ന്യൂസ് ഡെസ്ക് മലയാളം യുകെ
കെന്റിലെ മെയ്ഡ്സ്റ്റോണിൽ താമസിക്കുന്ന ബിബിൻ അനു ദമ്പതികളുടെ മകൾ സെറ മരിയ ബിബിൻ (9) നിര്യാതയായി. പിതാവ് ബിബിനുമായി നാട്ടിൽ എത്തിയ സെറ തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് സെറയെ പിന്നീട് പാലായിലെ മാർ സ്ലീവ ആസ്റ്റർ മെഡിസിറ്റിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടന്ന വിദഗ്ദ്ധ പരിശോധനയിൽ ആണ് കുട്ടിയുടെ തലയിലെ ഞരമ്പ് പൊട്ടിയതായി അറിഞ്ഞത്.
ബിബിൻ അനു ദമ്പതികളുടെ ഏക മകളാണ് സെറ. സെറയും കുടുംബവും യുകെയിൽ എത്തിയിട്ട് മൂന്ന് വർഷം മാത്രം ആയിട്ടുള്ളു. മാതാവായ അനുവിന് ലീവ് ലഭിക്കാതിരുന്നതിനാൽ ബിബിനും സെറയും മാത്രമാണ് നാട്ടിലേക്ക് വന്നിരുന്നത്. ബിബിൻ രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ നാളെ ഓഗസ്റ്റ് 7 തിങ്കളാഴ്ച നാലുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂത്ത്യക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും.
സെറ മരിയ ബിബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ കവൻട്രിയിൽ താമസിക്കുന്ന യുകെ മലയാളികളുടെ പതിനഞ്ചുകാരിയായ മകളും. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.
ജിസ്മോൾ യുകെ റഗ്ബി ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അമ്മയുടെ സഹോദരനായ സജി മാത്യു (51 ) വിൻെറ മൃതസംസ്‌കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതാണ് ജിസ്മോളും കുടുംബവും. നാളെ യുകെയ്ക്ക് പോകാൻ ഇരിക്കെയാണ് അപകടം. ജിസ്മോൾ കാൽ വഴുതി വീണു വെള്ളത്തിൽ താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.
ജോബി മാത്യു സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്മോൾ ജോബി. ജുവൽ ജോബി ജോയൽ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട് തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ജിസ്മോൾ ജോബിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അന്റോണി കൊടുങ്കാറ്റിൽ വലഞ്ഞ് ബ്രിട്ടീഷുകാർ. രാജ്യത്ത് ഇതുവരെ ലഭിച്ചത് 64 മില്ലിമീറ്റർ മഴ. 78 മൈൽ വേഗതയുള്ള കാറ്റാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. ബ്യൂഫോർട്ട് വിൻഡ് സ്കെയിൽ അനുസരിച്ച്, 73 മൈൽ വേഗതയിൽ കൂടുതൽ വീശുന്ന ഏത് കാറ്റിനെയും ചുഴലിക്കാറ്റായാണ് പരിഗണിക്കുക. ന്യൂനമർദത്തിന്റെ പിന്നാലെ ഉണ്ടായ ചുഴലിക്കാറ്റിൻെറ തീവ്രത മനസിലാക്കിയ മെറ്റ് ഓഫീസ് യെല്ലോ അലെർട്ടിൽ നിന്നും ആംബർ അലെർട്ടിലേക്ക് മുന്നറിയിപ്പുകൾ അപ്‌ഗ്രേഡുചെയ്‌തിരുന്നു. കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ വിറ്റ്ബിയിൽ കാറുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇന്ന് മുതൽ കാലാവസ്ഥ സാധാരണ അകാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ താപനില ഉയർന്ന് തന്നെ ഇരിക്കുകയാണ്. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തെ ചില പ്രദേശങ്ങളിൽ മഴ കാണുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിലവിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ഇന്നലെ രാത്രി 10 മണിക്ക് മെറ്റ് ഓഫീസ് പിൻവലിച്ചു. ഇന്ന് രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 22C വരെ ഉയരാൻ സാധ്യത ഉണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ സ്കാർബറോയിൽ 43 മില്ലിമീറ്റർ മഴ പെയ്തതായി മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകൻ സൈമൺ പാട്രിഡ്ജ് പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് നോർത്ത് യോർക്ക്ഷെയറിൽ നിരവധി ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. അയർലണ്ടിൽ ഉടനീളം നിരവധി പവർ കട്ടുകളും റിപ്പോർട്ട് ചെയ്‌തു. കൗണ്ടി കോർക്കിലെ കാരിഗലൈനിലും ക്രോസ്‌ഷേവനിലും നൂറുകണക്കിന് ആളുകൾക്ക് ശനിയാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്യൂട്ടീഷ്യനായ എല്ലെ എഡ്വേർഡ്സിനെ വെടിവെച്ചു കൊലപ്പെടുത്തിയ ആൾ നികുതിദായകരുടെ പണത്തിൽ നിന്ന് 75,000 പൗണ്ട് പ്രതിഭാഗം അഭിഭാഷകർക്കായി ചെലവഴിച്ചതായുള്ള വിവരം പുറത്ത്. 14 വയസ്സ് മുതൽ കോണർ ചാപ്മാൻ ചെയ്ത നിരവധി കുറ്റകൃത്യങ്ങൾ നികത്താൻ നിയമസഹായ പേയ്‌മെന്റുകളാണ് ഉപയോഗിച്ചിരുന്നത്. 2021ലെ ക്രിസ്മസ് ദിനത്തിൽ ബംഗൾഡ് ഡ്രൈവ്-ബൈ വെടിവയ്പ്പിൽ 26 കാരിയായ എല്ലെയെ കൊലപ്പെടുത്തിയതിന് ചാപ്‌മാനെ 43 വർഷം ജയിലിൽ കഴിയാൻ കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു.

ഇരുപത്തിമൂന്നുകാരനായ ചാപ്‌മാൻ വിറാലിലെ വാലസെയിലെ ലൈറ്റ്‌ഹൗസ് പബ്ബിന് പുറത്ത് രണ്ട് ഗുണ്ടാ എതിരാളികൾക്ക് നേരെ വെടിവയുതിർക്കുകയായിരുന്നു. കവർച്ച, ആക്രമണം, ആയുധം കൈവശം വയ്ക്കൽ, വാഹന മോഷണം, കൊക്കെയ്ൻ, കഞ്ചാവ് കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഉണ്ട്.
18-ാം വയസ്സിൽ, മോഷ്ടിച്ച ഓഡിയിൽ വേഗ പരിധിയേക്കാൾ ഇരട്ടി വേഗത്തിൽ വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്‌ത് എട്ട് മാസത്തോളം ലോക്കപ്പിൽ ചാപ്മാൻ കിടന്നിരുന്നു. ചെറുപ്പം മുതൽ കുറ്റകൃത്യങ്ങൾ ചെയ്ത ചാപ്മാന് 20 വയസ്സായപ്പോഴേക്കും 43 കുറ്റങ്ങൾക്ക് 19 ശിക്ഷകൾ ലഭിച്ചു എന്ന് ജഡ്‌ജി ചൂണ്ടി കാട്ടി. ഏകദേശം 40 കേസുകൾക്കായി 74,348 പൗണ്ട് അഭിഭാഷകർ നികുതിയിൽ നിന്ന് ചിലവഴിച്ചതായി വിവരാവകാശ നിയമത്തെ തുടർന്ന് പുറത്ത് വന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അവധിക്കാലമാണ്. കുട്ടികളുമായി പുറത്ത് പോയി അടിച്ചുപൊളിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടാവും. എന്നാൽ പലപ്പോഴും ഭാരിച്ച ജീവിത ചെലവാണ് പ്രതിസന്ധി. എന്നാൽ അധികം പണം ചിലവഴിക്കാതെ കുട്ടികളെ സന്തോഷിപ്പിക്കാനുള്ള അനേകം സ്ഥലങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലുമായി ഉണ്ട്. കുട്ടികളുടെ മനം മയക്കുന്ന സ്ഥലങ്ങൾ. അവയിൽ ചിലത് അറിയാം.

1. ലണ്ടനിലെ കാനറി വാർഫിലെ മൾട്ടി-കളർ മിനിഗോൾഫ് കോഴ്‌സ് സൗജന്യമായി ആസ്വദിക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ 6 വരെ പ്രവേശനം. വിവരങ്ങൾ : Montgomery Square, Canary Wharf, London; canarywharf.com
2. ദി ഗ്രുഫാലോ, റൂം ഓൺ ദ ബ്രൂം തുടങ്ങിയ കഥകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങളുടെ കുട്ടികൾ. എങ്കിൽ ഈ എക്സിബിഷൻ അവരുടെ മനം കവരും. പ്രവേശനം സൗജന്യം. വിവരങ്ങൾ : The Lowry, The Quays, Salford, Manchester; free; 10/11am-5pm daily; thelowry.com
3. യോർക്കിലെ നാഷണൽ റെയിൽവേ മ്യൂസിയം സൗജന്യമായി സന്ദർശിക്കാം. ആറു വയസിൽ താഴെയുള്ളവർക്ക് മികച്ച കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ : Leeman Road, York; free; 10am-5pm daily; railwaymuseum.org.uk
4. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ സീഫ്രണ്ട് എയർ ഷോ ഓഗസ്റ്റ് 17 മുതൽ 20 വരെ ഈസ്റ്റ്ബോണിൽ നടക്കും. റെഡ് ആരോസ് ആണ് അവതരിപ്പിക്കുന്നത്. വിവരങ്ങൾ : Eastbourne, East Sussex; free; visiteastbourne.com/airshow
5. നോർത്ത് ലണ്ടനിൽ ഒരു ദിനം നടന്നുകണ്ട് ആസ്വദിക്കാൻ പറ്റിയ മൃഗശാലയാണ് ഗോൾഡേഴ്സ് ഹിൽ പാർക്ക്. കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. വിവരങ്ങൾ : Golders Hill Park, London; free; 7.30am to dusk daily; cityoflondon.gov.uk
6. ഈജിപ്ഷ്യൻ മമ്മികൾ മുതൽ അക്വേറിയം വരെ; ലിവർപൂളിലെ സൗജന്യ വേൾഡ് മ്യൂസിയം കുട്ടികളെ മണിക്കൂറുകളോളം പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്. കുറഞ്ഞ ചെലവിൽ പ്ലാനറ്റോറിയവും ആസ്വദിക്കാം. വിവരങ്ങൾ : William Brown Street, Liverpool; free; 10am-5pm daily; liverpoolmuseums.org.uk
7. യൂറോപ്പിലെ ഏറ്റവും വലിയ അർബൻ ഗ്ലാസ്ഹൗസ് ആയ ഷെഫീൽഡിന്റെ വിന്റർ ഗാർഡനിൽ 2,500 ഓളം സസ്യങ്ങളാണ് ഉള്ളത്. അകത്തളങ്ങളിലെ മരങ്ങൾ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുമെന്ന് ഉറപ്പ്. വിവരങ്ങൾ : Surrey Street, Sheffield; free; 8am-8pm Mon-Sat, 10am-5pm Sun; welcometosheffield.co.uk
8. ആഗസ്റ്റ് 16-17 തീയതികളിൽ നടക്കുന്ന ബ്രിട്ടീഷ് ഫയർവർക്സ് ചാമ്പ്യൻഷിപ്പിൽ ആറ് പൈറോടെക്നിക് കമ്പനികളാണ് പോരാടുന്നത്. അത് കാണാൻ പ്ലിമൗത്ത് ഹോയിലേക്ക് പോകുക. വിവരങ്ങൾ : Plymouth, Devon; free; visitplymouth.co.uk.

9. മാഞ്ചസ്റ്ററിലെ സയൻസ് ആൻഡ് ഇൻഡസ്ട്രി മ്യൂസിയത്തിൽ രസകരമായ നിരവധി കാഴ്ചകൾ കണ്ടറിയാം. വിവരങ്ങൾ : Liverpool Road, Manchester; free; 10am-5pm daily; scienceandindustrymuseum.org.uk
10. ലണ്ടനിലെ ഇംപീരിയൽ വാർ മ്യൂസിയം, സയൻസ് മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയ്‌ക്കൊപ്പം അത്ര അറിയപ്പെടാത്ത നാഷണൽ ആർമി മ്യൂസിയത്തിലേക്കും പോകാം. ഇവിടെ ആർമി യൂണിഫോം ധരിക്കാമെന്നത് പ്രത്യേകതയാണ്. വിവരങ്ങൾ : Royal Hospital Road, Chelsea, London; free; 10am-5.30pm Tue-Sun; nam.ac.uk
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ 25-ാം തീയതി ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ആരംഭിച്ച രാജേഷ് കൃഷ്ണയുടെ കാർ യാത്ര 11 ദിവസങ്ങൾ പിന്നിട്ടു. ഇന്ന് ടർക്കിയിലെ ദിയാബാക്കറിലൂടെയായിരുന്നു യാത്ര. നാളെ ഇറാനിലേക്ക് തിരിക്കും.
ഇന്നലെവരെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് തെരുവിൽ വലിച്ചെറിയപ്പെട്ടവരുടെ കണ്ണീരു നിറഞ്ഞ കാഴ്ചാനുഭവങ്ങളിലൂടെയായിരുന്നു ടർക്കിയിലെ രാജേഷിന്റെ യാത്ര . കഴിഞ്ഞ ഫെബ്രുവരി 6 – ന് ഉണ്ടായ ഭൂകമ്പം അവിടുത്തെ ജനങ്ങളെ അത്രമാത്രം ബാധിച്ചിരിക്കുന്നു. എല്ലാ സൗകര്യങ്ങളും അനുഭവിച്ച് വലിയ വീടുകളിൽ കഴിഞ്ഞിരുന്നവർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ ദുരന്തം രാജേഷ് മലയാളംയുകെ ന്യൂസിനോട് പങ്കുവെച്ചു.

ഭൂചലനങ്ങളിൽ വീട് നഷ്ടപ്പെട്ടവർ ഇപ്പോൾ കഴിയുന്നത് താത്കാലിക കണ്ടെയ്നറുകളിലാണ്. വലിയ ഫ്ലാറ്റുകളുടെ കാഴ്ച കോൺക്രീറ്റ് അവശിഷ്ടങ്ങളായി നഷ്ടപ്രതാപം വിളിച്ചോതുന്നു .

മറ്റൊരു കൂട്ടർ സിറിയൻ അഭയാർത്ഥികൾ ആയിരുന്നു. പഴഞ്ചൻ കാറുകൾക്ക് അടുത്തായി ടെന്റുകൾ കെട്ടി നാടോടികളെപ്പോലെ കഴിയുന്നവർ . നമ്മൾ മലയാളികൾ ഭാഗ്യവാൻമാരാണ് കാരണം നൂറു വർഷത്തിൽ ഒരു പ്രളയം മാത്രമേ നമുക്കനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. രാജേഷിന്റെ വാക്കുകളിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയും, കണ്ണീരും , അരക്ഷിതാവസ്ഥയും നമുക്ക് വായിച്ചെടുക്കാനാവും.

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് രാജേഷ് ഈ യാത്ര തുടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന്‍ നൈനാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണ് RNCC. മാരക രോഗങ്ങളാൽ കഴിയുന്ന കുട്ടികൾക്ക് സഹായം നൽകുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. റയാന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമാകാനും മാരകരോഗികളായ കുട്ടികളെ തിരിച്ചു സന്തോഷത്തിലേയ്ക്ക് കൈപിടിക്കാനും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നെന്ന് രാജേഷ് മലയാളംയുകെ ന്യൂസിനോട് പറഞ്ഞു .

ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നേഴ്‌സിംഗ് ടീം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ എന്നിവരെ സഹായിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാനും പിന്തുണക്കാനും ഈ ലിങ്കില്‍ സന്ദര്‍ശിക്കുക.
https://www.london2kerala.com/
ന്യൂസ് ഡെസ്ക് മലയാളം യുകെ
അന്റോണി കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കുന്നതിന് പിന്നാലെ നാല് കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. വേനൽക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്ത് രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്റോണി കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിച്ചത്. ശനിയാഴ്ച വരെ രാജ്യത്ത് ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. പടിഞ്ഞാറൻ വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

നോർത്തേൺ അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് യെലോ അലേർട്ട് നൽകിയിട്ടുണ്ട്. പ്ലിമൗത്ത്, ബ്രിസ്റ്റോൾ, ബാത്ത് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇതേ കാലയളവിൽ ശക്തമായ കാറ്റിന്റെ സാന്നിധ്യം മൂലം യെല്ലോ അലേർട്ട് നൽകി. യുകെയുടെ തീരപ്രദേശങ്ങളിൽ 65 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പടിഞ്ഞാറൻ വെയിൽസിനും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും രാവിലെ 11:00 മുതൽ രാത്രി 7:00 വരെ കാറ്റുണ്ടാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 60 മൈലിൽ അധികമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് യാത്രാ തടസ്സത്തിനും പവർ കട്ടിനും “നല്ല സാധ്യത” ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ ഗതാഗത ശൃംഖലകളിൽ കൂടുതൽ വികസനം ഉടൻ വേണമെന്ന് സർക്കാർ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. ഗതാഗത ശൃംഖലകളിൽ കൂടുതൽ പണം ചെലവഴിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശക്തമായ മഴയും ഉഷ്ണതരംഗങ്ങളും റോഡ്, റെയിൽ ഗതാഗതത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ റോഡ്, റെയിൽ ഗതാഗത്തെ തകരാറിലാക്കി.

ഒന്നുകിൽ കൂടുതൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകുന്നത് അഭിമുഖീകരിക്കാൻ യുകെ തയാറാകണം അല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കുമായി കൂടുതൽ പണം ചെലവഴിക്കണമെന്നും സർ ജോൺ ആർമിറ്റ് പറഞ്ഞു. ഗതാഗത മാർഗങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഓരോ വർഷവും രാജ്യം നേരിടുന്ന മഴയുടെയും കാറ്റിന്റെയും ചൂടിന്റെയും അളവ് കൂടി വരികയാണെന്ന് നെറ്റ്‌വർക്ക് റെയിലിന്റെ സേഫ്റ്റി ആൻഡ് എഞ്ചിനീയറിംഗ് ഡയറക്ടർ മാർട്ടിൻ ഫ്രോബിഷർ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഇതിനോടകം തന്നെ യാത്രമാർഗങ്ങളെ നല്ല തോതിൽ ബാധിച്ചിട്ടുണ്ട്. ഗതാഗത ശൃംഖലകളുടെ മേലധികാരികൾ രാജ്യത്തെ ജനങ്ങളുടെ യാത്രകൾ സുഗമമാക്കാൻ അക്ഷീണർത്ഥം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്തെ ഉഷ്ണതരംഗങ്ങൾ വ്യാപകമായ ട്രെയിൻ റദ്ദാക്കലിന് കാരണമായിരുന്നു. ഒരു നിശ്ചിത പരിധിയിലുള്ള താപനിലയെ നേരിടാൻ പാകത്തിലാണ് റെയിൽവേ ട്രാക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ താപനില പരിധിയിൽ കൂടുതൽ ആകുമ്പോൾ അവ വളയാൻ തുടങ്ങും.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കനത്ത മഴയ്‌ക്കോ ഉരുൾപൊട്ടലിനോ വെള്ളപ്പൊക്കത്തിനോ കാരണമാകും. മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് നെറ്റ്‌വർക്ക് റെയിൽ ഇപ്പോൾ. അമിതമായി ചൂടാകുന്നത് തടയാനായി റെയിലുകൾക്ക് വെള്ള പെയിന്റ് നൽകുന്നത് പോലെയുള്ള ലളിതമായ നടപടികൾ ഇപ്പോഴും തുടർന്ന് വരുന്നുണ്ട്. സിഗ്നലിംഗ് ഉപകരണങ്ങൾ തണുപ്പിക്കാൻ എയർ കണ്ടീഷനിംഗ് പോലുള്ളവ ഉപയോഗിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏറെക്കാലത്തിന് ശേഷം വീടുകളുടെ വിലയിൽ ഇടിവ് നേരിടുകയാണ്. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവാണ് വീടുകളുടെ വിലയിൽ രേഖപ്പെടുത്തിയതെന്ന് നാഷണൽ ബിൽഡിംഗ് സൊസൈറ്റി ചൊവ്വാഴ്ച പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. വീട് വില കുറയുന്നത് ആദ്യമായി വാങ്ങുന്നവർക്ക് ആശ്വാസം ആയേക്കാം. ജൂലൈ വരെയുള്ള ഒരു വർഷത്തിൽ, വീടുകളുടെ വില 3.8% കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് ഇത്. എന്നിരുന്നാലും, യുകെയിലെ ഒരു വീടിന്റെ ശരാശരി വില ഇപ്പോഴും ഉയർന്നതാണ്. ജൂലൈയിൽ ഇത് 260,828 പൗണ്ടിലെത്തി.

കോവിഡും വർക്ക് ഫ്രം ഹോമും സ്റ്റാമ്പ് ഡ്യൂട്ടി അവധിയും ഭവന വിപണിയിൽ കാര്യമായ ചാഞ്ചാട്ടം സൃഷ്ടിച്ചു. 2020 ഫെബ്രുവരിയിലേതിനേക്കാൾ ശരാശരി വീട് വില ഇപ്പോൾ £45,000 കൂടുതലാണ്. എന്നാൽ നിലവിൽ വീടുകളുടെ വില കുറയുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വലിയ കുറവ് പ്രതീക്ഷിക്കുകയും അരുത്.
വരും മാസങ്ങളിൽ വീടുകളുടെ വില “മിതമായ രീതിയിൽ” മാത്രം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി മോണിറ്ററി പോളിസി റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 2026-ൽ തൊഴിലില്ലായ്മ നിരക്ക് 4% ൽ നിന്ന് ഏകദേശം 5% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നേഷൻവൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. അതേസമയം, വേതന വർദ്ധനവ് തുടരുകയാണെങ്കിൽ വീടുകളുടെ വില അൽപ്പം കൂടി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമീപകാല പലിശ നിരക്ക് വർദ്ധനകൾ മോർട്ട്ഗേജുകളുടെ വിലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫിനാൻഷ്യൽ ഡാറ്റ കമ്പനിയായ മണിഫാക്‌ട്‌സ് അനുസരിച്ച്, രണ്ട് വർഷത്തെ സ്ഥിര ഇടപാടിന്റെ ശരാശരി പലിശ പേയ്‌മെന്റ് നിലവിൽ 6.85% ആണ്. അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന് ഇത് 6.37% ആണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഇനിയും ഉയർത്തേണ്ടിവരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി കുടുംബത്തോടൊപ്പം വേനൽക്കാല അവധി ആഘോഷിക്കാൻ ഋഷി സുനക് കാലിഫോർണിയയിൽ എത്തി. നാല് വർഷം മുമ്പ് അദ്ദേഹം ട്രഷറിയുടെ ചീഫ് സെക്രട്ടറിയായതിന് ശേഷം ഇപ്പോഴാണ് അവധിക്കാലം ആസ്വദിക്കാൻ അവധി എടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിയും ഭാര്യ അക്ഷതാ മൂർത്തിയും പെൺമക്കളായ കൃഷ്ണയും അനൗഷ്‌കയും തിരക്കേറിയ സാന്താ മോണിക്ക പിയറിലിരുന്ന് ഗെയിമുകൾ കളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

താൻ ഒരു സ്റ്റാർ വാർസ് ആരാധകൻ ആണ്. ഡിസ് നിലാൻഡിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഭാര്യയെ കണ്ടുമുട്ടിയതും സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ കൂടുതൽ സമയം ചെലവഴിച്ചതുമായ സ്ഥലമാണ് കാലിഫോർണിയ. അതിനാൽ ഇവിടെ അവധി ആഘോഷിക്കുന്നത് സന്തോഷം നൽകുമെന്നും സുനക് പറഞ്ഞു.

സുനക്കിന്റെ അഭാവത്തിൽ, ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ ചുമതലകൾ ഏറ്റെടുക്കും. തന്റെ ഓഫീസിൽ നിന്ന് ദിവസേനയുള്ള അപ്‌ഡേറ്റുകൾ സുനക് സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും അവധിക്കാല ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.