ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളെ ബലാത്സംഗം ചെയ്ത കൊടും കുറ്റവാളിയായ സ്റ്റീഫൻ പെന്നിംഗ്ടണിനായി പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും അപകട സാധ്യതയുള്ള കൊടും ക്രിമിനൽ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ തന്നെ 999, 01253604019 എന്നീ നമ്പറുകളിൽ വിളിക്കുകയോ [email protected]. എന്ന ഇ മെയിലിലോ ബന്ധപ്പെടണം. 35 വയസ്സുകാരനായ സ്റ്റീഫൻ പെന്നിംഗ്ടണിനായി അടിയന്തിര തിരച്ചിൽ തുടരുകയാണെന്ന് ലങ്കാ ഷെയർ പോലീസ് അറിയിച്ചു. 2009 -ൽ ഒരു കുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഇയാൾ ജയിലിലായിരുന്നു. ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുകൾ ലംഘിച്ചതിന് കഴിഞ്ഞവർഷം ഇയാളെ വീണ്ടും ജയിലിൽ അടച്ചിരുന്നു.

വെളുത്ത് മെലിഞ്ഞ് 6 അടി ഉയരവും കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നോർത്തംബർലാൻഡിൽ ലോകപ്രശസ്തമായ സൈക്കമോർ ഗ്യാപ് മരം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ തുടരുകയാണെന്നും നോർത്തുംബ്രിയ പോലീസ് പറഞ്ഞു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 16 കാരനെ ജാമ്യത്തിൽ വിട്ടയച്ചു.

ലോകത്തിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വൻ മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്. സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് നോർത്തുംബ്രിയ പൊലീസ് പറഞ്ഞു.റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു. വൃക്ഷത്തിന് ഏകദേശം 300 വർഷത്തെ പഴക്കമാണ് പറയപ്പെടുന്നത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോക ജനതയ്ക്ക് പരിചിതമായത്. 2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിറാലിലെ എം 53-ൽ ഉണ്ടായ സ്കൂൾ ബസ് അപകടത്തിൽ പതിനഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. രാവിലെ 8:00 ന് മെർസിസൈഡിലെ മോട്ടോർവേയിലെ യാത്രാക്കാരിയായിരുന്ന ജെസീക്ക ബേക്കറാണ് അപകടത്തിൽ മരണപ്പെട്ടത്. ബസ്സിൽ വെസ്റ്റ് കിർബിയിലെ കാൽഡേ ഗ്രാഞ്ച് ഗ്രാമർ സ്കൂളിലേക്കും വെസ്റ്റ് കിർബി ഗ്രാമർ സ്കൂളിലേക്കും ഉള്ള വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്നു എന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു. അപകടത്തിൽ കോച്ച് ഡ്രൈവറും കൊല്ലപ്പെട്ടു.

58 പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഒരു പതിനാലുകാരൻ ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ ആണെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ വാലസിയിലെ ക്ലിയറിംഗ് സെന്ററിലേക്ക് കൊണ്ടുപോയ മറ്റ് 52 പേരിൽ 39 പേരെ കൂടുതൽ ചികിത്സ ആവശ്യമില്ലാതെ വിട്ടയച്ചു, 13 പേർക്ക് ചെറിയ പരിക്കുകൾ ഉണ്ട്. വാഹനാപകടത്തിൽ ജെസിക്കയ്ക്ക് ജീവൻ നഷ്ടമായ വാർത്ത പോലീസ് അധികൃതർ അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തേയ്ക്ക് രണ്ട് എയർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ എത്തിയിട്ടുണ്ട്. അപകടത്തിന്ന് പിന്നാലെ മോട്ടോർവേ അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അന്വേഷണത്തിൻെറ ഭാഗമായി ഇവ അടച്ചിടുമെന്ന് ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ കുട്ടികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ചീഫ് സൂപ്പർടൈൻഡന്റ് റോബ്‌സൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകരാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതമാണ് മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും സമ്മാനിച്ചത്. എന്നാൽ പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഉയർത്തെഴുന്നേൽക്കുന്നതിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവന്നു. ഈ വർഷം പകുതിയോടെ ജി ഡി പി കോവിഡിന് മുമ്പുള്ളതിനേക്കാൾ 1.8% കൂടിയ നിലയിലെത്തി. ഇത് പ്രതീക്ഷിച്ച കണക്കുകളെക്കാൾ 50 ബില്ല്യൺ പൗണ്ട് കൂടുതലാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് (ഒ എൻ എസ് ) ന്റെ കണക്കുകളിലൂടെയാണ് സമ്പദ് വ്യവസ്ഥയിലെ യുകെയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നത്. വികസന കുതിപ്പിൽ യു കെ ഫ്രാൻസിനെയും ജർമ്മനിയെയും പിന്നിലാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ G 7 -ലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചയിൽ യുകെ പിന്നിലാണ്. യുഎസ് ആണ് ഏറ്റവും മുന്നിൽ. കാനഡ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളും വളരെ ശക്തമായ നിലയിലാണ് .

യുകെ സമ്പദ് വ്യവസ്ഥയുടെ മോശമല്ലാത്ത പ്രകടനം പ്രധാനമന്ത്രി ഋഷി സുനകിനും ആശ്വാസം പകരുന്നതാണ്. കൺസർവേറ്റീവ് പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സ്വന്തം പാർട്ടിയിൽ നിന്ന് നേരിടുന്ന വിമർശനങ്ങളെ അതിജീവിക്കാൻ പുതിയ കണക്കുകൾ പ്രധാനമന്ത്രിക്ക് ആത്മവിശ്വാസം നൽകും . വിമർശകർ സമ്പദ് വ്യവസ്ഥയുടെ ശക്തിയെ സംശയിക്കുന്നതായും എന്നാൽ കണക്കുകൾ അത് തെറ്റാണെന്ന് തെളിയിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കേട്ടുകേൾവിയില്ലാത്ത മോഷണശ്രമത്തിനാണ് കഴിഞ്ഞദിവസം വെസ്റ്റ് മിഡ്ലാൻഡിലെ ഒരു കുടുംബം സാക്ഷ്യം വഹിച്ചത്. ആയുധധാരികളായ 6 പേരുടെ സംഘമാണ് കവർച്ചയ്ക്കായി ഒരു കുടുംബത്തിലേയ്ക്ക് ഇരച്ചു കയറിയത്. 11 വയസ്സുള്ള ആൺകുട്ടിയുടെ തലയിൽ തോക്കും 71 വയസ്സുകാരിയായ മുത്തശ്ശിയുടെ കഴുത്തിൽ കത്തിയും വച്ചാണ് മോഷ്ടാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സെപ്റ്റംബർ 18 നാണ് സംഭവങ്ങൾ അരങ്ങേറിയത്. 11 മിനിറ്റോളം നീണ്ട കവർച്ചാ ശ്രമത്തിനുശേഷം ഒരു റോളക്സ് വാച്ചും , കാറിൻറെ താക്കോലും മറ്റ് വിലകൂടിയ ആഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ സംഘം തന്നെ ഡ്രൈവ്വേയിൽ ഒരു മെഴ്‌സിഡസും റേഞ്ച് റോവറും മോഷണം നടത്തിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തെ ഗുരുതരമായ മോഷണം എന്നാണ് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് വിശേഷിപ്പിച്ചത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതിനിടെ തങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വെസ്റ്റ് മിഡ്ലാൻഡിലെ കുടുംബം 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. കവർച്ചക്കാർ കഴുത്തിന് കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് ഇരയായ 71 വയസ്സുകാരിയായ മുത്തശ്ശി ഇതുവരെ അതിൻറെ ആഘാതത്തിൽ നിന്ന് വിമുക്‌തയായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: വിശ്വവിഖ്യാതമായ ഹാരി പോട്ടർ സിനിമാ സീരീസിലെ ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൈക്കിൾ ഗാംബൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യുമോണിയയെത്തുടർന്നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. 1940 ഒക്ടോബർ 19 ന് അയർലണ്ടിൽ ജനിച്ച ഗാംബൻ ലണ്ടനിലാണ് വളർന്നത്. സിനിമകൾക്കപ്പുറം ടെലിവിഷനിലും നാടകങ്ങിലും റേഡിയോയിലുമടക്കം അഞ്ച് ദശകക്കാലത്തോളം അഭിനേതാവ് എന്ന നിലയിൽ സജീവമായിരുന്നു മൈക്കിൾ. ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ നാല് ബാഫ് ത അവാർഡുകൾ നേടിയിട്ടുണ്ട്.

ഹാരി പോട്ടറിലെ എട്ടു ഭാഗങ്ങളിൽ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രഫസറുടെ വേഷമാണ് പ്രശസ്തനാക്കിയത്. ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂൾസ് മൈഗ്രെറ്റായി ഗാംബൻ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.

ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ തുടങ്ങിയത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബൻ സിനിമ അരങ്ങേറ്റം നടത്തിയത്. അതിശയകരമായ മനുഷ്യനും മികച്ച നടനുമായിരുന്നു ഗാംബനെന്ന് ജെ കെ റൗളിംഗ് അനുശോചിച്ചു. തന്റെ ജോലിയെ തികഞ്ഞ ആത്മാർത്ഥയോടെ സമീപിച്ച വ്യക്തിയായിരുന്നു ഗാംബനെന്ന് ഡാനിയൽ റാഡ്ക്ലിഫ് പറഞ്ഞു. ലേഡി ഗാംബോൺ ആണ് ഭാര്യ. മകൻ: ഫെർഗുസ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ പലയിടങ്ങളിലും കോവിഡിന്റെ ജനിതക വകഭേദങ്ങളുടെ കടന്നാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദങ്ങളിലൊന്നായ പിറോള വൈറസിന്റെ കടന്നാക്രമണത്തെ തുടർന്ന് റട്ട്‌ലാന്റിലെ ഉപ്പിംഗ്ഹാം കമ്മ്യൂണിറ്റി കോളേജ് ഭാഗികമായി അടച്ചു . വൈറസ് ബാധയെ തുടർന്ന് 13 അധ്യാപകർ കഴിഞ്ഞദിവസം അവധിയെടുത്തിരുന്നു .

ഇതിനെ തുടർന്ന് 8 മുതൽ 10 വയസ്സ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ ഇന്നുകൂടി തുടരും . സ്കൂളുകളിൽ എല്ലാ കുട്ടികളും വരുന്നത് സുരക്ഷിതമല്ലാത്ത ഒരു ഘട്ടത്തിലെത്തിയതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂളിൻറെ പ്രിൻസിപ്പൽ ആയ ബെൻ സോളി മാതാപിതാക്കളെ അറിയിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ന് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളും അവധിയെടുക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ പിറോള ( BA. 2.86) നെ കുറിച്ചുള്ള ആശങ്ക രാജ്യത്തെങ്ങും ശക്തമായി തുടരുകയാണ്. പിറോള വൈറസ് അപകടകരമായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വ്യാപകമായി വാക്സിൻ വിതരണം നടത്തുന്നതിനായി ഗവൺമെൻറ് നടപടികളെടുത്തത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 18 വരെ 54 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയതായി 12 പേർക്ക് കൂടി രോഗം ബാധിച്ചതിനെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ ഉള്ള ആളുകൾ വീട്ടിൽ തന്നെ തുടരാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനുമാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
10 വർഷത്തെ എൻഎച്ച്എസ് സേവനം പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരുടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളണം എന്ന ആവിശ്യം മുന്നോട്ട് വച്ച് വിദഗ്ദ്ധർ. നേഴ്‌സുമാർ മിഡ്‌വൈഫുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് തടയാൻ സാമ്പത്തിക പ്രോത്സാഹനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നഫീൽഡ് ട്രസ്റ്റ് രംഗത്ത് വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നിരവധി ജീവനക്കാർ പരിശീലനം പോലും പൂർത്തിയാക്കാനാവാതെ എൻഎച്ച്എസിൽ നിന്ന് പോകാൻ നിർബന്ധിതരാവുന്നുണ്ട്. എന്നാൽ ജീവനക്കാർക്ക് ആവശ്യമായ പിന്തുണകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപിമാർ ആശയം നിരസിച്ചു.

എൻഎച്ച്എസിൽ പരിശീലനം ആരംഭിക്കുകയും കരിയർ ആരംഭിക്കുകയും ചെയ്യുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് നഫീൽഡ് ട്രസ്റ്റിന്റെ റിപ്പോർട്ട്. സ്കാനിംഗ് നടത്തുന്ന ഫിസിയോകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, ഡോക്ടർമാർ നേഴ്സുമാർ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോർട്ടിൽ പരിശീലനം കഴിഞ്ഞവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ജോലിക്കായി പ്രവേശിക്കുന്നില്ലെന്ന് കണ്ടെത്തി. കൂടാതെ ജോലിയിൽ പ്രവേശിച്ചവരിൽ അഞ്ചിൽ ഒരാൾ രണ്ട് വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എൻഎച്ച്എസിൽ ജോലി ഉപേക്ഷിക്കുന്നവരിൽ ചിലർ ഇപ്പോഴും ചാരിറ്റികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി ജോലി ചെയ്യുന്നതായും നഫീൽഡ് ട്രസ്റ്റ് പറഞ്ഞു. നിലവിൽ എൻഎച്ച്എസ് വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്‌ത് വരുന്നത്.
ജിമ്മി ജോസഫ്
സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട്ലാൻ്റിലെ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ഗ്ലാസ്ഗോയിലെ ബെൽസ് ഹിൽ അക്കാഡമിയിൽ ഒക്ടോബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ
സ്കോട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപം കൊണ്ട യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്.
യുസ്മ നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, ലൈവ് ടെലികാസ്റ്റിംഗ്, പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം മികച്ച ജഡ്ജിംങ് പാനൽ ഇതെല്ലാം മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ കലാമേളയ്ക്കും കൊഴുപ്പേകും. ഗ്ലാസ്ഗോയിലെ ബെൽസ് ഹിൽ അക്കാഡമിയിലാണ് മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും അരങ്ങേറുന്നത്.
സ്കോട്ലാൻഡ് മലയാളീ കുടിയേറ്റ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞു.
സ്കോട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നല്കി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരഭത്തിന് സ്കോട്ലാൻഡിലെ എല്ലാ വ്യക്തികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഭാഗമായോ അല്ലാതെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. USMA കലാമേളയിൽ സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായി വ്യക്തിഗത , ഗ്രൂപ്പിനങ്ങളിലായി നടത്തപ്പെടുന്ന മത്സര ഇനങ്ങൾ :
Solo Song Juniors(7-14 Years)
Solo Song Seniors (15-25 years)
Solo Song (Adult )
Single Dance Juniors (7-14 Years)
Single Dance Seniors(above 15 years)
Instrumental music (Key board)Juniors(7-14years)
Instrumental music (Key board)Seniors(above15years)
Instrumental music ( Guitar)Juniors (7-14years)
Instrumental music (Guitar)seniors(15-25 years )
Group Song Juniors(7-14 Years)
Group Song Seniors (15-25 years)
Group Song (Adult)
Group Dance (Bolly wood)Juniors(7-14 Years)
Group Dance(Bollywood) Seniors (above 15 years)
All age categories:
Thiruvathira
Margamkali
Skit
ഒക്ടോബർ 28 ന്
ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഗ്ലാസ്ഗോ ,ബൈൽ സ്ഹിൽ അക്കാഡമി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
മത്സരാർത്ഥികൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി
ഒക്ടോബർ 10 ന് മുൻപായി . uscotland2018 @gmail.comഎന്ന ഇ മെയിലിലോ, യുസ്മ കൾചറൽ കോർഡിനേറ്റർമാരായ റീന സജി 07809 486817
(ലിവിംഗ്സ്റ്റൺ), ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533 554537 എന്നിവരേയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ പതിനഞ്ചുകാരിയുടെ കഴുത്തറത്തു കൊന്ന 17 വയസുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് ക്രോയിഡോണിലെ ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റി സ്‌കൂളിലെ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. മറ്റു സ്കൂൾ വിദ്യാർഥികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. പെൺകുട്ടി ഉൾപ്പടെയുള്ളവർ കൂട്ടമായി സംസാരിച്ചു വരവേ ഉണ്ടായ വാക്കു തർക്കം കൊലപാതകത്തിന് കാരണമാകുകയായിരുന്നു. മരിച്ച പെൺകുട്ടിയും സുഹൃത്തുക്കളും നമ്പര്‍ 60 ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആണ് സംഭവം നടന്നത്. കൊലപാതകം നടന്ന ഉടനെ ബസ് ജീവനക്കാരും മറ്റും പെൺകുട്ടിയെ സഹായിക്കാൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കൊലപാതകത്തിന് പിന്നാലെ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിയെ രണ്ട് വർഷമായി പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്ക് അറിയാവുന്ന ആളാണ്. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനി ആൺകുട്ടി നൽകിയ പുഷ് പങ്ങൾ സ്വീകരിച്ചില്ലെന്നും ഒരുമിച്ചു നടന്നു പോകാമെന്ന ആവശ്യം അവഗണിച്ചെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും പേര് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ദൃക്‌സാക്ഷികൾ നൽകിയ മൊഴിയിൽ പ്രതി പെൺകുട്ടിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപം പൂക്കളും കാർഡുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവ പെൺകുട്ടി നിരാകരിച്ചതിനാലാവാം കൊലപാതകം നടന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.