ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യു കെ നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ ( എൻ എം സി ) നേഴ്സിംഗ് റിക്രൂട്ട്മെന്റുകളിലേക്കുള്ള ഇംഗ്ലീഷ് ഭാഷ മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. വിദേശ നേഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ മൂന്ന് ഭേദഗതികളാണ് എൻഎംസി മുന്നോട്ട് വെച്ചിരിക്കുന്നത് . 2023 ജനുവരി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെയുള്ള റിക്രൂട്ട്മെന്റുകൾക്ക് നിലവിലെ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ തന്നെ ഉപയോഗിക്കും. പുതിയതായി വന്ന മാറ്റങ്ങളിലും പ്രധാനപ്പെട്ട രണ്ട് ഭാഷാ പരീക്ഷകളായ അക്കാദമിക് ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് സിസ്റ്റം (IELTS), ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) എന്നിവ തന്നെയാണ് എൻ എം സി അംഗീകരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഈ പരീക്ഷകളിൽ പരിശോധിക്കപ്പെടുന്ന നാല് ഡൊമെയ്‌നുകളും അവ പാസ് ആകുവാൻ ആവശ്യമായ സ്കോറുകളിലും മാറ്റം ഉണ്ടാവുകയില്ല.
എൻ എം സി മുന്നോട്ടുവച്ചിരിക്കുന്ന മൂന്ന് ഭേദഗതികൾ ഇവയാണ് :
ഒന്നാമതായി ഫലങ്ങൾ സംയോജിപ്പിക്കുവാൻ സ്വീകരിച്ച ഏറ്റവും കുറഞ്ഞ സ്കോറുകൾ കുറയുന്നു എന്ന മാറ്റമാണ് പുതിയ ഭേദഗതികളിൽ ഉള്ളത്. ഈ പരീക്ഷകൾ ആദ്യമായി വിജയിച്ചില്ലെങ്കിൽ, വീണ്ടും ഇരിക്കാനും രണ്ട് ടെസ്റ്റ് സർട്ടിഫിക്കറ്റുകളിൽ നിന്നുള്ള സ്കോറുകൾ സംയോജിപ്പിക്കാനും കഴിയുന്ന തരത്തിലാണ് പ്രക്രിയകൾ നടക്കുന്നത്. നിലവിൽ, ടെസ്റ്റിന്റെ ഏതെങ്കിലും ഭാഗത്ത് 6.5 ൽ കുറവോ (IELTS) അല്ലെങ്കിൽ C+ (OET) നേടിയാൽ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കാൻ കഴിയില്ല. ഭേദഗതി അനുസരിച്ച്, റൈറ്റിംഗ് ഡൊമെയ്നിൽ 6 അല്ലെങ്കിൽ C യും മറ്റ് മൂന്ന് ഡൊമെയ്‌നുകളിൽ 6.5 (IELTS) അല്ലെങ്കിൽ C+ (OET) അല്ലെങ്കിൽ അതിനു മുകളിലും നേടുന്നിടത്തോളം സ്കോറുകൾ സംയോജിപ്പിക്കാൻ കഴിയും.
രണ്ടാമതായി നിലവിലെ നിയമങ്ങൾ പ്രകാരം, ഉദ്യോഗാർത്ഥികളുടെ സ്‌കോറുകൾ സംയോജിപ്പിക്കുന്നതിന്, ആദ്യ പരീക്ഷയിൽ പങ്കെടുത്ത് ആറ് മാസത്തിനുള്ളിൽ ടെസ്റ്റ് വീണ്ടും നടത്തണം. ടെസ്റ്റ് വീണ്ടും എടുക്കുന്നതിന് മുമ്പ് കൂടുതൽ തയ്യാറെടുപ്പ് നടത്താൻ സമയം അനുവദിക്കുന്നതിന് ഇത് 12 മാസത്തേക്ക് നീട്ടുമെന്നാണ് പുതിയ ഭേദഗതികളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാമതായി, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഉദ്യോഗാർത്ഥി കുറഞ്ഞത് 12 മാസമെങ്കിലും ഏതെങ്കിലും തൊഴിലുടമയ്‌ക്ക് വേണ്ടി ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ, യുകെയിലെ ആരോഗ്യ-സാമൂഹിക പരിപാലന ക്രമീകരണത്തിൽ, ഇംഗ്ലീഷിൽ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ഉദ്യോഗാർത്ഥിയുടെ കഴിവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റും തൊഴിലുടമയിൽ നിന്നും സ്വീകരിക്കും. തൊഴിലുടമയുടെ കത്ത് സ്വീകരിക്കുന്നതിനുള്ള രണ്ട് മാനദണ്ഡങ്ങൾ ഇവയാണ്:
• IELTS-ൽ ഏതെങ്കിലും ഒരു ഡൊമെയ്നിൽ 0.5 മാർക്കിന് കിട്ടാതായാലോ, OET യിൽ ഏതെങ്കിലും ഒന്നിൽ അര ഗ്രേഡ് കുറഞ്ഞാലോ ഇത് സ്വീകരിക്കും.
• ഇംഗ്ലീഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഉദ്യോഗാർത്ഥി ഇംഗ്ലീഷിൽ പരിശീലിപ്പിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്താലും ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കും .
എന്നാൽ സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കാനും പക്ഷപാതം ഒഴിവാക്കാനും കഴിയുന്ന തരത്തിൽ തൊഴിലുടമകൾക്ക് പൂർത്തിയാക്കാൻ ഒരു സാധാരണ എൻ എം സി ഫോം നൽകും. അതോടൊപ്പം തന്നെ തൊഴിലുടമ എൻഎംസി-രജിസ്റ്റർ ചെയ്ത പ്രൊഫഷണലായിരിക്കണം എന്ന നിബന്ധനയും പുതിയ ഭേദഗതി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാഞ്ചസ്റ്റർ: മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛന്റെ വാർത്തകളാണ് പുറത്തുവരുന്നത്. മാഞ്ചസ്റ്ററിലാണ് ദാരുണമായ സംഭവം നടന്നത്. പീഡനവിവരം പുറത്ത് വെളിപ്പെടുത്തിയിട്ട് ഫലം ഉണ്ടായില്ലെന്നും അവർ പറയുന്നുണ്ട്. യുവതിക്ക് ഏഴു വയസുള്ളപ്പോഴാണ് സംഭവം നടന്നത്. ഒരു ക്രിസ്മസ് ദിനത്തോട് ചേർന്നാണ് ഡാനിയേൽ കീനൻ എന്ന യുവതി ദാരുണമായ സംഭവം നേരിട്ടത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ ഇപ്പോൾ 18 വയസ്സുള്ള കൗമാരക്കാരിയും അവളുടെ കുടുംബവും അക്കാലത്ത് ജർമ്മനിയിൽ ഒരു സൈനിക ബാരക്കിൽ താമസിച്ചിരുന്നു. അവളുടെ അമ്മയുടെ നിർബന്ധമാണ് അവിടുത്തെ താമസത്തിനു കാരണം. തുടർന്ന് അമ്മ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി അസുഖ ബാധിതയായി ആശുപത്രിയിൽ കഴിയുമ്പോഴാണ് പീഡനം മൂർച്ഛിച്ചത്.
അവൾക്ക് ഒമ്പത് വയസ്സുള്ളപ്പോൾ, അച്ഛൻ അവളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദ്യമായി ശക്തമായി വയറു വേദന അനുഭവപ്പെട്ടപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞതെന്നും അവർ പറയുന്നു. ഈ സംഭവം പുറത്ത് പറഞ്ഞാൽ സൈന്യം വെടിവെക്കുമെന്നും അത് നമുക്ക് അപകടമാണെന്നും തെറ്റി ധരിപ്പിക്കാനും അയാൾ ശ്രമിച്ചെന്നും അവർ പറയുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ നിലവിലുള്ള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ശൈത്യകാലത്ത് മൂന്ന് മണിക്കൂർ വീതമുള്ള പവർകട്ടുകൾ ഏർപ്പെടുത്തുവാൻ സർക്കാർ ധാരണയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. വൈദ്യുതി സംരക്ഷണത്തിനായി യുകെയിലുടനീളം ബ്ലാക്ക്ഔട്ടുകൾ ഏർപ്പെടുത്താൻ വൈദ്യുതി വിതരണ എമർജൻസി കോഡ് (ഇ എസ് ഇ സി ) പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നുണ്ട്. അതും പ്രകാരമാണ് പവർകട്ടുകൾ ഏർപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഊർജ്ജ പ്രതിസന്ധി രൂക്ഷമായ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പവർകട്ടുകൾ സാധാരണമാകുമെന്ന് നാഷണൽ ഗ്രിഡ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പല ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തെ ഘട്ടത്തിൽ ജനങ്ങളോട് തങ്ങളുടെ ഊർജ്ജ ഉപയോഗം കുറയ്ക്കണമെന്ന് ഗവൺമെന്റ് അഭ്യർത്ഥന ഉണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ കമ്പനികളുടെ വൈദ്യുതി ഉപയോഗത്തിൽ ഒരു നിശ്ചിത ശതമാനം കുറവ് വരുത്തണമെന്നുള്ള നിയന്ത്രണങ്ങൾ കർശനമായി ഏർപ്പെടുത്തും. ഏറ്റവും അവസാനത്തെ ഘട്ടത്തിലാണ് യുകെയിൽ ഉടനീളം പവർകട്ടുകൾ ഏർപ്പെടുത്തുവാൻ ഉള്ള ധാരണയായിരിക്കുന്നത്.
യുകെയിൽ പവർ സപ്ലൈ നടത്തുന്ന വിതരണക്കാർ തങ്ങളുടെ വിതരണത്തെ 18 ലോഡ് ബ്ലോക്കുകളായാണ് വിഭജിച്ചിരിക്കുന്നത്. അവ പോസ്റ്റ് കോഡുകൾ പോലെ പ്രവർത്തിക്കുന്നത്. ഓരോ ബ്ലോക്കിനും എ, യു എന്നിവയ്ക്കിടയിൽ ഒരു അക്ഷരം നൽകിയിട്ടുണ്ട്. എഫ്, ഐ, ഒ എന്നീ അക്ഷരങ്ങൾ ഉപയോഗിക്കില്ല. ഓരോ ലോഡ് ബ്ലോക്കിലും ഉൾപ്പെടുന്ന കുടുംബങ്ങൾ രാജ്യത്തുടനീളം ചിതറിക്കിടക്കുന്നതിനാൽ ഒരു പ്രദേശത്തെ പവർ സപ്ലൈ പൂർണമായും ഒരേ സമയം നിലയ്ക്കുകയില്ല. മൂന്നു മണിക്കൂർ വീതമുള്ള എട്ടു സ്ലോട്ടുകളായി ആഴ്ചയിൽ എല്ലാ ദിവസവും ഇത്തരത്തിലുള്ള പവർകട്ടുകൾ ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും പൂർണമായ സഹകരണം ഉണ്ടാകണമെന്ന ആവശ്യമാണ് ഗവൺമെന്റ് ഉന്നയിക്കുന്നത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ കോവൻട്രി റീജിണൽ ബൈബിൾ കലോത്സവത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ 210 പോയിൻറ്റുമായി ജേതാക്കളായി. രണ്ടാം സ്ഥാനം ബിർമിങ്ഹാം – സാൽട്ടിലി സെന്റ് ബെനഡിക്ട് മിഷനും (96 പോയിന്റ്) മൂന്നാം സ്ഥാനം കാർഡിനൽ ന്യൂമാൻ മിഷൻ ഓക്സ്ഫോർഡും (86 പോയിന്റ്റ്) കരസ്ഥമാക്കി. ഇന്നലെ സ്റ്റാഫോർഡ് എഡ്യൂക്കേഷൻ ആൻഡ് എന്റർട്രെയിൻമെൻറ് പാർക്കിൽ ആയിരുന്നു ബൈബിൾ കലോത്സവം നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ തന്നെയാണ് ഇതിന് ആതിഥേയത്വം വഹിച്ചത്.
ഇന്നലെ രാവിലെ പത്തുമണിയോടെ ഉത്ഘാടനം നിർവഹിച്ചത് കോവൻട്രി റീജിണൽ കോ ഓർഡിനേറ്റർ ആയ ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ ഫാദർ ജോർജ്‌ജ്. തുടർന്ന് എട്ട് സ്റ്റേജുകളിലായി മത്സരങ്ങൾ മുന്നേറുകയായിരുന്നു. ആദ്യ മണിക്കൂറിൽ ഉണ്ടായിരുന്ന കിതപ്പ് എല്ലാ വരുടെയും ക്രിയാത്മകമായ ഇടപെടൽ മത്സരങ്ങൾക്ക് കുതിപ്പേകി. പന്ത്രണ്ട് മിഷനുകൾ അടങ്ങുന്ന കോവൻട്രി റീജിണൽ നിന്നായി എത്തിയ മത്സരാർത്ഥികൾ ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തപ്പോൾ പരിപാടികൾക്ക് കൊഴുപ്പേകി. കാണികളുടെ നിറഞ്ഞ കരഘോഷങ്ങൾ കുളിമയേകുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു.കോവിഡിന് ശേഷമുള്ള പരിപാടി എന്ന നിലയിൽ നോക്കിയാൽ ഇത്രയും വലിയ ഒരു ജനാവലിയെ വീടിനു പുറത്തേക്കെത്തിക്കാൻ സാധിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. മടിപിടിച്ചു വീട്ടിനുള്ളിൽ ഇരുന്നവർ പുറത്തെത്തിയപ്പോൾ സൗഹൃദം പുതുക്കാനും കളിചിരികൾ പറഞ്ഞു സന്തോഷമായി പരിപാടികളിൽ പങ്കെടുത്തപ്പോൾ എല്ലാവരും തിരിച്ചുപോയത് പുഞ്ചിരിയോടും മനസ്സ് നിറഞ്ഞ സന്തോഷവുമായിട്ടായാണ്.
പന്ത്രണ്ട് മിഷനുകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ ആണ് കലോത്സവത്തിൽ പങ്കെടുത്തത്. പെൻസിൽ സ്കെച്ചിൽ തുടങ്ങി അവസാന ഇനമായ സ്കിറ്റിൽ അവസാനിക്കുബോൾ സമയം വൈകീട്ട് ഏഴ് മണി. ഓർക്കാനും ഓർമ്മ വെക്കാനും വക നൽകുന്ന ഒരുപിടി സന്ദേശങ്ങൾ അടകുന്ന സ്‌കിറ്റുകൾ, അഭിനയ കലയിൽ ഡിഗ്രി എടുത്തിട്ടുള്ളവരെപ്പോലെ പോലെ ഫിനിഷ് ചെയ്യുമ്പോൾ തെളിയുന്നത് ഒന്ന് മാത്രം… സ്നേഹമുള്ള പരസ്പരം ബഹുമാനിക്കുന്ന ഒരു കൂട്ടം മലയാളികൾ… മത്സരത്തിൽ തോൽവി ഒരു പ്രശ്നമല്ല എന്ന ഉറച്ച വിശ്വാസമുള്ള സമൂഹം വിജയിച്ചവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കാഴ്ച…. ഇതെല്ലാം കണ്ട് നമ്മുടെ കുഞ്ഞുങ്ങളും വളരട്ടെ….
എല്ലാറ്റിനും ഉപരിയായി ഇടവക അംഗങ്ങൾക്കായി ഫാദർ ജോർജ്ജ് എട്ടുപറയിൽ ഇട്ട നന്ദിയുടെ വാക്കുകൾ തന്നെ യുകെ മലയാളികളായി ഞങ്ങൾ മലയാളം യുകെ പങ്കുവെക്കുന്നു…
കവൻട്രി റീജണൽ ബൈബിൾ കലോത്സവത്തിൽ വലിയ മാർജിനിൽ ഓവറോൾ കിരീടം നിലനിർത്തിയ സ്റ്റോക്ക് ഓൺ ട്രെൻറ് മിഷനിലെ എല്ലാ മിടുമിടുക്കർക്കും ഇടവകസമൂഹം മുഴുവൻ്റെയും പേരിൽ അഭിനന്ദനം അറിയിക്കുന്നു. മാതാപിതാക്കൾക്ക് മുന്നേതന്നെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന കലോത്സവത്തിന്റെ കോഡിനേറ്റേഴ്സ്… മക്കളെ പോലെ അവരെ പരിപാലിച്ച വിശ്വാസപരിശീലകാദ്ധ്യാപകർ… സ്വന്തം കുടുംബത്തിലെ അനേകം കാര്യങ്ങൾ മാറ്റിവെച്ച്, ഒത്തിരിയേറെ മാനസിക വേദന അനുഭവിച്ച് കുട്ടികൾക്ക് പരിശീലനം നൽകിയവർ… മക്കൾക്ക് ദൈവം നൽകിയ കഴിവുകൾ വളർത്തുവാൻ വേണ്ടി പല അസൗകര്യങ്ങളും ഏറ്റെടുത്ത് അവരെ സ്നേഹിച്ച് ചേർത്തുനിർത്തുന്ന മാതാപിതാക്കന്മാർ… മത്സരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും ആരുമില്ലെങ്കിലും ഈശോയോടും ഈ കൊച്ച് സഭാസമൂഹത്തോടുള്ള സ്നേഹത്തെപ്രതിമാത്രം ദിവസം മുഴുവൻ അധ്വാനിച്ചവർ… മത്സരിച്ച് പരാജയപ്പെട്ടവരിൽപോലും ആവേശവും ആത്മധൈര്യവും നിറയ്ക്കാൻ തക്കവണ്ണം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവർ… എല്ലാറ്റിനുമുപരി ഞങ്ങൾ അറിയാതെ തന്നെ ഞങ്ങളെ ഈശോയുടെ സ്വന്തം ജനം ആക്കുന്ന പൊന്നുതമ്പുരാനോട്… നന്ദി നന്ദി ഒത്തിരി നന്ദി…
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഇന്ത്യൻ വംശജൻ ഋഷി സുനകിന്. താൻ മത്സരിക്കുമെന്ന് സുനക് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഉടൻ തന്നെ അതുണ്ടായേക്കും. അദ്ദേഹത്തിന് ഇതിനകം 100 ലധികം ടോറി എംപിമാരുടെ പിന്തുണയുണ്ട്. ബോറിസ് ജോൺസണും മത്സരിക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ കരീബിയൻ അവധിക്കാലം കഴിഞ്ഞ് ബോറിസ് ലണ്ടനിലേക്ക് മടങ്ങി.
പ്രധാനമന്ത്രിയായി മടങ്ങിവരാൻ താൻ തയ്യാറാണെന്ന് ബോറിസ് തന്നോട് പറഞ്ഞതായി വാണിജ്യ മന്ത്രി ജെയിംസ് ഡഡ്രിഡ്ജ് പറഞ്ഞു. പെന്നി മോർഡൗണ്ട് മാത്രമാണ് ഔദ്യോഗികമായി മത്സരരംഗത്തുള്ളത്. എന്നാൽ ടോറി എംപിമാരുടെ പൊതു പിന്തുണയിൽ അവർ പിന്നിലാണ്.
പുതിയ നേതാവിനെ കണ്ടെത്തുന്നത് ഇങ്ങനെ
നൂറ് കൺസർവേറ്റീവ് എംപിമാരുടെ പിന്തുണയുള്ള ഏത് എം.പിക്കും നേതൃസ്ഥാനത്തേക്ക് മത്സരിക്കാം. 357 എംപിമാർ ഉള്ളതിനാൽ പരമാവധി മൂന്നു പേർക്ക് മത്സരിക്കാം. ഒരാൾക്കു മാത്രമേ 100 പേരുടെ പിന്തുണ ലഭിക്കുന്നുള്ളൂവെങ്കിൽ മറ്റു മത്സരങ്ങൾ ഇല്ലാതെ അയാൾ നേതാവാകും. മൂന്നുപേർ ഉണ്ടെങ്കിൽ ആദ്യം എംപിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തും.
ഏറ്റവും കുറവ് വോട്ട് ലഭിക്കുന്നയാളെ ഒഴിവാക്കും. ബാക്കിയുള്ള രണ്ടുപേരിൽ ഒരാളെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടിയിലെ ഒന്നരലക്ഷത്തിലധികം വരുന്ന അംഗങ്ങളുടെ ഓൺലൈൻ വോട്ടെടുപ്പ് നടത്തും. മുന്നിലെത്തുന്ന എംപി കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകും. ഈ മാസം 25 മുതൽ 27 വരെയാകും വോട്ടെടുപ്പ്. 28നു പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും. 31നു പുതിയ ധനമന്ത്രിക്ക് ഇട കാല ധനനയം പ്രഖ്യാപിക്കേണ്ടിവരും. ഇതനുസരിച്ച് നവംബർ മൂന്നിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻ എച്ച് എസിനെതിരെ ലിങ്കമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആൾ രംഗത്ത്. താൻ സ്വവർഗ്ഗാനുരാഗിയാകാൻ ആഗ്രഹിക്കാത്തതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും എന്നാൽ എൻ എച്ച് എസിൽ നിന്നും തനിക്ക് വളരെ കയ്‌പേറിയ അനുഭവം ആണ് നേരിട്ടതെന്നും മുപ്പത്തഞ്ചുകാരനായ റിച്ചി ഹെറോൺ പറഞ്ഞു. തന്നെ ഈ സംഭവം ജീവിതകാലം മുഴുവൻ വേദനിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ലിങ്ക മാറ്റത്തിന്റെ ഭാഗമായി ലിംഗവും വൃഷണവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് റിച്ചി വിധേയനായിരുന്നു.
ശസ്തക്രിയയ്ക്ക് ശേഷം നിരന്തരം വേദന അനുഭവപെടുന്നതിനെ തുടർന്ന് കംബ്രിയ, നോർത്തംബർലാൻഡ്, ടൈൻ ആൻഡ് വെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെതിരെ കേസെടുക്കാൻ തയ്യാറാവുകയാണ് റിച്ചി. തനിക്ക് ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുമ്പോൾ അസഹ്യമായ വേദന അനുഭവപെടാറുണ്ടെന്നും അവർ വെളിപ്പെടുത്തി.
തൻെറ ലിംഗത്തെ കുറിച്ച് ആശയ കുഴപ്പം നേരിട്ട സാഹചര്യത്തിൽ താൻ ഡോക്ടർമാരെയും സൈക്യാട്രിസ്റ്റുകളെയും സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽ തനിക്ക് അനുഭവപ്പെട്ട സ്വവർഗ്ഗഭോഗം പരിഗണിക്കുന്നതിന് പകരം താൻ ഒരു ട്രാൻസ് ആണ് എന്ന് സ്ഥാപിക്കാനാണ് മെഡിക്കൽ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് റിച്ചി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് ഒബ്‌സെസ്സിവ് കംപേൾസീവ് ഡിസോർഡർ ആണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ താൻ ട്രാൻസ് ആണെന്ന് വിശ്വസിക്കാൻ ഇത്തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ കരണമായോ എന്ന് മെഡിക്കൽ ഓഫിസർമാർ അന്വേഷിച്ചിട്ടില്ല എന്ന ആരോപണവും റിച്ചി ഉന്നയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉയർന്ന ജീവിത ചിലവ് മൂലം ബ്രിട്ടീഷുകാർ തങ്ങളുടെ വളർത്ത് മൃഗങ്ങളെ ഉപേക്ഷിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. റോയൽ സൊസൈറ്റി ഫോർ ദി പ്രിവെൻഷൻ ഓഫ് ക്രൂയെൽറ്റി ടു ആനിമൽസ് നടത്തിയ സർവ്വേ പ്രകാരം ഓരോ പതിനഞ്ചു മിനിറ്റിലും ഒരെണ്ണം എന്ന തലത്തിൽ വളർത്ത് മൃഗങ്ങൾ ഉപേക്ഷിക്കപെടുന്നുണ്ട്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർദ്ധനവാണ്. ജനുവരിക്കും ജൂണിനും ഇടയിൽ മാത്രം 23,000 വളർത്ത് മൃഗങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാരിറ്റി കണ്ടെത്തിയത്.
പകർച്ചവ്യാധിയുടെ കാലയളവിൽ വളർത്ത് മൃഗങ്ങളെ വാങ്ങിച്ചവരിൽ ഭൂരിഭാഗം പേർക്കും നിലവിലെ ഉയർന്ന ജീവിത ചിലവിൻെറ പശ്ചാത്തലത്തിൽ ഇവയെ പരിപാലിക്കാൻ കഴിയാത്തതാണ് ഇതിന്റെ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് വർഷമായി ആർ എസ് പി സി എ യിൽ റെസ്ക്യൂ ഓഫീസർ ആയി സേവനം അനുഷ്ഠിച്ച് വരുന്ന കേയ്റ്റിലിൻ ഫറൻറ് കഴിഞ്ഞ ആറു മാസ കാലയളവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ റിപോർട്ടുകൾ കുത്തനെ ഉയർന്നതായി പറഞ്ഞു.
ആളുകൾ തിരികെ ജോലി സ്ഥലത്തേക്ക് പോയ സാഹചര്യത്തിൽ ഭൂരിഭാഗം പേർക്കും ഇവയെ പരിപാലിക്കാനുള്ള സമയം കണ്ടെത്താൻ ആവാത്തതും വളർത്ത് മൃഗങ്ങൾ ഉപേക്ഷിക്കപെടുന്നതിന് കാരണമാകുന്നു. ആളുകൾ പലപ്പോഴും ജീവിത ചിലവുകൾ വെട്ടിച്ചുരുക്കാൻ ശ്രമിക്കുമ്പോൾ ഈ മിണ്ടാപ്രാണികളുടെ കാര്യം നന്നേ മറന്നു പോകുന്നു. അതേസമയം ഇവയെ പരിപാലിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പലർക്കും ചിലവുകൾ താങ്ങാൻ പറ്റാത്തത് മൂലം ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം തീർത്തും വേദനാജനകമാണെന്നും കേയ്റ്റിലിൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എസ്സെക്സിൽ ഗ്യാരേജ് ഭിത്തി തകർന്നുവീണ് 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. മുപ്പതു വയസ്സുള്ള ഒരാളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഇയാൾക്ക് കൈയ്ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളു എന്നും എസെക്സ് പോലീസ് വ്യക്തമാക്കി. എസ്സെക്‌സിലെ ക്ലാക്റ്റണിലെ സെന്റ് ജോൺസ് റോഡിൽ ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്.
പാരാമെഡിക്കുകൾ പരമാവധി ശ്രമിച്ചെങ്കിലും കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കുട്ടിയുടെ മരണത്തിൽ ദുരൂഹതകൾ ഒന്നും തന്നെ ഇല്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ജെയിംസ് ഹാർഡിംഗ്ഹാം പറഞ്ഞു. ഈ സങ്കടകരമായ സമയത്ത് കുട്ടിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എസ്സെക്‌സിലെ ഒരു വീടിന്റെ ഗ്യാരേജ് ഭിത്തിയാണ് തകർന്ന് വീണ അപകടമുണ്ടായത്. തകരാൻ ഉണ്ടായ കാരണം ഒന്നും തന്നെ ഇതുവരെയും വ്യക്തമല്ല. സംഭവസ്ഥലത്ത് ദൃക്സാക്ഷികളായി ആരെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി ഉടൻ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ലണ്ടൻ : ലിസ് ട്രസിന് പകരം പ്രധാനമന്ത്രിയാകാൻ മത്സരിക്കുമെന്ന് പറയുന്ന ആദ്യത്തെ കൺസർവേറ്റീവ് എംപിയായി പെന്നി മൊർഡോണ്ട്. രാജ്യത്തെ ഒന്നിപ്പിക്കാനും” അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനുമാണ് താൻ നിലകൊള്ളുന്നതെന്ന് അവർ പറഞ്ഞു. നേതൃമത്സരത്തിൽ പങ്കെടുക്കുമോ എന്ന് ഋഷി സുനക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോറിസ് ജോൺസന് പിന്തുണയുമായി 44 എംപിമാരുണ്ട്. നിലവിൽ 21 പൊതു പിന്തുണക്കാരുള്ള ജോൺസനും സുനക്കിനും പിന്നിലാണ് മോർഡൗണ്ട്. “ബോറിസ് വരുന്നു. അദ്ദേഹത്തിന് പിന്തുണയുണ്ട്. ഞങ്ങൾ തയ്യാറാണ്.” ജോൺസന്റെ മുൻ പാർലമെന്ററി സഹായിയായ ഇന്റർനാഷണൽ ട്രേഡ് മിനിസ്റ്റർ ജെയിംസ് ഡഡ്‌ഡ്രിഡ്ജ് പറഞ്ഞു.
പെന്നി, തെരേസ മേയുടെ കീഴിൽ പ്രതിരോധ സെക്രട്ടറിയായിരുന്നു. സഹ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് മത്സരാർത്ഥികൾക്ക് 100 നോമിനേഷനുകൾ ആവശ്യമാണെന്ന് ടോറി പാർട്ടി മേധാവികൾ തീരുമാനിച്ചു. അതിനാൽ മൂന്നിലേറെ പേർ മത്സരരംഗത്ത് ഉണ്ടാവാൻ സാധ്യതയില്ല.
പ്രതിരോധ സെക്രട്ടറി ബെൻ വാലസ് മത്സരത്തിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു. ബോറിസ് ജോൺസണെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോൺസൺ ഒരു തിരിച്ചുവരവ് നടത്തിയാൽ അത് ആധുനിക ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ അഭൂതപൂർവമായിരിക്കും. അഴിമതികളെ തുടർന്ന് സ്വന്തം എംപിമാർ അദ്ദേഹത്തെ പുറത്താക്കി മൂന്ന് മാസത്തിന് ശേഷമുള്ള മടങ്ങിവരവ് വേറിട്ടതാകും.
യു കെ :- ലാഭകരമായ ബ്രിട്ടനിലെ കഞ്ചാവ് ബിസിനസുകളുടെ നിയന്ത്രണത്തിനായി അൽബേനിയൻ ഗുണ്ടാസംഘങ്ങൾ അക്രമാസക്തമായ സോഷ്യൽ മീഡിയ വീഡിയോകൾ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തുടനീളം വീടുകളിൽ രഹസ്യമായി നടക്കുന്ന കഞ്ചാവ് ബിസിനസ് ശൃംഖലയിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകലും തടവും ക്രൂരമായ മർദ്ദനവും ചിത്രീകരിക്കുന്ന വീഡിയോകൾ ഇവർ പ്രചരിപ്പിക്കുന്നത്. 10,000 ത്തിലധികം വ്യൂസ് ഉള്ള ചില വീഡിയോകളിൽ, മോശമായി മുറിവേറ്റ ഇരകൾ വേദനയിൽ പുളയുന്നതും, സഹായത്തിനായി അഭ്യർത്ഥിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. എതിരാളികളുടെ ക്രിമിനൽ നെറ്റ്‌വർക്കുകളിൽ തങ്ങളുടെ ശക്തി പരസ്യപ്പെടുത്താനും പുതിയ റിക്രൂട്ട്‌മെന്റുകളെ ആകർഷിക്കാനുമാണ് ഈ സംഘങ്ങൾ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതെന്ന് ക്രിമിനോളജിസ്റ്റുകൾ വ്യക്തമാക്കി. മെയിൽ പത്രം നടത്തിയ രഹസ്യ അന്വേഷണത്തിൽ യു കെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാർക്ക് കഞ്ചാവ് ബിസിനസ് നടക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം ഇവർ വാഗ്ദാനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ അവർക്ക് തങ്ങളുടെ കടം വീട്ടാൻ സാധിക്കുമെന്ന പലരും ഈ നെറ്റ്വർക്കിന്റെ ഇരകളായി മാറുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യത ഉയർത്തുന്നുവെന്ന് ബോർഡർ ഫോഴ്‌സ് ആഭ്യന്തര സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള കുടിയേറ്റക്കാർ ആസൂത്രിതമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതായും ബോർഡർ ഫോഴ്സ് നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വേനൽക്കാലത്ത് ഇംഗ്ലീഷ് ചാനൽ കുടിയേറ്റം നടത്തുന്നവരിൽ 60 ശതമാനവും അൽബേനിയക്കാരാണ്. ഈ വർഷം ഇതുവരെ 7,000 പേർ യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരിൽ പലരും ക്രൂരമായ ക്രിമിനൽ അധോലോകത്തിലേക്ക് നീങ്ങുന്നതായുള്ള മുന്നറിയിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശക്തമായ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.