Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയെ നടുക്കി വീണ്ടും അപകടം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർ പരിശോധനയിൽ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ജൂലായ് 16ന് ആയിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രികരായ റിച്ചാർഡ്, അലിസൺ ആംനർ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇരുവരും വെയിൽസിലെ കാർമാർഥൻഷെയറിൽ നിന്ന് ബൈക്കിൽ വരികയായിരുന്നു. ഈ സമയത്ത് എതിർവശത്തു നിന്ന് വരികയായിരുന്ന മാത്യു ബെൽ, ഒരു വളവിൽ വച്ച് വാനിനെ മറികടക്കുന്നതിനിടെയാണ് ഇവരെ ഇടിച്ചത്. അപകടത്തെ തുടർന്ന് അലിംസൺ എട്ടടി ഉയരത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് റിച്ചാർഡിന്റെ തുടയെല്ല് ഒടിഞ്ഞു, ആംനറിന്റെ വിരലും മൂക്കും വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു.

അപകടത്തിന് ശേഷം ഇരുവരും ഇരുപത് പ്രാവശ്യത്തിലധികം രക്തമാറ്റത്തിന് വിധേയരായി. ദൈനംദിന കാര്യങ്ങൾക്കായി വീൽ ചെയറിനെയാണ് ഇരുവരും ആശ്രയിക്കുന്നത്. സഹായത്തിനൊപ്പം മകളുമുണ്ട്. അപകടത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഡ്രൈവർ കൊക്കെയ്നും കഞ്ചാവും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 30 മാസം തടവിലാക്കി. അപകടത്തിന്റെ ഭയാനകമായ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ഇടത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുമായി സർക്കാർ. യുകെയിൽ ഏറ്റവും കുറവ് ഊർജ്ജക്ഷമതയുള്ള വീടുകൾ ഇൻസുലേറ്റ് ചെയ്യാൻ സർക്കാർ 1 ബില്യൺ പൗണ്ട് അധികമായി ചെലവഴിക്കുമെന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. രാജ്യത്തെ ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിക്കെതിരെ ഒരേസമയം വിമർശനവും ഉയരുന്നുണ്ട്.

പദ്ധതി വെറും വാഗ്ദാനം മാത്രമാണെന്നും, പ്രഖ്യാപനം ഏറെ വൈകിയെന്നുമാണ് വിമർശകരുടെ പ്രധാന വാദം. എന്നാൽ , പദ്ധതികൊണ്ട് ഇടത്തരം കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഉപകാരമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വസന്തകാലം മുതൽ മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കുന്ന പദ്ധതിക്ക് കീഴിൽ ലക്ഷക്കണക്കിന് വീടുകൾക്ക് ഇതിലൂടെ ഇൻസുലേഷൻ ലഭിക്കും. ഇതിലൂടെ പദ്ധതിയുടെ പകുതിയോളം തന്നെ ഇടത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.

അതിനു പുറമെ ഇംഗ്ലണ്ടിലെ എ-ഡി, സ്‌കോട്ട്‌ലൻഡിലെ എ-ഇ, വെയ്‌ൽസിലെ എ-സി എന്നീ കൗൺസിൽ ടാക്സ് ബാൻഡുകളിലും, ഡി അല്ലെങ്കിൽ അതിൽ താഴെ ഊർജ കാര്യക്ഷമത റേറ്റിംഗ് ഉള്ള വീടുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനോടൊപ്പം ഊർജ ഉപയോഗം കുറയ്ക്കാനുള്ള നിരവധി ക്യാമ്പയിനുകളും സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. മുറികളിലെ റേഡിയേറ്ററുകൾ കുറയ്ക്കുന്നതിലൂടെ തന്നെ ഒരു സാധാരണ കുടുംബത്തിന് പ്രതിവർഷം £160 ലാഭം ഉണ്ടാകുമെന്ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഐ ആം എ സെലിബ്രിറ്റി ഷോയിൽ മാറ്റ് ഹാൻ‌കോക്ക് മൂന്നാം സ്ഥാനത്ത്. ഇന്നലെയാണ് ഫൈനൽ മത്സരം നടന്നത്. ഫുട്ബോൾ താരം ജിൽ സ്കോട്ട്, നടൻ ഓവൻ വാർണർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

മാറ്റ് ഹാൻകോക്ക് മത്സരത്തിൽ പങ്കെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കൺസർവേറ്റിവ് പാർട്ടി അംഗമായ അദ്ദേഹം, റിയാലിറ്റി ഷോയിൽ വന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിരുന്നു. അത് പുറത്താക്കൽ നടപടിയിലേക്കും നയിച്ചു. ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമത് എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. മത്സരത്തിൽ മൂന്നാം സ്ഥലത്തേക്ക് പിന്തള്ളപെട്ടതിനെ തുടർന്ന് ഷോയിൽ നിന്ന് പുറത്തേക്ക് പോകുന്നതിൽ സങ്കടം ഉണ്ടെന്ന് വാർത്തകേന്ദ്രങ്ങൾ പറയുന്നു.

ഓസ്‌ട്രേലിയൻ കാടിൽ നിന്ന് പുറത്തുകടന്ന മാറ്റ് കാമുകി ജിന കൊളാഡഞ്ചലോയെ കണ്ടുമുട്ടിയപ്പോൾ സന്തോഷത്തിൽ ഇരുവരും ആലിംഗനം ചെയ്യുകയും, ചുംബിക്കുകയും ചെയ്തു. ആരാധകരുടെ വലിയ പിന്തുണ മാറ്റിന് ഉണ്ടായിരുന്നു. ഏറെ നാളുകൾക്കു ശേഷം തന്റെ പ്രിയപ്പെട്ടവളെ കണ്ടുമുട്ടിയപ്പോൾ “ഐ ലവ് യു, മിസ്സ്‌ യു സോ മച്ച്” എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. മത്സരസമയത്ത് ക്യാമ്പ് ലീഡർ ആയിരുന്നു അദ്ദേഹം. റിയാലിറ്റി ടിവി ഷോയ്ക്കു വേണ്ടി പോയതിനെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധം വിട്ടുള്ള എംപിമാരുടെ പ്രവൃത്തികൾ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നതിന്റെ ഭാഗമായാണ് നടപടി ഉണ്ടായതെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.

ഐടിവി ന്യൂസ് അവതാരകയായ ചാർലിൻ വൈറ്റ്, എ പ്ലേസ് ഇൻ ദി സൺ അവതാരക സ്കാർലെറ്റ് ഡഗ്ലസ്, കൊറോണേഷൻ സ്ട്രീറ്റ് താരം സ്യൂ ക്ലീവർ, ഗായകൻ ബോയ് ജോർജ് എന്നിവർ ഈ വർഷത്തെ ക്യാമ്പ്‌മേറ്റുകളിൽ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസ് സമ്മാനം ലഭിക്കാത്ത 2,000 കുട്ടികൾക്ക് ഫുട്ബോൾ ടീ ഷർട്ടുകൾ നൽകാനൊരുങ്ങി ദമ്പതികൾ. ഗ്ലൗസെസ്റ്റർഷെയറിലെ സ്‌ട്രോഡിൽ നിന്നുള്ള പോളും ലിസി വാട്‌സനുമാണ് ഈ ഉദ്യമത്തിന് പിന്നിൽ. 9000 പൗണ്ട് ഇതിനായി സമാഹരിച്ച ഇവർ, സ്കൂളുകൾ മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ വഴി വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. അനുദിനം ജീവിതചിലവ് വർദ്ധിക്കുകയാണ്. ക്രിസ്മസിന് മാതാപിതാക്കളെ സമ്മാനത്തിന്റെ പേരിൽ കുട്ടികൾ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു പരിശ്രമം എന്നാണ് ഇരുവരും പറയുന്നത്.

ഇതിന്റെ ഭാഗമായി അവതാരകനും നടനുമായ ജെയിംസ് കോർഡനിൽ നിന്നും 2000 പൗണ്ട് സംഭാവന സ്വീകരിച്ചിരുന്നു. ഇങ്ങനെ പല അഭ്യൂദയകാംഷികളിൽ നിന്നും ലഭിച്ച തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. കുട്ടികളിൽ സ്വത്വബോധം വളർത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ദമ്പതികൾ പറയുന്നത്. കിറ്റ്മസ് എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഫുട്ബോൾ ടീ ഷർട്ടുകൾ വിതരണം ചെയ്യുന്നത്. ‘പണ്ട് ഒരു ടീ ഷർട്ട്‌ വേണമെന്നുള്ളത് നടക്കാത്ത സ്വപ്‌നം ആയിരുന്നു. എന്നാൽ ഇന്ന് ജീവിത ചിലവുകൾ വർദ്ധിച്ചതിന്റെ ഭാഗമായി സമാനമായ അവസ്ഥ തന്നെ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം’ പോൾ പറഞ്ഞു.

2020 ലാണ് ഈ പദ്ധതി ആരംഭിച്ചത്. അന്ന് 1000 കുട്ടികൾക്ക് ടീ ഷർട്ടുകൾ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇത് 2000 പിന്നിട്ടിരുന്നു. കിറ്റ്‌മാസ്, ചെൽട്ടൻഹാം ടൗൺ, ഫ്രോം ടൗൺ തുടങ്ങി നിരവധി ക്ലബ്ബുകളുടെ പിന്തുണയിലാണ് ഓരോ വർഷവും ഈ പ്രോജക്റ്റ്‌ നടക്കുന്നത്. ക്ലബ്ബുകൾക്ക് പുറമെ വ്യക്തികളായും ഇതിനെ സഹായിക്കുന്നവർ നിരവധിയാണെന്നും ട്വീറ്റിലൂടെ അവർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണ്. കുട്ടികളുമായി സൗഹൃദത്തിലായ ശേഷമാണ് ഈ സംഘങ്ങൾ ഇവരെ ദുരുപയോഗം ചെയ്യുന്നത്. ഇത്തരം സംഘങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങൾ വെളിപ്പെടുത്തി ഒരു അമേരിക്കൻ ചൈൽഡ് സെക്‌സ് ക്രൈം ഇൻവെസ്റ്റിഗേറ്റർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

പോലീസുകാരിയും, മൂന്ന് കുട്ടികളുടെ അമ്മയും, ടിക്ടോകിൽ ഗേൾകോപ്പ് എന്നറിയപ്പെടുന്നതുമായ ടെറ അവില്ലയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുട്ടികളുടെ ഉറക്കം, ശരീരത്തിലെ വിവിധ അവയവങ്ങൾ എങ്ങനെ സൂക്ഷിക്കണം എന്നിവയെ കുറിച്ച് കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. കുട്ടികളെ ദുരുപയോഗം ചെയുന്നതിനെകുറിച്ചും ഗാർഹിക പീഡനത്തെകുറിച്ചും സമാന രീതിയിൽ ടെറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. കുട്ടികളെ സ്വന്തം കണ്ണുകൾ എത്തുന്ന രീതിയിൽ വളർത്തുക. ഒരുപ്രായം കഴിയുന്നത് വരെ മറ്റുള്ളവർക്ക് ഒപ്പം ഉറങ്ങാൻ അനുവദിക്കേണ്ടതില്ല. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഉറങ്ങട്ടെ. അതുപോലെ തന്നെ ഉറക്കചടവുകളോടെ എങ്ങും തന്നെ കുട്ടികളെ അയക്കരുത്. നന്നായി ഉറങ്ങുക എന്നുള്ളത് പ്രധാനമാണ്. ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്ന വിഷയം എന്ന രീതിയിൽ മുഖ്യ പരിഗണന ഉറക്കത്തിനു നൽകണം.

2. സ്‌നാപ് ചാറ്റ് ഉപയോഗിക്കാൻ അനുവദിക്കരുത്. കാരണം, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കൂടുതലും സ്‌നാപ് ചാറ്റ് പോലുള്ള ഓൺലൈൻ ആപ്ലിക്കേഷൻ മുഖേനെയാണ് വലവിരിക്കുന്നത്. അതിനാൽ ജാഗ്രത പുലർത്തണം.

3. കുടുംബാംഗങ്ങൾ ഉൾപ്പെടെ ആരെയും തന്നെ കുട്ടികളെ ഉമ്മവെക്കാനോ, കെട്ടിപ്പിടിക്കാനോ അനുവാദം നൽകരുത്. അത് എത്ര അടുത്ത ബന്ധു ആയിരുന്നാലും. കുട്ടികളുടെ ശരീരത്തിൽ സ്പർശിച്ചുള്ള സ്നേഹം വേണ്ട എന്ന് തന്നെ വെക്കുക. ശരീരത്തിൽ ആരെങ്കിലും സ്പർശിക്കാൻ മുതിർന്നാൽ അനുവാദം എന്നൊരു കാര്യം അത്യാവശ്യം ആണെന്നും അവരെ പഠിപ്പിക്കുക.

4. കുട്ടികൾ രഹസ്യങ്ങൾ സൂക്ഷിക്കുന്ന സ്വഭാവം ഒഴിവാക്കുക. രഹസ്യങ്ങൾ പല തരത്തിലുള്ളതാണ്. ചിലത് നല്ലതും ചിലത് ചീത്തയുമാകാം. അത് രണ്ടു രീതിയിലും കുട്ടികളെ ബാധിക്കാൻ ഇടയുണ്ട്.

5. അവസാനമായി, കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളുടെ ശരിയായ പേരുകൾ തന്നെ അവരെ പറഞ്ഞു പഠിപ്പിക്കുക. പലപ്പോഴും മറ്റ് പല പേരുകളാണ് പറഞ്ഞ് പഠിപ്പിക്കുന്നത്. ഏതെങ്കിലും കാരണവശാൽ കുട്ടികളൊരു പരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ അവർ പറയുന്നതിൽ വ്യക്തത വേണം. പലപ്പോഴും ഈ ഒരു കാരണത്താൽ തന്നെ പോലീസ് വലയാറുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്ലിനിക്കൽ ട്രയലിനു പുറത്ത് ആദ്യമായി കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകിയ നേഴ്സ് മേ പാർസണിനെ കോവെൻട്രി യൂണിവേഴ്സിറ്റി അനുമോദിച്ചു. 92 വയസുള്ള മാർഗരറ്റ് കീനനാണ് ഫൈസർ/ബയോഎൻടെക് വാക്‌സിന്റെ ആദ്യ ഡോസ് മേ നൽകിയത്. ആതുരപരിപാലന രംഗത്ത് മേയുടെ ഭാഗത്തു നിന്ന് ലഭിച്ച എല്ലാ സംഭാവനകളെയും കണക്കിലെടുത്താണ് അനുമോദനം.

കോവിഡ് 19 ൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ അതിനെ സധൈര്യം നേരിടാൻ മുന്നിൽ നിന്ന് നയിച്ച ആരോഗ്യപ്രവർത്തകരുടെ മുൻപന്തിയിലായിരുന്നു മേ. സീനിയർ ലീഡേഴ്‌സ് മാസ്റ്റേഴ്സ് ഡിഗ്രിയിലെ ആദ്യ ബാച്ചിലെ അംഗമായിരുന്ന ഇവർ, നിലവിൽ എംഎസ്‌സി ഗ്ലോബൽ ഹെൽത്ത്‌കെയർ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. പഠനരംഗത്ത് മികവ് പുലർത്തിയിരുന്നതിന് ബിരുദദാന ചടങ്ങിൽ പ്രത്യേക അവാർഡിനും അർഹയായിരുന്നു. നേഴ്സിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന മേ, അന്തരിച്ച എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചിട്ടുണ്ട്.

ഈ അംഗീകാരം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കുമുള്ളതാണെന്ന് മേ പാർസൺ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻ എച്ച് എസിന്റെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും, ഈ ബഹുമതി തൻെറ സഹപ്രവർത്തകർക്കായി സമർപ്പിക്കുന്നതായും മേ കൂട്ടിചേർത്തു. ‘ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു എലിസബത്ത് രാജ്ഞിയെ നേരിട്ടു കാണുക എന്നുള്ളത്. അതും സാധ്യമായി, ഫിലിപ്പീൻസിൽ നിന്നും യുകെയിലേക്ക് എത്തിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല’ അവർ പറഞ്ഞു. നിരവധി ആളുകൾ വലിയ നേട്ടങ്ങൾ ഒന്നുമില്ലാതെ നേഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ എൻഎച്ച്എസ് നേഴ്സുമാർ ഡിസംബർ 15നും 20നും പണിമുടക്കും. ശമ്പള വർദ്ധന ആവശ്യപ്പെട്ടു കൊണ്ടാണ് നഴ്സുമാരുടെ പ്രതിഷേധം. സർക്കാരുമായി ഈ വിഷയത്തിൽ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നേഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് നേരത്തെ ആരോഗ്യമന്ത്രി സ്റ്റീൽ ബാർലി വ്യക്തമാക്കിയിരുന്നു. 4 പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം ആണ് ബ്രിട്ടൻ നേരിടുന്നത്. എൻഎച്ച് എസ് നെടുംതൂണുകളായ നേഴ്സുമാർ സമരത്തിൽ ഇറങ്ങുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.

കൂടുതൽ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യത്തുടനീളം നേഴ്സുമാർ സമരമുഖത്തേക്കിറങ്ങുന്നത്. ഇത് രാജ്യം കണ്ട ഏറ്റവും വലിയ നേഴ്സുമാരുടെ പണിമുടക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ മൂന്ന് ലക്ഷം അംഗങ്ങൾ പണിമുടക്കിനോട് സഹകരിക്കും . പണിമുടക്ക് നടന്നാൽ അത് യുകെയിലുടനീളമുള്ള ആരോഗ്യമേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ് .

പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സർക്കാരിൻറെ അഭ്യർത്ഥനയെ തള്ളിക്കളയുന്ന നയമാണ് നേഴ്സുമാരുടെ യൂണിയൻ്റേത്. പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനാണ് നേഴ്സിംഗ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. 106 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിലെ അഗ്നിശമന സേനാംഗങ്ങൾക്ക് എതിരെ നടപടിയെടുത്ത് അധികൃതർ. വംശീയ അധിക്ഷേപത്തേയും ഭീഷണിപെടുത്തലിനെയും തുടർന്നാണ് നടപടി. സേനാംഗങ്ങൾ ഭീഷണിപ്പെടുത്തുകയോ വംശീയതയോ സ്ത്രീവിരുദ്ധമോ സ്വവർഗാനുരാഗിയോ ആണെന്ന് കണ്ടെത്തുകയോ ചെയ്താൽ നടപടി തുടരുമെന്നുമാണ് ലണ്ടൻ ഫയർ ബ്രിഗേഡിന്റെ ബോസ് വ്യക്തമാക്കുന്നത്.

സ്ത്രീകളോട് മോശമായി പെരുമാറുന്നത് മുതൽ ഹെൽമെറ്റിൽ മൂത്രം നിറച്ച ആളുകൾ വരെയുള്ള വിശദമായ കണക്കുകൾ വെച്ചാണ് കമ്മീഷണർ ആൻഡി റോ അഭിപ്രായപ്രകടനം നടത്തിയത്. റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടുതലാണെന്നും, ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ള സഹപ്രവർത്തകർ വംശീയ അധിക്ഷേപത്തിനു പലപ്പോഴും ഇരയാകേണ്ടി വരുന്നുണ്ടെന്നും കണ്ടെത്തി.

ഈ റിപ്പോർട്ട്‌ 23 ശുപാർശകൾ മുൻപോട്ട് വെക്കുന്നുണ്ട്. ജോലിയിൽ ആളുകൾ പലപ്പോഴായി നേരിട്ടിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഒന്നിലധികം ഭീഷണിപ്പെടുത്തൽ കേസുകളും, വംശീയ അധിക്ഷേപ സംഭവങ്ങളിലും വേണ്ടത്ര ഗൗരവപൂർവ്വമായ ഇടപെടൽ ഉണ്ടായിട്ടില്ല. ചില ഫയർ സ്റ്റേഷനുകളിൽ പുരുഷന്മാർ ഡ്യൂട്ടി സമയത്ത് അശ്ലീല വിഡിയോകൾ കാണാറുണ്ടെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. അഗ്നിശമനസേനയിൽ സ്ത്രീവിരുദ്ധ പ്രശ്നങ്ങൾ ഒരു നിത്യസംഭവമാണെന്നും, പലപ്പോഴും നടപടികൾ ഉണ്ടാകാറില്ലെന്നുമാണ് ഒരു വനിത അംഗം പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോതർഹാം ആശുപത്രിയിൽ അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. യൂസഫ് മഹ്മൂദ് നസീർ(5) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ച ശേഷമാണ് ദാരുണമായ സംഭവം. എന്നാൽ നേരത്തെ രോഗിയെ ചികിത്സിക്കാൻ ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമെന്നാണ് കുടുംബം പറയുന്നത്. തൊണ്ടയിൽ അണുബാധയുമായാണ് കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.

കുഞ്ഞിനെ ഇൻട്രാവണസ് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ റോതർഹാം ഹോസ്പിറ്റലിലെ ജീവനക്കാരോട് പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് കുട്ടിയുടെ ബന്ധു ആരോപിച്ചു. എന്നാൽ കുട്ടികളുടെ വാർഡിൽ കിടക്കയില്ലെന്നും, ഡോക്ടർമാർ സ്ഥലത്തില്ലെന്നും പറഞ്ഞു അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു. ആരോപണത്തിനു പിന്നാലെ ആശുപത്രി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ 13ന് യൂസഫിന് തൊണ്ടവേദന ഉണ്ടായെന്നും തൊട്ടടുത്ത ദിവസം ഡോക്ടറെ കാണുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും ചെയ്തു.

തുടർന്ന് കുട്ടിയുടെ നില വഷളായപ്പോൾ സൗത്ത് യോർക്ക്ഷെയറിലെ റോതർഹാം ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് ശേഷമാണ് യൂസഫിനെ ഒരു ഡോക്ടർ പരിശോധിക്കാൻ എത്തിയത്. പരിശോധനയിൽ ടോൺസിലൈറ്റിസ് സ്ഥിരീകരിക്കുകയും, എന്നാൽ തുടർ ചികിത്സ നിർദേശിച്ചുമില്ലെന്നും കുടുംബം പറയുന്നു. രോഗം മൂർച്ഛിച്ചപ്പോൾ കുട്ടികളുടെ വാർഡിലേക്ക് വിളിച്ചു സഹായത്തിനായി അപേക്ഷിച്ചെന്നും, എന്നാൽ യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസവാർത്ത. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും, വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റും ഇനി ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യാത്രക്കാരോട് ഈ രേഖകൾ ഒന്നും തന്നെ ആവശ്യപ്പെടാത്തതിനെ തുടർന്നാണ് നിർണായക വിവരം പുറത്തുവന്നത്.

അതേസമയം, എയർപോർട്ടിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന നിർദേശങ്ങൾ യാത്രക്കാരെല്ലാം നിർബന്ധമായും പാലിക്കാൻ അധികൃതരോട് സഹകരിക്കണമെന്നാണ് നവംബർ 24 ന് പുറത്തുവന്നു ഔദ്യോദിക വിശദീകരണം. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് സർട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് പറയുമ്പോഴും, യാത്രയ്ക്കിടയിലോ എത്തിച്ചേരുമ്പോഴോ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

ഇന്ത്യയുടെ പ്രവേശന നിബന്ധനകൾക്ക് പ്രഖ്യാപനത്തിൽ ഇളവുകളൊന്നുമില്ല. യാത്ര ചെയ്യുന്നതിന് മുമ്പ് കൈവശം പാസ്‌പോർട്ടും യാത്രാ രേഖകളും ഉണ്ടെന്ന് നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണം. 2016 ൽ, ഒസിഐ കാർഡുകാർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ലെന്ന് ഇന്ത്യൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരം കാർഡുകളിൽ മുൻപ് യൂ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. എന്നാൽ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇനി മുതൽ സ്റ്റിക്കറിന്റെയും ആവശ്യമില്ല. പകരം പാസ്സ്പോർട്ടും ഒസിഐ കാർഡും ഹാജരാക്കിയാൽ മതി.

അതേസമയം മെഷീൻ റീഡബിൾ അല്ലാത്ത പാസ്‌പോർട്ടുമായി ഇന്ത്യൻ തുറമുഖത്ത് എത്തുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വ്യക്തമാക്കി . അതുപോലെ നോൺ-മെഷീൻ റീഡബിൾ പാസ്‌പോർട്ടുകൾ കൈവശം വച്ചുകൊണ്ട് വിദേശ യാത്രക്കാരെ കൊണ്ടുപോകുന്ന കാരിയറുകളിൽ നിന്ന് പിഴ ഈടാക്കും.

RECENT POSTS
Copyright © . All rights reserved