ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളികളുടെ ഒട്ടേറെ ബന്ധുക്കളും മാതാപിതാക്കളുമാണ് യുകെയിലെത്തി 6 മാസത്തോളം ചിലവിട്ടതിനുശേഷം തിരിച്ചുപോകുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തുന്ന ഒട്ടുമിക്കവർക്കും ശൈത്യകാലത്തെ കൊടും തണുപ്പ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതൽ പേരെ ബാധിച്ചേക്കാമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതുകൊണ്ടുതന്നെ യുകെയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് വരുന്നവർക്ക് ട്രാവൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ആശുപത്രി ചിലവുകൾ കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം.
എൻഎച്ച്എസിൽ ഒരു ദിവസം പേഷ്യന്റ് ചിലവഴിക്കുമ്പോൾ മുറി വാടകയും ബെഡ് ചാർജ് മാത്രം 250 പൗണ്ടോളമാണ് . ചികിത്സാ ചിലവുകളും കൂടി കണകാക്കുമ്പോൾ ഇൻഷുറൻസ് പരിഗണനയില്ലെങ്കിൽ ഇത് താങ്ങാവുന്നതിലധികവും. പുതിയതായി യുകെയിലെത്തിയ ഒരു കുടുംബത്തിന് അടുത്തിടെ 7000 പൗണ്ട് ആണ് ചികിത്സാ ചിലവായത് (പേര് വെളിപ്പെടുത്തുന്നില്ല) . അവസാനം പിടിച്ചു നിൽക്കാനാകാതെ അമ്മയെ നാട്ടിലേയ്ക്ക് പറഞ്ഞ് അയക്കേണ്ട സാഹചര്യം വരെ ഉടലെടുത്തു.
ഇംഗ്ലണ്ടിലെ എല്ലാ ആശുപത്രികളിലെയും കിടക്കുകളിൽ പകുതിയും കോവിഡ് , ഫ്ലൂ എന്നിവ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധ ബാധിച്ച രോഗികൾക്കായി മാറ്റിവയ് ക്കേണ്ട സാഹചര്യംഉണ്ടാകുമെന്നാണ് എൻഎച്ച്എസ് മുന്നറിയിപ്പ് . കോവിഡിനെ കൂടാതെ മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം വൻതോതിൽ കൂടുന്നത് എൻഎച്ച്എസ് ആശുപത്രികളുടെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഒരുപക്ഷേ കോവിഡ് ഏറ്റവും കൂടുതൽ ശക്തമായി പടർന്ന് പിടിച്ചതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യമനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് ഇപ്പോൾ എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. ഈ ശൈത്യകാലത്തെ അടിയന്തര സാഹചര്യത്തെ നേരിടാനായി 500 മില്യൺ പൗണ്ടാണ് സർക്കാർ എൻഎച്ച്എസിനായി നൽകിയിരിക്കുന്നത് . കൂടുതൽ ആളുകളെ ആശുപത്രികളിൽ എത്തിക്കാതെ വീടുകളിൽ തന്നെ ചികിത്സ നൽകുന്നതിനായിരിക്കും എൻ എച്ച് എസ് മുൻഗണന നൽകുന്നത് . ഇതിനായി എൻഎച്ച്എസിന് പുറത്തുള്ള ജീവനക്കാരുടെ സേവനം തേടുന്നതിനുള്ള പദ്ധതിയും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ശൈത്യകാല രോഗം ബാധിച്ചവർക്ക് വേഗത്തിനുള്ള പിന്തുണ നൽകാനും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നവരുടെ എണ്ണം കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വില വർദ്ധനവ് വിദ്യാർത്ഥികളെ ഉൾപ്പെടെ കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ബിബിസി നടത്തിയ സർവേയിലാണ് ഇക്കാര്യം പുറത്തു വന്നത്. ചോദിച്ചവരിൽ 85% പേരും ഇപ്പോൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കാകുലരാണ്, ജനുവരിയിൽ സമാനമായ ഒരു വോട്ടെടുപ്പിൽ ഇത് 69% ആയി ഉയർന്നിരുന്നു. ഇതുമൂലം യുകെയിൽ പഠനത്തിനായി എത്തിയ മലയാളികളായ വിദ്യാർഥികൾ ആശങ്കയിലാണ്. വിലകയറ്റം ജീവിതത്തെ സാരമായി ബാധിച്ചെന്ന് തന്നെയാണ് എല്ലവരും അഭിപ്രായപ്പെട്ടത്.
ഭക്ഷണം, ഇന്ധനം, ഊർജം എന്നിവയുടെ വർദ്ധിച്ചുവരുന്ന ചെലവിൽ ആശങ്ക പ്രകടിപ്പിച്ചത് 4,132 പേരാണെന്നാണ് സർവേ സാക്ഷ്യപ്പെടുത്തുന്നത്. ബിബിസിക്ക് വേണ്ടി നടത്തിയ സാവന്ത കോംസ് സർവേയിൽ പങ്കെടുത്ത പകുതിയോളം ആളുകളും (47%) തങ്ങളുടെ വീട്ടു ചെലവിൽ ഏറ്റവും വലിയ വർദ്ധനവ് ഊർജ്ജ ബില്ലുകളാണെന്നും പറഞ്ഞു. 10-ൽ ഒമ്പത് പേരും കഴിഞ്ഞ ആഴ്‌ചയിൽ പണം ലാഭിക്കാൻ ലൈറ്റുകൾ ഓഫ് ചെയ്യുകയും അതുപോലെ തന്നെ ഇലക്‌ട്രിക്കൽ സാധനങ്ങൾ സ്റ്റാൻഡ്‌ബൈ ഓഫ് ചെയ്യുകയും ചെയ്യുമെന്നും പറയുന്നു.
എന്നാൽ പോൾ ചെയ്തവരിൽ പകുതിയിലധികം പേരും (56%) തങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്ത ആറ് മാസത്തിനുള്ളിൽ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിചേർത്തു. കഴിഞ്ഞ ആറ് മാസമായി അവശ്യ ചെലവുകൾ നൽകാൻ ബുദ്ധിമുട്ടാണെന്ന് മൂന്നിൽ രണ്ട് വാടകക്കാരും പറഞ്ഞു. സർവേയിൽ പങ്കെടുത്ത എല്ലാവരുടെയും സമാനമായ അനുപാതം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ സർക്കാർ പിന്തുണ അപര്യാപ്തമാണെന്നും ഇതിനെ അതിജീവിക്കുവാൻ ഒന്നും ചെയ്യുന്നില്ലെന്നും വിമർശനം ഉയർന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ ഏർപ്പെടുത്താനുള്ള നിയമത്തെ എംപിമാർ പിന്തുണച്ചിരിക്കുകയാണ്. ഈ നിയമപ്രകാരം, അബോർഷൻ ക്ലിനിക്കുകളിൽ എത്തുന്ന ഏതെങ്കിലും സ്ത്രീയെ ഉപദ്രവിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി മാറും. അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്ററാണ് ബഫർ സോണുകളായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം, ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള ബഫർ സോണുകൾ ലംഘിക്കുന്ന പ്രതിഷേധക്കാർക്ക് ആറുമാസം വരെ തടവു ശിക്ഷ ലഭിക്കും. ഇത്തരം നിർദ്ദേശങ്ങൾ അബോർഷനെക്കുറിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനോ, ആളുകൾ പ്രതിഷേധിക്കുന്നത് തടയാനോ അല്ല, മറിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്ക് മേൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനാണെന്ന് പുതിയ നിയമങ്ങൾ നിർദ്ദേശിച്ച ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ ക്ലിനിക്കുകൾക്ക് പുറത്തുള്ള അബോർഷൻ വിരുദ്ധ പ്രതിഷേധങ്ങളിൽ, ഗർഭപിണ്ഡങ്ങളുടെ ഗ്രാഫിക് ചിത്രങ്ങൾ പ്രദർശിപ്പിക്കുക, സ്ത്രീകളെയും ജീവനക്കാരെയും ചിത്രീകരിക്കുക, വലിയ സമ്മേളനങ്ങൾ നടത്തി ഗാനങ്ങൾ ആലപിക്കുക എന്നിവയെല്ലാം പ്രതിഷേധക്കാർ സംഘടിപ്പിക്കുന്നുണ്ട്. ചില പ്രതിഷേധക്കാർ ക്ലിനിക്ക് പ്രവേശന കവാടങ്ങൾക്ക് ചുറ്റും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ തൂക്കിയിടുകയും, ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സ്ത്രീകളെ കൊലപാതകികൾ എന്ന് വിളിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നതായി ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസ് വ്യക്തമാക്കി.
ഗവൺമെന്റിന്റെ പബ്ലിക് ഓർഡർ ബില്ലിലെ ഭേദഗതി എംപിമാർ 110 നെതിരെ 297 വോട്ടുകൾക്കാണ് അംഗീകരിച്ചത്. മുൻ പ്രധാനമന്ത്രി തെരേസ മേ, കോമൺസ് നേതാവ് പെന്നി മോർഡൗണ്ട് എന്നിവരും ബഫർ സോണുകളെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ക്യാബിനറ്റ് മന്ത്രിമാരായ ജേക്കബ് റീസ്-മോഗും കെമി ബാഡെനോക്കും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഹൗസ് ഓഫ് ലോർഡ്‌സിലെ സൂക്ഷ്മപരിശോധന ഉൾപ്പെടെ നിയമമാകുന്നതിന് മുമ്പ് ബില്ലിന് ഇനിയും നിരവധി ഘട്ടങ്ങളുണ്ട്. ഗർഭച്ഛിദ്ര സേവനങ്ങളിൽ പങ്കെടുക്കുന്നവരെ എന്തെങ്കിലും മാർഗങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കുകയോ തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനെ ബിൽ നിരോധിക്കും. സ്കോട്ട്ലൻഡിലും സമാനമായ നിയമനിർമ്മാണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപം സംശയാസ്പദമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് വൈറ്റ് ഹോളിലും ഡൗണിങ് സ്ട്രീറ്റിലും ലോക്ക് ഡൗൺ ഏർപ്പെടുത്തുവാൻ പോലീസ് അധികൃതർ നിർബന്ധിതരായി. രാവിലെ 11.42 ഓടെയാണ് വൈറ്റ്ഹാളിൽ സംശയാസ്പദമായ പാക്കേജ് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് വൈറ്റ് ഹാളിലുള്ള ഗവൺമെന്റ് ഓഫീസുകൾ ഭൂരിഭാഗവും ഒഴിപ്പിക്കേണ്ടതായി വരുകയും, സംഭവം എന്തെന്ന് അറിയുവാൻ നിരവധി ആളുകൾ ഹൗസ് ഗാർഡ്സ് പരേഡിന് മുൻപിൽ തടിച്ചു കൂടുകയും ചെയ്തു.
നിരവധി ഗവൺമെന്റ് ഉദ്യോഗസ്ഥർ ഡൗണിങ് സ്ട്രീറ്റിലും, മറ്റ് ഗവൺമെന്റ് ഓഫീസുകളിലുമായി ഒരു മണിക്കൂറോളം കുടുങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദഗ്ധർ സ്ഥലത്തെത്തി പാക്കേജ് സൂക്ഷ്മമായി പരിശോധിക്കുകയും, പ്രശ്നമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷമാണ് സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിയത്.
പാർലമെന്റ് ഹൗസിനും ട്രാഫൽഗർ സ്‌ക്വയറിനുമിടയിലുള്ള വൈറ്റ്ഹാൾ വിദേശകാര്യ ഓഫീസ്, ക്യാബിനറ്റ് ഓഫീസ്, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി സർക്കാർ വകുപ്പുകളുടെ ആസ്ഥാനമാണ്. പോലീസ് അധികൃതരെ സഹായിക്കുന്നതിനായി ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥലത്തെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോലീസ് ബോംബ് ഡിസ്പോസൽ റോബോട്ട് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സാഹചര്യങ്ങൾ എല്ലാം തന്നെ സാധാരണ നിലയിൽ ആണെന്ന് പോലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഫർണീച്ചർ വാങ്ങാൻ പോകുന്ന എതൊരാൾക്കും രണ്ടാമതൊന്ന് ആലോചിക്കാതെ മേടിക്കാൻ കഴിയുന്നവയാണ് ഐകെയുടെ ഉപകരണങ്ങൾ. അതിന്റെ സ്റ്റൈലിഷ് ഫ്ലാറ്റ്-പാക്ക് തന്നെയാണ് പ്രധാന ആകർഷണവും. എന്നാലിപ്പോൾ ഒരു വർഷം കൊണ്ട് 80 ശതമാനം വി്ല കുത്തനെ ഐകിയ വർദ്ധിപ്പിച്ചെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫർണീച്ചറുകളുടെ വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ ആളുകൾ പ്രതികരിക്കുന്നത്.
ഫർണീച്ചറുകളുടെ വിലക്കയറ്റമാണ് ജീവിതച്ചെലവ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കോവിഡ് മഹാമാരിയുടെയും ഉക്രെയ്നിലെ യുദ്ധത്തിന്റെയും ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയുടെയും നിരക്കുകൾ കുത്തനെ ഉയർന്നതിനാലാണ് വില വർദ്ധനവ് ഉണ്ടായതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർചില സന്ദർഭങ്ങളിൽ വില 80% വരെ വർദ്ധിപ്പിച്ചു, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയിൽ കമ്പനിക്ക് പിടിച്ചു നിൽക്കാനായില്ലെന്നും അവർ കൂട്ടിചേർത്തു.
റീട്ടെയിൽ വീക്ക് നടത്തിയ പഠനമനുസരിച്ച്, സ്വീഡിഷ് സ്ഥാപനത്തിന്റെ ജോക്ക്‌മോക്ക് സെറ്റ് ഡൈനിംഗ് ടേബിളും കസേരകളും 99 പൗണ്ടിൽ നിന്ന് 179 പൗണ്ടായി വർദ്ധിച്ചു. 90 പൗണ്ട് വിലയുള്ള ഗ്ലോസ്റ്റാഡ് ടു-സീറ്റർ സോഫയ്ക്ക് ഇപ്പോൾ 150 പൗണ്ട് അതായത് ഏകദേശം 60 ശതമാനത്തിലധികം വർദ്ധനവ് സംഭവിച്ചെന്നും പഠനത്തിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗ്യാസ് സ്റ്റോക്ക് കുറഞ്ഞാൽ ബ്രിട്ടനിലുടനീളം കുടുംബങ്ങൾക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് മണിക്കൂർ പവർ കട്ട് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഗ്രിഡ് മേധാവി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കമ്പനിക്ക് റോളിംഗ് പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ പെറ്റിഗ്രൂ പറഞ്ഞതിന് പിന്നാലെയാണിത്.
ഇത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാതരത്തിലും രാജ്യം ഒരുക്കണമാണെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പിൽ നിന്ന് ആവശ്യമായ വാതക എത്തിക്കാൻ നടത്താൻ ആലോചിക്കുന്നുണ്ട്. ഇത് പരാജയപ്പെട്ടാൽ വലിയ പ്രതിസന്ധിയിലേക്ക് വീടുകൾ പോകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫിനാൻഷ്യൽ ടൈംസിന്റെ എനർജി ട്രാൻസിഷൻ ഉച്ചകോടിയിൽ സംസാരിച്ച പെറ്റിഗ്രൂ, രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം ഉൽപ്പാദിപ്പിക്കുന്ന ബ്രിട്ടനിലെ ഗ്യാസ്-ഫയർ പവർ സ്റ്റേഷനുകൾ ഗണ്യമായ ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
വൈദ്യുതി ഇറക്കുമതിയിൽ ഉൾപ്പടെയുള്ള പോരായ്മ ഇതിൽ പ്രതിഫലിക്കുകയാണെന്നും വ്യക്തമായ ആസൂത്രണ പരിപാടി ഇല്ലാതെ ഇതിനെ നേരിടാൻ കഴിയില്ലെന്നുമാണ് ആളുകൾ പറയുന്നത്. ഗ്രിഡ് തകരുന്നില്ലെന്ന് ഉറപ്പാക്കാൻ വീടുകളും ബിസിനസ്സുകളും ആസൂത്രിതമായി മൂന്ന് മണിക്കൂർ മുടക്കം നേരിടേണ്ടിവരുമെന്ന് ഈ മാസം ആദ്യം പറഞ്ഞു. എന്നാൽ ബ്ലാക്ക്ഔട്ടുകൾ നടപ്പാക്കാനുള്ള നീക്കത്തിന് സർക്കാരിന്റെയും ചാൾസ് രാജാവിന്റെയും അനുമതി ആവശ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ചാൾസ് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ആധുനിക ജീവിതത്തിന് കൊട്ടാരം പൂർണ സൗകര്യപ്രദമല്ല എന്നുള്ള കാരണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 2003 മുതൽ കാമില രാജ്ഞിയോടൊപ്പം ക്ലാരൻസ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.
തികച്ചും ഔദ്യോഗികമായ കൂടിക്കാഴ്ചകൾക്കും മറ്റും മാത്രമാണ് കൊട്ടാരം ഉപയോഗിക്കുവാൻ രാജാവ് ആഗ്രഹിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഏകദേശം 369 മില്യൻ പൗണ്ട് ചിലവാക്കിയുള്ള കൊട്ടാര പുനരുദ്ധീകരണ പദ്ധതികൾ പാതിവഴിയിൽ ആണ്. 2027 ഓടെ മാത്രമേ ഈ പദ്ധതികൾ പൂർത്തീകരിക്കൂ എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്ലാരൻസ് ഹൗസ് തന്റെ യഥാർത്ഥ ഭവനമായി നിലനിർത്തിക്കൊണ്ട് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നടത്തുമെന്നാണ് നിലവിലെ സൂചനകൾ. ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ രാജകൊട്ടാരങ്ങൾ തുറന്ന് സ്വകാര്യ ഇടങ്ങളിൽ നിന്ന് പൊതു ഇടങ്ങളാക്കി മാറ്റാൻ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ വർഷം ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ അത്തരത്തിലുള്ള നടപടികൾ രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബക്കിംഗ്ഹാം കൊട്ടാരം, വിൻഡ്‌സർ കാസിൽ, ബാൽമോറൽ, സാൻഡ്രിംഗ്ഹാം, ക്ലാരൻസ് ഹൗസ് എന്നിവ റോയൽ ഹോമുകളായി തുടരുമെങ്കിലും പുതിയ പദ്ധതികൾക്ക് കീഴിൽ പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം ലഭിക്കും.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഇറാൻ നിർമ്മിത കമികെയ്സ് ഡ്രോണുകൾ ഉപയോഗിച്ച് ഉക്രൈനിന്റെ തലസ്ഥാന നഗരമായ കൈവിനുമേൽ ശക്തമായ ആക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. ആക്രമണത്തിൽ കൈവിലും, സമീപപ്രദേശങ്ങളായ സുമി നഗരത്തിലും, നിപ്രോയിലും നിരവധി കെട്ടിടങ്ങളും മറ്റും തകർന്നതായും , നൂറുകണക്കിന് ടൗണുകളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഉക്രൈൻ ഗവൺമെന്റ് വ്യക്തമാക്കി. അതോടൊപ്പം തന്നെ ആക്രമണത്തിൽ കൈവ് നഗരത്തിൽ നാല് പേരും, സുമി നഗരത്തിൽ നാലുപേരും ഉൾപ്പെടെ മൊത്തം 8 പേർ മരണപ്പെട്ടതായാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാൻ നിർമ്മിത ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിൽ എന്ന റിപ്പോർട്ടുകൾ വന്നതോടെ, റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നത് അംഗീകരിക്കാത്ത ഇറാനെതിരെ ഒരാഴ്ച മുമ്പ്, ഉക്രേനിയൻ തലസ്ഥാനത്ത് തിരക്കേറിയ സമയത്താണ് റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്, രാജ്യവ്യാപകമായി 19 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഭാഗമായി ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ്, ഉക്രേനിയൻ തലസ്ഥാനത്ത് തിരക്കേറിയ സമയത്ത് റഷ്യൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യ ഇന്ന് നടത്തിയ ആക്രമണത്തിൽ ഏകദേശം 28 ഡ്രോണുകൾ തലസ്ഥാനത്തെ ലക്ഷ്യം വച്ചെത്തിയെങ്കിലും, അഞ്ച് എണ്ണം മാത്രമാണ് ലക്ഷ്യസ്ഥാനങ്ങളിൽ അടിച്ചതെന്ന് മേയർ വിറ്റലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
റഷ്യക്ക് ആയുധങ്ങൾ നൽകുന്ന ഇറാനു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരുവിധ ആയുധങ്ങളും നൽകിയിട്ടില്ല എന്ന വാദമാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.
റഷ്യയെ അധിനിവേശ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം ബോംബിട്ട് തകർത്തതിനുള്ള പ്രതികാരമായാണ് കഴിഞ്ഞ ആഴ്‌ച നടത്തിയ ആക്രമണങ്ങളെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിലാണ് ഇപ്പോൾ റഷ്യയുടെ പ്രതികരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഡോക്ടറെ കാണാതെ നിയമവിരുദ്ധമായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ നൽകിയതായി സമ്മതിച്ച് തെരെസ് കോഫി. വാർത്തകൾ പുറത്തുവന്ന സമയത്ത് നിഷേധിച്ചു രംഗത്ത് എത്തിയ തെരേസ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ജിപിമാരുടെ മേലുള്ള സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം സിവിൽ സർവീസുകാരുമായി നടത്തിയ ചർച്ചയിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
യുകെയിലെ മെഡിസിൻ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരാൾക്ക് കുറിപ്പടി ഇല്ലാതെ മരുന്നുകൾ നൽകാൻ അനുമതിയില്ല. ഒരു ഡോക്ടറുടെ അനുമതിയില്ലാതെ മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിക്കുന്നതിനുള്ള പദ്ധതികൾ തെരെസ് നിലവിൽ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. അവളുടെ രോഗികൾക്കായുള്ള പദ്ധതി പ്രകാരം ഗർഭനിരോധനം ഉൾപ്പടെയുള്ളവയ്ക്ക് ഡോക്ടറുടെ അനുമതി ഇല്ലാതെ മരുന്നുകൾ നൽകാമെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
മരുന്നുകൾ കൗണ്ടറിൽ ലഭ്യമാകാത്ത സാഹചര്യം പലപ്പോഴും ഉണ്ടെന്നും, ഒരു ഫാർമസി ജീവനക്കാരന് ഇതിൽ വ്യക്തമായ അറിവുണ്ടെന്നുമാണ് തെരെസ് അനുകൂലികൾ പറയുന്നത്. എന്നാൽ വിഷയത്തിൽ രൂക്ഷ വിമർശനവുമായാണ് ഡോക്ടർമാർ എത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: രാജ്യത്ത് പലിശനിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ടെസ്കോ ചെയർമാൻ. ഭക്ഷണവും ഊർജവും ഉൾപ്പെടെ ആകമാന മേഖലയിലും ജനങ്ങൾക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ചെയർമാന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പലർക്കും ബുദ്ധിമുട്ട് ഉണ്ടാകുണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഇത് ബാധിക്കുന്ന ആളുകളെ പരിപാലിക്കാൻ തങ്ങൾക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞതിന് പിന്നാലെയാണിത്. ഞായറാഴ്ച ബിബിസിയുടെ ലോറ കുവെൻസ്ബെർഗ് പ്രോഗ്രാമിൽ സംസാരിച്ച അലൻ, സമീപകാല വിപണിയിലെ തകർച്ചയും വർദ്ധിച്ചുവരുന്ന പലിശനിരക്കും യഥാർത്ഥ ആളുകളെ എങ്ങനെ ബാധിക്കുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. പലിശ നിരക്കുകളിലെ ചലനം ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉയർന്ന മോർട്ട്ഗേജിലേക്ക് [തിരിച്ചടവ്] നയിക്കാൻ പോകുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
40 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ പണപ്പെരുപ്പം സംഭവിക്കുകയാണ്. ഇത് പ്രധാനമായും ഭക്ഷണത്തിന്റെയും ഫോസിൽ ഇന്ധനങ്ങളുടെയും വർദ്ധിച്ചുവരുന്ന വില കാരണമാണ്.