Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ ആക്രമണത്തിനിരയായ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 29 ബുധനാഴ്ച രാത്രി 11 മണിയോടെ കിംഗ്സ് ഹീത്തിലെ യോർക്ക് റോഡിൽ വെച്ചാണ് സംഭവം. 73 വയസ്സുള്ള ഒരാൾ ആക്രമിക്കപ്പെട്ടതായിട്ടാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറയുന്നത്. ഡിസ്പ്ലേ ബോർഡിൽ ഇടിച്ച ശേഷം ഇരയുടെ തലയ്ക്ക് പരിക്കേറ്റു, കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ബുധനാഴ്‌ച വൈകുന്നേരം കിംഗ്‌സ് ഹീത്തിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിശ്വാസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ബർമിംഗ്ഹാം പോലീസ് ട്വീറ്റ് ചെയ്തു. കേസിൽ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നുമാണ് ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബം പറയുന്നത്.

എന്നാൽ, കഴിഞ്ഞയാഴ്ച എഡ് ജ്ബാസ്റ്റണിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് നേരെ നടന്ന ആക്രമണവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഒത്തിരിപേർ വീഡിയോ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് അവസാനിപ്പിക്കണമെന്നും പോലീസ് പറഞ്ഞു. ഇരയുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും തയാറാകണമെന്നും പോലീസ് ആവശ്യപ്പെട്ടു.

യുകെയിൽ വംശീയതയോട് ബന്ധപ്പെട്ട ആക്രമണങ്ങൾ നിരവധി തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിക്ക് നേരെ ഉണ്ടായത് ഇത്തരത്തിലുള്ള ആക്രമണമാണോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വംശീയ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും കടുത്ത ശിക്ഷ ഏറ്റുവാങ്ങുന്ന കുറ്റകൃത്യങ്ങളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിൽ മലയാളിയെ കൊലപെടുത്തിയ കേസിൽ പ്രതിയായ പതിനാറുകാരനെ ജാമ്യത്തിൽ വിട്ട പോലീസ് നടപടിക്കെതിരെ മകൾ രംഗത്ത്. 2023 മാർച്ച് 19 ന് പുലർച്ചെ ലണ്ടനിൽ വച്ച് സൗത്ത്ഹാളിൽ നിന്നുള്ള ജെറാൾഡ് നെറ്റോ (62) പിന്നിൽ നിന്ന അജ്ഞാതരുടെ ഗുരുതരമായ ആക്രമണത്തിന് വിധേയനായി മരണപ്പെടുകയായിരുന്നു. ജെറാൾഡിന്റെ ശവസംസ്‍കാരം കഴിയുന്നതിനു മുൻപ് തന്നെ പ്രതിയെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. നിലവിലെ നിയമത്തിന്റെ പഴുതാണ് പ്രതിയായ യുവാവിന് രക്ഷപെടാൻ അവസരമായത്. നിയമം പരിഷ്കരിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെടുന്നു.

നടന്ന് പോവുകയായിരുന്ന ജെറാൾഡിനെ പിന്നിൽ നിന്ന് പതിനാറുകാരൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. അവശനിലയിൽ കണ്ടെത്തിയ ജെറാൾഡിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലൈഫ് സപ്പോർട്ടിങ് മെഷീനുകളും ജെറാൾഡിനെ കയ്യൊഴിഞ്ഞു. പ്രതിയായ പതിനാറുകാരനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിൽ വിട്ടയച്ചതെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളെ നിയമം രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത പുന പരിശോധിക്കണമെന്നും ജെറാൾഡിന്റെ മകൾ ജെന്നിഫർ നെറ്റോ ആവശ്യപ്പെടുന്നു.

‘എന്റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടെങ്കിലും കുറ്റവാളിയെ വെറുതെ വിട്ടിരിക്കുകയാണ്. മരണത്തിൽ കലാശിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ കുടുംബത്തെ മാത്രമല്ല, സമൂഹത്തെയും ബാധിക്കുന്നുണ്ട് . എന്റെ പിതാവ് പലരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാവരെയും സ്നേഹിച്ചും സഹായിച്ചുമാണ് പിതാവ് കടന്ന് പോയത്. ഇങ്ങനെ ആക്രമിക്കപ്പെട്ടു ജീവിതം നഷ്ടമാകുന്ന എത്രയോ നിരപരാധികൾ ഉണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങൾക്ക് തക്കതായ ശിക്ഷ ലഭിക്കണം’- ജെന്നിഫറിന്റെ പരാതിയിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഏപ്രിൽ 1 മുതൽ രാജ്യത്ത് ജീവിത ചിലവുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ നികുതികളും നിരക്ക് വർദ്ധനവുകളും നിലവിൽ വരുന്നത് മൂലമാണിത്. ഇതിന്റെ ഭാഗമായി കൗൺസിൽ ടാക്സ് , വെള്ളം, മൊബൈൽ ബില്ലുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ വർദ്ധനവ് ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. ഭക്ഷണ വിലയിലും കാര്യമായ വർദ്ധനവ് ഉണ്ടാകും.

എന്നാൽ ഈ പ്രതിസന്ധികളുടെ ഇടയിലും കുറഞ്ഞ വരുമാനക്കാർക്ക് മിനിമം വേതനത്തിൽ സർക്കാർ പ്രഖ്യാപിച്ച വർദ്ധനവ് ഇന്ന് നിലവിൽ വരുന്നത് ആശ്വാസമാകും. ഇത് പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടേറെ യു കെ മലയാളി വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. ഏകദേശം 2 ലക്ഷം ആളുകൾക്ക് ഇന്ന് മുതൽ മണിക്കൂറിന് 10.42 പൗണ്ട് വേതനം ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . മിനിമം വേതനത്തിലെ ഈ വർദ്ധനവ് 24 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ്. കുതിച്ചുയരുന്ന ജീവിത ചിലവ് താഴ്ന്ന വരുമാനക്കാരെ ആണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെ വേതനത്തിലെ വർദ്ധനവ് താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസമാകും.

കൗൺസിൽ നികുതി 5% വരെ വർദ്ധിപ്പിക്കാനാണ് പ്രാദേശിക കൗൺസിലുകൾക്ക് സർക്കാർ അനുമതി കൊടുത്തിരിക്കുന്നത്. മിക്കവാറും കൗൺസിലുകൾ സാധ്യമായ ഏറ്റവും വലിയ വർദ്ധനവ് തന്നെ നടപ്പിലാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അതുകൊണ്ട് ബാൻഡ് ബി പ്രോപ്പർട്ടിക്ക് പ്രതിവർഷം ശരാശരി 100 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളി യുവതിക്ക് നോർവിച്ചിൽ ദാരുണാന്ത്യം. ക്യാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ബിജുവാണ്(29) തികച്ചും ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. ക്യാൻസർ രോഗം സ്ഥിരീകരിച്ചു മാസങ്ങൾ പിന്നിടുന്നതിനിടയിലാണ് സംഭവം. അപ്രതീക്ഷിത മരണം തീർത്ത വേർപാടിന്റെ ദുഃഖത്തിലാണ് മലയാളി സുഹൃത്തുക്കളും ബന്ധുമിത്രാദികളും. ചികിത്സ പ്രാഥമിക ഘട്ടം എന്ന നിലയിൽ തുടങ്ങിവച്ചതിനിടയിൽ അനു യാത്രയായി.

നേഴ്‌സ് ദമ്പതികളായ അനുവും ബിജുവും യുകെയില്‍ എത്തിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു. അതിനിടയിലാണ് അനുവിനെ ക്യാൻസർ കവർന്നെടുത്തത്. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച ബിജുവിന്റെ വിസയില്‍ ഡിപെന്‍ഡന്റ് ആയിട്ടെത്തിയ അനുവിന് സ്തനത്തിലാണ് ക്യാൻസർ ബാധിച്ചത്. വിദഗ്ധ ചികിത്സകൾ ലഭ്യമാക്കിയിരുന്നു. രോഗം മൂർച്ഛിച്ചു നിന്ന സമയത്താണ് പരിശോധന നടത്തി സ്ഥിരീകരിച്ചത്. എന്നാൽ
ചികിത്സകളും പ്രാർത്ഥനകളും വിഫലമാക്കി അനു മടങ്ങി. രണ്ടു വയസുള്ള എഡ്വിനെ ലാളിച്ചു കൊതിതീരും മുൻപുള്ള അനുവിന്റെ മടക്കയാത്ര എല്ലാവരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

അനുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നിയമനടപടികൾ പൂർത്തിയായാൽ ഉടനെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. കുടുംബത്തോടൊപ്പം എല്ലാത്തിനും സഹായത്തിനായി നോര്‍വിച്ചിലെ മലയാളികള്‍ ഒപ്പമുണ്ട്. വയനാട്ടുകാരിയാണ് അനു. എന്നാൽ വിവാഹ ശേഷം ആലപ്പുഴയിലായിരുന്നു താമസം.

അനുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിദേശ പന്നിയിറച്ചി ബ്രിട്ടീഷ് എന്ന വ്യാജ ലേബലിൽ സൂപ്പർമാർക്കറ്റുകളിൽ എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വൻതോതിലാണ് മാർക്കറ്റുകളിലേയ്ക്ക് മാംസം എത്തിച്ചിരിക്കുന്നത്. അഴുകിയ പന്നിയിറച്ചിയിൽ പുതിയ മാംസം കലർത്തിയെന്ന അവകാശവാദവും ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി ഇതിനോടൊപ്പം പരിശോധിക്കുന്നുണ്ട്. യുകെയിലെ പല സൂപ്പർമാർക്കറ്റുകളിലും മാംസം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വ്യാവസായിക തലത്തിലുള്ള വിദേശ പന്നിയിറച്ചി ബ്രിട്ടീഷുകാരുടേത് എന്ന ലേബലിൽ മാർക്കറ്റിൽ വിതരണം ചെയ്യാനാണ് ഇത്തരത്തിലുള്ള ആളുകളുടെ ശ്രമമെന്നാണ് വാർത്തകളോട് അധികൃതരുടെ പ്രതികരണം. 2020 മുതൽ വിപണിയിൽ എത്തിയ മാംസങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റെഡി മീൽസ്, ക്വിച്ചുകൾ, സാൻഡ്‌വിച്ചുകൾ എന്നിങ്ങനെയുള്ള നിരവധി ഇനങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കൂളുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ, ജയിലുകൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലൂടെ ഇത് വിതരണം ചെയ്യുന്നുണ്ട്.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തെളിവുകൾ ശേഖരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ആളുകൾക്ക് ലഭ്യമായ ഭക്ഷണങ്ങളിൽ മാംസത്തിന്റെ സാന്നിധ്യമുണ്ടോ എന്നുള്ളതിൽ വ്യക്തത കൈവന്നിട്ടില്ല. ഭക്ഷണത്തിന്റെ നിലവാരത്തിൽ എന്തെങ്കിലും കുറവുണ്ടോ എന്നുള്ളത് പരിശോധിക്കുമെന്നും ഫുഡ് സ്റ്റാൻഡേർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് എമിലി മൈൽസ് പറഞ്ഞു. റീട്ടെയിൽ വ്യവസായ ലോബി ഗ്രൂപ്പായ ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നോർത്ത്ഫീൽഡിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ജോനാഥൻ ഗ്ലോവർ (34) എന്നയാളാണ് പിടിയിലായത്. പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ബസിൽ പലയിടങ്ങളിൽ വെച്ച് പെൺകുട്ടിയെ ആളുകൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. നോർത്ത്ഫീൽഡിലെ ഫ്രാങ്ക്‌ലി ബീച്ചസ് റോഡിലാണ് ഇരുവരെയും കണ്ടെത്തിയത്.

ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ നടന്ന വാദത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് മറ്റ് ലൈംഗിക ഉദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി. ഗ്ലോവർ പെൺകുട്ടിയെ പരിചയപ്പെട്ടത് ഒരു പോപ്പ് ഗായികയോടുള്ള താല്പര്യത്തെ തുടർന്നാണ്. കഴിഞ്ഞ വർഷം ഡിസംബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളാണ് ഇതിലേക്ക് ഇരുവരെയും നയിച്ചതെന്നും കോടതിയിൽ പറഞ്ഞു.

ആദ്യദിവസം ഇരുവരും ബസ് സ്റ്റേഷനിലാണ് താമസിച്ചത്. വീട്ടിലെ സാഹചര്യങ്ങൾ കാരണം പെൺകുട്ടിയെ സഹായിക്കുകയാണ് ഇയാൾ ചെയ്തതെന്നാണ് ഉയരുന്ന പ്രധാന വാദം. എന്നാൽ പ്രതിയുടെ ഉദ്ദേശ്യം ദുഷിച്ചതാണെന്ന തെളിവുകൾ വ്യക്തമാക്കുന്നതായി ജഡ്ജി ഡീൻ കെർഷാവ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് മാറ്റിവെച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാധ്യമങ്ങളിലൂടെ ഔദ്യോഗിക വിവരങ്ങൾ പങ്കുവയ്ക്കുന്നത് പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്താറുണ്ട്. വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത് കടുത്ത സുരക്ഷാ വീഴ്ചയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോരുന്നതിനും ഇടയാക്കുന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ബ്രിട്ടൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് മന്ത്രിമാർ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെയുള്ളത് ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് 2013 – ൽ പുറത്തിറക്കിയ മാർഗ്ഗരേഖയായിരുന്നു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ ആപ്പുകൾ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും ഒരിക്കലും രഹസ്യം എന്ന വിഭാഗത്തിൽ പെടുത്താവുന്ന വിവരങ്ങൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നും മാർഗരേഖയിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യാൻ വാട്സ്ആപ്പ് ഉപയോഗിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

ബ്രിട്ടനിൽ കോവിഡ് ഏറ്റവും കൂടിയ നിന്ന സമയത്ത് അന്നത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്കും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ അയച്ച ഒരു ലക്ഷത്തിലധികം സന്ദേശങ്ങൾ ലഭിച്ചതായി ഡെയിലി ടെലഗ്രാം പത്രം വെളിപ്പെടുത്തിയതാണ് ഈ വിഷയത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായത്. ക്യാബിനറ്റ് ഓഫീസ് പുറത്തിറക്കിയ പുതിയ മാർഗനിർദേശം മന്ത്രിമാർ , പ്രത്യേക ഉപദേഷ്ടാക്കൾ, ഉദ്യോഗസ്ഥർ, മന്ത്രിമാരുടെ ഉപദേഷ്ടാക്കൾ എന്നിവർക്ക് ബാധകമാണ്. വാട്സ്ആപ്പ് , സിഗ്നൽ , ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി കുറയ്ക്കണമെന്ന് മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. രഹസ്യം അല്ലെങ്കിൽ അതീവ രഹസ്യം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാൻ പാടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നോട്ടിംഗ്ഹാമിൽ ബോക്സിങ് മത്സരത്തിനിടയിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കോട്ടയം സ്വദേശിയായ ജുബൽ റെജിയാണ് മരണമടഞ്ഞത്. ബോക്‌സിംഗ് മത്സരത്തിനിടയിലാണ് പരിക്കേറ്റത്. ഇയാളുടെ മാതാപിതാക്കൾ അബുദാബിയിൽ നിന്ന് യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. കോട്ടയം സ്വദേശികളാണ് കുടുംബം.

മാർച്ച് 25 ശനിയാഴ്ചയാണ് ചാരിറ്റി ബോക്‌സിംഗ് മത്സരം നടന്നത്. ജുബൽ റെജിയ്ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയിരുന്നു .ബോക്‌സിംഗ് മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും വിദ്യാർത്ഥി വിജയിക്കുകയും മൂന്നാം റൗണ്ടിൽ പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പാരാമെഡിക്കുകൾ ഉടൻ തന്നെ എത്തിച്ചേർന്നു. തുടർന്ന് ആംബുലൻസിൽ ക്വീൻസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ആവശ്യമായ എല്ലാവിധ ചികിത്സകളും ലഭ്യമാക്കാൻ വൈദ്യസംഘം ശ്രമിക്കുകയും ചെയ്‌തെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അധികൃതർ മത്സരം നിർത്തി വച്ചിരുന്നു. പരിക്ക് പറ്റിയതിൽ സങ്കടമുണ്ടെന്നും, അപ്രതീക്ഷിതമായിട്ടാണ് സംഭവിച്ചതെന്നും അൾട്രാ വൈറ്റ് കോളർ ബോക്‌സിംഗിന്റെ വക്താവ് പറഞ്ഞു.

ജുബൽ റെജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാബിനറ്റ് ടീം പ്രഖ്യാപിച്ച് സ്കോട് ലൻഡ് പ്രധാനമന്ത്രി ഹംസ യൂസഫ്. ഫിനാൻസ് സെക്രട്ടറിയായി കേറ്റ് ഫോർബ്‌സിന് പകരം ഷോണ റോബിസൺ ചുമതലയേൽക്കും. റോബിസണിന് ധനകാര്യവും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററിയും നൽകിയിട്ടുണ്ട്. മുൻ പ്രഥമ മന്ത്രി നിക്കോള സ്റ്റർജന്റെ അടുത്ത സുഹൃത്താണ് റോബിസൺ. സാമൂഹ്യനീതി സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തന കാലയളവിൽ ലിംഗ പരിഷ്കാരങ്ങൾ അവതരിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സെഷൻസ് കോടതിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമായിരുന്നു ക്യാബിനറ്റ് ടീമിന്റെ പ്രഖ്യാപനം.

ആരോഗ്യ സെക്രട്ടറിയായി മൈക്കൽ മാതസണും, വിദ്യാഭ്യാസ സെക്രട്ടറിയായി മുൻ ഗതാഗത മന്ത്രി ജെന്നി ഗിൽറൂത്തും ചുമതല ഏറ്റെടുത്തു. ക്യാബിനറ്റിലെ പുതുമുഖം മുപ്പത് വയസുകാരിയായ മൈരി മക്അല്ലനാണ്. ട്രാൻസിഷൻ സെക്രട്ടറിയായിട്ടാണ് നിയമനം. യൂസഫിന്റെ എസ്എൻപി നേതൃത്വ പ്രചാരണത്തിന് നേതൃത്വം നൽകിയ നീൽ ഗ്രേയും ക്യാബിനറ്റിൽ ഉണ്ട്. എസ്എൻപിയുടെ ഉപനേതാവ് കീത്ത് ബ്രൗണിന് പകരം ആഞ്ചല കോൺസ്റ്റൻസാണ് നീതിന്യായ സെക്രട്ടറി. ഒൻപതംഗ ക്യാബിനറ്റിനെയാണ് തിരഞ്ഞെടുത്തത്. റൂറൽ അഫയേഴ്സ് സെക്രട്ടറിയായി തുടരുന്ന മൈരി ഗൗജിയോൺ, വിദേശകാര്യ സെക്രട്ടറി ആംഗസ് റോബർട്ട്സൺ, ഷെർലി-ആനി സോമർവില്ലെ സോഷ്യൽ ജസ്റ്റിസ്‌ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

ബുധനാഴ്ചയാണ് ചുമതലകൾ ഉൾപ്പെടുത്തിയുള്ള അന്തിമ പട്ടിക പുറത്ത് വന്നത്. എസ് എൻ പിയുമായുള്ള പങ്കാളിത്ത കരാറിന്റെ ഭാഗമായി സ്കോട്ടിഷ് ഗ്രീൻസിന്റെ സഹ-നേതാക്കളായ പാട്രിക് ഹാർവിയും ലോർണ സ്ലേറ്ററും നിക്കോള സ്റ്റർജന്റെ കീഴിൽ അവർ വഹിച്ച ചുമതലകളിലേക്ക് വീണ്ടും നിയമിക്കപ്പെട്ടു. പരാജയപ്പെട്ട എസ്എൻപി നേതൃത്വ സ്ഥാനാർത്ഥി ആഷ് റീഗന് ഒരു ചുമതലയും നൽകിയിട്ടില്ല. മത്സരത്തിൽ യൂസഫിനോട് കഷ്ടിച്ച് പരാജയപ്പെട്ട കേറ്റ് ഫോർബ്സ് ചൊവ്വാഴ്ച സർക്കാർ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യൂസഫ് നേതൃത്വപരമായ പദവികൾ കേറ്റിന് വാഗ്ദാനം ചെയ്തിരുന്നു. പുതിയ ക്യാബിനറ്റ് ടീമിൽ 40 വയസ്സിന് താഴെയുള്ള അഞ്ച് അംഗങ്ങളാണുള്ളത്. അതിൽ ഏറെയും സ്ത്രീകളുമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജർമ്മൻ സന്ദർശനത്തിൽ തലപ്പാവ് ധരിച്ച് മിന്നിത്തിളങ്ങി കാമില രാജ്ഞി. ചരിത്രപരമായ സന്ദർശനത്തിലായിരുന്നു രാജ്ഞി തലപ്പാവ് അണിഞ്ഞത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഓർമ്മകളെ പ്രത്യേകം പരാമർശിക്കാനും ജർമ്മൻ ഭരണാധികാരികൾ മറന്നില്ല. ബ്രെക്‌സിറ്റിനു ശേഷം യുകെയും ജർമ്മനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. യാത്രയുടെ ആദ്യ ദിനത്തിൽ റോയൽസിനെ സ്വാഗതം ചെയ്യുന്ന സ്റ്റേറ്റ് വിരുന്നിൽ ചാൾസ് രാജാവും രാജ്ഞിയും പങ്കെടുത്തു. ബെർലിനിലെ പ്രസിഡൻഷ്യൽ ബെല്ലെവ്യൂ കൊട്ടാരത്തിൽ നടന്ന വിരുന്നിന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്‌ൻമിയറും ഭാര്യ എൽകെ ബ്യൂഡൻബെൻഡറും ചേർന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.

മൂന്ന് ദിവസത്തെ പര്യടനത്തിനായി ഇന്നലെ ഉച്ചകഴിഞ്ഞാണ് ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ ഇരുവരും എത്തിയത്. നഗരത്തിന്റെ പ്രതീകമായ ബ്രാൻഡൻബർഗ് ഗേറ്റിൽ സൈനിക ബഹുമതികളോടെ വൻ സ്വീകരണം ജർമ്മനി നൽകി. സന്ദർശകരെ സ്വാഗതം ചെയ്യാൻ രാജ്യത്തിന്റെ ലാൻഡ് മാർക്ക് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ജർമ്മൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം പരസ്പരം ഇരുവരും കൈമാറി. ജർമ്മനിയുടെയും യുകെയുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിന് മുമ്പ് പ്രശസ്തമായ ലാൻഡ്‌മാർക്കുമായി ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തതും സന്ദർശനത്തിന്റെ മാറ്റ് കൂട്ടി.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ പോയ ചാൾസ് രാജാവിനെ ആരാധകർ പേപ്പർ ബർഗർ കിംഗ് കിരീടം നൽകി സ്വീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഔദ്യോഗിക വിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. രാജാവും രാജ്ഞിയും ജർമ്മനിയിൽ ഇറങ്ങിയപ്പോൾ, അവർ സഞ്ചരിച്ച ആർ എ എഫ് വോയേജർ വിമാനം ആദരസൂചകമായി ജർമ്മൻ യൂറോഫൈറ്റർ ജെറ്റുകളുടെ അകമ്പടി ഉണ്ടായിരുന്നു. രാജകീയ ദമ്പതികളുടെ സന്ദർശനത്തെ ലോകവും ഇരു രാജ്യങ്ങളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. നിർണായക പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരിക്കുകയാണ് എല്ലാവരും.

RECENT POSTS
Copyright © . All rights reserved