ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിലെ ആദ്യ ടൂർ ഡി ഫ്രാൻസ് സ്റ്റേജ് ജേതാവായ ബ്രയാൻ റോബിൻസൺ (91) അന്തരിച്ചു. ബ്രിട്ടനിലെ ആദ്യകാല സൈക്ലിംഗ് താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വെസ്റ്റ് യോർക്ക്ഷെയറിലെ മിർഫീൽഡിൽ ജനിച്ച റോബിൻസന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ സൈക്ലിംഗ് വിജയത്തിന് കൂടുതൽ കരുത്തേകി.

ബ്രാഡ്‌ലി വിഗ്ഗിൻസ്, ക്രിസ് ഫ്രൂം എന്നിവർക്ക് വളരെ മുമ്പ്, യോർക്ക്ഷയർമാൻ ടൂർ ഡി ഫ്രാൻസിന്റെ ഒരു ഘട്ടം വിജയിച്ച ആദ്യത്തെ ബ്രിട്ടീഷുകാരനും സൈക്ലിംഗിലെ ഏറ്റവും മികച്ച ഓട്ടം പൂർത്തിയാക്കിയ ആദ്യത്തെയാളുമായിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടി ജെയ്ക് വോമേഴ്‌സ്‌ലി ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്. ടൂർ ഡി ഫ്രാൻസിൽ മത്സരിച്ച ആദ്യത്തെ ബ്രിട്ടീഷ് ടീമിന്റെ ഭാഗമായിരുന്നു റോബിൻസൺ.

1961-ൽ അഭിമാനകരമായ ക്രൈറ്റീരിയം ഡു ഡുഫൈനിൽ വിജയത്തോടെ ഒരു പ്രധാന സ്റ്റേജ് റേസ് വിജയിച്ച ആദ്യത്തെ ബ്രിട്ടീഷ് റൈഡർ എന്ന നിലയിലും പ്രശസ്തനായി. 1955-ൽ ലാ ഫ്ലെഷെ വോലോണിൽ നാലാമതും 1956-ലെ വോൾട്ട എ എസ്പാനയിൽ എട്ടാമതും ഫിനിഷ് ചെയ്തു, കൂടാതെ 1957-ൽ മിലാൻ-സാൻറെമോയിൽ മൂന്നാമതും അദ്ദേഹം സൈക്കിൾ ചവിട്ടി ആരാധകരുടെ ഹൃദയത്തിലേക്ക് നടന്നു കയറി.

1930-ൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലേ സൈക്ലിംഗിനോട് താത്പര്യം ഉണ്ടായിരുന്നു. മിർഫീൽഡിലെ തന്റെ വീട്ടിൽ നിന്ന് ഹാരോഗേറ്റിലേക്ക് മാസത്തിലൊരിക്കൽ ബന്ധുക്കളെ സന്ദർശിക്കാൻ 30 മൈലുകൾ സൈക്കിൾ ചവിട്ടുന്ന ശീലം തന്റെ ആഗ്രഹത്തെ യാഥാർഥ്യത്തിലേക്ക് നയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മിഡ്ലാൻഡ്‌സിലെ വൂസ്റ്ററിൽ താമസിക്കുന്ന 40 വയസ്സുകാരനായ സതീഷിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടിയിരിക്കുകയാണ് യുകെ മലയാളികൾ . വെറും ഒന്നര വർഷം മുമ്പാണ് സതീഷ് യുകെയിലെത്തിയത്. ജീവിതം പതിയെ കരുപിടിപ്പിച്ച് തുടങ്ങിയ സമയത്താണ് സതീഷിനെ മരണം തട്ടിയെടുത്തത്. കാര്യമായ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന സതീഷിനെ ഹൃദയാഘാതവും സ്ട്രോക്കും വന്നതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടിൽ ടി തോമസിന്റെയും ഫിലോമിന തോമസിന്റെയും മകനാണ് സതീഷ് . ഭാര്യ നിമ്മി. രണ്ടു മക്കളാണ് സതീഷ് നിമ്മി ദമ്പതികൾക്കുള്ളത്. കേരളത്തിൽ സതീഷിന്റെ കുടുംബം കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവകാംഗങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.
സതീഷിന്റെ അകാലവിയോഗത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ ടാക്സുകളെ സംബന്ധിച്ചും, നികുതി ഇളവുകളെ സംബന്ധിച്ചും തിങ്കളാഴ്ച നടത്താനിരുന്ന സാമ്പത്തികനയ പ്രഖ്യാപനം രണ്ടാഴ്ച കൂടി നീട്ടിയതായി ചാൻസലർ ജെറെമി ഹണ്ട് അറിയിച്ചു. ഏറ്റവും പുതിയ സാമ്പത്തിക പ്രവചനങ്ങളെ അടിസ്ഥാനപ്പെടുത്തി നവംബർ 17 ന് പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വലിയ തോതിൽ നികുതിയിളവുകൾ നൽകിയുള്ള ലിസ് ട്രസിന്റെ നടപടി ചാൻസലറായ ശേഷം ഉടൻതന്നെ ജെറെമി ഹണ്ട് റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറേക്കൂടി വിശകലനം ചെയ്ത്, രാജ്യത്തിന് സാമ്പത്തിക സ്ഥിരത ഉണ്ടാകുന്ന തരത്തിൽ പുതിയ പദ്ധതി വിശാലമായ രീതിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാൻ സഹായിക്കുന്നതിന് മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രസ്താവനയുടെ കാലതാമസത്തെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുമായി ചർച്ച ചെയ്തതായി ഹണ്ട് വ്യക്തമാക്കി.

കഴിഞ്ഞ മാസത്തെ മിനി ബജറ്റിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് യുകെയുടെ സാമ്പത്തിക വിശ്വാസ്യത നിക്ഷേപകർക്ക് ഉറപ്പു നൽകുവാൻ പുതിയ ഗവൺമെന്റിനുമേൽ സമ്മർദ്ദം ഏറെയാണ്. പൗണ്ട് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയും മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം സർക്കാർ വായ്പാ ചെലവ് കുത്തനെ ഉയരുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ മോശമാക്കി. സർക്കാരിന്റെ സാമ്പത്തിക ബാധ്യത വീട്ടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായ സാഹചര്യത്തിൽ പുതിയതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക നയം വളരെയേറെ ശ്രദ്ധ അർഹിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ മാറ്റങ്ങളുമായി ഋഷി സുനക്. ആദ്യ ദിവസം തന്നെ മന്ത്രിമാരുടെ ടീമിനെ നിശ്ചയിച്ച് പ്രവർത്തനം ആരംഭിച്ച അദ്ദേഹം, ഒരുപക്ഷെ ബ്രിട്ടനിലെ നിലവിലെ അസ്ഥിരമായ കാര്യങ്ങളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പാണ് നൽകുന്നതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.

ഇന്നലെ നടത്തിയ പ്രസംഗത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെയും പാർട്ടിയെയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹം കൈകൊണ്ട ചില മാറ്റങ്ങൾ എംപിമാരെ അമ്പരപ്പിച്ചു. പാർട്ടിയിലെ വിഭാഗീയത മാറി, ഐക്യത്തോടെ മുൻപോട്ട് കൊണ്ടുപോകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാൻസിലറായി ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറിയായി ജെയിംസ് ക്ലെവർലി, പ്രതിരോധ സെക്രട്ടറിയായി ബെൻ വാലസ് എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് ഈ പുനഃസംഘടനയുടെ ശ്രദ്ധേയമായ മറ്റൊരു ഘടകം. സുവല്ല ബ്രാവർമാൻ ആഭ്യന്തര സെക്രട്ടറിയായി തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ നിയമനങ്ങളിലൊന്ന്. ഡൊമിനിക് റാബ്, സ്റ്റീവ് ബാർക്ലേ, ഒലിവർ ഡൗഡൻ തുടങ്ങിയവരെയും സുനക് സുപ്രധാന റോളുകളിലേക്ക് തിരികെകൊണ്ടുവന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് എത്തിയതിന് പിന്നാലെ പൗണ്ടിന്റെ മൂല്യം ഉയർന്നു. പുതിയ മാറ്റത്തെ നിക്ഷേപകർ സ്വാഗതം ചെയ്തു എന്നുള്ളതിന്റെ തെളിവാണിതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.

മിനി-ബജറ്റിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് പൗണ്ട് എത്തി. ചൊവ്വാഴ്ച സ്റ്റെർലിംഗ് 1.9% ഉയർന്ന് 1.149 ഡോളറിലെത്തി. ചൊവ്വാഴ്‌ച ചുമതലയേറ്റ സുനക്കിന് പിന്തുണ നൽകിക്കൊണ്ട് ഗവൺമെന്റ് കടമെടുക്കൽ പ്രക്രിയകളും നിർത്തിവെച്ചിരിക്കുകയാണ്.

സമീപ ആഴ്ചകളിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഭയത്താൽ സാമ്പത്തിക വിപണികൾ തകർന്നു കൊണ്ടിരിക്കുകയാണ്. ഇതിന് അടിവരയിട്ട് കൊണ്ടു ഇന്നലെ നടത്തിയ പ്രസംഗത്തിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്ന് സുനക് വ്യക്തമാക്കി. സുനക് ചുമതല ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ ധനസ്ഥിതി മെച്ചപ്പെടുന്ന സാഹചര്യം കാണുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടികാട്ടുന്നു. അതേസമയം ഡോളർ മൂല്യം ഇന്നലെ ഇടിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് നഗരത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 12:16 ഓടെയാണ് ഇൽഫോർഡിലെ ഹെൻലി റോഡിൽ വെടിവെപ്പ് നടന്നത്. ഉടൻതന്നെ ആം പോലീസ് സ്ഥലത്തെത്തുകയും സംഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു.

ഇരുപത്തിമൂന്നും, മുപ്പതും വയസ്സുള്ള രണ്ടു പേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. മുപ്പതു വയസ്സുകാരനായ ഒരാൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കാർ റോണി ലെയിനിൽ നിന്നും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തുടക്കത്തിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പടക്കങ്ങളുടെ ശബ്ദമാകാം എന്ന തെറ്റിദ്ധരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലം ഫോറൻസിക് അധികൃതർ പരിശോധന നടത്തി. ഇത്തരം ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ എല്ലാവരും തന്നെ. ശബ്ദം കേട്ട് അടുത്ത താമസിക്കുന്നവരിൽ ഒരാൾ തന്നെയാണ് 999 ൽ വിളിച്ചു അധികൃതരെ വിവരമറിയിച്ചത്. ഉടൻതന്നെ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. നിലവിലെ സാഹചര്യത്തിൽ വ്യക്തമായി ഒന്നും പറയാനാവില്ലെന്നും അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- തന്റെ മുൻഗാമിയായ ലിസ് ട്രെസ്സിന്റെ തെറ്റുകൾ പരിഹരിക്കുമെന്നും, ജനങ്ങളുടെ വിശ്വാസം തിരികെ കൊണ്ടുവരുമെന്നും ബ്രിട്ടന്റെ 57 മത് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം റിഷി സുനക് പ്രഖ്യാപിച്ചു. ബക്കിങ്‌ഹാം കൊട്ടാരത്തിൽ എത്തി ചാൾസ് രാജാവിനെ സന്ദർശിച്ച ശേഷം നടന്ന അധികാര കൈമാറ്റ ചടങ്ങിന് ശേഷമാണ് റിഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മോചനം നേടുവാൻ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ലിസ് ട്രസ് തന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിച്ചു. അതോടൊപ്പം തന്നെ താൻ പ്രധാനമന്ത്രിയായിരുന്ന സമയം ധൈര്യം എത്രത്തോളം ആവശ്യകതയുള്ളതാണെന്ന് തനിക്ക് ബോധ്യം വന്നതായും അവർ പറഞ്ഞു. സുനക്കിന്റെ പ്രസംഗത്തെത്തുടർന്ന്, പ്രതിപക്ഷ പാർട്ടികൾ ഉടനടി പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന തങ്ങളുടെ ആവശ്യം ആവർത്തിക്കുകയും സുനക്കിന് ജനസമ്മതി ഇല്ലെന്ന് വാദിക്കുകയും ചെയ്തു.

തന്റെ മുൻഗാമികളായ ബോറിസ് ജോൺസനോടും ലിസ് ട്രെസ്സിനോടുമുള്ള ആദരവ് തന്റെ പ്രസംഗത്തിൽ റിഷി സുനക് പ്രകടിപ്പിച്ചു. ചാൻസലറായി ജെറെമി ഹണ്ട് തന്നെ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡോമിനിക് റാബ്, മൈക്കൽ ഗോവ് തുടങ്ങിയവർക്ക് മുൻതര സ്ഥാനങ്ങൾ ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗും, ജസ്റ്റിസ് സെക്രട്ടറി ബ്രാൻഡൺ ലൂയിസും തങ്ങളുടെ രാജി നൽകി കഴിഞ്ഞു. ലോക നേതാക്കളെല്ലാം തന്നെ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്നു കഴിഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് ആഹ്വാനമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഉള്ള തന്റെ ആദ്യ പ്രസംഗത്തിൽ റിഷി സുനക് മുന്നോട്ടുവെച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാൻ കൂട്ടായ പരിശ്രമത്തിന് അഭ്യർത്ഥനയുമായി ഋഷി സുനക്. എംപിമാരിൽ നിന്ന് മതിയായ പിന്തുണ നേടുന്നതിൽ എതിരാളിയായ പെന്നി മോർഡൗണ്ട് പരാജയപ്പെട്ടതിനെത്തുടർന്നാണ് മത്സരം ഇല്ലാതെ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം എത്തിയത്.

ആദ്യ പ്രസംഗത്തിൽ, പാർട്ടിയെയും യുകെയെയും ഒരുമിച്ച് കൊണ്ടുവരുന്നത് തന്റെ ഏറ്റവും മുൻഗണനയാണെന്നും സുനക് പറഞ്ഞു. യുകെ യുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യക്കാരനായ പ്രധാനമന്ത്രിയും 200 വർഷത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് ഋഷി സുനക്. രാജാവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഇന്ന് സുനക് അധികാരമേൽക്കും.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് കേവലം 44 ദിവസങ്ങൾ പൂർത്തിയാക്കി ലിസ് ട്രസ് രാജിവച്ചത്. അവസാന ക്യാബിനറ്റ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ച ശേഷം, രാജാവുമായുള്ള അവസാന സദസ്സിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നമ്പർ 10 ന് പുറത്ത് ഒരു പ്രസ്താവന നടത്തും. ഇതിനെത്തുടർന്ന്, രാജാവിനൊപ്പമുള്ള സുനക്കിന്റെ ആദ്യ സദസ്സ് ഇത് ആയിരിക്കും. ഈ സമയത്താണ് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാനായി ക്ഷണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കനത്ത മഴ സൃഷ്ടിച്ച മലിനജല മലിനീകരണ ഭീതിയെ തുടർന്ന് 50 ഓളം ബീച്ചുകളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. യുകെയുടെ ചില ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ ഉണ്ടായതിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. തീരപ്രദേശങ്ങളിലെ മലിനജല പൈപ്പുകൾ കവിഞ്ഞൊഴുകുകയും അപകടകരമായ മാലിന്യങ്ങൾ കടലിലേക്ക് ഒഴുകുകയും ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഈ നിർദ്ദേശം.

ഹെർനെ ബേ, ബോഗ്നോർ റെജിസ്, ബോൺമൗത്ത്, വെസ്റ്റൺ-സൂപ്പർ-മേർ എന്നീ നാലു ബീച്ചുകളിൽ പൂർണ്ണമായും സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി കഴിഞ്ഞു. വാരാന്ത്യത്തിൽ ഉടനീളം കനത്ത മഴയോടൊപ്പം ഇടിമിന്നലും ഡോർസെറ്റിൽ ഉണ്ടായതിന് തുടർന്നാണ് മാലിന്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കുന്നത്. ബാത്ത്, ബ്രൈറ്റൺ, നോർവിച്ച്, ലണ്ടൻ എന്നിവയുൾപ്പെടെ തെക്കൻ, കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇന്ന് പുലർച്ചെ 2 മണി വരെ യെല്ലോ അലർട്ട് നൽകിയിരുന്നു.

അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ജനങ്ങൾ എല്ലാതരത്തിലും ജാഗ്രത പാലിക്കണമെന്നുമുള്ള നിർദ്ദേശം കാലാവസ്ഥ വകുപ്പ് നൽകി കഴിഞ്ഞു. വാഹനഗതാഗതത്തെയും അപ്രതീക്ഷിതമായ മഴ ബാധിക്കാനുള്ള സാധ്യതയുണ്ട്. ട്രെയിനുകളും മറ്റും റദ്ദാക്കാനുള്ള സാധ്യതയുള്ളതിനാൽ നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. ഈയാഴ്ച അവസാനത്തോടുകൂടി കൂടുതൽ ശക്തമായി മഴയും കൊടുങ്കാറ്റും മറ്റും ഉണ്ടാകുമെന്നാണ് പ്രവചനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ ഇന്ത്യൻ മാധ്യമങ്ങളിലെ പ്രധാന വാർത്ത റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതായിരുന്നു. മറ്റു ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. ഇന്ത്യയും യു കെയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ജീവനുള്ള പാലം എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി റിഷി സുനകിനെ വിശേഷിപ്പിച്ചത്.
ഇന്ത്യൻ വംശജൻ, ഇന്ത്യയുടെ മരുമകൻ തുടങ്ങിയ വിശേഷണങ്ങളാണ് പൊതുവേ മാധ്യമങ്ങൾ റിഷി സുനകിന് ചാർത്തി നൽകിയത്. ദീപാവലി ദിനത്തിൽ ഹിന്ദു വിശ്വാസമുള്ള വെളുത്ത വർഗ്ഗക്കാരനല്ലാത്ത ഒരാൾ പ്രധാനമന്ത്രിയായതായി മിക്ക മാധ്യമങ്ങളും തലക്കെട്ട് നൽകി . ബ്രിട്ടീഷുകാർ അടക്കി വാണ ഇന്ത്യയിൽ നിന്നൊരാൾ ബ്രിട്ടന്റെ ഭരണ തലപ്പത്തിലെത്തുന്നതിന്റെ കാവ്യനീതിയെ കുറിച്ചായിരുന്നു ചില മാധ്യമങ്ങൾ വാർത്തയാക്കിയത്.

യുകെയിലെ സൗത്ത്ഹാംപ്ടൺ ഏരിയയിൽ ഒരു ഇന്ത്യൻ കുടുംബത്തിൽ ജനിച്ച റിഷി സുനക് ഫാർമസിസ്റ്റായ അമ്മയുടെയും നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജനറൽ പ്രാക്ടീഷണറായ (ജിപി) പിതാവിന്റെയും മകനാണ്. സുനകിന്റെ ഗ്രാൻഡ്പേരെന്റ്സ് പഞ്ചാബിൽ നിന്നുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം, സുനക്കിന്റെ കുടുംബം കിഴക്കൻ ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറി. എന്നാൽ ഇന്ത്യക്കാർക്കെതിരായ വ്യാപകമായ വികാരങ്ങൾക്കിടയിൽ പ്രദേശത്ത് പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുത്തച്ഛൻ ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി.
ഇന്ത്യൻ കമ്പനിയായ ഇൻഫോസിൻെറ സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനാണ് റിഷി സുനക്. കഴിഞ്ഞ പാർട്ടി തല നേതൃ മത്സരത്തിൽ അവസാന ഘട്ടത്തിൽ ലിസ് ട്രസിനോട് പരാജയമടയുകയായിരുന്നു. കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്ക് നാരായണമൂർത്തിയുടെ മകളായ അക്ഷിത മൂർത്തിയെ കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം .
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയുമാണ് സുനക്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009 ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അനുഷ്കയും കൃഷ്ണയും.