ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു റിഷി സുനക് . യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് സമയപരുധി നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ ഈ വർഷവസാനത്തിനുള്ളിൽ കരാർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായി നിർമ്മലാ സീതാറാം അറിയിച്ചത്.

2021 – ൽ യൂറോപ്യൻ യൂണിയൻറെ വ്യാപാര വ്യവസ്ഥയിൽ നിന്ന് പുറത്തുപോയതിനു ശേഷം യുകെയുമായി ഇതുവരെ വ്യാപാര കരാറിൽ ഏർപ്പെടാത്ത ഏറ്റവും വലിയ രാജ്യമാണ് നിലവിൽ ഇന്ത്യ. ഈ വാരാന്ത്യത്തിൽ ഉച്ചകോടിക്കിടെ സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വതന്ത്ര വ്യാപാരക്കാരാറിന്റെ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നിർമ്മിത കാറുകൾ, പാലുൽപന്നങ്ങൾ മദ്യം എന്നിവയ്ക്ക് ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് സ്വതന്ത്ര വ്യാപാര കരാറിൽ ബ്രിട്ടൻ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

ഇതിനിടെ 2017 മുതൽ ഇന്ത്യയിൽ തടങ്കലിലായ ബ്രിട്ടീഷ് പൗരനായ ജഗ്താർ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്കിടയിൽ ഉന്നയിച്ചതായി റിഷി ബുനക് പറഞ്ഞു. കൊലപാതക ഗൂഢാലോചന കുറ്റത്തിനാണ് ഡംബർട്ടണിൽ നിന്നുള്ള ജഗ്താർ സിംഗ് ജോഹൽ ജയിലിൽ കഴിയുന്നത്. 2017 ലാണ് 36 കാരനായ ഇയാൾ വിവാഹിതനാകാനാണ് ഇന്ത്യയിലേയ്ക്ക് പോയത്. എന്നാൽ പഞ്ചാബിലെ നിരവധി വലതുപക്ഷ ഹിന്ദു മത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ആയുധങ്ങൾ വാങ്ങുന്നതിന് പണം നൽകിയെന്ന് ആരോപിച്ചാണ് ജോഹലിനെ തടവിലാക്കിയത്. സുനക് ഇന്ത്യയിലെത്തുമ്പോൾ ജോഹലിന്റെ മോചനത്തിനായി പരിശ്രമിക്കണമെന്ന് 70 – തിലധികം എംപിമാർ റിഷി സുനുകിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പ്രതിരോധ മേഖലയിൽ ഉണ്ടായിരിക്കുന്ന വെട്ടിച്ചുരുക്കൽ മൂലം വ്യോമ പ്രതിരോധ മേഖലയിലും മറ്റും ഉണ്ടായിരിക്കുന്ന വിടവ് രാജ്യത്തെ അപകടത്തിലേയ്ക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഒരുകൂട്ടം എംപിമാർ. ഉക്രൈനിനു മേലുള്ള റഷ്യൻ അധിനിവേശത്തിനു ശേഷവും പ്രതിരോധ മന്ത്രാലയം നിലവിൽ ഉണ്ടായിരിക്കുന്ന വെട്ടിച്ചുരുക്കലുകൾ നികത്താത്തത് അപകടത്തിലേയ്ക്ക് നയിക്കുമെന്നാണ് ഡിഫൻസ് സെലക്ട് കമ്മിറ്റിയിലെ എംപിമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. C-130 ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഫ്ലീറ്റിന്റെ കാലാവധി 7 വർഷം കൂടി നിലനിൽക്കെ, അത് നിർത്തലാക്കിയ തീരുമാനത്തെയും കമ്മറ്റി വിമർശിച്ചു. ഇത്തരത്തിൽ ഉയർന്ന ശേഷിയുള്ള ഒരു സൈനിക വിമാനത്തിന്റെ കാലാവധിക്ക് മുന്നേയുള്ള ഒഴിവാക്കൽ തികച്ചും തെറ്റായ തീരുമാനമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ ഇ -7 വെഡ്ജ്ടെയിൽ വാണിംഗ് എയർക്രാഫ്റ്റുകളുടെ എണ്ണം അഞ്ചിൽ നിന്നും മൂന്നായി കുറയ്ക്കാനുള്ള തീരുമാനവും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളെയും മാനുഷിക ദൗത്യങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള റോയൽ എയർ ഫോഴ്സിന്റെ ശേഷിയെ കുറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളന്ന് എംപിമാർ കുറ്റപ്പെടുത്തി.

വിമാനങ്ങളുടെ ലഭ്യത കുറവായതിനാൽ പൈലറ്റുമാരെ ഫാസ്റ്റ് ജെറ്റ് പരിശീലനത്തിനായി വിദേശത്തേക്ക് അയയ്ക്കുന്നതിന് പ്രതിരോധ മന്ത്രാലയം 55 മില്യൺ പൗണ്ടിലധികം ചെലവഴിക്കേണ്ടി വരുമെന്നും എംപിമാർ അഭിപ്രായപ്പെട്ടു. പറക്കൽ പരിശീലനത്തിനായി സിമുലേറ്ററുകൾ ഉപയോഗിക്കാമെന്നുള്ള ആശയം ഉണ്ടെങ്കിലും ഇത് ഒരിക്കലും യഥാർത്ഥത്തിലുള്ള പറക്കൽ പരിശീലനം പോലെ ആകില്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ വായു സേന ശക്തമായി തന്നെ തുടരേണ്ടതിന്റെ ആവശ്യകത പ്രതിരോധ കമ്മിറ്റി ചെയർമാൻ തോബിയസ് എൽവുഡ് എടുത്തുകാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,000-ത്തിലധികമായി. ഭൂകമ്പത്തിൽ 1,400-ലധികം പേർക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്ന് അറിയിച്ചു. മാരാകേഷിന്റെ തെക്ക് ഭാഗത്തുള്ള പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. മുഹമ്മദ് ആറാമൻ രാജാവ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും അതിജീവിച്ചവർക്ക് താമസവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുകയും ചെയ്തു. പലരും രണ്ടാം രാത്രിയും തുറസ്സായ സ്ഥലത്താണ് കഴിയുന്നത്.

മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:11നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 മാഗ് നിറ്റൂടുള്ള തുടർചലനമുണ്ടായി. തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം അൽ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ കല്ലുകളും തടികളും കൊണ്ട് പണിത വീടുകൾ തകർന്നുവീണിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിലെ നാശത്തിന്റെ തോത് വിലയിരുത്താൻ ഇനിയും സാധിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സെൻട്രൽ മൊറോക്കോയിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 632 പേർ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:11നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 മാഗ് നിറ്റുടുള്ള തുടർചലനമുണ്ടായി.

മാരാകേഷിലും തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലും ഉള്ള നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പലരും ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരാണെന്നാണ് കരുതുന്നത്. ഭൂകമ്പത്തിൽ അൽ-ഹൗസ്, മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലും 329 പേർക്ക് പരിക്കേറ്റതായും നിരവധി പേർക്ക് ജീവൻ നഷ്ടമായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ തകർന്ന കെട്ടിടങ്ങളും കെട്ടിടങ്ങൾ കുലുങ്ങുന്നതും അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളും മറ്റും കാണാം. വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ താത്കാലികമായി പുറത്ത് താമസിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ മരുമകൻ ആയതിനാൽ ജി 20 ഉച്ചകോടിക്കുള്ള യാത്ര പ്രിയപ്പെട്ടതാണെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത് വളരെ പെട്ടെന്ന് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ എൻ. ആർ. നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. റിഷി സുനകും ഇന്ത്യൻ വംശജനാണ്. പ്രധാനമന്ത്രിയായതിനുശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനം ആയതുകൊണ്ട് തന്നെ റിഷി സുനകിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ ഇടം പിടിക്കുന്നതായി.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന രാഷ്ട്രത്തലവൻമാരെയും നയതന്ത്ര പ്രതിനിധികളെയും കൊണ്ട് ഇന്നലെ മാത്രം 21 പ്രത്യേക വിമാനങ്ങളാണ് ഡൽഹിയിൽ വന്നിറങ്ങിയത്. റഷ്യയുടെയും ചൈനയുടെയും തലവന്മാരില്ലാതെ ഇന്നാരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമായും 4 മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കുക, രാജ്യാന്തര കടം ഏറ്റെടുപ്പ് സംവിധാനത്തിൽ കൂടുതൽ സുതാര്യത, ക്രിപ്റ്റോ കറൻസിയെ നിയന്ത്രിക്കാൻ പുതിയ സംവിധാനം, യുദ്ധവും മറ്റ് പ്രശ്നങ്ങളും ഭക്ഷ്യവിതരണവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക എന്നീ 4 വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി 20 . തൻറെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുമായി നടത്താനിരിക്കുന്ന ചർച്ചകളെ ഈ രാജ്യങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചാണ് പ്രധാനമായും ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ചർച്ചകൾ നടക്കുക. ഈ വർഷാരംഭത്തിന് മുമ്പായി കരാർ നിലവിൽ വരുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായ നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞത്. എന്നാൽ കരാർ നിലവിൽ വരാനുള്ള സമയ പരുധിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ തരാൻ യുകെ ഇതുവരെ തയ്യാറായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രെയ്നിലെ ഇന്റർനാഷണൽ ലെജിയണിന് വേണ്ടി പോരാടാൻ പോയ ബ്രിട്ടീഷുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ടിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച നിലയിയിലാണ് ലങ്കാഷെയറിലെ ബേൺലിയിൽ നിന്നുള്ള ജോർദാൻ ചാഡ്‌വിക്കിൻെറ (31) ശരീരം കണ്ടെത്തിയത്. ജോർദാൻ 2011 മുതൽ 2015 വരെ ബ്രിട്ടീഷ് ആർമിയിൽ സ്‌കോട്ട്‌സ് ഗാർഡായി സേവനമനുഷ്ഠിച്ചിരുന്നു. കന്റെ മരണത്തിൽ തന്റെ കുടുംബം തകർന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ബ്രെൻഡ ചാഡ്‌വിക്ക് പറഞ്ഞു. ഉക്രേനിയൻ ഇന്റർനാഷണൽ ആർമി ഓഗസ്റ്റ് 7 ന് ജോർദാൻെറ ശരീരം ബ്രിട്ടണിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി.

സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാനും മറ്റുള്ളവരെ തന്റെ കഴിവുകൾ ഉപയോഗിച്ച് സഹായിക്കാനുമുള്ള ആഗ്രഹം മൂലം 2022 ഒക്‌ടോബർ ആദ്യം യുകെ വിട്ട് ഉക്രെയ്‌നിലേക്ക് ജോർദാൻ പോവുകയായിരുന്നുവെന്ന് ബ്രെൻഡ ചാഡ്‌വിക്ക് പറഞ്ഞു. ജൂൺ 26 ന്, മകൻ കൊല്ലപ്പെട്ടതായി ലങ്കാഷെയർ പോലീസ് ജോർദാൻെറ കുടുംബത്തെ അറിയിച്ചു. മകൻെറ ആകസ്‌മിക വേർപാടിലുള്ള ദുഃഖത്തിലാണ് ഈ കുടുംബം. ജോർദാൻെറ കുടുംബത്തിന് ആവിശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് ഒരു എഫ്‌സിടിഒ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ അടച്ചതിന് പിന്നാലെ ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങൾ തങ്ങളുടെ സൈറ്റുകളിൽ കാണപ്പെടുന്ന പോറസ് കോൺക്രീറ്റിനെ നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു. റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിന് മുൻപ് വിമാനത്താവളങ്ങൾ ഇവ കണ്ടെത്തിയിരുന്നു.

റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റിന് ശാശ്വതമായ പരിഹാരങ്ങൾ സ്ഥാപിക്കുന്നത് വരെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുമെന്ന് ഹീത്രൂ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട തലത്തിൽ തങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗാറ്റ് വിക്ക് എയർപോർട്ട് അധികൃതർ പറഞ്ഞു. സ്‌കൂളുകളിലും പൊതു കെട്ടിടങ്ങളിലും തകർന്നുവീഴാൻ സാധ്യതയുള്ള കോൺക്രീറ്റ് കണ്ടെത്തിയത് സെപ്റ്റംബർ ആരംഭം മുതൽ നിരവധി അടച്ചുപൂട്ടലുകളിലേക്ക് നയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഹീത്രൂ എയർപോർട്ടിലെ ടെർമിനൽ 3 ലാണ് റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് കണ്ടെത്തിയത്. ഈ ടെർമിനൽ സുരക്ഷിതമാക്കാൻ വിമാനത്താവളം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാറ്റ്‌വിക്ക് കോൺക്രീറ്റിൽ പതിവായി പരിശോധനകൾ നടത്തി, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അറിയിച്ചു. ഗാറ്റ്‌വിക്ക് ഏറ്റവും ഒടുവിൽ ജൂണിലാണ് പരിശോധനകൾ നടത്തിയത്. പതിവായി റാക്കിനെ നിരീക്ഷിക്കുന്നത് തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു. പതിവ് പരിശോധനകളിൽ സൈറ്റിൽ റാക്ക് കണ്ടെത്തിയിട്ടില്ല എന്ന് മാഞ്ചസ്റ്റർ എയർപോർട്ട് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മൂന്നു പേരുടെ മരണത്തിന് കാരണമായ സ്‌റ്റോൺഹേവൻ ട്രെയിൻ ദുരന്തത്തിൽ വീഴ്ച സംഭവിച്ച നെറ്റ്‌വർക്ക് റെയിലിന് 6.7 മില്യൺ പൗണ്ട് പിഴ ചുമത്തി. 2020 ഓഗസ്റ്റിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർമോണ്ടിൽ അബർഡീൻ മുതൽ ഗ്ലാസ്‌ഗോ വരെയുള്ള സർവീസ് ആണ് പാളം തെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം സുരക്ഷിതമല്ലെന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ട്രെയിനിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ ആറുപേരുടെയും കുടുംബങ്ങൾക്കുണ്ടായ നഷ്ടം പിഴയിലൂടെ നികത്താനാവില്ലെന്ന് ജഡ്ജി മാത്യൂസ് പറഞ്ഞു.

ഡ്രൈവർ ബ്രെറ്റ് മക്കല്ലോ (45), കണ്ടക്ടർ ഡൊണാൾഡ് ഡിന്നി (58), യാത്രക്കാരൻ ക്രിസ്റ്റഫർ സ്റ്റച്ച്ബറി (62) എന്നിവരാണ് അപകടത്തിൽ മരിച്ചത്.സമാനമായ സംഭവം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് ക്രൗൺ ഓഫീസും പ്രോസിക്യൂഷൻ ഫിസ്കൽ സർവീസും പറഞ്ഞു. ഗ്ലാസ്‌ഗോയിലേക്കുള്ള 06:38 സർവീസിന് യാത്ര പൂർത്തിയാക്കാനായില്ല.അബർഡീനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അബർഡീനിലെ ഹൈക്കോടതിയിൽ കമ്പനി ഇന്നലെ ക്രിമിനൽ കുറ്റം സമ്മതിച്ചു. പ്രദേശത്തെ ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണികളിലും പരിശോധനയിലും വീഴ്ച ഉണ്ടായതായും കമ്പനി പറയുന്നു. എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിട്ടും, ട്രാക്കിലെ അവശിഷ്ടങ്ങളിൽ ഇടിക്കുന്നതിന് മുമ്പായി ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തുമെന്നും നെറ്റ്‌വർക്ക് റെയിലിനെ പ്രതിനിധീകരിച്ച് പ്രതിഭാഗം അഭിഭാഷകൻ പീറ്റർ ഗ്രേ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ സന്ദർശനം ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ്. പ്രധാനമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ സന്ദർശനത്തിനായി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തും. തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ജനിച്ചുവളർന്ന ഭാര്യ അക്ഷത മൂർത്തിയും പ്രധാനമന്ത്രിക്കൊപ്പം എത്തുന്നുണ്ട്. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എൻ ആർ നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി .

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി 20 . തൻറെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കാണും . യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ചർച്ചകൾ നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷാരംഭത്തിന് മുമ്പായി കരാർ നിലവിൽ വരുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായ നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞത്. എന്നാൽ കരാർ നിലവിൽ വരാനുള്ള സമയ പരുധിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ തരാൻ യുകെ ഇതുവരെ തയ്യാറായിട്ടില്ല.

നാളെ ഉദ്ഘാടനം നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ . സംയുക്ത പ്രസ്താവനയുടെ കരടിൽ ഉക്രയിൻ വിഷയത്തെ ചൊല്ലി അംഗരാജ്യങ്ങളുടെ ഇടയിൽ ഭിന്നത നിൽക്കുന്നുണ്ട്. റഷ്യയെ വിമർശിക്കുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. ഈ വർഷത്തെ സംയുക്ത പ്രസ്താവനയിൽ ഉക്രയിൻ സംഘർഷത്തെ അപലപിക്കുന്ന ഭാഗത്ത് റഷ്യയുടെയും ചൈനയുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ എട്ടു വർഷങ്ങൾക്ക് ശേഷം ആശുപത്രി ട്രസ്റ്റിനെതിരെ നരഹത്യ കുറ്റം ചുമത്തി. 2015 ജൂലായ് 7-നാണ് റെഡ്ബ്രിഡ്ജിലെ ഗുഡ്‌മെയ്‌സ് ഹോസ്പിറ്റലിൽ 22 കാരിയായ ആലീസ് ഫിഗ്യൂറെഡോ മരിച്ചത്. 2016 ഏപ്രിലിൽ, മിസ് ഫിഗ്യൂറെഡോയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഏകദേശം അഞ്ച് വർഷമായി, ഡിറ്റക്ടീവുകൾ അന്വേഷണങ്ങൾ നടത്തി ഇതിൽ കണ്ടെത്തിയ തെളിവുകൾ 2021 മാർച്ചിൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് (സിപിഎസ്) റഫർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെതിരെ കോർപ്പറേറ്റ് നരഹത്യയ്ക്ക് കുറ്റം ചുമത്താൻ സിപിഎസ് മെറ്റ് പോലീസിന് അധികാരം നൽകി.

എസെക്സിലെ ഗ്രേസിൽ നിന്നുള്ള വാർഡ് മാനേജർ ബെഞ്ചമിൻ അനിനക്വ (52) ക്കെതിരെയും ഗുരുതരമായ അശ്രദ്ധ ചൂണ്ടിക്കാട്ടി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഒക്ടോബർ 4 ബുധനാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ബെഞ്ചമിനെ ഹാജരാക്കും. അന്വേഷണത്തിലുള്ള പുരോഗതിയെ കുറിച്ച് ഉദ്യോഗസ്ഥർ ആലീസിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് നീതിയുക്തമായ വിചാരണയ്ക്ക് അവകാശമുള്ളതിനാൽ ജനങ്ങൾ സോഷ്യൽ മീഡിയയിൽ തൻെറ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.