Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജിപിമാരുടെ കുറവ് കാരണം ആയിരക്കണക്കിന് ആളുകൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ തടസമാകുന്നെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ്. പ്രതിമാസ സ്റ്റാഫിംഗ് ഡാറ്റയിലാണ് വെളിപ്പെടുത്തൽ. 2015 നെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 2,000 ഫാമിലി ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം രോ​ഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയാണ്.

ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രോ​ഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരില്ലാത്ത സാഹചര്യം വലിയ ആശങ്ക സൃഷ്ടിക്കുന്നെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇപ്പോൾ ടോറി നേതൃത്വം ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകി രം​ഗത്തു വന്നിരിക്കുകയാണ്. സീനിയർ ഫാമിലി ഡോക്ടർമാരുടെ സേവനം അടിയന്തിരമായി വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ചികിത്സയ്ക്കായി ആഴ്ചകൾ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ​ഗവൺമെന്റിന്റെ ഭാ​ഗത്തു നിന്ന് വിഷയത്തിന്മേൽ ​ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫസർ മാർട്ടിൻ മാർഷൽ പറയുന്നത്. 2019 ൽ മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം സർക്കാർ ഈ കാര്യത്തിൽ മിണ്ടിയിട്ടില്ലെന്നും വിമർശനമായി ഉയരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ ‘സ്പെയർ’ എന്ന തലക്കെട്ടിൽ ജനുവരിയിൽ തന്നെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് പെൻഗ്വിൻ പബ്ലിഷേഴ്സ്. തികച്ചും സത്യസന്ധമായ രീതിയിൽ എഴുതപ്പെട്ട ഈ പുസ്തകം അടുത്തവർഷം ജനുവരി പത്തോടെ വിപണിയിൽ ഉണ്ടാകും. എന്നാൽ ഈ പുസ്തകം നിരവധി വിവാദങ്ങൾക്ക് വഴി തെളിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജകുടുംബത്തോടുള്ള അനാദരവായാണ് ഈ പുസ്തകത്തെ രാജകുടുംബം വീക്ഷിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചന നൽകി കഴിഞ്ഞു. വിവാദപരമായ വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടും യഥാർത്ഥ സംഭവങ്ങളുമെല്ലാം തന്നെ ഹാരി ഈ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണദിവസം ഹാരി നേരിട്ടത് എന്തൊക്കെ, കാമിലയുമായുള്ള ഹാരിയുടെ ബന്ധത്തിലുള്ള വിടവ്, വില്യമുമായുള്ള ഭിന്നതകൾ തുടങ്ങിയ വിവാദപരമായ വിഷയങ്ങൾ സംബന്ധിച്ച് തുറന്നുപറച്ചിലുകൾ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.


മുൻപ് ഓപ്ര വിൻഫ്രിയുമായി നടന്ന അഭിമുഖത്തിൽ രാജകുടുംബത്തിൽ നിന്ന് തന്നെ തനിക്ക് വംശീയ വിവേചനം അനുഭവപ്പെട്ടതായുള്ള ദമ്പതികളുടെ തുറന്നുപറച്ചിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തന്റെ മകൻ ആർച്ചിയുടെ തൊലിയുടെ നിറത്തെ സംബന്ധിച്ചു വരെ രാജകുടുംബത്തിൽ വിവാദപരമായ ചർച്ചകൾ നടന്നതായി ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും തങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ് എന്നായിരുന്നു ഈ അഭിമുഖത്തോടുള്ള വില്യമിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ ഈ പുസ്തകം ഇരുവർക്കും രാജകുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തുടർച്ചയായിട്ടുള്ള അപ്രത്യക്ഷത മരണത്തെ പകച്ചു നിൽക്കുകയാണ് യു കെ മലയാളികൾ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ജോർജ് പോൾ (65 ) ആണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ജോർജ് പോൾ കഴിഞ്ഞ രണ്ടാഴ്ചയായി മാഞ്ചസ്റ്റർ സാൽഫോർഡ്‌ റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ ഗ്രേസി പോൾ . ജെഫി പോൾ ജസ്റ്റിൻ പോൾ എന്നിവരാണ് മക്കൾ. മരുമകൻ രാജേഷ്.

ഒരുമാസം മുമ്പ് കുഴഞ്ഞുവീണതിനെ തുടർന്ന് തലക്കേറ്റ പരിക്കാണ് മരണത്തിലേയക്ക് നയിച്ചത്. യുകെയിലേക്ക് ആദ്യകാലം കുടിയേറിയ മലയാളികളിൽ ഉൾപ്പെട്ടവരാണ് ജോർജും കുടുംബവും . 20 വർഷങ്ങർക്ക് മുമ്പാണ് ഓസ്ട്രിയയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ജോർജ് പോളിന്റെ കുടുംബം കുടിയേറിയത്.

ഇന്നലെ ഒന്നരവർഷം മുമ്പ് യുകെയിലെത്തിയ 40 വയസ്സുകാരനായ സതീഷ് വൂസ്റ്ററിൽ മരണമടഞ്ഞതിന്റെ വേദന ഒടുങ്ങുന്നതിനു മുമ്പാണ് ജോർജ് പോളിന്റെ മരണവാർത്ത എത്തിയിരിക്കുന്നത്.

ജോർജ് പോളിൻെറ അകാലവിയോഗത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലിസ് ​ട്രസിന്റെ ഓരോ തെറ്റായ നടപടികളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. ഇംഗ്ലണ്ടിൽ ഷെയ്ൽ ഗ്യാസ് ഫ്രാക്കിംഗിന്റെ നിരോധനം ഇപ്പോഴിതാ അദ്ദേഹം പിൻവലിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായതിന് പിന്നാലെയുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യദിനം ഡാറ്റാ ലംഘനങ്ങളെ തുടർന്ന് പുറത്താക്കിയ സുല്ല ബ്രാവർമാന്റെ തിരിച്ചുവരവിനെ അദ്ദേഹം ന്യായീകരിച്ചതും വാർത്തകളിൽ നിറഞ്ഞു. രാജ്യത്തെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നത് തുടരുമെന്നും അതാണ് സർക്കർ നയമെന്നും പറഞ്ഞ അദ്ദേഹം ആനുകൂല്യങ്ങൾ വെറുതെ നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി.

പണപ്പെരുപ്പത്തിനൊപ്പം സംസ്ഥാന പെൻഷൻ ഉയരുമോ എന്നതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ അദ്ദേഹത്തിന്റെ വക്താവ് വിസമ്മതിച്ചു. പ്രഖ്യാപനം രണ്ടാഴ്ചയിലേറെ വൈകിയ സാഹചര്യത്തിൽ നവംബർ 17-ന് നികുതിയും ചെലവും സംബന്ധിച്ച ഗവൺമെന്റിന്റെ പദ്ധതികൾ ജെറമി ഹണ്ട് അവതരിപ്പിക്കും. ഷെയ്ൽ ഗ്യാസ് ഫ്രാക്കിംഗിന്റെ നിരോധനം പരിസ്ഥിതി സംഘടനകളുടെയും പ്രാദേശിക കമ്മ്യൂണിറ്റികളുടെയും എതിർപ്പിനെത്തുടർന്ന് 2019 ലാണ് നിർത്തിവെച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ആദ്യ ടൂർ ഡി ഫ്രാൻസ് സ്റ്റേജ് ജേതാവായ ബ്രയാൻ റോബിൻസൺ (91) അന്തരിച്ചു. ബ്രിട്ടനിലെ ആദ്യകാല സൈക്ലിംഗ് താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വെസ്റ്റ് യോർക്ക്ഷെയറിലെ മിർഫീൽഡിൽ ജനിച്ച റോബിൻസന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ സൈക്ലിംഗ് വിജയത്തിന് കൂടുതൽ കരുത്തേകി.

ബ്രാഡ്‌ലി വിഗ്ഗിൻസ്, ക്രിസ് ഫ്രൂം എന്നിവർക്ക് വളരെ മുമ്പ്, യോർക്ക്ഷയർമാൻ ടൂർ ഡി ഫ്രാൻസിന്റെ ഒരു ഘട്ടം വിജയിച്ച ആദ്യത്തെ ബ്രിട്ടീഷുകാരനും സൈക്ലിംഗിലെ ഏറ്റവും മികച്ച ഓട്ടം പൂർത്തിയാക്കിയ ആദ്യത്തെയാളുമായിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടി ജെയ്ക് വോമേഴ്‌സ്‌ലി ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്. ടൂർ ഡി ഫ്രാൻസിൽ മത്സരിച്ച ആദ്യത്തെ ബ്രിട്ടീഷ് ടീമിന്റെ ഭാഗമായിരുന്നു റോബിൻസൺ.

1961-ൽ അഭിമാനകരമായ ക്രൈറ്റീരിയം ഡു ഡുഫൈനിൽ വിജയത്തോടെ ഒരു പ്രധാന സ്റ്റേജ് റേസ് വിജയിച്ച ആദ്യത്തെ ബ്രിട്ടീഷ് റൈഡർ എന്ന നിലയിലും പ്രശസ്തനായി. 1955-ൽ ലാ ഫ്ലെഷെ വോലോണിൽ നാലാമതും 1956-ലെ വോൾട്ട എ എസ്പാനയിൽ എട്ടാമതും ഫിനിഷ് ചെയ്തു, കൂടാതെ 1957-ൽ മിലാൻ-സാൻറെമോയിൽ മൂന്നാമതും അദ്ദേഹം സൈക്കിൾ ചവിട്ടി ആരാധകരുടെ ഹൃദയത്തിലേക്ക് നടന്നു കയറി.

1930-ൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലേ സൈക്ലിംഗിനോട് താത്പര്യം ഉണ്ടായിരുന്നു. മിർഫീൽഡിലെ തന്റെ വീട്ടിൽ നിന്ന് ഹാരോഗേറ്റിലേക്ക് മാസത്തിലൊരിക്കൽ ബന്ധുക്കളെ സന്ദർശിക്കാൻ 30 മൈലുകൾ സൈക്കിൾ ചവിട്ടുന്ന ശീലം തന്റെ ആഗ്രഹത്തെ യാഥാർഥ്യത്തിലേക്ക് നയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മിഡ്ലാൻഡ്‌സിലെ വൂസ്റ്ററിൽ താമസിക്കുന്ന 40 വയസ്സുകാരനായ സതീഷിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടിയിരിക്കുകയാണ് യുകെ മലയാളികൾ . വെറും ഒന്നര വർഷം മുമ്പാണ് സതീഷ് യുകെയിലെത്തിയത്. ജീവിതം പതിയെ കരുപിടിപ്പിച്ച് തുടങ്ങിയ സമയത്താണ് സതീഷിനെ മരണം തട്ടിയെടുത്തത്. കാര്യമായ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന സതീഷിനെ ഹൃദയാഘാതവും സ്ട്രോക്കും വന്നതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പാലക്കാട് മണ്ണാർക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടിൽ ടി തോമസിന്റെയും ഫിലോമിന തോമസിന്റെയും മകനാണ് സതീഷ് . ഭാര്യ നിമ്മി. രണ്ടു മക്കളാണ് സതീഷ് നിമ്മി ദമ്പതികൾക്കുള്ളത്. കേരളത്തിൽ സതീഷിന്റെ കുടുംബം കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവകാംഗങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.

സതീഷിന്റെ അകാലവിയോഗത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ടാക്സുകളെ സംബന്ധിച്ചും, നികുതി ഇളവുകളെ സംബന്ധിച്ചും തിങ്കളാഴ്ച നടത്താനിരുന്ന സാമ്പത്തികനയ പ്രഖ്യാപനം രണ്ടാഴ്ച കൂടി നീട്ടിയതായി ചാൻസലർ ജെറെമി ഹണ്ട് അറിയിച്ചു. ഏറ്റവും പുതിയ സാമ്പത്തിക പ്രവചനങ്ങളെ അടിസ്ഥാനപ്പെടുത്തി നവംബർ 17 ന് പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വലിയ തോതിൽ നികുതിയിളവുകൾ നൽകിയുള്ള ലിസ് ട്രസിന്റെ നടപടി ചാൻസലറായ ശേഷം ഉടൻതന്നെ ജെറെമി ഹണ്ട് റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറേക്കൂടി വിശകലനം ചെയ്ത്, രാജ്യത്തിന് സാമ്പത്തിക സ്ഥിരത ഉണ്ടാകുന്ന തരത്തിൽ പുതിയ പദ്ധതി വിശാലമായ രീതിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാൻ സഹായിക്കുന്നതിന് മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രസ്താവനയുടെ കാലതാമസത്തെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുമായി ചർച്ച ചെയ്തതായി ഹണ്ട് വ്യക്തമാക്കി.


കഴിഞ്ഞ മാസത്തെ മിനി ബജറ്റിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് യുകെയുടെ സാമ്പത്തിക വിശ്വാസ്യത നിക്ഷേപകർക്ക് ഉറപ്പു നൽകുവാൻ പുതിയ ഗവൺമെന്റിനുമേൽ സമ്മർദ്ദം ഏറെയാണ്. പൗണ്ട് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയും മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം സർക്കാർ വായ്പാ ചെലവ് കുത്തനെ ഉയരുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ മോശമാക്കി. സർക്കാരിന്റെ സാമ്പത്തിക ബാധ്യത വീട്ടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായ സാഹചര്യത്തിൽ പുതിയതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക നയം വളരെയേറെ ശ്രദ്ധ അർഹിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ മാറ്റങ്ങളുമായി ഋഷി സുനക്. ആദ്യ ദിവസം തന്നെ മന്ത്രിമാരുടെ ടീമിനെ നിശ്ചയിച്ച് പ്രവർത്തനം ആരംഭിച്ച അദ്ദേഹം, ഒരുപക്ഷെ ബ്രിട്ടനിലെ നിലവിലെ അസ്ഥിരമായ കാര്യങ്ങളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പാണ് നൽകുന്നതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.

ഇന്നലെ നടത്തിയ പ്രസംഗത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെയും പാർട്ടിയെയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹം കൈകൊണ്ട ചില മാറ്റങ്ങൾ എംപിമാരെ അമ്പരപ്പിച്ചു. പാർട്ടിയിലെ വിഭാഗീയത മാറി, ഐക്യത്തോടെ മുൻപോട്ട് കൊണ്ടുപോകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാൻസിലറായി ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറിയായി ജെയിംസ് ക്ലെവർലി, പ്രതിരോധ സെക്രട്ടറിയായി ബെൻ വാലസ് എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് ഈ പുനഃസംഘടനയുടെ ശ്രദ്ധേയമായ മറ്റൊരു ഘടകം. സുവല്ല ബ്രാവർമാൻ ആഭ്യന്തര സെക്രട്ടറിയായി തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ നിയമനങ്ങളിലൊന്ന്. ഡൊമിനിക് റാബ്, സ്റ്റീവ് ബാർക്ലേ, ഒലിവർ ഡൗഡൻ തുടങ്ങിയവരെയും സുനക് സുപ്രധാന റോളുകളിലേക്ക് തിരികെകൊണ്ടുവന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് എത്തിയതിന് പിന്നാലെ പൗണ്ടിന്റെ മൂല്യം ഉയർന്നു. പുതിയ മാറ്റത്തെ നിക്ഷേപകർ സ്വാഗതം ചെയ്തു എന്നുള്ളതിന്റെ തെളിവാണിതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.

മിനി-ബജറ്റിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് പൗണ്ട് എത്തി. ചൊവ്വാഴ്ച സ്റ്റെർലിംഗ് 1.9% ഉയർന്ന് 1.149 ഡോളറിലെത്തി. ചൊവ്വാഴ്‌ച ചുമതലയേറ്റ സുനക്കിന് പിന്തുണ നൽകിക്കൊണ്ട് ഗവൺമെന്റ് കടമെടുക്കൽ പ്രക്രിയകളും നിർത്തിവെച്ചിരിക്കുകയാണ്.

സമീപ ആഴ്ചകളിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഭയത്താൽ സാമ്പത്തിക വിപണികൾ തകർന്നു കൊണ്ടിരിക്കുകയാണ്. ഇതിന് അടിവരയിട്ട് കൊണ്ടു ഇന്നലെ നടത്തിയ പ്രസംഗത്തിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്ന് സുനക് വ്യക്തമാക്കി. സുനക് ചുമതല ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ ധനസ്ഥിതി മെച്ചപ്പെടുന്ന സാഹചര്യം കാണുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടികാട്ടുന്നു. അതേസമയം ഡോളർ മൂല്യം ഇന്നലെ ഇടിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് നഗരത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 12:16 ഓടെയാണ് ഇൽഫോർഡിലെ ഹെൻലി റോഡിൽ വെടിവെപ്പ് നടന്നത്. ഉടൻതന്നെ ആം പോലീസ് സ്ഥലത്തെത്തുകയും സംഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു.

ഇരുപത്തിമൂന്നും, മുപ്പതും വയസ്സുള്ള രണ്ടു പേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. മുപ്പതു വയസ്സുകാരനായ ഒരാൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കാർ റോണി ലെയിനിൽ നിന്നും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തുടക്കത്തിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പടക്കങ്ങളുടെ ശബ്ദമാകാം എന്ന തെറ്റിദ്ധരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലം ഫോറൻസിക് അധികൃതർ പരിശോധന നടത്തി. ഇത്തരം ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ എല്ലാവരും തന്നെ. ശബ്ദം കേട്ട് അടുത്ത താമസിക്കുന്നവരിൽ ഒരാൾ തന്നെയാണ് 999 ൽ വിളിച്ചു അധികൃതരെ വിവരമറിയിച്ചത്. ഉടൻതന്നെ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. നിലവിലെ സാഹചര്യത്തിൽ വ്യക്തമായി ഒന്നും പറയാനാവില്ലെന്നും അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved