Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏഥൻസ് : ഭാര്യ കരോലിൻ ക്രൗച്ചിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് അനാഗ്നോസ്റ്റോപൗലോസ്. മെയ് 11 നാണ് ഏഥൻസിന് സമീപമുള്ള വീട്ടിൽ വച്ച് കരോലിൻ കൊല്ലപ്പെട്ടത്. സ് മാർട്ട് വാച്ച് ഡാറ്റ കണ്ടെത്തിയതിനെത്തുടർന്ന് 20 കാരിയായ ബ്രിട്ടീഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഹെലികോപ്റ്റർ പൈലറ്റ് ആയ ബേബിസ് വെളിപ്പെടുത്തി. തങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീടുപേക്ഷിച്ചു പോകുമെന്ന് കരോലിൻ പറഞ്ഞതായും ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണമെന്നും ഭർത്താവ് തുറന്നു പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് സത്യകഥ പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ, കവർച്ചാ സംഘമാണ് കരോലിനെ കൊലപ്പെടുത്തിയതെന്ന് ബേബിസ് പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട്‌ വാച്ച് ഡാറ്റാ പരിശോധിച്ചപ്പോഴാണ് കരോലിൻ ആ സമയത്ത് മരിച്ചിട്ടില്ലായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.

“ആ രാത്രി ഞങ്ങൾ വഴക്കിടുകയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ കുട്ടിയെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞു വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ദേഷ്യം വന്നു. തലയണ ഉപയോഗിച്ച് ഞാൻ ശ്വാസം മുട്ടിച്ചു.” കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് ഇപ്രകാരം പറഞ്ഞു. ഗ്രീക്ക് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘2021 മെയ് 11 ന് ഗ്ലൈക്ക നെറയിൽ നടന്ന നരഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ 33 കാരനായ ഭർത്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരിക്കുന്നു. ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് മുതിർന്ന അന്വേഷകർ പറഞ്ഞു.

എന്നാൽ, അതിരാവിലെ തന്നെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് കവർച്ചക്കാർ തന്നെ കെട്ടിയിട്ടതായും കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതായും തുടർന്ന് 10,000 ഡോളർ പണവും 30,000 ഡോളറിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നും അനാഗ്നോസ്റ്റോപൗലോസ് പോലീസിനോട് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ തമ്മിൽ കലഹിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തി. ലിവർപൂളിൽ ഹെലികോപ്റ്റർ പൈലറ്റായി പരിശീലനം നേടിയ അനാഗ്നോസ്റ്റോപൗലോസ്, 2018 മെയ് മാസത്തിൽ ക്രൗച്ചിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കരോലിൻ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. സത്യകഥ പുറത്തുവന്നത്തോടെ ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനും അവസാനമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വേനൽക്കാലം ആഘോഷമാക്കുവാൻ ശ്രമിക്കുന്നവർക്ക്, ചിലപ്പോഴെങ്കിലും വിഘാതമായി ഹേ ഫിവർ ഉണ്ടാകാറുണ്ട്. പ്രകൃതിയിൽ ഉള്ളതും അല്ലാത്തതുമായ വസ്തുക്കളോടുള്ള ശരീരത്തിന് അലർജി റെസ്പോൺസിനാണ് ഹേ ഫിവർ എന്ന് സാധാരണയായി പറയുക. കൂടുതലും ചെടികളിലെ പൂമ്പൊടികൾ ആണ് ഇത്തരത്തിൽ അലർജി ഉണ്ടാക്കുക. കണ്ണിൽനിന്ന് വെള്ളം വരുക, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് തടയുന്നതിനായി വേഗത്തിലുള്ളതും, ഫലപ്രദവുമായ ചില വഴികൾ വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഇതിൽ ഒരു വഴിയാണ്, പെപ്പെർ മിന്റും, ടീ ട്രീ ഓയിലും ചേർത്തു നിർമ്മിച്ചിരിക്കുന്ന വൈപ്പ്സുകൾ. വെറും 99 പൗണ്ടിനു ലഭിക്കുന്ന ഇത്തരം വൈപ്പ്സുകൾ പൂമ്പൊടി മൂലമുള്ള അലർജിക്ക് ഫലപ്രദമാണെന്ന് ഉപയോഗിച്ച പലരും വ്യക്തമാക്കുന്നു. വേനൽക്കാലമായാൽ പൂമ്പൊടി അധികമായി ഉണ്ടാകും. അതിനാൽ തന്നെ തുണികളും മറ്റും വീടുകൾക്ക് ഉള്ളിൽ തന്നെ ഉണക്കുവാൻ എല്ലാവരും ശ്രമിക്കണം. പുറത്തിട്ട് ഉണക്കുമ്പോൾ പൂമ്പൊടികളും മറ്റും തുണികളിൽ പറ്റിപിടിച്ചിരിക്കുന്നതിനുള്ള സാധ്യത അധികമാണ്.

 

ഇതോടൊപ്പംതന്നെ രാത്രിയിൽ മുടി കഴുകുന്നത് പകൽ മുഴുവൻ തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടികളെ അകറ്റുന്നതിന് സഹായിക്കും. തല കഴുകാതിരിക്കുമ്പോൾ ഇവ തലയിണയിലും മറ്റുമായി കൂടുതൽ അലർജിക്ക് കാരണമാകുന്നു. ഇതോടൊപ്പംതന്നെ ഗ്രീൻ ടീ കൂടുതൽ ഉപയോഗിക്കുന്നത് അലർജി തടയുന്നതിന് സഹായിക്കും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഗ്രീൻ ടീക്ക് ആന്റി -ഓക്സിഡന്റ് പ്രോപ്പർട്ടികൾ ധാരാളമായുണ്ട്. ഇതോടൊപ്പംതന്നെ കണ്ണിനടിയിലും, മൂക്കിന്റെ വശങ്ങളിലുമായി വാസ്‌ലിൻ പുരട്ടുന്നത് പൂമ്പൊടികളും മറ്റും കണ്ണിലും മൂക്കിലും കയറുന്നത് തടയുവാൻ സഹായിക്കും. ഇതോടൊപ്പംതന്നെ തേൻ കഴിക്കുന്നത് ശരീരത്തെ അലർജനുമായി പൊരുത്തപ്പെടുന്നതിനു സഹായിക്കും.ഇത്തരത്തിൽ ചെറിയ ചില വഴികളിലൂടെ നമുക്ക് ഹേ ഫിവറിനെ മാറ്റിനിർത്തി അവധിക്കാലം ആഘോഷിക്കുവാൻ സാധിക്കുമെന്ന് ഇത് പരീക്ഷിച്ച പലരും വ്യക്തമാക്കുന്നു. അലർജിയുണ്ടാക്കുന്ന പൂമ്പൊടികളിൽ നിന്നും പരമാവധി അകലം പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൻെറ ആശങ്കയിലാണ് രാജ്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർ നമ്പർ 1.44 ആണ്. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് യുകെയിലെ രോഗവ്യാപനം ഗുരുതരമായി ഉയരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മെയ് 3 -നും ജൂൺ 7 -നും ഇടയിൽ വൈറസ് ബാധ 50 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെന്റ് വേരിയന്റിനെ അപേക്ഷിച്ച് ഡെൽറ്റാ വേരിയന്റാണ് രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളുടെയും കാരണം .

രാജ്യത്ത് ഓരോ 11 ദിവസം കൂടുമ്പോഴും കോവിഡ് കേസുകൾ ഇരട്ടിയാകുന്നതായാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 670 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. നിലവിൽ വൈറസ് വ്യാപനം ഇത്രമാത്രം വർധിക്കാനുള്ള പ്രധാന കാരണം ചെറുപ്പക്കാർക്കിടയിലെ രോഗവ്യാപനം ആണെന്ന് ഇംപീരിയൽ കോളേജ് പ്രൊഫസർ സ്റ്റീഫൻ റൈലി പറഞ്ഞു . 5 മുതൽ 12 വയസ്സുവരെയുള്ളവരിലും 18 -നും 24 -നും ഇടയിൽ പ്രായമുള്ളവരിലുമാണ് ഏറ്റവും കൂടുതൽ രോഗബാധയെന്നാണ് ഇംപീരിയൽ കോളേജിൻറെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ പ്രധാന കണ്ടെത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മലയാളി നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും പങ്ക് വളരെ വലുതായിരുന്നു. പല മലയാളി ജീവനക്കാരും തങ്ങളുടെ ആരോഗ്യം പോലും മറന്നാണ് കോവിഡ് രോഗികളെ ശ്രുശ്രൂഷിക്കാനായി ഓടി എത്തിയത്. കുടുംബങ്ങളുടെ സുരക്ഷയ്ക്കായി താമസം പോലും താത്കാലികമായി മാറ്റിയവരാണ് പൂരിപക്ഷം പേരും. അതുകൊണ്ട് തന്നെയാണ് പുതിയ റിക്രൂട്ട്‌മെന്റില്‍ കഴിവതും മലയാളികള്‍ വരട്ടെ എന്ന നിലപാടിലേക്ക് എന്‍എച്ച്എസ് എത്തിയിരിക്കുന്നത്. പത്തു വര്‍ഷത്തിലധികം എൻഎച്ച്എസിൽ സേവനമനുഷ്ഠിച്ച മിക്ക മലയാളികൾക്കും സ്‌ഥാനകയറ്റത്തിൻെറ അനുഭവം പങ്കിടാൻ ഉണ്ടാവും. ഇത്തരത്തിലുള്ള നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് നഴ്സിങ് രംഗത്തെ ഉയര്‍ന്ന ബഹുമതിയായ ചീഫ് നഴ്സിങ് ഓഫിസര്‍ ബഹുമതി രണ്ടു മലയാളികളെ തേടി എത്തിയത്.

ഷെഫീല്‍ഡില്‍ നിന്നുമുള്ള ലീന ഫിലിപ്പിന് കഴിഞ്ഞ മാസമാണ് ഈ ബഹുമതി തേടിയെത്തിയത്. ഇപ്പോള്‍ ഈ അംഗീകാരം സൗത്താംപ്ടണിലെ മലയാളി നഴ്‌സായ സൈമണ്‍ ജേക്കബിനാണ് ലഭിച്ചിരിക്കുന്നത്. കോവിഡിൻെറ രണ്ടുഘട്ടങ്ങളിലും മനോധൈര്യം കൈവിടാതെ യൂണിറ്റിനെ സൈമൺ നോക്കിനടത്തി. കോവിഡ് രൂക്ഷമായിരുന്ന കാലയളവിൽ രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിട്ടിരുന്നു. വെന്റിലേറ്ററിലേക്കുള്ള ആവശ്യത്തിന് പോലും ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സിലിണ്ടര്‍ ഓക്‌സിജനും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മറ്റും വഴിയാണ് ഈ പ്രതിസന്ധി രാജ്യം നേരിട്ടത്. കോവിഡിൻെറ ആദ്യ തരംഗത്തിൽ മരണ നിരക്ക് ഉയര്‍ന്നു നിന്ന സൗത്താംപ്ടണില്‍ രണ്ടാം തരംഗത്തിൽ ദേശീയ ശരാശരിയേക്കാള്‍ താഴ്ത്തി നിര്‍ത്താന്‍ സാധിച്ചത് സൈമണ്‍ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ രാപകല്‍ അധ്വാനം വഴിയാണ്.

സൈമണിൻെറ യൂണിറ്റിലെയും എച്ച്ഡിയു വിഭാഗത്തിലെയും ജീവനക്കാര്‍ക്ക് ഒരുമിച്ച് കോവിഡ് വന്ന സാഹചര്യത്തിൽ അവധി പോലും എടുക്കാതെയാണ് അദ്ദേഹം ജോലി ചെയ്തത്. സൂം മീറ്റിങ്ങുകളും മറ്റും സംഘടിപ്പിച്ച്‌ ജീവനക്കാരുടെ പ്രശനങ്ങള്‍ കേൾക്കാനും അവർക്ക് മാനസിക പിന്തുണ നൽകാനും സൈമണും സംഘവും ശ്രദ്ധിച്ചിരുന്നു. ആ സമയങ്ങളിൽ തൻെറ ഭാര്യയും കുടുംബവും നല്‍കിയ പിന്തുണ കാരണമാണ് തനിക്ക് ഈ അംഗീകാരം നേടാനായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാൻഡെമിക്കിന് ശേഷമുള്ള സാഹചര്യത്തിലും ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഓൺലൈൻ രീതിയിൽ തന്നെ ജോലി തുടരുവാൻ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സർക്കാർ നയം. പുതിയ നിയമ പ്രകാരം തൊഴിലുടമകൾക്ക് നിർബന്ധിച്ചു തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തുവാൻ സാധിക്കുകയില്ല. പുതിയ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ഗവൺമെന്റ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് പലഭാഗത്തുനിന്നും ഉയർന്നുവന്നിരിക്കുന്നത്. ഇത്തരം നയങ്ങൾ ഉത്പാദന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നും, അതോടൊപ്പം തന്നെ സാധാരണ ജീവിതത്തിലേക്ക് ഒരു മടക്കം സാധിക്കുകയില്ല എന്നും വിമർശകർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വർക്ക്‌ – ഫ്രം – ഹോം രീതി തുടർന്നു പോയാൽ, നിരവധി പേർക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.


മന്ത്രിമാരുടെ ഈ തീരുമാനം ക്യാബിനറ്റിൽ തന്നെ വൻ വിവാദ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ റിഷി സുനക് എന്നിവരും ഓഫീസ് ജീവിതത്തിന്റെ സാധ്യതകളെ സംബന്ധിച്ച് സംസാരിച്ചു. ഓൺലൈൻ ജോലി ഡിഗ്രി തുടർന്നു കൊണ്ടു പോയാൽ ജനങ്ങളുടെ സാധാരണ ജീവിതത്തെ മൊത്തം ബാധിക്കുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു രീതി എല്ലാവർക്കും പിന്നീട് ജീവിതത്തിൽ സാധാരണം ആകുമെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് വ്യക്തമാക്കി.


ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ആവശ്യം എന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഓൺലൈൻ ജോലി ജനങ്ങളുടെ മാനസിക ആരോഗ്യം തന്നെ തകർക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള തീരുമാനം ഉണ്ടായാൽ ക്യാബിനറ്റിൽ തന്നെ എതിർപ്പുകൾ ഉണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2010 ജൂലൈയിലെ ഒരു പ്രഭാതത്തിൽ ഗണേഷ് വാസുദേവൻ കണ്ട കാഴ്ചയുടെ ഭീകരത ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ അലയടിച്ചുയരും. പുതുച്ചേരിയിൽ നിന്നും അത്ര അകലയല്ലാത്ത തീരപ്രദേശത്ത് പാർക്കുന്ന മുക്കുവനായിരുന്ന ഗണേഷിന്റെ വീട് മാത്രമല്ല കടൽ എടുത്തുകൊണ്ടു പോയത് ; ആ വീട് നിലയുറപ്പിച്ച മണ്ണ് കൂടിയാണ്. പിന്നീട് വർഷങ്ങളോളം, തീരത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. കമ്മ്യൂണിറ്റി റിപ്പോർട്ടുകൾ പ്രകാരം ഈ തീരപ്രദേശത്ത് കുറഞ്ഞത് 200 ഏക്കർ (80 ഹെക്ടർ) ഭൂമി പൂർണ്ണമായും കടൽക്ഷോഭം കാരണം നശിച്ചു. കുറഞ്ഞത് 7,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗണേഷിന്റെ മത്സ്യബന്ധന ഗ്രാമമായ ചിനമുദാലിയാർ ചവാഡി 2004ലെ സുനാമിയിൽ തന്നെ ഏറ്റവും അധികം നാശം നേരിട്ട ഇടമാണ്. എങ്കിലും ഇവിടുത്തെ ജനങ്ങൾ പൊരുതാൻ ഉറച്ചാണ് ജീവിക്കുന്നത്. വെള്ളം കുറയുമ്പോൾ അവർക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ കഴിയുമെന്ന് ഗണേഷ് ഉറപ്പിച്ചു പറയുന്നു. ഇവരുടെ ജീവിതം ബിബിസി റിപ്പോർട്ട്‌ ചെയ്തിരുന്നു.

മുമ്പ് പോണ്ടിച്ചേരി എന്നറിയപ്പെട്ടിരുന്ന പുതുച്ചേരി ഒരു കടൽത്തീര നഗരമാണ്. പണ്ട് ഒരു ഫ്രഞ്ച് കോളനിയായിരുന്നു. ഏഴ് സോണുകളായി വിഭജിച്ചിരിക്കുന്ന ഈ 40 കിലോമീറ്റർ (25 മൈൽ) തീരപ്രദേശം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ട് മുതൽ ഈ ബീച്ചുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. പോണ്ടിച്ചേരി സിറ്റിസൺസ് ആക്ഷൻ നെറ്റ്‌വർക്ക് (പോണ്ടികാൻ) എന്ന പാരിസ്ഥിതിക അഭിഭാഷക സംഘം തയ്യാറാക്കിയ ചലഞ്ചഡ് കോസ്റ്റ് ഓഫ് ഇന്ത്യ എന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് 2012 ൽ പ്രദേശത്തിന് സംഭവിച്ച മാറ്റങ്ങൾ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചത്. “തീരദേശത്തെ മണ്ണൊലിപ്പ് ഇത്ര കഠിനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ഞങ്ങൾ 2013 മുതൽ ഈ പ്രദേശം പഠിച്ചുകൊണ്ടിരിക്കുകയാണ്.”കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗമായ ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ‌സി‌സി‌ആർ) ഡയറക്ടർ എം വി രമണ മൂർത്തി പറഞ്ഞു.

6,000 കിലോമീറ്റർ (3,700 മൈൽ) തീരപ്രദേശങ്ങൾ പരിശോധിക്കാൻ എൻ‌സി‌സി‌ആറിലെ ശാസ്ത്രജ്ഞർ സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ചു.

1990 നും 2016 നും ഇടയിൽ ഈ തീരത്തിന്റെ 34% മുതൽ 40% കടുത്ത മണ്ണൊലിപ്പ് നേരിടുന്നുണ്ടെന്ന് കണ്ടെത്തി. മണ്ണൊലിപ്പിൽ ആളുകൾക്ക് വീട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സസ്യങ്ങൾ നശിപ്പിക്കപ്പെടുന്നു. ശുദ്ധജല ജലാശയങ്ങൾ ഉപ്പുവെള്ളമായി മാറുന്നു.

കേരളത്തിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം കേരളതീരത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കെയറ്റം വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ മുഴുവൻ കടൽ കയറുകയും, അവരുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ പല മത്സ്യബന്ധന ഗ്രാമങ്ങളും മാഞ്ഞുപോകാൻ തുടങ്ങിയിരിക്കുകയാണെന്ന സത്യാവസ്ഥ ഉൾകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിവിരുദ്ധമായ നിര്‍മാണങ്ങളും കാലാവസ്ഥാ വ്യതിയാനും ഭരണസംവിധാനങ്ങളുടെ അവഗണനയും മൂലം കേരളത്തിലെ കടലോരഗ്രാമങ്ങളില്‍ ജീവിതം അസാധ്യമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മഴക്കെടുതിയിൽ പൊറുതിമുട്ടിയാണ് ആലപ്പുഴ കഴിയുന്നത്. വെള്ളക്കെട്ടിൽ നട്ടംതിരിയുന്ന കുട്ടനാട്ടുകാരുടെ ജീവിതം ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മടവീണും പുറംബണ്ടിലൂടെ വെള്ളം കവിഞ്ഞൊഴുകിയുമാണ് പാടങ്ങൾ വെള്ളത്തിലായത്, ഇതുവഴി നൂറുകണക്കിന് വീടുകളിലും വെള്ളം കയറി. നിലനിൽപ്പിനായി കേഴുന്ന ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. വെള്ളപ്പൊക്ക ദുരിതം തുടര്‍ക്കഥയായ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ നിന്ന് പലായനം ചെയ്യുകയാണ് കുടുംബങ്ങള്‍. ജനിച്ചുവളര്‍ന്ന ഭൂമി ഉപേക്ഷിച്ച് വെള്ളപ്പൊക്ക ഭീഷണിയൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തി ജീവിതം പറിച്ചുനടാനാണ് അവരുടെ ശ്രമം. ഇവരെല്ലാം പോരാടുകയാണ്, ജീവനും ജീവിതവും ചേർത്ത് പിടിച്ച് തന്നെ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ച് ഗവൺമെൻറ് ഗൗരവമായി ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നടപ്പിലായാൽ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും സ്വീകരിച്ചവർക്ക് യുഎസ്, യൂറോപ്പിലെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ച് ബ്രിട്ടനിൽ തിരിച്ചു വരുമ്പോൾ ക്വാറന്റീൻ ആവശ്യമായി വരില്ല. ഈ തീരുമാനം സാമ്പത്തിക വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് കരുതപ്പെടുന്നത്.

നിലവിലെ കണക്കനുസരിച്ച് യുകെയിൽ 30 ദശലക്ഷത്തിലധികം ആളുകൾക്ക് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പും ലഭ്യമായിട്ടുണ്ട്. 21- 28 നും ഇടയിൽ പ്രായമുള്ള ഒരു ഒരു മില്യൻ ആളുകൾക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്‌സിന് വേണ്ടിയുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. 18 മുതൽ 20 വരെ പ്രായമുള്ളവർക്ക് ഈ ആഴ്ച അവസാനത്തോടെ ബുക്കിങ്ങിനായി ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചവർക്കുള്ള യാത്ര നിയന്ത്രണത്തിൽ ഇളവുകൾ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

ആഗോളതാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം ഇതുവരെ മുൻകരുതൽ എടുത്തിട്ടില്ല എന്ന് സർക്കാരിനെതിരെ വാൻ വിമർശനം. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വൈദ്യുതി മുടക്കം, ഭക്ഷ്യക്ഷാമം, വരൾച്ച, ചൂട്, എന്നിവ ആഗോള താപനില ഉയരുന്നതിനനുസരിച്ച് കാലാവസ്ഥയെ തകിടം മറിക്കും എന്നാണ് വിലയിരുത്തൽ. ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിനായി യാതൊരുവിധത്തിലുള്ള ആസൂത്രണവും സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തികൊണ്ടുള്ള മുന്നറിയിപ്പാണ് 1,500 പേജുള്ള റിപ്പോർട്ടിലൂടെ കാലാവസ്ഥാ വ്യതിയാന സമിതി തയ്യാറാക്കിയിരിക്കുന്നത്.

450 ശാസ്ത്രജ്ഞരും വിദഗ്ധരും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ആഗോളതാപനില കൂടുന്നതു മൂലം 2050 ഓടുകൂടി നെറ്റ് എമിഷൻ സീറോ എന്ന ലക്ഷ്യത്തിൽ എത്താൻ രാജ്യത്തിന് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം ബ്രിട്ടനിലെ ശരാശരി താപനില 1.2 സെൽഷ്യസ് വർദ്ധിച്ചിട്ടുണ്ട്. ഇത് 0.5 സെൽഷ്യസ് കൂടി വർധിക്കുമെന്നാണ് വിലയിരുത്തൽ.

ആഗോളതാപനിലയിലുള്ള വൻ വർദ്ധനവ് തടയാനായി നവംബറിൽ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം COP26നു ബ്രിട്ടൺ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 2050 ഓടുക്കൂടി വേനൽക്കാലത്ത് 10 ശതമാനം കൂടുതൽ വരണ്ടതും, ശീതകാലം 5 ശതമാനം കൂടുതൽ തണുപ്പുള്ളതും, കനത്ത മഴയിൽ 10 ശതമാനം വർദ്ധനവും ഉണ്ടായിരിക്കും. സമുദ്രനിരപ്പ് 1981-2000 നേക്കാൾ 10-30 സെന്റിമീറ്ററും ഉയരുമെന്നുള്ള അപായ സാധ്യതയും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റാഫോർഡ്‌ഷെയർ : ഇറക്കം കുറഞ്ഞ സ്കർട്ട് ധരിച്ചെത്തിയ 6 വിദ്യാർത്ഥിനികളെ പരസ്യമായി അധിക്ഷേപിച്ച് സ്കൂൾ അധികൃതർ. സ്റ്റാഫോർഡ്‌ഷെയറിലെ കാനോക്കിലെ കാനോക്ക് ചേസ് ഹൈസ്‌കൂളിലെ അസംബ്ലിയിൽ മറ്റ് ഇരുന്നൂറോളം വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് വിദ്യാർത്ഥികളെ ശകാരിച്ചത്. തങ്ങൾ നാണിച്ചുപോയെന്നും ഇരിപ്പിടങ്ങളിലേക്ക് മടങ്ങുമ്പോൾ സഹ വിദ്യാർത്ഥികൾ തങ്ങളെ കളിയാക്കിയെന്നും 13നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു. മറുപടിയായി, സ്കൂളിലെ നൂറുകണക്കിന് പെൺകുട്ടികൾ അടുത്ത ദിവസം അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്കർട്ട് ധരിച്ചെത്തി. 17 പേർ ടെന്നീസ് കോർട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മാതാപിതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“ഞാൻ എന്റെ സീറ്റിലേക്ക് തിരിച്ചു പോയപ്പോഴും അന്ന് വീട്ടിലേക്ക് തിരിച്ചുപോയപ്പോഴും സഹപാഠികൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് ലജ്ജ തോന്നി.” അപമാനിക്കപ്പെട്ട വിദ്യാർത്ഥികളിലൊരാളായ മോളി സ്റ്റോക്ക് പറഞ്ഞു. “എനിക്ക് ഇഷ്ടമുള്ളത് ധരിക്കാൻ എന്റെ അമ്മ എന്നെ അനുവദിക്കുന്നു. ഞാൻ സ്കൂൾ നിയമം ലംഘിച്ചാൽ അമ്മ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടില്ല. ഒപ്പം മിടുക്കിയായിരിക്കുക എന്നതാണ് എന്റെ രീതി. ഞാൻ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നു. ഭാവിയിൽ സ്കർട്ട് ധരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു.” മോളി വ്യക്തമാക്കി. നീളം കുറഞ്ഞതും ഇറുകിയതുമായ സ്‌കർട്ട് ധരിച്ച പെൺകുട്ടികളെ തിരഞ്ഞെടുക്കാൻ ഇയർ ഹെഡ് മിസ് ജിങ്ക്സ്, ഫോം ട്യൂട്ടർമാരോട് ആവശ്യപ്പെട്ടതായും മോളിയുടെ പുരുഷ ട്യൂട്ടർ തന്നെയും മറ്റൊരു പെൺകുട്ടിയെയും തിരഞ്ഞെടുത്തുവെന്നും അവൾ അറിയിച്ചു. സ്കൂൾ ചട്ടങ്ങൾ അനുസരിച്ച് സ്കർട്ടുകൾ കാൽമുട്ടിന് മുകളിലായിരിക്കണം. പെൺകുട്ടികൾ സ്വീകാര്യമല്ലാത്ത രീതിയിൽ സ്കർട്ട് ധരിച്ചിരുന്നുവെന്നാണ് ഇയർ ഹെഡ് അവകാശപ്പെടുന്നത്.

ഈ വസ്ത്രധാരണ രീതി പുരുഷ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ ആകർഷിക്കുന്നതായി സ്കൂൾ അധികൃതർ പിന്നീട് പറഞ്ഞു. “ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു, അത് അവരെ അലോസരപ്പെടുത്തുന്നുവെങ്കിൽ അവർ സ്കൂളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് ഞാൻ കരുതുന്നു.” മോളി അഭിപ്രായപ്പെട്ടു. മോളിയും മറ്റ് 16 വിദ്യാർത്ഥിനികളും ചേർന്ന് തൊട്ടടുത്ത ദിവസം ഒരു പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂൾ അധികൃതർ മാപ്പ് പറയുന്നതുവരെ അവർ പ്രതിഷേധം തുടർന്നു. മോളിയുടെ അമ്മ ജോവാന സ്റ്റോക്ക് ഹെഡ് ടീച്ചറോട് പരാതിപ്പെട്ടതിനെ തുടർന്ന് അവർ ക്ഷമ ചോദിക്കുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം അധ്യാപകർ വിദ്യാർത്ഥികളോട് സ്കർട്ടിനു താഴെ ഷോർട്ട്സ് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ശാരീരിക അധിക്ഷേപം നേരിടാത്ത രീതിയിൽ പെൺകുട്ടികൾക്ക് സ്കൂളിൽ തുടരാനുള്ള മാർഗ്ഗങ്ങൾ സ്കൂളുകൾ തന്നെ കണ്ടെത്തേണ്ടതുണ്ടെന്ന് ഒഫ്സ്റ്റെഡ് ചീഫ് ഇൻസ്പെക്ടർ അമൻഡ സ്പിൽമാൻ പറഞ്ഞു. പത്തിൽ ഒമ്പത് പെൺകുട്ടികൾക്കും ലൈംഗിക അധിക്ഷേപം നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കോമൺസ് വിദ്യാഭ്യാസ സമിതി, സ്കൂൾ വാച്ച്ഡോഗിനെ ചോദ്യം ചെയ്യുകയുണ്ടായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മെയ് മാസത്തിൽ കാണാതായ ഹംഗേറിയൻ യുവതിയുടേത് എന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ ലണ്ടൻ പോലീസ് കണ്ടെടുത്തു. ആഗ്നേസ് അകോമ് എന്ന ഇരുപതു വയസ്സുകാരിയേയാണ് മെയ് -9ന് കാണാതായത്. ഹംഗറിക്കാരിയായ ഇവർ മൂന്ന് വർഷമായി യുകെയിൽ താമസിക്കുകയായിരുന്നു. ക്രിക്കിൾവുഡ് ബ്രോഡ്വെയിലുള്ള വീട്ടിൽ നിന്നിറങ്ങിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനത്തിനോടനുബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അറുപത്തിമൂന്നുകാരനായ നെകുലെയ് പൈസെൻ എന്നയാളെ മെയ്‌ 23 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നോർത്ത് വെസ്റ്റ് ലണ്ടനിലെ ക്രിക്കിൾവുഡിലുള്ള നിയസ്ഡെൻ റിക്രിയേഷൻ പാർക്കിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയത്.


ശരീര അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധന ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയ പാർക്കിൽ കൂടുതൽ ഫോറൻസിക് പരിശോധനകൾ നടത്തുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ജോൺ അറിയിച്ചു. ഇതോടൊപ്പംതന്നെ സഹകരിച്ച പ്രദേശവാസികളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. പാർക്കിൽ നിന്നും പോലീസ് അധികൃതർ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത് വളരെ ഞെട്ടിപ്പിക്കുന്ന സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

Copyright © . All rights reserved