Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന്റെ വാക്കുകൾ കൂടുതൽ വിവാദത്തിലേക്ക് നീങ്ങുന്നു. ചരിത്രത്തെ ഉന്മൂലനം ചെയ്യാനോ മായ്‌ക്കാനോ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടൻ തങ്ങളുടെ കൊളോണിയൽ ഭൂതകാലത്തെ അഭിമുഖീകരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ മറുപടിയുമായി യുകെ രംഗത്ത് വന്നതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

സെനറ്റർ വോംഗ് കിംഗ്സ് കോളേജിലാണ് പ്രസംഗം നടത്തിയത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ച പെന്നി, ഭൂതകാലത്തെ അംഗീകരിക്കുന്നതിലൂടെ മാത്രമേ യുകെയ്ക്ക് അതിന്റെ ബന്ധങ്ങൾ, പ്രത്യേകിച്ച് ഇന്തോ-പസഫിക് രാജ്യങ്ങളുമായുള്ള ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളു എന്ന് അഭിപ്രായപ്പെട്ടു. ചരിത്രത്തെ മറന്ന് ഒന്നും ചെയ്യാൻ നിൽക്കരുതെന്നും അവർ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പെന്നിയുടെ വാദങ്ങൾ നിരസിച്ചു യുകെയുടെ വിദേശകാര്യ മന്ത്രി ജെയിംസ് രംഗത്ത് വന്നു.

കൊളോണിയൽ കാലഘട്ടങ്ങളിലെ സംഭവവികാസങ്ങൾ എല്ലാ സമയവും ഒരുപോലെ ആകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വ്യാഴാഴ്ച പോർട്സ്മൗത്തിൽ നടന്ന മന്ത്രിതല യോഗങ്ങൾക്ക് ശേഷം, യുകെയും ഇപ്പോൾ കോമൺവെൽത്തിൽ ഉള്ളതും എന്നാൽ മുമ്പ് ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഇരുവരും തമ്മിൽ ചർച്ച ചെയ്തതായി ക്ലെവർലി പറഞ്ഞു. എന്നാൽ ഇരുവരുടെയും സംഭാഷണത്തിന്റെ മുഖ്യഘടകം അതായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രീപേയ്‌മെന്റ് മീറ്ററുകളിലേക്ക് ഉപയോക്താക്കളെ മാറ്റാനുള്ള തീരുമാനം മാറ്റാൻ ഒരുങ്ങി ബ്രിട്ടീഷ് ഗ്യാസ്. ഏജന്റുമാരും ഫിനാൻഷ്യൽ ഡീലർമാരും ഉപഭോക്താക്കളുടെ പരാതികൾ അവഗണിക്കുകയും, തുടർച്ചയായി ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പണം നൽകാനുള്ള ആളുകളുടെ വീടുകളിൽ അതിക്രമിച്ചു കയറി ചാർജ് ഈടാക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രധാനമായും അർവാറ്റോ ഫിനാൻഷ്യൽ സൊല്യൂഷൻസ് എന്ന കമ്പനിയുടെ തെറ്റായ നയത്തെ തുടർന്നാണ് മാറ്റം.

അതേസമയം, ഏജന്റുമാരുടെ തെറ്റായ നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് ബ്രിട്ടീഷ് ഗ്യാസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നത്. ഉപഭോക്താക്കളുടെ ആശങ്കകൾ നീക്കം ചെയ്യാൻ വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും, സുരക്ഷയ്ക്കാണ് പ്രധാന മുൻഗണനയെന്നും സെൻട്രിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്രിസ് ഓഷേ പറഞ്ഞു. പണത്തിന്റെ ഉപയോഗം സംബന്ധിച്ച് ഇടനിലക്കാർ നടത്തുന്ന തെറ്റായ പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്നും, അവർ ചെയ്തത് തെറ്റാണെന്ന് തികഞ്ഞ ബോധ്യം ഉള്ളതുകൊണ്ടാണ് പ്രവർത്തനം നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംഭവത്തിൽ എനർജി റെഗുലേറ്റർ ഓഫ്‌ജെമും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗ്യാസിൽ നടന്ന കാര്യങ്ങൾ ഞെട്ടൽ ഉളവാക്കുന്നുണ്ടെന്നും, അവരുമായി ചേർന്ന് മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു. അർവാറ്റോ ഫിനാൻഷ്യൽ സൊല്യൂഷൻസ് കുട്ടികളും വികലാംഗരും താമസിക്കുന്ന വീടുകളിൽ അതിക്രമിച്ചു കയറിയാതായി പരാതിയുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൽ നിർണായക മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ. 2023 ഫെബ്രുവരി മാസം മുതൽ ഇവ പ്രാബല്യത്തിൽ വരും. ജനുവരി 24 നു നടന്ന എൻഎംസിയുടെ ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിലാണ് ഇങ്ങനെയൊരു ആശയം ഉരുതിരിഞ്ഞുവന്നത്. എട്ട് ആഴ്‌ചത്തെ കൺസൾട്ടേഷനെ മുൻ നിർത്തിയാണ് ഈ നീക്കം.

പരീക്ഷ വിജയിക്കുന്നതിന് അപേക്ഷകൻ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിൽ (OET) ബി സ്കോർ നേടണം. അല്ലെങ്കിൽ ഇതര ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) അഡ്വാൻസ്ഡ് പരീക്ഷയിൽ സ്പീച്ചിലും ലിസണിങ്ങിലും 7 പോയിന്റ് ലഭിക്കണം. ടെസ്റ്റിന്റെ ഒരു ഭാഗവും അതാത് ഡൊമെയ്‌നുകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞതിന്റെ പകുതി ഗ്രേഡോ, പോയിന്റോ സ്കോർ ചെയ്യാത്തിടത്തോളം കാലം എൻഎംസി സംയോജിത പരിശോധനാ ഫലങ്ങൾ സ്വീകരിക്കും. ഇതനുസരിച്ച് എഴുതി ലഭിക്കുന്ന പോയിന്റ് സി ഗ്രേഡോ, അല്ലെങ്കിൽ 6 ആയിരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.

നടപടിയുടെ ഭാഗമായി ഉണ്ടാക്കുന്ന മറ്റൊരു മാറ്റം, കഴിഞ്ഞ 2 വർഷമോ,1 വർഷമോ ആയി യുകെയുടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിട്ടുള്ള അപേക്ഷകർക്ക് ടെസ്റ്റിന് പകരം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ തെളിവായി തൊഴിൽദാതാവിന്റെ റഫറൻസ് സമർപ്പിക്കാൻ എൻ എം സി അനുവാദം നൽകുന്നു. ജോലി ചെയ്തിട്ടുള്ള ജീവനക്കാർക്ക് ഒഇടി അല്ലെങ്കിൽ ഐഇഎൽടിഎസ് ടെസ്റ്റിൽ സ്കോർ നഷ്ടപെടുന്നവർക്കും ഈ അവസരം ഉപയോഗിക്കാം. എൻഎംസിയുടെ ഔദ്യോഗിക കണക്ക് അനുസരിച്ചു യുകെയിൽ പരിശീലനം ലഭിച്ച നേഴ്‌സിങ് ജീവനക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ തുടർച്ചയായി വീടുകളുടെ വില ഇടിയുന്നതായി റിപ്പോർട്ട്‌. നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ജനുവരിയിൽ യുകെയിൽ വീടുകളുടെ വില ഇടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വസ്തുവിന്റെ ശരാശരി വില 258,297 പൗണ്ട് ആയിരുന്നു. ഡിസംബർ അവസാനത്തോടെ ഇത് 0.6% കുറഞ്ഞിരുന്നു. ഡിസംബർ മാസം രേഖപ്പെടുത്തിയ വില വർധനവായ 2.8 ശതമാനത്തിൽ നിന്ന് 1.1 ശതമാനമാണ് ഇത്തവണ കുറവ് ഉണ്ടായത്.

സമീപകാലത്തായി വിപണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്നും പഴയ കാലത്തേക്കുള്ള മടങ്ങി പോക്ക് അത്രപെട്ടെന്ന് സാധ്യമല്ലെന്നും ബിൽഡിംഗ് സൊസൈറ്റി അധികൃതർ വ്യക്തമാക്കി.അതേസമയം, സാമ്പത്തിക ഞെരുക്കം ഇതിനുള്ള പ്രധാന കാരണമാണെന്നും, സാധനങ്ങളുടെ വിലകയറ്റം ദൈന്യംദിന ചിലവുകളെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നാഷൻ വൈഡിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ റോബർട്ട് ഗാർഡ്‌നർ പറഞ്ഞു. അനുദിനം ചിലവുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പണം സമ്പാദിക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉയർന്ന പലിശ നിരക്ക് കാരണം മോർട്ട്ഗേജുകളുടെ തിരിച്ചടവ് പോലും മുടങ്ങിയിരിക്കുകയാണ്.

എന്നാൽ, നവംബർ മാസത്തേക്കാൾ കുറവ് മോർട്ട്ഗേജുകളാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ചൊവ്വാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. കോവിഡ് 19 ലോക്‌ഡൗൺ കാലയളവിന് ശേഷം, അതായത് 2009 നു ശേഷമുള്ള ഏറ്റവും കുറവ് സംഖ്യയാണിതെന്നും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ഉന്നമനത്തിനായി ഇടകാലത്ത് അവതരിപ്പിച്ച മിനി ബഡ്ജറ്റാണ് ഇതിനെല്ലാം കാരണമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ജീവിതചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് കൂട്ടിയത് എന്നാണ് ഔദ്യോഗി ക വൃത്തങ്ങൾ നൽകുന്ന മറുപടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളി ഫ്ലൈബി വർഗീസിന്റെ അമ്മ നാട്ടിൽ മരണമടഞ്ഞു. സ്വന്തം വീടുപണിക്കായി പറമ്പിലെ പനമരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത് മാറ്റുന്നതിനിടയിലുണ്ടായ അപകടമാണ് ദാരുണമായ ദുരന്തമായി കലാശിച്ചത്. കടപ്ര പഞ്ചായത്ത് 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ, പുത്തൻവീട്ടിൽ ലീലാമ്മ വർഗീസ് (60) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകിട്ട് 5. 30നാണ് സംഭവം നടന്നത്.

അപകടത്തിൽ സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ തോമസ് സാമുവലിനും (68) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിലും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മരണമടഞ്ഞ ലീലാമ്മയുടെ ഭർത്താവ് പാസ്റ്റർ ടി എം വർഗീസ് ഏപ്രിലിലാണ് മരിച്ചത്. ഏക മകൻ ഫ്ലൈബി വർഗീസും മരുമകൾ സ്നേഹയും യുകെയിലാണ്.

ഫ്ലൈബിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനു സമാനമായ കാലാവസ്ഥ യുകെയിൽ വീണ്ടും എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ ഈ ആഴ്‌ച കൂടുതൽ തണുത്ത കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. നേരത്തെ അറിയിച്ച മുന്നറിയിപ്പിൻെറ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ തണുപ്പ് കൂടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി. ഇതോടെയാണ് ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ഊർജബില്ല് ഒരുവശത്ത് കുതിച്ചുയരുകയാണ്. തുടർച്ചയായി തണുപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹീറ്റർ അനിവാര്യമാണ്. എന്നാൽ പ്രായമായവരും, പലവിധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് യുകെഎച്ച്എസ്എ അറിയിച്ചു. തണുപ്പിന് പുറമെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. WX ചാർട്ടുകൾ പ്രകാരം പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.

ചാർട്ട് പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ച ഉണ്ടാകാനുള്ള സാധ്യത 50 മുതൽ 70 ശതമാനം വരെയാണ്. സ്കോട്ട്ലൻഡിൽ ഇത് 80 മുതൽ 95 ശതമാനം ആണെന്നും ചാർട്ട് വ്യക്തമാക്കുന്നു. തെക്കൻ ഭാഗങ്ങളിൽ മഞ്ഞ് വീഴാനുള്ള സാധ്യത വളരെ കുറവാണ് (പ്രദേശങ്ങളിൽ 20 ശതമാനം സാധ്യത കാണുന്നു). മുന്നറിയിപ്പിനെ അവഗണിക്കരുതെന്നും, മുന്നോട്ടുള്ള കാലാവസ്ഥ ഇതിനെ ആശ്രയിച്ചിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ ജിം ഡെയ്ൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിട്ട് യുകെ പുറത്ത് വന്നിട്ട് ഏകദേശം മൂന്ന് വർഷം പിന്നിടുകയാണ്. ഇതിനു ശേഷം രാജ്യം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചത്. കോവിഡ്-19 മഹാമാരി, ഊർജ പ്രതിസന്ധി എന്നിവയൊക്കെ അതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ ഡേറ്റ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

വ്യാപാര രംഗത്തും പലവിധമായ മാറ്റങ്ങളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. 2021-ൽ യുകെ സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും പിൻവാങ്ങിയതോടെ, യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുന്ന കമ്പനികൾ ചില പുതിയ നിയമ നടപടികൾക്കും പേപ്പർവർക്കുകൾക്കും വിധേയമാകണം. യുകെയും അതിന്റെ ഏറ്റവും അടുത്തുള്ള വ്യാപാര കമ്പനിയും തമ്മിലുള്ള 550 ബില്യൺ പൗണ്ടിന്റെ വ്യാപാരത്തിന് എന്ത് സംഭവിക്കുമെന്ന ഭയം ഇവിടെ ജനിപ്പിച്ചെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുകെ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന തുകയിൽ പ്രാരംഭ ഇടിവുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം, പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, വ്യാപാര അളവുകൾ, പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് വളരാനാണ് സാധ്യതയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് ഇല്ലായിരുന്നെങ്കിൽ വ്യാപാരം കൂടുതൽ വളരുമായിരുന്നുവെന്നും ആളുകൾ ഇവിടെ അഭിപ്രായപ്പെടുന്നുണ്ട്.

നിക്ഷേപരംഗത്തും പലവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാക്ടറികൾ, പരിശീലന യൂണിറ്റുകൾ എന്നിവയ്ക്കായി എത്ര തുക നിക്ഷേപിക്കുന്നു എന്നുള്ളതൊക്കെ യൂറോപ്യൻ യൂണിയനുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. യൂണിയൻ വിട്ടതോടെ തൊഴിലാളികളുടെ സ്വതന്ത്രമായ നീക്കത്തെക്കുറിച്ചുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പലകോണുകളിൽ നിന്നും വിമർശനം ഉയരാൻ കാരണമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മിൽട്ടൺ കെയ്‌ൻസിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരി മരിച്ചു. നെതർഫീൽഡിലെ ബ്രോഡ്‌ലാൻഡ്‌സിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു സംഭവം. കുട്ടിയെ പിന്തുടർന്ന് എത്തിയ നായ പിൻഭാഗത്ത്‌ കൂടി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് ആക്രമണം ഉണ്ടായത്. ആംബുലൻസ് വിളിച്ചു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നു.

ആക്രമിച്ച നായയെ സമീപവാസികൾ സ്ഥലത്ത് വെച്ച് തന്നെ മറവ് ചെയ്തു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റോഡ് പരിസരവും നിലവിൽ പോലീസിന്റെ നിയന്ത്രണത്തിലാണ്. നായ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ അടുത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.

പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം ഉള്ളതൊന്നും അന്വേഷണസംഘം മേധാവി പറഞ്ഞു. നായയുടെ ആക്രമണത്തിനിരയായി ഒരു കുട്ടി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തികച്ചും ദാരുണമായ സംഭവമാണിതെന്ന് സൂപ്രണ്ട് മാറ്റ് ബുള്ളിവന്റ് പറഞ്ഞു. ‘ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് നായയെ കൊല്ലാൻ തീരുമാനിച്ചത്’- അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ ഇന്ന് പണിമുടക്കും . 2016 -ന് ശേഷം അധ്യാപകർ നടത്തുന്ന ആദ്യത്തെ ദേശീയ പണിമുടക്കാണിത്. അധ്യാപകർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ ഇന്ന് പണിമുടക്കിയേക്കാമെന്നാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ അറിയിച്ചിരിക്കുന്നത്. അധ്യാപകരോടൊപ്പം സർവകലാശാല ജീവനക്കാരും സിവിൽ സർവീസുകാരും ട്രെയിൻ, ബസ് ജീവനക്കാരും ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

അധ്യാപകരുടെ സമരം മൂലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത അനിശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. എത്ര ജീവനക്കാർ പണിമുടക്കും എന്നതിനെ ആശ്രയിച്ച് ഏതൊക്കെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടും എന്നതിനെ കുറിച്ചുള്ള വ്യക്തത വരുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നതനുസരിച്ച് 50000 അധികം അധ്യാപകർ പണിമുടക്കിനൊപ്പം അണിചേരും. ഇത്രയും പേർ പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന ഏറ്റവും വലിയ പണിമുടക്കായിരിക്കും ഇന്നത്തേതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭൂരിഭാഗം സ്റ്റേറ്റ് സ്കൂൾ അധ്യാപകർക്കും 2022 – ൽ 5% ശമ്പള വർദ്ധനവാണ് ലഭിച്ചിട്ടുള്ളത് . എന്നാൽ പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള വേതന വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. പണിമുടക്കുന്ന അധ്യാപകർ മുൻകൂട്ടി വിവരം പ്രധാന അധ്യാപകരെ അറിയിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം യൂണിയനുകൾ തള്ളിക്കളയുകയാണ് ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമ്മയെയും നവജാത ശിശുവിനെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കോൺസ്റ്റൻസ് മാർട്ടനെയും നവജാത ശിശുവിനെയും കണ്ടെത്തുന്നവർക്കും എന്തെങ്കിലും വിവരം കൈമാറുന്നതിനും 10,000 പൗണ്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ. ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയായ മാർക്ക് ഗോർഡനൊപ്പമാണ് ഇവർ കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരു മാസത്തോളമായി ഇവരെ കാണാതെയായിട്ട്.

താപനില കുറയുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുഞ്ഞിന്റെ ആരോഗ്യം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. വൈദ്യസഹായം കൂടാതെയുള്ള പ്രസവം ആയിരിക്കാനാണ് സാധ്യതയെന്നും അതിനാൽ ഇവരെ കണ്ടെത്തുക പ്രധാനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജനുവരി 8 -നാണ് ഇവരെ അവസാനമായി കണ്ടത്. മൂവരും ടാക്സിയിൽ ഈസ്റ്റ് സസെക്സ് തുറമുഖത്ത് എത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ കൈവശം സ്ലീപ്പിങ് ബാഗുകളും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികളും വ്യക്തമാക്കി.

‘ടാക്സി യാത്രയിൽ കുഞ്ഞു ജീവനോടെ ഉണ്ടായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരം ഒന്നും തന്നെ ഇല്ല’- അന്വേഷണ സംഘം പറയുന്നു. ഈ കുടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ദയവായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ജനുവരി 5 -ന് ബോൾട്ടന് സമീപം M61 ന്റെ അരികിൽ ഇവരുടെ കാർ തീപിടിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ സാധനങ്ങൾ എല്ലാം തീപിടുത്തത്തിൽ നശിച്ചതായും കണ്ടെത്തി.

RECENT POSTS
Copyright © . All rights reserved