ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്ലബ് കാർഡ് റിവാർഡ് സ്‌കീമിന്റെ മൂല്യം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ടെസ്‌കോ. ജൂൺ 14 മുതലാണ് മാറ്റം വരുന്നത്. ക്ലബ്‌കാർഡ് പോയിന്റുകൾ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയേക്കാൾ ഉപഭോക്താക്കൾ പണം നൽകുമ്പോൾ അവയുടെ മൂല്യത്തിന്റെ ഇരട്ടിയാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ടെസ്‌കോയിൽ ചെലവഴിക്കുന്ന പണത്തിന് പോയിന്റുകൾ ശേഖരിക്കാനും സ്റ്റോറിലോ റസ്‌റ്റോറന്റ് ഭക്ഷണത്തിനോ പകൽ യാത്രയ്‌ക്കോ ഉപയോഗിക്കാവുന്ന വൗച്ചറുകൾ കൈമാറ്റം ചെയ്യാനും ഈ സ്‌കീം ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നു.
ലോയൽറ്റി സ്‌കീമുകളുടെ മൂല്യം അടുത്തിടെ സൈൻസ്‌ബറിയും ബൂട്ട്‌സും വെട്ടിക്കുറച്ചിരുന്നു. അതിനു പിന്നാലെയാണ് നിർണായക തീരുമാനവുമായി ടെസ്‌കോ എത്തുന്നത്. അതേസമയം, ടെസ്കോയുടെ നടപടിക്കെതിരെ ചില ഉപഭോക്താക്കൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ സൂപ്പർമാർക്കറ്റ് വിലകൾ ഉയരുന്നതിനാലാണ് നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ക്ലബ് കാർഡ് സ്കീം വെട്ടിക്കുറയ്ക്കുന്നത് മറ്റ് സൂപ്പർമാർക്കറ്റുകളിലേക്ക് പോകുവാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. ടെസ്കോയുടെ നടപടിയിൽ നിരാശയുണ്ടെന്നും, നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആളുകൾ പറയുന്നു.
‘ക്ലബ് കാർഡിന്റെ മുല്യം വെട്ടിക്കുറയ്ക്കുന്നത് ഞങ്ങളുടെ ഉൽപ്പന്ന വിലകൾ കുറവായിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ആവേശകരമായ നിരവധി റിവാർഡുകൾ നൽകുന്നത് തുടരാനാകുമെന്ന് ഉറപ്പാക്കും’ ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ, ടെസ്‌കോയുടെ ചീഫ് കസ്റ്റമർ ഓഫീസർ അലസാന്ദ്ര ബെല്ലിനി വ്യക്തമാക്കി. മാറ്റങ്ങൾ വരുന്നതിന് മുമ്പ് ഷോപ്പർമാർക്ക് ഉയർന്ന മൂല്യത്തിൽ പോയിന്റുകൾ ഉപയോഗിക്കുന്നതിന്, ക്ലബ് കാർഡ് റിവാർഡുകൾക്ക് ആറ് മാസത്തിന് പകരം 12 മാസത്തേക്ക് സമയപരിധി കമ്പനി നീട്ടുകയാണെന്നും അവർ കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നെറ്റ്‌വർക്ക് റെയിൽ മേധാവികളും യൂണിയൻ നേതാക്കളും തമ്മിൽ ഉണ്ടാക്കിയ ശമ്പള കരാറിന് ജീവനക്കാർ പിന്തുണ നൽകി. ഇതോടെ ഏറെനാളുകളായി ശമ്പളത്തെ ചൊല്ലി ഉടലെടുത്തിരുന്ന നെറ്റ്‌വർക്ക് റെയിൽ ജീവനക്കാരുടെ സമരം ഒത്തുതീർന്നു. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി ഏറെ നാളായി റെയിൽ ജീവനക്കാർ സമരമുഖത്തായിരുന്നു. ആർഎം റ്റി യൂണിയനിലെ ആയിരക്കണക്കിന് സിഗ്നൽ ജീവനക്കാരും മെയിൻറനൻസ് സ്റ്റാഫും ശമ്പള തർക്കം അവസാനിപ്പിക്കാൻ കമ്പനി മുന്നോട്ടു വച്ച നിർദ്ദേശത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ചൊല്ലിയുള്ള തർക്കത്തിൽ ഇതിനെ തുടർന്ന് യൂണിയൻ അംഗങ്ങൾ ഇനി പങ്കെടുക്കില്ല. ശമ്പള കരാറിൽ തീരുമാനം ആയിരുന്നില്ലെങ്കിൽ 14 ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളിൽ ജോലി ചെയ്യുന്ന ആർഎം റ്റി അംഗങ്ങൾ മാർച്ച് 30, ഏപ്രിൽ 1 എന്നീ തീയതികളിൽ സമരവുമായി മുന്നോട്ടു പോകുമായിരുന്നു. കമ്പനി മുന്നോട്ടു വച്ച ഓഫർ താൻ പ്രതീക്ഷിച്ച അത്ര മെച്ചപ്പെട്ടതല്ലെങ്കിലും കരാർ അംഗീകരിക്കാൻ അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു എന്ന് ആർഎം റ്റി ജനറൽ സെക്രട്ടറി മൈക്ക് ലിഞ്ച് പറഞ്ഞു.
വോട്ടെടുപ്പിൽ 90 ശതമാനം യൂണിയൻ അംഗങ്ങളാണ് പങ്കെടുത്തത്. ഇതിൽ 76% അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചതായാണ് റിപ്പോർട്ടുകൾ . കമ്പനിയും യൂണിയനും തമ്മിലുണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകൾ അനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്നവർക്ക് 14.4 % മുതൽ ഏറ്റവും ഉയർന്ന വേതനമുള്ളവർക്ക് 9.2% വരെ ശമ്പള വർദ്ധനവ് ലഭിക്കും. നേരത്തെ 2022 – ൽ വാഗ്ദാനം ചെയ്യപ്പെട്ട 5% ശമ്പള വർധനവും ഈ വർഷത്തെ 4% വർദ്ധനവും നേരത്തെ യൂണിയൻ മേധാവികൾ നിരസിച്ചിരുന്നു. കഴിഞ്ഞദിവസം മാനേജ്മെന്റും യൂണിയനും തമ്മിലുണ്ടാക്കിയ ശമ്പള കരാർ വോട്ടെടുപ്പ് നടത്തി അംഗങ്ങൾ നിരസിച്ചിരുന്നു. നാഷണൽ എക്സ്പ്രസ് കമ്പനിയും ബസ് ഡ്രൈവർമാരുടെ തൊഴിലാളി യൂണിയനും തമ്മിലുണ്ടാക്കിയ കരാറാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സൈനിക പരിപാടിയിൽ മദ്യപിച്ച ആർമി ക്യാപ്റ്റൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി. സുഹൃത്തുക്കളോടൊപ്പം ഡാൻസ് ഫ്ലോറിൽ നൃത്തം ചെയ്യുന്നതിനിടയിലാണ് സംഭവം. ജെയിംസ് ഫാരെന്റ് എന്ന ഉദ്യോഗസ്ഥൻ യുവതിയുടെ കാലുകൾക്കിടയിൽ ബലത്തോട് പിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 27 കാരിയായ ക്യാപ്റ്റൻ സ്റ്റുവർട്ട് ലിൻഡ്‌സെ കൃത്യമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിക്രമം ചെറുക്കാനായത്.
യുവതിയെ ബലമായി പിടിച്ച സൈനികൻ യുവതിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. എന്നാൽ, റോയൽ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ നിന്നുള്ള ക്യാപ്റ്റൻ ജെയിംസ് ഫാരന്റ് കുറ്റം നിഷേധിച്ചു. വാദിഭാഗം ഉന്നയിച്ചതിൽ നിന്നും നേർ വിപരീതമാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. പാർട്ടിക്കെത്തിയ യുവതിക്ക് അത്താഴ സമയത്ത് ഒരു കുപ്പി സമ്മാനമായി നൽകിയെന്നും, സന്തോഷ മുഹൂർത്തമായതിനാൽ നല്ലവണം മദ്യപിച്ചിരുന്നതായും പ്രതിഭാഗം വിൽറ്റ്ഷെയറിലെ ബുൾഫോർഡ് മിലിട്ടറി കോടതിയിൽ അറിയിച്ചു.
ഇരയായ സ്ത്രീയെ പരിചയമില്ലെന്നും ക്യാപ്റ്റൻ ജെയിംസ് ഫാരന്റ് ആർമി ഓഫീസർമാരുടെ പാനലിനോട് പറഞ്ഞു. നൃത്തം ചെയ്ത വനിതാ ഓഫീസർ നന്നായി മദ്യപിച്ചിരുന്നു എന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിഭാഗം ആരോപിക്കുന്നത്. സംഭവം നടന്നു എന്ന് ആരോപിക്കുന്ന ദിവസത്തിന് പിറ്റേന്നാണ് യുവതി റോയൽ മിലിട്ടറി പോലീസിൽ പരാതിപ്പെടുന്നത്. മദ്യലഹരിയിൽ ലക്കുക്കെട്ട് കേവലം ആരോപണങ്ങൾ ഉന്നയിക്കുകയാണ് വാദിഭാഗം ചെയ്യുന്നതെന്നും പ്രതിഭാഗം ഉന്നയിച്ചു..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സർക്കാരിന്റെ വിൻഡ്‌സർ ഫ്രെയിംവർക്ക് ബ്രെക്‌സിറ്റ് പദ്ധതികൾക്കെതിരെ പാർലമെൻറിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി) ഈ ആഴ്ച വോട്ട് ചെയ്യും. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് എതിർപ്പുണ്ടായിട്ടും കരാറിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. തിങ്കളാഴ്‌ച നടന്ന യോഗത്തിൽ പാർട്ടി അംഗങ്ങൾ ഒന്നടങ്കം തെരഞ്ഞെടുത്ത തീരുമാനമാണിതെന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് സർ ജെഫ്രി ഡൊണാൾഡ്‌സൺ പറഞ്ഞു.
യൂറോപ്യൻ യൂണിയൻെറ പദ്ധതികൾ ഒക്കെ തന്നെ നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, അതുകൊണ്ട് തന്നെ ഇത് വ്യാപാര നിയമങ്ങളിൽ യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിച്ചു. സ്റ്റോർമോണ്ട് ബ്രേക്ക് മെക്കാനിസം നോർത്തേൺ അയർലൻഡിന് യൂറോപ്യൻ യൂണിയൻ നിയമങ്ങൾ എങ്ങനെ ബാധകമാകും എന്നതിനെ കുറിച്ച് കൂടുതൽ അഭിപ്രായങ്ങൾ നേടാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാറിൽ യുകെ തങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചു എന്നതിൻെറ തെളിവാണിതെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നോർത്തേൺ അയർലണ്ടിലെ ജനങ്ങൾക്കും ബിസിനസ്സുകൾക്കുമുള്ള ഏറ്റവും മികച്ച കരാറാണിതെന്നും പാർലമെന്റിലെ മറ്റ് ഹൗസുകൾ ഇതിനെ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നതായും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. പാർട്ടി ഇത്തരത്തിലുള്ളൊരു നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും കരാർ വിലയിരുത്തുന്നത് പാർട്ടി തുടരുമെന്ന് സർ ജെഫ്രി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന ജെറാള്‍ഡ് (62) ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഈലിംഗ് സ്ട്രീറ്റിൽ വച്ചാണ് ജെറാൾഡ് ആക്രമിക്കപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ജെറാള്‍ഡിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇതിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. കേരളത്തിൽ തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശികളാണ് ജെറാള്‍ഡും കുടുംബവും.
ജെറാള്‍ഡിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണം അര്‍ധരാത്രി കഴിഞ്ഞാണ് നടന്നതെന്ന് കരുതപ്പെടുന്നു. ഹാന്‍ഡ് വെലിലെ ഉക്‌സ്ബ്രിജ് റോഡില്‍ നിന്നുമാണ് പോലീസ് ജെറാള്‍ഡിനെ കണ്ടെത്തുന്നത്. വാരാന്ത്യത്തിൽ ആക്രമണങ്ങൾ കൂടി വരുന്നതിനാൽ ഈ പ്രദേശത്തെ പട്രോളിംഗ് പോലീസ് കൂട്ടിയിരുന്നു. ഈ ഉദ്യോഗസ്ഥരാണ് അവശ നിലയിൽ ജെറാള്‍ഡിനെ കണ്ടെത്തിയത്.
ആക്രമണത്തിന് പിന്നാലെ ഉടൻ തന്നെ റോഡുകൾ അടച്ചിട്ട പോലീസ് അക്രമികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 16 വയസ്സുള്ള രണ്ട് പേരെയും 20 വയസ്സ് പ്രായമുള്ള ഒരാളെയുമാണ് പോലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത്. നാൽപ്പത് വർഷം മുൻപ് ലണ്ടനിൽ കുടിയേറിയവരാണ് ജെറാള്‍ഡിന്റെ മാതാപിതാക്കള്‍. ഭാര്യയും മക്കളും യുകെയിൽ തന്നെ ആയതിനാൽ സംസ്‌കാരം യുകെയിൽ തന്നെ ആയിരിക്കും എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.
ജെറാള്‍ഡിൻെറ ആകസ്‌മിക മരണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെതിരെ നടന്ന ആക്രമണത്തിൻെറ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഒരാൾ അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 1.50 നാണ് വെസ്റ്റ്മിൻസ്റ്ററിലെ ആൽഡ്‌വിച്ചിലുള്ള കെട്ടിടത്തിൽ നിന്ന് മെട്രോപൊളിറ്റൻ പോലീസിനെ ആക്രമണവിവരം അറിയിച്ച് വിളിച്ചത്. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് നിസാര പരിക്കേറ്റു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളിൽ ഒരാൾ ഹൈക്കമ്മീഷന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇന്ത്യൻ പതാക നീക്കം ചെയ്യുന്നതായി കാണാം. ഇതിന് താഴെ ഖാലിസ്ഥാൻെറ ബാനറുകൾ പിടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങൾ അയാളെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഇന്ത്യയിൽ പുതിയൊരു സംസ്ഥാനം വേണമെന്ന ആവിശ്യം മുന്നോട്ട് വച്ച ഒരു സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ പിന്തുണക്കാരാണ് സംഘം എന്ന് വിശ്വസിക്കപ്പെടുന്നു. സംഭവത്തിൽ മെറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർന്നെന്നും സുരക്ഷാ ജീവനക്കാരിലെ രണ്ട് അംഗങ്ങൾക്ക് നിസ്സാര പരുക്കുകൾ ഉണ്ടെന്നും പൊലീസിൻെറ വക്താവ് പ്രതികരിച്ചു.
ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിഷേധക്കാർ പിരിഞ്ഞുപോയിരുന്നു. അന്വേഷണം ആരംഭിച്ചതിന് തൊട്ട് പിന്നാലെ സംശയാസ്പദമായ നിലയിൽ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവം ലണ്ടൻ മേയർ സാദിഖ് ഖാൻ, വിംബിൾഡണിലെ വിദേശകാര്യ മന്ത്രി ലോർഡ് താരിഖ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് എന്നിവർ ട്വിറ്ററിൽ കൂടി പങ്കുവച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ ബാങ്കുകൾ തകർച്ചയുടെ വക്കിൽ എത്തിയതിന് പിന്നാലെ ജോലി നഷ്ടപ്പെടുന്ന ഭീഷണിയിലാണ് ആയിരക്കണക്കിന് ബ്രിട്ടീഷുകാർ. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസിനെ ഒടുവിൽ എതിരാളിയായ യുഎസ്ബിയാണ് വാങ്ങിയത്. 2008-ലെ ബാങ്കിംഗ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക ദുരന്തമാകുമായിരുന്ന ക്രെഡിറ്റ് സ്യൂസിന്റെ തകർച്ച ഒഴിവാക്കാൻ യുഎസ്ബിയുമായുള്ള സഖ്യത്തിന് കഴിഞ്ഞു. എന്നാൽ പുതിയ കരാറിൽ യുകെയിലെ ആയിരക്കണക്കിന് ആളുകളുടെ ജോലികളാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ലണ്ടൻ നഗരത്തിലും കാനറി വാർഫിലും സ്വിസ് ബാങ്കുകൾ 11,000-ത്തിലധികം ജീവനക്കാരെയാണ് നിയമിക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ ലയനത്തിൻെറ ഭാഗമായി പലരുടെയും ജോലി നഷ്ടമാവും.
ലോകത്തിലെ ആദ്യ മുപ്പത് ബാങ്കുകളിൽ ഒന്നായതിനാൽ ക്രെഡിറ്റ് സ്യൂസിൻെറ തകർച്ച വലിയ സാമ്പത്തിക പ്രതിസന്ധികളിലേയ്ക്ക് നയിക്കും. സ്വിസ് അധികാരികൾ 45 ബില്യൺ പൗണ്ട് നൽകിയിട്ടും ബാങ്കിനെ പഴയ രീതിയിൽ എത്തിക്കാൻ സാധിച്ചില്ല . കോവിഡ് മഹാമാരിക്ക് ശേഷം ഇവരുടെ ഓഹരികൾ ഏറ്റവും കൂടുതൽ ഇടിഞ്ഞത് കഴിഞ്ഞ ഒരാഴ്ച്ചയാണ്. യുഎസ് ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്ക്, സിൽവർഗേറ്റ്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയിൽ ബാങ്കിംഗ് മേഖലയാകെ കുലുങ്ങിയിരിക്കുന്നതിന് പിന്നാലെയാണിത്.
രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളിൽ ഒന്നാണ് ക്രെഡിറ്റ് സ്യൂസ്. അതിനാൽ തന്നെ ഇതിൻെറ തകർച്ച സ്വിറ്റ്‌സർലൻഡിലെ ബിസിനസുകളെയും സ്വകാര്യ ഉപഭോക്താക്കളെയും ജീവനക്കാർക്കാരെയും മാത്രമല്ല ബാധിക്കുക എന്ന് സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് അലൈൻ ബെർസെറ്റ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളിലായി ബാങ്ക് തകർച്ചയുടെ വക്കിൽ ആയിരുന്നെന്നും അതുകൊണ്ട് തന്നെ യുഎസ്ബിയുമായുള്ള ലയനമാണ് ഏറ്റവും നല്ല പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമാണ് ബാഡ്മിന്റൺ. എന്നാൽ ബാഡ്മിൻറണിൽ ഇംഗ്ലണ്ടിന്റെ തന്നെ പ്രതീക്ഷയായി കൊണ്ടിരിക്കുകയാണ് ലെസ്റ്ററിൽ നിന്നുള്ള മലയാളി വിദ്യാർഥി 12 വയസ്സുകാരൻ ലിയോൺ കിരൺ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാഡ്മിൻറൺ ടൂർണമെന്റിൽ സജീവസാന്നിധ്യമായി നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ലിയോൺ ഓൾ ഇംഗ്ലണ്ട് അണ്ടർ 13 ബ്രോൺസ് വിഭാഗത്തിൽ സിംഗിൾസിന് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 18 -ന് ബക്കിംഗ് ഹാം ഷെയർ മിൽട്ടൺ കെയിൻസിൽ വച്ച് നടന്ന മത്സരത്തിലാണ് ലിയോൺ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ലെസ്റ്റർ സിറ്റി കൗൺസിൽ കൗണ്ടിയിൽ, സിംഗിൾസ് , ഡബിൾസ് , മിക്സഡ് ഡബിൾസ് വിഭാഗത്തിലും ലിയോൺ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്.
ലെസ്റ്റർ സെന്റ് പോൾസ് കാത്തലിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ലിയോണിന് സ്പോർട്സിനോട് പ്രത്യേകിച്ച് ബാഡ്മിന്റനോടുള്ള സ്നേഹം പാരമ്പര്യമായി ലഭിച്ചതാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ ലിയോണിന്റെ പിതാവ് കിരൺ വോളിബോളിൽ ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ടീമായിരുന്ന പാലാ സെൻറ് തോമസ് കോളേജിലെ വോളിബോൾ ടീമിൻറെ നെടുംതൂണ് ആയിരുന്നു. ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ കിരൺ യുകെയിലും, യൂറോപ്പിലുമുള്ള ഒട്ടുമിക്ക വോളിബോൾ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ബാഡ്മിൻറണില് ചൈനയിലെ മുൻ നാഷണൽ ചാമ്പ്യനായിരുന്ന ബില്ലിയുടെയും തമിഴ്നാട് സ്വദേശി ഇമ്മാനുവേലിന്റെയും കീഴിലാണ് ലിയോൺ കിരണിന്റെ പരിശീലനം. ലെസ്റ്റർ ബാഡ്മിൻറൺ ക്ലബ്ബിൻറെ മെമ്പറായ ലിയോണിന്റെ നേട്ടങ്ങൾക്ക് ക്ലബ്ബിൻറെ സജീവ പിന്തുണയുണ്ട്. ലിയോണിന്റെ പിതാവ് കിരൺ ഇടുക്കി, ഉപ്പുതറ ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. പൂഞ്ഞാർ , പെരിങ്ങുളം നെടുങ്ങനാൽ കുടുംബാംഗമാണ് മാതാവ് ദീപാ മരിയ. സഹോദരൻ റയൺ ജിസിഎസ്സി വിദ്യാർത്ഥിയാണ്.
ലിയോൺ കിരണിന്റെ നേട്ടത്തിൽ ലെസ്റ്ററിലെ മലയാളി അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂണിവേഴ്‌സിറ്റി ബിരുദം ആവശ്യമില്ലാത്ത ശരാശരി യുകെ വാർഷിക ശമ്പളമായ £33,000-നേക്കാൾ കൂടുതൽ ശമ്പളം നൽകുന്ന 20 ഓളം ജോലികളുടെ വിവരങ്ങൾ പങ്കുവച്ച് പ്രമുഖ തൊഴിൽ സൈറ്റായ അഡ്‌സുന. ലിസ്റ്റിൽ ബിരുദമില്ലാതെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ കാസിനോ ഗെയിമിംഗ് മാനേജറുടേതാണ്. ഒരു കാസിനോ ഗെയിമിംഗ് മാനേജരുടെ പ്രതിവർഷ ശമ്പളം ഏകദേശം 90,000 പൗണ്ട് ആണ്. മിക്ക തൊഴിലിനും കേവലം വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ പ്രാധാന്യം അറിവും കഴിവും ആണെന്ന് അഡ്‌സുനയുടെ സഹസ്ഥാപകനായ ആൻഡ്രൂ ഹണ്ടർ പറഞ്ഞു.
യൂണിവേഴ്സിറ്റി ബിരുദം മാത്രമല്ല ഉയർന്ന ശമ്പളം ലഭിക്കുന്നതിനായുള്ള മാർഗം എന്നും നിലവിൽ കൂടുതൽ വ്യവസായങ്ങൾ അപേക്ഷകരുടെ കഴിവ് വികസിപ്പിക്കാനുള്ള തൊഴിൽ പരിശീലനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആൻഡ്രൂ പറഞ്ഞു. ഇതിന് ഉത്തമ ഉദാഹരണമാണ് ഐടി മേഖല. കമ്പ്യൂട്ടർ സയൻസ് യോഗ്യതയില്ലാത്ത തൊഴിലന്വേഷകർക്കായി സ്‌ക്രം മാസ്റ്റർ, എത്തിക്കൽ ഹാക്കർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ തുടങ്ങിയവ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, സ്‌ക്രം മാസ്റ്റർമാർക്ക് പ്രതിവർഷം 62,000 പൗണ്ടിനു മുകളിലാണ് ശമ്പളം. ഇവർ ഐടി, ടെക് ടെവലപ്മെന്റിനായുള്ള പ്രോജക്റ്റ് മാനേജരായാണ് പ്രവർത്തിക്കുന്നത്.
ലിസ്റ്റിൽ കൊമേർഷ്യൽ പൈലറ്റ് , എത്തിക്കൽ ഹാക്കർ, എയർ ട്രാഫിക് കൺട്രോളർ തുടങ്ങി പ്രതിവർഷം 60,000 പൗണ്ട് നൽകുന്ന ജോലികളും ഉൾപ്പെടുന്നു. ഇവയ്ക്ക് ബിരുദം ആവശ്യമില്ലെങ്കിലും ചില നിബന്ധനകൾ ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു കൊമേർഷ്യൽ പൈലറ്റാകാൻ നിങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദത്തിൻെറ ആവശ്യം ഇല്ല. എന്നാൽ ഇംഗ്ലീഷ്, സയൻസ്, ഗണിതം ഉൾപ്പെടെ അഞ്ച് ജിസിഎസ്ഇകൾ ആവശ്യമാണ്. യുകെയിൽ ഒരു ശരാശരി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം £57,000 വരെ വരുമ്പോൾ വിദ്യാർത്ഥികളുടെ വായ്പാ കടങ്ങളും പഠനച്ചെലവുകളും ഒഴിവാക്കുന്ന ഉയർന്ന ശമ്പളമുള്ള കരിയറുകളിൽ ഒന്ന് പിന്തുടരാൻ ശ്രമിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരങ്ങളിൽ ഒന്നിനാണ് യുകെ കഴിഞ്ഞ ദിവസങ്ങിൽ സാക്ഷ്യം വഹിച്ചത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗും സർക്കാരും തമ്മിലുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് ജീവനക്കാരുടെ ശമ്പള വർദ്ധനവിന് സർക്കാർ അംഗീകാരം ലഭിച്ചത്. ഇതിന് പിന്നാലെ സമരത്തിന്റ് യഥാർത്ഥ പിന്നാമ്പുറ കഥകൾ പുറത്ത് വിട്ടിരിക്കുകയാണ് ബിബിസി. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ പ്രതിഷേധത്തിനിറങ്ങിയ നേഴ്‌സുമാരുടെ വാക്ക് ഔട്ടുകൾ രോഗികളെ വലയ്ക്കുന്നെന്ന് മന്ത്രിമാർ വിമർശിച്ചിരുന്നു. എന്നാലിതിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.
നേഴ്‌സുമാരുടെ സമരത്തിൻെറ തീരശീലയ്ക്ക് പിന്നിലെ കാര്യങ്ങൾ വെളുപ്പെടുത്തുന്നതായിരുന്നു ബിബിസിയുടെ റിപ്പോർട്ട്. നേഴ്‌സിംഗ് യൂണിയനും മന്ത്രിമാരും തമ്മിൽ ഇടപാടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരി ആദ്യം മുതൽ ശമ്പള വർധനവിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നേഴ്‌സുമാരുടെ യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന് (ആർസിഎൻ) ഒരു അനൗദ്യോഗിക സ്രോതസിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നു.
എന്നാൽ ഈ അനൗദ്യോഗിക സ്രോതസിനെ എത്രമാത്രം വിശ്വസിക്കാം എന്നതിൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന് സംശയം ഉണ്ടായിരുന്നു. ഫെബ്രുവരി 21 ന് ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലേക്കുള്ള കോളിൽ ഈ സംശയങ്ങൾ എല്ലാം മാറി. നേഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങൾ ഉൾപ്പെടെയുള്ളവ സ്വാഗതം ചെയ്തുകൊണ്ടുള്ള ചർച്ചകൾക്കുള്ള ക്ഷണനം ആയിരുന്നു അത്. ഇത് പ്രധാന മന്ത്രിയുടെ നിലപാട് മാറ്റത്തിൻെറ സൂചന കൂടിയായിരുന്നു. ചർച്ചയ്ക്കുള്ള ക്ഷണത്തിന് പിന്നാലെ പണിമുടക്കുകൾ പിൻവലിക്കാൻ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് നിർബന്ധിതരായി. ഇതിനു പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് നേഴ്‌സുമാർ, പാരാമെഡിക്കുകൾ, മിഡ്‌വൈഫ്‌മാർ, മറ്റ് ആരോഗ്യ ജീവനക്കാർ എന്നിവർക്ക് കഴിഞ്ഞ വ്യാഴാഴ്ച പുതിയ ശമ്പള ഓഫറുകൾ ലഭിച്ചത്.
ഈ ചർച്ചകളിൽ ഒക്കെ തന്നെ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മാത്രമാണ് ക്ഷണിക്കപ്പെട്ടത്. ഇത് മറ്റ് ആരോഗ്യ യൂണിയനുകളിൽ അസ്വാരസ്യം സൃഷ്‌ടിച്ചിരുന്നു. ജനപിന്തുണ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നേഴ്‌സുമാരുടെ സംഘടനയ്ക്ക് ബോധപൂർവം ശ്രദ്ധ നൽകിയതെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പാറ്റ് കുള്ളനും മിക്ക മാധ്യമങ്ങളിലും ഉയർന്ന പ്രൊഫൈൽ ലഭിച്ചിരുന്നു. മന്ത്രിമാരുമായുള്ള റോയൽ കോളേജ് ഓഫ് നഴ്‌സിംഗിൻെറ ചർച്ചകൾ രഹസ്യമായി തന്നെയാണ് തുടരുന്നത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ചർച്ച നടത്തിയ സ്ഥലം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല