്യമായിരിക്കുന്നത്. നേരത്തെ കൊച്ചിയിൽനിന്ന് ഇത്തരത്തിലുള്ള സർവീസ് ഉണ്ട്. തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിക്കണമെന്ന ആവശ്യമാണ് പൂർത്തിയായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
1985-ൽ നിയന്ത്രണങ്ങൾക്ക് ശേഷം ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലേക്ക് ആദ്യമായി പ്രാദേശിക നിയന്ത്രിത ബസ് സർവീസുകൾ തിരിച്ചെത്തി. പ്രദേശത്തെ ബീ നെറ്റ്‌വർക്കിന്റെ വരവ് ഇംഗ്ലണ്ടിൽ കുറഞ്ഞ നിരക്കുകൾക്കും മികച്ച സേവനങ്ങൾക്കും കാരണമാകുമെന്ന് റീജിയണൽ മേയർ ആൻഡി ബേൺഹാം പറഞ്ഞു. 2017-ൽ ഈ മേഖലയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മേയറായതു മുതൽ ബസ് പരിഷ്കരണം മിസ്റ്റർ ബേൺഹാമിന്റെ മുൻഗണനകളിൽ ഒന്നായിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബസ് യാത്രകളുടെ എണ്ണം നിയന്ത്രണം നീക്കിയ സമയത്ത് 355,000,000 ആയിരുന്നെങ്കിൽ 2019-ൽ ഇത് 182,000,000 ആയി കുറഞ്ഞുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ കമ്പൈൻഡ് അതോറിറ്റിയുടെ പ്രതിനിധി പറഞ്ഞു.

2022-ൽ, മേഖലയിലെ ഒറ്റ ബസ് നിരക്ക് മുതിർന്നവർക്ക് £2 ഉം കുട്ടികൾക്ക് £1 ഉം ആയി ഉയർത്തിയിരുന്നു. ഒരു ദിവസത്തേക്കുള്ള അൺലിമിറ്റഡ് ബസ് യാത്ര പിന്നീട് £5 ആയും, ഒരാഴ്ചത്തെ ബസ് യാത്രയുടെ ചിലവ് £21 ആയും പരിമിതപ്പെടുത്തിയിരുന്നു. സ്കോട്ടിഷ് ബസ് നിർമ്മാതാക്കളായ അലക്സാണ്ടർ ഡെന്നിസ് നിർമ്മിച്ച 50 ഓളം പുതിയ മഞ്ഞ ഇലക്‌ട്രിക് ബസുകൾ ബോൾട്ടൺ, വിഗാൻ, സാൽഫോർഡ്, ബറി എന്നിവടങ്ങളിൽ സേവനങ്ങൾ ആരംഭിക്കും. ഗോ നോർത്ത് വെസ്റ്റ്, ഡയമണ്ട് ബസുകൾ പ്രാരംഭ സർവീസുകൾ നടത്താൻ കഴിഞ്ഞ വർഷം നിയോഗിച്ചിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ ഹൃദയവേദനയിലാണ്; കാരണം തങ്ങളുടെ മൂന്നാമത്തെ കുട്ടിയ്ക്കും ജീവൻ നിലനിർത്തണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. നോർത്തംബർലാൻഡിലെ ഹെക്സ്ഹാമിൽ നിന്നുള്ള ഡാരിൽ – സാറ ദമ്പതികളുടെ മക്കളായ ഏരിയൽ (18), നോഹ (23) എന്നിവർക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ കുട്ടിയായ കാസ്പറിനും (14) വൃക്ക മാറ്റിവയ്ക്കൽ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. വൃക്ക തകരാറിലാക്കുന്ന നെഫ്രോനോഫ്ത്തിസിസ് എന്ന രോഗമാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്.

2022 ജൂൺ 30-ന് തന്റെ മകൾ ഏരിയലിന് സാറാ വൃക്ക ദാനം ചെയ്തു. മൂന്ന് മാസത്തിന് ശേഷം ഒരു സുഹൃത്ത് മകൻ നോഹയ്ക്ക് വൃക്ക ദാനം ചെയ്തു. “കാസ്‌പറിനും ഇതേ അവസ്ഥയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞ നിമിഷം ഞങ്ങൾ രണ്ടുപേരും തളർന്നുപോയി. ഇതെല്ലാം വീണ്ടും എങ്ങനെ നേരിടുമെന്ന് ആശ്ചര്യപ്പെട്ടു.” സാറ പറയുന്നു. 2016-ൽ ഏരിയൽ സ്ഥിരമായി ക്ഷീണിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ന്യൂകാസിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അവൾക്ക് വൃക്കയുടെ തകരാറുണ്ടെന്ന് കണ്ടെത്തി.

2019 ലാണ് നോഹയ്ക്കും സമാന രോഗമാണെന്ന് കണ്ടെത്തിയത്. വൃക്ക തകരാറിലാണെന്ന് കണ്ടെത്തി ഉടൻ തന്നെ ഡയാലിസിസിന് വിധേയനാക്കി. തുടർന്ന് ശസ്ത്രക്രിയ നടത്തി. ‘ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാര്യമാണിത്.” വൃക്ക ദാനം ചെയ്തതിനെക്കുറിച്ച് സാറ പറഞ്ഞു. “എന്റെ മകൾക്ക് രണ്ടാം ജന്മം നൽകാൻ എനിക്ക് കഴിഞ്ഞു എന്നറിയുന്നത് ഒരു അനുഗ്രഹമാണ്.” സാറ കൂട്ടിച്ചേർത്തു. നിലവിൽ 5,600 പേർ യുകെയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വെയ്റ്റിംഗ് ലിസ്റ്റിലുണ്ടെന്ന് നോഹയെ ചികിത്സിക്കുന്ന ന്യൂകാസിൽ ഫ്രീമാൻ ഹോസ്പിറ്റലിലെ കിഡ്നി സ്‌പെഷ്യലിസ്റ്റ് പ്രൊഫ ജോൺ സയർ പറഞ്ഞു.