ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് ഇസ്രായേലി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മെഡിറ്ററേനിയൻ ദ്വീപിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി, സെപ്തംബർ 3 ന് റിസോർട്ട് പട്ടണമായ അയ്യ നാപ്പയിലെ ഹോട്ടലിൽ വച്ചാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരയായ 20 കാരിയായ യുവതി പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായവരിൽ 19-ഉം 20-ഉം വയസ്സുള്ള പുരുഷന്മാരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019 ജൂലൈയിൽ 12 ഇസ്രായേലി പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തതായി ഒരു ബ്രിട്ടീഷ് യുവതി നുണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശിക്ഷ ലഭിച്ച ഇവർ കഴിഞ്ഞ വർഷമാണ് കുറ്റവിമുക്തയായത്. കേസിലെ സത്യാവസ്ഥ പുറത്തുവന്ന പശ്ചാത്തലത്തിൽ അറസ്റ്റിലായവരെ വിട്ടയക്കുകയായിരുന്നു. ഇവരെ വിചാരണ ചെയ്‌തിരുന്നില്ല.

വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്ന അവസരത്തിൽ ബ്രിട്ടീഷ് യുവതികൾ ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും കുറ്റകൃത്യങ്ങളുടെ കണക്കുകൾ അനുസരിച്ച് ചില രാജ്യങ്ങളിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കൂളിൽ വച്ച് അധ്യാപകനെ കുത്തികൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പതിനഞ്ചു വയസ്സുകാരൻ. ജൂലൈ 10 നാണ് ഗ്ലൗസെസ്റ്റർഷെയറിലെ ടെവ്‌ക്‌സ്‌ബറി അക്കാദമിയിൽ ഗണിത അധ്യാപകൻ ജാമി സാൻസോമിയെയാണ് കുത്തേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറിന് ശേഷം മൂന്ന് മൈൽ (4.8 കി.മീ) ദൂരെ നിന്ന് പോലീസ് പ്രതിയെ പിടികൂടുകയും ചെയ്‌തു. ഇയാളുടെ കൈവശം കത്തിയും ഉണ്ടായിരുന്നു.

നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. ഇയാൾ ബ്രിസ്റ്റോൾ മജിസ്‌ട്രേറ്റ് കോടതിയിൽ മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിച്ചതായി സമ്മതിച്ചു. ആക്രമണത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ അക്കാദമി പൂട്ടിയിട്ടു. സമീപത്തെ രണ്ട് സ്കൂളുകളോടും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2017 മുതൽ സ്‌കൂളിൽ കണക്ക് പഠിപ്പിച്ചു വരികയാണ് ആക്രമണത്തിന് ഇരയായ ജാമി സാൻസോം. ഇദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി സുഖം പ്രാപിച്ച് വരികയാണ്. സെപ്റ്റംബർ 28 ന് ചെൽട്ടൻഹാം യൂത്ത് കോടതിയിൽ വിധി കേൾക്കുന്നത് വരെ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ദുരുപയോഗം ആരോപണ വിധേയരായ പിതാക്കന്മാർക്ക് മക്കളുമായി ബന്ധപ്പെടാൻ കുടുംബ കോടതി അനുമതി നൽകിയതിനെത്തുടർന്ന് അഞ്ച് അമ്മമാർ മരിച്ചുവെന്ന് കണ്ടെത്തൽ. ബിബിസി അന്വേഷണത്തിലാണ് ഈ വിവരം. ചിലർ ജീവനൊടുക്കിയപ്പോൾ മറ്റൊരാൾക്ക് കോടതിക്ക് പുറത്ത് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രത്യേക പഠനത്തിൽ 75 കുട്ടികൾ, മുമ്പ് തങ്ങളെ ദുരുപയോഗം ചെയ്ത പിതാവുമായി വീണ്ടും താമസിക്കാൻ നിർബന്ധിതരായതായി കണ്ടെത്തി. കുടുംബ കോടതി നടപടികളുടെ സമ്മർദം മൂലം 45 ഓളം അമ്മമാർക്ക് ഗർഭം അലസൽ, ഹൃദയാഘാതം, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.

പീഡോഫിലുകളായ പിതാക്കാന്മാർക്ക് കുട്ടികളെ കാണാൻ വീണ്ടും അവസരം നൽകുന്നത് തെറ്റായ നടപടിയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എലിസബത്ത് ഡാൽഗാർനോ പറഞ്ഞു. കുടുംബ കോടതികൾ ഗാർഹിക പീഡന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിപുലമായ അന്വേഷണമാണ് നടന്നത്. കുടുംബ കോടതികളിൽ “അടിയന്തരവും വ്യാപകവുമായ പരിഷ്കരണം” ആവശ്യമാണെന്ന് ഡോമെസ്റ്റിക് അബ്യൂസ് കമ്മീഷണർ നിക്കോൾ ജേക്കബ്സ് പറഞ്ഞു.

45 സ്ത്രീകൾക്കും അവരുടെ 75 കുട്ടികൾക്കും ഇടയിൽ മാഞ്ചസ്റ്റർ സർവകലാശാല ഗാർഹിക പീഡന ഗവേഷണ ഗ്രൂപ്പായ ഷെറയുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ഫാമിലി ട്രോമ, ചൈൽഡ് കസ്റ്റഡി, ചൈൽഡ് ഡെവലപ്‌മെന്റ് ജേണലിൽ ഉടൻ പ്രസിദ്ധീകരിക്കും. സ്വകാര്യ നിയമ കേസുകളിലെ അമ്മമാർക്ക് കോടതിയിൽ പിന്തുണ ലഭിച്ചില്ലെന്ന് പ്രധാന ഗവേഷകനായ ഡോ ഡാൽഗാർനോ പറയുന്നു. ഓരോ വർഷവും 55,000 സ്വകാര്യ നിയമ കുടുംബ കോടതി കേസുകളിൽ 70 ശതമാനവും ദുരുപയോഗ ആരോപണങ്ങൾ ഉൾക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു. കുടുംബ കോടതികളിൽ സമാനമായ അനുഭവങ്ങളുമായി മല്ലിടുന്ന ആയിരക്കണക്കിന് സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലേബർ ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്പ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഷാഡോ കാബിനറ്റ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. പുനഃസംഘടന തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം. സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർക്ക് എന്ത് സ്ഥാനം നൽകുമെന്നതിനെക്കുറിച്ച് വളരെയധികം ഊഹാപോഹങ്ങളുണ്ട്. ഷാഡോ ചാൻസലർ റേച്ചൽ റീവ്സ്, ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ എന്നിവരുൾപ്പെടെ സ്റ്റാർമർ തന്റെ ഏറ്റവും മുതിർന്ന സഹപ്രവർത്തകരെ മാറ്റാൻ സാധ്യതയില്ല.

പാർട്ടി അംഗങ്ങൾ ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറെ നേരിട്ട് തിരഞ്ഞെടുത്തു. പാർലമെന്റിന്റെ ബിസിനസ് കമ്മിറ്റിയുടെ ചെയർ ഡാരൻ ജോൺസ് ഉൾപ്പെടെയുള്ള ചില പേരുകൾ സാധ്യമായ സ്ഥാനക്കയറ്റത്തിനായി പരിഗണിച്ചേക്കും. സ്ഥാനക്കയറ്റം ലഭിച്ചാൽ, അദ്ദേഹത്തിന് ഏത് സ്ഥാനം നൽകുമെന്ന് വ്യക്തമല്ല. ജിം മക്മഹോണിനെ തരംതാഴ്ത്തിയാൽ ഷാഡോ പരിസ്ഥിതി സെക്രട്ടറി ആയേക്കും. സർക്കാരിന്റെ പുതിയ സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സെക്രട്ടറിയുടെ ഷാഡോയായി ലേബർ പാർട്ടി ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച റിഷി സുനക്കും തന്റെ മുൻനിര ടീമിൽ ചില മാറ്റങ്ങൾ വരുത്തി. മുൻ പ്രതിരോധ സെക്രട്ടറി ബെൻ വാലസിനെ മാറ്റി ഗ്രാന്റ് ഷാപ്‌സിനെ നിയമിക്കുകയും ഇന്ത്യൻ വംശജയായ ക്ലെയർ കുട്ടീഞ്ഞോയെ ഊർജ, നെറ്റ് സീറോ സെക്രട്ടറി ആക്കുകയും ചെയ്തു. വരും മാസങ്ങളിൽ പ്രധാനമന്ത്രി വിപുലമായ സർക്കാർ പുനഃസംഘടന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു പാർട്ടികളും ഒക്ടോബറിൽ വാർഷിക പാർട്ടി സമ്മേളനങ്ങൾ നടത്തുന്നുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പായി ഇരു നേതാക്കളും തങ്ങളുടെ
ടീമിനെ രൂപപ്പെടുത്തും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉഷ്ണ തരംഗം മൂലം ബ്രിട്ടനിൽ ഈയാഴ്ചയിൽ വളരെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്. 2023 ലെ തന്നെ ഏറ്റവും ഉയർന്ന ചൂട് ഈയാഴ്ചയിൽ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ഉള്ളത്. ബ്രിട്ടനിൽ ഉടനീളം വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന സമയമാണ് ഇത്. ഓക്സ്ഫോഡ്ഷെയർ, ഗ്ലൗസെസ്റ്റർഷയർ, ബ്രിസ്റ്റോൾ ചാനൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില പ്രതീക്ഷിക്കുന്നത്.

സാങ്കേതികമായി സെപ്റ്റംബർ 1 മുതൽ ഓട്ടം ക്ലൈമറ്റ് ആരംഭിക്കുമെങ്കിലും, ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേനൽക്കാലം പോലെ തന്നെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. വേനൽക്കാലം കൂടുതൽ ദിവസത്തേക്ക് നീണ്ടതോടെ ബീച്ചുകളിലേക്ക് മറ്റും പോകുവാനായി യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

എന്നാൽ ഉയർന്ന താപനിലയ്‌ക്ക് ശേഷം പിന്നീട് ഇടിയോടു കൂടെ മഴയ്ക്കുള്ള സാധ്യതയും ഉണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അഭിപ്രായപ്പെടുന്നത്. ജൂലൈ 7 നു ശേഷം ബ്രിട്ടനിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയിരുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ജൂണിൽ ആയിരുന്നു ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. എന്നാൽ അതിലും ഉയർന്ന തരത്തിലുള്ള താപനിലകൾ ഈയാഴ്ചകളിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നായയുടെ ആക്രമണത്തെ തുടർന്ന് മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് കിർക്ക്ബി ടൗൺ സെന്ററിലെ ഒരു പബ്ബിന് പുറത്ത് നടന്ന ആക്രമണത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മെർസിസൈഡ് പോലീസ് അറിയിച്ചു. കുട്ടിയുടെ പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമിച്ച നായയെ പിടികൂടി അതിൻെറ ഇനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

സംഭവത്തിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഓർംസ്‌കിർക്കിൽ നിന്നുള്ള 31 കാരനായ ഇയാളെ പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ നായയെ വളർത്തിയതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയത് വരികയാണ്. ന്യൂടൗൺ ഗാർഡൻസിലെ മാർക്കറ്റ് ടാവേൺ പബ്ബിന് പുറത്ത് വൈകുന്നേരം 3:15 നാണ് അപകടം നടന്നത്. ഈ സമയം തെരുവിൽ ഉണ്ടായിരുന്നവർ ഉദ്യോഗസ്ഥരുമായി വിവരം പങ്കുവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിന് ഇരയായ പെൺകുട്ടിക്ക് മികച്ച ചികിത്സയും പരിചരണവും ആണ് നൽകുന്നതെന്ന് ചീഫ് ഇൻസ്പെക്ടർ ജിം വൈൽഡ് പറഞ്ഞു. ഈ കേസ് നായ്ക്കളുടെ അപകടസാധ്യതകളെ എടുത്തുകാട്ടുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ, പിറ്റ് ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസീലീറോ എന്നീ ഇനങ്ങളിൽ പെട്ട നായ്ക്കളെ സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യഥാർത്ഥ വ്ളാടിമിറിനെ ഒരു വർഷത്തിലേറെയായി കാണാനില്ലെന്ന സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഉക്രൈൻ ഇന്റലിജൻസ് മേധാവി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ലെന്നും മേജർ ജനറൽ കയ്റിലോ ബുഡനോവ് കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് പൊതുപരിപാടികൾക്ക് അദ്ദേഹത്തിന്റെ അപരന്മാരെ ഉപയോഗിക്കുമെന്ന മുൻ ധാരണകളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്റലിജൻസ് മേധാവിയുടെ വെളിപ്പെടുത്തൽ. അസാധാരണമായി നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. എല്ലാവർക്കും പരിചയമുള്ള റഷ്യൻ പ്രസിഡന്റ് വ്ളാടിമിർ പുടിനെ അവസാനമായി കണ്ടത് ജൂൺ 26 നാണെന്ന് അദ്ദേഹം പറഞ്ഞു. ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായുള്ള പ്രതിസന്ധി ചർച്ചകൾക്കായി ക്രെമലിനിൽ അദ്ദേഹം അന്ന് എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണോ അല്ലെങ്കിൽ ജീവനോടെയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പുടിനു പുറംലോകത്തിനു മുൻപിൽ പ്രത്യക്ഷപ്പെടാൻ താല്പര്യമില്ലാത്തതാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാകാമെന്നാണ് ഇന്റലിജൻസ് മേധാവി മറുപടി പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ പുടിൻ തന്റെ ഇടതു കൈത്തണ്ടയിലെ വാച്ചിൽ സമയം നോക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ യഥാർത്ഥമായി ഉടൻ തന്നെ വലതു കൈയിലാണ് സാധാരണയായി വാച്ച് ധരിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുടിന്റെ ആരോഗ്യനില മോശമായതിനാലാണ് ഇത്തരത്തിലുള്ള അപരന്മാരെ ഉപയോഗിക്കുന്നതെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കൾക്കും ഈ യാഥാർത്ഥ്യം അറിയാമെന്നാണ് ഇന്റലിജൻസ് മേധാവി വെളിപ്പെടുത്തിയത്. റഷ്യൻ ജനങ്ങൾ പറ്റിക്കപ്പെടുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യൻ ഹാക്കർമാർ യുകെയുടെ പ്രതിരോധ മന്ത്രാലയത്തിൻെറ രേഖകൾ ഓൺലൈനിൽ ചോർത്തിയതായുള്ള റിപ്പോർട്ട് പുറത്ത്. എച്ച്എംഎൻബി ക്ലൈഡ് ന്യൂക്ലിയർ അന്തർവാഹിനി ബേസ്, പോർട്ടൺ ഡൗൺ കെമിക്കൽ ആയുധ ലാബ്, ജിസിഎച്ച്ക്യു ലിസണിംഗ് പോസ്റ്റ് എന്നിവയുൾപ്പെടെ ബ്രിട്ടനിലെ ഏറ്റവും രഹസ്യമായ സൈറ്റുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യാൻ ഈ ഡേറ്റകൾ കുറ്റവാളികളെ സഹായിക്കും. ലോകത്തിലെ ഏറ്റവും അപകടകരമായ ഹാക്കിംഗ് സംഘങ്ങളിലൊന്നായ ലോക്ക്ബിറ്റ് – സൈനിക സൈറ്റുകൾ ഉയർന്ന സുരക്ഷയുള്ള ജയിലുകൾ എന്നിവയുൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചോർത്തിയെടുത്ത വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയർ വഴി ആക്‌സസ് ചെയ്യാവുന്ന ഡാർക്ക് വെബിലൂടെ പങ്കിട്ടതായാണ് കരുതപ്പെടുന്നത്. റഷ്യൻ പൗരനായ മിഖായേൽ മാറ്റ്‌വീവ് ഉൾപ്പെടെയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. മെറ്റ് പോലീസ് ഉൾപ്പെടെ 47,000 ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്. നോർത്തേൺ അയർലണ്ടിലെ പോലീസ് സേനയിലെ 10,000 ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളും ചോർന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

രാജ്യത്തെ സുപ്രധാന വിവരങ്ങൾ സംരക്ഷിക്കുന്ന സോൺ എന്ന കമ്പനിയുടെ ഡേറ്റാബേസുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാസമാണ് ഹാക്കർമാർ രേഖകൾ ചോർത്തിയതെന്ന് കരുതുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്സ് ആസ്ഥാനമായുള്ള ഈ കമ്പനിയാണ് 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ സുരക്ഷാ നൽകിയത്. റഷ്യൻ കുറ്റവാളികളുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ലോക്ക്ബിറ്റ് 2020 മുതൽ എഫ്ബിഐയുടെ നോട്ടപുള്ളികളാണ്. യുഎസിലും കാനഡയിലും സൈബർ ആക്രമണങ്ങളുടെ പേരിൽ നിരവധി റഷ്യക്കാരാണ് കസ്റ്റഡിയിയിൽ ആകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ 104 സ്കൂളുകൾ പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടാനുള്ള നിർദ്ദേശം കടുത്ത പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. എങ്ങനെയും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാന അധ്യാപകർ നെട്ടോട്ടത്തിലാണ്. അവസാന നിമിഷം ഇത്ര വലിയ പ്രതിസന്ധി ഉണ്ടാകാൻ കാരണം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത കെടു കാര്യസ്ഥതയാണ് കാരണമെന്ന വിമർശനം ശക്തമാണ്.

തങ്ങൾ പഠിക്കുന്ന സ്കൂളുകൾ അടച്ചിടാനുള്ള നിർദ്ദേശത്തെ കുറിച്ച് അവസാന നിമിഷം അറിയുന്ന മാതാപിതാക്കളും കുട്ടികളും കടുത്ത അനശ്ചിതത്വത്തിലാണ്. പലരും തങ്ങളുടെ കുട്ടികൾക്ക് പഠിക്കുവാൻ അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. പ്രശ്ന ബാധിതരായ സ്കൂളുകളിലെ പ്രധാന അധ്യാപകർ ഉൾപ്പെടെയുള്ള ടീച്ചേഴ്സിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏതെങ്കിലും രീതിയിൽ ബദൽ സംവിധാനങ്ങൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ. പ്രശ്നബാധിതരായ 104 സ്കൂളുകളിലെ പ്രധാന അധ്യാപകർ ബദൽ ക്ലാസ് മുറികൾ കണ്ടെത്തുന്നതിനും താൽക്കാലിക ടോയ്‌ലറ്റുകൾ വാടകയ്ക്ക് എടുക്കുന്നതിനും ടൈം ടേബിളുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ്.

കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ബലക്ഷയമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ അവസാന നിമിഷ നീക്കം ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് സമയം കിട്ടാതെ വന്നതാണ് വൻവിമർശനങ്ങൾക്ക് കാരണമായത്. പ്രശ്നബാധിതരായ സ്കൂളുകളുടെ പട്ടിക സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നില്ല. അങ്ങനെയുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കണം എന്നതായിരുന്നു സർക്കാർ നയം. സ്കോ ട്ട്‌ലൻഡിലെ 35 സ്കൂളുകൾ പ്രശ്ന ബാധിതമാണെങ്കിലും ഈ ഘട്ടത്തിൽ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ ടാറ്റ സ്റ്റീലിന് 500 മില്യൺ പൗണ്ടിന്റെ സഹായ പാക്കേജ് കൈമാറാനുള്ള ചർച്ചയുടെ അവസാന ഘട്ടങ്ങളിൽ എത്തി ബ്രിട്ടൺ. ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീലിന്റെ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പാക്കേജ് സർക്കാർ വാഗ്‌ദാനം ചെയ്യുന്നത്. ഈ ആഴ്ച അവസാനം തന്നെ കരാറിൻെറ നിബന്ധനകൾ ഉറപ്പിക്കുമെന്നും സെപ്റ്റംബർ മാസത്തിൽ തന്നെ ഇത് അന്തിമമാകുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളിലായി ഫണ്ടിംഗ് പാക്കേജ് വർദ്ധിപ്പിക്കാൻ ടാറ്റ സ്റ്റീൽ സർക്കാരുമായി ചർച്ചകൾ നടത്തി വരുകയായിരുന്നു. നിലവിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾ പ്രകാരം കമ്പനിക്ക് സർക്കാർ ഏകദേശം 500 മില്യൺ പൗണ്ട് പൊതു ധനസഹായം നൽകും. ഏകദേശം 8,000 തൊഴിലാളികളാണ് യുകെയിലെ ടാറ്റ സ്റ്റീലിൽ മാത്രം ജോലി ചെയ്യുന്നത്. വരും വർഷങ്ങളിൽ 3,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചർച്ചകളിൽ കമ്പനി സൂചിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

സർക്കാരുമായുള്ള പുതിയ കരാറിന്റെ ഭാഗമായി ടാറ്റ സ്റ്റീൽ ഇലക്ട്രിക് ആർക്ക് ഫർണസുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് പ്രതിജ്ഞാബന്ധരാണ്. ഇലക്ട്രിക് ആർക്ക് ഫർണസുകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന ഫർണസുകളേക്കാൾ വ്യത്യസ്തവും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഉരുക്ക് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള മാറ്റത്തിന്റെ ഭാഗമായി ചില തൊഴിൽ നഷ്ടങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.