Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അക്കൗണ്ട് ഉടമകളെ ആകർഷിക്കാൻ നിരവധി പദ്ധതികളുമായി സാന്റാൻഡർ യുകെ ബാങ്ക് രംഗത്ത്. ഇതിനായി 200 പൗണ്ട് സ്വിച്ചിംഗ് ഓഫറാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ആളുകൾക്കും ഈ ഓഫർ ലഭ്യമാണ്. സാന്റാൻഡർ എഡ് ജിലേക്കോ 123 കറന്റ് അക്കൗണ്ടിലേക്കോ മാറുമ്പോഴും ഈ ഓഫർ ലഭിക്കും.

ഓഫർ ലഭിക്കുന്നതിന് കാസ്സ് ഉപയോഗിച്ച് സ്വിച്ച് പൂർത്തിയാക്കുകയും 60 ദിവസത്തിനുള്ളിൽ രണ്ട് സജീവ ഡയറക്ട് ഡെബിറ്റുകൾ നടത്തുകയും വേണം. പ്രതിമാസം കുറഞ്ഞത് £500 നിക്ഷേപിക്കുകയും നിർബന്ധമായും ഓൺലൈനിലോ മൊബൈൽ ബാങ്കിംഗിലോ ലോഗിൻ ചെയ്യുകയും വേണം. ക്യാഷ്ബാക്ക് ആയി ലഭിക്കുന്ന തുക 30 ദിവസത്തിനുള്ളിൽ അവരുടെസാന്റാൻഡർ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. 200 പൗണ്ട് ഓഫർ പരിമിത കാലത്തേക്കാണെന്നും ബാങ്കിന്എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

എഡ് ജ്, 123, സെലക് ട്, പ്രൈവറ്റ്, എവരിഡേ എന്നിവയാണ് യോഗ്യതയുള്ള സാന്റാൻഡർ അക്കൗണ്ടുകൾ. പ്രതിമാസ ഫീസായി £3 ഉം,അവശ്യ ബില്ലുകൾക്കും ചെലവുകൾക്കും £20 വരെ ക്യാഷ്ബാക്കും കൂടാതെ നിക്ഷേപത്തിന് 4% പലിശയും ഈ ഓഫിറിൽ നൽകുന്നുണ്ട്. നവംബർ മാസമാണ് ഇത് പ്രവർത്തനമാരംഭിച്ചത്. പുതിയ കറന്റ് അക്കൗണ്ട് ഷോപ്പിംഗിനും ട്രാൻസ്പോർട്ട് സംബന്ധമായ ഡെബിറ്റ് കാർഡ് ചെലവിനും 1% ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ഏറ്റവും വിലക്കുറവുള്ള സൂപ്പർമാർക്കറ്റ് എന്ന നിലയിൽ എല്ലാവരും സമീപിച്ചിരുന്നത് ആൽഡി എന്ന ബ്രാന്റിനെയാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ചു ഇനി മുതൽ ആ വിശേഷണം ആൽഡിക്ക് സ്വന്തമല്ല. നിലവിൽ മറ്റൊരു സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് തലസ്ഥാനത്ത് എത്തിയതിനെ തുടർന്നാണിത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല എങ്കിലും 2023 ലെ ആദ്യമാസത്തിൽ വെയിൽസ് ഓൺലൈനും കൺസ്യൂമർ സർവേയും നടത്തിയ പഠനങ്ങളെ തുടർന്നാണ് മാറ്റം. വെയിൽസ് ഓൺലൈൻ നടത്തിയ സർവേയിൽ 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടയിൽ എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളിലും ഭക്ഷ്യവസ്തുക്കൾക്ക് വിലവർധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

ഒരിടത്ത് തന്നെ ഏഴ് ഇനങ്ങളുടെ വില 1 പൗണ്ടിൽ കൂടുതലാണെന്നും സർവ്വേ സാക്ഷ്യപ്പെടുത്തുന്നു. പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റമാണ് വർദ്ധനവിന് പിന്നിലെ പ്രധാന ഘടകം. ഈ ആഴ്ച നടന്ന ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം സർവേയിൽ ഡിസംബറിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ശരാശരി 13.3% ആയിരുന്നു. കൺസ്യൂമർ സർവേ പ്രകാരം 2022-ലെ ഏറ്റവും വിലകുറവുള്ള സൂപ്പർമാർക്കറ്റാണ് ആൽഡി. എന്നാൽ, വെയ്ൽസ് ഓൺലൈനിന്റെ കണക്കുകൾ അനുസരിച്ച് ആൽഡി നാലാം സ്ഥാനത്താണ്. നിലവിൽ ഒന്നാം സ്ഥാനത്ത് ടെസ്കോയും, രണ്ടാം സ്ഥാനത്ത് ലിഡ് ലയും, മൂന്നാം സ്ഥാനത്ത് അസ് ഡയുമാണ് എത്തിയിരിക്കുന്നത്.

സർവേയുടെ ലിസ്റ്റിൽ ഏഴ് ഇനങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇതിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് സൂപ്പർ മാർക്കറ്റുകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എല്ലാ സ്റ്റോറുകളിലും വിലവർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടെസ്കോയെക്കാൾ നേരിയ വർദ്ധനവാണ് ആൽഡിയിൽ ഉള്ളത്. പലചരക്ക് സാധനങ്ങളുടെയും ബേക്കറി സാധനങ്ങളുടെയും വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ പ്രയാസപ്പെടുകയാണ്. അതിനിടയിൽ. ഭക്ഷ്യ വസ്തുക്കൾക്കു വില വർദ്ധിക്കുന്നത് ദുരിതത്തിലേക്ക് തള്ളിയിടുന്നതിനു സമാനമാണെന്നും, സൂപ്പർമാർക്കറ്റുകൾ നടപടി പുനഃപരിശോധിക്കണമെന്നും ഫുഡ് പോളിസി മേധാവി സ്യൂ ഡേവീസ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയിരിക്കുകയാണ്. കോവിഡ് മഹാമാരിയും നേഴ്സുമാരുടെ സമരവും ആവശ്യം വേണ്ട ജീവനക്കാരുടെ അഭാവവും എല്ലാം എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്. മെച്ചപ്പെട്ട സേവനങ്ങൾ എൻഎച്ച്എസിൽ നിന്ന് ലഭിക്കാത്തതിന്റെ സംഭവങ്ങൾ ദിനംപ്രതി മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിക്കുന്നു.

അർബുദ രോഗബാധിതയായിരുന്ന 79 കാരിയായ ബെറിൽ ഹാൻകിൻ ഡാർലിംഗ്ടണിന് മെമ്മോറിയൽ ഹോസ്പിറ്റലിൽ മണിക്കൂറുകളോളം ആണ് കാത്തിരിക്കേണ്ടി വന്നത്. കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് അവർക്ക് അടിയന്തര വൈദ്യസഹായത്തിന്റെ ആവശ്യം നേരിട്ടത്. ഡോക്ടറെ കാണാൻ അവർക്ക് 11 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. അവധി ദിവസങ്ങളിൽ മതിയായ ജീവനക്കാരുടെ അഭാവത്തിൽ ഡോക്ടറെ കാണാൻ കാത്തിരിക്കേണ്ടി വരുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും പ്രവർത്തി ദിവസങ്ങളിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ബെറിൽ ഹാൻകിൻ പറഞ്ഞത്.

നിലവിൽ രോഗികളുടെ എണ്ണത്തിലെ കൂടുതലും ജീവനക്കാരുടെ കുറവും മൂലം ശരിയായ സേവനം ജനങ്ങൾക്ക് നൽകാൻ വളരെയേറെ ബുദ്ധിമുട്ടുന്നതായി നോർത്ത് ഈസ്റ്റ് ആൻഡ് നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ ബോർഡിന്റെ (ഐ സി ബി ) എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോ. നീൽ ഒബ്രിയൻ പറഞ്ഞു. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ അത്യാഹിത വിഭാഗത്തിൽ സഹായം ആവശ്യപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചതായി അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങൾ വൈദ്യുതി ഉപയോഗം കുറയ്ക്കും. വീടുകളിലെ അമിത വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നുള്ള ലക്ഷ്യമാണ് ഇതിൽ പ്രധാനമായും ഉള്ളത്. നാഷണൽ ഗ്രിഡിന്റെ ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസിൽ പങ്കെടുക്കാൻ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയിൽ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ്‌ ചെയ്ത് ഇതിൽ സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ നവംബർ മാസമാണ് പദ്ധതിയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്. എന്നാൽ ഇപ്പോഴാണ് തീരുമാനം പ്രവർത്തികമായത്. ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അമിത ചാർജ് ഈടാക്കി വിതരണക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധിയും നിലവിലുണ്ട്. ഇതിനെ തുടർന്ന് ഇന്ന് നോർത്ത് യോർക്ക്ഷെയറിലെ ഡ്രാക്സ് പവർ സ്റ്റേഷനിലും നോട്ടിംഗ്ഹാംഷെയറിലെ വെസ്റ്റ് ബർട്ടണിലും ബാക്ക്-അപ്പ് കൽക്കരി പ്ലാന്റുകൾ ഉപയോഗിക്കാനും തീരുമാനമുണ്ട്.

അതേസമയം, വൈദ്യുതി വിതരണം അപകടത്തിലാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ വൈദ്യത ഉപയോഗം ആവശ്യത്തിനുണ്ടോ എന്നുറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ക്രമീകരണമെന്നും അവർ കൂട്ടിച്ചേർത്തു. സ്കീമിൽ പങ്കെടുക്കാത്തതിന് ആരിൽ നിന്നും പിഴ ഈടാക്കുന്നതല്ല. സൈൻ അപ്പ് ചെയ്യുന്നവർക്ക് തിരക്കുള്ള സമയങ്ങളിൽ അവർക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉപയോഗിക്കാനും അവകാശമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈന് കൂടുതൽ ആയുധ സഹായം നൽകുന്ന രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രൈന് ആണവ സഹായം നൽകുന്നതിലൂടെ രാജ്യങ്ങൾ സ്വന്തം കുഴി തോണ്ടുകയാണെന്നും അത് വലിയൊരു ആഗോള ദുരന്തത്തിൽ ചെന്ന് അവസാനിക്കാനാണ് സാധ്യതയെന്നുമാണ് റഷ്യൻ പാർലമെന്റ് ഉദ്യോഗസ്ഥർ പറഞ്ഞത്.

വാഹനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വെള്ളിയാഴ്ച രാജ്യത്തിന് കോടിക്കണക്കിന് സൈനിക സഹായം വാഗ്ദാനം ചെയ്ത് പലരും രംഗത്ത് വന്നതിനെ തുടർന്നാണ് സന്ദേശം. കീവിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തിചേരുന്നത് ലോകത്തിന്റെ നാശത്തിന് കാരണമാകുമെന്ന് സ്റ്റേറ്റ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിൻ പറഞ്ഞു. ഉക്രൈയ്‌നിന് ആയുധങ്ങൾ നൽകുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ജർമ്മനി. നിരവധി ആയുധങ്ങളും യൂണിറ്റുകളുമാണ് ഇതിനോടകം തന്നെ ജർമ്മനി യുക്രൈയിനിൽ എത്തിച്ചു നൽകിയത്.

അതേസമയം, യുക്രൈനുമായുള്ള ബന്ധത്തിൽ ജാഗ്രത പുലർത്തിയാണ് ബെർലിൻ മുൻപോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിക്കില്ലെങ്കിലും, ചരിത്രപരമായി പല പ്രശ്നങ്ങളും നിലനിന്നിരുന്നതിനെ തുടർന്നാണിത്. യുക്രൈയ്നിലേക്ക് ലെക്ലർക്ക് യുദ്ധ ടാങ്കുകൾ അയക്കുന്നു എന്നുള്ള ആരോപണം തള്ളികളയുന്നില്ലെന്നും, അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. യുക്രൈനു കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് വാദിക്കുന്നവരിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഉണ്ട്. ഞായറാഴ്ച അദ്ദേഹം സന്ദർശനം നടത്തിയതും ഈ വാദത്തെ ബലപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ബോറിസ് ജോൺസണെ പാർലമെന്ററി കമ്മീഷണർ ഫോർ സ്റ്റാൻഡേർഡിന് ലേബർ പാർട്ടി റിപ്പോർട്ട്‌ ചെയ്തതായി വിവരം പുറത്ത്. ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പിന് അനധികൃതമായി വായ്പക്ക് ഗ്യാരന്റീ നൽകാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണിത്. മറ്റ് പാർട്ടികൾ കൂടി വിഷയം ഏറ്റെടുത്തതോടെ പുതിയ വിവാദം കത്തി പടരുകയാണ്.

സംഭവത്തെ കുറിച്ച് ലേബർ പാർട്ടി നേതാവ് ആൻലീസ് ഡോഡ്‌സ്, ഡാനിയൽ ഗ്രീൻബെർഗ് സിബിക്ക് വീണ്ടും കത്തെഴുതുകയും എംപിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ അടിയന്തിരമായി ഗൗരവമായ സമീപനം ഈ വിഷയത്തിൽ ഉണ്ടാകണമെന്നാണ് ആവശ്യം. മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇയാളുടെ തെറ്റായ നടപടികൾ കാരണം കൺസർവേറ്റീവ് പാർട്ടിയെ മറ്റൊരു ചെളിക്കുണ്ടിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

എന്നാൽ 2020 ൽ ബോറിസ് ജോൺസൻ ഡൗണിംഗ് സ്ട്രീറ്റിൽ താമസം ആരംഭിച്ചപ്പോൾ മുതൽ ഷാർപ്പിന്റെ സഹായം ഉണ്ടായിരുന്നെന്നും, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത വ്യാജമാണെന്നും, ഇത്തരത്തിൽ ഇരുവരും തമ്മിൽ സംസാരമോ,ഇടപാടോ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ബോറിസ് ജോൺസന്റെ വക്താവ് പ്രതികരിച്ചു. വാർത്തകൾ കെട്ടി ചമച്ചതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ യുകെയിലെ സ്റ്റീൽ വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്‌ പുറത്ത്. നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതൽ ചർച്ചകൾക്കായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന് കത്തെഴുതിയിട്ടുണ്ട്. തകർച്ചയുടെ വക്കിൽ നിന്നും വ്യവസായത്തെ കരകയറ്റാൻ ഗൗരവമായ നടപടി അടിയന്തിരമായി കൈകൊള്ളണമെന്നാണ് യൂണിയന്റെ ആവശ്യം.

എന്നാൽ, എല്ലാ കാലവും സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും, സ്റ്റീൽ ഇൻഡസ്ട്രിയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു ലാഭകരമാക്കുവാൻ കൂടുതൽ നടപടി കൈകൊള്ളുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, പ്രശ്നങ്ങൾക്ക് കാരണമായ നിരവധി ഘടകങ്ങൾ അവിടെ ഉണ്ടെന്നും, അത് കണ്ടെത്തിയാണ് പരിഹരിക്കേണ്ടതെന്നും യുണൈറ്റിന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ്റ്റീവ് ടർണർ കത്തിൽ പറഞ്ഞു. ഊർജ്ജ ചെലവുകൾ, കാർബൺ നികുതി, നഷ്ടത്തിലായ വിപണി, ഡിമാൻഡ് കുറവ് എന്നിവ ഇവയിൽ പ്രധാന പ്രശ്നങ്ങളാണ്.

യുകെയുടെ സമ്പദ് വ്യവസ്ഥയിൽ സ്റ്റീൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ഒഴിവാക്കാൻ ഒരു കാരണവശാലും കഴിയിലെന്നും യൂണിയന്റെ കത്തിന് മറുപടിയായി എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്‌മെന്റ് ഔദ്യോദിക വക്താവ് പ്രതികരിച്ചു. എന്നാൽ, സ്റ്റീൽ മേഖലയെ സഹായിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നാണ് ലേബർ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് പറയുന്നത്. ഫണ്ടിങ് പാക്കേജ് അനുവദിക്കുന്നതിൽ മുതൽ കമ്പനിയെ വളർത്തികൊണ്ട് വരുന്നതിൽ പോലും ആ വീഴ്ച നിലനിൽക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മനുഷ്യകടത്ത് സംഘത്തിന്റെ പ്രധാന തലവൻ അറസ്റ്റിൽ. ഇറാഖിൽ നിന്നും ഇറാനിൽ നിന്നും ആളുകളെ ലോറികളിൽ ഒളിപ്പിച്ച് യുകെയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. ഏറെ നാളുകൾക്കു ശേഷമാണ് പ്രതിയായ താരിക് നാമിക് പിടിയിലായിരിക്കുന്നത്. പ്രധാനമായും ഇറാൻ, ഇറാഖ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇയാൾ ആളുകളെ എത്തിച്ചിരുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം.

50 ദിവസത്തിനുള്ളിൽ 1,900 ആളുകളെയാണ് ഇയാൾ യുകെയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് കുറഞ്ഞത് 1,540 പൗണ്ട് വിലയാണ് ഇട്ടിരുന്നതെന്നും അദ്ദേഹത്തിന്റെ ഫോൺ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറഞ്ഞു. വെള്ളിയാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. തുർക്കിയിലേക്ക് കടക്കാനായിരുന്നു പ്ലാൻ എന്നും അധികൃതർ വ്യക്തമാക്കി.

ഓൾഡ്ഹാം സ്വദേശിയായ ഇയാളെ ഡിസംബറിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതി എട്ട് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്ന സംഭവത്തിൽ മുൻപും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഘമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും,2017 മുതൽ പോലീസിന്റെ നിരീക്ഷണത്തിൽ ഇവർ ഉണ്ടെന്നും അധികൃതർ പറഞ്ഞു. ലോറിയുടെ പിന്നിലും, അകത്തും ഒക്കെയായിട്ടാണ് ആളുകളെ എത്തിക്കുന്നത്. മറിച്ചു വിൽക്കുന്നത് ആകട്ടെ വൻ തുകയ്ക്കും. നമിക്കിനൊപ്പം ഉള്ള നാല് പേരെ ഡിസംബറിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആരോഗ്യ ജീവനക്കാരുടെ പണിമുടക്കുകൾ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് രംഗത്ത്. തുടർച്ചയായി ഉണ്ടാകുന്ന പണിമുടക്കുകൾ ജോലിഭാരം കൈകാര്യം ചെയ്യുന്നത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നെന്നും, മുൻപോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഇത് വെല്ലുവിളിയാണെന്നും ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. പ്രശ്നം പരിഹരിച്ചാൽ മാത്രമേ മുൻപോട്ടുള്ള കാര്യങ്ങൾ നടക്കൂ എന്നും, അതിനാൽ എല്ലാ വശങ്ങളിലും നിന്നും പരിഹാര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിൽ ഇംഗ്ലണ്ടിലെ ബഹുഭൂരിപക്ഷം നേഴ്സുമാരും സമരത്തിലാണ്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ആംബുലൻസ് ജീവനക്കാർ വരും മാസങ്ങളിൽ സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഡിസംബർ, ജനുവരി ആദ്യ ദിനങ്ങളിലും നടത്തിയ സമരത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടുമെന്ന് പറഞ്ഞിരുന്നെങ്കിലും സാരമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഈ ആഴ്ച തന്നെ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നിർത്തിവെയ് ക്കേണ്ടതായി വന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ നേരിട്ട തടസ്സം മൂലം 5,000 ഓപ്പറേഷൻ ഉൾപ്പെടെ 27,800 ബുക്കിംഗുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യേണ്ടതായി വരുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അധികൃതർ അറിയിച്ചു.

ജീവനക്കാരുടെ സമരം തുടരാനുള്ള തീരുമാനം വരും ദിവസങ്ങളിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സമരം തുടർന്ന് പോകുന്നതിൽ പലർക്കും അതൃപ്തിയുണ്ട്. എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. എന്നാൽ മന്ത്രിമാരും ഭരണാധികാരികളും വിട്ടുവീഴ്ച ചെയ്യാൻ തയാറാകണമെന്നും, പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കാൻ ഇവർക്ക് കഴിയണമെന്നും എൻഎച്ച്എസ് കോൺഫെഡറേഷന്റെ തലവൻ മാത്യു ടെയ്‌ലർ പറഞ്ഞു. പണിമുടക്ക് കൂടുതൽ കരുത്തോടെ മുൻപോട്ട് പോകുമെന്ന് യൂണിയൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു മാത്രമേ മുൻപോട്ട് പോകുവാൻ അധികാരികൾക്ക് കഴിയുകയുള്ളു എന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ 20 വർഷം ബ്രിട്ടനിലെ കുട്ടികളുടെ ജനന വിവരം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടു. കഴിഞ്ഞ 20 വർഷത്തെ ഡേറ്റയുടെ വിലയിരുത്തലിൽ ഒട്ടേറെ രസകരമായ വിവരങ്ങളാണ് പുറത്തുവന്നത്. കണക്കുകൾ പ്രകാരം ഏറ്റവും കുറവ് ജന്മദിനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഫെബ്രുവരി 26 ബോക്സിങ് ഡേയിലാണ്.

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ജന്മദിനങ്ങൾ കുറവാണ്. സെപ്റ്റംബർ 27-ാം തീയതിയാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് . ശരാശരി 1993 കുട്ടികളാണ് അന്നേദിവസം ഓരോ വർഷവും ജനിച്ചത്. 1987 കുട്ടികൾ ജനിച്ച സെപ്റ്റംബർ 24-ാം തീയതിയ്ക്കാണ് രണ്ടാം സ്ഥാനം. സെപ്റ്റംബർ 25-ാം തീയതിയ്ക്കാണ് മൂന്നാംസ്ഥാനം (1980 കുട്ടികൾ ) .

ക്രിസ്മസ് അവധിക്കാലത്ത് ദമ്പതികൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കൂടുതൽ അവസരം കിട്ടുന്നത് സെപ്റ്റംബറിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ കുട്ടികൾ ഉണ്ടാകുന്നതിൽ ചില ദമ്പതികളെങ്കിലും താല്പര്യം എടുത്തതും സെപ്റ്റംബർ മാസത്തിൽ ജന്മദിനങ്ങൾ കൂടുന്നതിന് കാരണമാണ്. അമ്മമാർക്ക് പ്രായം കൂടുന്നതായും പഠനം പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം അമ്മമാരുടെ ശരാശരി പ്രായം 31 വയസ്സാണ്. 1970 ൽ ഇത് 26 വയസ്സായിരുന്നു.

RECENT POSTS
Copyright © . All rights reserved