Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ബോറിസ് ജോൺസണെ പാർലമെന്ററി കമ്മീഷണർ ഫോർ സ്റ്റാൻഡേർഡിന് ലേബർ പാർട്ടി റിപ്പോർട്ട്‌ ചെയ്തതായി വിവരം പുറത്ത്. ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പിന് അനധികൃതമായി വായ്പക്ക് ഗ്യാരന്റീ നൽകാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണിത്. മറ്റ് പാർട്ടികൾ കൂടി വിഷയം ഏറ്റെടുത്തതോടെ പുതിയ വിവാദം കത്തി പടരുകയാണ്.

സംഭവത്തെ കുറിച്ച് ലേബർ പാർട്ടി നേതാവ് ആൻലീസ് ഡോഡ്‌സ്, ഡാനിയൽ ഗ്രീൻബെർഗ് സിബിക്ക് വീണ്ടും കത്തെഴുതുകയും എംപിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ അടിയന്തിരമായി ഗൗരവമായ സമീപനം ഈ വിഷയത്തിൽ ഉണ്ടാകണമെന്നാണ് ആവശ്യം. മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇയാളുടെ തെറ്റായ നടപടികൾ കാരണം കൺസർവേറ്റീവ് പാർട്ടിയെ മറ്റൊരു ചെളിക്കുണ്ടിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

എന്നാൽ 2020 ൽ ബോറിസ് ജോൺസൻ ഡൗണിംഗ് സ്ട്രീറ്റിൽ താമസം ആരംഭിച്ചപ്പോൾ മുതൽ ഷാർപ്പിന്റെ സഹായം ഉണ്ടായിരുന്നെന്നും, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത വ്യാജമാണെന്നും, ഇത്തരത്തിൽ ഇരുവരും തമ്മിൽ സംസാരമോ,ഇടപാടോ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ബോറിസ് ജോൺസന്റെ വക്താവ് പ്രതികരിച്ചു. വാർത്തകൾ കെട്ടി ചമച്ചതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ യുകെയിലെ സ്റ്റീൽ വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്‌ പുറത്ത്. നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതൽ ചർച്ചകൾക്കായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന് കത്തെഴുതിയിട്ടുണ്ട്. തകർച്ചയുടെ വക്കിൽ നിന്നും വ്യവസായത്തെ കരകയറ്റാൻ ഗൗരവമായ നടപടി അടിയന്തിരമായി കൈകൊള്ളണമെന്നാണ് യൂണിയന്റെ ആവശ്യം.

എന്നാൽ, എല്ലാ കാലവും സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും, സ്റ്റീൽ ഇൻഡസ്ട്രിയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു ലാഭകരമാക്കുവാൻ കൂടുതൽ നടപടി കൈകൊള്ളുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, പ്രശ്നങ്ങൾക്ക് കാരണമായ നിരവധി ഘടകങ്ങൾ അവിടെ ഉണ്ടെന്നും, അത് കണ്ടെത്തിയാണ് പരിഹരിക്കേണ്ടതെന്നും യുണൈറ്റിന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ്റ്റീവ് ടർണർ കത്തിൽ പറഞ്ഞു. ഊർജ്ജ ചെലവുകൾ, കാർബൺ നികുതി, നഷ്ടത്തിലായ വിപണി, ഡിമാൻഡ് കുറവ് എന്നിവ ഇവയിൽ പ്രധാന പ്രശ്നങ്ങളാണ്.

യുകെയുടെ സമ്പദ് വ്യവസ്ഥയിൽ സ്റ്റീൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ഒഴിവാക്കാൻ ഒരു കാരണവശാലും കഴിയിലെന്നും യൂണിയന്റെ കത്തിന് മറുപടിയായി എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്‌മെന്റ് ഔദ്യോദിക വക്താവ് പ്രതികരിച്ചു. എന്നാൽ, സ്റ്റീൽ മേഖലയെ സഹായിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നാണ് ലേബർ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് പറയുന്നത്. ഫണ്ടിങ് പാക്കേജ് അനുവദിക്കുന്നതിൽ മുതൽ കമ്പനിയെ വളർത്തികൊണ്ട് വരുന്നതിൽ പോലും ആ വീഴ്ച നിലനിൽക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മനുഷ്യകടത്ത് സംഘത്തിന്റെ പ്രധാന തലവൻ അറസ്റ്റിൽ. ഇറാഖിൽ നിന്നും ഇറാനിൽ നിന്നും ആളുകളെ ലോറികളിൽ ഒളിപ്പിച്ച് യുകെയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. ഏറെ നാളുകൾക്കു ശേഷമാണ് പ്രതിയായ താരിക് നാമിക് പിടിയിലായിരിക്കുന്നത്. പ്രധാനമായും ഇറാൻ, ഇറാഖ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇയാൾ ആളുകളെ എത്തിച്ചിരുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം.

50 ദിവസത്തിനുള്ളിൽ 1,900 ആളുകളെയാണ് ഇയാൾ യുകെയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് കുറഞ്ഞത് 1,540 പൗണ്ട് വിലയാണ് ഇട്ടിരുന്നതെന്നും അദ്ദേഹത്തിന്റെ ഫോൺ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറഞ്ഞു. വെള്ളിയാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. തുർക്കിയിലേക്ക് കടക്കാനായിരുന്നു പ്ലാൻ എന്നും അധികൃതർ വ്യക്തമാക്കി.

ഓൾഡ്ഹാം സ്വദേശിയായ ഇയാളെ ഡിസംബറിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതി എട്ട് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്ന സംഭവത്തിൽ മുൻപും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഘമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും,2017 മുതൽ പോലീസിന്റെ നിരീക്ഷണത്തിൽ ഇവർ ഉണ്ടെന്നും അധികൃതർ പറഞ്ഞു. ലോറിയുടെ പിന്നിലും, അകത്തും ഒക്കെയായിട്ടാണ് ആളുകളെ എത്തിക്കുന്നത്. മറിച്ചു വിൽക്കുന്നത് ആകട്ടെ വൻ തുകയ്ക്കും. നമിക്കിനൊപ്പം ഉള്ള നാല് പേരെ ഡിസംബറിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആരോഗ്യ ജീവനക്കാരുടെ പണിമുടക്കുകൾ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് രംഗത്ത്. തുടർച്ചയായി ഉണ്ടാകുന്ന പണിമുടക്കുകൾ ജോലിഭാരം കൈകാര്യം ചെയ്യുന്നത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നെന്നും, മുൻപോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഇത് വെല്ലുവിളിയാണെന്നും ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. പ്രശ്നം പരിഹരിച്ചാൽ മാത്രമേ മുൻപോട്ടുള്ള കാര്യങ്ങൾ നടക്കൂ എന്നും, അതിനാൽ എല്ലാ വശങ്ങളിലും നിന്നും പരിഹാര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിൽ ഇംഗ്ലണ്ടിലെ ബഹുഭൂരിപക്ഷം നേഴ്സുമാരും സമരത്തിലാണ്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ആംബുലൻസ് ജീവനക്കാർ വരും മാസങ്ങളിൽ സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഡിസംബർ, ജനുവരി ആദ്യ ദിനങ്ങളിലും നടത്തിയ സമരത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടുമെന്ന് പറഞ്ഞിരുന്നെങ്കിലും സാരമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഈ ആഴ്ച തന്നെ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നിർത്തിവെയ് ക്കേണ്ടതായി വന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ നേരിട്ട തടസ്സം മൂലം 5,000 ഓപ്പറേഷൻ ഉൾപ്പെടെ 27,800 ബുക്കിംഗുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യേണ്ടതായി വരുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അധികൃതർ അറിയിച്ചു.

ജീവനക്കാരുടെ സമരം തുടരാനുള്ള തീരുമാനം വരും ദിവസങ്ങളിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സമരം തുടർന്ന് പോകുന്നതിൽ പലർക്കും അതൃപ്തിയുണ്ട്. എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. എന്നാൽ മന്ത്രിമാരും ഭരണാധികാരികളും വിട്ടുവീഴ്ച ചെയ്യാൻ തയാറാകണമെന്നും, പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കാൻ ഇവർക്ക് കഴിയണമെന്നും എൻഎച്ച്എസ് കോൺഫെഡറേഷന്റെ തലവൻ മാത്യു ടെയ്‌ലർ പറഞ്ഞു. പണിമുടക്ക് കൂടുതൽ കരുത്തോടെ മുൻപോട്ട് പോകുമെന്ന് യൂണിയൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു മാത്രമേ മുൻപോട്ട് പോകുവാൻ അധികാരികൾക്ക് കഴിയുകയുള്ളു എന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ 20 വർഷം ബ്രിട്ടനിലെ കുട്ടികളുടെ ജനന വിവരം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടു. കഴിഞ്ഞ 20 വർഷത്തെ ഡേറ്റയുടെ വിലയിരുത്തലിൽ ഒട്ടേറെ രസകരമായ വിവരങ്ങളാണ് പുറത്തുവന്നത്. കണക്കുകൾ പ്രകാരം ഏറ്റവും കുറവ് ജന്മദിനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഫെബ്രുവരി 26 ബോക്സിങ് ഡേയിലാണ്.

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ജന്മദിനങ്ങൾ കുറവാണ്. സെപ്റ്റംബർ 27-ാം തീയതിയാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് . ശരാശരി 1993 കുട്ടികളാണ് അന്നേദിവസം ഓരോ വർഷവും ജനിച്ചത്. 1987 കുട്ടികൾ ജനിച്ച സെപ്റ്റംബർ 24-ാം തീയതിയ്ക്കാണ് രണ്ടാം സ്ഥാനം. സെപ്റ്റംബർ 25-ാം തീയതിയ്ക്കാണ് മൂന്നാംസ്ഥാനം (1980 കുട്ടികൾ ) .

ക്രിസ്മസ് അവധിക്കാലത്ത് ദമ്പതികൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കൂടുതൽ അവസരം കിട്ടുന്നത് സെപ്റ്റംബറിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ കുട്ടികൾ ഉണ്ടാകുന്നതിൽ ചില ദമ്പതികളെങ്കിലും താല്പര്യം എടുത്തതും സെപ്റ്റംബർ മാസത്തിൽ ജന്മദിനങ്ങൾ കൂടുന്നതിന് കാരണമാണ്. അമ്മമാർക്ക് പ്രായം കൂടുന്നതായും പഠനം പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം അമ്മമാരുടെ ശരാശരി പ്രായം 31 വയസ്സാണ്. 1970 ൽ ഇത് 26 വയസ്സായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്വവർഗാനുരാഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥനകൾ ഉപയോഗിക്കില്ലെന്ന കാന്റർബറി ആർച്ച് ബിഷപ്പിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഈ ആഴ്ച ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്വവർഗ ദമ്പതികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ നടപടി. അവരെ അനുഗ്രഹിക്കാൻ പുരോഹിതർ തയാറാകണമെന്നും, എന്നാൽ വിവാഹം കഴിക്കാൻ പാടില്ലെന്ന് സഭ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റത്തെ അംഗീകരിക്കുന്നുവെന്നും, എന്നാൽ മുഴുവൻ കൂട്ടായ്മയുടെയും ഉത്തരവാദിത്തം തനിക്ക് ഉണ്ടെന്നുമാണ് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറയുന്നത്. LGBTQI+ ആളുകളെ ചേർത്തു നിർത്താൻ കഴിയാതെ പോയതിൽ സഭ ഔദ്യോഗികമായി ക്ഷമാപണം നടത്തി രംഗത്ത് വന്നിരുന്നു. അതേസമയം, കണ്ണീരോടെ സഭയെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുമെന്നും, സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള മനുഷ്യരെ ഇതിനായി കൂട്ടിച്ചേർക്കുമെന്നും യോർക്ക് ആർച്ച് ബിഷപ്പ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. ആർച്ച് ബിഷപ്പ് വെൽബിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമാണ് ഇത്.

സ്വവർഗ ദമ്പതികളെ വിവാഹം കഴിക്കാൻ പുരോഹിതരെ അനുവദിക്കുന്നതിനുള്ള പഠിപ്പിക്കലിൽ നിന്ന് സഭ പിന്നോട്ടില്ലെന്നും എന്നാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ സഭ ഒരുക്കമാണെന്നുമാണ് ബിഷപ്പുമാർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. വിഷയം അടുത്ത മാസം കൂടുന്ന ജനറൽ സിനഡിൽ ചർച്ചയാക്കുമെന്നും, ഔദ്യോഗിക തീരുമാനം പിന്നാലെ ഉണ്ടാകുമെന്നുമാണ് സഭാ പ്രതിനിധികൾ പറയുന്നത്. 2013 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്വവർഗ വിവാഹം നിയമപരമാണ്. എന്നാൽ നിയമം മാറിയപ്പോൾ സഭ അതിന്റെ പഠിപ്പിക്കലിൽ മാറ്റം വരുത്തിയില്ല എന്നതാണ് നിലവിലെ പ്രശ്നം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഒരു രാജ്യത്ത് നിയമം എല്ലാവർക്കും ഒരുപോലെയാണെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷെ, കാര്യത്തോട് അടുക്കുമ്പോൾ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് അകലുന്നവരാണ് അധികാരികൾ ഉൾപ്പടെയുള്ള ഭരണവർഗം. ഇന്ത്യയിലെ സാഹചര്യവും തികച്ചും വ്യത്യസ്തമല്ല. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി അമിത വേഗത്തിൽ പറന്നു നടക്കുന്ന മന്ത്രിമാരും ഭരണകൂട മേലാളൻമാരും നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളാണ്. എന്നാൽ അതിന് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഓടുന്ന കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരിച്ച സംഭവം ഇതിനോടകം തന്നെ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അതിന്റെ പിഴ അദ്ദേഹത്തിനെതിരെ ചുമത്തി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, അതിൽ വലിയവനെന്നോ, ചെറിയവനെന്നോ ഉള്ള വ്യത്യാസം ഇല്ലെന്നുമുള്ള വലിയ സന്ദേശം പങ്കുവെച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാൻ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സീറ്റ്‌ ബെൽറ്റ് ഊരി മാറ്റുകയായിരുന്നു. ഇന്നലെ തന്നെ ഈ വാർത്ത പുറത്ത് വന്നിരുന്നു. വീഡിയോ ചിത്രീകരിക്കാൻ പോയപ്പോൾ ഉണ്ടായ തെറ്റാണെന്നും, അദ്ദേഹം ക്ഷമാപണം നടത്തിയെന്നും ഓഫീസ് അറിയിച്ചു.

സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതെയുള്ള യാത്രകൾക്ക് 100 പൗണ്ടാണ് പിഴയായി ഈടാക്കുന്നത്. എന്നാൽ അതേസമയം കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടാകും. ഔദ്യോഗിക ചുമതലയിലിരിക്കെ ഇത് രണ്ടാം തവണയാണ് ഋഷി സുനകിനെതിരെ പിഴ ചുമത്തുന്നത്. 2020 ൽ കോവിഡ് 19 നിയന്ത്രണങ്ങൾ മറികടന്ന് ബോറിസ് ജോൺസന്റെ ജന്മദിനത്തിൽ പങ്കെടുത്തതിന് സമാനമായ നടപടി എടുത്തിരുന്നു. ഫിക്‌സഡ് പെനാൽറ്റി നോട്ടീസ് എന്നത് നിയമം ലംഘിക്കുന്നതിനുള്ള പിഴ എന്നാണ് അർത്ഥമാക്കുന്നത്. അത് 28 ദിവസത്തിനുള്ളിൽ അടയ്‌ക്കണം. ഇല്ലാത്തപക്ഷം പോലീസ് കേസ് അന്വേഷിച്ചു കോടതിയെ സമീപിക്കും.

എന്നാൽ അതേസമയം, ഋഷി സുനക് മൊത്തം ബാധ്യതയാണെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ ട്വീറ്റ് ചെയ്തു. പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത്‌ നിന്നുൾപ്പടെ വലിയ വിമർശനമാണ് സംഭവത്തിൽ ഉയർന്നത്. എന്നാൽ പിഴ അടയ്‌ക്കുന്നതോടെ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒരേ നിയമം രണ്ട് രീതിയിലാണ് നിലനിൽക്കുന്നതെന്ന് പറയാതെ വയ്യ. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മന്ത്രിമാർ ഉൾപ്പടെയുള്ള ഭരണവർഗം യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളും നിത്യ സംഭവങ്ങളാണ്. അമിത വേഗതയും, സുരക്ഷാ മാനദണ്ഡങ്ങൾ മറന്നുള്ള ഇത്തരം യാത്രകൾക്ക് കടിഞ്ഞാൺ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ യുകെ മോഡൽ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആശുപത്രിയിൽ ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ലീഡ്‌സിലെ സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും, അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സംഭവത്തിൽ ലീഡ്‌സ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആശുപത്രിയുടെ മെറ്റേണിറ്റി വിംഗിന് സമീപമാണ് ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിലെ അംഗത്തിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ആശുപത്രിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ടെന്നുമാണ് സംഭവത്തിൽ വെസ്റ്റ് യോർക്ക്ഷയർ പോലീസ് പറയുന്നത്. പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

വിദഗ്ധരുടെ സഹായം ഉൾപ്പടെ സ്വീകരിച്ചാണ് നിലവിൽ അന്വേഷണം മുൻപോട്ട് പോകുന്നത്. ഉച്ചമുതൽ തന്നെ അഗ്നിശമന സേനാംഗങ്ങളും, ബോംബ് നിർവീര്യമാക്കുന്ന യൂണിറ്റും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കവൻട്രിയിൽ താമസിച്ചിരുന്ന 33കാരനായ യുവ നേഴ്‌സ് അരുൺ എം എസ് മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടത്തിന് പിന്നാലെയാണ് മരണ വാർത്ത പുറം ലോകമറിഞ്ഞത്‌. അരുൺ ഹോസ്‌പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമായി.

ഉറക്കത്തില്‍ പാട്ടു കേട്ട് കിടന്ന നിലയിലാണ് അരുണിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ചെവിയില്‍ ഹെഡ്ഫോണ്‍ കണ്ടെത്തിയിരുന്നതിലാണ് ഈ നിഗമനം. ഇതോടെ ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതം ആയിരിക്കാം യുവ നേഴ്സിന്റെ മരണത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. കവന്‍ട്രി ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ലഭിച്ച ഭാര്യ ആര്യ ഉടൻ തന്നെ യൂകെയിലെത്തിചേരാനിരിക്കെയാണ് അരുണിനെ മരണം തട്ടിയെടുത്തത് . അരുണിനും ആര്യയ്ക്കും മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ട് .

അരുണിന്റേത് ആകസ്മിക മരണം ആയതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മൃതദേഹം വിട്ടുകൊടുക്കുകയുള്ളു. ഇതിൻെറ നടപടിക്രമങ്ങൾക്കായി രണ്ടു മുതൽ മൂന്ന് ആഴ്ച വരെ സമയം വേണ്ടിവരും .

അരുണിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം പൊറുതിമുട്ടിയ യുകെ മലയാളികൾക്ക് തെല്ലൊരാശ്വാസവുമായി എനർജി ബില്ലിൽ കുറവ് ഉണ്ടാകുമെന്ന വാർത്ത പുറത്തുവന്നു. ഈ വേനൽ കാലത്ത് എനർജി ബിൽ 600 പൗണ്ട് വരെ കുറയുമെന്നാണ് റിപ്പോർട്ടുകൾ . ഗ്യാസിന്റെ ഹോൾസെയിൽ വിലയിൽ ഉണ്ടായേക്കാവുന്ന കുറവാണ് ഇതിന് കാരണം.

ഏപ്രിലിൽ ഗ്യാസിന്റെ ഹോൾസെയിൽ വില 3208 പൗണ്ടിലേയ്ക്കും ജൂലൈയിൽ ഇത് 2200 പൗണ്ടിലേയ്ക്കും കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ എനർജി ബില്ലുകളിൽ കുറവ് വരുകയാണെങ്കിൽ നിലവിൽ സർക്കാർ നൽകുന്ന സബ്സിഡി തുടർന്ന് ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹോൾസെയിൽ വിലയിലെ കുറവ് ജനങ്ങളുടെ ബില്ലിൽ എത്രമാത്രം പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാണ്. എനർജി ബില്ലിൽ കുറവ് ഉണ്ടായെങ്കിൽ പോലും ഗാർഹിക ബില്ലുകൾ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലായിരിക്കും എന്നതാണ് സാധാരണക്കാരെ അലട്ടുന്ന വസ്തുത.


റഷ്യ ഉക്രൈൻ യുദ്ധമാണ് എനർജി ബില്ലുകളിലെ കുതിച്ചു കയറ്റത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു മൂലം യുകെയിലെ എനർജി ബില്ലുകളിൽ വൻ കുതിച്ചു കയറ്റമുണ്ടായത് ജനങ്ങളുടെ ജീവിതത്തിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരമുഖത്താണ് .

Copyright © . All rights reserved