ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് പാസ്പോർട്ടുകളിൽ ഇനി “ഹിസ് മജസ്റ്റി” എന്ന പദം ഉപയോഗിക്കും. ചാൾസ് രാജാവിന്റെ പേരിൽ ഇഷ്യൂ ചെയ്ത ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ ഈ ആഴ്ച പുറത്തിറക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പേരിൽ “ഹർ മജസ്റ്റി” ഉപയോഗിച്ചുള്ള പാസ്‌പോർട്ടുകളുടെ യുഗം ഇതോടെ അവസാനിച്ചു. അന്തരിച്ച രാജ്ഞിയുടെ പേരിൽ ഈ വർഷം ഇതിനകം അൻപത് ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. 1952-ൽ ജോർജ്ജ് ആറാമന്റെ ഭരണകാലത്താണ് അവസാനമായി “ഹിസ് മജസ്റ്റി” പാസ്‌പോർട്ടിൽ പ്രത്യക്ഷപ്പെട്ടത്.


കഴിഞ്ഞ സെപ്തംബറിൽ രാജ്ഞിയുടെ മരണത്തിന് ശേഷം രാജ്യത്തെ നോട്ടുകളിലും സ്റ്റാമ്പുകളിലും മറ്റും പുതിയ രാജാവിന്റെ ചിത്രങ്ങളിലേക്കും ചിഹ്നങ്ങളിലേക്കും മാറുന്ന പ്രക്രിയ നടന്നിരുന്നു. എന്നാൽ, നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗിച്ച് തീർന്നതിന് ശേഷമാവും ഇത്. പാസ്പോർട്ടിൽ പുതിയ പതിപ്പിന്റെ വരവിനൊപ്പം നിലവിലുള്ള “ഹെർ മജസ്റ്റി” പേരിലുള്ള പാസ്പോർട്ടുകൾ തീർന്നുപോകുന്നതുവരെ ഉപയോഗിക്കും.

യുകെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ് ഇതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. കഴിഞ്ഞ വർഷം പാസ്‌പോർട്ട് അനുവദിക്കുന്നതിലെ കാലതാമസവും ഈ വർഷം സമരങ്ങളും കാരണം ഉണ്ടായ തടസം മാറ്റി ഇപ്പോൾ അപേക്ഷിച്ച് 10 ആഴ്ചയ്ക്കുള്ളിൽ 99% പാസ്‌പോർട്ടുകളും വിതരണം ചെയ്യുന്നതായി ഹോം ഓഫീസ് പറയുന്നു. ഫോട്ടോയും ഒപ്പും സഹിതമുള്ള ആധുനിക രൂപത്തിലുള്ള യുകെ പാസ്‌പോർട്ടുകൾ 1915 മുതൽ വിതരണം ചെയ്തുവരുന്നു. 1972-ൽ ആദ്യത്തെ സുരക്ഷാ വാട്ടർമാർക്ക് ചേർത്തു. 1988-ൽ മെഷീൻ റീഡബിൾ പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു. 2020-ൽ, യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം, യുകെ പാസ്‌പോർട്ടുകൾ 1988 മുതൽ ഉപയോഗിച്ചിരുന്ന ബർഗണ്ടി നിറത്തിൽ നിന്ന് നീലയിലേക്ക് മാറി.