Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർഫില്ലിയിൽ നായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെയർഫില്ലിയിൽനിന്നുള്ള 28 കാരിയാണ് അപകടകാരിയായ നായയെ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പെൻറിയോളിലെ പെന്റ്‌വിനിൽ നടന്ന സംഭവത്തിൽ ഉടൻതന്നെ വൈദ്യസഹായവുമായി ആംബുലൻസ് സംഭവസ്ഥലത്തെത്തിയിരുന്നെങ്കിലും ആക്രമണത്തിന് ഇരയായ ജാക്ക് ലിസ് മരിച്ചിരുന്നു. ഒരു വലിയ ഹൗസിംഗ് എസ്റ്റേറ്റിന്റെ മധ്യത്തിലാണ് ഈ തെരുവ്.

ഈ സംഭവം തൻെറ ജീവിതകാലം മുഴുവൻ തന്നോടൊപ്പം ഉണ്ടായിരിക്കുമെന്നും. ജാക്കിൻെറ കുടുംബത്തോട് തൻെറ അഗാധമായ ദുഃഖം അറിയിക്കുന്നെന്നും നായയുടെ അക്രമണത്തിൽനിന്നും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കിർക്ക് വീഗോൾഡ് പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ ജാക്കും സുഹൃത്തും തനിച്ചായിരുന്നു .10 വയസ്സുകാരൻെറ സുഹൃത്ത് അടുത്ത് താമസിച്ചിരുന്ന വീഗോൾഡിന്റെ അടുക്കൽ സഹായം തേടിയെങ്കിലും അയാൾക്കും നായയെ തടയാനായില്ല. നായ ഒരു തരം അമേരിക്കൻ പിറ്റ് ബുളാണെന്നാണ് ജനങ്ങൾ പറയുന്നത്. നായയുടെ ഇനത്തെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഭയാനകമായ സംഭവമാണിതെന്ന് കെയർഫില്ലി എംപി വെയ്ൻ ഡേവിഡ് പറഞ്ഞു. രാജ്യത്തുടനീളം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശിശു ഭക്ഷണത്തിൽ ഭയപ്പെടുത്തുന്ന തോതിലുള്ള പഞ്ചസാര അടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇത് ചെറുപ്പം മുതലേ ഉപയോഗിക്കുന്നത് കുട്ടികളിൽ മധുര പലഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. യുകെയിലെ കടകളിൽ എത്തിയ ശിശുക്കളിലും കൊച്ചു കുട്ടികളിലുമായി നടത്തിയ പഠനത്തിലാണ് ആക്ഷൻ ഓൺ ഷുഗർ ഇത് കണ്ടെത്തിയത്. ഉദാഹരണത്തിന്, ഹെയ്ൻസ് ഫാർലിയുടെ മിനി റസ്‌ക്‌സ് ഒറിജിനലിൻെറ ഒരു സെർവിംഗ് രണ്ട് ടീസ്പൂൺ പഞ്ചസാരയ്ക്ക് തുല്യമാണ്. ആപ്പിൾ ജ്യൂസ് കോൺസൺട്രേറ്റ് ഉപയോഗിച്ചുള്ള ഓർഗാനിക്‌സ് ബനാന സോഫ്റ്റ് ഓട്ടി ബാറുകളിലും സമാനമായ തോതിൽ പഞ്ചസാരയുടെ അളവ് കണ്ടെത്തി. കിഡ്‌ഡിലിഷ്യസ് ബനാന ക്രിസ്‌പി ടിഡ്‌ലറുകളുടെ ഓരോ 100 ഗ്രാമിലും 59 ഗ്രാമോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. 27 ഉൽപ്പന്നങ്ങളിൽ നടത്തിയ പഠനത്തിൽ ഫ്രണ്ട്-ഓഫ്-പാക്ക് ട്രാഫിക് ലൈറ്റ് ഫുഡ് ലേബലിംഗ് സിസ്റ്റം അനുസരിച്ച് എല്ലാം തന്നെ ഉയർന്ന പഞ്ചസാരയുള്ള വിഭാഗത്തിലാണ്. ഇവയിൽ താഴ്ന്ന തോതിലുള്ള പഞ്ചസാരയുടെ അളവ് അടങ്ങിയത് വെറും ആറെണ്ണത്തിൽ മാത്രമാണ്.

ഫ്രൂട് സ് ജ്യൂസിൽ അടങ്ങിയിട്ടുള്ള പഞ്ചസാര കുട്ടികൾക്ക് നല്ലതെന്നും ആക്ഷൻ ഓൺ ഷുഗർ കണ്ടെത്തി. വളരെ ചെറിയ കുട്ടികൾക്ക് മാതാപിതാക്കൾ ഉയർന്നതോതിലുള്ള പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ നൽകുന്നതിനെ ചില ഭക്ഷ്യ കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നതുതന്നെ പരിഹാസ്യമാണെന്ന് ഷുഗർ കാമ്പെയ്ൻ ലീഡറും ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഫെല്ലോയുമായ ഡോ.കൗതർ ഹാഷം പറഞ്ഞു. കുട്ടികൾ ഫ്രീ ഷുഗർ കഴിക്കാൻ പാടുള്ളതല്ല എന്ന് അറിഞ്ഞിരിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് മധുരമുള്ള ഭക്ഷണങ്ങളോട് താൽപര്യം ഉണ്ടാകുന്നത് സ്വഭാവികമാണ്. കാരണം പാലിൽ വളരെ ചെറിയ തോതിൽ മധുരം മാത്രമാണുള്ളത്. പക്ഷേ മധുരമുള്ള ഭക്ഷണങ്ങളോടുള്ള അവരുടെ ആസക്തി അവരിൽ ഉണ്ടാക്കുന്നത് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഏതു പ്രായത്തിലുള്ളവരും പഞ്ചസാര പതിവായി ഉപയോഗിക്കുന്നത് ദന്തക്ഷയം, ശരീരഭാരം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ബ്രൊക്കോളി, ചീര തുടങ്ങിയ പച്ചക്കറികൾ മുലകുടി മാറുന്നതിൻെറ തുടക്കത്തിൽ തന്നെ കുട്ടികൾക്ക് നൽകുന്നത് കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കും എന്ന് ബ്രിട്ടീഷ് ന്യൂട്രീഷൻ ഫൗണ്ടേഷനിൽ നിന്നുള്ള ബ്രിഡ്ജറ്റ് ബെനെലം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മൂന്ന് പുതിയ ഡ്രൈവിംഗ് നിയമങ്ങൾ കൂടി ഈ മാസം നിലവിൽ വരും. ഈ സുപ്രധാന നിയമങ്ങളെ കുറിച്ച് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡിവിഎൽഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ക്ലീൻ എയർ സോൺ, വാഹനം കെട്ടിവലിച്ചുകൊണ്ട് പോകുന്നതിൽ വരുന്ന മാറ്റം, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ നീട്ടി നൽകിയ കാലാവധി അവസാനിക്കുന്നു എന്നിവയാണ് നിയമങ്ങൾ. ഈ നിയമങ്ങൾ പാലിക്കാത്തവർക്ക് 1000 പൗണ്ട് പിഴ ചുമത്തുമെന്നും ഡിവിഎൽഎ അറിയിച്ചു.

പുതിയ ക്ലീൻ എയർ സോൺ

ലണ്ടൻ പോലെ പോർട്സ്മൗത്ത് ക്ലീൻ എയർ സോൺ അവതരിപ്പിക്കും. ക്ലീൻ എയർ സോൺ ആവുന്ന മൂന്നാമത്തെ നഗരമാണ് പോർട്സ്മൗത്ത്. നവംബർ 29 മുതൽ സോണിൽ ടാക്‌സികൾക്ക് പ്രതിദിനം 10 പൗണ്ട് ഈടാക്കും. കോച്ചുകൾക്കും ലോറികൾക്കും 50 പൗണ്ടാണ് ഫീസ്. ഈ നിരക്ക് സ്വകാര്യ വാഹനങ്ങളെ ബാധിക്കില്ല. മലിനീകരണം കുറയ്ക്കുന്നതിനായുള്ള ഈ പദ്ധതി തങ്ങൾക്ക് പൂർണ്ണ താല്പര്യമുള്ള മാർഗമല്ലെങ്കിൽ പോലും നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലീൻ എയർ സോൺ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് സെപ്തംബറിൽ പോർട്‌സ്മൗത്ത് കൗൺസിൽ പറഞ്ഞിരുന്നു. ലണ്ടൻ,ബിർമിംഗ്ഹാം എന്നിവയാണ് നിലവിൽ ക്ലീൻ എയർ സോണിൽ ഉൾപ്പെടുന്ന നഗരങ്ങൾ.

ലൈസൻസ് പുതുക്കാനായി നീട്ടി നൽകിയ സമയം അവസാനിക്കുന്നു

കോവിഡ് കാരണം 2020 ഫെബ്രുവരിക്കും ഡിസംബറിനും ഇടയിൽ കാലാവധി തീർന്ന ലൈസൻസ് പുതുക്കാനുള്ള സമയം 11 മാസം കൂടി നീട്ടി നൽകിയിരുന്നു. ഇതിനർത്ഥം കഴിഞ്ഞ ഡിസംബറിൽ കാലാവധി തീർന്ന ലൈസൻസ് ഈ മാസം തന്നെ പുതുക്കേണ്ടതാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഡിവിഎൽഎ സേവനങ്ങൾ തടസ്സപ്പെടുന്നതിനാൽ അപേക്ഷകൾ പരിഗണിക്കുന്നതിന് കാലതാമസം ഉണ്ടായേക്കും.

ട്രെയിലറുകൾ കെട്ടിവലിക്കുന്നതിൽ പുതിയ മാറ്റം

1997 ജനുവരി 1 ന് ശേഷം കാർ ഡ്രൈവിംഗ് ടെസ്റ്റ് പാസായ ആർക്കും ഇനി മുതൽ 3,500 കിലോ വരെയുള്ള ട്രെയിലറുകൾ കെട്ടിവലിച്ചുകൊണ്ടുപോകാം. നിലവിൽ ഈ ഡ്രൈവർമാർ ഭാരമുള്ള വാഹനം കെട്ടിവലിക്കുന്നതിനായി കാർ, ട്രെയിലർ ടെസ്റ്റ് എന്നിവ നടത്തേണ്ടതുണ്ട്. എന്നാൽ പുതിയ മാറ്റം അപകടസാധ്യത വർധിക്കാൻ കാരണമാകുമെന്ന് നാഷണൽ ആക്‌സിഡന്റ് ഹെൽപ്പ്‌ലൈനിലെ ലീഗൽ ആൻഡ് കംപ്ലയൻസ് ഡയറക്ടർ ജോനാഥൻ വൈറ്റ് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ മുൻനിര എൻഎച്ച്എസ് ജീവനക്കാർ കോവിഡിനെതിരെയുള്ള പ്രതിരോധകുത്തിവയ്പ്പുകൾ രണ്ട് ഡോസും നിർബന്ധമായും സ്വീകരിക്കണമെന്ന തീരുമാനത്തിൽ ഉറച്ച്‌ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാത്ത 1,03,000 ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാനായിഏപ്രിൽ ഒന്നു വരെ സമയപരിധി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളെയും ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കുന്നതിൽ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സർക്കാരിൻറെ ഈ നയത്തെ തുടർന്ന് ജീവനക്കാർ ജോലിയിൽനിന്ന് പിരിഞ്ഞു പോകുവാൻ സാധ്യതയുണ്ടോ എന്ന ആശങ്കയും ഉയർന്നുവന്നിട്ടുണ്ട്. ഇത് പിന്നീടുള്ള എൻഎച്ച്എസിൻെറ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. എൻഎച്ച്എസ് ഫ്രണ്ട്ലൈൻ സ്റ്റാഫുകളിൽ 93 ശതമാനത്തിലധികം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേരും പൂർണമായി വാക്സിനേഷൻ സ്വീകരിച്ചു എന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. കോവിഡിനും ഫ്‌ളൂവിനും എതിരായുള്ള പ്രതിരോധകുത്തിവയ്പ്പുകൾ നിർബന്ധമാക്കണോ എന്ന ചർച്ചയെ തുടർന്നാണ് സർക്കാരിൻറെ പുതിയ തീരുമാനം.

ഫ്ലൂ വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആരോഗ്യ കാരണങ്ങൾകൊണ്ട് കോവിഡ് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാൻ സാധിക്കാത്തവരെയും രോഗികളുമായി മുഖാമുഖം സമ്പർക്കം പുലർത്താത്തവരെയും മാത്രം പുതിയ നയത്തിൽനിന്ന് ഒഴിവാക്കും.എൻഎച്ച്എസിൽ ചികിത്സ തേടുന്ന രോഗികളെ സംരക്ഷിക്കുന്നതിനും, എൻഎച്ച്എസ് ജീവനക്കാരെ സംരക്ഷിക്കുന്നതിനും നിർബന്ധിത വാക്സിനേഷൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറ് അംഗീകരിച്ച് 12 ആഴ്ചയ്ക്കുള്ളിൽ അതായത് ഏപ്രിലോടുകൂടി ഈ നയം നടപ്പിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയിലെ രോഗികളിൽ വൈറസ് പിടിപെടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തന്നെ രോഗികളുമായി സമ്പർക്കം പുലർത്തുന്ന ജീവനക്കാർ വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമാക്കുന്നത് രോഗികളുടെ സംരക്ഷണത്തിന് സഹായിക്കും. എന്നാൽ ഇത് ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവിന് കാരണമായാൽ ഈ നീക്കം മറ്റൊരു വിധത്തിൽ അപകടസാധ്യത വർധിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഇതിനോടകം ഏകദേശം 90,000-ത്തിലധികം ഒഴിവുകളുണ്ട്. എൻഎച്ച്എസ് ജീവനക്കാർ പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കുന്നത് നിർബന്ധമാക്കി വാക്സിൻ സ്വീകരിക്കാത്തവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടും.

കെയർ മേഖലകളിൽ നിർബന്ധിത വാക്സിനേഷൻ ഈയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഗവൺമെൻറിൻറെ ഈ നയം പ്രഖ്യാപിച്ചതിനുശേഷം വാക്സിനേഷൻ എടുക്കാത്തവരിൽ മൂന്നിൽ രണ്ടുപേർ മാത്രമാണ് പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാൻ മുന്നോട്ടു വന്നത്.എൻഎച്ച്എസിലും ഇതാണ് സംഭവിക്കുന്നതെങ്കിൽ ജീവനക്കാരുടെ ഒഴിവുകൾ ഭീതിജനകമാം വിധം വർദ്ധിക്കാനാണ് സാധ്യത.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ താലിബാന്റെ വെടിയേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായിക്ക് മാംഗല്യം. യു കെയിലെ ബിർമിങ്ഹാമിലെ വീട്ടിൽ വച്ച് ആയിരുന്നു വിവാഹം. പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ഓപ്പറേഷൻസ് മാനേജർ അസ്സർ മാലിക് ആണ് വരൻ. വിവാഹ ദിനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ മലാല പങ്കുവെച്ചു. വീട്ടിൽ വച്ച് നടന്ന കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അസ്സറിനോടൊപ്പം ജീവിതം ആരംഭിച്ചെന്നും, എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും മലാല ട്വിറ്ററിൽ കുറിച്ചു. ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയ സമയം വ്യക്തമല്ലെങ്കിലും, ജൂലൈയിൽ അസ്സർ മലാലയ്ക്കായി പിറന്നാൾ ദിനാശംസകൾ ട്വിറ്ററിൽ കുറിച്ചിരുന്നു.


പതിനഞ്ചാം വയസ്സിലാണ് പാകിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ട ശ്രമങ്ങൾക്കിടയിൽ മലാലയ്ക്ക് വെടിയേറ്റത്. അതിനുശേഷം ലോകമെമ്പാടുമുള്ള സ്ത്രീ അവകാശങ്ങളുടെ പ്രതീകമായി മലാല മാറുകയായിരുന്നു. അപകടത്തിനു ശേഷം പിന്നീട് യു കെയിൽ ആയിരുന്നു മലാല താമസിച്ചിരുന്നത്. ഓക്സ്ഫോർഡിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച മലാലയ്ക്ക് ഭൂരിഭാഗം ലോക നേതാക്കന്മാരുമായും സൗഹൃദം സ്ഥാപിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടായി. മകളുടെ വിവാഹം അവളുടെ പൂർണ്ണ സ്വതന്ത്ര തീരുമാനമാണെന്ന് പിതാവ് യൂസഫ് സായി മാധ്യമങ്ങളോട് പറഞ്ഞു. ഒരുതരത്തിലുള്ള പ്രേരണകളും മകൾക്കു മേൽ ഏൽപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ൽ പതിനേഴാം വയസ്സിൽ ആണ് മലാലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

11,600 ലധികം ആളുകൾ ആശുപത്രിയിൽനിന്ന് കോവിഡ് പിടിപെട്ടതുമൂലം മരിച്ചതായുള്ള കണക്കുകൾ പുറത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം എൻഎച്ച്എസ് ആശുപത്രിയിൽ നിന്ന് ആയിരക്കണക്കിന് ജനങ്ങളാണ് കോവിഡ് ബാധിച്ച് മരിണമടഞ്ഞത്. മറ്റ് അസുഖങ്ങൾ മൂലം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിയ രോഗികൾക്ക് കോവിഡ് ബാധിക്കുകയായിരുന്നു. പുതിയ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി ചെയർമാനായ എംപി ജെറമി ഹണ്ട് പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള രോഗവ്യാപനം രോഗം പകരാൻ മാരകമായ കാരണങ്ങളിൽ ഒന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


ഫ്രണ്ട്-ലൈൻ ഹെൽത്ത് കെയർ ജീവനക്കാർക്ക് നിർബന്ധിത വാക്സിൻ നൽകാനുള്ള ഗവൺമെന്റിൻെറ നയത്തെ ഈ പുതിയ കണക്കുകൾ ശക്തിപ്പെടുത്തുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ്-19 പോസിറ്റീവ് ആയി സ്ഥിതീകരിച്ചതിന് 28 ദിവസത്തിനുള്ളിൽ 57 പേരാണ് മരണപ്പെട്ടത്. ഇത്തരത്തിൽ മരിച്ചവരുടെ രാജ്യത്താകെയുള്ള എണ്ണം 141,862 ആയി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ പ്രകാരം രാജ്യത്താകയുള്ള മരണം 166,000 ആണ്.


ഇന്ന് 32,322 പേർക്കാണ് കോവിഡ് പോസിറ്റീവായി സ്ഥിതീകരിച്ചിരിക്കുന്നതെന്ന് സർക്കാർ അധികൃതർ അറിയിച്ചു. ഏകദേശം 80,000 മുതൽ 1,00,000 വരെയുള്ള എൻഎച്ച്എസ് ജീവനക്കാർ ഇതുവരെയും കോവിഡ്-19 നെതിരെ ഉള്ള പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടില്ല എന്ന് എൻഎച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു.

യു കെ : എൽജിബിറ്റി കുടുംബങ്ങൾക്കെതിരെ എൻഎച്ച്എസ്‌ വിവേചനപരമായ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് ലെസ്ബിയൻ ദമ്പതികൾ കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ബെർക്ഷെയറിലെ വിൻഡ്സറിൽ നിന്നുള്ള മുപ്പത്തിനാലുകാരിയായ മേഗൻ ബേക്കൺ ഇവൻസും ഭാര്യ മുപ്പത്തിമൂന്നുകാരി വിറ്റിനിയുമാണ് പരാതിക്കാർ. എൻഎച്ച്എസ് സഹായം ലഭിക്കുന്നതിന് മുൻപായി സ്വവർഗ്ഗ ദമ്പതികൾ 12 തവണയോളം പ്രൈവറ്റ് ട്രീറ്റ് മെന്റുകൾ നടത്തേണ്ടതായി വരുന്നു. എന്നാൽ ഹെറ്ററോസെക്ഷ്യുൽ ദമ്പതികൾക്ക് രണ്ടു വർഷം മാത്രം കാത്തിരുന്നാൽ മതിയാകും. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വൻ ആരാധകരുള്ള ഈ ദമ്പതികൾ 13 വർഷമായി ഒരുമിച്ചുണ്ട്. ഇവരുടെ വിവാഹം നാലു വർഷത്തിന് മുൻപാണ് നടന്നത്.

വ്യത്യസ്ത ലിംഗത്തിൽ നിന്നുള്ള ദമ്പതികളിൽ നിന്നും തങ്ങളെ വിവേചിച്ചു കണ്ടുവെന്നും, ഐവിഎഫ് ട്രീറ്റ് മെന്റിനായി മറ്റും കൂടുതൽ തുക തങ്ങൾക്ക് ചിലവാക്കേണ്ടിതായി വന്നുവെന്നും ഇവർ ആരോപിച്ചു. 30,000 പൗണ്ട് മുതൽ 50,000 പൗണ്ട് വരെ തുകയാണ് സ്വർഗ്ഗ ദമ്പതികൾക്ക് ചിലവാക്കേണ്ടതായി വരുന്നത്. ഇത് തികച്ചും വിവേചനപരമായ നിലപാടാണെന്ന് ഇവർ ആരോപിച്ചു. 2019 ൽ ഒരു വ്യക്തിയുടെ ലൈംഗിക താൽപ്പര്യങ്ങൾ ഐവിഎഫിനു തടസ്സമായി കണക്കാക്കരുത് എന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത്തരത്തിലുള്ള എൻഎച്ച്എസ്‌ ഫണ്ട്‌ ചെയ്യുന്ന ഐവിഎഫ് സംവിധാനം 39 ശതമാനം ഹെട്രോസെക്ഷ്യുൽ ദമ്പതികൾക്ക് ലഭിച്ചപ്പോൾ, 14 ശതമാനം സ്വവർഗ്ഗ കമ്പനികൾക്ക് മാത്രമാണ് ഈ പ്രയോജനം ലഭ്യമായത്. ദമ്പതികൾക്ക് അനുകൂല നിലപാടുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. പെൻ‌റിയോളിലെ കെയർഫില്ലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഉടൻതന്നെ വെൽഷ് ആംബുലൻസ് സർവീസ് വൈദ്യസഹായവുമായി സംഭവസ്ഥലത്ത് എത്തിയെങ്കിലും കുട്ടി മരിച്ചു. നായയെ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ പ്രദേശത്തെ തുടരുമെന്ന് ഗ്വെന്റ് പോലീസ് പറഞ്ഞു. വീടിനുള്ളിൽ വച്ചാണ് ആക്രമണം നടന്നതെന്ന് അയൽക്കാരിൽ ഒരാൾ പറഞ്ഞു.ഒരു വലിയ ഹൗസിംഗ് എസ്റ്റേറ്റിന്റെ നടുവിലുള്ള ഈ തെരുവിൽ രാത്രി മുതൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തുമെന്നും സംഭവസ്ഥലത്ത് പോലീസ് തുടരുമെന്നും ചീഫ് സൂപ്രണ്ട് മാർക്ക് ഹോബ്രോ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ ദയവായി തങ്ങളുമായി സംസാരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് പറഞ്ഞു. സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും മരണപ്പെട്ട കൊച്ചു കുട്ടിയുടെ കുടുംബത്തിനോട് അനുശോചനം അറിയുക്കുന്നതായി സൗത്ത് വെയിൽസ് ഈസ്റ്റിനായുള്ള റീജിയണൽ എംഎസ്, നതാഷ അസ്ഗർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഫോസിൽ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 503 പേർ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് റിപ്പോർട്ട്‌. മറ്റു രാജ്യത്തിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ പ്രതിനിധികളാണ് ഫോസിൽ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിനിധികളുടെ വിവരങ്ങൾ യുഎൻ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിലയിരുത്തിയ ഗ്ലോബൽ വിറ്റ്‌നസിന്റെ പ്രവർത്തകർ , ഫോസിൽ ഇന്ധന വ്യവസായ ലോബികളെ ഉച്ചകോടിയിൽ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഫോസില്‍ ഇന്ധന വ്യവസായം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ പുറംതള്ളലില്‍ നിർണായക പങ്കു വഹിക്കുന്നു. ഇത് സംബന്ധിച്ച് ഗ്ലോബൽ വിറ്റ്‌നസ്‌ വിശദീകരണം നൽകുകയുണ്ടായി. 25 വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടികൾ ഫലപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരക്കാരാണെന്ന് അവർ തുറന്നടിച്ചു.

Cop26 ൽ ഏകദേശം 40,000 പേർ പങ്കെടുക്കുന്നുണ്ട്. യുഎൻ ഡേറ്റാ പ്രകാരം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ 479 പ്രതിനിധികളുള്ള ബ്രസീലാണ് ഏറ്റവും വലിയ സംഘം. യുകെയിൽ രജിസ്റ്റർ ചെയ്ത 230 പ്രതിനിധികളുണ്ട്. 100-ലധികം ഫോസിൽ ഇന്ധന കമ്പനികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. പങ്കെടുക്കുന്നവരിൽ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്ന് ഇന്റർനാഷണൽ എമിഷൻസ് ട്രേഡിംഗ് അസോസിയേഷൻ (IETA) ആണ്. ഇവരുടെ പ്രതിനിധികളായി 103 പേർ ചർച്ചയിൽ പങ്കെടുക്കുന്നു. നിരവധി പ്രമുഖ എണ്ണ കമ്പനികൾ ഇന്റർനാഷണൽ എമിഷൻസ് ട്രേഡിംഗ് അസോസിയേഷനെ പിന്തുണയ്ക്കുന്നുണ്ട്.

അതേസമയം, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായങ്ങളെ ഇനി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ഇരുപത് രാജ്യങ്ങൾ തീരുമാനിച്ചു. വളരെ വേഗം ഇല്ലതായിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളായ ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാനുളള നീക്കത്തിലേക്ക് കൂടുതൽ ലോകരാജ്യങ്ങൾ അടുക്കുകയാണ്. എണ്ണ പ്രകൃതി വാതക മേഖലയിൽ വലിയ മാറ്റം വരും. വിദേശരാജ്യങ്ങളിൽ ഒരു കാരണവശാലും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന കമ്പനികൾക്കായി ഇനി മുതൽമുടക്കില്ലെന്ന നിർണ്ണായക തീരുമാനവും കൈകൊണ്ടു. അമേരിക്ക, ബ്രിട്ടൺ, കാനഡ, ഇറ്റലി, സ്വിറ്റ്‌സർലന്റ് തുടങ്ങിയ രാജ്യങ്ങൾ 2022ഓടെ കൽക്കരി മേഖലയിലെ മുതൽമുടക്ക് നിർത്തലാക്കാൻ തീരുമാനിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ട എൻഎച്ച്എസ് ജീവനക്കാരിയാണ് വൈകാരികമായ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതേ കാരണം കൊണ്ടുതന്നെ ഏകദേശം 60,000 കെയർഹോം ജീവനക്കാർക്കാണ് വ്യാഴാഴ്ചമുതൽ ജോലി നഷ്ടമാവുന്നത്. എല്ലാ കെയർ ഹോം ജീവനക്കാരും നവംബർ 11ന് മുൻപ് തന്നെ രണ്ടു ഡോസ് വാക്സിനുകളും സ്വീകരിക്കണമെന്ന ഗവൺമെൻറ് നിർദേശത്തെ തുടർന്നാണ് 36 കാരിയായ ലൂയിസ് അകേസ്റ്ററിന് എൻഎച്ച്എസ് കെയർ ഹോം ആൽഡേഴ്സൺ ഹൗസുമായുള്ള തൻെറ കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വ്യക്തമായ മെഡിക്കൽ ഇളവുകൾ ഇല്ലാത്ത എല്ലാ കെയർ ഹോം ജീവനക്കാരും രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞിരുന്നു. അതേസമയം എൻഎച്ച്എസ് ജീവനക്കാർ അടുത്തവർഷം ഏപ്രിലിനുള്ളിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.

ലൂയിസ് 14 വർഷമായി കെയർ മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ വാക്സിനേഷൻ സ്വീകരിക്കാൻ നിരസിച്ചത് മൂലം ജോലി ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായി. തൻറെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടൂള്ള ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് താൻ പരിചരിച്ചവരോടും സഹപ്രവർത്തകരോടും യാത്ര പറയുന്നത് എന്നും, ഇന്നത്തെ തൻെറ അവസാന ഷിഫ്റ്റ് പൂർത്തിയാക്കിയതിനുശേഷമുള്ള വിഡിയോയിൽ മിസ് അകേസ്റ്റർ പറഞ്ഞു. ഇത് തങ്ങളോടുള്ള കടുത്ത അനീതിയാണെന്നും സർക്കാരിൻറെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി തനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും, വൈകാതെ തന്നെ ഇതിൻറെ പാർശ്വഫലങ്ങൾ അവർ മനസിലാക്കുമെന്നും അതുവരെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ടിലെ കണക്കുകൾ പ്രകാരം ഏകദേശം 60,000 കെയർഹോം ജീവനക്കാരാണ് ഇതുവരെയും രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാത്തതായിട്ടുള്ളത്. ഇവരിൽ പകുതിയിലേറെ പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്. കെയർ വർക്കറായ ലൂയിസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചെങ്കിലും തൻറെ ജോലിയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു തവണയും അവർ കോവിഡ് പരിശോധന നടത്തുന്നുണ്ട്. പിപിഇ ഉപകരണങ്ങൾ ധരിക്കുകയും അണുബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്നു.

കെയർ ഹോമിലെ താമസക്കാർക്കും അവരുടെ സന്ദർശകർക്കും വാക്സിൻ നിർബന്ധമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൻെറ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു നീക്കം അനാവശ്യമാണെന്ന് മിസ് അകേസ്റ്റർചൂണ്ടിക്കാട്ടി. ഭാവിയിൽ താൻ വാക്സിൻ സ്വീകരിക്കുമായിരിക്കാമെന്നും പക്ഷേ ഇപ്പോൾ വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. നവംബർ 11 നകം ജോലി നഷ്ടപ്പെടുന്ന ഇംഗ്ലണ്ടിലെ 40,000 കെയർഹോം ജീവനക്കാരെ പ്രതിനിധീകരിച്ചാണ് താൻ സംസാരിക്കുന്നതെന്നും 36കാരിയായ ലൂയിസ് തൻെറ വീഡിയോയിൽ കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിക്കുന്നതിലുള്ള തീരുമാനം എടുക്കുക എന്നത് തൻറെ മൗലിക അവകാശമാണെന്നും അതിനാൽ തന്നെ പ്രതിരോധകുത്തിവയ്പ്പുകൾ തിരസ്കരിച്ചതിനെ തുടർന്ന് താൻ ശിക്ഷിക്കപ്പെടാൻ അർഹയല്ലെന്നും അവർ പറഞ്ഞു. താൻ തനിച്ചല്ല തൻറെ അതേ അനുഭവം പങ്കുവയ്ക്കുന്ന നിരവധി പേർ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കെയർ ഹോമുകളിലെ “നോ ജാബ്, നോ ജോബ്” നയം ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 60,000 ജീവനക്കാർക്കാണ് അടുത്ത ആഴ്ചയോടെ ജോലി നഷ്ടമാകുന്നത്. ഗവൺമെൻറിൻറെ ഈ നയം ജീവനക്കാർക്കിടയിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കുന്നതിന് വളരെ കുറച്ച് സ്വാധീനം മാത്രമാണ് ഉണ്ടാക്കിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം ഡിസംബർ മുതൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved