ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എട്ടുവയസുകാരി ജീവനുവേണ്ടി മല്ലിടുന്നതിനിടയിൽ റാബീസ് ബാധിച്ച് ഒരു ആൺകുട്ടിക്ക് ദാരുണാന്ത്യം. വവ്വാലിന്റെ കടിയേറ്റാണ് രോഗബാധ ഉണ്ടായതെന്നാണ് മെക്‌സിക്കോയിലെ ഒക്‌സാക്കയിലെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അധികൃതർ പറയുന്നത്. നേരത്തെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയും മരണപ്പെട്ട ആൺകുട്ടിയും ഒരേ സ്ഥലത്ത് നിന്നുള്ളവരാണ്.
എട്ട് വയസ്സുള്ള പെൺകുട്ടി ഇപ്പോഴും അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നിലവിലെ അവസ്ഥ വളരെ മോശമാണെന്നും രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്നുമാണ് ആശുപത്രി ഡയറക്ടർ ഡോ. റോസിയോ ഏരിയാസ് ക്രൂസ് പറയുന്നത്. ഈ മാസം ആദ്യമാണ് പെൺകുട്ടിക്ക് വവ്വാലിൽ നിന്നും ആക്രമണം ഉണ്ടാകുന്നത്. എന്നാൽ കടിയേറ്റ ഉടനെ ആശുപത്രിയിൽ കൊണ്ടുവരാൻ ആരും തന്നെ തയ്യാറായില്ല.
പ്രതിരോധ നടപടികളുടെ ഭാഗമായി നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകുന്നതിനായി ഓക്‌സാക്കയിലെ അധികാരികൾ കുട്ടികളുടെ പട്ടണമായ പാലോ ഡി ലിമയിലേക്ക് പോയിരുന്നു. തലച്ചോറിനെയാണ് റാബീസ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുമ്പോഴാണ് സാധാരണയായി മനുഷ്യരിലേക്ക് പടരുന്നത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ താരം പെലെ ( 82 )വിടവാങ്ങി. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന അദ്ദേഹം അർബുദ ബാധയെ തുടർന്നുള്ള ചികിത്സയിലായിരുന്നു. വെറും പതിനാറാമത്തെ വയസ്സിലാണ് അദ്ദേഹം ബ്രസീലിൻറെ ഫുട്ബോൾ ജേഴ്സി അണിയുന്നത്. ബ്രസീലിന് ലോകമെങ്ങും ഫുട്ബോൾ ആരാധകരെ നേടിക്കൊടുത്തത് പെലെ ആയിരുന്നു. 1958, 1962, 1970 എന്നീ വർഷങ്ങളിൽ ബ്രസീലിന് ലോകകപ്പ് നേടുന്നതിൽ മുഖ്യപങ്കുവഹിച്ചത് പോലെയാണ്.
1940 ഒക്ടോബർ 20 -ന് ബ്രസീലിലെ ട്രെസ് കൊരക്കോവിലായിരുന്നു പെലെ ജനിച്ചത്. നാല് ലോകകപ്പുകൾ കളിച്ച പെലെ 1363 മത്സരത്തിൽ നിന്ന് മൊത്തം 1281 ഗോളുകളാണ് നേടിയത്. ഇതിൽ ബ്രസീൽ ദേശീയ ടീമിനു വേണ്ടി മാത്രം അടിച്ചത് 95 ഗോളുകളാണ്.
ബ്രസീൽ ഫുട്ബോൾ ടീമിന് കേരളത്തിൽനിന്ന് ഇത്രയും ആരാധകർ ഉണ്ടാകാനുള്ള മുഖ്യകാരണം പെലെയാണ്. പെലെയുടെ ഫുട്ബോൾ ജീവിതത്തെ കുറിച്ചുള്ള പാഠഭാഗം സ്കൂൾ കുട്ടികൾക്ക് പഠിക്കാനുണ്ടായിരുന്നു. ഇങ്ങനെയാണ് ദൃശ്യ മാധ്യമങ്ങൾ ഇല്ലായിരുന്ന കാലത്ത് ബ്രസീലിൻറെ ഫുട്ബോൾ കളിയുടെ മാസ്മരിക സൗന്ദര്യം കേരളത്തിൽ പ്രശസ്തമായത്.
കറുത്ത മുത്ത് എന്ന് ആരാധകർ വിളിക്കുന്ന പെലെയ്ക്ക് ഹൃദയം നിറഞ്ഞ വേദനയോടെയാണ് ലോകമെങ്ങുമുള്ള മലയാളികൾ വിട പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്യാൻസർ രോഗം ബാധിച്ച സ്ത്രീ പണം ഇല്ലാത്തതിന്റെ പേരിൽ ഹീറ്റിങ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. വോർസെസ്റ്റർഷെയർ സ്വദേശിനി സാറയാണ് അമിതമായ നിരക്ക് ഈടാക്കുന്നതിനാൽ ഹീറ്റിങ് നിർത്തിവെക്കുന്നത്. രോഗബാധയെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന സാറ ഭർത്താവിന്റെ ചെറിയ വരുമാനത്തിലാണ് ഇപ്പോൾ കഴിയുന്നത്. ക്യാൻസർ സ്റ്റേജ് 4 ൽ എത്തിയിരിക്കുന്ന രോഗിക്ക്, ട്രീറ്റ്മെന്റിനുൾപ്പെടെ വലിയ തുക ചിലവാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
നാല് കുട്ടികളുടെ അമ്മയാണ് സാറ. ഭർത്താവിന്റെ ചെറിയ വരുമാനത്തിൽ കുടുംബം മുന്നോട്ട് നീങ്ങുമ്പോൾ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഭാര്യയോടൊപ്പം ആശുപത്രിയിൽ പോകേണ്ടതിനാൽ ഭർത്താവ് ജോലിസമയം ഇപ്പോൾ കുറച്ചിരിക്കുകയാണ്. എന്നാൽ രോഗത്തിന്റെ അടിസ്ഥാനത്തിൽ സാറയെ സർക്കാർ സഹായിക്കാൻ ബാധ്യസ്ഥരാണ്. നാലു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീയുടെ രോഗാവസ്ഥയിൽ സർക്കാർ അടിയന്തിര ചികിത്സ സഹായം അനുവദിക്കണമെന്നാണ് ഒരുകൂട്ടം ആളുകളുടെ അഭിപ്രായം.
അതേസമയം തനിക്ക് കേവലം ഒരു വർഷം കൂടിമാത്രമേ ആയുസുള്ളു എന്നും, വിളർച്ച പോലുള്ള രോഗാവസ്ഥകൾ പിടിമുറുക്കിയിരിക്കുകയാണെന്നുമാണ് 54കാരിയായ സാറ പറയുന്നത്. ‘കീമോതെറാപ്പിയുടെ ഭാഗമായി മൂന്നാഴ്ചയിലധികമായി ലണ്ടനിലേക്ക് പോകണം. ഓരോ യാത്രയ്ക്കും £50 വീതം ചിലവാകും. കീമോ ചെയ്യുന്നത് കാരണം ഡ്രൈവ് ചെയ്യാനും കഴിയില്ല, അതുകൊണ്ട് ഭർത്താവ് ഒപ്പം വരണം ‘- സാറാ കൂട്ടിച്ചേർത്തു.
ഇതിനിടയിൽ ഹീറ്റിങ് അമിത ചാർജ് ഈടാക്കിയാൽ കുടുംബ ബഡ്ജറ്റ് തന്നെ താളം തെറ്റുമെന്നും സാറ പറയുന്നു. കുറഞ്ഞ വരുമാനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഉദ്ദേശിച്ചുള്ളതിനാൽ വാം ഹോം ഡിസ്കൗണ്ടിന് സാറയ്ക്ക് അർഹതയുമില്ല. എന്നാൽ ഹീറ്റർ ഓൺ ചെയ്യാൻ പോലും ഇങ്ങനെയൊരു അവസ്ഥയിൽ ഭയമാണെന്നും, സമാന്തര ക്രമീകരണങ്ങൾ എന്തെങ്കിലും വേണമെന്നുമാണ് സാറയുടെ ആവശ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ 2022 ൽ രണ്ട് ബാങ്ക് അവധികൾ കൂടുതൽ ഉണ്ടായിരുന്നു. രണ്ടും എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഒന്ന് രാജ്ഞിയുടെ പ്ലാറ്റിനം ജുബിലിയും, മറ്റൊന്ന് മരണത്തെ തുടർന്നും. എന്നാൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ച് രാജ്യത്തിന് അവധി ലഭിക്കുന്നതിനാൽ അടുത്ത വർഷം മറ്റൊരു അധിക അവധിയും ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മെയ് മാസത്തിലാണ് കിരീടധാരണം ആഘോഷിക്കുന്നത്.
വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ചടങ്ങിന് രണ്ട് ദിവസത്തിന് ശേഷം മെയ് 8 തിങ്കളാഴ്‌ച ആഘോഷത്തിനായി രാജ്യത്തിന് മുഴുവൻ അവധി ലഭിക്കുമെന്ന് നവംബറിൽ തന്നെ സർക്കാർ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന്റെ ഭരണ ചക്രത്തിൽ ഒരു പുതിയ രാജാവ് കിരീടം ഏൽക്കുന്നത് അതുല്യ നിമിഷമാണെന്നും അതിനാലാണ് ഇത്തരമൊരു ക്രമീകരണമെന്നുമാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. രാജ്യത്ത് അധികം ഒരു അവധിദിനം നൽകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്ര നിമിഷത്തിൽ കഴിയുന്നത്ര ആളുകൾക്ക് ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം നൽകാനാണ് സ്കോട്ടിഷ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി നിക്കോള സ്റ്റർജൻ പറഞ്ഞു. ഔദ്യോഗിക പരിപാടികൾക്ക് പുറമെ രാജ്യത്ത് പ്രാദേശികമായും ആഘോഷയോഗങ്ങൾ ചേരുന്നുണ്ട്. ഇംഗ്ലണ്ടിനും വെയിൽസിനും ബാങ്ക് അവധി ദിനങ്ങൾ ഒരേപോലെയാണ്. എന്നാൽ സ്കോട്ട്‌ലൻഡിനും വടക്കൻ അയർലൻഡിനും ചില വ്യത്യാസങ്ങൾ ഉണ്ട്. സർ ജോൺ ലുബോക്കിന്റെ 1871-ലെ ബാങ്ക് ഹോളിഡേയ്‌സ് ആക്റ്റ് പ്രകാരം നാലിടത്തും അവധി ദിനങ്ങൾ ഒരേപോലെയാണ് വരേണ്ടത്. എന്നാൽ ഇപ്പോൾ ചില കാരണങ്ങൾ കൊണ്ട് അതിൽ മാറ്റം വന്നിട്ടുണ്ട്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാങ്ക് അവധി ദിനങ്ങൾ
* ജനുവരി 2 തിങ്കളാഴ്ച – പുതുവത്സര ദിനം (പകരം ദിവസം)
* ഏപ്രിൽ 7 വെള്ളിയാഴ്ച – ദുഃഖവെള്ളി
* ഏപ്രിൽ 10 തിങ്കൾ – ഈസ്റ്റർ തിങ്കൾ
* മെയ് 1 തിങ്കളാഴ്ച – മെയ് ആദ്യകാല ബാങ്ക് അവധി
* മെയ് 8 തിങ്കളാഴ്ച – ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായുള്ള ബാങ്ക് അവധി
* മെയ് 29 തിങ്കളാഴ്ച – സ്പ്രിംഗ് ബാങ്ക് അവധി
* ഓഗസ്റ്റ് 28 തിങ്കൾ – വേനൽ ബാങ്ക് അവധി
* ഡിസംബർ 25 തിങ്കൾ – ക്രിസ്മസ് ദിനം
* ഡിസംബർ 26 ചൊവ്വാഴ്ച – ബോക്സിംഗ് ദിനം
സ്കോട്ട്ലൻഡിലെ ബാങ്ക് അവധി ദിനങ്ങൾ
* ജനുവരി 2 തിങ്കളാഴ്ച – പുതുവത്സര ദിനം (പകരം ദിവസം)
* ജനുവരി 3 ചൊവ്വാഴ്ച – ജനുവരി 2 (പകരം ദിവസം)
* ഏപ്രിൽ 7 വെള്ളിയാഴ്ച – ദുഃഖവെള്ളി
* മെയ് 1 തിങ്കളാഴ്ച – മെയ് ആദ്യകാല ബാങ്ക് അവധി
* മെയ് 8 തിങ്കളാഴ്ച – ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായുള്ള ബാങ്ക് അവധി
*മെയ് 29 തിങ്കളാഴ്ച – സ്പ്രിംഗ് ബാങ്ക് അവധി
* ഓഗസ്റ്റ് 7 തിങ്കൾ – വേനൽക്കാല ബാങ്ക് അവധി
* നവംബർ 30 വ്യാഴാഴ്ച – സെന്റ് ആൻഡ്രൂസ് ദിനം
* ഡിസംബർ 25 തിങ്കൾ – ക്രിസ്മസ് ദിനം
* ഡിസംബർ 26 ചൊവ്വാഴ്ച – ബോക്സിംഗ് ദിനം
നോർത്തേൺ അയർലൻഡ് ബാങ്ക് അവധി ദിനങ്ങൾ
* ജനുവരി 2 തിങ്കളാഴ്ച – പുതുവത്സര ദിനം (പകരം ദിവസം)
* മാർച്ച് 17 വെള്ളിയാഴ്ച – സെന്റ് പാട്രിക് ദിനം
* ഏപ്രിൽ 7 വെള്ളിയാഴ്ച – ദുഃഖവെള്ളി
* ഏപ്രിൽ 10 തിങ്കൾ – ഈസ്റ്റർ തിങ്കൾ
*മെയ് 1 തിങ്കളാഴ്ച – മെയ് ആദ്യകാല ബാങ്ക് അവധി
*മെയ് 8 തിങ്കളാഴ്ച – ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായുള്ള ബാങ്ക് അവധി
* മെയ് 29 തിങ്കളാഴ്ച – സ്പ്രിംഗ് ബാങ്ക് അവധി
* ജൂലൈ 12 ബുധനാഴ്ച – ബോയ്ൻ യുദ്ധം (ഓറഞ്ച്മാൻ ദിനം)
* ഓഗസ്റ്റ് 28 തിങ്കൾ – വേനൽ ബാങ്ക് അവധി
* ഡിസംബർ 25 തിങ്കൾ – ക്രിസ്മസ് ദിനം
* ഡിസംബർ 26 ചൊവ്വാഴ്ച – ബോക്സിംഗ് ദിനം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വിദേശയാത്ര നടത്തുന്ന എം പിമാരെ കുടുക്കാൻ ഹോട്ടൽമുറികളിൽ കെണി ഒരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഇതിനായി ലൈംഗിക തൊഴിലാളികളെ ഏർപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യാനാണ് ശ്രമം. സർവകക്ഷി പാർലമെന്ററി ഗ്രൂപ്പ് നടത്തിയ സന്ദർശനത്തിലാണ് ഇത്തരത്തിലൊരു സന്ദേഹം ഉയർന്നു വന്നത്. പലരും വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും, കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ മദ്യത്തിനും സെക്സിനും പലരും അടിമപ്പെടാറുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
വിഷയം ചർച്ചയായതോടെ പല എം പിമാരും ആശങ്ക അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. എംപിമാരെ കുടുക്കാനുള്ള ശ്രമങ്ങൾ തടയാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. വിഷയം സർവ്വകക്ഷിയോഗത്തിൽ ചർച്ചയായതിനു പിന്നാലെയാണിത്. എന്നാൽ, വിദേശ പര്യടനം നടത്തിയ ഒരു എംപിയുടെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തെ തുടർന്ന് ശാസിക്കേണ്ടതായി വന്നെന്ന് ടൈംസ് റിപ്പോർട്ട് ചെയുന്നു. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എംപിമാർ പാലിക്കേണ്ട ചില നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. തെറ്റായ പ്രവർത്തിയിൽ ആരെങ്കിലും ഏർപ്പെട്ടാൽ, അതിന്റെ ഫോട്ടോസ് അവർക്ക് ലഭിച്ചാൽ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ഇത് ഒഴിവാക്കാൻ എല്ലാവരും പ്രതിജ്ഞബദ്ധരായിരിക്കണം.
വിദേശപര്യടനത്തെ കുറിച്ച് ഈ മാസം പൊളിറ്റിക്കോ വെബ്‌സൈറ്റ് നടത്തിയ പഠനത്തിൽ ചില നിർണായക കണ്ടെത്തുലകളുണ്ട്. എം പിമാരിൽ ആരൊക്കെ ഇത്തരം കാര്യങ്ങൾക്ക് അടിമപ്പെടുന്നു എന്നുള്ളതും പഠനത്തിൽ വ്യക്തമാക്കുന്നു. വിദേശത്ത് ആതിധേയത്വം വഹിക്കുമ്പോൾ മറ്റ് താല്പര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ ശ്രദ്ധിക്കണം. അതേസമയം, എത്രയൊക്കെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാലും യുകെ ഗവണ്മെന്റിനെ സ്വാധീനിക്കാൻ ശത്രുരാജ്യങ്ങൾ ഏതറ്റം വരെയും പോകുമെന്നാണ് സെക്യൂരിറ്റി വിഭാഗം മേധാവി പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വിശ്രമ ജീവിതം നയിക്കുന്ന ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ (95) ആരോഗ്യനില വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരുടെയും പ്രാർത്ഥനാ സഹായം വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. തൻറെ അനാരോഗ്യം ചൂണ്ടിക്കാട്ടി 2013 -ലാണ് ബെനഡിക്റ്റ് മാർപാപ്പ സ്ഥാനത്യാഗം ചെയ്തത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്റ്റ് പതിനാറാമൻ . ഇതിനുമുമ്പ് 1415 -ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പയാണ് സ്ഥാനത്യാഗം ചെയ്തത്.
മാർപാപ്പ വളരെ ക്ഷീണിതനാണെന്നും അദ്ദേഹത്തിന് ആശ്വാസം പകരാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിവാര പ്രസംഗത്തിൽ വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. വത്തിക്കാൻ ഈ മാസം ഒന്നിന് പുറത്തു വിട്ട മാർപാപ്പയുടെ ചിത്രത്തിൽ അദ്ദേഹം വളരെയേറെ ക്ഷീണിതനായിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന അദ്ദേഹത്തിൻറെ ആരോഗ്യനില ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് വഷളായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അവസാനം ആശങ്കകൾക്കും ദുരൂഹതകൾക്കും അവസാനമായി. ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13 കാരിയായ ലൈല ജെയ്‌നിനെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡിസംബർ 21-ാം തീയതി ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാതായത് വൻ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ബ്രിട്ടനിലെ എല്ലാ മുൻനിര മാധ്യമങ്ങളിലും പെൺകുട്ടിയെ കാണാതായ സംഭവം വൻ വാർത്തയായിരുന്നു.
പെൺകുട്ടിയുടെ തിരോധാനത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പങ്കുവയ്ക്കാൻ പറ്റുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിരുന്നു. ലൈല ജെയ്‌നിൻെറ സഹോദരനും ഒളിമ്പിക് താരവുമായ മോർഗൻ ലെയ്ക്കും അഭ്യർത്ഥനയുമായി മാധ്യമങ്ങളിൽ വന്നിരുന്നു . ലൈലയെ കാണാതായ അന്നു മുതൽ റീഡിംഗ് ട്രെയിൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് പുറത്ത് വിട്ട് മണിക്കൂറുകൾക്കകം പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി ഹാംഷെയർ പോലീസ് അറിയിച്ചു. തങ്ങളുടെ അഭ്യർത്ഥന പങ്കിടുകയും വിവരങ്ങൾക്കായി ബന്ധപ്പെടുകയും ചെയ്ത എല്ലാവർക്കും പോലീസ് നന്ദി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13കാരിയുടെ തിരോധാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. എന്നാൽ സംഭവം നടക്കുന്നതിനു മുൻപ് പെൺകുട്ടി റീഡിംഗിലേക്ക് ട്രെയിൻ കയറിയതായി സംശയിക്കുന്നു എന്നുള്ള നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഡിസംബർ 21 ബുധനാഴ്ച 21:57 നാണ് ലൈല ലയ്ക് എന്ന പതിമൂന്നുകാരി റീഡിങ്ങിലേക്ക് ട്രെയിൻ കയറിയതെന്നും, സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അധികാരികൾ പറഞ്ഞു. ലൈലയെ പറ്റി എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യപ്പെടുന്നവർ ദയവായി മുൻപോട്ട് വരണമെന്നും ലൈലയുടെ സഹോദരനും ഒളിമ്പിക് അത്ലറ്റുമായ മോർഗൻ ലയ്ക്ക് ആവശ്യപ്പെട്ടു. 5 അടി 6 ഇഞ്ച് ഉയരവും, ഇരുനിറവും,നീണ്ട തവിട്ട് മുടിയുമുള്ള അവൾ കാണാതായ ദിവസം കറുത്ത പഫർ ജാക്കറ്റും ചാരനിറത്തിലുള്ള ജോഗിംഗ് ബോട്ടുമാണ് ധരിച്ചിരുന്നത്.
ഏറ്റവും ഒടുവിൽ ഹംപ്ഷെയർ പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യമനുസരിച്ച് ലൈല, റീഡിങ്ങിലേക്ക് ട്രെയിൻ കേറാൻ സ്റ്റേഷനിൽ നിൽക്കുന്നതാണ്. സിമ്മൺസ് വാക്കിലെ വീടിനടുത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് ഇത്. ലൈലയെ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും, കുടുംബത്തിനോടൊപ്പമാണ് അന്വേഷണസംഘമെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് ഇൻസ്‌പെക്ടർ ഡേവ് സ്റ്റോറി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ ബൈക്ക് മോഷണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ലണ്ടൻ, തേംസ് വാലി, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ താമസിക്കുന്ന സൈക്ലിസ്റ്റുകൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022ൽ മാത്രം ഇംഗ്ലണ്ടിൽ 72,445 ബൈക്കുകൾ മോഷണം പോയെന്നുള്ളതാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളിൽ മോഷണം റിപ്പോർട്ട് ചെയുന്നുണ്ടെങ്കിലും ലെസ്റ്റർഷെയറിൽ താരതമ്യേനെ കൂടുതലാണെന്നാണ് അധികൃതർ പറയുന്നത്. ലണ്ടനിൽ മാത്രം കണക്കുകൾ പ്രകാരം 22,818 ബൈക്കുകൾ മോഷണം പോയി. ഓക്‌സ്‌ഫോർഡ്, മിൽട്ടൺ കെയ്‌ൻസ്, സ്ലോ എന്നിവ ഉൾപ്പെടുന്ന തേംസ് വാലിയിൽ ബൈക്ക് മോഷണ സാധ്യത പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 4460 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 4,354 ബൈക്ക് മോഷണങ്ങൾ പ്രവചിക്കപ്പെട്ട ഗ്രേറ്റർ മാഞ്ചസ്റ്റർ നിലവിൽ മൂന്നാം സ്ഥാനത്താണ്. കെയിംബ്രിഡ്ജ്, സസ്സെക്സ് എന്നിവിടങ്ങളിൽ കേസുകൾ കുറവാണ്.
മോഷണത്തിൽ നിന്നും വാഹനം സംരക്ഷിക്കാൻ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
* ഡബിൾ ലോക്ക് സിസ്റ്റം ആക്ടിവേറ്റ് ചെയ്യുക. വാഹനത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലെ ലോക്ക് സിസ്റ്റത്തിനു പുറമെ ഇത് ചെയ്യുന്നത് സുരക്ഷ വർധിപ്പിക്കും.
* സുരക്ഷിതമായ ഇടങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക. മോഷണ സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിൽ കഴിവതും പാർക്ക് ചെയ്യാതിരിക്കുക.
* നാഷണൽ സൈക്കിൾ ഡാറ്റ ബേസിൽ വാഹനം രജിസ്റ്റർ ചെയ്യുക. മോഷണം ഉണ്ടായാൽ വാഹനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. ഈ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് സമരങ്ങളുടെ പെരുമഴയാണ്. ബോർഡർ ഫോഴ്സ് ജീവനക്കാർ പുതുവത്സരരാവ് ആരംഭിക്കുന്നത് വരെയുള്ള സമരം തുടങ്ങിക്കഴിഞ്ഞു . ഇത് അവരുടെ രണ്ടാമത്തെ പണിമുടക്കാണ്. കൂടുതൽ യാത്രക്കാർ എത്തുന്ന ക്രിസ്മസ് അവധിക്കാലത്ത് ഇത് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതുകൂടാതെയാണ് പിസിഎസ് അംഗങ്ങൾ ഡിസംബർ 28 മുതൽ 31 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമരം. ഇവരിൽ പലരും പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സമരം പലരുടെയും യാത്രയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ശമ്പള വർദ്ധനവ് സംബന്ധിച്ച് സർക്കാർ ക്രിയാത്മകമായ ചർച്ചകൾ നടത്തിയില്ലെങ്കിൽ സമരങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.
ട്രെയിൻ യാത്രക്കാർ നേരിടുന്ന തടസ്സം ഇന്നും നാളെയും തുടരും. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയിലെയും വെസ്റ്റ് മിഡ്ലാൻഡ്സ് ട്രെയിനുകളിലെയും സാങ്കേതിക സുരക്ഷാ വിഭാഗ ജീവനക്കാർ പണിമുടക്കിലായതിനാലാണിത്. ഹീത്രു, ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ, ബര്‍മിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്ഗോ എന്നീ വിമാനത്താവളങ്ങളിലും ന്യൂഹാവർ തുറമുഖങ്ങളിലെയും ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങളെ നേരിടാൻ സൈനിക ഉദ്യോഗസ്ഥരോടൊപ്പം സിവിൽ സർവൻ്റും അണിചേരുന്നുണ്ട്. അതേസമയം യുകെയിലുടനീളമുള്ള 250 ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിലുകളിലായി ഡ്രൈവിംഗ് എക്‌സാമിനർമാരും റൂറൽ പേയ്‌മെന്റ് ഓഫീസർമാരും നടത്തുന്ന സമരം ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി കാത്തിരിക്കുന്ന അനേകരെ ദുരിതത്തിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.