Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌കാം മെസ്സേജുകൾ അയക്കുന്നതിൽ തട്ടിപ്പുകാർ ആശ്രയിക്കുന്നത് നിർമ്മിത ബുദ്ധിയെ. എ ഐയുടെ സഹായത്തോടെ തയ്യാറാക്കിയ ഇത്തരം ഇമെയിലുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമമെന്ന മുന്നറിയിപ്പ് നൽകി യുകെയുടെ സൈബർ സുരക്ഷാ ഏജൻസി. പാസ്‌വേഡുകളോ വ്യക്തിഗത വിശദാംശങ്ങളോ കൈമാറാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ AI ഉപകരണങ്ങളുടെ സങ്കീർണ്ണത കാരണമാണ് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻ.സി.എസ്.സി) പറഞ്ഞു.

ലളിതമായ ടെക്സ്റ്റ് സന്ദേശങ്ങളിൽ (പ്രോംപ്റ്റ്) നിന്ന് ടെക്‌സ്‌റ്റ്, വോയ്‌സ്, ഇമേജുകൾ എന്നിവ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ജനറേറ്റീവ് AI. ചാറ്റ് ജി പി റ്റി പോലുള്ള ചാറ്റ്ബോട്ടുകളും ഓപ്പൺ സോഴ്‌സ് മോഡലുകലും ജനങ്ങൾക്ക് വ്യാപകമായി ലഭ്യമാണ്. AI സൈബർ ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നും ജി സിഎച്ച്ക്യു ചാര ഏജൻസിയുടെ ഭാഗമായ എൻ.സി.എസ്.സി പറഞ്ഞു.

ജനറേറ്റീവ് എഐയുടെ ചാറ്റ്ബോട്ടുകൾ സ്പൂഫ് സന്ദേശങ്ങളും സോഷ്യൽ എഞ്ചിനീയറിംഗും പോലുള്ള വ്യത്യസ്ത തരം ആക്രമണങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കും. 2025 വരെ, ജനറേറ്റീവ് AI പാസ്‌വേഡ് പുനഃസജ്ജീകരണ അഭ്യർത്ഥന മറ്റുമായി ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണോ എന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. കഴിഞ്ഞ വർഷം ബ്രിട്ടീഷ് ലൈബ്രറി, റോയൽ മെയിൽ തുടങ്ങിയ സ്ഥാപനങ്ങളെ ബാധിച്ച റാൻസംവെയർ ആക്രമണങ്ങളും വർധിക്കുമെന്ന് എൻസിഎസ്‌സി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞവർഷം ജൂൺ മാസത്തിൽ നോട്ടിങ്ഹാമിൽ ആക്രമിയായ ഒരാൾ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയത് ബ്രിട്ടനെയാകെ തകർത്ത വാർത്തയായിരുന്നു. പത്തൊമ്പതു വയസ്സുള്ള ഗ്രേസ് ഒമാലി, ബാർണബി വെബർ എന്നിവരും അറുപത്തഞ്ച് വയസുള്ള ഇയാൻ കോയാട്ട്സ് എന്നയാളുമാണ് മുപ്പത്തിരണ്ടുകാരനായ വാൾഡോ കാലോകെയ്ൻ എന്ന വ്യക്തിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഗ്രേസ് ഒമാലി കുമാർ എന്ന പെൺകുട്ടി തന്റെ സുഹൃത്തിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അവളുടെ സഹോദരൻ കോടതിയിൽ വെളിപ്പെടുത്തി. തന്റെ അവസാന നിമിഷങ്ങളിലും ഗ്രേസ് വളരെയധികം ധൈര്യപൂർവ്വമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം കോടതിയിൽ നടന്നുവരികയാണ്. തങ്ങളുടെ മകളെക്കുറിച്ച് ഓർത്തു തങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ സുഹൃത്തിന് നേരിട്ടപ്പോൾ ഓടി രക്ഷപ്പെടുവാൻ ശ്രമിക്കാതെ, കൂടെ നിന്ന് രക്ഷപ്പെടുത്തുവാനാണ് തങ്ങളുടെ മകൾ ശ്രമിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ഗ്രേസും വെബറും തങ്ങളുടെ പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിലേക്ക് നടന്നുവരുന്ന വഴിയാണ് ആക്രമണം നേരിട്ടതെന്ന് കോടതി കേട്ടു.


ബാർണബി വെബറിനെ നിരവധി തവണയാണ് ആക്രമി കുത്തി പരിക്കേല്പ്പിച്ചത്. അക്രമിയെ തന്നാലാവുന്ന വിധം പ്രതിരോധിക്കുവാൻ ഗ്രേസ് ശ്രമിച്ചെങ്കിലും ആക്രമി അവളെയും പിന്നീട് കുത്തുകയായിരുന്നു. പാരനോയിഡ് സ്‌കിസോഫ്രിനിയ എന്ന രോഗത്തിന് അടിമപ്പെട്ട ആളാണ് അക്രമി എന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ആക്രമിച്ചതിനുശേഷം പിന്നീട് അക്രമി, മെയ് പ്പർലി റോഡിലെ പ്രസിഡൻഷ്യൽ ഹോസ്റ്റലിന് സമീപം എത്തുകയും, കെയർടേക്കറെ ആക്രമിക്കുകയും ആയിരുന്നു. സംഭവത്തിൽ കോടതി ഉടൻ വിധി പ്രഖ്യാപനം ഉണ്ടാകും.

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് എൻ എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. യുകെയിൽ ആദ്യമായി സോമർ സെറ്റിലാണ് രോഗികൾക്ക് പുതിയ ഗുളിക നൽകിയത്. എൻഎച്ച്എസ്സിന്റെ ഭാഗമായി ആദ്യമായി ഈ പുതിയ ചികിത്സ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സോമർ സെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ പ്രൊഫ. റിച്ചാർഡ് വെൽബോൺ പറഞ്ഞു.

ടൗണ്ടണിലെ മസ്ഗ്രോവ് പാർക്ക് ഹോസ്പിറ്റലിൽ രണ്ട് രോഗികൾക്കാണ് ആദ്യമായി മരുന്ന് നൽകിയത്. മറ്റ് മൂന്ന് രോഗികൾക്ക് കൂടി ഫെബ്രുവരി ആദ്യം ചികിത്സ ലഭ്യമാക്കും. ഒരു ഡസനോളം മറ്റ് രോഗികൾക്കും ചികിത്സയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ 4000 പൗണ്ട് ചിലവ് വരുന്ന ചികിത്സയാണ് ഇത്.

 

രോഗികൾക്ക് ഗ്യാസ്ട്രിക് ബലൂൺ അടങ്ങിയ ഗുളികകൾ നൽകിയതിനു ശേഷം അതിൽ വെള്ളം നിറയ്ക്കുന്നതാണ് ചികിത്സാരീതി. ചികിത്സ ലഭിക്കുന്നവർക്ക് കൂടുതൽ നേരം വയറ് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതു കൊണ്ട് അവർ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ. 15 മിനിറ്റ് സമയം കൊണ്ട് ചികിത്സ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ളതും ഇതിൻറെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020 -ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് (നൈസ് ) ഈ ചികിത്സാ രീതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏതെങ്കിലും രീതിയിൽ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങൾ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവർമാർ ഉടൻ തന്നെ ഡ്രൈവർ ആൻ്റ് വെഹിക്കിൾ ലൈസൻസി ഏജൻസിയെ അറിയിക്കണം. പ്രായമായവർക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളിൽ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവർ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള റിപ്പോർട്ടുകളെ തുടർന്നാണിത് . നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ വാഹനം ഓടിക്കുന്നവർ 20 മീറ്റർ അകലത്തിൽ നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കാൻ പറ്റുമോ എന്നാണ് പരിശോധിക്കുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോഷ്യൽ കെയർ മേഖലയിൽ മോഡേൺ സ്ലേവറി ദിനംപ്രതി വർദ്ധിക്കുന്നതായി റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി മന്ത്രിമാർ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കെയർ ഹോമുകളിലും വീടുകളിലുമായി ജോലി ചെയ്യുന്ന 800 ലധികം പേർ ഇതിന് ഇരകളാണ്. ഗവൺമെന്റിന്റെ വിസ സ്കീമിന് മുമ്പ് രേഖപ്പെടുത്തിയ കണക്കുകളേക്കാൾ പത്തിരട്ടിയാണിത്.  ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.   കഴിഞ്ഞദിവസം ഹോം ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് കെയർഹോം പൂട്ടിയ സാഹചര്യത്തിൽ 32 മലയാളി നേഴ്സുമാർക്ക് ജോലി നഷ്ടമായത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പല തൊഴിലാളികളും ഇടുങ്ങിയ മുറികളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. പലർക്കും ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു ചിലർ വിസ സംബന്ധമായ കാര്യങ്ങൾക്കായി ഏജന്റുമാർക്ക് അമിത ഫീസ് നൽകേണ്ടി വന്നതായി പറയുന്നു. യുകെയിലുടനീളം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. വാർത്ത പുറത്ത് വന്നതോടെ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ കെയർ സ്ഥാപനങ്ങളിലും കൗൺസിലുകളിലും എൻഎച്ച്എസ് കർശനമായ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു.

അഡൾട്ട് സോഷ്യൽ കെയർ സെന്ററുകളിൽ തൊഴിലാളികളുടെ ചൂഷണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്നും കൂടുതലും വിദേശത്ത് നിന്ന് യുകെയിലേക്ക് ഹ്രസ്വകാല വിസയിൽ വരുന്നവരാണ് ഇതിന് ഇരയാകുന്നതെന്നും ആന്റി-സ്ലേവറി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു. തങ്ങളുടെ ഹെൽപ്പ് ലൈനിലേയ്ക്കുള്ള കോളുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം മോഡേൺ സ്ലേവറിക്ക് 800 ൽ അധികം പേർ ഇരകളായതായി ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള ആന്റി-സ്ലേവറി ചാരിറ്റിയായ അൺസീൻ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പകർച്ചവ്യാധികൾക്കെതിരെ കൈകോർക്കാൻ പാൻഡെമിക് ട്രീറ്റിയിൽ ചേരാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ഇനി വരുന്ന പകർച്ചവ്യാധി കോവിഡിനെക്കാൾ 20 മടങ്ങ് മാരകമായ ഒന്നായിരിക്കും എന്ന മുന്നറിയിപ്പും സംഘടന നൽകി. മെയ് മാസത്തോടെ രാജ്യങ്ങൾ കരാറിൽ ഒപ്പിടണമെന്നും ഇല്ലെങ്കിൽ ഇത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരത ആകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡോർസ് ഗെബ്രിയേസസ് പറഞ്ഞു.

ഇനി ഒരു പകർച്ചവ്യാധി ലോകം മുഴുവൻ പൊട്ടിപുറപ്പെടുന്നതിന് മുൻപ് തന്നെ അതിനെ അടിച്ചമർത്തണമെന്നും അതിനായി രാജ്യങ്ങൾ കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലയളവിൽ രാജ്യങ്ങൾ ഒന്നും തന്നെ അത്തരത്തിലുള്ള ഒരു പകർച്ചവ്യാധിക്കായി തയ്യാറെടുപ്പുകൾ എടുത്തിരുന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി ഒരു മഹാമാരി എപ്പോൾ ഉണ്ടാകുമെന്നും പറയാൻ സാധിക്കില്ല.

ലോകമാകമാനം പകരാൻ സാധ്യത ഉള്ള അടുത്ത പകർച്ചവ്യാധിയായ ഡിസീസ് x നെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ലോകാരോഗ്യ സംഘടനാ ഇപ്പോൾ. ഇത് എബോള, സാർസ് അല്ലെങ്കിൽ സിക്ക വൈറസ് പോലെ തന്നെ അപകടസാധ്യതയുള്ളതാണെന്നാണ് നിഗമനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കോവിഡ് പാൻഡെമിക് 7 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായിരുന്നു. പുതിയ നീക്കം ഇത്തരത്തിലുള്ളൊരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ കാരണമാകും. 2021-ൽ നിർദ്ദേശിക്കപ്പെട്ട കരാറിൻെറ കരട് സംബന്ധിച്ച ചർച്ചകൾ 2022 ഒക്ടോബറിൽ ആരംഭിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചിചെസ്റ്ററിൽ താമസിക്കുന്ന യു കെ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിൽ അതിരമ്പുഴ സ്വദേശിയായ കല്ലുങ്കൽ സജിയാണ് മരിച്ചത്. ഭാര്യ നാട്ടിൽ അവധിക്ക് പോയതുകൊണ്ട് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ നാട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

ചിചെസ്റ്റർ സെൻറ് റിച്ചാർഡ് ഹോസ്പിറ്റലിൽ ആണ് സജി ജോലി ചെയ്തിരുന്നത്. ബ്രൈറ്റണിൽ നിന്ന് ചിചെസ്‌റ്ററിലേയ്ക്ക് ഏതാനും വർഷം മുമ്പാണ് സജിയും കുടുംബവും താമസം മാറിയെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്.

സജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈദ്യശാസ്ത്ര രംഗം വളരെ പുരോഗമിച്ചിട്ടും ക്യാൻസറിന്റെ മാരകമായ പിടിയിൽ നിന്ന് മനുഷരാശിയെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ല . അർബുദ ചികിത്സയ്ക്കായി പ്രതിവർഷം നല്ലൊരു തുകയാണ് എൻഎച്ച്എസ് ചിലവഴിക്കുന്നത്. 2034 – ഓടെ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സ്തനാർബുദം മൂലം പ്രതിവർഷം 3.6 ബില്യൺ പൗണ്ട് നഷ്ടം സംഭവിക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തു വന്നു.

കഴിഞ്ഞവർഷം 2.6 -2.8 ബില്യൺ പൗണ്ട് ആണ് സ്തനാർബുദ രോഗത്തിന്റെ പരിണിതഫലമായി സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം. ഇത് യുകെയുടെ മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 0.1 ശതമാനമാണ്. വരും വർഷങ്ങളിൽ ക്യാൻസർ കേസുകൾ കുറയ്ക്കാൻ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 40 ശതമാനത്തിലേയ്ക്ക് ഈ ആഘാതം വളരും എന്ന മുന്നറിയിപ്പാണ് തിങ്ക്ടാങ്ക് ഡെമോസ്, ചാരിറ്റി ബ്രെസ്റ്റ് ക്യാൻസർ നൗ എന്നിവ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത്.

സാമ്പത്തിക ആഘാതത്തിന്റെ ആഴം കണക്കാക്കുന്നതിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉള്ള എൻഎച്ച്എസ്സിന്റെ ചിലവുകൾ, രോഗികളുടെ ഉത്പാദനക്ഷമതാ നഷ്ടം, രോഗിയുടെയും പരിചരിക്കുന്നവരുടെയും വ്യക്തികത ചിലവുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 -ൽ 56343 പുതിയ സ്തനാർബുദ കേസുകൾ ആണ് കണ്ടെത്തിയത്. 2034 ആകുമ്പോൾ ഇത് 64708 കേസുകൾ ആയി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നാംഘട്ടത്തിൽ രോഗനിർണ്ണയം നടത്തിയ 98% സ്ത്രീകളും 5 വർഷമോ അതിൽ കൂടുതലോ അതിജീവിക്കുന്നുണ്ടങ്കിലും യുകെയിൽ മാത്രം പ്രതിവർഷം 11, 000 മരണങ്ങൾക്കാണ് ബ്രസ്റ്റ് കാൻസർ കാരണമാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇഷ കൊടുങ്കാറ്റ് ശക്തമായിരിക്കുന്നതിനാൽ യുകെയിൽ മുഴുവൻ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞിരിക്കുകയാണ്. ലണ്ടനിലും സൗത്ത് ഈസ്റ്റിന്റെ ചില ഭാഗങ്ങളും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും മെറ്റ് ഓഫീസിന്റെ ആംബർ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. മണിക്കൂറിൽ 128 കിലോമീറ്റർ വേഗത വരെയുള്ള കാറ്റുകൾക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. യുകെയിലാകമാനം ഇത്തരമൊരു ജാഗ്രതാ നിർദേശം ലഭിക്കുന്നത് അപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ സ്‌കോട്ട്‌ ലൻഡിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 100 ​​മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന റെഡ് അലർട്ടും പുലർച്ചെ വരെ നിലവിലുണ്ട്. സ്കോട്ട് ലാൻഡിലെ വടക്ക് തുർസോ, വിക്ക്, കിഴക്ക് ഫ്രേസർബർഗ്, പീറ്റർഹെഡ്, തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം തന്നെ ജീവൻ അപകടത്തിലേയ്ക്ക് നയിക്കാവുന്ന തരത്തിലുള്ള ശക്തമായ കാറ്റുകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

മോശമായ കാലാവസ്ഥ മൂലം റെയിൽ ഗതാഗതവും താറുമാറായിരിക്കുകയാണ്. അതേസമയം എയർ ട്രാഫിക് കൺട്രോളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ചില വിമാനങ്ങൾ റദ്ദാക്കുന്നതിനും, ചിലത് വഴി തിരിച്ചു വിടുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. ഈജിപ്തിലെ ഷാർമെൽ ഷെയ്ഖിൽ നിന്ന് ഗ്ലാസ്‌ഗോ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ടുയി വിമാനം കൊടുങ്കാറ്റ് കാരണം അടിയന്തരമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കൂടാതെ ടെനറൈഫിൽ നിന്ന് തിരികെ വരുകയായിരുന്ന വിമാനം എഡിൻബറോയിൽ ഇറക്കുവാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജർമ്മനിയിലെ കൊളോൺ ബോൺ വിമാനത്താവളത്തിൽ ഇറക്കി.

വടക്കൻ അയർലൻഡിൽ 45,000, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 8,000, വെയിൽസിൽ 3,000 എന്നിങ്ങനെ പതിനായിരങ്ങൾ വൈദ്യുതിയില്ലാതെയാണ് കഴിയുന്നത്. തീവ്രവും വിനാശകരവുമായ കാറ്റുകൾ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളിലും ഇഷ കൊണ്ടുവരുമെന്നാണ് മുന്നറിയിപ്പുകളിൽ വ്യക്തമാക്കുന്നത്. യുകെയിൽ ഉടനീളം വ്യാപകമായ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി മുടങ്ങാനുള്ള സാധ്യതകൾ ഉണ്ടെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് കാലാവസ്ഥ ഓഫീസ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ കുറെ നാളായി ജീവിത ചിലവ് വർദ്ധനവിൻ്റെയും പണപ്പെരുപ്പത്തിൻ്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഞെരുക്കത്തിലായിരുന്നു യുകെയിലെ ജനങ്ങൾ. മഹാമാരിക്ക് പിന്നാലെ ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ വിലയിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായത്. എന്നാൽ യുകെയിലെ മലയാളികൾക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പവും പലിശ നിരക്കുകളും കുറയും. അതോടൊപ്പം യു കെ സമ്പദ് വ്യവസ്ഥ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവ് നടത്തുകയും ചെയ്യും. പ്രമുഖ അക്കൗണ്ടൻസി സ്ഥാപനമായ EY Item Club നടത്തിയ പ്രവചനം ഋഷി സുനകിന് ആശ്വാസം നൽകുന്നതാണ്. സാമ്പത്തിക വളർച്ചയിൽ യുകെ മുന്നോട്ട് ആണെന്ന പ്രവചനം കൂടുതൽ ആത്മവിശ്വാസത്തോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ ഋഷി സുനക് സർക്കാരിനെ സഹായിക്കും.

പൊതുതിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ഒട്ടേറെ പുതിയ പദ്ധതികൾ ഋഷി സുനക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനുവരി 6 മുതൽ ദേശീയ ഇൻഷുറൻസ് പിടിക്കുന്നതിൽ കുറവ് വരുത്തിയിരുന്നു. മാർച്ചിലെ ബജറ്റിൽ കൂടുതൽ നികുതി ഇളവിന് സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയും ചാൻസിലർ ജെറമി ഹണ്ടും കഴിഞ്ഞ ആഴ്ച സൂചന നൽകിയിരുന്നു. പ്രവചിച്ചതുപോലെ സമ്പദ് വ്യവസ്ഥയിൽ വളർച്ച ഉണ്ടാവുകയാണെങ്കിൽ 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നികുതിയിളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിലും ജനങ്ങൾ ഋഷി സുനകിനെ അധികാരത്തിൽ ഏറ്റാനുള്ള സാധ്യതയിലേയ്ക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽ ചുണ്ടുന്നത്.

RECENT POSTS
Copyright © . All rights reserved
➤