ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ദൈനംദിന ആവശ്യങ്ങൾക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവരാണ് ഏറെ ആളുകളും. ഭക്ഷണം കഴിക്കാൻ ഹോട്ടൽ മുതൽ ആശുപത്രി വരെ ഗൂഗിൾ മാപ്പാണ് പരിചയപ്പെടുത്തുന്നത്. എന്നാൽ നിലവിലെ സുരക്ഷാ പ്രശ്നം ഒഴിവാക്കാൻ സെറ്റിംഗ്സ് മാറ്റാൻ ഒരുങ്ങുകയാണ് ആളുകൾ. പ്ലാറ്റ്‌ഫോമിന്റെ പനോരമിക് സ്ട്രീറ്റ് കാഴ്‌ചകൾ ഓൺലൈനിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ വീടിനെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതുകൊണ്ട് അപകടസാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന നിർണായക വിവരം.
മുൻകാലങ്ങളിൽ, പൊതുവായി ആക്‌സസ് ചെയ്യാവുന്ന മാപ്പിംഗ് ടൂളുകൾ, ആക്രമണങ്ങൾ അതായത് മോഷണം മുതൽ തീവ്രവാദം വരെ ആസൂത്രണം ചെയ്യുന്നതിനായി ആളുകൾ ഉപയോഗിച്ചിരുന്നു. ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ഗൂഗിൾ മാപ്‌സ് തന്നെ കഴിഞ്ഞ വർഷം ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന്റെ വീടും പിക്‌സലേറ്റ് ചെയ്‌തത്. ഇത് ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ അവരുടെ വീടിന്റെ വിലാസം തിരയാൻ കഴിയും. തുടർന്ന് നിങ്ങളുടെ വീടിന്റെ ഒരു ഫോട്ടോ ദൃശ്യമാകും, അത് ക്ലിക്കുചെയ്‌താൽ പ്രദേശത്തിന്റെ സ്ട്രീറ്റ് വ്യൂ ലഭ്യമാകും.നിങ്ങൾ ബ്ലർ ചെയ്യാൻ ആഗ്രഹിക്കുന്ന വിശദാംശങ്ങൾ ഉണ്ടെങ്കിൽ, മുകളിൽ ഇടത് കോണിലുള്ള മൂന്ന് ചെറിയ ഡോട്ടുകളിൽ ക്ലിക്കുചെയ്യുന്നതിലൂടെ സാധിക്കും. എന്തെങ്കിലും പ്രശ്‌നം ഉള്ളപക്ഷം റിപ്പോർട്ട് ചെയ്യാനും ഓപ്ഷൻ ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വടക്കൻ ലണ്ടനിൽ ഏഴുവയസുകാരിക്ക് വെടിയേൽക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഫീനിക്സ് റോഡിലെ സെന്റ് അലോഷ്യസ് പള്ളിയിൽ ശവസംസ്കാര ശ്രുശ്രുഷ നടക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നത്.
ശവസംസ്കാര ചടങ്ങിന്റെ അവസാനം സമാധാനത്തിന്റെ പ്രതീകമായ വെളുത്ത പ്രാവുകളെ പറത്തി വിട്ടപ്പോൾ ഒരാൾ കാറിൽ നിന്ന് ചാടിയിറങ്ങി ജനക്കൂട്ടത്തിനെ നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കാനായി എത്തിയ ഒരാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് സ്ത്രീകളും ഏഴും പന്ത്രണ്ടും വയസുകാരായ രണ്ട് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ലണ്ടനിൽ നടന്ന ഏറ്റവും വലിയ കൂട്ട വെടിവെപ്പുകളിൽ ഒന്നാണിത്. അപകടത്തിൽ പരുക്കേറ്റ ഏഴ് വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്.
ടോം ജോസ് തടിയംപാട്
രാക്ഷസരൂപം പൂണ്ട ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിനു വിധേയമായി മരണം വരിച്ച യു കെയിലെ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി കുലശേഖരമംഗലം അറക്കൽ അശോകന്റെ മകൾ അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ ശനിയാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിയോട് കൂടി വീട്ടുവളപ്പിൽ തയ്യാറാക്കിയ ചിതയിൽ ദഹിപ്പിച്ചു . അഞ്ജുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന വലിയൊരു ജനാവലി അന്ത്യകർമ്മങ്ങൾക്കു സാക്ഷിയായി .
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാഞ്ചെസ്റ്റെറിൽ നിന്നുപുറപ്പെട്ട വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ 8 മണിക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ അഞ്ജുവിന്റെ കുടുംബവും സാമൂഹിക പ്രവർത്തകരും മൃതദേഹം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു അവിടെനിന്നും ആംബുലൻസിൽ മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്കു കൊണ്ടുപോയി 10 മണിമുതൽ ഒരു മണിവരെ പൊതു ദർശനത്തിനു വച്ചതിനു ശേഷമാണു ചിതയിലേക്ക് എടുത്തത് അഞ്ചുവിന്റെ സഹോദരിയുടെയും മാതാവിന്റെയും പിതാവിന്റെയും കരച്ചിലുകൾ ആരുടെയും ഹൃദയം തകർക്കുന്നതായിരുന്നു .ഞാനും നിന്റെകൂടെ വരുമെന്ന പിതാവിന്റെ വാക്കുകൾ സഹിക്കാവുന്നതായിരുന്നില്ല .
അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെയിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിട്ടുണ്ട് . അഞ്ജുവിന്റെ സ്വർണ്ണം ഉൾപ്പെടെയുള്ള സ്വാകാര്യ വസ്തുക്കളും കുട്ടികളുടെ വസ്തുക്കളും പോലീസ് മനോജിന്റെ കൈവശം കൊടുത്തുയച്ചിട്ടുണ്ട്. അവ പൊതുപ്രവർത്തകരെയും നാട്ടുകാരെയും സാക്ഷിനിർത്തി അഞ്ജുവിന്റെ പിതാവിനെ കൈമാറി .
അഞ്ജുവിന്റെ കേസ് അന്വേഷിക്കുന്ന രണ്ടു പോലീസ് ഓഫീസർമാർ മൃതദേഹത്തോടൊപ്പം നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു എന്നാൽ സാങ്കേതിക കരങ്ങളാൽ അവർ യാത്ര മാറ്റിവച്ചു അടുത്ത ദിവസം തന്നെ അവർ നാട്ടിലെത്തി അഞ്ചുവിന്റെ കുടുംബത്തെയും ഭർത്താവിന്റെ കുടുംബത്തെയും കാണുമെന്നുമാണ് അറിയുന്നത്. തോമസ് ചാഴികാടൻ എം പി ,സി കെ ആശ എം എൽ എ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനു മുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത് കെറ്ററിംഗിലെ പൊതുദർശന സമയത്തും വലിയ ഇംഗ്ലീഷ് ,മലയാളി സമൂഹങ്ങളുടെ സാന്നിധ്യം അനുഭപ്പെട്ടിരുന്നു.
ഡിസംബർ 15 നാണ് അഞ്ചുവും(35 ) മക്കളായ ജീവ (6 ),ജാൻവി (4 ) എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ചുവിന്റെ ഭർത്താവു കണ്ണൂർ സ്വദേശി സജു (54 ) ചെലവേലിയിൽ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് . അഞ്ജുവിന്റെ മൃതദേഹം പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം ചിതയിൽ അമർന്നപ്പോൾ ഒരു പാടു ചോദ്യങ്ങൾ ബാക്കിയാണ് എന്തിനു സജു ഈ ക്രൂരത കാണിച്ചു ?അതിനു പോലീസ് മറുപടി പറയും എന്നതിൽ സംശയമില്ല. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് ഈ ക്രൂരതയ്ക്ക് ഞങ്ങൾ മാക്സിമം ശിക്ഷ മേടിച്ചുകൊടുക്കുമെന്നാണ്.
വളരെ വലിയ സ്വപ്നങ്ങളുമായി യു കെയിൽ എത്തിയ ഒരു കുടുംബം മാത്രമല്ല തകരുന്നത് മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ജുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും ജീവിതംകൂടിയാണ് തകരുന്നത്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു വേണ്ടിവന്ന 6400 പൗണ്ട് ചിലവ് ബ്രിട്ടനിലെ ഇന്ത്യൻ എംബസിയാണ് വഹിച്ചത് . അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ കെറ്ററിംഗ് മലയാളി വെൽഫേയർ അസ്സോസിയേഷനും( KMWA ) .യുക്മയും കൂടി 32 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്. ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ജുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്രോഡക്ടുകളുടെ നിരോധനം ഈ വർഷം ഒക്ടോബർ മുതൽ നടപ്പിലാക്കാൻ ഗവൺമെൻറ് തലത്തിൽ തീരുമാനമായി. പ്ലാസ്റ്റിക് പ്ലേറ്റുകളും ട്രേകളും കട്ട്ലറികളും നിരോധിക്കുന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്. നിരോധനത്തിന്റെ ഫലമായി ടേക്ക് അവേയവുകളിലെ ഭക്ഷണത്തിന്റെ വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ, ട്രേകൾ, കട്ട്ലറികൾ എന്നിവയ്ക്ക് പകരം വയ്ക്കാവുന്നവ കണ്ടെത്തുക എന്നതും കടുത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ തന്നെ സ്കോട്ട്‌ലൻഡും വെയിൽസും സിംഗിൾ യൂസ് പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിച്ചിരുന്നു. നിരോധനം നടപ്പിലാക്കി തുടങ്ങിയാൽ വ്യാപകമായ രീതിയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റ്സ് , ട്രേകൾ, സ്പൂണുകൾ, ഫോർക്കുകൾ എന്നിവ ഇനി വിപണിയിൽ ലഭ്യമായിരിക്കുകയില്ല. മാത്രമല്ല ഏതെങ്കിലും രീതിയിൽ ഈ സാധനങ്ങൾ ഉപയോഗിച്ചാൽ ശിക്ഷാർഹവും ആയിരിക്കും.
ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് നിരോധനമെന്ന് എൻവിയോൺമെൻറ് സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1.1 ബില്യൺ സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളും 4 ബില്യൺ പ്ലാസ്റ്റിക് കട്ട്ലറികളും ഇംഗ്ലണ്ടിൽ ഓരോ വർഷവും ഉപയോഗിക്കപ്പെടുന്നത്.
പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അനേക വർഷങ്ങൾ മണ്ണിലും വെള്ളത്തിലും അവശേഷിക്കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കടുത്തതാണ് . ഭക്ഷണ ശുചിത്വത്തിന്റെ കാര്യത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും സ്പൂണുകളും ഉപകാരപ്രദമായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തെലുങ്ക് ചിത്രം വീരസിംഹറെഡ്‌ഡിയുടെ പ്രദർശനത്തിൽ ആരാധകർ പരിധി വിട്ടപ്പോൾ പോലീസ് ഇടപെട്ട് ചിത്രത്തിൻെറ പ്രദർശനം ഇടയ്ക്ക് വച്ച് നിർത്തി . താരാരാധന മൂത്ത് ഡാൻസ് ചെയ്ത് പേപ്പറുകൾ കീറിയെറിഞ്ഞത് കുടുബസമേതം സിനിമ കാണാൻ എത്തിയ ഒട്ടേറെ പ്രേക്ഷകർക്കും ശല്യമായി തീർന്നു . ഹാറ്റ്ഫീൽഡിലെ ഓഡിയോൺ തീയറ്ററിലാണ് സംഭവം. പ്രശ്നങ്ങളെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ച് ആളുകളോട് തീയറ്റർ വിടാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. നന്ദമുരി ബാലകൃഷ്ണ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയിൽ മലയാളികളായ ഹണിറോസും ലാലും ഉൾപ്പെടെയുള്ള വൻതാരനിര ആണുള്ളത്. സിനിമ റിലീസ് ദിനത്തിൽ താരാരാധനയുടെ ഭാഗമായി ഇന്ത്യയിലെ തീയേറ്ററുകളിൽ ഫാൻസ് അസോസിയേഷനുകളുടെ പേക്കൂത്തുകൾ സർവ്വസാധാരണമാണ്.
മറ്റുള്ളവർക്ക് ശല്യമായി തീരുന്ന ഫാൻസ് അസോസിയേഷനുകളുടെ അമിതമായ പ്രകടനമാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ പോലീസിനെ പ്രേരിപ്പിച്ചത്. ഇന്ത്യൻ ചിത്രങ്ങൾക്ക് പൊതുവെ യുകെയിൽ കാഴ്ച്ചക്കാർ ഏറെയാണ്. എന്നാൽ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാണികളുടെ പെരുമാറ്റം എല്ലാ പരിധിയും വിട്ട് നിയന്ത്രണാധീതമാവുകയായിരുന്നു. കടലാസ് കീറി എറിഞ്ഞ് മാലിന്യങ്ങൾ സൃഷ്ടിക്കുന്നതും പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നതും യുകെയിലെ നിയമമനുസരിച്ച് കടുത്ത ശിക്ഷ വിളിച്ചുവരുത്തുന്നവയാണ്.
മലയാളി സമാജങ്ങളുടെ ആഘോഷവേദികളും പലപ്പോഴും പരിധി വിടുന്നതായുള്ള ആക്ഷേപം ശക്തമാണ് . പലരും അച്ചടക്കമില്ലാതെ നിക്ഷേപിക്കുന്ന പേപ്പർ വേസ്റ്റുകൾ നീക്കം ചെയ്യേണ്ടത് ആഘോഷങ്ങൾക്കാവസാനം സംഘാടകർക്ക് വൻ ബാധ്യതയായി തീരുകയാണ് ചെയ്യുന്നത്. പൊതുവേ ഇത്തരം സംഭവങ്ങൾ ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള അതിഥികളുടെ ഇടയിൽ മലയാളികളുടെ മാനം കളയുന്ന രീതിയിലേക്ക് മാറാറുണ്ട്. പലപ്പോഴും അവസാനം ഹാൾ വൃത്തിയാക്കുന്ന ഘട്ടത്തിൽ ഇംഗ്ലീഷുകാരായിട്ടുള്ള അതിഥികൾ സംഘാടകരെ സഹായിക്കുന്നതും നിത്യ കാഴ്ചയാണ്. ആഘോഷങ്ങൾ ആകാം അത് പക്ഷേ പരിധിവിടുകയും മറ്റുള്ളവർക്ക് ശല്യമായി തീരുകയും ചെയ്യരുത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ പാസ്പോർട്ട് നടപടിക്രമങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി അധികൃതർ. ഏറെ കാലയളവിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി. ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഒരു നിശ്ചിത തുക ഫീസ് വർധിപ്പിച്ചു എന്നുള്ളതാണ് സുപ്രധാന മാറ്റം. യുകെയിൽ നിന്ന് പാസ്സ്പോർട്ടിനു അപേക്ഷിക്കുന്ന ഒരു മുതിർന്ന ആളിന് £75.50 ൽ നിന്ന് £82.50 ആയും കുട്ടികൾക്ക് £49 ൽ നിന്ന് £53.50 ആയും അപേക്ഷ ഫീസ് ഉയർത്തിയിട്ടുണ്ട്.
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മുഖേനയുള്ള അപേക്ഷകൾക്കും ഫീസിൽ മാറ്റമുണ്ട്. മുതിർന്നവർക്ക് £85 ൽ നിന്ന് £93 ആയും കുട്ടികൾക്ക് £ 58.50 ൽ നിന്ന് £ 64 ആയും ഫീസ് വർധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി മാസം 2 മുതലാണ് നടപടി പ്രാബല്യത്തിൽ വരിക. ഇത് ഹോം ഓഫീസിനെ ഒരുപരിധിവരെ സഹായിക്കുമെന്നും, എല്ലാത്തിനും ഗവണ്മെന്റ് ഫണ്ടിനെ ആശ്രയിക്കുന്നതിൽ നിന്നും മാറി കുറച്ച് തുക വകുപ്പിന് ഇതിലൂടെ ലഭിക്കുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അപേക്ഷകളുടെ ഫീസ് വർധിപ്പിച്ചതിലൂടെ സർക്കാരിന് വലിയ നേട്ടമില്ലെന്നാണ് ഔദ്യോഗിക വക്താക്കൾ പറയുന്നത്. പാസ്പോർട്ടിന്റെ പ്രോസസ്സിങ്ങിന് ആവശ്യമായ തുക മാത്രമാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സർക്കാരിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരാനും ഈ വർധന സഹായിക്കുമെന്നാണ് ചില ആളുകൾ വർധനയേ അനുകൂലിച്ചു സംസാരിക്കുന്നത്. പുതുതായി അപേക്ഷിക്കുകയോ പാസ്‌പോർട്ട് പുതുക്കുകയോ ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഫീസ് വർധനവ് ബാധകമാണ്. എന്നാൽ, കഴിഞ്ഞ വർഷം ജനുവരി മുതൽ സ്റ്റാൻഡേർഡ് അപേക്ഷകളിൽ 95 ശതമാനത്തിലധികം പത്ത് ആഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്തതായി പാസ്‌പോർട്ട് ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വേനൽ അവധി സമയത്ത് ഹീത്രൂവിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് യാത്രാമാർഗവും മടക്കയാത്രയും ഹീത്രൂവിൽ നിന്ന് ഗാറ്റ്‌വിക്കിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ച് ട്രാവൽ ഏജൻസികൾ രംഗത്ത്. എന്നാൽ, എയർ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മുംബൈ, ഡൽഹി അല്ലെങ്കിൽ മറ്റ് റൂട്ടുകളിലൂടെ ഫ്ലൈറ്റുകൾ ഇതിനകം തന്നെ റീ-റൂട്ട് ചെയ്തിട്ടുള്ളവർക്കും ടിക്കറ്റുകൾ റദ്ദാക്കിയവർക്കും ഈ അവസരം ബാധകമല്ല. ഇത്തരത്തിൽ യാത്ര ക്രമീകരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഉടനെ തന്നെ ട്രാവൽ ഏജന്റുമായി ബന്ധപ്പെടണമെന്നും മാറ്റം ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ടിക്കറ്റുകൾ വിവിധങ്ങളായ നിബന്ധനകളെയും വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കുന്നു.
അതിനാൽ ഇതിനു നിങ്ങൾ അർഹരാണോ എന്നുള്ളത് അറിയിക്കാൻ അതാത് ട്രാവൽ ഏജന്റുകൾക്ക് മാത്രമേ കഴിയുകയുള്ളു. എന്നാൽ ഈ വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൃത്യമായ അറിവുകൾ ഇല്ലാതെ എടുത്ത് ചാടി പ്രവർത്തിക്കരുതെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിൽ ചെലവുകൾ കുതിച്ചുയരുന്നതിനെ തുടർന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 750,000-ത്തിലധികം കുടുംബങ്ങൾ മോർട്ട്‌ഗേജുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയിലാണെന്ന മുന്നറിയിപ്പ് നൽകി അധികൃതർ രംഗത്ത്. 2022 ജൂൺ മാസം മുതൽ തന്നെ 200,000-ത്തിലധികം കുടുംബങ്ങൾ തവണകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റി പറയുന്നു.
117,000 വായ്പക്കാർ തങ്ങളുടെ മോർട്ട്ഗേജിന്റെ തിരിച്ചടവിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും, പലരും തുകയുടെ പകുതി പോലെ അടച്ചിട്ടില്ലെന്നും ചിലർ ആയിരം പൗണ്ടിനുപോലും പിന്നിലാണെന്നും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നിഖിൽ രതി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 570,000 കുടുംബങ്ങൾക്ക് തുക അടയ്ക്കാൻ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
അതിനിടയിൽ വരും മാസങ്ങളിൽ വീടുകൾക്ക് വിലകുറയുമെന്ന് മുന്നറിയിപ്പുമായി ട്രഷറി സെലക്ട് കമ്മിറ്റി എം പി മാർക്ക് കത്തും അയച്ചിട്ടുണ്ട്. 41 വർഷത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ പണപെരുപ്പവും, പലിശനിരക്കും വർദ്ധിച്ചുവരുന്ന ജീവിത ചിലവുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ‘ഈ വർഷം എത്ര പേർക്ക് ജോലി നഷ്‌ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഡിഫോൾട്ടുകളുടെ എണ്ണം, 2023 അവസാനം വരെയെങ്കിലും സമ്പദ്‌വ്യവസ്ഥ ഇതേ രീതിയിൽ തുടരാനാണ് സാധ്യത’- നിഖിൽ രതി പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ പോലീസ് കാറുകളായി ഇനി മുതൽ ബിഎംഡബ്ല്യു ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചു കമ്പനി രംഗത്ത്. വാഹന വിൽപ്പന കൈകാര്യം ചെയ്യുന്നതിൽ ഇന്റർനാഷണൽ & സ്പെഷ്യലിസ്റ്റ് സെയിൽസ് ഡിവിഷൻ ഉൾപ്പെടെ, മേഫെയറിലെ പാർക്ക് ലെയ്ൻ ഡീലർഷിപ്പ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹന വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിയെ തുടർന്ന് റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്കുള്ള വിൽപ്പനയ്ക്കാണ് കമ്പനി മുൻതൂക്കം നൽകുന്നതെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
സെമികണ്ടക്റ്റേഴ്‌സ് ഉൾപ്പടെ നിരവധി പാർട്സുകളുടെ ക്ഷാമം വിപണി നിലവിൽ നേരിടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ബിഎംഡബ്ല്യു എത്തിച്ചേർന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ തീരുമാനം യുകെയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. ഭാവിയിൽ റീട്ടെയിൽ, കോർപ്പറേറ്റ് മേഖലകളിലെ വില്പനയ്ക്ക് ഞങ്ങൾ മുൻതൂക്കം നൽകാൻ ആഗ്രഹിക്കുന്നു. അതിനാൽ ചില മേഖലകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നെന്നും ബിഎംഡബ്ല്യു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ബിഎംഡബ്ല്യുവിന്റെ N57 എഞ്ചിൻ ഘടിപ്പിച്ച ബിഎംഡബ്ല്യു പട്രോൾ കാറുകൾ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഉയർന്ന വേഗതയിൽ ഉപയോഗിക്കരുതെന്ന് യുകെയിലെ പോലീസ് സേനകൾക്ക് നിർദ്ദേശം നൽകിയതിന് ഒരു വർഷത്തിന് ശേഷമാണ് ഈ വാർത്ത വരുന്നത്. എന്നാൽ നിലവിലെ തീരുമാനത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ വന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ചുവിന്റെയും (35) മക്കളായ ജീവ (6 ), ജാൻവി (4) എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് പുറപ്പെടും. തന്റെ മകളെയും കൊച്ചുമക്കളെയും അവസാനമായി ഒരു നോക്കു കാണണമെന്നതും അന്ത്യവിശ്രമം ജന്മനാട്ടിൽ ഒരുക്കണമെന്നതും അഞ്ജുവിന്റെ അച്ഛൻ അശോകന്റെ ആഗ്രഹമായിരുന്നു. നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഞ്ജുവിന്റെയും മക്കളുടെയും ശവദാഹം ക്രമീകരിച്ചിരിക്കുന്നത്.
അഞ്ജുവിനും മക്കൾക്കും കണ്ണീരോടെയാണ് ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും യുകെ മലയാളികളും വിട നൽകിയത്. അഞ്‌ജുവിന് യുകെയിൽ മറ്റു ബന്ധുക്കൾ ആരുമില്ലാത്തതുകൊണ്ട് സഹപ്രവർത്തകനായ മനോജ് മാത്യുവിനെയാണ് നെക്സ്റ്റ് ഓഫ് കിൻ ആയി അഞ്‌ജുവിന്റെ കുടുംബം നിയോഗിച്ചത്. മനോജ് മാത്യു മൃതദേഹങ്ങളെ കേരളത്തിലേക്ക് അനുഗമിക്കുന്നുണ്ട്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളിൽ അഞ്ജുവിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ബ്രിട്ടനിലെ മലയാളി സമൂഹവും ഇന്ത്യൻ എംബസിയും എൻഎച്ച്എസും ഉണർന്ന് പ്രവർത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചിലവുകൾ വഹിച്ചത് ഇന്ത്യൻ എംബസിയാണ്. എൻഎച്ച്സിലെ അഞ്ജുവിന്റെ സഹപ്രവർത്തകനായ മനോജ് മാത്യുവിന് മൃതദേഹങ്ങളെ നാട്ടിലേക്ക് അനുഗമിക്കുന്നതിനായുള്ള ലീവ് ആനുകൂല്യങ്ങൾ എൻഎച്ച്എസ് നൽകിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം സമാഹരിച്ച 30 ലക്ഷത്തിലധികം വരുന്ന തുക അഞ്ജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി കൈമാറും.
ഡിസംബർ 15നാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം ബ്രിട്ടനിൽ അരങ്ങേറിയത്. കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളായ അഞ്ജുവിനെയും രണ്ടു മക്കളെയും ഭർത്താവ് കണ്ണൂർ സ്വദേശിയായ സാജു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ അന്വേഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സ്കോട്ട്‌ലൻഡ് യാർഡിലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ മൃതദേഹത്തിനൊപ്പം കേരളത്തിലേയ്ക്ക് തിരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ വിസ സംബന്ധമായ പ്രശ്നങ്ങൾ മൂലം അവരുടെ കേരളത്തിലേയ്ക്കുള്ള യാത്ര അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചതായി അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി നിയോഗിച്ച മനോജ് മാത്യു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിലെത്തി അഞ്ജുവിന്റെയും പ്രതിയായ ഭർത്താവ് സാജുവിന്റെയും ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് ബ്രിട്ടനിൽ നിന്ന് പോലീസ് കേരളത്തിലെത്തുന്നത്