Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ആഫ്രിക്ക :- ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞ കോവിഡ് ബാധയാണ് ഉണ്ടാക്കുന്നതെന്ന് സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ വിവരങ്ങൾ സൂചിപ്പിക്കുന്നു. സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ശനിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ മേഖലയിൽനിന്നുള്ള ആശുപത്രികളിലെ ചികിത്സാ വിവരങ്ങളാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്താൻ സൗത്ത് ആഫ്രിക്കയിലെ ഡോക്ടർമാരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒമിക്രോൺ വകഭേദം കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗം പേർക്കും ഓക്സിജൻ ആവശ്യമായി വന്നില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ഇത്തരം രോഗികളിൽ ന്യൂമോണിയ ബാധിച്ചവരുടെ എണ്ണം കുറവാണെന്നുള്ളതും, ഇന്റൻസീവ് കെയർ യൂണിറ്റിലും മറ്റും അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ എണ്ണവും സാധാരണയേക്കാൾ താഴെയായിരുന്നുവെന്നുള്ളതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. എന്നാൽ വളരെ കുറച്ച് രോഗികളുടെ സാഹചര്യങ്ങളെ മാത്രം വിലയിരുത്തി തയ്യാറാക്കിയ ഇത്തരം റിപ്പോർട്ടുകൾ അധികം വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ ഗവേഷണങ്ങൾ നടന്നാൽ മാത്രമേ ഈ വകഭേദത്തിന്റെ യഥാർത്ഥത മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.


ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും ടെസ്റ്റ് ചെയ്തത് കൊണ്ട് മാത്രമാണ് ഭൂരിഭാഗം പേരിലും ഒമിക്രോൺ വകഭേദം കണ്ടെത്താനായതെന്നും, മറ്റു യാതൊരുവിധ ലക്ഷണങ്ങളും ഇവർ കാണിച്ചിരുന്ന ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭൂരിഭാഗം പേരും മറ്റുപല ചികിത്സകൾക്കായാണ് ആശുപത്രിയിലെത്തിയത്. കൂടുതൽ രോഗികളിൽ നിന്നുള്ള വിവരശേഖരണങ്ങൾ കൊണ്ടുമാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് പ്രമുഖ ഡോക്ടർമാർ വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗജന്യ ബസ് പാസ് മാത്രം ഉപയോഗിച്ച് ഇംഗ്ലണ്ടിലുടനീളം 2,200 മൈൽ യാത്ര ചെയ്യാനൊരുങ്ങി 75 കാരിയായ പെന്നി ഇബോട്ട്. തെക്കൻ തീരത്തിൻെറ മധ്യഭാഗത്തുനിന്ന് തുടങ്ങുന്ന ആറാഴ്‌ചത്തെ ബസ് യാത്ര ഈ മുത്തശ്ശി ആരംഭിച്ചു കഴിഞ്ഞു. നാലുപേരുടെ മുത്തശ്ശിയായ ഇവർ സൗജന്യ പേഴ്സൺസ് പാസ് ഉപയോഗിച്ച് 700-ാം നമ്പർ ബസ്സിൽ തൻെറ യാത്ര ആരംഭിച്ചു. പെന്നിക്ക് ഇതിനായി ഏകദേശം എട്ടു മണിക്കൂറെങ്കിലും വ്യത്യസ്തമായ ബസ്സുകളിൽ യാത്ര ചെയ്യേണ്ടതായി വരും. ഇംഗ്ലണ്ടിന്റെ മുകളിലായ ബെർവിക്ക്-ഓൺ-ട്വീഡിലേക്ക് എത്തി സ്കോട്ടിഷ് അതിർത്തിയിലൂടെ, പടിഞ്ഞാറൻ തീരത്ത് നിന്ന് ലാൻഡ് സ് എൻഡിലേക്ക് എത്തി യാത്ര അവസാനിപ്പിച്ച് തിരികെ വീട്ടിൽ വരാനാണ് പെന്നിയുടെ തീരുമാനം.

2020 മാർച്ചിൽ സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ മൂലം പത്ത് ദിവസത്തിനുശേഷം തിരികെ വീട്ടിലേക്ക് പോകേണ്ടതായി വന്നു. തൻറെ രണ്ടാമത്തെ ശ്രമത്തിൽ 2016-ൽ ക്യാൻസർ ബാധിതനായ തൻറെ ഭർത്താവിനെ അദ്ദേഹത്തിൻറെ മരണത്തിനുമുമ്പ് പരിചരിച്ച വെസ്റ്റ് സസെക്സിലെ സെന്റ് വിൽഫ്രിഡ്സ് ഹോസ്പിലിനായി 2,500 പൗണ്ട് സമാഹരിക്കാൻ അവർക്ക് സാധിച്ചു. ബോറിസ് ജോൺസൺ രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം താൻ ഷ്രൂസ്ബറിയിലെത്തിയിരുന്നു, പ്രഖ്യാപനത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതയാകുവായിരുന്നു. ഇത് വളരെ നിരാശാജനകമായ അനുഭവമായിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ തൻറെ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നില്ല.

ഏകദേശം പതിനെട്ട് മാസങ്ങൾക്ക് ശേഷം യാത്ര വീണ്ടും തുടങ്ങി എന്നും തൻറെ ഭർത്താവിനെ മരിക്കുന്നതിനുമുമ്പ് പരിപാലിച്ച ഹോസ്പിറ്റലിനായി പണം സ്വരൂപിക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു. ഈ യാത്രയ്ക്കായി ഏകദേശം അഞ്ച് ആഴ്ചയും അഞ്ചു ദിവസവും ആണ് എടുത്തത്. നിരവധി വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടാൻ ഈ യാത്ര സഹായിച്ചു. പെൻഷൻകാർക്ക് ലഭിച്ചിരുന്ന ബസ് പാസ് ഉപയോഗിച്ച് എല്ലാ ബസുകളും തനിക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നും സ്കോട്ടിഷ് ഭാഗത്ത് മാത്രമേ പണം നൽകേണ്ടതായി വന്നുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീത്തിലി : ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ് ക്രിസ്മസ്. എന്നാൽ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാൻ മാതാപിതാക്കൾ പട്ടിണി കിടക്കുന്ന ഒരു നഗരമുണ്ട് യോർക്ക്ക്ഷയറിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള പ്രദേശങ്ങളിൽ ഒന്നാണ് കീത്തിലി. കൺസ്യൂമർ ഡാറ്റ റിസർച്ച് സെന്റർ (സിഡിആർസി) തയ്യാറാക്കിയ ദാരിദ്ര്യ സൂചിക പ്രകാരമാണ് ഏറ്റവും കൂടുതൽ ദരിദ്രരുള്ള നഗരമായി കീത്തിലി മാറിയത്. തൊട്ടടുത്ത മാസങ്ങളിൽ, കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. സാൽവേഷൻ ആർമിയുടെ ഫുഡ്ബാങ്കിന്റെ ദൃശ്യങ്ങളിൽ നിന്നുതന്നെ കീത്തിലിയിലെ കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാണ്.

വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും ക്രിസ്മസിന്റെ അധിക സാമ്പത്തിക ഭാരവും കൂടിയാവുമ്പോൾ കീത്തിലി നിവാസികൾക്ക് കൂടുതൽ സഹായം ആവശ്യമായി വരും. “സാധാരണയായി ഞാനും എന്റെ ഭാര്യയും ഭക്ഷണം കഴിക്കില്ല. കുട്ടികൾക്കായി മാറ്റി വയ്ക്കും. ദിവസം ഒരു നേരം ഭക്ഷണം കഴിച്ചാലായി.” നാല് കുട്ടികളുള്ള സ്റ്റീഫൻ തന്റെ കഷ്ടപ്പാട് തുറന്നുപറഞ്ഞു. സാൽവേഷൻ ആർമിയിൽ നിന്നുള്ള ഭക്ഷണപ്പൊതിയാണ് പലരുടെയും ജീവൻ നിലനിർത്തുന്നത്. ബ്രാഡ്‌ഫോർഡിന്റെ ഭാഗമാണെങ്കിലും കീത്തിലി ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹൈ സ്‌ട്രീറ്റിലെ ക്ലെയർബിയേഴ്‌സ് ടോയ്‌ബോക്‌സിന്റെ ഉടമയായ ക്ലിഫോർഡ് വെസ്റ്റ്‌ഫാൾ പറഞ്ഞു. കീത്തിലി ടൗൺ സെന്ററിലെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്.

വരും വർഷങ്ങളിൽ കീത്തിലിക്ക് 33 മില്യൺ പൗണ്ട് അനുവദിച്ചു നൽകാൻ ബ്രാഡ്‌ഫോർഡ് കൗൺസിൽ തയ്യാറായിട്ടുണ്ട്. കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിനും വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കുമായി 14 മില്യൺ പൗണ്ട് നീക്കിവയ്ക്കും. പൊതുമേഖലയ്ക്കും ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2.39 മില്യൺ പൗണ്ട് കൂടി നീക്കിവച്ചിട്ടുണ്ട്. ക്രിയേറ്റീവ് ആർട്‌സ് ഹബ്ബ് നിർമിക്കാൻ 2.6 മില്യണും മാനുഫാക്ചറിംഗ് ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിങ് ഹബ്ബിന്റെ നിർമാണത്തിനായി 3 മില്യൺ പൗണ്ടും നൽകും. കീസ്‌ലിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം ഇത് സ്വാഗതാർഹമായ വാർത്തയാണ്. കൂടാതെ കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സാൽവേഷൻ ആർമി തയ്യാറായിട്ടുണ്ട്. നഗരത്തിലുടനീളമുള്ള 400-ലധികം കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ എത്തിക്കാനും അവർ ലക്ഷ്യമിടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടിഷ് രാജ്ഞിയുടെ പരമാധികാരത്തെ ഉപേക്ഷിച്ചു ബാർബഡോസ്‌ സ്വതന്ത്ര പരമാധികാര രാജ്യമായത് കഴിഞ്ഞ ദിവസമാണ്. ബ്രിട്ടിഷ് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‌ലി പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിയുടെ അധികാരത്തിൽ നിന്ന് മാറിനടന്നു പുതിയ പരമാധികാര രാഷ്ട്രമായി ബാർബഡോസ്‌ മാറുകയാണെങ്കിലും പിന്നിൽ ചരടുവലികൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. രാജ്ഞിയുടെ മേധാവിത്തത്തിനു കീഴിൽനിന്ന് അകന്നു മാറാനുള്ള ബാർബഡോസിന്റെ തീരുമാനത്തിനു പിന്നിൽ ചൈനയാണെന്ന ആരോപണം ഉയർന്നിരുന്നു. എലിസബത്ത് രണ്ടാമന്റെ സ്ഥാനത്ത്, ഒരു പുതിയ ഭരണാധികാരി തിരശ്ശീലയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്: ചൈനയിലെ ശക്തനായ നേതാവ് ഷി ജിൻപിംഗ്. ബാർബഡോസിൽ പാർക്കുന്ന 287,000 ആളുകളുടെ മേൽ ബീജിംഗ് ഭരണകൂടത്തിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞിട്ട് വർഷങ്ങളേറെയായി.

ചെറിയ രാജ്യങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന ഉറപ്പുള്ളതിനാൽ ചൈന അവർക്ക് വായ്പ നൽകുന്നു. അതിനാൽ അവർ എന്നെന്നേക്കുമായി ചൈനയെ ആശ്രയിക്കേണ്ടിവരുന്നു. കരീബിയൻ രാജ്യങ്ങളുമായുള്ള പ്രധാന പങ്കാളിയെന്ന ബ്രിട്ടന്റെ സ്ഥാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വം ആരോപണമുന്നയിച്ചിട്ടുണ്ട്. അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപവും കടം കൊടുപ്പ് നയതന്ത്രവും ഉപയോഗിച്ച് കരീബിയൻ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ചൈന നടത്തിവരുന്നതെന്നത് വ്യക്തം. അവർ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നു.

ബ്രിട്ടന്റെ ആഗോള, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കുറയുമ്പോൾ ചൈന അവിടെ സ്ഥാനമുറപ്പിക്കുന്നു. ഹെൻറി ജാക്‌സൺ സൊസൈറ്റി തിങ്ക്-ടാങ്കിന്റെ കണക്കനുസരിച്ച്, കോമൺവെൽത്ത് രാജ്യങ്ങളെ ആകർഷിക്കാൻ 2005 മുതൽ ചൈന 685 ബില്യൺ പൗണ്ട് ചെലവഴിച്ചു. 2006ൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ചൈനീസ് ഗവൺമെന്റ് ബാർബഡോസിന് കോടിക്കണക്കിനു ഡോളർ സാമ്പത്തിക സഹായം നൽകിയിരുന്നു. 2009ൽ ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തിപ്പെടുത്താൻ ശ്രമിച്ചു. 2016 ഡിസംബറിൽ ഈ സഹകരണം വിപുലീകരിച്ച് ചൈനീസ് സർക്കാർ ബാർബഡോസിന് 30 ലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും നൽകി. 2017ൽ ബാർബഡോസിലെ സ്കൂളുകൾക്കു വേണ്ട പഠനോപകരണങ്ങളും മറ്റും ചൈനയാണ് വൻതോതിൽ എത്തിച്ചു നൽകിയത്. കഴിഞ്ഞ വർഷം ചൈന ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളും അടക്കമുള്ള സാങ്കേതികോപകരണങ്ങളും ദ്വീപിനു കൈമാറി.

ബാർബഡോസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പങ്കാളിയുമായി ചൈന കണക്കാക്കപ്പെടുന്നു. കോമൺ‌വെൽത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ പാകിസ്ഥാൻ ഇപ്പോൾ ചൈനയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ്. നൈജീരിയയെയും ചൈന തന്ത്രപരമായി തങ്ങളുടെ വശത്താക്കിയിട്ടുണ്ട്. ഒരുകാലത്ത് ബ്രിട്ടനൊപ്പം വിശ്വസ്‌തതയോടെ നിലനിന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ പിന്മാറ്റം ഭാവിയിൽ വർധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബാർബഡോസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് തങ്ങളുടെ ഭരണഘടനയും അടുത്തവർഷത്തോടെ പുനരാലോചനയ്ക്കു വിധേയമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബാർബഡോസ് വിട്ടു പോയതോടെ നിലവിൽ 14 രാജ്യങ്ങളാണ് ബ്രിട്ടിഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ഭീക്ഷണിയെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടൻ. എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും യാത്ര തുടങ്ങുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനകൾക്ക് വിധേയമാകേണ്ടി വരുമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു . വാക്സിനുകൾ എടുത്തവർ ആണെങ്കിലും പുതിയ നിയന്ത്രണങ്ങൾ പ്രകാരം പുറപ്പെടുന്നതിനു മുമ്പുള്ള ലാറ്ററൽ ഫ്ലോ അല്ലെങ്കിൽ പിസിആർ ടെസ്റ്റുകൾക്ക് വിധേയമാകണം. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 7 പുലർച്ചെ നാലുമണി മുതൽ നിലവിൽ വരും.

 

പുതിയ നിയന്ത്രണങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 12 വയസ്സിന് മുകളിൽ പ്രായമുള്ളവർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനാ ഫലമാണ് സമർപ്പിക്കേണ്ടത്. പുതിയനിയമങ്ങളെക്കുറിച്ച് കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഇടയിൽ ഉടലെടുത്തിരിക്കുന്നത്. വാക്‌സിൻ എടുത്തവരും ടെസ്റ്റിന് വിധേയമാകേണ്ട സാഹചര്യം ഉടലെടുത്തതോടെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും എടുക്കാത്തവരും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സ്ഥിതിയാണെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.

 

ഒമിക്രോൺ വ്യാപന ഭീതിയെ തുടർന്ന് കടുത്ത ആശയക്കുഴപ്പമാണ് ഉന്നത ഭരണനേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉടലെടുത്തിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ചും ഒത്തുചേരലുകളെ കുറിച്ചും മന്ത്രിമാർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. യാത്ര തുടങ്ങുന്നതിനു മുമ്പുള്ള കോവിഡ് ടെസ്റ്റുകൾ നടപ്പിലാക്കുന്നതിന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് നിരാകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബൂസ്റ്റർ വാക്സിനുകൾക്ക് കൊറോണ വൈറസിൻെറ പുതിയ വകഭേദത്തിനെതിരെ സംരക്ഷണം നൽകാൻ കഴിയുമെന്ന പഠന റിപ്പോർട്ട് പുറത്ത്. ബൂസ്റ്റർ വാക്സിനുകൾ സ്വീകരിച്ചതിനുശേഷം ശരീരത്തിൽ ഉള്ള ടി സെല്ലുകൾ ഒമിക്രോണിൽ നിന്ന് സംരക്ഷണം നൽകുന്ന തരത്തിലാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഫൈസർ, മോഡേണ തുടങ്ങിയ എംആർഎൻഎ കുത്തിവയ്പ്പുകൾ ജനങ്ങളിലെ പ്രതിരോധശേഷി വളരെയധികം വർദ്ധിക്കാൻ കാരണമായതായി പഠനത്തിൽ പറയുന്നു. എല്ലാ വാക്സിനുകളും ജനങ്ങളിൽ നല്ല തോതിലുള്ള പ്രതിരോധശേഷി നൽകിയതായി കണ്ടെത്താൻ സാധിച്ചു എന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സതാംപ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻെറ എൻഐഎച്ച്ആർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയുടെ ട്രയൽ ലീഡും ഡയറക്ടറുമായ പ്രൊഫസർ സോൾ ഫൗസ്റ്റ് പറഞ്ഞു. ഫൈസർ, മോഡേണ തുടങ്ങിയ വാക്‌സിനുകൾ നൽകുന്ന സംരക്ഷണം വളരെ ഉയർന്നതാണെന്നും നോവാവാക്സ്, ജാൻസെനും ആസ്ട്രസെനെക്കയും ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്ട്രസെനെക്ക അല്ലെങ്കിൽ ഫൈസർ വാക്സിനുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ വാക്സിനുകൾ പോലെതന്നെ ഫലപ്രദമാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. അസ്‌ട്രാസെനെക്ക, ഫൈസർ/ബയോഎൻടെക്, മോഡേണ, നോവാവാക്‌സ്, ജാൻസെൻ എന്നിവയാണ് മൂന്നാം ഡോസായി പരീക്ഷിച്ച 6 വാക്സിനുകൾ. നിലവിലുള്ള കോവിഡിൻെറ വകഭേദങ്ങൾക്കെതിരെ ഇവ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു എന്നാൽ പഠനത്തിൽ ഒമൈക്രോൺ വേരിയന്റ് പരീക്ഷിച്ചിട്ടില്ല.
ടി സെല്ലുകൾ പുതിയ വേരിയന്റിനെതിരെ പ്രതിരോധശേഷി നൽകാൻ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. ആൻറിബോഡിയുമായുള്ള ഇതിൻറെ ബന്ധം പഠിച്ചതിനെത്തുടർന്നാണ് ഈ പുതിയ കണ്ടെത്തൽ. നിലവിലുള്ള വാക്സിനുകൾ വൈറസിൻെറ ഏതു വകഭേദത്തേയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ്

പനീർ ഷവർമ്മ

ചേരുവകൾ

പനീർ – 200 ഗ്രാം
ജിൻജർ ഗാർലിക് പേസ്റ്റ് -1 ടീസ്പൂൺ
ലെമൺ ജ്യൂസ് -1 ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -1 / 4 ടീസ്പൂൺ
കാശ്മീരി ചില്ലി പൌഡർ -1 ടീസ്പൂൺ
ബ്ലാക്ക് പെപ്പെർ പൗഡർ -1 / 2 ടീസ്പൂൺ
വൈറ്റ് പെപ്പെർ പൗഡർ -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ജീരകപ്പൊടി -1 ടീസ്പൂൺ
ഗരം മസാല -1 / 2 ടീസ്പൂൺ
സോയ സോസ് 1 ടീസ്പൂൺ
ചില്ലി സോസ് 1 ടേബിൾസ്പൂൺ
തൈര് 3 ടേബിൾസ്പൂൺ
ഒലിവു ഓയിൽ -1 ടേബിൾസ്പൂൺ
മയോണൈസ് -3 ടേബിൾ സ്പൂൺ
പിറ്റാബ്രെഡ് – 4 എണ്ണം
സാലഡ് ഉണ്ടാക്കനായി വേണ്ട ചേരുവകൾ
വിനിഗർ -50 മില്ലി
വെള്ളം 50 മില്ലി
ഉപ്പ് – 2 ടീസ്‌പൂൺ
ഷുഗർ 2 ടീസ്പൂൺ
ലെറ്റൂസ് ,കാരറ്റ്,കുക്കുമ്പർ സബോള – 1 വീതം നീളത്തിൽ അരിഞ്ഞതു (ജൂലിയൻസ് )

പാചകം ചെയ്യുന്ന വിധം

ഒരു മിക്സിങ് ബൗളിൽ ജിൻജർ ഗാർലിക് പേസ്റ്റ് ,ലെമൺ ജ്യൂസ് ,ഉപ്പ് ,മഞ്ഞൾപ്പൊടി ,കാശ്മീരി ചില്ലി പൗഡർ , ബ്ലാക്ക് പെപ്പെർ പൗഡർ,വൈറ്റ് പെപ്പെർ പൗഡർ , മല്ലിപ്പൊടി , ജീരകപ്പൊടി, ഗരം മസാല , സോയ സോസ്, ചില്ലി സോസ് , തൈര് എന്നിവ നന്നായി മിക്സ് ചെയ്തു പേസ്റ്റ് ആക്കി സ്ട്രിപ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന പനീറിൽ തേച്ചു ഒരു അരമണിയ്ക്കൂർ വയ്ക്കുക . ഈ സമയം മറ്റൊരു പാനിൽ വെള്ളം ചൂടാക്കി വിനിഗർ ഉപ്പ് ഷുഗർ എന്നിവ ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു വയ്ക്കുക . ഒരു മിക്സിങ് ബൗളിൽ ജൂലിയൻസ് ആയി അരിഞ്ഞു വച്ചിരിക്കുന്ന ലെറ്റൂസ് , കാരറ്റ്, കുക്കുമ്പർ, സബോള എന്നിവ മിക്സ് ചെയ്തു വിനാഗിരി കൊണ്ട് ഉണ്ടാക്കിയ മിശ്രിതം ഒഴിച്ച് അടച്ചു ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക . ഒരു ഫ്രയിങ് പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് മസാല ചേർത്ത് വച്ചിരിക്കുന്ന പനീർ ചെറു തീയിൽ വറുത്തെടുക്കുക . ഫ്രിഡ്ജിൽ വച്ചിരിക്കുന്ന വെജിറ്റബിൾസ് എടുത്തു അതിലെ വിനാഗിരി ചേർന്ന വെള്ളം ഊറ്റിക്കളഞ്ഞു മയോണൈസ് ചേർത്ത് മിക്സ് ചെയ്യുക. ഷവർമ്മക്കൊപ്പമുള്ള സാലഡ് റെഡി . പിറ്റ ബ്രഡ് എടുത്തു നടുവേ ഒരു പോക്കറ്റുപോലെ മുറിച്ചു അതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന ചീസും സലാഡും ചേർത്ത് റോൾ ചെയ്തു എടുക്കുക . പനീർ ഷവർമ്മ റെഡി . വേണമെങ്കിൽ ടിഷ്യു പേപ്പറിലോ സിൽവർ ഫോയിലിലോ പൊതിഞ്ഞു എടുക്കാവുന്നതാണ് .

ബേസിൽ ജോസഫ്

 

 

ഡോ. ഐഷ വി

1/12/2021 രാവിലെ ഫോണെടുത്ത് വാട്സാപ് നോക്കിയപ്പോൾ കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബിയുടെ മെസേജ് കിടക്കുന്നു. തലേന്നിട്ട മെസ്സേജാണ്. നാളെ പത്ത് മണിയ്ക്ക് ഞാറ് നടാനായി കുട്ടികൾ ബോധിയിലേയ്ക്ക് പോകുന്നുണ്ട്. ടീച്ചർ വരുന്നുണ്ടെങ്കിൽ ഞാൻ വണ്ടിയുമായി വരാം. ഞാൻ സമ്മതമറിയിച്ചു. “ടീച്ചർ വയലിലെ ചെളിയിൽ ഇറങ്ങുമോ ഞാറ് നടാനായി ?” സുബി സാർ ചോദിച്ചു. പ്രമേഹ ബാധിതയായതു കൊണ്ട് ഞാൻ ചെളിയിലിറങ്ങില്ലെന്ന് അറിയിച്ചു. 10 മണിയായപ്പോഴേയ് ക്കും സുബി സാർ വണ്ടിയുമായെത്തി. ഞാനും രതി ടീച്ചറും അനുരഞ്ജ് എന്ന വിദ്യാർത്ഥിയും സുബി സാറും കൂടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിൽ നിന്നും നേരെ ബോധിയിലേയ്ക്ക് തിരിച്ചു.

പാലക്കാട് നാഷണൽ ഹൈവേ 544 ൽ കിണ്ടി മുക്കിൽ നിന്ന് സർവ്വീസ് റോഡിലിറങ്ങി ഗുരുകുലം സ്കൂളിനടുത്തു കൂടി ബോധിയിലേയ്ക്ക് പോകാനുള്ള വഴിയിലെത്തിയപ്പോൾ സുബി സാർ പറഞ്ഞു: ഗുരുകുലം സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് നേടിയിട്ടുണ്ട്. ധാരാളം ആക്ടിവിറ്റികൾ അവിടത്തെ കുട്ടികൾ ചെയ്യുന്നുണ്ട്. കുറച്ചു കൂടി മുന്നോട്ട് പോയി ഒരു വളവ് തിരിഞ്ഞ് വയലിനക്കരെ കടന്നപ്പോൾ ബോധിയെത്തി. സുബി സാർ കൃഷ്ണേട്ടനെ പറ്റി പറഞ്ഞു. അദ്ദേഹം തികഞ്ഞ ഗാന്ധിയനാണ്. വാക്കു പോലെയാണ് പ്രവൃത്തിയും. നല്ല കർഷകനും കൂടിയാണ്.

ബോധി വളർന്നു വരുന്ന ഒരു സ്ഥാപനമാണ്. ബോധിയിലെത്തി കാർ ഒതുക്കിയിട്ട് ഞങ്ങളിറങ്ങിയപ്പോൾ കണ്ടത് ഷഡ്‌ഭുജാകൃതിയിൽ പണി പൂർത്തിയാകാത്ത ഒരു നിർമ്മിതിയാണ്. പുറത്ത് നിന്ന് വരുന്നവർക്കിരിയ്ക്കാൻ പാകത്തിനുള്ളത്. അടുത്ത കാഴ്ച ഒരു തേൻ മാവിൽ ചേർത്ത് നിർമ്മിച്ചിരിയ്ക്കുന്ന ഒരു ഏറു മാടമാണ്. അതിൽ കയറിനിന്നു നോക്കിയാൽ പാലക്കാടൻ നെല്ലറകളിലൊന്നിന്റെ ദൂരകാഴ്ച കിട്ടും. ഒട്ടുമേ തരിശിടാത്ത പാടങ്ങൾ . എല്ലാം പുതു വിതയ്ക്കും കൃഷിയ്ക്കുമായി ഒരുങ്ങിയിരിയ്ക്കുന്നു. കൃഷ്ണേട്ടന്റെ മുറ്റത്തെ മറ്റൊരു കാഴ്ച വിശാലമായ ഓല മേഞ്ഞ ഒരു കെട്ടിടമാണ്. ചുറ്റും മരത്തൂണുകൾ നാട്ടിയിട്ടുള്ള ഒരു വരാന്തയുണ്ട്. ആ കെട്ടിടത്തിൽ വച്ചാണ് യോഗയും മറ്റു ക്ലാസ്സുകളും നടത്തുന്നത്.

ഞങ്ങൾ കൃഷ്ണേട്ടന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ ഭാര്യ പ്രവീണ കോളേജിൽ നിന്ന് നെൽകൃഷി പഠിക്കാനെത്തിയ എൻ എസ് എസ് വോളന്റിയർമാർക്ക് കാപ്പിയും കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടുള്ള പുഴുക്കും തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഒന്നു പരിചയപ്പെട്ട് ഞങ്ങൾ അടുത്ത പറമ്പിലൂടെ കയറിയിറങ്ങി പാടത്തേയ്ക്ക് നടന്നു. പാടത്തിനക്കരെ കൃഷ്ണേട്ടന്റെ വയലിനടുത്തായി കുട്ടികൾ പാടത്ത് പണിയ്ക്കിറങ്ങാൻ പാകത്തിനുള്ള വേഷവിധാനങ്ങളുമായി നിൽപുണ്ടായിരുന്നു. കൃഷ്ണേട്ടനും സഹായി ഗോപാലകൃഷ്ണനും കുട്ടികളും നടാനുള്ള ചിറ്റുണ്ടകൾ ട്രേകളിൽ നിറച്ചു വച്ചിരുന്നു.

സാധാരണ വിത്തിനുള്ള നെല്ല് കുതിർത്ത് ചണ ചാക്കിൽ കെട്ടി ഭാരം വച്ച് മുള പൊട്ടുമ്പോൾ ഞാറ്റടികളിൽ പാകി കിളിർപ്പിച്ച് പറിച്ചു നടാൻ പരുവമാകുമ്പോൾ ഒരു പിടി വീതം ഉഴുതു തയ്യാറാക്കിയ പാടത്ത് നടുകയാണ് പതിവ്. എന്നാൽ ഈ രീതി വ്യത്യസ്തമാണ്. വയനാട്ടിലെ അജയ് തോമസ് വികസിപ്പിച്ചെടുത്തു പുതുരീതി. വളരെ കുറച്ച് നെൽ വിത്തു കൊണ്ട് കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ പറ്റും. വിളവും കൂടുതൽ , കൃഷ്ണേട്ടന് കഴിഞ്ഞ കൃഷിയിൽ ഒരു നെൽച്ചെടിയിൽ നിന്ന് 40 നെൽകതിരുകൾ കിട്ടിയിരുന്നു. എന്നാൽ വയനാട്ടിൽ ഈ രീതിയിൽ കൃഷി നടത്തിയപ്പോൾ 100-140 നെൽക്കതിരുകൾ കിട്ടിയിരുന്നു.

ചെയ്തു കൊണ്ടിരുന്ന പണിതീർന്നപ്പോൾ കൃഷ്ണേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന് പരിചയപ്പെട്ടു. ഒട്ടും ദുർമേദസ്സില്ലാത്ത ശരീരം. നല്ല കർഷകന് പറ്റിയ ശരീരം തന്നെ. ഞാൻ കൃഷ്ണേട്ടനോട് ” ചിറ്റുണ്ട” രീതിയിൽ നെൽകൃഷി ചെയ്യുന്നതിനെ പറ്റി ചോദിച്ചു. അദ്ദേഹം കൃഷി രീതിയെ കുറിച്ച് വാചാലനായി . ചതുരാകൃതിയിൽ തയ്യാറാക്കിയ ഒരു പെല്ലറ്റിൽ ഏകദേശം ഒന്നൊന്നര ഇഞ്ച് പൊക്കമുള്ള നാല് കുഞ്ഞൻ നെൽ തൈകൾ വളർന്ന് നിൽക്കുന്നു. ഇതിനെയാണ് ഒരു ചിറ്റുണ്ടയെന്ന് പറയുന്നത്. ഈ ചിറ്റുണ്ട നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്നത് ജൈവ കൂട്ടും കളി കൂട്ടുമാണ്. ജൈവ കൂട്ടിൽ കരിയിലയും പച്ചിലകളുമായിരിയ്ക്കും. കളി കൂട്ടിൽ പഞ്ചഗവ്യം- ഗോ മൂത്രം ചാണകം മുതലായവ. ഒരു നെൽച്ചെടിയ്ക്ക് 45 ദിവസം വളരാനുള്ള വളം ഈ കൂട്ടടങ്ങിയ ചിറ്റുണ്ടയിലുണ്ടാവും. ഈ ചിറ്റുണ്ട നിശ്ചിത അകലത്തിൽ വരയിട്ട് തയ്യാറാക്കിയ ചാലുകളിൽ ഒരടി അകലത്തിൽ ഇട്ടു പോയാൽ മാത്രം മതിയാകും. കുഴിച്ചുവയ്ക്കയോ ഉറപ്പിയ്ക്കുകയോ ചെയ്യേണ്ടതില്ല. ചതുര കൃതിയിലുള്ളതായതിനാൽ ചെടികൾ നിവർന്നു നിൽക്കത്തക്ക രീതിയിൽ ചാലിൽ ഇട്ടാൽ മാത്രം മതിയാകും. ഇങ്ങനെ പാടം മുഴവൻ തൈകൾ ഇട്ട ശേഷം “കോണോ വീൽ” എന്ന ഉപകരണം ചെടികൾക്കിടയിലൂടെ കുറുകെ ഓടിയ്ക്കുമ്പോൾ മണ്ണിളകുകയും ചെടിയുടെ വേരുകൾ ഉപരിതലത്തിൽ നിന്ന് വളം വലിച്ചെടുക്കാൻ പാകപ്പെടുകയും ചെയ്യും.

ഉഴുത് നിരപ്പാക്കിയ പാടത്ത് വരയിടാനായി 7 പല്ലുകളുള്ള തടി ഫ്രെയിമിൽ തീർത്ത ഉപകരണം തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയിട്ട വരയിലൂടെ ഒരടിയകലത്തിൽ ചിറ്റുണ്ട ഇട്ടു പോയാൽ മാത്രം മതി. പാടത്ത് അധികമുള്ള വെള്ളം വാർന്നു പോകാനായി ചെറു ചാലുകൾ തീർത്തിട്ടുണ്ട്. ഇത് ഒരു തുണിയിൽ കെട്ടിയ ഒരു ഉരുളൻ കല്ല് പാടത്തു കൂടി വലിച്ചു കൊണ്ട് പോകുമ്പോൾ രൂപപ്പെടുന്നതാണ്. ജീരകചമ്പാവ് എന്ന നെൽ വിത്താണ് ഈ കൃഷിയ്ക്ക് ഉപയോഗിച്ചത്. സൗമ്യവും മൃദുത്വവും സുഗന്ധവുള്ളതാണ് ഈ ഇനം വിത്ത്. കാലാവസ്ഥാ വ്യതിയാനം മൂലം ആലത്തൂർ മേഖലയിൽ 70% കൃഷി നഷ്ടമായിരുന്നു. അത്തരം സാഹചര്യത്തിൽ ഈ ഇനം വിത്തുകൾ പിടിച്ചു നിൽക്കാൻ കെല്പുള്ളവയാണ്. കൃഷ്ണേട്ടന്റെ വയലിന് ചുറ്റും ഉമയും തവളക്കണ്ണനുമൊക്കെയാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ മഴക്കാലത്ത് കാലാവസ്ഥയെ അതിജീവിച്ചത് ജീരകചമ്പാവാണ്.

പാടത്തിലും പറമ്പിലും ഇറങ്ങി പ്രവൃത്തിക്കുന്ന കൃഷി ഓഫീസറായ രശ്മി മാഡം എത്തിക്കഴിഞ്ഞപ്പോൾ ചെറിയ ഉത്ഘാടന ചടങ്ങോടു കൂടി മണ്ണൊരുക്കിയ കൃഷ്ണേട്ടനും കൂട്ടരും മനസ്സൊരുക്കിയ വിദ്യാർത്ഥികളും ചിറ്റുണ്ട നിക്ഷേപിയ്ക്കാൻ തയ്യാറായി. ഈ നിക്ഷേപം വളർന്നു വലുതായി ധാരാളം ചിനപ്പുകൾ വന്ന് പൊൻ കതിരുകൾ വിളവെടുക്കാൻ കഴിയണമെന്ന ആഗ്രഹത്തോടെ മുൻപരിചയമില്ലെങ്കിലും വിദ്യാർത്ഥികൾ കൃഷിയ്ക്കിറങ്ങി. ചെളിയിൽ ബാലൻസ് ചെയ്തും ട്രേകളിൽ ചിറ്റുണ്ട നിറച്ചും വിതച്ചും കുട്ടികൾ മുന്നേറി. മണ്ണറിഞ്ഞും കൃഷിയറിഞ്ഞും പുതുതലമുറ മുന്നേറട്ടെ. ഞങ്ങൾ തിരിച്ചു പോകും വഴി കൃഷ്ണേട്ടന്റെ ഭാര്യ തയ്യാറാക്കി വച്ചിരുന്ന പനംചക്കര കാപ്പിയും കുടിച്ച് ഞങ്ങൾ തിരികെ പോന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നികുതി വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ധനമന്ത്രി ഋഷി സുനക്. നികുതി വെട്ടികുറയ്ക്കുന്നതിനുള്ള വിശദമായ പദ്ധതികൾ തയ്യാറാക്കാൻ സുനക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. ദാനനികുതിയിൽ (inheritance tax) ഇളവ് കൊണ്ടുവരുന്നതുൾപ്പെടെയുള്ള പദ്ധതികളും പരിഗണനയിലുണ്ട്. ഈ പാർലമെന്റിന്റെ അവസാനത്തോടെ നികുതികൾ കുറയുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ട്രഷറി വക്താവ് പറഞ്ഞു. നികുതി സമ്പ്രദായം നിരന്തര അവലോകനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിസന്ധി കാരണം നികുതികൾ ഉയർത്തേണ്ടി വന്നിട്ടുണ്ടെന്ന് ഒക്ടോബറിൽ മന്ത്രിമാർ പറഞ്ഞിരുന്നു. എന്നാൽ മുന്നോട്ട് നീങ്ങുമ്പോൾ നികുതി കുറയ്ക്കാനാണ് അവർ ലക്ഷ്യമിടുന്നത്. നികുതികൾ കുറയ്ക്കുക എന്നതാണ് ഇനിയുള്ള തന്റെ ദൗത്യമെന്ന് കൺസർവേറ്റീവ് പാർട്ടി സംഘടിപ്പിച്ച ഒരു ഓൺലൈൻ ചർച്ചയിൽ സുനക് പറഞ്ഞിരുന്നു.

ഹരിത ഊർജ്ജം ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് നിരക്കുകൾ കുറയും. ദാനനികുതിയുടെ പരിധി വർധിപ്പിക്കാനുള്ള പദ്ധതികളിൽ ട്രഷറി പ്രവർത്തിക്കുന്നുണ്ടെന്നും ടൈംസ് റിപ്പോർട്ട്‌ ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തെറ്റായ യാത്രാ വിവരങ്ങൾ നൽകിയ ലേബർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി ദമ്പതികൾ. ഒമിക്രോൺ പൊട്ടിപുറപ്പെട്ട ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് ദമ്പതികളായ ഹാൻ‌കോക്കും എമിലി മെന്നിയുമാണ് ലേബർ എംപി ഡോ. റോസെന അല്ലിൻ-ഖാനെതിരെ രംഗത്തെത്തിയത്. “പൂർണമായി വാക്സിനേഷൻ സ്വീകരിച്ച ബ്രിട്ടീഷുകാർ രാജ്യത്ത് എത്തുമ്പോൾ ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ട” എന്ന തെറ്റായ സന്ദേശമാണ് എംപി നൽകിയത്. ഇതിനെതിരെ രംഗത്തെത്തിയ അവർ , നമ്മുടെ എംപി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന പരിഹാസ ചോദ്യമുയർത്തി. ലണ്ടനിലെ ടൂട്ടിംഗിൽ നിന്നുള്ള ഹാൻ‌കോക്കും എമിലിയും എംപിയ്ക്ക് അയച്ച ഇമെയിലിന് വന്ന മറുപടിയിലാണ് ഇത്തരം തെറ്റായ സന്ദേശങ്ങൾ ഉൾകൊള്ളുന്നത്.

എം‌പിയിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് ദമ്പതികൾ പറഞ്ഞു. രാജ്യത്തെത്തുന്നവർ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് യുകെ ഗവണ്മെന്റ് വെബ്സൈറ്റ് മാർഗ്ഗനിർദേശത്തിൽ നിന്ന് വ്യക്തമാണ്. ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ നിരവധി ബ്രിട്ടീഷുകാരാണ് കുടുങ്ങികിടക്കുന്നത്. തങ്ങളെ ഉപേക്ഷിച്ചു പോയ ബ്രിട്ടീഷ് എയർവേയ്സിനെ അവർ കുറ്റപ്പെടുത്തി.

വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും ഹീത്രോയിലെ ക്വാറന്റീൻ ഹോട്ടൽ നിറഞ്ഞതും കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. തിരിച്ചു നാട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ യാത്രാ പ്രതിസന്ധി പരിഹരിച്ച്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ സർക്കാർ എത്രയും വേഗം തയ്യാറാവാണമെന്ന് അവർ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved