Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ സഹപ്രവർത്തകനായ ഒരു ജീവനക്കാരി നിയമവിരുദ്ധമായി ബോണസ് നേടിയെന്ന് കമ്പനിയെ അറിയിച്ചതിനെ തുടർന്ന് വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ജീവനക്കാരിക്ക് അനുകൂലമായി കോടതിവിധി. കാം ജൂതി എന്ന വനിതാ ജീവനക്കാരിയുടെ ജീവിതം റോയൽ മെയിൽ കമ്പനി നശിപ്പിച്ചതായി കോടതി ആരോപിച്ചു. അസാധാരണമായ ഒരു വിധിന്യായത്തിൽ, തപാൽ സേവന കമ്പനിയായ റോയൽ മെയിലിന് മാന്യതയുണ്ടെങ്കിൽ കാം ജൂതിക്ക് 100,000 പൗണ്ടിൽ കൂടുതൽ നഷ്ടപരിഹാരമായി വേഗത്തിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഒരു സഹപ്രവർത്തകൻ തന്റെ ബോണസ് നിയമവിരുദ്ധമായി നേടിയെന്ന ആശങ്ക ഉന്നയിച്ചതിന് ശേഷം മീഡിയ സ്പെഷ്യലിസ്റ്റായ ജൂതിയെ അവളുടെ ബോസ് മൈക്ക് വിഡ്മർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് അവളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ ഇത് മൂലം അവൾക്ക് കഠിനമായ വിഷാദവും, പോസ്റ്റ് ട്രോമാറ്റിക്സ് സ്‌ട്രെസ്സ് ഡിസോഡർ ബാധിക്കുകയും ആരോഗ്യം വളരെ മോശമായ രീതിയിൽ എത്തുകയും ചെയ്തതായി കോടതി വിലയിരുത്തി.

2013 സെപ്റ്റംബറിലാണ് ലണ്ടനിലെ റോയൽ മെയിലിന്റെ മാർക്കറ്റ് റീച്ച് യൂണിറ്റിൽ പ്രതിവർഷം 50,000 പൗണ്ട് ശമ്പളത്തിന് മീഡിയ സ്‌പെഷ്യലിസ്റ്റായി ജൂതി ജോലി ആരംഭിച്ചത്. അടുത്ത മാസം ഒരു സഹപ്രവർത്തകൻ കമ്പനിയുടെ നയം ലംഘിക്കുകയും നിയമവിരുദ്ധമായി ബോണസ് നേടുകയും ഈ പ്രവർത്തിയെ പരോക്ഷമായി തലവനായിരുന്ന വിഡ്‌മേഴ്‌സ് സുരക്ഷിതമാക്കുകയും ചെയ്തതായി അവൾ കണ്ടെത്തി. ഇത് റിപ്പോർട്ട് ചെയ്തതോടെയാണ് തന്റെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചതെന്ന് ജൂതി പറഞ്ഞു. പിന്നീട് നിരവധി തവണ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അവസാനം തന്നെ കമ്പനിയിൽനിന്ന് പുറത്താക്കുന്ന സാഹചര്യത്തിൽ എത്തിയതായും അവർ വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഈ പ്രവർത്തിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു ജീവനക്കാരിയുടെ ജീവിതമാണ് കമ്പനി മൂലം ഇല്ലാതായതെന്നും കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ആവശ്യമായ നഷ്ടപരിഹാര തുക ഉടൻ തന്നെ നൽകണമെന്നും കോടതി നിർദേശിച്ചു.

കെറ്ററിംഗ്‌: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന  മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട്  സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.

മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ്‌ മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.

ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ  സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് രാഷ്ട്രീയം നാൾക്ക് നാൾ കലങ്ങി മറിയുകയാണ്. പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന് തൻറെ പല മുൻ നിലപാടുകളും തിരുത്തേണ്ടതായി വന്നു. പുതിയ സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിന് വൻ തകർച്ചയാണ് നേരിട്ടത്. കൂടാതെ ഓഹരി വിപണിയും തകർന്നടിഞ്ഞു. പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ടാക്സ് വെട്ടി കുറയ്ക്കുന്നതു പോലുള്ള നടപടികളിൽ നിന്ന് പിന്നോക്കം പോയ പ്രധാനമന്ത്രി ഇന്ന് എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ തൻറെ മുൻകാല അബദ്ധങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചു . എന്നാൽ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ പ്രധാനമന്ത്രിക്ക് മേൽ വൻ രാഷ്ട്രീയ ആക്രമണമാണ് നടത്തിയത്. തൻറെ വാഗ്ദാനങ്ങളിൽ ഒരാഴ്ച പോലും സ്ഥിരതയില്ലാത്ത പ്രധാനമന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന സ്റ്റാമറിന്റെ വിമർശനത്തിന് താൻ ഒരു പോരാളിയാണെന്നായിരുന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞത് .

രാജ്യത്തിൻറെ സാമ്പത്തികസ്ഥിരതയിലും പൗണ്ടിന്റെ വില തകർച്ചയിലും യുകെ മലയാളികൾ വളരെ നിരാശയിലാണ് . ജീവിത ചിലവിന്റെ കടുത്ത ഭാരം എങ്ങനെ താങ്ങാനാവുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം ജനങ്ങളും. ശൈത്യകാലത്തെ എനർജി ബില്ലുകളുടെ പേടിസ്വപ്നത്തിലാണ് ബ്രിട്ടീഷ് ജനത. ജീവിത ചിലവിലെ കുതിച്ചു കയറ്റവും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയും ഇനിയും മോശമാകുകയാണെങ്കിൽ ലിസ് ട്രസ് സർക്കാരിന് മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടുള്ളതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളികളുടെ ഒട്ടേറെ ബന്ധുക്കളും മാതാപിതാക്കളുമാണ് യുകെയിലെത്തി 6 മാസത്തോളം ചിലവിട്ടതിനുശേഷം തിരിച്ചുപോകുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തുന്ന ഒട്ടുമിക്കവർക്കും ശൈത്യകാലത്തെ കൊടും തണുപ്പ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതൽ പേരെ ബാധിച്ചേക്കാമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതുകൊണ്ടുതന്നെ യുകെയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് വരുന്നവർക്ക് ട്രാവൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ആശുപത്രി ചിലവുകൾ കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം.

എൻഎച്ച്എസിൽ ഒരു ദിവസം പേഷ്യന്റ് ചിലവഴിക്കുമ്പോൾ മുറി വാടകയും ബെഡ് ചാർജ് മാത്രം 250 പൗണ്ടോളമാണ് . ചികിത്സാ ചിലവുകളും കൂടി കണകാക്കുമ്പോൾ ഇൻഷുറൻസ് പരിഗണനയില്ലെങ്കിൽ ഇത് താങ്ങാവുന്നതിലധികവും. പുതിയതായി യുകെയിലെത്തിയ ഒരു കുടുംബത്തിന് അടുത്തിടെ 7000 പൗണ്ട് ആണ് ചികിത്സാ ചിലവായത് (പേര് വെളിപ്പെടുത്തുന്നില്ല) . അവസാനം പിടിച്ചു നിൽക്കാനാകാതെ അമ്മയെ നാട്ടിലേയ്ക്ക് പറഞ്ഞ് അയക്കേണ്ട സാഹചര്യം വരെ ഉടലെടുത്തു.

ഇംഗ്ലണ്ടിലെ എല്ലാ ആശുപത്രികളിലെയും കിടക്കുകളിൽ പകുതിയും കോവിഡ് , ഫ്ലൂ എന്നിവ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധ ബാധിച്ച രോഗികൾക്കായി മാറ്റിവയ് ക്കേണ്ട സാഹചര്യംഉണ്ടാകുമെന്നാണ് എൻഎച്ച്എസ് മുന്നറിയിപ്പ് . കോവിഡിനെ കൂടാതെ മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം വൻതോതിൽ കൂടുന്നത് എൻഎച്ച്എസ് ആശുപത്രികളുടെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഒരുപക്ഷേ കോവിഡ് ഏറ്റവും കൂടുതൽ ശക്തമായി പടർന്ന് പിടിച്ചതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യമനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് ഇപ്പോൾ എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. ഈ ശൈത്യകാലത്തെ അടിയന്തര സാഹചര്യത്തെ നേരിടാനായി 500 മില്യൺ പൗണ്ടാണ് സർക്കാർ എൻഎച്ച്എസിനായി നൽകിയിരിക്കുന്നത് . കൂടുതൽ ആളുകളെ ആശുപത്രികളിൽ എത്തിക്കാതെ വീടുകളിൽ തന്നെ ചികിത്സ നൽകുന്നതിനായിരിക്കും എൻ എച്ച് എസ് മുൻഗണന നൽകുന്നത് . ഇതിനായി എൻഎച്ച്എസിന് പുറത്തുള്ള ജീവനക്കാരുടെ സേവനം തേടുന്നതിനുള്ള പദ്ധതിയും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ശൈത്യകാല രോഗം ബാധിച്ചവർക്ക് വേഗത്തിനുള്ള പിന്തുണ നൽകാനും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നവരുടെ എണ്ണം കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില വർദ്ധനവ് വിദ്യാർത്ഥികളെ ഉൾപ്പെടെ കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ബിബിസി നടത്തിയ സർവേയിലാണ് ഇക്കാര്യം പുറത്തു വന്നത്. ചോദിച്ചവരിൽ 85% പേരും ഇപ്പോൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കാകുലരാണ്, ജനുവരിയിൽ സമാനമായ ഒരു വോട്ടെടുപ്പിൽ ഇത് 69% ആയി ഉയർന്നിരുന്നു. ഇതുമൂലം യുകെയിൽ പഠനത്തിനായി എത്തിയ മലയാളികളായ വിദ്യാർഥികൾ ആശങ്കയിലാണ്. വിലകയറ്റം ജീവിതത്തെ സാരമായി ബാധിച്ചെന്ന് തന്നെയാണ് എല്ലവരും അഭിപ്രായപ്പെട്ടത്.

ഭക്ഷണം, ഇന്ധനം, ഊർജം എന്നിവയുടെ വർദ്ധിച്ചുവരുന്ന ചെലവിൽ ആശങ്ക പ്രക‌ടിപ്പിച്ചത് 4,132 പേരാണെന്നാണ് സർവേ സാക്ഷ്യപ്പെടുത്തുന്നത്. ബിബിസിക്ക് വേണ്ടി നടത്തിയ സാവന്ത കോംസ് സർവേയിൽ പങ്കെടുത്ത പകുതിയോളം ആളുകളും (47%) തങ്ങളുടെ വീട്ടു ചെലവിൽ ഏറ്റവും വലിയ വർദ്ധനവ് ഊർജ്ജ ബില്ലുകളാണെന്നും പറഞ്ഞു. 10-ൽ ഒമ്പത് പേരും കഴിഞ്ഞ ആഴ്‌ചയിൽ പണം ലാഭിക്കാൻ ലൈറ്റുകൾ ഓഫ് ചെയ്യുകയും അതുപോലെ തന്നെ ഇലക്‌ട്രിക്കൽ സാധനങ്ങൾ സ്റ്റാൻഡ്‌ബൈ ഓഫ് ചെയ്യുകയും ചെയ്യുമെന്നും പറയുന്നു.

എന്നാൽ പോൾ ചെയ്തവരിൽ പകുതിയിലധികം പേരും (56%) തങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്ത ആറ് മാസത്തിനുള്ളിൽ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിചേർത്തു. കഴിഞ്ഞ ആറ് മാസമായി അവശ്യ ചെലവുകൾ നൽകാൻ ബുദ്ധിമുട്ടാണെന്ന് മൂന്നിൽ രണ്ട് വാടകക്കാരും പറഞ്ഞു. സർവേയിൽ പങ്കെടുത്ത എല്ലാവരുടെയും സമാനമായ അനുപാതം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ സർക്കാർ പിന്തുണ അപര്യാപ്തമാണെന്നും ഇതിനെ അതിജീവിക്കുവാൻ ഒന്നും ചെയ്യുന്നില്ലെന്നും വിമർശനം ഉയർന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ ഏർപ്പെടുത്താനുള്ള നിയമത്തെ എംപിമാർ പിന്തുണച്ചിരിക്കുകയാണ്. ഈ നിയമപ്രകാരം, അബോർഷൻ ക്ലിനിക്കുകളിൽ എത്തുന്ന ഏതെങ്കിലും സ്ത്രീയെ ഉപദ്രവിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി മാറും. അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്ററാണ് ബഫർ സോണുകളായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം, ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള ബഫർ സോണുകൾ ലംഘിക്കുന്ന പ്രതിഷേധക്കാർക്ക് ആറുമാസം വരെ തടവു ശിക്ഷ ലഭിക്കും. ഇത്തരം നിർദ്ദേശങ്ങൾ അബോർഷനെക്കുറിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനോ, ആളുകൾ പ്രതിഷേധിക്കുന്നത് തടയാനോ അല്ല, മറിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്ക് മേൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനാണെന്ന് പുതിയ നിയമങ്ങൾ നിർദ്ദേശിച്ച ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി വ്യക്തമാക്കി.

സമീപ വർഷങ്ങളിൽ ക്ലിനിക്കുകൾക്ക് പുറത്തുള്ള അബോർഷൻ വിരുദ്ധ പ്രതിഷേധങ്ങളിൽ, ഗർഭപിണ്ഡങ്ങളുടെ ഗ്രാഫിക് ചിത്രങ്ങൾ പ്രദർശിപ്പിക്കുക, സ്ത്രീകളെയും ജീവനക്കാരെയും ചിത്രീകരിക്കുക, വലിയ സമ്മേളനങ്ങൾ നടത്തി ഗാനങ്ങൾ ആലപിക്കുക എന്നിവയെല്ലാം പ്രതിഷേധക്കാർ സംഘടിപ്പിക്കുന്നുണ്ട്. ചില പ്രതിഷേധക്കാർ ക്ലിനിക്ക് പ്രവേശന കവാടങ്ങൾക്ക് ചുറ്റും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ തൂക്കിയിടുകയും, ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സ്ത്രീകളെ കൊലപാതകികൾ എന്ന് വിളിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നതായി ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസ് വ്യക്തമാക്കി.

ഗവൺമെന്റിന്റെ പബ്ലിക് ഓർഡർ ബില്ലിലെ ഭേദഗതി എംപിമാർ 110 നെതിരെ 297 വോട്ടുകൾക്കാണ് അംഗീകരിച്ചത്. മുൻ പ്രധാനമന്ത്രി തെരേസ മേ, കോമൺസ് നേതാവ് പെന്നി മോർഡൗണ്ട് എന്നിവരും ബഫർ സോണുകളെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ക്യാബിനറ്റ് മന്ത്രിമാരായ ജേക്കബ് റീസ്-മോഗും കെമി ബാഡെനോക്കും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഹൗസ് ഓഫ് ലോർഡ്‌സിലെ സൂക്ഷ്മപരിശോധന ഉൾപ്പെടെ നിയമമാകുന്നതിന് മുമ്പ് ബില്ലിന് ഇനിയും നിരവധി ഘട്ടങ്ങളുണ്ട്. ഗർഭച്ഛിദ്ര സേവനങ്ങളിൽ പങ്കെടുക്കുന്നവരെ എന്തെങ്കിലും മാർഗങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കുകയോ തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനെ ബിൽ നിരോധിക്കും. സ്കോട്ട്ലൻഡിലും സമാനമായ നിയമനിർമ്മാണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപം സംശയാസ്പദമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് വൈറ്റ് ഹോളിലും ഡൗണിങ് സ്ട്രീറ്റിലും ലോക്ക് ഡൗൺ ഏർപ്പെടുത്തുവാൻ പോലീസ് അധികൃതർ നിർബന്ധിതരായി. രാവിലെ 11.42 ഓടെയാണ് വൈറ്റ്ഹാളിൽ സംശയാസ്പദമായ പാക്കേജ് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് വൈറ്റ് ഹാളിലുള്ള ഗവൺമെന്റ് ഓഫീസുകൾ ഭൂരിഭാഗവും ഒഴിപ്പിക്കേണ്ടതായി വരുകയും, സംഭവം എന്തെന്ന് അറിയുവാൻ നിരവധി ആളുകൾ ഹൗസ് ഗാർഡ്സ് പരേഡിന് മുൻപിൽ തടിച്ചു കൂടുകയും ചെയ്തു.

നിരവധി ഗവൺമെന്റ് ഉദ്യോഗസ്ഥർ ഡൗണിങ് സ്ട്രീറ്റിലും, മറ്റ് ഗവൺമെന്റ് ഓഫീസുകളിലുമായി ഒരു മണിക്കൂറോളം കുടുങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദഗ്ധർ സ്ഥലത്തെത്തി പാക്കേജ് സൂക്ഷ്മമായി പരിശോധിക്കുകയും, പ്രശ്നമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷമാണ് സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിയത്.

പാർലമെന്റ് ഹൗസിനും ട്രാഫൽഗർ സ്‌ക്വയറിനുമിടയിലുള്ള വൈറ്റ്ഹാൾ വിദേശകാര്യ ഓഫീസ്, ക്യാബിനറ്റ് ഓഫീസ്, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി സർക്കാർ വകുപ്പുകളുടെ ആസ്ഥാനമാണ്.  പോലീസ് അധികൃതരെ സഹായിക്കുന്നതിനായി ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥലത്തെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോലീസ് ബോംബ് ഡിസ്പോസൽ റോബോട്ട് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സാഹചര്യങ്ങൾ എല്ലാം തന്നെ സാധാരണ നിലയിൽ ആണെന്ന് പോലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഫർണീച്ചർ വാങ്ങാൻ പോകുന്ന എതൊരാൾക്കും രണ്ടാമതൊന്ന് ആലോചിക്കാതെ മേടിക്കാൻ കഴിയുന്നവയാണ് ഐകെയുടെ ഉപകരണങ്ങൾ. അതിന്റെ സ്റ്റൈലിഷ് ഫ്ലാറ്റ്-പാക്ക് തന്നെയാണ് പ്രധാന ആകർഷണവും. എന്നാലിപ്പോൾ ഒരു വർഷം കൊണ്ട് 80 ശതമാനം വി്ല കുത്തനെ ഐകിയ വർദ്ധിപ്പിച്ചെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫർണീച്ചറുകളുടെ വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ ആളുകൾ പ്രതികരിക്കുന്നത്.

ഫർണീച്ചറുകളുടെ വിലക്കയറ്റമാണ് ജീവിതച്ചെലവ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കോവിഡ് മഹാമാരിയുടെയും ഉക്രെയ്നിലെ യുദ്ധത്തിന്റെയും ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയുടെയും നിരക്കുകൾ കുത്തനെ ഉയർന്നതിനാലാണ് വില വർദ്ധനവ് ഉണ്ടായതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർചില സന്ദർഭങ്ങളിൽ വില 80% വരെ വർദ്ധിപ്പിച്ചു, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയിൽ കമ്പനിക്ക് പിടിച്ചു നിൽക്കാനായില്ലെന്നും അവർ കൂട്ടിചേർത്തു.

റീട്ടെയിൽ വീക്ക് നടത്തിയ പഠനമനുസരിച്ച്, സ്വീഡിഷ് സ്ഥാപനത്തിന്റെ ജോക്ക്‌മോക്ക് സെറ്റ് ഡൈനിംഗ് ടേബിളും കസേരകളും 99 പൗണ്ടിൽ നിന്ന് 179 പൗണ്ടായി വർദ്ധിച്ചു. 90 പൗണ്ട് വിലയുള്ള ഗ്ലോസ്റ്റാഡ് ടു-സീറ്റർ സോഫയ്ക്ക് ഇപ്പോൾ 150 പൗണ്ട് അതായത് ഏകദേശം 60 ശതമാനത്തിലധികം വർദ്ധനവ് സംഭവിച്ചെന്നും പഠനത്തിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗ്യാസ് സ്റ്റോക്ക് കുറഞ്ഞാൽ ബ്രിട്ടനിലുടനീളം കുടുംബങ്ങൾക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് മണിക്കൂർ പവർ കട്ട് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഗ്രിഡ് മേധാവി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കമ്പനിക്ക് റോളിംഗ് പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ പെറ്റിഗ്രൂ പറഞ്ഞതിന് പിന്നാലെയാണിത്.

ഇത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാതരത്തിലും രാജ്യം ഒരുക്കണമാണെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പിൽ നിന്ന് ആവശ്യമായ വാതക എത്തിക്കാൻ നടത്താൻ ആലോചിക്കുന്നുണ്ട്. ഇത് പരാജയപ്പെട്ടാൽ വലിയ പ്രതിസന്ധിയിലേക്ക് വീടുകൾ പോകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫിനാൻഷ്യൽ ടൈംസിന്റെ എനർജി ട്രാൻസിഷൻ ഉച്ചകോടിയിൽ സംസാരിച്ച പെറ്റിഗ്രൂ, രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം ഉൽപ്പാദിപ്പിക്കുന്ന ബ്രിട്ടനിലെ ഗ്യാസ്-ഫയർ പവർ സ്റ്റേഷനുകൾ ഗണ്യമായ ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

‌വൈദ്യുതി ഇറക്കുമതിയിൽ ഉൾപ്പടെയുള്ള പോരായ്മ ഇതിൽ പ്രതിഫലിക്കുകയാണെന്നും വ്യക്തമായ ആസൂത്രണ പരിപാടി ഇല്ലാതെ ഇതിനെ നേരിടാൻ കഴിയില്ലെന്നുമാണ് ആളുകൾ പറയുന്നത്. ഗ്രിഡ് തകരുന്നില്ലെന്ന് ഉറപ്പാക്കാൻ വീടുകളും ബിസിനസ്സുകളും ആസൂത്രിതമായി മൂന്ന് മണിക്കൂർ മുടക്കം നേരിടേണ്ടിവരുമെന്ന് ഈ മാസം ആദ്യം പറഞ്ഞു. എന്നാൽ ബ്ലാക്ക്ഔട്ടുകൾ നടപ്പാക്കാനുള്ള നീക്കത്തിന് സർക്കാരിന്റെയും ചാൾസ് രാജാവിന്റെയും അനുമതി ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചാൾസ് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ആധുനിക ജീവിതത്തിന് കൊട്ടാരം പൂർണ സൗകര്യപ്രദമല്ല എന്നുള്ള കാരണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 2003 മുതൽ കാമില രാജ്ഞിയോടൊപ്പം ക്ലാരൻസ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.

തികച്ചും ഔദ്യോഗികമായ കൂടിക്കാഴ്ചകൾക്കും മറ്റും മാത്രമാണ് കൊട്ടാരം ഉപയോഗിക്കുവാൻ രാജാവ് ആഗ്രഹിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഏകദേശം 369 മില്യൻ പൗണ്ട് ചിലവാക്കിയുള്ള കൊട്ടാര പുനരുദ്ധീകരണ പദ്ധതികൾ പാതിവഴിയിൽ ആണ്. 2027 ഓടെ മാത്രമേ ഈ പദ്ധതികൾ പൂർത്തീകരിക്കൂ എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ക്ലാരൻസ് ഹൗസ് തന്റെ യഥാർത്ഥ ഭവനമായി നിലനിർത്തിക്കൊണ്ട് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നടത്തുമെന്നാണ് നിലവിലെ സൂചനകൾ. ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ രാജകൊട്ടാരങ്ങൾ തുറന്ന് സ്വകാര്യ ഇടങ്ങളിൽ നിന്ന് പൊതു ഇടങ്ങളാക്കി മാറ്റാൻ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ വർഷം ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ അത്തരത്തിലുള്ള നടപടികൾ രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബക്കിംഗ്ഹാം കൊട്ടാരം, വിൻഡ്‌സർ കാസിൽ, ബാൽമോറൽ, സാൻഡ്രിംഗ്ഹാം, ക്ലാരൻസ് ഹൗസ് എന്നിവ റോയൽ ഹോമുകളായി തുടരുമെങ്കിലും പുതിയ പദ്ധതികൾക്ക് കീഴിൽ പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം ലഭിക്കും.

RECENT POSTS
Copyright © . All rights reserved