ന്യൂസ് ഡെസ്ക് മലയാളം യുകെ

മതിയായ ജീവനക്കാരുടെ അഭാവം മൂലം നട്ടം തിരിയുന്ന എൻഎച്ച് എസിന് കരുത്തേകാൻ 15 വർഷ കർമ പദ്ധതി തയ്യാറാകുന്നു . പ്രധാനമന്ത്രി റിഷി സുനകും എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡും ചേർന്ന് ഇതിനായുള്ള വിപുലമായ പ്ലാൻ ഇന്ന് അവതരിപ്പിക്കും. ഇതിൻ പ്രകാരം ഇംഗ്ലണ്ടിലെ ആരോഗ്യ ജീവനക്കാർക്കുള്ള പരിശീലന സ്ഥലങ്ങളുടെയും സീറ്റുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കും.


ഇതോടെ മെഡിക്കൽ , നേഴ്സിംഗ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി യൂണിവേഴ്സിറ്റികളിൽ കൂടുതൽ സീറ്റുകൾ നിലവിൽ വരും. ഡോക്ടർമാരുടെ പാഠ്യപദ്ധതിയിൽ അപ്രന്റീസ്ഷിപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്നതും പദ്ധതിയിലുണ്ട്. നിലവിൽ 5 വർഷം ആണ് മെഡിക്കൽ ബിരുദങ്ങളുടെ പഠനത്തിനായി വേണ്ടത്. ഒരു വർഷം കുറച്ച് നാല് വർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമോ എന്നതും പരിഗണനാ വിഷയമാണ്. നിലവിൽ രാജ്യത്ത് പകുതിയിലധികം ഡോക്ടർമാരെയും നേഴ്സുമാരെയും വിദേശങ്ങളിൽ നിന്നുമാണ് റിക്രൂട്ട് ചെയ്യുന്നത്.

എൻഎച്ച്എസിലെ ഓരോ 10 പോസ്റ്റുകളിലും ഒന്ന് നികത്തപ്പെടാതെ കിടക്കുകയാണ്. ഇപ്പോൾ തന്നെ 110, 000 ഒഴിവുകൾ നിലവിൽ ഉണ്ടെന്നാണ് കണക്കുകൾ . മതിയായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ 2037 ആകുമ്പോൾ എൻഎച്ച് എസിലെ ഒഴിവുകളുടെ എണ്ണം 360,000 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരിശീലനത്തിനും ഒഴിവുകൾ നികത്തുന്നതിനുമായി അടുത്ത 5 വർഷത്തിനുള്ളിൽ 2.4 ബില്യൺ പൗണ്ട് ആണ് എൻഎച്ച് എസിന് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.