Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തു വിടുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബലാൽസംഗവും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളും മറ്റും ഒഴിവാക്കിയാണ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി കാണിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 2010 മുതൽ മൊത്തം കുറ്റകൃത്യങ്ങൾ പകുതിയായി കുറഞ്ഞതായാണ് കാണിക്കുന്നത്.


എന്നാൽ ഈ കണക്കുകൾ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളും ഒഴിവാക്കുന്നതാണ് ഇതിന് കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഒ എൻ എസിന്റെ വാദം. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഒഴിവാക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ വ്യാപ്തി മറയ്ക്കുവാൻ മനഃപൂർവ്വം സ്വീകരിക്കുന്ന നടപടിയാണെന്നാണ് വിമർശകർ പറയുന്നത്.

പലപ്പോഴും ഗാർഹിക പീഡനങ്ങളും മറ്റും റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സിലെ ഹെലൻ റോസ് പറഞ്ഞു. പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മോഷണം, കവർച്ച, ക്രിമിനൽ നാശനഷ്ടങ്ങൾ എന്നിവ മാത്രമേ കണക്കുകളിൽ കാണുകയുള്ളൂ . 2023ലെ കണക്കുകൾ പ്രകാരം 16 നും 59 നും ഇടയിൽ പ്രായമുള്ള 4 % സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. 2014 – മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയും കാനഡയുമായി ഏകദേശം രണ്ടു വർഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചർച്ചകൾ നിർത്തിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രെക്സിറ്റിന് മുമ്പ് യുകെ യൂറോപ്യൻ യൂണിയൻ അംഗമായിരുന്നപ്പോൾ നിലവിൽ നിന്നിരുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തി വന്നിരുന്നത്.

കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോർമോണിന്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിൽ വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കാൻ കാരണമായിരിക്കുന്നത്. എന്നാൽ പുതിയ വ്യാപാര കരാർ നിലവിൽ വരാത്തതിൽ രണ്ടു രാജ്യങ്ങളിലെ വിവിധ മേഖലകളിൽ പെട്ട കമ്പനികൾ കടുത്ത അസന്തുഷ്ടിയിലാണ്. കരാർ നിലവിൽ വന്നില്ലെങ്കിൽ ഇറക്കുമതി നികുതി കൂടാതെ കാറുകളും മറ്റും കാനഡയിൽ വിൽക്കാൻ യുകെയിലെ നിർമ്മാതാക്കൾക്ക് ഇനി കഴിയില്ല.

2021ൽ ബ്രെക്സിറ്റിനു ശേഷം ഒരു വ്യാപാര പങ്കാളികളുമായി ചർച്ചകൾ യുകെ ഔദ്യോഗികമായി ഉപേക്ഷിക്കുന്നത് ആദ്യമായാണ് . ഏപ്രിൽ ആദ്യം മുതൽ കനേഡിയൻ വിപണിയിൽ വിൽക്കാൻ ഇനി ബ്രിട്ടീഷ് കമ്പനികൾ കൂടുതൽ ഇറക്കുമതി നികുതികൾ നൽകേണ്ടതായി വരും. ചർച്ചകൾ നിർത്തിവച്ചതിൽ നിരാശയുണ്ടെന്നും അത് യുകെ ബിസിനസ് സെക്രട്ടറി കെമി ബാസേനോക്കിനെ അറിയിച്ചിട്ടുണ്ടെന്നും കാനഡയിലെ ട്രേഡ് മിനിസ്റ്ററുടെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ നടത്തിയ മനുഷ്യഹത്യയുടെ തെളിവുകൾ അടങ്ങുന്ന വീഡിയോ ഫൂട്ടേജ് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനു കൈമാറിയിരിക്കുകയാണ് ഇസ്രയേൽ. നിരപരാധികളായ സാധാരണക്കാരെ ഹമാസ് ഭീകരർ കൊലപ്പെടുത്തി വികൃതമാക്കിയതിൻ്റെ ഭയാനകമായ ദൃശ്യങ്ങളാണ് ഇസ്രായേൽ അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച്, ഇസ്രായേലിനെതിരെ മനുഷ്യഹത്യയ്ക്ക് അന്താരാഷ്ട്ര കോടതിയിൽ സൗത്ത് ആഫ്രിക്ക നൽകിയ കേസിൽ വെള്ളിയാഴ്ച ഇടക്കാല വിധി വരാനിരിക്കെയാണ് ഇസ്രയേൽ ഈ വീഡിയോ പുറത്ത് വിട്ടത്. 25000 ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടതായി കാണിച്ച്, ഇസ്രായേലിന്റെ ഗാസാ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ മാസമാദ്യം സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ തങ്ങൾ വംശഹത്യയുടെ ഇരയാണെന്നും, തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്നും വാദിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഹമാസിന്റെ ക്രൂരതകൾ കാണിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുമ്പോഴും, തകർന്നു തരിപ്പണമാക്കപ്പെട്ട ഗാസയിലെ ദുരന്തം ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ നിലനിൽക്കുകയാണ്.

ഒക്ടോബർ 7ന് അതിർത്തിക്കടുത്ത് നിന്ന് ഏകദേശം 3000 ത്തോളം തീവ്രവാദികളാണ് കടൽ മാർഗ്ഗവും കര മാർഗ്ഗവുമായി തങ്ങളെ ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നുണ്ട്. കുട്ടികളും പ്രായമുള്ളവരും വികലാംഗരും ഉൾപ്പെടെ ഏകദേശം 1200 ലധികം ആളുകളെ കൊല്ലുകയും പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയും, ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത ഹമാസ് ഭീകരത ഇസ്രയേൽ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് . ഏകദേശം 250-ലധികം ആളുകളെ ഗാസയിലേക്ക് ഇവർ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഒക്ടോബർ 7 -ന് രാവിലെ അതിർത്തി വേലി ഭേദിക്കുമ്പോൾ ജിഹാദികൾ സ്ഫോടകവസ്തുക്കൾ എറിയുന്നതും അല്ലാഹു അക്ബർ എന്ന് നിലവിളിക്കുന്നതും ഫൂട്ടേജിൽ കാണിക്കുന്നുണ്ട്. അധിനിവേശം എന്ന പേരിൽ അവർ പിക്ക്-അപ്പ് ട്രക്കുകളിൽ ഇസ്രായേലിലേയ്ക്ക് അതിവേഗം പായുന്നതും, സിവിലിയൻ കാറുകൾക്ക് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ വെടിവയ്ക്കുന്നതും വീഡിയോ ഫൂട്ടേജിൽ വ്യക്തമാക്കുന്ന കാഴ്ചകളാണ്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് ഇസ്രയേൽ പുറത്തുവിട്ട വീഡിയോയിലുള്ളത്. എന്നാൽ ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിന്റെ ഭയാനകതയെയാണ് സൗത്താഫ്രിക്ക ചൂണ്ടിക്കാട്ടുന്നത്. ഹമാസിന്റെ ഭീകരതയും നിർവീര്യമാക്കാൻ ഉള്ള ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയിൽ കൂടുതൽ വാദങ്ങൾ ഉണ്ടാകും

കോവിഡ് സമയത്ത് മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം ലോങ്ങ് കോവിഡ് പിടിപെട്ടതിനെ തുടർന്ന് ദുരിതത്തിലായ നൂറുകണക്കിന് ഡോക്ടർമാർ എൻഎച്ച്എസ്സിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗുണമേന്മയില്ലാത്ത പി പി ഇ കിറ്റുകൾ കാരണമാണ് പലരും രോഗത്തിന്റെ പിടിയിലായതെന്നാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്ന വിമർശനം. നിലവിൽ ഡോക്ടർമാരുടെ കാര്യം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. എന്നാൽ രോഗികളുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടതായി വന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രവർത്തകരും സമാനമായ രീതിയിൽ നിയമനടപടികളുമായി മുന്നോട്ടു പോയേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോങ്ങ് കോവിഡ് ബാധിച്ച ഒട്ടേറെ ഡോക്ടർമാരുടെ മോശമായ ആരോഗ്യസ്ഥിതിയുടെ കൂടുതൽ വിവരങ്ങൾ എൻഎച്ച്എസിനെതിരെയുള്ള കേസിന്റെ പശ്ചാത്തലത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പി പി ഇ യുടെ അഭാവത്തെ കുറിച്ചുള്ള ആശങ്കകൾ അവഗണിച്ചതിനെ തുടർന്ന് തനിക്ക് കോവിഡ് ബാധിച്ച് നട്ടെല്ലിന് തകരാർ ഉണ്ടായതായി വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോ നതാലി മക്‌ഡെർമോട്ട് പറഞ്ഞു. 2020 നവംബറിൽ ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫർമറിയിലെ കോവിഡ് വാർഡിൽ ജോലി ചെയ്ത ഡോ കെല്ലി ഫെർൺലിയ്ക്ക് തലച്ചോറിൽ വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പിടിപെട്ടത്.

ലോങ്ങ് കോവിഡ് ബാധിച്ച 600 ഡോക്ടർമാരിൽ കഴിഞ്ഞവർഷം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ 60 ശതമാനം പേർക്ക് രോഗം ബാധിച്ചതിന് ശേഷം സ്ഥിരമായ അസുഖം ബാധിച്ചതായി കണ്ടെത്തി. ഇതിൽ പകുതിയോളം പേർക്ക് ( 48%) രോഗം മൂലം അവരുടെ വരുമാനവും ഇല്ലാതായി. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലും കൂടുതൽ ഗുണമേന്മയുള്ള പി പി ഇ കിറ്റുകൾ ഉപയോഗിക്കുന്നതിനും സർക്കാരിൻറെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് ഡോക്ടർമാർ ആരോപിക്കുന്നത്

യുകെ വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ. മലയാളി നേഴ്സുമാരെ സൗജന്യമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ യുകെയില്‍ എത്തിക്കുന്നതെങ്കിലും ഇതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം ഇല്ലാതെ പോകുന്ന നേഴ്സുമാര്‍ കെയര്‍ ഹോമുകളില്‍ വൃദ്ധരെ പരിചരിക്കുന്ന കെയര്‍ വിസയ്ക്കായി സ്വകാര്യ റിക്രൂട്ടിങ് കമ്പനികളെയാണ് സമീപിക്കുക. ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീണു പോകുന്നത് നിരവധി പേരാണ്.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികൾ അഴിഞ്ഞാടുന്നുണ്ടെങ്കിലും ഇവർക്കെതിരെ സർക്കാരുകൾ നിലപാടുകൾ ഒന്നും എടുക്കാത്തതിനാൽ ആയിരങ്ങളിൽ നിന്ന് ശത കോടികളാണ് ഇതിനകം നഷ്ടമായിരിക്കുന്നത്. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കേരളത്തിലെ വ്യാജ വിസ ലോബിക്കെതിരെ ചെറു വീരല്‍ അനക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. വിസ ലോബിയുടെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ ശക്തമായി നിലയുറപ്പിക്കുന്നു എന്ന സംശയം ഉണര്‍ത്തുന്നതാണ് ഇതിനകം നല്‍കിയ പരാതികളില്‍ കാണുന്ന മെല്ലെപ്പോക്ക് നയം. പരാതിക്കാരെ വിളിച്ചു റിക്രൂട്ടിങ് ഏജന്‍സി നടത്തിപ്പുകാര്‍ വെല്ലുവിളി ഉയര്‍ത്തുന്നതും സംശയത്തിൻെറ ആക്കം കൂട്ടുകയാണ്.

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗികളെ ഉപദ്രവിക്കുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എൻഎച്ച് എസ് ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരേ ആശുപത്രിയിൽ നിന്ന് തന്നെ ഇത്രയധികം ജീവനക്കാർക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂർവ്വമാണ്. ഇതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്.

ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാർ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്. സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ ഡോക്ടർമാർ, നേഴ്സുമാർ, ഹെൽത്ത് കെയർ അനസ്തേഷ്യന്മാർ, നോൺ ക്ലിനിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള രജിസ്റ്റർ ചെയ്ത പ്രൊഫഷനലുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രോഗികളുടെ മരണങ്ങളോ മറ്റൊ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടോ എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ ഹോസ്പിറ്റൽ ട്രസ്റ്റ് വിസമ്മിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളെ സംരക്ഷിക്കുന്നതിനുള്ള മതിയായി ജീവനക്കാർ ആശുപത്രിയിൽ ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ രോഗികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ പരിചരണം നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ നോട്ടിംഗ് ഹാം ഷെയർ ഹെൽത്ത് കെയർ പ്രതിജ്ഞാബദ്ധരാണെന്ന് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിൽ താമസമാക്കിയിട്ടുള്ള ബീന വിന്നി (54 ) ആണ് മരണത്തിന് കീഴടങ്ങിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിന്നി ജോൺ ആണ് ഭർത്താവ്.

ഏറെ നാൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷൻ അംഗമാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി , എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന വിന്നി സാലീസ്ബറിയിലെ മതധ്യാപകകൂടിയായിരുന്നു .

സൈക്കോളജിയിൽ ബിരുദം നേടിയ റോസ്മോൾ വിന്നിയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റിച്ചാർഡ് വിന്നിയും ആണ് വിന്നി ബീന ദമ്പതികളുടെ മക്കൾ. എറണാകുളം കോതമംഗലം സ്വദേശിയാണ് ബീന വിന്നി. സംസ്കാര ശുസ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .

ബീന വിന്നിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒന്നൊഴിയാതെ വരുന്ന കൊടുങ്കാറ്റിന്റെ ഭീതിയിലാണ് യുകെ. ഇഷ കൊടുങ്കാറ്റ് നാശംവിതച്ച് രണ്ടുപേർ മരിച്ചതിന് പിന്നാലെ പുതിയ കൊടുങ്കാറ്റ് യുകെയിലെത്തുന്നു. ജോസെലിൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റ് യുകെയിൽ 76 മൈൽ വേഗത്തിൽ ആഞ്ഞടിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൊവ്വാഴ്ച യുകെയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഇന്ന് കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതപ്പെടുന്നത്. വെൽഷ് ഗ്രാമമായ അബർഡറോണിൽ ഇതുവരെ 76 മൈൽ വേഗതയിൽ ശക്തിയേറിയ കാറ്റ് വീശിയതായാണ് റിപ്പോർട്ടുകൾ. സ്കോട്ട് ലൻഡിലെ പലസ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് വീടുകളിൽ പവർകട്ട് ബാധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ചില ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ് . ഇന്ന് പുലർച്ചെയാണ് ഏറ്റവും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രാത്രി മുഴുവൻ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട് . ജോസെലിൻ കൊടുങ്കാറ്റ് വീശുന്നതിനാൽ കൂടുതൽ പവർകട്ടുകൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോർസെസ്റ്ററിൽ താമസിക്കുന്ന സ്റ്റീഫൻ മൂലക്കാട്ട് (53) നിര്യാതനായി. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ത്രീ കൗണ്ടി, ഹോളി കിംഗ്സ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിലെ അംഗമായിരുന്ന അദ്ദേഹത്തിൻറെ മാതൃ ഇടവക വെളിയന്നൂർ സെൻറ് മേരീസ് പള്ളിയാണ്.

ഭാര്യ ലിസി മുല്ലപ്പള്ളിൽ പുന്നത്തറ കുടുംബാംഗമാണ്.

മക്കൾ: ഉല്ലാസ്, ഫെലിക്സ്, കെസിയ .
മരുമകൾ: റോസ് മേരി.

സ്റ്റീഫൻ മൂലക്കാട്ടിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved
➤